കൂടിക്കാഴ്ച

ഞാൻ ചെല്ലുമ്പോൾ യോഗനിദ്രയ്ക്ക് അല്പമൊരു ഇടവേള കൊടുത്ത്, എണ്ണമറ്റ ‘അന്തംസും’ മറ്റും വിട്ടുകൊണ്ട് അനന്തനുമേൽ കൊടുകൈ കുത്തി ചെരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു പത്മനാഭൻ. അനന്തൻ അഞ്ചുപത്തിയിൽ നിന്നും ഒരുപോലെ ഇരട്ടനാവ് നീട്ടി കളിക്കുന്നു. പത്മനാഭൻ പരിചയഭാവത്തിൽ നോക്കിയപ്പോൾ ഞാൻ ഒരു സ്മൈലി കൊടുത്തു. മറു സ്മൈലി ഉപചാരമായി.

പത്മനാഭൻ ചോദിച്ചു - എന്താണ് നാമധേയം?
- ബ്ലോഗ് നാമം പോങ്ങുമ്മൂടൻ എന്നാണ് പത്മനാഭൻ ഈശ്വരാ.
അച്ഛൻ നൽകിയ പേർ ഹരീഷ് എന്നും... - ഞാൻ വിനയാന്വിതനായി വിശദീകരിച്ചു.
അച്ഛന്റെ പേർ?
- ശിവരാമൻ നായർ.
- നായരാണല്ലേ?
മാനം കളയരുത് തമ്പുരാൻ. അങ്ങനെയാണ് പിണഞ്ഞത്.
ഞാൻ 2 തുള്ളി കണ്ണുനീർ പാലാഴിയിലേയ്ക്ക് പൊഴിച്ചു.
അതിൽ മാനക്കേട് എന്തിരിക്കുന്നു?!!
പത്മനാഭൻ സംശയാലുവായി.
ഓ!! അങ്ങ് സോഷ്യൽ നെറ്റുവർക്കിലും മറ്റും സജീവമല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം. നായന്മാരുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പരിതാപകരമാണ് അങ്ങുന്നേ.. മതം മാറാനുള്ള ഓപ്ഷൻ മനുഷ്യർക്കുണ്ട്.. എന്നാൽ ജാതി മാറാനുള്ള സമ്പ്രദായം വിപണിയിൽ നടപ്പിലായിട്ടില്ല.
ഇപ്പോഴും ഇതൊക്കെയുണ്ടോടോ, ഈ ജാതിമതചിന്തകൾ?
-പത്മനാഭ പുരികങ്ങൾ ചോദ്യചിഹ്നം വരച്ചു.
സുലഭമാണ് സംഗതി ഈശ്വാരാ. ദൈവമായതുകൊണ്ട് അങ്ങ് അറിയാത്തതാണ്.

അനന്തൻ പാലാഴിയിൽ വാലിട്ടൊന്ന് കടഞ്ഞു. പത്മനാഭൻ എഴുന്നേറ്റ് അനന്തനുമേൽ ചമ്രം പടിഞ്ഞിരുന്നു. അനന്തന്റെ കണ്ണുകളിൽ ഇപ്പോൾ ചെറിയൊരു സ്മൈലി വിരിഞ്ഞിട്ടുണ്ട്. അനന്തൻ ചോദിച്ചു.

- വർഗപരമായി നാം ഒന്നാണല്ലേ?
- അതേ, പാമ്പങ്ങുന്നേ. വൈകുന്നേരമായാൽ ആട്ടവും ഇഴച്ചിലും അച്ചട്ടാണ്.

അനന്തൻ ചിരിച്ചു. പത്മനാഭൻ ചിരിച്ചെന്നു വരുത്തി.

ആട്ടെ, എന്താണ് ആഗമനോദ്ദേശ്യം? - പത്മനാഭൻ.
വെറുതേ, ഇതുവഴി പോയപ്പോൾ ഒന്ന് കയറിയെന്നേയുള്ളൂ. അങ്ങയുടെ സ്ഥിതി അറിയുന്നുണ്ട്.. ഖേദമുണ്ടല്ലോ ഈശ്വരാ...

