പ്രണയമുക്തി

സാഹിതീയസമ്പ്രദായത്തിൽ കാര്യം പറയാമെന്ന് വച്ചാൽ ഇങ്ങനെ തുടങ്ങേണ്ടിവരും.

നേരം പുലർന്നതോടെ സൂര്യനുണർന്ന് പകലിന് തീകൂട്ടി. കാലം വേനലായി ചൂഴ്ന്നുനിന്നതുകൊണ്ട് രാവിലെ തന്നെ ഉച്ചയുടെ തിളപ്പിലെത്തിയിരുന്നു പകൽ. എരിയുന്ന ആകാശത്തിനുകീഴെയായി വെട്ടിത്തിളയ്ക്കുന്ന ആ പകലിൽ ഒരു മുട്ടപോലെ പുഴുങ്ങിത്തെറിക്കുകയാണ് ഭൂമി. ആളുന്ന വെയിലിൽ ചിറകുകരിഞ്ഞ് പക്ഷികൾ നിലം പതിക്കുകയും ഇലയടർന്നുപോയ വൃക്ഷങ്ങൾ വെണ്ണീർശില്പം പോലെ നീറി നിൽക്കുകയും തണൽ സ്വപ്നം കണ്ട് മൃഗങ്ങൾ വെയിലിൽ വെന്ത് പായുകയും പുഴകളുണങ്ങി പഴുത്തുകിടക്കുന്ന മണ്ണിലൂടെ ഇഴജീവികൾ മരണം തേടി ഉരുണ്ടുപോവുകയും ചെയ്യുന്നു. ഇമ്മാതിരി കഠിനമായ പരിതസ്ഥിതിയിലും പ്രകൃതിക്കൊരു താങ്ങായിരിക്കണമെന്ന ഏകമോഹത്താൽ ശീതീകരിച്ച വീടുകളും വാഹനങ്ങളും വിമാനങ്ങളുമൊക്കെയുണ്ടാക്കി അതിലൊക്കെ പാർത്തും പാഞ്ഞും പറന്നും ജീവിതം കഴിച്ചു വരികയാണല്ലോ പാവം മനുഷ്യർ! അങ്ങനെയുള്ള മനുഷ്യരിൽ ഒരുവനായിരുന്നു മിസ്റ്റർ രമൺ എ.എൻ. മലയാളത്തിലേയ്ക്ക് നാമാന്തരീകരണം നടത്തിയാൽ ശ്രീമാൻ രമണൻ.

ഭാഗ്യക്കേടിന് ഹൈപോതലാമസ് ഗൊണാഡോട്രോപ്പിൻ എന്ന ഹോർമോണിന്റെ വകതിരിവില്ലാത്ത ഇടപെടൽ മൂലം കടുത്ത പ്രണയബാധിതനായി തീർന്നിരുന്നു അയാൾ . ഒരു പ്രകോപനവും വേണമെന്നില്ല, അടങ്ങിയിരിക്കുന്ന അയാളുടെ പിറ്റ്യൂറ്ററി ഗ്രന്ഥിയെ ഹൈപോതലാമസ് ഗൊണാഡോട്രോപ്പിൻ ഇടയ്ക്കിടെ ചുമ്മാ ചെന്ന് ഉത്തേജിപ്പിക്കും. ആരെങ്കിലുമൊന്ന് ഉത്തേജിപ്പിച്ചുകിട്ടാൻ കാത്തിരുന്ന പോലെ പിറ്റ്യൂറ്ററി ഗ്രന്ഥി ക്ഷണത്തിൽ ഫോളിക്കുലാർ സ്റ്റിമുലേറ്റിംഗ്, ല്യൂട്ടിനൈസിംഗ് എന്നീ ഹോർമോണന്മാരെ രമൺ എ.എൻ-ന്റെ വൃഷണങ്ങളിലേയ്ക്ക് പറഞ്ഞയക്കും. ടിയാന്മാരായ ഹോർമോണകുമാരന്മാർ അവിടെ ചെന്ന് വൃഷണം നിറയെ ടെസ്റ്റോസ്റ്റിറോൺ ഉല്പാദിപ്പിക്കും. വിത്ത് പുംബീജം!  ഹോർമോണകുമാരന്മാർ വൃഷണവേല തുടങ്ങുമ്പോഴേ രമൺ എ.എൻ പ്രണയബാധയാൽ മൂർച്ഛിക്കും. അടക്കാനാവാത്ത ആവേശത്താൽ അയാൾ നീലിയ്ക്കും. ശീതീകൃതമായ മുറിയിലും വിയർക്കും. നാവ് വരളും. ഇണപ്പെട്ടവളുടെ കുറുകലുകേൾക്കാൻ കാതുകൊതിക്കും. അയാൾ ഫോണേറി അവളിലേയ്ക്ക് ചെല്ലും. പ്രിയപ്പെട്ടവളുടെ കാതുകളിൽ വാഗ്തേൻ ഇറ്റിയ്ക്കും. അവൾ ഒക്കെ മൂളി കേൾക്കും. കുറുകികേൾക്കും. ഏറെ നേരത്തെ പ്രണയസല്ലാപത്തിനൊടുവിൽ അയാൾ ആറിത്തണുക്കും. ഇതൊക്കെ പതിവാണ്. ഏത് പ്രതികൂല കാലാവസ്ഥയിലും അയാൾ പ്രണയപ്പെട്ടുകൊണ്ടിരുന്നു. ഹൈപോതലാമസ് ഗൊണാഡോട്രോപ്പിൻ അയാളെ മാറാപ്രണയിയാക്കി തീർത്തു.

