പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!
പ്രഭാതം സ്വയംപര്യാപ്തത നേടും മുൻപേ തന്നെ വിശപ്പെന്നെ വിളിച്ചുണർത്തി. പരിഭവമില്ല. അതു പതിവുള്ളതാണ്. അല്പം പോലും കലോറി അനാവശ്യമായി പാഴാവരുതെന്ന നിശ്ചയത്താൽ മിതമായ ശരീരചലനങ്ങളോടെ പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു. സശ്രദ്ധം ശരീരത്തെ സിറ്റ് ഔട്ടിലെ ചൂരൽക്കസേരയിൽ ചാരിവച്ചു. അപ്പോൾ, രാത്രി പ്രഭാതത്തിന്റെ ഉടലിൽനിന്നും ആലസ്യത്തോടെ വിടപറയുന്നതേ ഉണ്ടായിരുന്നുള്ളു. പത്രക്കാരൻ നീട്ടിയെറിഞ്ഞ പ്രഭാതപത്രം മുറ്റത്തേയ്ക്ക് നെഞ്ചും തല്ലി വീണു. മൈൻഡ് ചെയ്തില്ല. സ്വജനപക്ഷപാതവും അസത്യവും സ്വാർത്ഥതയും സമം ചേർത്താണ് അച്ചടിമഷി ഉണ്ടാക്കുന്നതെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി കഴിഞ്ഞിരിയ്ക്കുന്നു. പത്രത്തിലെ വർത്തമാനങ്ങൾക്ക് കണ്ണുകൊടുക്കേണ്ടതില്ല. എന്റെ പ്രശ്നം വിശപ്പാണ്. വിശപ്പുമാത്രമാണ്. മൂക്ക് അനുവാദം ചോദിയ്ക്കാതെ അടുക്കളയിലേയ്ക്ക് പോയി വന്ന് വയറിന് എന്തൊക്കെയോ സന്ദേശങ്ങൾ നൽകി. വിശപ്പ് ആമാശയത്തെ തോണ്ടിവിളിയ്ക്കുന്നു. പല്ലുകൾ വായുവിനെ അല്പാല്പമായി ചവച്ച് ഉമിനീരുമായി കലർത്താൻ വൃഥാപാടുപെടുന്നു. 8.30നു പ്രാതൽ തരപ്പെട്ടു. കാസറോളിൽ ആവിപറക്കുന്ന തൂവെള്ള ഇഡ്ഡലികൾ മോക്ഷപ്രാപ്തി കാത്തുകിടക്കുന്നു. സ്ഫടിക പാത്രത്തിൽ ഒന്നാ