‘ബിരിയാണി വധം’ ആട്ടക്കഥ

പ്രിയ സുഹൃത്തും ബ്ലോഗറുമായ ജുനൈദിന്റെ അനിയന്റെ നിക്കാഹിൽ പങ്കുചേരുകയും മൃഷ്ടാന്നമായി ഭുജിക്കുകയും ചെയ്യുക എന്ന ഉന്നത്തോടെയാണ് ഞാൻ തിരുവല്ലയിൽ വണ്ടിയിറങ്ങിയത്. അവൻ തിരുവല്ലയിലെ എലൈറ്റ് ഹോട്ടലിൽ റൂം എടുത്ത് തന്നിട്ടുണ്ട്. സഹമുറിയനായി തോന്ന്യാസി എന്ന എക്സ്-ബ്ലോഗറുമുണ്ട്. ചെറിയ കതിനക്കുറ്റിയോളം മാത്രം വലിപ്പമുള്ള അവന് ഒരു പല്ലിക്കുഞ്ഞ് കഴിക്കുന്നത്ര ആഹാരം മാത്രം മതിയായേക്കും. ഭക്ഷണവേട്ടയിൽ ‘കുരുന്ന് ‘ വെല്ലുവിളി ആവില്ലല്ലോ എന്ന ചിന്ത അവനോടുള്ള സ്നേഹവാത്സല്യങ്ങളായി മനസ്സിൽ ഉണർന്നു.

രാവിലെ താമസിച്ചാണ് എഴുന്നേറ്റത്. തോന്ന്യാൻ കുളിയും തേവാരവും കഴിഞ്ഞ് പുകവലിച്ചിരിയ്ക്കുന്നു. ചായയും മനോരമയും വന്നു. രണ്ടിനും രുചിയില്ല. എന്നാൽ രണ്ടും ശോധനയ്ക്ക് സഹായമാവുകയും ചെയ്തു. ജുനൈദ് രണ്ടാം തവണയും വിളിച്ച് ധൃതികൂട്ടി. പുറപ്പെടാൻ സമയമായി. കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം താമസിച്ചിരുന്നു. പ്രഭാതഭക്ഷണം വീട്ടിൽ ചെന്നാക്കാമെന്നു പറഞ്ഞ് മുറി വെടിഞ്ഞ് ഒരു ഓട്ടോയിൽ കയറി ഞങ്ങൾ ജുനുവിന്റെ വീട്ടിലെത്തി.

പുതിയാപ്ലയ്ക്ക് ആശംസ അർപ്പിച്ചും ‘പട‘മാവാൻ കൂടെനിന്നുകൊടുത്തും ഇറങ്ങിയപ്പോൾ താമസിച്ചു. നിക്കാഹിനു പുറപ്പെടാനുള്ള സമയം മാരകമാംവിധം അതിക്രമിച്ചതുകൊണ്ട് അപ്പത്തെയും ആട്ടിൻകറിയെയും ‘പോയി ജീവിക്കൂ‘ എന്നുപറഞ്ഞ് വെറുതേവിട്ടു. തോന്ന്യാൻ മുളകുപുരട്ടിയ, വിശന്നനോട്ടം എനിയ്ക്കു നേരേ തൊടുത്തു. നീ ഉണരാൻ താമസിച്ചതുകൊണ്ടല്ലേ ഈ ദുരന്തം സംഭവിച്ചതെന്നാണ് നോട്ടം ചോദിയ്ക്കുന്നത്. മറുപടി പറഞ്ഞില്ല. വയറിൽ വിശപ്പിനെ പെറ്റുപെരുകാനിട്ട് ഞങ്ങൾ വണ്ടി കയറി. ജുനൈദും അവന്റെ പപ്പയും അമ്മയും പിന്നെ ജുനുവിന്റെ ചേച്ചിയുടെ മോനും ഒരമ്മാവനും ആണ് സഹയാത്രികർ.

ആലപ്പുഴ എത്തിയപ്പോഴേയ്ക്കും വിശപ്പ് സ്വകാര്യബാങ്കുകാരന്റെ പലിശക്രമത്തിൽ വയറിൽ തഴച്ച് വളർന്നു. തോന്ന്യാൻ വാ നിറയെ എന്തൊക്കെയോ പറയുന്നു. ജുനൈദ് നിസ്സഹായനായി കേട്ടിരിക്കുന്നു. അനുഭവിക്കുന്ന ശിക്ഷയുടെ കാഠിന്യം പുറത്തുകാട്ടാതെ കൃത്യമായ ഭാവപ്രകടങ്ങൾ കാഴ്ചവയ്ക്കാനുമുള്ള സൌമനസ്യവും ജുനു പ്രകടിപ്പിക്കുന്നുണ്ട്.

തോന്ന്യാന്റെ നാവ് വിശപ്പിൽ നിന്നുള്ള ഊർജ്ജം ശേഖരിച്ച് 100 കുതിരകളുടെ ശക്തിയിൽ പായുകയാണ്. വാക്കുകളേറ്റ് ജുനുവും വിശപ്പുകൊണ്ട് ഞാനും തളർന്നു. തോന്ന്യാസിയെ നിക്കാഹിനു ക്ഷണിക്കാൻ തോന്നിയ ദുർബ്ബല നിമിഷത്തെ പഴിച്ചുകൊണ്ട് ജുനു ദയനീയമായി എന്നെ നോക്കി. അവന്റെ കണ്ണുകളിലെ ദൈന്യത കാണാനാവാതെ ഞാൻ പുറത്തേയ്ക്ക് നോക്കിയിരുന്നു.

വണ്ടി വേഗത്തിൽ ഓടിക്കൊണ്ടിരുന്നു.

ശകടം നിക്കാഹ് നടക്കുന്ന എസ്.എസ് ബാഹ് ഓഡിറ്റോരിയത്തിൽ ചെന്നുനിന്ന് കിതച്ചു.

ആർത്തിയുടെ ഓളം തുളുമ്പുന്ന കണ്ണുകളോടെ, കുശിനിയുടെ ഓരം പറ്റി, അന്തരീക്ഷമാകെ പടർന്ന് നിൽക്കുന്ന ഹെവിയസ്റ്റ് കാർട്ടൂണിസ്റ്റായ സഞ്ജീവേട്ടനെ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴേ കാണാമായിരുന്നു. കാറ്റിന്റെ ഒഴുക്കിനെ തടഞ്ഞും കുശിനിയിൽ നിന്നും ഉയരുന്ന ബിരിയാണി മണം ഒറ്റയ്ക്ക് മൂക്കിലാക്കിയും നിൽക്കുകയാണ് കൂറ്റൻ. സഹതടിയൻ. തീറ്റക്കാര്യത്തിൽ എന്റെ പ്രതിയോഗി. കൂടെ യൂസഫ്പായുമുണ്ട്.

“സഹ തടിയാ.. ഇന്നത്തെ നിന്റെ മൊബൈൽ നമ്പർ എത്രയായിട്ട് വരും? “ കാർട്ടൂണിസ്റ്റ് വാക്കുകൾ കൊണ്ട് ഫലിതം വരച്ചു തുടങ്ങി.

കൂറ്റനെ പകയോടെ ആശ്ലേഷിച്ച് ചെവിയിൽ പത്തക്കം ചൊല്ലി കേൾപ്പിച്ചു. തൃപ്തിയായ കാർട്ടൂണിസ്റ്റ് ചൊല്ലിക്കേട്ട പത്തക്കത്തെയും തന്റെ മൊബൈലിനകത്ത് അടക്കിക്കൊണ്ട് ശാപ്പാട് വിശേഷങ്ങൾ ആരാഞ്ഞു.

രാവിലെ മുതൽ കരിംപഷ്ണിയാണെന്ന് കേട്ടപ്പോൾ ഹെവിയസ്റ്റ് ദയനീയനായി. പാവം മാനവൻ. വരേശ്വരൻ. ഇത്രസ്നേഹനിധിയായ ഈ മഹാരൂപത്തെയോ ഞാൻ പ്രതിയോഗിയായി കണ്ടത്. എനിയ്ക്കെന്നോട് പുച്ഛം തോന്നി. ഒരു തടിയനേ മറ്റൊരു തടിയന്റെ വിശപ്പറിയൂ എന്ന് ഓർക്കണമായിരുന്നു.

ദു:ഖം താങ്ങാനാവാതെ കാർട്ടൂണിസ്റ്റ് തന്റെ ശരീരത്തെ ഒരു തെങ്ങിലേയ്ക്ക് ചാരി വച്ചു. ഒരു കുല തേങ്ങയും രണ്ട് ചൂട്ടും ചാരൽ നിമിത്തം നിലം പറ്റി.

