നേടുന്ന കോടിയിൽ, കോടുന്ന ബന്ധങ്ങൾ !

സത്യമേവ ജയതേ.
പറയുന്നതെല്ലാം സത്യമാവണം, ഇല്ലെങ്കിൽ നരകത്തിലാവും ഭഗവതി നമ്മെ കൊണ്ടുപോവുക എന്ന ‘കള്ളം’ എന്നോടാദ്യം പറഞ്ഞുതന്നത് എന്റെ മുത്തശ്ശിയാണ് ! സത്യം പറഞ്ഞില്ലേൽ നിന്റെ കണ്ണ് പൊട്ടിപ്പോവുമെന്ന ‘കള്ളം‘ എന്നോടാദ്യം പറഞ്ഞതോ എന്റെ കളരിയാശാനായ നാണുവാശാനും !!
സത്യം എന്ന സദ്ഗുണം എന്നിൽ നിറയ്ക്കാൻ ‘നരകത്തിൽ പോവുമെന്നും കണ്ണുപൊട്ടിപ്പോവുമെന്നു‘മൊക്കെ കള്ളം പറഞ്ഞ മുത്തശ്ശിയും നാണുവാശാനും. അതെ. ചിലപ്പോൾ ‘സത്യ‘ത്തെ രക്ഷിക്കാനായെങ്കിലും കുഞ്ഞുകുഞ്ഞുകള്ളങ്ങളെ കൂട്ടുപിടിയ്ക്കേണ്ടി വന്നേക്കാം. സാധ്യത മാത്രമാണ്.
എന്തായാലും ഇതുവരെ പലസന്ദർഭങ്ങളിലും ചെറിതും വലുതുമായ കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്. എന്റെ കണ്ണുപൊട്ടിയിട്ടില്ല. ഇനി നരകത്തിൽ പോവുമോയെന്ന കാര്യം ഇപ്പോൾ പറയാനുമാവില്ല. മുത്തശ്ശി, കളരിയാശാൻ എന്നിവരെ ഒരു പ്രതീകമായെടുത്താൽ നമ്മുടെയൊക്കെ ജീവിതത്തിൽ സത്യത്തെ വളർത്താൻ ശ്രമിക്കുന്ന അത്തരം പ്രതീകങ്ങൾ ധാരാളമായി ചെറുപ്പകാലം മുതലേ നമ്മിൽ ഇടപെടുന്നുണ്ട്. എങ്കിലും പലസന്ദർഭങ്ങളിലും കള്ളങ്ങൾ പറയേണ്ട അവസ്ഥ നമുക്കുവന്നുചേരുന്നു. അങ്ങനെ നോക്കിയാൽ മുത്തശ്ശിമാരും നാണുവാശാന്മാരുമൊക്കെ തോറ്റുപോയിരിക്കുന്നു.
അവർ തോറ്റിടത്താണ് സ്റ്റാർ പ്ലസ്സ് എന്ന ടിവി ചാനൽ വിജയം നേടിയത്. ഇന്ത്യാമഹാരാജ്യത്തെ സകലജനങ്ങളെയും സത്യത്തിന്റെ അടുത്തേയ്ക്ക് അവർ നിഷ്പ്രയാസം കൂട്ടിക്കൊണ്ടുപോയി. കരഞ്ഞുനിലവിളിച്ച് സത്യം മാത്രം പറയുന്ന ജനത. ഞെട്ടിത്തരിച്ച് സത്യത്തെ കേൾക്കുന്ന മറ്റൊരു കൂട്ടർ. സത്യങ്ങൾ പലപ്പോഴും ഞെട്ടലുകളുണ്ടാക്കുമെന്നതെത്ര സത്യം! എന്നാൽ സ്റ്റാർ പ്ലസ്സിന്റെ ‘സത്യം‘ ഞെട്ടൽ മാത്രമല്ല കുടുംബബന്ധങ്ങളിൽ പൊട്ടലും സൃഷ്ടിക്കുന്നു.
