മറക്കാൻ നമുക്കോർമ്മിക്കാംശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

നരഹൃത്തു തുരുമ്പു സൂചിയിൽ
സരസം കോർത്തു കളിപ്പതെന്തിനോ?
സ്മരണേ, മതി, പോകെടോ; വരൂ
വരദേ, വിസ്മൃതി, വേൾക്കുകെന്നെ നീ

- വിസ്മൃതി: വൈലോപ്പിള്ളി

ഓർമ്മകളിൽ എല്ലാം നല്ലതായിത്തീരുന്നത് അതിന്റെ സുരക്ഷിതത്വമോർത്താണ്. കാട്ടിൽ നിന്ന് ഓടിച്ച പുലി ഇനി തിരിച്ചുവരില്ല. അത് എപ്പോഴോ വയസ്സായി ചത്തുപോയിട്ടുണ്ടാവും. ചവിട്ടിപ്പോയ മൂർഖനിൽ നിന്ന് നൂലിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതും എവിടെയെങ്കിലും മണ്ണടിഞ്ഞിട്ടുണ്ടാവും പക്ഷേ, പുലി ഓടിച്ചതും പാമ്പ് ചീറിക്കൊത്തിയിട്ട് രക്ഷപ്പെട്ടതും ഇപ്പോൾ സരസം പറഞ്ഞു നടക്കാവുന്ന ഒന്നാണ്. ഓർമ്മകളെ പോലെ ഒന്നാന്തരം എഡിറ്റർ വേറെയില്ല. അവൻ പ്രിന്റ് മീഡിയയുടെയും വിഷ്വൽ മീഡിയയുടെയും എഡിറ്ററാണ്. നൊസ്റ്റാൾജിയ എന്ന സ്പെഷ്യൽ ഇഫക്ട് ഇട്ടുകൊടുക്കുന്നതിൽ കേമനും.
നാട്ടിലിരിക്കെ, നാടും നാട്ടാരുമായി ഒരു ബന്ധവുമില്ലാത്ത ആൾ ഗൾഫിലെത്തി ഏറെ കഴിയാതെ ഗൃഹാതുരനാവുന്നത് നമുക്ക് കാണാം. ഗൾഫിലെ ഓണാഘോഷങ്ങളിലൊക്കെ ഇതു വളരെ പ്രകടമാണ് പെണ്ണുങ്ങൾ കസവ് നേര്യതുടുക്കുന്നു. ആണുങ്ങൾ തികച്ചും കേരളീയ വേഷത്തിൽ
(
ജുബ്ബ കേരളീയ വേഷമാണോ! രണ്ടാം മുണ്ടായിരുന്നു മലയാളിയുടെ യഥാർഥ കുപ്പായം!) പക്കമേളക്കാരെയും പഞ്ചാരിമേളക്കാരെയും നാട്ടിൽ നിന്നു കൊണ്ടുവരുന്നു. എരഞ്ഞോളി മൂസയും സംഘവും പല തവണ വന്നു പോകുന്നു. എന്തിനേറെ, വള്ളംകളി തന്നെ ഗൾഫിൽ സംഘടിപ്പിക്കുന്നു. യു..ഇയിലാണെങ്കിൽ ഒരുവിധപ്പെട്ട സംഘടനകൾക്കൊക്കെ ഒരുമ എന്നോ ഓർമ്മ എന്നോ പേരിടുന്നു. ചെറിയ ചെറിയ കൂട്ടായ്മകൾക്ക്. അവർ അക്ഷരശ്ലോക മത്സരം നടത്തുന്ന കാഴ്ചയും പതിവ്. നമ്മുടെ അറ്റ്ലസ് ജ്വല്ലറിയുടെ ഉടമ രാമചന്ദ്രൻ പൊരിഞ്ഞ അക്ഷരശ്ലോക പ്രേമിയാണെന്ന് ഗൾഫിലെത്തിയപ്പോഴാണ് അറിയുന്നത്. ദുബായിൽ ഇടക്കാലത്ത് നടൻ ഭരത് മുരളിയുടെ നേതൃത്വത്തിൽ കേരളീയ സ്വഭാവമുള്ള ഒരു സ്ഥിരം നാടക പരിശീലന കേന്ദ്രം പോലും തുടങ്ങി. നാട്ടിലുള്ള പല നൃത്താധ്യാപകരും വിസയെടുത്ത് ഗൾഫിൽ കുട്ടികളെ ഭരതനാട്യവും മോഹിനിയാട്ടവും പഠിപ്പിയ്ക്കുന്നു. ചുരുക്കത്തിൽ ഒരു കൊച്ചു കേരളത്തിന്റെ ഓർമ്മയെ പിടിച്ചെടുക്കാനും നിലനിർത്താനും പെടാപ്പാടുപെടുന്നു. സത്യത്തിൽ ഇത് ഓർമ്മയെ നിലനിർത്താനല്ല, മറവിയെ കൊണ്ടുവരാനാണെന്നു പറഞ്ഞാൽ പ്രവാസി മലയാളികളിൽ ചിലരെങ്കിലും എന്നോട് പിണങ്ങും. നമ്മുടേതല്ലാത്ത കാലാവസ്ഥ, നമ്മുടേതല്ലാത്ത ഭൂപ്രകൃതി, ഭക്ഷണം, ഭാഷ, സംസ്കാരം ഇവയുടെ അലിഞ്ഞുചേരാനാവാത്ത ഒരുതരം വേദനയെ മറക്കലാണ് ഓർമ്മയെ തിരഞ്ഞുപിടിയ്ക്കൽ! വിശദീകരണ സാധ്യമല്ലാത്ത വളരെ സങ്കീർണ്ണമായൊരു സ്വത്വപ്രതിസന്ധിയാണിത്.