“സന്തോഷം സഞ്ജീവേട്ടാ... എന്റെ വിശപ്പിനെ ഓർത്ത് ചേട്ടൻ വ്യസനിച്ചല്ലോ.. എനിക്കീ സ്നേഹം മതി വിശപ്പടക്കാൻ...” ഈറനായ കണ്ണുകളോടെ ഞാൻ പറഞ്ഞു.

“പ്ഫാ..” എന്ന് കാർട്ടൂണിസ്റ്റ് ശബ്ദിച്ചതും യൂസഫ്പാ ‘എന്തോ’ എന്ന് വിളികേട്ടതും ഒരുമിച്ചായിരുന്നു.

ചാരിയ തെങ്ങിനെ വെറുതേ വിട്ട് കാർട്ടൂണിസ്റ്റ് തൻകാലിൽ ഭാരം അർപ്പിച്ചു. നിലം പറ്റിയ കുലയും ചൂട്ടും തിരികെ മടങ്ങാൻ കൂട്ടാക്കാതെ വീണിടം വിഷ്ണുലോകമാക്കി കിടന്നു.

‘വിളിച്ചതല്ല യൂസഫ്പാ.. ഞാനീ പോങ്ങനെ മുൻകാലപ്രാബല്യത്തോടെ ആട്ടിയതാണ്..” - കാർട്ടൂണിസ്റ്റ് എന്നോടായി തുടർന്നു...

” സ്നേഹമോ കാട്ടുമൃഗമേ! ആർക്ക്.. എനിയ്ക്ക് നിന്നോടോ? നിന്നിലെരിയുന്ന വിശപ്പല്ല എന്നെ വിഷാദിപ്പിച്ചത് , പ്രഭാതഭക്ഷണം പോലും വെടിഞ്ഞ് വന്നിരിക്കുന്നതിനു പിന്നിലുള്ള നിന്റെ ഗൂഢലക്ഷ്യമാണ് എന്നെ തകർത്തുകളഞ്ഞത്..“ പിന്നെ യൂസഫ്പായുടെ നേരേ തിരിഞ്ഞുപറഞ്ഞു - ‘വിശപ്പുള്ള പോങ്ങനെ സൂക്ഷിക്കണം. അവൻ രണ്ട് ചെമ്പ് ബിരിയാണി ഒറ്റ വീർപ്പിൽ തീർക്കും. ചെറായി മീറ്റ് ദുരന്തം മറന്നോ?.. മരിച്ചാമതിയെന്ന് തോന്നിപോവുന്നു..യൂസഫ്പാ..”

വിളിയായി യൂസഫ്പായെ തെറ്റിദ്ധരിപ്പിച്ച ആട്ട് എന്റെ ചെവിയിൽ പകയായി കിടന്ന് പുളഞ്ഞു. പ്രതിയോഗിയെ ആസകലം മസാലപുരട്ടി വെയിലത്തിട്ട് പൊരിച്ച് പാതിവേവോടെ ഭക്ഷിച്ച് പകയും വിശപ്പും ഒരുപോലെ പോക്കാൻ തോന്നി.

യൂസഫ്പായും ജുനുവും തോന്ന്യാനും ചേർന്നു നടത്തിയ നയപരമായ ഇടപെടലുകൾ സംഘർഷഭരിതമായ മുഹൂർത്തത്തിന് അറുതിവരുത്തി. ഇടതടവില്ലാതെ തുടക്കം മുതൽ ഒടുക്കം വരെയുള്ള പന്തിയിൽ ഇരുന്ന് ഇരുവർക്കും കൃത്യനിർവ്വഹണം നടത്താനുള്ള സൌകര്യം ചെയ്തുതരാമെന്ന് ജുനു വാക്ക് നൽകി. ആ ഉറപ്പ് ഞങ്ങൾക്കിടയിൽ സഹിഷ്ണുത വളർത്തി. സയാമീസ് ഇരട്ടകളെപ്പോലെ ചേർന്നുനിന്ന് ഞങ്ങൾ ‘ബിരിയാണി വധം’ ആട്ടക്കഥ ആടാനുള്ള തയ്യാറെടുപ്പുകൾ നടത്തി.

വയറ്റിൽ വിശപ്പ് കളി വിളക്ക് തെളിയിച്ചു.

ഭംഗിയായി നിക്കാഹ് കഴിഞ്ഞു.

ഞങ്ങൾ പന്തിയിലേയ്ക്ക് ഉരുണ്ടു പാഞ്ഞു. പന്തിയിൽ പാനിപ്പട്ട് യുദ്ധത്തിന്റെ പ്രതീതി. ആക്രോശം. കസേരകിട്ടിയവന്റെ മുഖത്ത് ശത്രുവിന്റെ ഗളച്ഛേദം നടത്തിയ ഹുങ്ക്. കിട്ടാത്തവന് ആയുധം നഷ്ടപ്പെട്ടവന്റെ നിസ്സഹായഭാവം. മുന്നിലിരിക്കുന്ന ബിരിയാണിയിൽ നിന്നും ഒരു കോഴുത്തുട ഉടവാൾ പോലെ അന്തരീക്ഷത്തിൽ ഉയർത്തി ആഞ്ഞു വീശി അകത്താക്കി ഒരു വീരയോദ്ധാവ്. വമ്പൻ. മറ്റൊരാൾ തന്റെ മുന്നിലിരിക്കുന്ന ബിരിയാണിയെ ഉരുളകളാക്കി വായിലേയ്ക്ക് എറിഞ്ഞു കയറ്റുന്നു. മാന്ത്രികൻ. യുദ്ധം കൊടുമ്പിരി കൊള്ളുന്നു. എങ്ങും ശത്രുക്കളെ ചവച്ചരയ്ക്കുന്ന ശബ്ദങ്ങൾ.

ഞങ്ങൾ നിരായുധരായി. നിസ്സഹായരായി. വാക്കുതന്ന ജുനുവിനെ യുദ്ധമുഖത്തെങ്ങും കണ്ടില്ല. യൂസഫ്പായെയും തോന്ന്യാനെയും കണ്ടില്ല. അവരൊക്കെ എവിടെ? ബിരിയാണിയിൽ നിന്നുമിറങ്ങി ഡാവിൽതടിതപ്പാൻ നോക്കുന്ന കോഴിക്കഷണമായി കരുതി ഏതെങ്കിലും യോദ്ധാവ് തോന്ന്യാനെ ഭക്ഷിച്ചിരിക്കുമോ? യൂസഫ്പാ ഞങ്ങളുടെ കണ്ണുവെട്ടിച്ച് പോരാളിയായി മാറി യുദ്ധം തുടങ്ങിയിരിക്കുമോ?

കളിവിളക്ക് കരിന്തിരി കത്തി തുടങ്ങി.

അനിശ്ചിതത്വത്തിന്റെ നെറുകയിൽ ദയനീയരായി കുന്തിച്ചിരിക്കുമ്പോൾ യൂസഫ്പായും തോന്ന്യാനും കയറിവന്നു. കുശിനിയിൽ ഇത്തിരി ഇടം കണ്ടെത്തിയിട്ടുണ്ട് വിദ്വാന്മാർ. പക്ഷേ നിന്നുകൊണ്ട് സർഗപ്രവർത്തനം കാഴ്ചവയ്ക്കണം. വയ്ക്കാം.

ദൃഢനിശ്ചയത്തോടെ ഞങ്ങൾ കുശിനിയിലേയ്ക്ക് മാർച്ച് ചെയ്തു. നാൽവർ സംഘത്തിന്റെ ഇടതുകൈകൾ തീൻമേശകളായി. പരസ്പരം നോക്കുകയോ സംസാരിക്കുകയോ ചെയ്യാതെ അർപ്പണബോധത്തോടെ ഞങ്ങൾ കൃത്യനിവ്വഹണത്തിൽ ഏർപ്പെട്ടു.

തീരുന്ന മുറയ്ക്ക് ബിരിയാണി വന്നുകൊണ്ടിരുന്നു. മുഴുത്തുകൊഴുത്ത ഇറച്ചിക്കഷണങ്ങളോടെ.

