കടുകവരാതം - 2


/ രണ്ടാം അവരാതം /

മേഘക്കാറിൽ നിന്നും ഇറങ്ങിയ പരമശിവൻ അയാൾക്കരികിലായി കശുവണ്ടിപ്പാറയിലേക്ക് പടിഞ്ഞു. കർത്താവ് കൈവെള്ളയിലെ മുറിവ് ഊതിക്കൊണ്ട് അല്പം മാറി നിന്ന് കണ്ണുകളെ കനൽക്കടലിലേക്ക് മേയാൻവിട്ടു. പടച്ചവൻ ഒരു ഹൂറിയുടെ കവിളിൽ നുള്ളി ശൃംഗാരം വിരൽത്തുമ്പിൽ പുരട്ടി. ആ വിരൽത്തുമ്പ് അയാളുടെ ചുട്ടനെറ്റിയിൽ തലോടൽ തീർത്തപ്പോൾ അയാൾക്ക് കുളിർന്നു. ശൃംഗാരപ്പുഴ അയാളുടെ ശരീരത്തിലൂടെ കൂലം‌കുത്തിയൊഴുകി അയാളെ തണുപ്പിച്ചു. കണ്ണുകളടച്ച് അയാൾ എന്റെ അല്ലാ എന്ന് പരവശൻ മട്ട് വിലാപം പൊഴിക്കുന്നത് പരമശിവൻ അടുത്തിരുന്ന് കണ്ടു. നീലകണ്ഠത്തിൽ ചുറ്റിയിരുന്ന പാമ്പിനെ അഴിച്ച് ശിവൻ പാറയിലേക്കിട്ടു. ഉഗ്രനായ ആ പാമ്പൻ പത്തി ഒതുക്കിക്കൊണ്ട് കശുവണ്ടിപ്പാറ ധരിച്ചിരുന്ന കീരിക്കാടൻ ബ്രാൻഡ് ചൂടിൽ നിന്ന് രക്ഷപരതി പടച്ചവന്റെ ഹിജാബിൻതണലിലേക്ക് ഇഴഞ്ഞു.
പാമ്പൊഴിഞ്ഞ കഴുത്തിൽ തടവിക്കൊണ്ട് ആ ഓം‌കാരമൂർത്തി അന്തരീക്ഷത്തിൽ ഉയരുന്ന മുരൾച്ചയിലേക്ക് കാതുകൾ തുറന്നിട്ടു.
‘സഖാവേ, ഇടതടവില്ലാതെ ഇങ്ങനെ ഓംകാരം മുഴക്കാൻ ഇത്രത്തോളം ഫാൻസ് നമുക്കിവിടെയുണ്ടോ? നമ്മിൽ അതിശയം ജനിപ്പിക്കുന്നവിധമാണല്ലോ അവറ്റകളുടെ പ്രകടനം. ‘ ശിവൻ ഇപ്രകാരം അരുളിച്ചെയ്തത് അയാളോടാണെങ്കിലും ഒരു മാത്രയ്ക്കെങ്കിലും ലുക്ക് കൊടുത്തത് പക്ഷേ കർത്താവിലായിരുന്നു. കർത്താവ് മറ്റൊന്നിലും ശ്രദ്ധിക്കാതെ ഏകസുഷിരവാദകനെപ്പോലെ അപ്പോഴും ഇരുകൈവെള്ളയിലെയും മുറിവ് മാറിമാറി ഊതിക്കൊണ്ടിരുന്നു.
വശത്തേക്ക് ചെരിഞ്ഞിരുന്ന് ഒരു ചന്തിയ്ക്ക് ചൂടിൽ നിന്നും അല്പനേരമോക്ഷം നൽകിക്കൊണ്ട് അയാൾ ശിവനോടായി പറഞ്ഞു - ഓംകാരമോ, പരമാ, അങ്ങ് സ്വയം മാർക്കറ്റിംഗ് നടത്തരുത്. അത് ഓംകാരമല്ല. ശീതീകരണികളുടെ മൂളക്കമാണ് സംഗതി. ആ കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ കണ്ടില്ലേ? അതിലൊക്കെ സുഖിമാന്മാരായ ഭക്തമാനവർ ഉണ്ടുരമിച്ച്പാർത്തു വരികയാണ്. അവരനുഭവിക്കുന്ന കുളിർമ്മയാണ് - ഏറിയ കൂറും അങ്ങനെയാണ് - ഈ പ്രപഞ്ചത്തിന്റെ താപവും തപവും. പച്ചപ്പ് തിന്നും പ്രകൃതിയെ തിന്നും തണുപ്പ് തൂറുന്ന യന്ത്രങ്ങളാണ് ദൈവങ്ങളേ... ശീതീകരണികൾ. നെട്ടോട്ടമോടുന്ന ശകടങ്ങളിൽ വരെ ധാരാളമായുണ്ട് അവ! ഭൂമിയെ കരിക്കട്ടയാക്കും ഈ തണുപ്പുതൂറികളും കോൺ‌ക്രീറ്റുകുറ്റികളും ചേർന്ന്...
ആവി പറക്കുന്ന അയാളുടെ വാക്കുകൾ ദൈവങ്ങളെല്ലാം സങ്കടഭാവികളായിക്കൊണ്ട് കാതേറ്റു.
‘അതാണ് ഞാൻ പറഞ്ഞത്. ഭൂമി പച്ചയ്ക്കണം. ഹരിതാഭയിലാണ് മാനവസുഖം കുടികൊള്ളുന്നത്. അല്ലേ കർത്താവേ‘ - പടച്ചവൻ കർത്താവിനോട് ‘ശത്രുവിൻ ശത്രു മിത്രം‘ എന്ന ശാസ്ത്രമനുസരിച്ച് ചോദിച്ചു. കർത്താവ് ഒരിക്കൽക്കൂടി മുറിവൂതി. പിന്നെ ശിരസ്സിലെ മുൾക്കിരീടം ഒന്നിളക്കിയുറപ്പിച്ചു. ശേഷം മാനവൻ‌മാതിരി പറയുകയും ഒപ്പം ദൈവം‌ശൈലിയിൽ അരുളിച്ചെയ്യുകയും ചെയ്തു. അതിങ്ങനെയായിരുന്നു. ‘ഡിയർ പടച്ചോനെ സ്വയം വിൽപ്പനയിൽ താൻ പരമനെ കവയ്ക്കും. എന്നാൽ ഇരുവന്മാരും കേട്ടോ.. വിശ്വാസ, മത മാർക്കറ്റിംഗിൽ നമ്മുടെ പിള്ളേര് ഏറെ മുന്നാക്കമാണ്. നൂറ്റാണ്ടുകൾക്ക് തന്നെ മുൻപിൽ. പച്ചപ്പിലല്ല ശുഭ്രതയുടെ ശാന്തതയിലും സമാധാനത്തിലുമാണ് ലോകം കുളിർക്കുക. ചൂടെന്ന വ്യാധിയെ ഒറ്റ രോഗശാന്തി ശുശ്രൂഷകൊണ്ട് ഹാലേലൂയ പാടിക്കാൻ അറിയാവുന്ന ഉഗ്രനാണ് നമ്മുടെ ബ്രദർ ഉണ്ണിയവിരക്കോയപ്പിള്ള!! സ്വർഗ്ഗത്തിൽ വരെ നോട്ടീസ് കിട്ടിയിരിക്കുന്നു. കണ്ടില്ലായിരുന്നോ? – കർത്താവ് സഹ‌ദൈവങ്ങളോടായി ചോദിച്ചു. സഹദൈവങ്ങൾ ഇല്ലെന്ന മട്ടിൽ കർത്താവിന് തലയാട്ടൽ കൊടുത്തു.
അപ്പോൾ ഹിജാബിന്റെ തണലിൽ ചുരുണ്ടുകിടന്ന പാമ്പ് ആ കാഴ്ച കാണുകയുണ്ടായി. അഗ്നിയാളുന്ന കണ്ണുകളോടെ അയാൾ ദൈവങ്ങൾക്ക് നേരേ ഉയരുന്നു! കണ്ണുകളിൽ ജ്വലിക്കുന്നത് യഥാർത്ഥനെ നിലം‌പരിശാക്കുന്ന രണ്ട് സൂര്യന്മാർ. ഡബിൾ റോൾ ജ്വലനം! പുറത്തേക്ക് നീട്ടിയ ഇരട്ടവാലൻ നാവിൽ ചൂടുകൊത്തിയപ്പോൾ പാമ്പൻ നാവുവലിച്ച് ഒന്നുകൂടി ചുരുണ്ടുകൊണ്ട് അയാളുടെ നീക്കത്തിലേക്ക് കണ്ണാഴ്ത്തി.
(തുടരും)