ബിഗ് സിനേർജി ആഡ്ലാബിന്റെ പേരിൽ സിദ്ധാർത്ഥ ബസു നിർമ്മിച്ച് രാജീവ് ഖണ്ഡേൽവാൽ അവതരിപ്പിക്കുന്ന ‘സച് കാ സാമ്നേ’ എന്ന ടി.വി പ്രോഗ്രാമിനെക്കുറിച്ചാണ് ഞാൻ പറഞ്ഞുവന്നത്. സച്ചിൻ ‘പ്രതിസന്ധി ഘട്ടങ്ങളിലൊന്നും തന്നെ സഹായിച്ചിട്ടില്ലെന്ന’ സത്യം വിനോദ് കാംബ്ളി വിളിച്ചുപറഞ്ഞതോടെ പ്രസസ്തമായ ടി.വി ഷോ. 1 കോടി രൂപയാണ് എല്ലാ ചോദ്യങ്ങൾക്കും ‘സത്യം പറയുന്നതിനുള്ള കൂലി‘. ആൾക്കാർ സത്യസന്ധരാവാൻ വേറേ വഴിവല്ലതും വേണോ? കണ്ണുപൊട്ടുമെന്നും നരകത്തില്പോവുമെന്നുമൊക്കെ കേട്ട് കുലുങ്ങാത്തവർ ഒരുകോടിയുടെ കിലുക്കത്തിൽ ദുരയുടെ നുരയും പതയും ചുരത്തി ‘ഹോട്ട് സീറ്റി’ലേയ്ക്ക് സത്യം പറയാൻ കയറിയിരിക്കുന്നു.
ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകിയാൽ മതിയല്ലോ എന്ന് ഇതിനെക്കുറിച്ച് ലളിതവൽക്കരിച്ച് ചിന്തിക്കേണ്ട. തന്റെ കുടുംബാംഗങ്ങളുടെയും ആത്മമിത്രങ്ങളുടെയും മുന്നിലിരുന്ന് മത്സരാർത്ഥി നേരിടുന്നത് തീർത്തും വ്യക്തിപരവും അസ്വസ്ഥജനകവുമായ ചോദ്യങ്ങളാണ്.
ഞാൻ കണ്ട ‘ഒരേയൊരു‘ എപ്പിസോഡിൽ, മത്സരിക്കുന്നത് ‘ശോഭന പാണ്ഢേ’ എന്ന സ്ത്രീ. ഭർത്താവ്, അമ്മായിയമ്മ, സഹോദരി, അവരുടെ ഭർത്താവ് തുടങ്ങിയവർ സന്നിഹിതരായിരിക്കുന്നു. ഒരോ ചോദ്യത്തിനും സത്യസന്ധമായി ‘കരഞ്ഞുകൊണ്ട്’ അതിനൊക്കെ ഉത്തരം നൽകുന്ന ആ പാവം സ്ത്രീയേ കണ്ടപ്പോൾ എനിക്കുതോന്നിയത് ‘ഒരു സ്ത്രീയ്ക്ക് സത്യം പറയുക എന്നത് പ്രസവവേദന പോലെ അസഹനീയമായ’ ഒന്നാണോയെന്നാണ്.
5 ലക്ഷം രൂപ നേടുന്നതുവരെ താരതമ്യേന ലളിതമെന്ന് തോന്നാവുന്ന ചോദ്യങ്ങൾ. എന്നാൽ അവരുടെ അമ്മായി അമ്മയും സ്വന്തം അമ്മയും തമ്മിൽ കൊമ്പുകോർക്കാനും സഹോദരിയുമായി കോഴിപ്പോര് നടത്താനും അതുതന്നെ ധാരാളം. പിന്നീടുള്ള നാലുചോദ്യങ്ങൾക്ക് സത്യസന്ധമായ ഉത്തരം നൽകിയാൽ 1 കോടി രൂപ !! ഇല്ലെങ്കിൽ കിട്ടിയ 5 ലക്ഷവും പോകും. എങ്കിലും ആ ധീര വനിത മുന്നോട്ടുതന്നെ.
ആദ്യത്തെ ചോദ്യം : എപ്പോഴെങ്കിലും നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ കൊല്ലണമെന്ന് വിചാരിച്ചിട്ടുണ്ടോ?