പത്മനാഭൻ തിരുമുഖത്ത് വിഷാദം വിരിച്ചിട്ടു. ഞാൻ സാമാന്യമര്യാദയെ മാനിച്ച് ഭാവം അനുകരിച്ചു നിന്നു. പത്മനാഭൻ അരുളിച്ചെയ്തു..

- പരിതാപകരമാണ് മാനവാ അവസ്ഥ. ദൈവമാണെന്ന പരിഗണന പോലുമില്ല ഒരുത്തനും..അലക്കി വെളിപ്പിക്കുകയാണ്. കുറച്ച് ദിവസങ്ങളായി അമിക്യസ്‌കൂറി എന്നോ മറ്റോ പേരായ ഒരിനം മാനവന്റെ വിളയാട്ടമായിരുന്നു. ഈ ജാതി ഒന്നിനെ ഞാൻ സൃഷ്ടിച്ചതായേ ഒർക്കുനതേയ്യില്ല. സഹദൈവങ്ങളായി എത്രപേരുണ്ട്. അവരാർക്കെങ്കിലുമുണ്ടോടേ ഈ ഗതി. യോഗനിദ്രയിൽ പോലും ശ്രദ്ധചെലുത്താൻ ആവുന്നില്ലെടേ ഈ അലവലാതികളെക്കൊണ്ട്...

ദൈവം വിതുമ്പി. ഞാൻ വിതുമ്പലും അനുകരിച്ചു. അനന്തൻ നാവിളക്കി കളിയിൽ തന്നെ.

- ഈശ്വരൻ പറയുന്നതിൽ കാര്യമുണ്ട്. പക്ഷേ, ധർമ്മരാജാവിനും പണി കൊടുത്തിട്ടുണ്ടല്ലോ ആ മാഡം ക്യൂറി - ഞാൻ പറഞ്ഞു

വിഡ്ഡി. മാഡം ക്യൂറി അല്ല. അമിക്കസ്‌ക്യൂറി - ദൈവം തിരുത്തിക്കൊണ്ട് തുടർന്നു.. ധർമ്മരാജാവിനെപ്പറ്റി മിണ്ടിപ്പോവരുത്. ധർമ്മക്കാരൻ മാതിരി ആയിരുന്നു പ്രകടനമെന്ന് നാട്ടാരെക്കൊണ്ട് പറയിപ്പിച്ചില്ലേ ഓൻ! നമ്മുടെ കൂടി വില കളയാൻ..

ഉവ്വ! അറിവുകേടല്ലങ്ങുന്നേ വാപിശകാണ്. മുൻ‌കാലപ്രാബല്യത്തോടെ പൊറുക്കണം.

- പൊറുത്തിരിക്കുന്നു.

- ഈശ്വരോ, വിവരാവകാശ നിയമം കൈയ്യിലെടുത്തുകൊണ്ട് അടിയൻ ഒന്ന് ചോദിച്ചോട്ടെ... ഇക്കണ്ട സ്വത്തുക്കളൊക്കെ ശരിക്കും അങ്ങയുടേതാണോ രാജാവിന്റേതാണോ?