അല്പമൊരു ഉശിരുവന്നപ്പോൾ ഞാൻ കാർട്ടൂണിസ്റ്റിനെ നോക്കി. താളാത്മകമായി ഭുജിക്കുകയാണ് വേന്ദ്രൻ. കഷണങ്ങളുടെ സ്വാഭാവികരൂപത്തിന് കാര്യമായ പരിക്കുകൾ പറ്റിക്കാതിരിക്കാനെന്നവണ്ണമാണ് ഹിംസ. ചവയ്ക്കൽ എന്നുപറയാനാവില്ല, പല്ലുകൾ കൊണ്ടൊരു തലോടൽ. അതാണ് ശരി. പിന്നെ വിഴുങ്ങും. അപ്പോൾ മാത്രം കണ്ണുകൾ ചെറുതായൊന്ന് മിഴിയും. മറ്റ് കാര്യമായ ചലനങ്ങൾ ഒന്നും തന്നെയില്ല. ശബ്ദരഹിതവുമാണ് കൃത്യം.

സ്വഭാവത്തിലെ മാന്യത യൂസഫ്പായുടെ കഴിപ്പിലുമുണ്ട്. നിൽക്കുന്ന നിൽപ്പ് കണ്ടാൽ അകലെയെങ്ങു നിന്നോ ദേശീയഗാനത്തിന്റെ അലകൾ കാതികളിൽ ഒഴുകിയെത്തുന്നുണ്ടോ എന്ന് സംശയം തോന്നിപ്പോവും. അത്രമേൽ അറ്റൻഷൻ ആയിനിന്നാണ് വീരൻ കാര്യം സാധിയ്ക്കുന്നത്. ആർത്തിരഹിതവും അന്തസ്സൊത്തതുമാണ് കൃത്യം.

തോന്ന്യാൻ ‘തീന്മേശ‘ മുഖത്തിനൊപ്പം ഉയർത്തിയാണ് പിടിച്ചിരിയ്ക്കുന്നത്. ഒരുവേള കൈയ്യുടെ സഹായം കൂടാതെ തന്നെ വായയ്ക്ക് അതിന്റെ പണി വെടിപ്പായി ചെയ്യാം എന്ന് തോന്നിപ്പോവും. എങ്കിലും പേരിന് ആശാൻ കൈകളെ ആശ്രയിക്കുന്നുണ്ട്. കാണുന്നപോലെ ഒന്നുമല്ല പ്രവർത്തനം. ബിരിയാണിയോട് കാര്യമായ എന്തോ പൂർവ്വവൈരാഗ്യം ഉള്ളതുപോലെയാണ് പെരുമാറുന്നത്. ഇടയ്ക്ക് കണ്ണുകളടച്ച് മുഖം ആകാശത്തിന് അഭിമുഖമായി വച്ച് ചവയ്ക്കും. ‘ബിരിയാണീ..നിന്നെ മുച്ചോടെ മുടിയ്ക്കും‘ എന്ന ഭാവം മുഖത്ത് കറുത്ത് കിടക്കും ചിലപ്പോൾ.

സാമാന്യം തെറ്റില്ലാതെ വിയർത്തപ്പോഴാണ് നാൽവർ സംഘം അടങ്ങിയത്. മനസ്സില്ലായ്മയോടെ പ്ലേറ്റ് വേസ്റ്റ് ബോക്സിൽ ഉപേക്ഷിച്ചു.

കൈകഴുകി. സദ്യയ്ക്കു ശേഷം കുറ്റം പറയുക എന്ന കീഴ്വഴക്കം ലംഘിച്ചു.

കുറച്ചു സമയം വിശ്രമിച്ചു. പിന്നെ, വധൂവരന്മാർക്ക് ആശംസ അർപ്പിച്ചും കാർട്ടൂണിസ്റ്റ് ഇരുവരുടെയും ചിത്രം നിമിഷത്തിനുള്ളിൽ വരച്ച് അനുഗ്രഹിച്ചും യാത്ര പറഞ്ഞു.

യൂസഫ്പായെ അദ്ദേഹത്തിന്റെ വണ്ടിയുടെ അടുത്തും ഞങ്ങളെ എറണാകുളം ബസ് സ്റ്റാൻഡിലുമായാണ് കാർട്ടൂണിസ്റ്റ് ഉപേക്ഷിച്ചത്. എന്നെ വാഹനത്തിൽ കയറ്റിവിട്ടേ തോന്ന്യാനോട് പോകാവൂ എന്ന നിർദ്ദേശവും കാർട്ടൂണിസ്റ്റ് വച്ചു. സ്നേഹം കൊണ്ടല്ല. ഞാൻ അവിടെ കറങ്ങിത്തിരിഞ്ഞാൽ എറണാകുളം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാവും എന്നാണ് കൂറ്റന്റെ ചിന്ത. ദീർഘദർശി. ആമാശയസ്നേഹി. വരേശ്വരൻ.

Comments

Pongummoodan said…
“ആർത്തിയുടെ ഓളം തുളുമ്പുന്ന കണ്ണുകളോടെ, കുശിനിയുടെ ഓരം പറ്റി, അന്തരീക്ഷമാകെ പടർന്ന് നിൽക്കുന്ന ഹെവിയസ്റ്റ് കാർട്ടൂണിസ്റ്റായ സഞ്ജീവേട്ടനെ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോഴേ കാണാമായിരുന്നു. കാറ്റിന്റെ ഒഴുക്കിനെ തടഞ്ഞും കുശിനിയിൽ നിന്നും ഉയരുന്ന ബിരിയാണി മണം ഒറ്റയ്ക്ക് മൂക്കിലാക്കിയും നിൽക്കുകയാണ് കൂറ്റൻ. സഹതടിയൻ. തീറ്റക്കാര്യത്തിൽ എന്റെ പ്രതിയോഗി. കൂടെ യൂസഫ്പായുമുണ്ട്.“
--------------
ദീർഘകാലത്തിനുശേഷം ഒരു പോസ്റ്റ്. എന്നെ വായിച്ചിരുന്നവരെ 2012-ൽ സമാധാനത്തോടെ ജീവിയ്ക്കാൻ ഞാൻ അനുവദിയ്ക്കില്ല. ബ്ലോഗിൽ സജീവമാകാൻ തന്നെ തീരുമാനം :)
ഒരു വരദാനം പോലെ എഴുത്തിന്റെ മായാജാലത്തിൽ കൂടി ; നാളുകൾക്ക് ശേഷം ആർത്തിയുടെ മൂർത്തീഭാവങ്ങളെ കണ്ട് സായൂജ്യമടഞ്ഞൂ കേട്ടൊ പ്രഭോ
Anonymous said…
-കഷണങ്ങളുടെ സ്വാഭാവികരൂപത്തിന് കാര്യമായ പരിക്കുകൾ പറ്റിക്കാതിരിക്കാനെന്നവണ്ണമാണ് ഹിംസ. ചവയ്ക്കൽ എന്നുപറയാനാവില്ല, പല്ലുകൾ കൊണ്ടൊരു തലോടൽ. അതാണ് ശരി. പിന്നെ വിഴുങ്ങും. അപ്പോൾ മാത്രം കണ്ണുകൾ ചെറുതായൊന്ന് മിഴിയും. മറ്റ് കാര്യമായ ചലനങ്ങൾ ഒന്നും തന്നെയില്ല. ശബ്ദരഹിതവുമാണ് കൃത്യം- പെരുക്ക് :))
Anonymous said…
This comment has been removed by the author.
സജി said…
വായിച്ചു, ചിരിച്ചു, ബോധിച്ചു-
കൊതിപ്പിച്ചു-
അങ്ങിനെ പുതു വർഷം ധന്യമായി


തുടർച്ചയായി എഴുതാമെന്നു പഞ്ഞു ഇനി എഴുതിയില്ലെങ്കിൽ -കീർത്തിയിൽ വച്ചു ഒന്നു കാണേണ്ടി വരും!
"എന്നെ വാഹനത്തിൽ കയറ്റിവിട്ടേ തോന്ന്യാനോട് പോകാവൂ എന്ന നിർദ്ദേശവും കാർട്ടൂണിസ്റ്റ് വച്ചു. സ്നേഹം കൊണ്ടല്ല. ഞാൻ അവിടെ കറങ്ങിത്തിരിഞ്ഞാൽ എറണാകുളം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലാവും എന്നാണ് കൂറ്റന്റെ ചിന്ത. ദീർഘദർശി. ആമാശയസ്നേഹി. വരേശ്വരൻ."

ഹഹഹ. തകര്‍ത്തു.:))
Unknown said…
പൊങ്ങ്സ് ..തകര്‍ത്ത് ...ഇനീം പോരട്ടെ ..തുടരെ ..തുടരെ ..
shams said…
പോങ്ങൂ..
ചിരിപ്പിച്ചു. കുറച്ചുകാലമായി കാണാത്തതെന്തേ എന്ന് ഓര്‍ക്കുകയായിരുന്നു. സന്തോഷം വീണ്ടും കണ്ടതില്‍.
saju john said…
2012 - നല്ല കുട്ടിയായി എന്നു പറഞ്ഞത് ശരിയാണല്ലേ........