Comments

മാധവൻ said…
ഹിതെപ്പോ ,,,,???
,ഞെടുക്കനായിണ്ട് കേട്ടോ പൊങ്ങാ ,,ദൈവത്തേയും സഹദൈവങ്ങളേയും ഇങ്ങനെ കാണുന്നത് ആദ്യമാ..
അർത്ഥോല്പലം തലനാമം ,,ഘോരമായിരിക്കുന്നു
ajith said…
വിധിവശാൽ ആദ്യം എത്തിയത് രണ്ടാം ഭാഗത്തായിപ്പോയി. ഇനിപ്പോയി ഒന്നാം ഖണ്ഡം ഒന്ന് നോക്കട്ടെ
എന്റെ പരലോക ദൈവങ്ങളേ കാത്തോണേ!!!!അമ്മേ ആവൂ!!!
മ്മ്ടെ ദൈവങ്ങളുടെ രൂപഭാവങ്ങൾ കണ്ട് നടുങ്ങിപ്പോയി ..!
ഭദ്ര said…
സ്വർഗത്തിൽ അതിർത്തി തർക്കവും സ്വാഭാവികമായും ഉണ്ടാവണമല്ലോ . യഥാർത്ഥ രസികൻമാർ ഗ്രീക്ക് ദേവൻമ്മാരാണ് . മനുഷ്യരുമായുള്ള ബന്ധത്തിന് മറ്റൊരു തലം വേറെ ഒരു വിഭാഗം ദൈവങ്ങളും ഇതുവരെ വാഗ്ദാനം ചെയ്തിട്ടു പോലും ഇല്ല (ഗ്രീക്ക് പുരാണത്തിനോട് ഉള്ള കടപ്പാട് രേഖപ്പെടുത്തുന്നു )

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

വേലിക്കകത്ത്, ഒറ്റപ്പെട്ട്...