(സ്ത്രീയുടെ കരച്ചിൽ. മൂക്കുപിഴിച്ചിൽ. ഭർത്താവിന്റെ മുഖത്ത് തൊണ്ടയിൽ മീൻ മുള്ള് കുരുങ്ങിയ ഭാവം. പശ്ചാത്തലത്തിൽ ഹൃദയമിടിപ്പ് കൂട്ടുന്ന സംഗീതം)
ഉത്തരം: ഉണ്ട്.
(സമീപദൂര ദൃശ്യം .ഈ ഉത്തരം കേട്ട ഭർത്താവിന്റെ മുഖത്ത് നവരസങ്ങളിൽ പെടാത്ത പുതിയൊരു ഭാവം )
അശരീരി (കമ്പ്യൂട്ടർ വകയാവും) : ഉത്തരം...... സത്യമാണ്.
അടുത്ത ചോദ്യം: ഭർത്താവിനെ വഞ്ചിക്കണമെന്ന് നിങ്ങൾ വിചാരിക്കാറുണ്ടോ?
(മധ്യദൂര ദൃശ്യം. പഴയപോലെ സ്ത്രീയുടെ കരച്ചിൽ. മൂക്കുപിഴിച്ചിൽ. ഉത്തരം കേൾക്കാനായി ശ്രദ്ധിക്കുന്ന ഭർത്താവിന്റെ മുഖം ക്യാമറ ഒപ്പിയെടുക്കുന്നു. മാങ്ങാണ്ടി വിഴുങ്ങിയവന്റെ പോലെ, കണ്ണുകൾ തുറിച്ച് )
ഉത്തരം: ഉണ്ട്.
അശരീരി (ഉറപ്പിച്ചു. കമ്പ്യൂട്ടർ വകതന്നെ) : ഉത്തരം..... സത്യമാണ്.
അടുത്ത ചോദ്യം: ഭർത്താവ് അറിയാതിരിക്കുമെന്നുറപ്പുണ്ടെങ്കിൽ മറ്റൊരു പുരുഷന്റെ കൂടെ ഉറങ്ങാൻ നിങ്ങൾ തയ്യാറാകുമോ?
(ഇപ്പോൾ മീൻമുള്ളു കുരുങ്ങിയ ഭാവം സ്ത്രീയ്ക്ക്. )
ഉത്തരം: ഇല്ല..
(ഭർത്താവിന്റെ മുഖത്ത് ആശ്വാസത്തിന്റെ മിന്നലാട്ടം. പിന്നെ അശരീരിയ്ക്ക് കാതോർക്കൽ.)
അശരീരി : ഉത്തരം തെറ്റാണ്.
( കരച്ചിൽ. മൂക്കുപിഴിച്ചിൽ.- ഇത്തവണയത് ഭർത്താവിന്റെ വകയായെന്നുമാത്രം. )
അശരീരി കേട്ടയുടൻ ആ സ്ത്രീ അവതാരകനോട് കരഞ്ഞുപറയുന്നു അങ്ങനെ അവർ ഒരിക്കല്‍പോലും ചിന്തിച്ചിട്ടേയില്ലെന്ന്.
എന്നാൽ പോളിഗ്രാഫിക് സാങ്കേതികവിദ്യയിലൂടെയാണ് നിങ്ങൾ പറഞ്ഞ ഉത്തരം കള്ളമാണെന്ന് സ്ഥിരീകരിച്ചതെന്നും, കള്ളങ്ങൾ പറയുമ്പോൾ ഹൃദയമിടിപ്പിലും രക്തസമ്മർദ്ധത്തിലും തലച്ചോറിലുണ്ടാവുന്ന ഉദ്ദീപനങ്ങളിലെ വ്യതിയാനങ്ങളിൽനിന്നുമൊക്കെയാണ് അത് മനസ്സിലാക്കുന്നതെന്നുമൊക്കെ ട്യൂഷൻ കൊടുത്ത് മറ്റൊരു ഹതഭാഗ്യനായ സത്യവാനുമായി അടുത്ത എപ്പിസോഡിൽ കാണാമെന്ന് പറഞ്ഞ് അവതാരകൻ മറഞ്ഞു.
ഞാൻ ടിവി ഓഫ് ചെയ്തു.
