കാരശ്ശേരി മാഷേ...

അങ്ങയോട് അളവുകൾക്ക് അതീതമായ ആദരവ് അകത്ത് സൂക്ഷിക്കുന്ന ഒരുവനാണ് കാരശ്ശേരി മാഷേ ഈയുള്ളവൻ.

അതുകൊണ്ട് ചോദിക്കുകയാണ്. മാഷിന് മാനസികമായും ശാരീരികമായും സുഖം തന്നെയല്ലേ? 

അടുത്ത ജൂലൈ മാസം ഒന്നാം തീയതി എഴുപത് വയസ്സ് പൂർത്തിയാവുകയാണല്ലോ. മുൻകൂറായി മാഷിനെന്റെ ജന്മദിനാശസംകൾ. 

സത്യപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട്, മതബാധിതമാവാത്ത മനസ്സോടെ, മാനവികബുദ്ധിയോടെ, സധൈര്യം നേരുകൾ വിളിച്ചുപറഞ്ഞുകൊണ്ട് ദീർഘകാലം ഇനിയും ഇഹലോകത്ത് ആരോഗ്യത്തോടെ പുലരാൻ മാഷിന് സാധിക്കട്ടെ. പ്രാർത്ഥനകൾ.

സമൂഹത്തിനുവേണ്ടി വരമൊഴിയായും വാമൊഴിയായും മാഷ് നടത്തുന്ന ഇടപെടലുകൾക്ക് കണ്ണും കാതും താല്പര്യത്തോടെ വിട്ടുകൊടുക്കാറുള്ള ഒരുവനാണ് ഞാനെന്ന കാര്യം മാഷിനെ അറിയിക്കാൻ ആഗ്രഹിക്കുന്നു. വിയോജിപ്പുകളുടെ കയ്പ്പ് മനസ്സിൽ പുരട്ടുന്ന മാഷിന്റെ അഭിപ്രായങ്ങളെ സഹിഷ്ണുതയുടെ മധുരം കൊണ്ട് മായ്ക്കാൻ എന്നും ശ്രമിക്കുകയും ചെയ്യാറുണ്ട്. 

വിരുദ്ധാഭിപ്രായങ്ങളെ വൈരാഗ്യത്തോടെയല്ലല്ലോ സമീപിക്കേണ്ടത്. അങ്ങയോട് അളവുകൾക്ക് അതീതമായ ആദരവ് അകത്ത് സൂക്ഷിക്കുമ്പോൾ പ്രത്യേകിച്ചും. 

സത്യമാണ് മാഷേ. അങ്ങ് എന്റെ  മാനസഗുരു തന്നെ. 

അതുകൊണ്ട് ഗുരുത്വദോഷം വരുത്തിവയ്ക്കാൻ ഞാനില്ല. മാഷിനോട് ഗുരുകാരണവർ എന്ന നിലയിലുള്ള ആദരവ് ഉള്ളിലുള്ളത് എത്ര നന്നായെന്നാണ് ഞാനിപ്പോൾ ആശ്വസിക്കുകയാണ്. 

അല്ലായിരുന്നെങ്കിൽ ഈ സാഹിത്യഇത്തിൾക്കണ്ണിയെ പിന്തുണയ്ക്കാനായി മാഷിന്റെ വിശുദ്ധനാവ് ചലിക്കുന്നത് കണ്ട് എന്റെ മനസ്സ് നൊന്തേനേ! കണ്ടമാനം അളവിൽ നൈരാശ്യപ്പെട്ടേനേ! 

അങ്ങനെ വന്നാൽ എന്നിലെ സംസ്കാരശൂന്യൻ പിടഞ്ഞെഴുന്നേലുക്കുകയും ആ അസന്മാർഗ്ഗിയുടെ നാവ് ഭരണിപ്പാട്ടിന്റെ പശ്ചാത്തലത്തിൽ ഡപ്പാംകുത്ത് കളിക്കുകയും ചെയ്തുപോകുമായിരുന്നു മാഷേ! എന്റെ ഭാഗ്യത്തിന് അങ്ങനെയൊന്നും സംഭവിച്ചില്ല.

അതായത് അങ്ങയോട് അളവുകൾക്ക് അതീതമായ ആദരവ് അകത്ത് സൂക്ഷിക്കുന്നതിനാൽ എനിയ്ക്ക് ഗുരുത്വദോഷം പിടിപെട്ടില്ല എന്നുമാത്രം മാഷിനോട് പറഞ്ഞുകൊണ്ട് ഏറെ സഹിഷ്ണുതയോടെ മാഷിന് നല്ല നമസ്കാരം നേരുന്നു. നന്മകളും. 

Comments

red said…
ഇപ്പോഴാണ് പൊങ്ങൻറെ ബ്ലോഗ് ആദ്യമായി സന്ദർശിക്കുന്നത്. പോങ്ങൻറെ വീഡിയോസ് കാണുമ്പോഴും അത്യത്ഭുതകരമായ സാദൃശ്യം ചിന്തകളുടെ ഓരോ ചെറിയ ചെറിയ details ഇൽപോലും കാണുമ്പോളും ആദ്യമൊക്കെ വല്ലാത്ത അത്ഭുതം തോന്നുമായിരുന്നു. പിന്നെ മനസിലായി ഒരുപോലെ ചിന്തിക്കുന്ന ഒരു സമൂഹം-പോങ്ങ സമൂഹം- ഒരു മനസ്സായി ഇവിടെ ഉയർന്നു വരുന്നുണ്ടെന്നു.

അതുപോലെ തന്നെ ഈ പറഞ്ഞതിലും. കാരശ്ശേരി മാഷ് ഞാൻ ഒരു പാട് ആദരിക്കുന്ന സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു. പക്ഷെ ഈയിടെ മാഷിന്റെ ഓരോ കാര്യത്തിലുമുള്ള നിലപാടുകൾ കാണുമ്പോൾ അദ്ദേഹത്തിന് തന്നെ അദ്ദേഹത്തിന്റെ ന്യായങ്ങൾ ബോധ്യപെടുന്നുണ്ടോ എന്ന് സംശയം തോന്നുന്നുണ്ട്.

ഏതായാലും പോങ്ങനു എല്ലാ ആശംസകളും നേരുന്നു. സ്വന്തം ചിന്തകൾ വെള്ളം ചേർക്കാതെ സധൈര്യം സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ എന്നും സാധിക്കട്ടെ.

ഒരുപാടു സ്നേഹം, പ്രാർത്ഥനകൾ.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