നടക്കട്ടെ...... പോങ്ങ്സ് ഒക്കെ ഒന്നു ആക്ടിവായാല്‍ മാത്രമേ നമ്മുക്കും ഒന്നു ആക്ടിവാകാന്‍ ഒരു ഗുമ്ം കിട്ടുകയുള്ളു.
Rajith said…
വായിച്ചു..നന്നായൊന്നു ചിരിച്ചു... ഓഫീസില്‍ നിന്നും ബോസ്സ് ഇറക്കി വിടുമോ എന്ന് ഒന്ന് പേടിക്കുകയും ചെയ്തു... 2012ഇല്‍ ഇങ്ങനത്തെ സമാധാനക്കേട്‌ ആണ് ഉണ്ടാക്കാന്‍ പോകുന്നതെങ്കില്‍ അത് സ്ഥിരമായി ഉണ്ടാവണം... :) തകര്‍ത്തു
സ്വഭാവത്തിലെ മാന്യത യൂസഫ്പായുടെ കഴിപ്പിലുമുണ്ട്. നിൽക്കുന്ന നിൽപ്പ് കണ്ടാൽ അകലെയെങ്ങു നിന്നോ ദേശീയഗാനത്തിന്റെ അലകൾ കാതികളിൽ ഒഴുകിയെത്തുന്നുണ്ടോ എന്ന് സംശയം തോന്നിപ്പോവും. അത്രമേൽ അറ്റൻഷൻ ആയിനിന്നാണ് വീരൻ കാര്യം സാധിയ്ക്കുന്നത്. ആർത്തിരഹിതവും അന്തസ്സൊത്തതുമാണ് കൃത്യം.

ഹഹഹ ഹരിയേട്ട ബിരിയാണി പുരാണം തകര്‍ത്തു,
എന്നാലും ചെറിയ കതിനാ കുറ്റി തോന്ന്യാസി നിങ്ങളുടെ ഒപ്പത്തിനൊപ്പം ബിരിയാണി തട്ടിയില്ലേ.

(ഉപമകള്‍ കൊണ്ട് ആറാട്ട് നടത്തിയ പോസ്റ്റ്‌)
എന്താന്നറീല്ല. ഈ പോസ്റ്റും കഴിഞ്ഞ പോസ്റ്റും, രണ്ടും വയറിന്റെ പ്രശ്നം തന്നെ വിഷയം. നന്നായി ആസ്വദിച്ചു. ബ്ലോഗില്‍ സജീവമാകാന്‍ തന്നെ തീരുമാനം എന്നത് ന്യൂ ഇയര്‍ റെസൊലൂഷന്‍ ആയി കാണുന്നു. വാക്കുപാലിക്കുന്നത് നന്ന്. ഇല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആക്റ്റീവാകേണ്ടിവരും. !! :-)
ഡാ ഓര്‍മ്മയുണ്ടോ നമ്മടെ ചെറായി :)
കാരണവന്‍മാര് പറേണ പോലെ പണ്ടത്തെപ്പോലെ ഇപ്പൊ കൂടലിന് ഒരു ഗുമ്മില്ല.
Thamanu said…
This comment has been removed by the author.
Raveesh said…
രസികൻ എഴുത്ത് !!
Thamanu said…
പോങ്ങൂൂൂൂൂൂൂ

ഒത്തിരി നാളുകൾക്കു ശേഷം ഉപമകളുടെ കളിയാട്ടം കൊതിപ്പിച്ചു ചിരിപ്പിച്ചു ....

ചിരിക്കാതെ വിട്ട ഒരു പാരഗ്രാഫ് പോലും ഇല്ല .. :)

തകർത്തു, തകർത്തു, തകർത്തു ..... :)
Cartoonist said…
This comment has been removed by the author.
തകർത്തു........... :))
ഭായി said…
ഹെന്റമ്മച്ചീ.....! നിങ്ങൾ പ്രഭാത ഭക്ഷണം മിസ്സായിട്ട്, ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രക്തഹാര കല്യാണത്തിനെങ്ങാനുമായിരുന്ന് പോയിരുന്നതെങ്കിൽ അവിടെ നിന്ന നാലഞ്ചാൾക്കാരെ പിടിച്ച് തിന്നുമായിരുന്നല്ലോ..!!! :)

രസിച്ചു വായിച്ചു. ചിരിപ്പിച്ചതിന് നന്ദി !
Cv Thankappan said…
ആട്ടക്കഥ പൊടിപൊടിച്ചു.
താളമേളങ്ങളും,അഭിനയചാതുര്യവും,
സംഗീതക്കൊഴുപ്പും,വിത്യസ്തചലന
ഭാവഭേദങ്ങളും അസ്സലായി!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
Unknown said…
ആജന്മശത്രുവായ ബിരിയാണിയെ മുച്ചൂടും മുടിച്ച് ബിരിയാണിച്ചെമ്പ് പൊളിച്ചടുക്കി കുളം കുത്തി പോങ്ങുമ്മൂടന്‍ ദിഗ്വിജയത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു.
കളി കേമായി.കേളികൊട്ടു മുതൽ അഷ്ടകലാശം വരെ ക്ഷ പിടിച്ചു.
jayanEvoor said…
തകർപ്പൻ!

ഇനി ഇടമുറിയാതെ പോസ്റ്റുകൾ പോരട്ടെ!

എന്നാലും എറണാകുളത്തു കിടക്കുന്ന എന്നെ ഓർത്തില്ലല്ലോ തീറ്റപ്പിശാചുകളേ!

(ഇനി തിരുവനന്തോരത്തു വന്നാൽ ഇതിനു പ്രതികാരമായി രണ്ടു ബിരിയാണി തിന്ന് എറണാകുളത്തെത്തി ഞാനും പോസ്റ്റിടും!)
G.MANU said…
ആദ്യം ഒരു ഷേക്ക് ഹാന്‍ഡ്... ബ്ലോഗിലേക്ക് ബിരിയാണിയുമായി വന്നതിന്... :)

ആ നിക്കാഹ് കൂടല്‍ പനിയും ചുമയും അപഹരിച്ചതിന്റെ സങ്കടം ഒരു രുചിയുള്ള ഇ-സദ്യ തന്ന്‍ പോങ്ങ്സ് മാറ്റിയിരിക്കുന്നു

കസറുമാഷേ...കസറ് .... ആശംസാസ്..
ആലപ്പുഴ എത്തിയപ്പോഴേയ്ക്കും വിശപ്പ് സ്വകാര്യബാങ്കുകാരന്റെ പലിശക്രമത്തിൽ വയറിൽ തഴച്ച് വളർന്നു...
ബിരിയാണി വധം ആട്ടിയ (ആട്ട) കഥ ഇഷ്ടായി.
ഇനിയും പോരട്ടെ !
ആശംസകള്‍ !
vettathan said…
"എന്നെ വായിച്ചിരുന്നവരെ 2012-ൽ സമാധാനത്തോടെ ജീവിയ്ക്കാൻ ഞാൻ അനുവദിയ്ക്കില്ല. ബ്ലോഗിൽ സജീവമാകാൻ തന്നെ തീരുമാനം "
ഞാനൊരു പുതിയ വായനക്കാരനാണ്.ഭീഷണി എന്താകുമെന്ന് നോക്കട്ടെ
Pradeep said…
എനിക്കും ഇഷ്ടായി...പിന്തുടരാന്‍ തീരുമാനിച്ചു....
Cartoonist said…
തോന്ന്യാസിക്ക് വേണ്ടത്ര പാരഗ്രാഫുകൾ നീക്കിവെച്ചില്ലേ എന്നു സംശ്ശ്യം ! ഇത്ര കുറവ് സമയംകൊണ്ട് തന്റെ ദേശത്തെ എത്ര മാക്സിമം ആളോളെപ്പറ്റി വിവരിക്കാം എന്ന വിചിത്ര ലിംകാബുക്ക് റെക്കോഡ് കുരുപ്പ് തെങ്ങിഞ്ചോട്ടിലും, ഹാളിലും, ബിരിയാണിക്കിടയിലും തകർത്തെറിഞ്ഞുകൊണ്ടേയിരുന്നു.തോന്ന്യാൻ വന്നിരുന്നതും വരൻ ഗ്രൂപ്പിലെ പെർ ക്യാപ്പിറ്റാ കോട്ടുവാകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടായത് വധുവിന്റെ മാതുലന്മാരിൽ അങ്കലാപ്പുണ്ടാക്കിയത് ഞാൻ കലക്കനായി ശ്രദ്ധിച്ചു..