ആ ദമ്പതികളുടെ ജീവിതത്തിന്റെ താളക്രമം തെറ്റാൻ ഈ പരിപാടി കാരണമായിട്ടുണ്ടാവുമോ? ഭാര്യയെ സംശയത്തോടെ നോക്കിക്കാണാൻ ആ ഭർത്താവ് ഇനി ശീലിച്ചുതുടങ്ങുമോ? പെറ്റമ്മയോടുള്ളതിനേക്കാൾ സ്നേഹം അമ്മായിയമ്മയോടാണെന്ന സത്യം വിളിച്ചുപറഞ്ഞ മകളോട് എന്തു മനോഭാവമാവും ആ അമ്മയ്ക്കു തോന്നുക?
ബന്ധങ്ങളേക്കാൾ മൂല്യം പണത്തോടു കാണിക്കുന്ന മനുഷ്യന്റെ ആർത്തിയെ എത്ര ബുദ്ധിപൂർവ്വമാണ് ഒരുചാനൽ ചൂഷണം ചെയ്യുന്നത്. ഒപ്പം മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞുനോക്കി രസിക്കാൻ താല്പര്യമുള്ളവരുടെ കണ്ണുകൾക്കും കാതുകൾക്കും വിരുന്നുമാവുന്നു ‘സച്ച് കാ സാമ്ന ‘ എന്ന പ്രോഗ്രാം എന്ന് പറയാതെ വയ്യ.
‘സത്യം‘ പറഞ്ഞ് കോടികൾ നേടാനിറങ്ങുന്നവർ സത്യത്തിൽ ‘സത്യ‘ത്തിന്റെ പ്രതീകങ്ങളല്ല. ഈ പരിപാടി സത്യത്തോട് നീതി പുലർത്തുന്നതോ സമൂഹത്തോട് കൂറു പുലർത്തുന്നതോ അല്ല. ചെറിയ ഒളിവുകളും കുഞ്ഞുകുഞ്ഞു കള്ളങ്ങളും വിജയിക്കുന്ന ദാമ്പത്യ,കുടുംബ ജീവിതത്തിനു പിന്നിലുണ്ടെന്നാണ് എന്റെ വിശ്വാസം.
കാരണം ഞാനൊരു നല്ല ഭർത്താവായി എന്റെ ഭാര്യ കരുതുന്നതിനുപിന്നിൽ എന്റെ ദോഷങ്ങളെ എനിക്കവളിൽ നിന്നും സമർത്ഥമായി ഒളിച്ചുവയ്ക്കാനാവുന്നു എന്നതുതന്നെയാണ്. അതിനായി എനിക്ക് ചില കള്ളങ്ങൾ പറയേണ്ടി വരാറുണ്ട്. ഞാൻ നല്ലവനാണെന്ന് ധരിക്കുക വഴി അവൾ സന്തോഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ അവളുടെ ധാരണ സത്യമായി നിലനിർത്തണമെങ്കിൽ വാക്കുകളിൽ കള്ളം ചാലിച്ചേ മതിയാവൂ.
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും. ഞാനെത്ര മണ്ടനാണെന്നും ഇങ്ങനെ എഴുതിയാൽ പോങ്ങൂന്റെ ഭാര്യ ഇതൊക്കെഅറിയില്ലേയെന്നും. നിങ്ങൾക്ക് തെറ്റി. നിങ്ങളേപ്പോലെ എന്റെ പോസ്റ്റ് വായിക്കാനുള്ള മണ്ടത്തരം അവൾ കാണിക്കില്ല. :)
സത്യം വിജയിക്കട്ടെ. ഒപ്പം ആർക്കും ദോഷമില്ലാത്ത ബന്ധങ്ങളെ മുറിപ്പെടുത്താത്ത കൂടുതൽ ദൃഢമാക്കാൻ സഹായിക്കുന്ന കുഞ്ഞുകുഞ്ഞു നുണകളും.
Comments
U Said it Mr.Pongumoodan.
നല്ല പോസ്റ്റ്
ഇതാണു സത്യം!!!
പോസ്റ്റ് നന്നായി!
അശരീരി (കമ്പ്യൂട്ടര്‍ വകയാവും) :ഉത്തരം തെറ്റാണ്.