എന്നാൽ ഇന്നലെ പകലാറും മുൻപേ അയാൾ പ്രണയമുക്തനായി തീർന്നു. സാഹിതീയ സമ്പ്രദായം വെടിഞ്ഞ് മനുഷ്യഭാഷയിൽ നേരേചൊവ്വേ കാര്യം പറയാം. രമണൻ ഇന്നലെയും നീലിച്ചു. അയാൾ പതിവുപോലെ പ്രണയിനിയെ വിളിച്ചു. കുറേ സംസാരിച്ചു. അവളോട് അയാൾക്കുള്ള പ്രണയം അതേപ്രകാരം അവളിലെത്തിക്കാൻ തന്റെ വാക്കുകൾ മതിയാവില്ലെന്ന് കണ്ടപ്പോൾ രമണൻ മഹാത്മാക്കളുടെ വാക്കുകൾ കടം കൊണ്ട് മിണ്ടി. ഓ.എൻ.വിയുടെ വരികൾ കടമെടുത്ത്
- ഒരിയ്ക്കൽ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം
തെളിനീറ്റിലിണയായ് നീന്തുന്നൊരീ
നീല മത്സ്യങ്ങൾക്കെന്തു ഭംഗിയാണല്ലെ
നിന്റെ നീർമിഴിയിണപോലെ
നിനക്കതറിയുമോ..?
– എന്നിങ്ങനെയൊക്കെ ചൊല്ലി.

ഏത് സ്വർഗ്ഗം വന്ന് വിളിച്ചാലും നിൻ ഹൃദയത്തിൽ നിന്നെനിക്ക് അടരുവാൻ വയ്യെന്ന് മധുസൂദനൻ നായരുടെ വരിയിൽ ചാരി അയാൾ പാടിവയ്ക്കുകയും ചെയ്തു. അവൾ ഒക്കത്തിനും മറുപടിയായി കുറുകുന്നുണ്ടായിരുന്നു. ചൊല്ലലും പറയലും പാടലും കടന്നുചെന്ന് കവി അയ്യപ്പന്റെ വരിയെടുത്താടിയിടത്താണ് അതു പിണഞ്ഞത്.

നീ തന്ന സസ്യശാസ്ത്രത്തിന്റെ പുസ്തകം
എനിയ്ക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തിൽ അന്ന് സൂക്ഷിച്ചിരുന്ന ആലില
നിന്റെ പച്ച ഞരമ്പുകളെ ഓർമ്മിപ്പിയ്ക്കുന്നു
അതിന്റെ സുതാര്യതയിൽ
ഇന്നും നിന്റെ മുഖം കാണാം

അയാൾ ചൊല്ലിയ അയ്യപ്പവരികൾക്കിടയിൽ കിടക്കുന്ന പുസ്തകത്തെ കേട്ടതിനാലാവാം അവൾ സാഹിതീയമായ ഗാംഭീര്യത്തോടെ അയാളോട് പറഞ്ഞു.
‘ഇടയ്ക്കൊന്ന് പറഞ്ഞോട്ടെ, ഡിസി ബുക്സിന്റെ മെഗാ ബുക്ക് ഫെയർ നടക്കുന്നുണ്ട്. അൻപത് ശതമാനമാ ഡിസ്കൌണ്ട്. അത് മറക്കണ്ട. ശരി. ഇനി തുടർന്നാട്ടെ... ‘

അയാൾ ഒന്നും മിണ്ടിയില്ല. തുടർന്നോളാൻ അനുവാദം കിട്ടിയെങ്കിലും തുടരാൻ മാത്രമൊന്നും അയാളിൽ മിച്ചമുണ്ടായിരുന്നില്ല. ഫോളിക്കുലാർ സ്റ്റിമുലേറ്റിംഗും ല്യൂട്ടിനൈസിംഗും വൃഷ്ണവേല മതിയാക്കി പീയുഷ ഗ്രന്ഥിയിലേയ്ക്ക് മടങ്ങിയിരുന്നു.
- നിന്‍ കണ്ണിൽ നിറയുന്നു നിബിഡാന്ധകാരം
നിന്‍ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നില്‍ പിറക്കുന്നു രാത്രികൾ
പകലുകള്‍ നിന്നിൽ മരിക്കുന്നു സന്ധ്യേ
- എന്ന് ചൊല്ലിക്കൊണ്ട് ഹൈപോതലാമസ് ഗൊണാഡോട്രോപ്പിൻ രമണന്റെ തലവിട്ട് പോവുകയും ചെയ്തിരുന്നു. അതുകൊണ്ട് ഒന്നും തുടരാൻ അയാൾക്കായില്ല. സത്യത്തിൽ ശീതീകൃതമായ മുറിയിൽ ഫോണുപേക്ഷിച്ച്, മേയ്ക്കാൻ ആടിനെ കിട്ടുമോ എന്ന അന്വേഷണത്തോടെ ചുട്ടുകിടക്കുന്ന സന്ധ്യയിലേയ്ക്ക് ഇറങ്ങിപ്പോവാൻ മാത്രമേ രമണന് കഴിഞ്ഞുള്ളു!

(2017)

Comments

ഇടയ്ക്കൊന്ന് പറഞ്ഞോട്ടെ, ഡിസി ബുക്സിന്റെ മെഗാ ബുക്ക് ഫെയർ നടക്കുന്നുണ്ട്. അൻപത് ശതമാനമാ ഡിസ്കൌണ്ട്. അത് മറക്കണ്ട. ശരി. ഇനി തുടർന്നാട്ടെ...ഹാ ഹാ ഹാ.സമ്മതിയ്ക്കണം.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

വേലിക്കകത്ത്, ഒറ്റപ്പെട്ട്...