ഭയങ്കരനാണെങ്കിൽ, ഞാൻ നേരിട്ടറിയുന്ന ഏക പെരിന്തൽമണ്ണക്കാരൻ കാർട്ടൂണീസ്റ്റ് ശങ്കരനാരായണനെപ്പറ്റി മാത്രം 'കമാ'ന്നു മിണ്ടാതെ ബാക്കി എല്ലാ പെരിന്തൽമണ്ണക്കാരെപ്പറ്റീം അറയുകയായിരുന്നു. പതിവു തെറ്റിക്കാതെ, രണ്ടു വീരസാഹസത്തിന് ഒരു കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന കണക്കിനായിരുന്നു പ്രഹരം.
അവർണ്ണനീയം എന്നേ പറയേണ്ടൂ !!!

പിന്നേയ്...
പോങ്ങ്സ് ചെരിയുന്നതിനു 5 മിനിറ്റുമുമ്പ് ഞാൻ വീരചരമം പ്രാപിച്ചിരുന്നു.
This comment has been removed by the author.
ഹമ്മേ ... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി....
സ്വഭാവത്തിലെ മാന്യത യൂസഫ്പായുടെ കഴിപ്പിലുമുണ്ട്. നിൽക്കുന്ന നിൽപ്പ് കണ്ടാൽ അകലെയെങ്ങു നിന്നോ ദേശീയഗാനത്തിന്റെ അലകൾ കാതികളിൽ ഒഴുകിയെത്തുന്നുണ്ടോ എന്ന് സംശയം തോന്നിപ്പോവും.


തകര്‍ത്തു അണ്ണാ... തകര്‍ത്തു...:-)
തിരുവില്വാമലയിലെ ചാത്തനെ ഓര്‍ത്തു പോയി
hareesh menon said…
നന്നായി ... നിനക്ക് വീണ്ടും ശുഷ്കാന്തി ഉണ്ടായതില്‍ ഒരുപാട് സന്തോഷം .. വീര്യം കലരാത്ത എഴുത്ത് വത്യസ്തമായി തോന്നി .. കൂടുതല്‍ വിവാഹത്തില്‍ പങ്കെടുക്കു ...!!!
Unknown said…
ഇന്നെന്തായാലും പാരഗണിൽകയറി ഒരു ചിക്കൻ ബിരിയാണി തിന്നിട്ടേ വിശ്രമമുള്ളൂ. പോങ്ങ്സേ രസായിറ്റ്ണ്ട്
Unknown said…
പോങ്ങ്സ്,അതുഗ്രന്‍!
ആശംസകള്‍!
Unknown said…
ബിരിയാണി കഥ ....കൊതിപ്പിച്ചു ......
ജുനൈദ് നമ്മളെ ഒന്നും വിളിച്ചില്ല ....ഹും
ഹരിച്ചേട്ടാ,ചേട്ടന്റെ പോസ്റ്റെല്ലാം കഴിഞ്ഞയാഴ്ച ഒറ്റയിരിപ്പിനാണു വായിച്ചതു.(എടക്ക് ഒന്നു രണ്ട് പ്രാവശ്യം മൂത്രമൊഴിക്കാൻ പോയത് ഒഴിവാക്കുന്നു).പുതിയ പോസ്റ്റ് ഒന്നും കണാഞ്ഞപ്പോൾ ഞാൻ കരുതി ചെട്ടനും കറവ സോറി പ്രതിഭ വറ്റിപ്പോയെന്നു :) എന്തായാലും പോസ്റ്റ് പതിവു പോലെ തകർപ്പൻ.
yousufpa said…
പൊങ്ങൂ....ആ വിളമ്പുകാരന്റെ സഹകരണം എന്തേ പറയാൻ വിട്ടൂ..? ചാലയിലെ കേത്തലിലെ രുചി പറഞ്ഞും നന്നായി കഴിക്കുന്നവനോടൂള്ള ആദരവും നാം പറഞ്ഞ് വിശപ്പിന്റെ അന്ത്യതാളം നാം ആഘോഷിച്ചതും...ഹ..ഹ..ഹ. അങ്ങിനേയും നാം ഒരു നാൾ കഴിച്ചു..ബിരിയാണി കഴിച്ചിട്ട് മധുരമൊന്നും നുണയാൻ കിട്ടാത്ത സ്ങ്കടം എനിയ്ക്കുണ്ടായിരുന്നു.ആ ഖേദം സജ്ജീവേട്ടന്റെ വീട്ടിൽ വന്നപ്പോൾ തീർന്നു. അദ്ദേഹത്തിന്റെ മകൻ സിദ്ധാർഥ് മധുരസ്വരത്തിൽ മുഹമ്മദ് റാഫിയുടെ ഒരു ഗാനം നുണയാൻ തന്നു. സന്തോഷായി....
yousufpa said…
മനൂ...കൈതച്ചേട്ടന്റെ മകളുടെ കല്യാണം തനിക്ക് കിട്ടിയില്ല.ഈ കല്യാണവും തനിക്ക് കിട്ടിയില്ല.തീറ്റ ഭാഗ്യം എന്നൊന്ന് തലയിൽ വരയ്ക്കണം..എന്തേയ്...?
പതിവ് പോലെ..പൊളിച്ചു..
yentha said…
hahaha ee title thanne kidu.... super mamma... - team Trivandrum
Pony Boy said…
ഒരുപാട് നാളുകൾക്ക് ശേഷം പോങ്ങുമൂടന്റെ ഒരു നല്ല പോസ്റ്റ്....പോങ്ങുമൂടനും വിശാലനും കുറുമാനും ഒക്കെ യോഗനിദ്രയിൽ നിന്നുണർന്ന് വീണ്ടും കാലഹരണപ്പെട്ടുപോയ ബ്ലോഗ് വസന്തം കൊണ്ട് വന്നാലേ ഇൻസ്പെയേഡായി എനിക്കൊക്കെ എന്തെങ്കിലും എഴുതാനൊരു ഗുമ്ം ഒക്കെ കിട്ടൂ...
Cartoonist said…
യൂസഫ്പാ,
സിദ്ധാർഥിന് കമെന്റ് കൺറ്റ് കണ്ണീരടക്കാനായില്ല.

ഹരീഷ്മേനൻ പറഞ്ഞപോലെ
'കൂടുതൽ കല്യാണത്തിൽ പങ്കെടുക്കാൻ' നോക്കൂ (ഹഹഹ )
Unknown said…
ബിരിയാണി വധം ഓരോ വാക്കിലും രസിപ്പിച്ചു. അസാധ്യം!
ബിരിയാണി കഴിച്ച് തളർന്നു . ഇനി വിശപ്പു മാറ്റാൻ ഇടക്കിടെ വല്ലതും തന്നോണ്ടിരിക്കേണ്ടി വരും ....
വയറുനിറച്ച് ബിരിയാണി കിട്ടിയാൽ പുതിയ പോസ്റ്റ് ഇടുമെന്ന് തീർച്ചയായി.
വളരെനാളുകൾക്ക് ശേഷം ബിരിയാണിവധ്ം ആട്ടക്കഥയുമായി രംഗം തകർത്തു.
This comment has been removed by the author.
നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ പോങ്ങൂസിന് സ്വാഗതം... ഇനി അങ്ങട് വച്ച് പെരുക്ക്വാ... പോണിക്കുട്ടൻ പറഞ്ഞ പോലെ വിശാൽജിയുടെയും കുറുമാന്റെയും ഒക്കെ ആ കാലം ഒന്നു കൂടി തിരിച്ചെത്തിയിരുന്നെങ്കിൽ...

ദു:ഖം താങ്ങാനാവാതെ കാർട്ടൂണിസ്റ്റ് തന്റെ ശരീരത്തെ ഒരു തെങ്ങിലേയ്ക്ക് ചാരി വച്ചു. ഒരു കുല തേങ്ങയും രണ്ട് ചൂട്ടും ചാരൽ നിമിത്തം നിലം പറ്റി.