അയ്യോ ഞാന്‍ വെറുതെ പറഞ്ഞതാ, അടിപൊളി പോസ്റ്റ്
അശരീരി (ഉറപ്പിച്ചു. കമ്പ്യൂട്ടർ വകതന്നെ) : ഉത്തരം..... സത്യമാണ്.
:))
U said it paingus. hats of you for a wondefull post.
പോങ്ങേട്ടാ...സത്യായിട്ടും ഈ ചാനലുകാര്‍ക്ക് വട്ടാണെന്നാണ് തോന്നുന്നത്...ഇടയ്ക്ക് രാഖി സാവന്തിന്റെ ശാദി എന്ന് പറഞ്ഞു വന്നു...ഇപ്പോ അവന്റെ ഒടുക്കത്തെ സച്ഛ്...
ഇവര്‍ ഇതിലും വലിയ ഐഡിയകളും ആലോചിച്ച് കണ്ടുപിടിക്കും. എല്ലാം സഹിക്കുകയല്ലാതെ എന്തുചെയ്യാനാണ്?
ഇതെല്ലാം കോടികള്‍ക്ക് വേണ്ടിയല്ലേ ? അല്ലെങ്കില്‍ ഇവര്‍ സത്യം വിളിച്ചു പറയുമെന്ന് തോന്നുന്നുണ്ടോ ? പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്ന ചൊല്ല് പാണന്മാര് ഇപ്പോഴും
പാടി നടക്കുണ്ട് പോലും !! ഈ പാണന്മാരുടെ ഒരു കാര്യം !
"നിങ്ങളേപ്പോലെ എന്റെ പോസ്റ്റ് വായിക്കാനുള്ള മണ്ടത്തരം അവൾ കാണിക്കില്ല. :)" ഹ ഹ ഹ!!!
ഹിന്ദി ചാനലുകളിലെ ചില പരിപാടികള്‍ കണ്ടാല്‍ (വാര്‍ത്താചാനലുകളുടെ കാര്യം പറയണ്ട) കാര്‍ക്കിച്ച് തുപ്പാന്‍ തോന്നും. പരസ്യ പണം, ടിആര്‍പി റേറ്റിംഗ് ഇതൊക്കെയാണ് ഇവരുടെ മുഖ്യ ഉന്നം. കുറച്ചുകഴിയുമ്പോള്‍ ഇതേ ഐഡിയ വെച്ചുള്ള പരിപാടികള്‍ നമ്മുടെ ഭാഷാ ചാനലുകളിലും എത്തും. സഹിക്കുക, അല്ലെങ്കില്‍ ചാനല്‍ മാറ്റുക/ഓഫ് ചെയ്യുക.
അതെ - സ്വന്തം ബര്ത്താവിന്ടെയും കുടുംബത്തിന്ടെയും അഭിമാനം കാത്തു സുക്ഷിക്കാന്‍ വേണ്ടി സ്ത്രീകള്‍ പലപ്പോഴും സത്യം മറച്ചു വെക്കുന്നു... അതിന്ടെ വേതന ജീവിതകാലം മുഴുവന്‍ ഒരു ബാരമായ് ചുമക്കുന്നു.
ഈ പറഞ്ഞ ശോഭന എന്ന സ്ത്രീ ബര്ത്താവിണ്ടേ നിര്‍ബന്ധം കൊണ്ട് ഈ സാഹസത്തിനു മുതിര്ന്നതായിരിക്കാം. അതായിരിക്കും അവര്‍ അത്ര മാത്രം വേതനിച്ചു കരഞ്ഞത്.
നാലു സ്പൂണ്‍ സത്യവും ഒരു സ്പൂണ്‍ അസത്യവും ഇടകലര്‍ത്തി ചെറുചൂടോടെ കളര്‍ഫുള്‍ പുന്ചിരിയും സൈടാക്കി അങ്ങോട്ട് വിളമ്പിക്കെ...
വിജയകരമായ ദാമ്പത്യം ഹൌസ്ഫുള് ആയി ഓടും..
ചുമ്മാ സത്യം മാത്രം വിളമ്പിയാല്‍ ഒരു ഗുമ്മില്ല..