മനുഷ്യമനസ്സ് ചിലപ്പോൾ അങ്ങനെയാണ്. വിപരീതങ്ങളെ ഒന്നെന്ന മട്ടിൽ അവതരിപ്പിച്ചു കളയും ഇലയിൽ ഒട്ടിനിൽക്കുന്ന പച്ചനിറമുള്ള ഓന്തിനെ നമ്മൾ ഇലയായി വിചാരിക്കും പോലെ. ഇക്കാര്യം പറയുമ്പോൾ പെട്ടെന്ന് മനസ്സിലെത്തുക സ്നേഹം, വെറുപ്പ് എന്നീ വികാരങ്ങളാണ് സ്നേഹമാണ് വെറുപ്പിനെ ഉണ്ടാക്കുന്നതെന്ന് എത്രപേർ സമ്മതിച്ചുതരും? സ്വന്തം മക്കളോടുള്ള സ്നേഹം കൊണ്ടാണ് നമ്മളവരെ തല്ലുന്നത്. നീ ഒരുകാലത്തും ഗുണം പിടിക്കില്ല എന്നു പോലും ശപിക്കുന്നത്. ഭാര്യയെ ഭർത്താവ് സംശയിച്ചു കൊല്ലുന്നതും ഭർത്താവിനെ സംശയിച്ച് കൊല്ലാക്കൊല ചെയ്യുന്നതും സ്നേഹത്തിന്റെ കാഠിന്യം തന്നെ. കുടുംബത്തോടുള്ള സ്നേഹം കൊണ്ടാണ് മിക്ക സർക്കാർ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നത്. മക്കളെവല്യവരാക്കാൻ, ഭാര്യക്കൊരു പട്ടുസാരി, സ്വർണ്ണവള, മാർക്കറ്റിൽ നിന്ന് ഒരു കിലോ ചെമ്മീൻ സ്നേഹത്തിൽനിന്ന് വിരിയുന്ന വെറുപ്പിനെപ്പറ്റി പറയാൻ ഒരുപാട് ഉദാഹരണങ്ങൾ ഇനിയും കിടക്കുന്നു. അഞ്ചും പത്തും കൊല്ലം കൂടെ നടന്ന ചങ്ങാതി ഒരു ദിവസം ഞാൻ ഏറ്റവും വെറുക്കുന്ന വ്യക്തിയാകുന്നു. അയാളെ കൊല്ലാനുള്ള വെറുപ്പ് ഉള്ളിൽ കൊണ്ടുനടക്കുന്നു. പലരോടും അസഭ്യം പറയുന്നു. എന്തിനേറെ, അയാളെ ജീപ്പിടിച്ചു കൊല്ലുന്നതായി കഥവരെ എഴുതിക്കളയും! ‘സ്നേഹത്തിൽ നിന്നുദിക്കുന്ന ലോകംഎന്ന് കുമാരനാശാൻ. ‘സ്നേഹത്തിൽ നിന്നുദിക്കുന്ന ദ്വേഷംഎന്ന് ഒന്നു കടന്നു ചിന്തിച്ചെങ്കിൽ കവി എഴുതിപ്പോയേനെ! വഴിയെ പോകുന്ന ആരോടും നമുക്ക് വിദ്വേഷമില്ല. എന്നാൽ നമ്മൾ സ്നേഹിക്കുന്ന വീട്ടുപറമ്പിലൂടെ ഒരുത്തൻ കേറിക്രോസ്ചെയ്തു നടന്നുപോയാൽ വെറുപ്പായി. ഇനി വഴി ഇങ്ങനെ നടന്നാൽ കൊടുവാള് കൊണ്ട് കാല് വെട്ടും എന്നുവരെ പറയാൻ മടിക്കില്ല, നാം.

