ബ്ലോഗാറ്റിന്‍കര - ഒന്നാം ഭാഗം
പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍ ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി. സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ ‘ബ്ലോഗാറ്റിന്‍കര- 2.കി.മീ’ എന്നെഴുതിയിരിക്കുന്നു!!!. തന്റെ നാടായ പടിഞ്ഞാറ്റിന്‍കര. അതിന്ന് ‘ബ്ലോഗാറ്റിന്‍കര’യായിരിക്കുന്നു. വെറും മൂന്ന് മാസങ്ങള്‍ കൊണ്ട് വന്ന മാറ്റം. അത്ഭുതകരമായ മാറ്റം. - അയാള്‍ ചിന്തിച്ചു. സിഗരറ്റിന്റെയും ചായയുടെയും കാശുകൊടുക്കുമ്പോള്‍ അയാള്‍ കടക്കാരനോട് ‘ബ്ലോഗാറ്റിന്‍കര’യ്ക്ക് ഉടനെ ബസ്സുണ്ടാവുമോയെന്ന് ചോദിച്ചു. ‘ ഒരു മണിക്കൂറുകഴിഞ്ഞാ വണ്ടിയൊണ്ട്. ആഞ്ഞു നടന്നാ അര മണിക്കൂറുവേണ്ടല്ലോ അവിടെയെത്താന്‍. ‘ - ബാക്കി