- ഡബിൾ വിഡ്ഡി.. നമ്മുടേതല്ല. നമുക്ക് പുലരാൻ സ്വത്തും പണവും വേണ്ട മാനവാ. പിന്നെ.. ഇക്കണ്ടതൊക്കെ സമ്പാദിക്കാൻ ധർമ്മന് കൈത്തൊഴിലോ കുലത്തോഴിലോ മറ്റോ ഉണ്ടായിരുന്നോ.. ഒക്കെ ഡാവിയതല്ലേടോ.. കുറ്റം പറയാൻ സാധിക്കുമോ, പ്രകൃതിയോടും സഹജീവികളോടും മറ്റു ജീവജാലങ്ങളോടുമൊക്കെയുള്ള ദയയും കരുണയും സ്നേഹവും സഹാനുഭൂതിയും സാധാരാണക്കാർക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ.. സമ്പത്ത്, സ്വാധീനം, അധികാരം എന്നിവയൊക്കെ ജീവിതത്തിൽ വന്നുചേരുന്ന മാനവൻ നീചരിൽ നീചനാവുന്നു. കക്കൽ ആണ് അവറ്റകളുടെ കുലത്തൊഴിൽ. അവൻ രാജാവായാലും സാദാ / മുഖ്യ / പ്രധാന / മന്ത്രിയായാലും അങ്ങനെതന്നെ. അമിക്കസ്‌ക്യൂറിയാവട്ടെ, ജഡ്ജിയാവട്ടെ കഥ വ്യത്യസ്തമാകില്ല. രാജഭരണം മാറി ജനാധിപത്യം വന്നു. സ്വാഭാവികമായും മോഷ്ടിക്കാനുള്ള അവകാശം രാജാവിൽ നിന്ന് ജനപ്രതിനിധികളിലേയ്ക്ക് മാറുക തന്നെ വേണം. അതാണ് ന്യായം.

ദൈവം ചിരിച്ചു. തുടർന്നു

- നിധിയുണ്ടെന്ന വാർത്ത വന്നപ്പോൾ തന്നെ ഭക്തശിരോമണികളിൽ ഉണ്ടായി വർദ്ധന! ഉത്തരേന്ത്യയിൽ നിന്ന് വരെയാണ് പാരവശ്യത്തിൽ വന്ന് അവറ്റകൾ കുമ്പിടുന്നത്... ട്രൌസറിനും ചുരിദാറിനുമൊക്കെ മുകളിലായി മുണ്ടും ചുറ്റി മുന്നിൽ വന്ന് നിൽക്കുന്നവരെ കാണുമ്പോൾ ചിരിച്ച് എളി ഉളുക്കുകയാണെടോ... ആരാണ് ഈവിധ നിയമങ്ങളൊക്കെ ഉണ്ടാക്കിയതോ എന്തോ!!! പ്രാർത്ഥനയ്ക്ക് എന്ത് ചിട്ടവട്ടങ്ങൾ..വേഷം കെട്ടലുകൾ... ദൈവം തെളിഞ്ഞ് ചിരിച്ചു. അടിയൻ അതും അനുകരിച്ചു.

ദൈവം തുടർന്നു..

സമ്പത്തുള്ള ദൈവങ്ങളോടേ ഭക്തർക്ക് താല്പര്യമുള്ളൂ എന്ന് വേണം അനുമാനിക്കാൻ. താൻ അവിടേയ്ക്ക് നോക്കൂ... (ദൈവം വിരൽ ചൂണ്ടിയിടത്തേയ്ക്ക് ഞാൻ നോക്കി.. അകലെ പാലാഴി തീരത്തുകൂടി ചെമ്പട്ട് ചുറ്റി ഇടതൂർന്ന മുടിയുമായി നടന്നകലുന്ന രൂപം അവ്യക്തമായി ഞാൻ കണ്ടു. ) അതാണ് കുടമുട്ടേൽ അമ്മ. കേമിയാണ്. പക്ഷേ ദാരിദ്ര്യമായിപ്പോയി. അതുകൊണ്ടെന്താ.. ഒറ്റ ഭക്തനും തിരിഞ്ഞുനോക്കുന്നില്ല. അങ്ങനെ എത്രയെത്ര ദൈവങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് കീഴിലെന്ന് അറിയാമോ തനിക്ക്...
ഈജാതി ഭക്തരുള്ളപ്പോൾ ദൈവമായിട്ട് പുലരാൻ കടുപ്പമാണ് മാനവാ..കടുംകടുപ്പം!