എങ്ങനെ ചിരിക്കാതിരിക്കും...?
Pongummoodan said…
മുരളീമുകുന്ദേട്ടൻ മുതൽ വിനുവേട്ടൻ വരെയുള്ള-വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത-എല്ലാവരോടും സ്നേഹപൂർവ്വം നന്ദിയും സന്തോഷവും ഞാൻ അറിയിക്കുന്നു. തീർത്തും സ്വകാര്യമായ ഒരു അനുഭവം,അല്ലെങ്കിൽ അത്രയൊന്നും ഗൌരവം അർഹിക്കാത്ത ഒരു വിഷയം അത് ഇങ്ങനെ ഒരു പോസ്റ്റ് ആക്കി ഇടുന്നതിലെ ഔചിത്യക്കുറിവിനെ ഞാൻ ഭയപ്പെട്ടില്ല.കാരണം എനിയ്ക്ക് ഇവിടെ വരേണ്ടതുണ്ടായിരുന്നു. എനിയ്ക്ക് പഴയ പോങ്ങു ആവേണ്ടതുണ്ടായിരുന്നു. എനിക്കിപ്പോൾ മനസ്സമാധാനം തോന്നുന്നു. ഞാൻ എത്രമാത്രം ബ്ലോഗിൽനിന്നും എന്നെ വായിക്കുന്ന മിത്രങ്ങളിൽ നിന്നും അകന്നോ അത്രമാത്രം ഞാൻ എന്നിൽ നിന്നും അകന്നിരുന്നു. ഇവിടെ എന്തെങ്കിലും കുറിച്ചും പറഞ്ഞും പരിഭവിച്ചും പതം‌പറഞ്ഞും മാത്രമേ എനിയ്ക്ക് ജീവിക്കാനാവൂ എന്ന് തോന്നുന്നു. നിങ്ങളെയൊക്കെ അധികം മുഷിപ്പിക്കാതെ എനിക്ക് എഴുതാനാവണേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. നന്ദി. ഉമ്മ. ശുഭരാത്രി.
Unknown said…
തകര്‍ത്തു പൊടി പാറിച്ചു ...!!!
“പ്ഫാ..” എന്ന് കാർട്ടൂണിസ്റ്റ് ശബ്ദിച്ചതും യൂസഫ്പാ ‘എന്തോ’ എന്ന് വിളികേട്ടതും ഒരുമിച്ചായിരുന്നു.

ha ha ha :)
Pongummoodan said…
സജ്ജീവേട്ടൻ: “ഭയങ്കരനാണെങ്കിൽ, ഞാൻ നേരിട്ടറിയുന്ന ഏക പെരിന്തൽമണ്ണക്കാരൻ കാർട്ടൂണീസ്റ്റ് ശങ്കരനാരായണനെപ്പറ്റി മാത്രം 'കമാ'ന്നു മിണ്ടാതെ ബാക്കി എല്ലാ പെരിന്തൽമണ്ണക്കാരെപ്പറ്റീം അറയുകയായിരുന്നു. പതിവു തെറ്റിക്കാതെ, രണ്ടു വീരസാഹസത്തിന് ഒരു കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന കണക്കിനായിരുന്നു പ്രഹരം.
അവർണ്ണനീയം എന്നേ പറയേണ്ടൂ !!!

പിന്നേയ്...
പോങ്ങ്സ് ചെരിയുന്നതിനു 5 മിനിറ്റുമുമ്പ് ഞാൻ വീരചരമം പ്രാപിച്ചിരുന്നു.“
---------------

സജ്ജീവേട്ടാ,

അതിനും എത്രയേ മുൻപേ ഞാൻ ചെരിഞ്ഞിരുന്നു! ചൂടാറാത്ത എന്റെ ആത്മാവിനെയാണ് ചേട്ടനവിടെ കണ്ടത്. രാത്രി ഒന്നരമണിയ്ക്ക് തിരുവല്ലയിൽ വണ്ടിയിറങ്ങുമ്പോൾ ‘ഇരുട്ടിനെ അനുകരിച്ച്’ നിൽക്കുന്നു നമ്മുടെ തോന്ന്യാസി!! എന്റെ കൃഷ്ണമണി ഇരുളിൽ നിന്നും അവനെ വേർതിരിച്ചെടുത്തതും വന്നവണ്ടിയ്ക്ക് ശരീരം സമർപ്പിക്കാനായി ഞാൻ നടുറോഡിലേയ്ക്ക് വീഴുകയാണുണ്ടായത്. ‘തർക്കൊല‘യ്ക്കുള്ള എന്റെ ശ്രമത്തെ കണ്ടില്ലെന്നു നടിച്ച് വണ്ടി ഏതാനും വാരവരെ മുന്നോട്ട് പോയിരുന്നു. ഉരുണ്ടുപിരണ്ട് ഒരുവിധം എഴുന്നേൽക്കുമ്പോൾ ഞാൻ കണ്ടത് ബാക്ക് പൌച്ചിൽനിന്നും പുറത്തെടുത്ത അരംകൊണ്ട് നാവ് രാകി മിനുക്കുന്ന തോന്ന്യാനെയാണ്. പാതിജീവൻ ആ കാഴ്ചകൊണ്ടുപോയി.

റൂമിൽ എത്തിയപ്പോഴേയ്ക്കും സർവ്വശക്ത‘നാവനായ‘ തോന്ന്യാൻ വിശ്വരൂപം പുറത്തെടുത്തിരുന്നു. ആയിരം തിരമാലകളുടെ ഊക്കോടെ വാക്കുകൾ എന്റെ ചെവികളിലൂടെ കയറി തലച്ചോറിനെ കലക്കി. ഒരിറ്റു വെള്ളം പോലും തരാതെ ദ്രോഹി എന്നെ അലക്കിക്കൊണ്ടിരുന്നു. പ്രാണവായുവിനുപോലും ഇടം നൽകാതെ കൂറുത്തുമൂർത്ത വാക്കുകൾകൊണ്ട് തോന്ന്യാൻ മുറിനിറച്ചു. വാക്കുകളുടെ പ്ലാസന്റയിൽ ഒരു ചാപിള്ളയായി ഞാൻ കിടന്നു. അവസാനതുള്ളി ബോധവും എന്നിൽ നിന്ന് ചോർന്നുപോവുമ്പോൾ അല്ലെങ്കിൽ മരണപ്പെടുന്നതിന് തൊട്ടുമുൻപ് ഞാൻ കേട്ടത് പെരുന്തൽമണ്ണയിൽ ആദ്യമായി വസൂരിവന്ന് മരിച്ച പൊറിഞ്ചുക്കുട്ടിമൂത്താരുടെ ബാല്യകാലചരിതമായിരുന്നു. ചുരുക്കിയാൽ തോന്ന്യാസി ചരിത്രം പൂർത്തിയാക്കും മുൻപേ ഞാൻ ചരിത്രമായി.

സത്യത്തിൽ സജീവേട്ടൻ ചെരിഞ്ഞതിനുശേഷം അഞ്ചുമിനിറ്റ് കഴിഞ്ഞ് ചെരിഞ്ഞത് എന്റെ ആത്മാവായിരുന്നു. ആത്മാവിനു മരണമില്ലെന്നതു വെറുതേ.. തോന്ന്യാനു മുന്നിൽ ആത്മാവും മരണപ്പെട്ടുപോവും! :)
ഭഗവാനേ.. ചിരി നിർത്താൻ പറ്റ്ന്ന് ല്ലാ‍ാ...
ബാക്ക് പൌച്ചിൽനിന്നും പുറത്തെടുത്ത അരംകൊണ്ട് നാവ് രാകി മിനുക്കുന്ന തോന്ന്യാനെയാണ്. പാതിജീവൻ ആ കാഴ്ചകൊണ്ടുപോയി. ..

സത്യത്തിൽ സജീവേട്ടൻ ചെരിഞ്ഞതിനുശേഷം അഞ്ചുമിനിറ്റ് കഴിഞ്ഞ് ചെരിഞ്ഞത് എന്റെ ആത്മാവായിരുന്നു. ആത്മാവിനു മരണമില്ലെന്നതു വെറുതേ.. തോന്ന്യാനു മുന്നിൽ ആത്മാവും മരണപ്പെട്ടുപോവും! :)

ഹഹ കലക്കി... പോസ്റ്റിനെക്കാൾ തിളങുന്നു പോങുവിന്റെ ഈ കമ്മന്റ് ....
Junaiths said…
മച്ചുനാ നാല്‍വര്‍ സംഘത്തിന്റെ മുന്നില്‍ ബിരിയാണി പിന്നെയും പിന്നെയും വീരചരമം പ്രാപിച്ച വിവരങ്ങള്‍ ഇന്നലത്തെ തപാലിലാണ് ഞാന്‍ അറിഞ്ഞത്...
എന്നാലും ഈ ജനുവരി എട്ടിന് എന്തോ കുഴപ്പമുണ്ട്....ഒരുവിധപ്പെട്ട ബ്ളോഗ൪മാ൪ക്കെല്ലാം പനി പിടിച്ച ദിവസം...