റ്റി വി ഓഫ് ചെയ്തിട്ട് പോയീ ബേഷാ ഒരു നൊണ കാച്ച് പോങ്ങൂ
a HUG to u pongu...
[ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും. ഞാനെത്ര മണ്ടനാണെന്നും ഇങ്ങനെ എഴുതിയാൽ പോങ്ങൂന്റെ ഭാര്യ ഇതൊക്കെഅറിയില്ലേയെന്നും. നിങ്ങൾക്ക് തെറ്റി. നിങ്ങളേപ്പോലെ എന്റെ പോസ്റ്റ് വായിക്കാനുള്ള മണ്ടത്തരം അവൾ കാണിക്കില്ല. :)
[അത് കലക്കി)
എഴുതണം എഴുതണം എന്ന് കരുതി ഇരിക്കുവര്‍ന്നു......
ഇനീപ്പോ അത് വേണ്ടല്ലോ......
കൊട് കൈ...... :)
നീയെന്നെ ചിരിപ്പിച്ചു. പ്രതികാരം 26-ന് വീട്ടിക്കോളാം
:)
ഞാൻ പറഞ്ഞത് സത്യമല്ലാന്നുണ്ടോ?
ഈ പോഗ്രാം ചാനലിനെ കുറിച്ച് അല്ലെങ്കില്‍ അതില്‍ പങ്കെടുക്കുന്നവരെ കുറിച്ച് എന്നതില്‍ ഉപരി കാഴ്ചക്കാരെ കുറിച്ചാണ് . മറ്റുള്ളവരുടെ ജീവിതത്തിലെ രഹസ്യങ്ങള്‍ അറിയാനാണ് എല്ലാവര്ക്കും താല്പര്യം . കാഴ്ചക്കാര്‍ ഉണ്ടാവുക എന്നതാണ് പ്രധാനം . ഇന്ത്യയില്‍ ഏറ്റവും കാഴ്ചക്കാരുള്ള മറ്റൊരു പ്രോഗ്രാം രാഖി സാവന്തിന്റെ സ്വയം വരം ആണ് . ഇതൊക്കെ നോക്കുമ്പോള്‍ മലയാളം ചാനലുകളുടെ എസ് എം എസ് തട്ടിപ്പ് എത്ര നിസ്സാരം .
ഇതിന്റെ ഒറിജിനല്‍ ഒരു ഇംഗ്ലീഷ് ചാനല്‍ പരിപാടി ഉണ്ടെന്നു ഒരു കൂട്ടുകാരന് പറഞു. അവിടെ ജീവിതകാലം മുഴുവന്‍ ഒരാളുടെ കൂടെ ജീവിക്കുന്ന പരിപാടി ഒന്നുമില്ലല്ലോ? നമ്മുടെ സംസ്കാരത്തിന്നു മേലേക്കുള്ള അധിനിവേശങള്‍ക്കു ഒരു പാതകൂടി. ബന്ധങളെക്കാള്‍,മൂല്യങളെക്കാള്‍ വില കാശിനുണ്ടെന്നു തോന്നുന്നവന്ന് ഇതിലെന്ത് കുഴപ്പം.
കൊച്ചുകൊച്ചു കള്ളങ്ങളും, അതിനേക്കാള്‍ കൂടുതല്‍ മൌനങ്ങളുമായിട്ടാണ് ജീവിതം നാം മുന്നോട്ടു കൊണ്ടുപോകുന്നതു.ചിലതു കണ്ടിട്ടും കാണാതെയും, പലതും കേട്ടിട്ടും കേള്‍ക്കാതെയും......
നല്ല വിഷയം. നല്ല ചര്‍ച്ച. ആശംസകള്‍
കൊട്ടിയതല്ലല്ലോ അല്ലേ? :)
യൂട്യൂബിൽ അതിന്റെ ഇംഗ്ലീഷ് വേർഷൻ ഉണ്ടെന്ന് കേട്ടു. ‘ദ് മൊമെന്റ് ഒഫ് ട്രൂത്ത്’ എന്ന പേരിൽ.
വായിച്ചതിന് നന്ദി പഥികാ. കാണാം
(ഇത് ഏതു മിഷീൻ വെച്ചു വേണെങ്കിലും ടെസ്റ്റിക്കോ)