ഈ പണ്ടം മുഴുവൻ ആരാച്ചാൽ എടുത്ത് ഭുജിക്കട്ടെ. ആയുധധാരികളായ കാവൽക്കാരിൽ നിന്നും സ്വാർത്ഥതയും വിഷചിന്തയും നിറച്ച മനസ്സുമായി നമ്മെ കുമ്പിട്ട് അപമാനിക്കുന്ന ഭക്തരക്ഷസ്സുകളിൽ നിന്നും നമുക്ക് രക്ഷ നൽകണേ എന്ന് സകലമാനവരോടും പ്രോട്ടോക്കോൾ മറന്ന് നാം പ്രാർത്ഥിക്കുന്നു...

ദൈവം കൈകൾ കൂപ്പി. അടിയൻ അതും അനുകരിച്ചു.

എല്ലാം ശരിയായി വരും പത്മനാഭദൈവമേ... വള്ളിക്കാവിലമ്മയെ മനസ്സുരുകി പ്രാർത്ഥിച്ചോളൂ... ഒരു വഴിക്കാക്കിയിരിക്കും. - ഞാൻ പറഞ്ഞു.

വള്ളിക്കാവിലമ്മയോ, അത് ആർ? - ദൈവം ചോദിച്ചു.

അങ്ങ് അതറിയാതെ പോയത് ദുരന്തമായല്ലോ ഭഗവാനേ... ഞങ്ങൾ ഹിന്ദുമനുഷ്യരുടെ ആ‍ൾ ദൈവമാണ് വള്ളിക്കാവിലമ്മ. അസ്സൽ ദൈവത്തോളമാണ് പ്രാപ്തി. ആലിംഗനപ്രിയയും സ്നേഹമയിയുമായ ഞങ്ങളുടെ അമ്മ! ദൈവമേ.. ഞാൻ ഭയക്കുന്നു.. അമ്മയെ അറിയില്ലെന്ന് ഭഗവാൻ പറഞ്ഞത് അമ്മയുടെ മക്കളെ വ്രണപ്പെടുത്തിയിരിക്കാം. അവരുടെ കോപാഗ്നി തടുക്കാൻ അങ്ങേയ്ക്ക് ആവതുണ്ടാവട്ടെ. എന്നാൽ ഞാനങ്ങോട്ട്...

ഞാൻ വിട ചോദിച്ചു.

ഭഗവാൻ പറഞ്ഞു.

അനന്തന് താങ്ങാനാവുമോ എന്ന് സംശയമുള്ളതുകൊണ്ടാണ് ഇരിക്കാൻ പറയാതിരുന്നത്. അപ്പോൾ ഇടയ്ക്കൊക്ക ഇങ്ങോട്ടേയ്ക്ക് ഇറങ്ങുക. പ്രാർത്ഥിച്ച് ഹിംസിക്കാതിരിക്കുന്ന നിങ്ങളെപ്പോലുള്ളവരാണ് ദൈവഗണങ്ങൾക്ക് ആശ്വാസം.

ദൈവം ചിരിച്ചു. അനന്തൻ ചിരിച്ചു. ഇരുവരെയും ഈ മാനവൻ അനുകരിച്ചു. പിന്നെ ഒരിക്കൽക്കൂടി യാത്ര പറഞ്ഞിറങ്ങി.

***

( നേരമ്പോക്കല്ലാതെ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തുക എന്നത് ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. നേരമ്പോക്കായി അനുഭവപ്പെട്ടില്ലെങ്കിൽ അത് എന്റെ പരാജയമാണ്. അങ്ങനെയെങ്കിൽ സമയനഷ്ടം ഉണ്ടാക്കിയതിന് ക്ഷമ ചോദിക്കുന്നു. നന്ദി. )

Comments

Junaiths said…
പദ്മനാഭന് അങ്ങനെതന്നെ വേണം :)
pandavas... said…
പൊങ്ങു വീണ്ടും......... തകര്‍ത്തു ...
Unknown said…
pongum moodan ingalu balyavanaaa....m t padmanabhan sirnte savadaham onnu vaayikanm keto maashe

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