രാകിമിനുക്കിയ 'നാവനെ' കുറച്ചു നേരത്തേക്ക് മാത്രമേ നോമിന്റെ പക്കല്‍ കിട്ടിയുള്ളൂ...പാവം പൊങ്ങു..ഒരു പകുതി രാത്രിയും ഒരു മുഴു പകലും മരിച്ചു കൊണ്ടേയിരുന്നു....തോന്ന്യാ ഇത്രയും വേണ്ടായിരുന്നു....
കടു വറുത്തു പൊങ്ങൂ :) കീപ്പ് ഇറ്റ് അപ്പ്. തോന്ന്യാന്റെ തീറ്റ കോട്ടയം ഭാഗത്തൊക്കെ പ്രസിദ്ധമാണ്. പാവത്താൻ മാഷിന്റെ കുടുംബം ഒരാഴ്ചയോളമാണ് പട്ടിണിയിലായിപ്പോയത്.

ആട്ടക്കഥയ്ക്ക് പങ്കെടുക്കേണ്ടതായിരുന്നു. അവസാന നിമിഷം നട്ടെല്ലിന് പരുക്ക്. നട്ടെല്ലില്ലാതെ എന്തോന്ന് ആട്ടം, എന്തോന്ന് ആട്ടക്കഥ. അതുകൊണ്ട് നാലഞ്ച് ബിരിയാണി രക്ഷപ്പെട്ടു.
yousufpa said…
സജ്ജീവേട്ടൻ പറഞ്ഞു സിദ്ധാർഥിനോട് നീ അച്ചിങ്ങാ മെഴുക്കുപുരട്ടിയും വെള്ളച്ചോറും ഉരുട്ടി വിഴുങ്ങിക്കൊ, അച്ഛൻ പോയി ഒന്ന് കസർത്ത് വരാം എന്ന്.(ഇപ്പോഴത്തെ അവന്റെ മനസ്സ് നമുക്ക് ഊഹിക്കാവുന്നതേയുള്ളു)അങ്ങിനെ ഞങ്ങളിറങ്ങി...പോണ വഴിയിലെ ഹമ്പും കുഴിയും ഒന്നും ഒഴിവാക്കുന്നില്ല.എന്താ സജ്ജീവേട്ടാ നിയന്ത്രണമില്ലാതെ..അതേയ് യൂസുഫ്പ വയറ്റിലുള്ളതെല്ലാം ഒന്നു ദഹിച്ച് പരുവമായിക്കോട്ടെ.പിന്നെ ഒരു കാര്യം, കുറെ കാലായി മുസ്ലീം കല്യാണത്തിന് കൂടിയിട്ട് ഒരു കാരണവശാലും എന്നെ നിയന്ത്രിക്കരുത് കേട്ടോ.. ഒരു വലിയ മുന്നറിയിപ്പ് തന്നിട്ട് ഒരു വലിയ ഹമ്പിൽ കയറ്റി ഒരു ചാടിക്കൽ.. പനങ്ങാട് എസ് എസ് സഭാഹാളിൽ എത്തിയപ്പോഴേ സജ്ജീവേട്ടൻ ചോദിച്ചു യൂസുഫ്പാ പണി പാളുമോ.ചേർത്തല ബസ്സിലെ തിരക്ക് പോലെ ഹാള് നിറഞ്ഞ് പുറത്തേക്ക് കവിഞ്ഞിരിക്കുന്നു. അങ്ങിനെ ഞങ്ങൾ എസ് എൻ ഡി പിയുടെ ഓഫീസിനെ ചാരിയിരുന്നു.അപ്പോഴേക്കും വരനും കൂട്ടരും വന്നു.ഒരു സ്കോർപ്പിയൊ ദാണ്ടെ ചീറിപ്പാൺജ് ഞൺഗളുടെ മുന്നിലേക്ക്. അത് വന്നു നിന്നതും ദാ കെറ്റക്കുന്നു ജുനൈത് ഒരു വാര അകലെ.. വിശപ്പിന്റെ ഉൾവിളി പൊങ്ങുവിനെ ഭരിച്ചതാണത്രെ..അപ്പോഴേക്കും തോന്ന്യാസി മറു ഡോറിലൂടെ രക്ഷിക്കണേന്ന് പറഞ്ഞു ഓടിവന്നു.ചെറുക്കൻ വീട്ടിലെ പടയും പെൺ‌വീട്ടിലെ പടയും ചേർന്ന് ഒരിഞ്ച് സ്ഥലമില്ല.പൊങ്ങുവും സജ്ജീവേട്ടനും ചേർന്ന വലിയ പത്തും ഞാനും തൊന്ന്യാസിയും ചേർന്ന ചെറിയപത്തും അങ്ങിനെ 1010 ഉള്ളിലോട്ട് വലിഞ്ഞ് കയറി നിരങ്ങി നീങ്ങി മുന്നിലെത്തി. അപ്പോഴേക്കും നിക്കാഹ് കഴിഞ്ഞു. ശാപ്പാടിനുള്ള യുദ്ധം തുടങ്ങി.ഒന്നും രണ്ടും മൂന്നും അഒഗങ്ങൾ കഴിഞ്ഞു.ഒരു രക്ഷയുമില്ല, വരത്തന്മാരായ പടയാളികൾ നില്ല്.ഈ യുദ്ധം ഞങ്ങൾ തന്നെ തീർത്തോളാം എന്നാണ് പദ്ധതിയെങ്കിൽ അതിനിമ്മിണി പുളിക്കും..അപ്ന്തിയിലെ പന്തല് പൊളിച്ചോരാ ഞങ്ങള് മ്മളട്ത്ത് വേണ്ട ഗഡ്യ്യോളെ..അപ്പോഴേക്കും സജ്ജീവേട്ടൻ കണ്ട്രോള് വിട്ടിട്ടുണ്ടായിരുന്നു.അങ്ങനെ വിട്ടാൽ പറ്റില്ലാല്ലൊ..ഞാൻ സജ്ജീവേട്ടനെ പൊങ്ങുവിന്റെ മേലെ ചാരിവെച്ച് തോന്ന്യാസിയേം പിടിച്ചോണ്ട് കുശിനിയിലേക്കോടി.എന്റെ ആക്രാന്തം കണ്ട് കുശിനിക്കാരൻ ചോദിച്ചു.എന്തോ വേണം.? ഞങ്ങൾ വരത്തരായ പടയാളികളാണ്.അംങ്കം വെട്ടാൻ ഇടം വേണം, ആയുധങ്ങളായി കോഴിക്കാലുകളും .. നിങ്ങളൊ..? ഞങ്ങളെ കോലം കണ്ടാകണം(രണ്ടും ഒരു സോമാലിയൻ ലുക്കല്ലേ)..ദാണ്ടെ അവരും കൂടെയുണ്ട്.ഞാൻ പെരിയ കുളാണ്ടർമാർക്ക് നേരെ കൈ ചൂണ്ടി..കുശിനിക്കാനന്റെ കണ്ണു തള്ളി.ഇത്ര വലിയ സൈസോ.. ഇവിടെ വന്ന നൂറുകണക്കിനാളുകൾക്ക് പകരം ഒരു വലിയ ഒന്നും ഒരു വലിയ പൂജ്യവും..ഇവർ സോമാലിയക്കാരല്ല അമേരിക്കക്കാരാ..പിന്നെ ധൃതിയിൽ കുശിനിക്കാരൻ ബുഫെ ഒരുക്കി ത്തന്നു. സജ്ജീവേട്ടനും പൊങ്ങുവും നടു നിവർന്നു. തീറ്റക്കിടയിൽ തോന്ന്യാസിയെ കാണാനില്ല.പൊങ്ങു ഒന്നു നൊക്കി സടകുടഞ്ഞൊന്നു മരണ്ടു ങ്‌റോ...പിന്നെ ഒരോട്ടം..ദാ വരുന്നു.പൂച്ച എലിയെ പിടിച്ച കണക്കെ ബിരിയാണി ചെമ്പിൽ നിന്നും തൂക്കിയെടുത്തായിരുന്നു അത്.ഞാനൊന്നറിഞ്ഞീലെ രാമനാരായണ എന്ന മട്ടിൽ സജ്ജീവേട്ടൻ യുദ്ധത്തിന്റെ കൊടുമ്പിരിയിലായിരുന്നു.
Manoraj said…
ഈ ആട്ടക്കഥയില്‍ പൊങ്സിന് ശക്തമായ വെല്ലുവിളിയാകണമെന്ന് നിശ്ചയിച്ചുറപ്പിച്ചിരുന്നതാണ്. പക്ഷെ, പൊങ്സേ , ഭാഗ്യമില്ലാത്ത കഴിപ്പുകാരാ.. വെറും വരേശ്വരനോട് മാത്രം മത്സരിച്ച് ജയിച്ചതില്‍ ഊറ്റം കൊള്ളൂന്ന തീറ്റ റപ്പായി... ചുണയുണ്ടേല്‍ കുറേ ബിരിയാണിയും വാങ്ങി എറണാകുളത്തേക്ക് വാ... :):)

