മാനവീയം റോഡിൽ സൌന്ദര്യം വിൽക്കുന്നവർ.
ഈ തലക്കെട്ട് നിങ്ങളിൽ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചേക്കും. ഇത് വഴിയരികിൽ നിന്ന് സൌന്ദര്യം വിൽക്കുന്നവരുടെയോ അല്ലെങ്കിൽ അവരിൽ നിന്ന് സൌന്ദര്യം വാങ്ങാൻ ഞാൻ ശ്രമിച്ചതിന്റെയോ കഥയല്ല. തലക്കെട്ടുകണ്ട് ആരെങ്കിലും ഇത്തിരി എരിവും കുളിരും പുളിയുമൊക്കെ ആഗ്രഹിച്ചുപോയിട്ടുണ്ടെങ്കിൽ അവരെ തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു. തിരുവനന്തപുരത്തെ മനോഹരമായ മാനവീയം റോഡിൽ വച്ച് കഴിഞ്ഞദിവസം പരിചയപ്പെട്ട ചെറിയ രണ്ട് ആൺകുട്ടികൾ എനിക്കു നൽകിയ ചില അസ്വസ്ഥതകൾ മാത്രമാണ് ഞാനിവിടെ കുറിക്കുന്നത്. അനന്തപുരിയിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ വീഥിയാണ് മാനവീയം റോഡെന്നാണ് എന്റെ ധാരണ. ഒന്നാമത്തേത് തീർച്ചയായും വെള്ളയമ്പലം മുതൽ കവടിയാർ വരെയുള്ള രാജവീഥി തന്നെ. മാനവീയം റോഡിന്റെ ഒരറ്റത്ത് വയലാർ രാമവർമ്മയുടെയും മറ്റേയറ്റത്ത് ദേവരാജൻ മാസ്റ്ററിന്റെയും അർദ്ധകായ പ്രതിമകൾ. അല്ലെങ്കിൽ വയലാറിൽ നിന്ന് ദേവരാജൻ മാസ്റ്ററിലേയ്ക്കുള്ള അകലമാണ് മാനവീയം വീഥിയെന്നും യുക്തിയനുസരിച്ച് വിചാരിക്കാം. തിരക്കുകുറഞ്ഞ, വീതിയും വൃത്തിയും നിറയെ തണലുമുള്ള മാനവീയം വീഥിയിൽ, പലപ്പോഴും ഞങ്ങൾ സുഹൃത്തുക്കൾ വണ്ടി പാർക്കുചെയ്ത്, രാമേട്ടന്റെ തട്ടുകടയിൽ നിന