വെറുപ്പിന്റെ പ്രഭവ കേന്ദ്രം സ്നേഹമായിത്തീരുന്ന പോലെ മറ്റൊരു വൈരുധ്യമാണ് മറക്കാനായി നാം ഓർമ്മയെ മുറുകെ പിടിക്കുന്നു എന്നതുംഞാൻ പണ്ട് ഡെറാഡൂണിലായിരുന്നപ്പോൾഎന്ന് ചില എക്സ് പട്ടാളക്കാർ പറഞ്ഞുകൊണ്ടിരിയ്ക്കും. തിരിഞ്ഞുപോകാനല്ല, അത് മറക്കാനാണ്! വിരലുകൾ പോലും മരവിച്ച് നിവർത്താൻ കഴിയാതെ കശ്മീർ അതിർത്തിയിലെ കൊടുംമഞ്ഞിൽ പട്ടാളക്കാരനായി പുലർന്നതിലേക്ക് ഇനി പോകേണ്ടതില്ല, ചീറിപ്പായുന്ന വെടിയുണ്ടകളിൽനിന്ന് നൂലിഴയ്ക്ക് രക്ഷപ്പെടാൻ ചങ്കിടിക്കേണ്ടതില്ല എന്ന സുരക്ഷിതത്വത്തിന്റെ ഓർമ്മയാണത്. മറവിയാണത്. അയാൾക്ക് ഇനി പട്ടാളത്തിൽ യുദ്ധം ചെയ്യാൻ പോകണ്ട. റിട്ടയർമെന്റ് ആയി., പെൻഷനായി. തിരിഞ്ഞുവരാത്ത ദുരിതകാണ്ഡം ഇനി ഓർമ്മയാണ്. ഇവിടെ ഓർമ്മ സത്യത്തിൽ വിസ്മൃതിയുടെ പര്യായമായിത്തീരുന്നു.

മിക്കപ്പോഴും ഗൾഫുകാരന്റെ ജീവിതം ഇങ്ങനെ തന്നെയാണ് മരുഭൂമിയിലെ ചുട്ടവെയിലിനെ നോക്കി ഞാറ്റുവേലയെപ്പറ്റി പറയുന്നു. ഇളംബ്രൌൺ നിറത്തിലുള്ള മരുഭൂമിയിലെ വരണ്ട മണ്ണിനെ നോക്കി നാട്ടിലെ പച്ചവെയിലിനെപ്പറ്റി വാചാലനാകുന്നു. ഗൾഫ് എന്ന മണ്ണ് ഒരു സാമ്പത്തിക അഭയകേന്ദ്രമാണ്. അത് മാലാഖ പോലെ നമ്മെ അണച്ചുപിടിക്കുന്നു. പക്ഷേ, നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു

( ഗൾഫിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ‘മലയാളം ന്യൂസ്‘ എന്ന പത്രത്തിൽ പ്രശസ്ത എഴുത്തുകാരൻ ശ്രീ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ മേപ്പടി കുറിപ്പ് വായിക്കാനവസരം ലഭിക്കുകയും ഏറെ അസ്വാദ്യകരമായി എനിക്കത് അനുഭവപ്പെടുകയും ചെയ്തതിനാൽ ഈ കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യാനുള്ള അനുമതി ഞാൻ ഇക്കയോട് തേടി. സന്തോഷത്തോടെ അദ്ദേഹം അത് അനുവദിച്ചു തന്നു. നന്ദി ഇക്ക. ഞാനും അങ്ങയുടെ പ്രസാധകനായിരിക്കുന്നു) :)

Comments

Pongummoodan said…
മിക്കപ്പോഴും ഗൾഫുകാരന്റെ ജീവിതം ഇങ്ങനെ തന്നെയാണ് മരുഭൂമിയിലെ ചുട്ടവെയിലിനെ നോക്കി ഞാറ്റുവേലയെപ്പറ്റി പറയുന്നു. ഇളം‌ബ്രൌൺ നിറത്തിലുള്ള മരുഭൂമിയിലെ വരണ്ട മണ്ണിനെ നോക്കി നാട്ടിലെ പച്ചവെയിലിനെപ്പറ്റി വാചാലനാകുന്നു. ഗൾഫ് എന്ന മണ്ണ് ഒരു സാമ്പത്തിക അഭയകേന്ദ്രമാണ്. അത് മാലാഖ പോലെ നമ്മെ അണച്ചുപിടിക്കുന്നു. പക്ഷേ, നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു.

- ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
അതുശരി. അപ്പോൾ സ്വന്തം കറിപ്പല്ല. ഏതായാലും ഈ നല്ല കുറിപ്പ് ഷെയർ ചെയ്തതിനി "പ്രസാധകന്" നന്ദി!
ajith said…
പൊയ്യില്ലാത്ത കടവ്
നമ്മൾ കണ്ണടച്ച് നാടിനെ ഉള്ളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നു.

സത്യാണെന്ന് തോന്നിപ്പോകുന്നു . എഴുത്തുകാരനും , പ്രസാദകനും നന്ദി :)
ശ്രീ said…
ഇതിവിടെ പങ്കു വച്ചതിനു നന്ദി, മാഷേ...
Anonymous said…
ആകെ പ്രശ്നം ആണല്ലോ ഹരി ചേട്ടാ താങ്കള്‍ക്ക് താങ്കളെ നഷ്ടപ്പെടുത്തരുത് ഒരിയ്ക്കലും............
khandakarnan said…
മുഴുവന്‍ സത്യം. തര്‍ക്കിക്കാന്‍ ഒരു വഴി കാണാത്തത് കൊണ്ട് എനിക്ക് ശിഹാബിനോട് ദേഷ്യം.
ഓര്‍മ്മകളെ നാം ഓര്‍മിക്കപോലുമില്ല!
jayanEvoor said…
പോങ്ങ്സ്

ബ്ലോഗില്‍ ഒരേക്കര്‍ സ്ഥലമുണ്ടെന്നും അത് തരിശിടാന്‍ പാടില്ലെന്നും ഓര്‍ത്തതു നന്നായി!

ഇമ്പോര്ട്ട് ചെയ്തതാണെങ്കിലും നല്ല കുറിപ്പ്.

ആശംസകളോടെ

ജയന്‍
jayanEvoor said…
പിന്നെ,

തുഞ്ചന്‍ പറമ്പിലേക്ക് സുസ്വാഗതം!

തീയതി - 2013 ഏപ്രില്‍ 21 ഞായര്‍

വിശദാംശങ്ങള്‍ താഴെയുള്ള ലിങ്കിലുണ്ട്

http://bloggermeet.blogspot.in/2013/01/blog-post.html

വെറുപ്പിന്റെ ഭ്രൂണശാസ്ത്രം പുതിയൊരു അറിവായി. നഷ്ടങ്ങളാണ് നമ്മെ പലപോഴും ഗൃഹാതുരരാക്കുന്നത്. എന്നും കാണുന്ന വയലും, വരമ്പും, കൈത്തോടും നോക്കുകുത്തിയുമൊന്നും കൗതുകം ജനിപ്പിക്കാത്ത കാഴ്ചകളാണെങ്കിൽ ആണ്ടവധിക്കാരന് പൂത്തമാവും കുലച്ചവാഴയും എന്തിന് ചെളിവെള്ളം വരേ പ്രിയപ്പെട്ടതാകുന്നത് നഷ്ടത്തിന്റെ സൂത്രക്കളി ഒന്നുകൊണ്ട് മാത്രം. 
Jay said…
Good post...Thanks for sharing...:-) പക്ഷേ ഹരിയേട്ടാ , കൂടുതല്‍ ഇഷ്ടം തനി പോങ്ങുംമൂടന്‍ പോസ്റ്റുകള്‍ ആണ് .....സിസ്സര്‍ ഫില്‍റ്ററിന്റെയും സെലിബ്രീഷന്‍ റമ്മിന്റെയും സൌഹൃദത്തിന്റെയും ചൂടും ചൂരും തനിമയും ഉള്ള പോങ്ങുംമൂടന്‍ പോസ്റ്റുകള്‍!!
Anonymous said…
കൊള്ളാം, നല്ല അപഗ്രഥനം.മനഃശാസ്ത്രപരം. പൊയ്ത്തുകടവിന് ബ്ലോഗുണ്ടോ ആവോ?-കുടുംബത്തോടുള്ള സ്‌നേഹം കൊണ്ടാണ് മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നത്. മക്കളെ 'വല്യവരാ'ക്കാന്‍, ഭാര്യക്കൊരു പട്ടുസാരി, സ്വര്‍ണ്ണവള, മാര്‍ക്കറ്റില്‍ നിന്ന് ഒരു കിലോ ചെമ്മീന്‍-- ഇത് അത്യാഗ്രഹമല്ലേ:)) സ്‌നേഹമെന്നെങ്ങനെ പറയും?

Anonymous said…
for comment following-
yousufpa said…
ഓരോ പ്രവാസിയും മലയാളിയും ഒപ്പം മലയാളത്തെ കൊല്ലുനതും എന്തിനു വേണ്ടി ആയിരിക്കും...?

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

വേലിക്കകത്ത്, ഒറ്റപ്പെട്ട്...