സത്യത്തില്‍ കല്യാണം കൂടാന്‍ കഴിയാതിരുന്നതിനേക്കാള്‍ വിഷമമായി പൊങ്സ് അവിടെ ലാന്‍ഡ് ചെയ്തെന്ന വാര്‍ത്ത കേട്ടപ്പോള്‍. നമ്മുടെ കെ.എസ്.ആര്‍.ടി.സി ബസ്സ് കൃത്യസമയത്ത് യാത്രക്കാരെയും കയറ്റി ഓടിയെന്നും, തീവണ്ടി സമയം പാലിച്ചു എന്നും കാലാവസ്ഥാ പ്രവചകര്‍ പറഞ്ഞത് പോലെ കൃത്യമായി മഴപെയ്തു എന്നും ഇന്ന് നിശ്ചയമായും പോസ്റ്റിട്ടിരിക്കും എന്ന് പറഞ്ഞ നന്ദപര്‍‌വ്വര് ബ്ലോഗില്‍ കൃത്യമായി പോസ്റ്റ് ഇട്ടെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഞെട്ടലായിരുന്നു പൊങ്സ് കല്യാണത്തിന് വന്നു എന്ന് കേട്ടപ്പോള്‍.

പുതുവര്‍ഷം കസറട്ടേ.. പൊങ്സ് ആവട്ടെ ഈ വര്‍ഷം ഏറ്റവും അധികം പോസ്റ്റ് എഴുതുന്ന ബ്ലോഗര്‍.. ആശംസകള്‍
കുറെ നാളിന് ശേഷം വന്ന സംഭവം ശരിക്കും ബിരിയാണി തന്നെ.
Akbar said…
ശുദ്ധഹാസ്യം കൊണ്ട് അതി മനോഹരമാക്കിയ പോസ്റ്റ്. ഓരോ വരിയിലും ഒളിഞ്ഞിരിക്കുന്ന നര്‍മ്മം ശരിക്കും ആസ്വദിച്ചു വായിച്ചു.

അപ്പൊ 2012 ല്‍ കാര്യമായി ഉപദ്രവിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലേ. :)

very nice presentation.
Sabu Kottotty said…
ഞാനൊന്നും പറയുന്നില്ല. തോന്ന്യനും പോങ്ങൂം യൂസ്‌പായും ഹെവിവെയിറ്റുമല്ലേ ഒരുമിച്ചത്! പിന്നെ കഥ പറയാനുണ്ടാവില്ലല്ലോ!!!!
പാവം ജുനൈത്..
Pongummoodan said…
വായിക്കാനും അഭിപ്രായം അറിയിക്കാനുമുള്ള ക്ഷമയും മനസ്സും കാണിച്ച എല്ലാവർക്കും നന്ദി.

അല്പത്തരത്തിന്റെ ‘ഹോൾസെയിൽ വ്യാപാരി’ ആയതുകൊണ്ട് യാതൊരുവിധ ഉളുപ്പിമില്ലാതെ പറയട്ടെ, “ബിരിയാണി വധം’ ആട്ടക്കഥ എന്ന പുതിയ ബ്ലോഗ് പോസ്റ്റ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന എന്ന പംക്തിയിൽ വന്നിരിക്കുന്നു! :)
yemceepee said…
ഈ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ ബ്ലോഗനയിലൂടെയാണ് ഇവിടെ എത്തിയത്.
ബിരിയാണി വധം നന്നായി ആസ്വദിച്ചു.
നന്നായി ഒന്ന് മനസ് തുറന്നു ചിരിക്കാന്‍ എല്ലാ പോസ്റ്റിലൂടെയും ഒന്ന് കറങ്ങട്ടെ.(ഒരു പുതുമുഖം ആണേ.)
THIRANOTTAM !! said…
This comment has been removed by the author.
anoop said…
കലക്കി പൊങ്ങു. കല്യാണത്തിന് ഞാനും ഉണ്ടായിരുന്നു . ജുനൈദ് ചേട്ടന്‍ പരിചയപ്പെടുത്തി തരാം എന്ന് പറഞ്ഞതാ. പക്ഷെ എന്തോ ഒരു ദൈര്യക്കുറവു വന്നു. പരിചയപ്പെടതിരുന്നത് വലിയ നഷ്ട്ടമായിപ്പോയി. പക്ഷെ ഇനിയൊരു അവസരം കിട്ടിയാല്‍ എനിക്ക് കുറച്ചു പരിക്ക് പറ്റിയാലും കുഴപ്പമില്ല ഞാന്‍ വന്നു മുട്ടിയിരിക്കും ഇത് സത്യം. ഏതായാലും ബ്ലോഗില്‍ വീണ്ടും സജീവമായത്തില്‍ സന്തോഷമുണ്ട്
Cartoonist said…
ഹെന്ത് ?! എങ്കിൽ, പോങ്ങ്സ്, ഈ മൂച്ചിൽ എന്റെ ഈ http://ooneswarampo.blogspot.com/2007/09/ad2007.html#links പന്തിഭോജനലഹളയും ബ്ലോഗന കാണാതിരിക്കുമോ ?
എന്റെ കഥ കഴിയുമോ ?
Neema said…
<<>>

തകര്‍ത്തു മാഷേ, ഒന്നിന് നാല് ബിരിയാണി തിന്ന ആര്‍മാദം.. :-))))
Fyzie Rahim said…
പോങ്ങുമ്മൂടാ... നര്‍മ്മം തന്നെ നര്‍മ്മം... അനിമേഷ്‌ ഭായീടെ പോസ്ടീന്നു വഴി തെറ്റി എത്തിയതാണ്.... എത്തിയപ്പോ തോന്നി വഴി തെറ്റീട്ടില്ലാന്നു... എത്തേണ്ടയിടത്തു തന്നെ എത്തി.... ഒരു കൊച്ചു കുടില്‍ നോമിനും ഉണ്ട്... ആ കുടിലൊരു കൊട്ടാരമാക്കാന്‍ പോങ്ങുമ്മൂടന്റെ പ്രചോദനം ധാരാളം....
--- said…
നിങ്ങടെയൊക്കെ ബ്ലോഗുകള്‍ കണ്ടിട്ടാണ് ബ്ലോഗറില്‍ നോമൊരു അക്കൌന്റ് തുടങ്ങിയത്. തുടങ്ങീട്ടു വന്നപ്പോ പോങ്ങുമ്മൂടന്റെ തറയുമില്ല, ഒരു പ...പ...പ....പോസ്റ്റും ഇല്ല. (സംസാരിയ്ക്കുമ്പോ വിക്കിന്റെ അസ്ക്കിതയുണ്ടേ,അതാ...) ഏതായാലും ഇനി ഇവിടുണ്ടല്ലോ...സന്തോഷം........
വിശക്കുമ്പോ മാത്രം പോസ്റ്റ്‌ വരുന്ന പോങ്ങേട്ടന് എപ്പോളും എപ്പോളും വിശക്കട്ടെ എന്നാശംസിക്കുന്നു. . .
വായിച്ചു കഴിഞ്ഞതോടെ ബിരിയാണി തിന്നേ മതിയാകൂ എന്നായി. അടുക്കളയില്‍ എന്തുണ്ടെന്ന് നോക്കട്ടെ
Rajalakshmi said…
Haree.. Ee aatakadha kanda pratheethi..Very nice@@
ഇടതുകൈകള്‍ തീന്മേശകളാക്കി....ദേശീയഗാനത്തിന്റെ അലകളേറ്റ് അറ്റന്‍ഷനായി..അങ്ങനെ അങ്ങനെ..ചിരിച്ച് ചിരിച്ച് ..ഇനി എന്തെങ്കിലും ടെന്‍ഷനുണ്ടെങ്കില്‍ പോങ്ങൂന്റെ ബ്ലോഗേ ശരണം.അസൂയയ്ക്ക് മരുന്നുണ്ടോ?..
free ads kerala said…
ദിങ്ങ്ട് പോരട്ടെ മച്ചൂ ....

find kerala matrimony
ഹോ!!!തമാശയുടെ കൂത്തരങ്ങാണല്ലോ ചേട്ടാ.വായിച്ച്‌ വട്ടായി.അസൂയ അസൂയ!!!!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