കോവിഡൻ വന്നു
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല.
രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം.
എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനംമയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവും മുറ്റിയ നം.1 ‘സർക്കാർ’ ആകുന്നു നമ്മുടേതെന്നും കോവിഡിനെ നിസ്സാരമായി സർക്കാർ പിടിച്ചുകെട്ടുമെന്നും ഒക്കെ ‘ഉറക്കെ വിശ്വസിച്ചു‘തുടങ്ങുന്നത് കണ്ടപ്പോൾ എന്റെ ഭയം പോയി. ഇത്രയും വലിയ വിഡ്ഡികൾ കൂട്ടത്തോടെ പാർക്കുന്ന ഒരിടത്ത് കോവിഡ് അഴിഞ്ഞാടിയില്ലെങ്കിലേ അതിശയമുള്ളൂ. ഭയന്നാലെന്ത്, ഇല്ലെങ്കിലെന്ത്?
ചക്കവീണ് ആശുപത്രിയിലെത്തിയവനും വണ്ടിയിടിച്ച് ചികിത്സ തേടിയവനുമൊക്കെ കോവിഡ്! എന്നിട്ടും സമൂഹ വ്യാപനം എന്നൊന്നിന്റെ സാധ്യതപോലും ആരും ഉയർത്തുന്നില്ല. ഭയവും ജാഗ്രതയുമില്ല. അഹന്തയോടെ, മണ്ണരിക്കുന്ന വലയുടെ കണ്ണിയകലമുള്ള കീറത്തുണിയിൽ തുന്നിയ മുഖകോണകവും ചെവിയിലുടക്കി നമ്മൾ നം.1 ഊറ്റത്തോടെ കോരിത്തരിച്ച് നടക്കുകയാണ്. ഇങ്ങനെ ഒരു നാട്ടിൽ കഴിയാൻ ഭയം എന്തിന്! വേണ്ടത് ലജ്ജയല്ലേ?
വൈകില്ല. കേരളം പൊള്ളത്തരത്തിലും കാപട്യത്തിലും ആയിരുന്നു നം.1 എന്ന് അറിയാൻ ഇനി അധികം വൈകില്ല. ന്യായീകരണത്തൊഴിലാളികൾക്ക് പിടിപ്പത് പണിവരാൻ പോകുന്ന നാളുകളാവും മുന്നിലുള്ളത്.
ചാവുംവരെ എനിക്ക് ഒരു കാര്യത്തിൽ അഭിമാനിക്കാം. നാലുവർഷമായി നടത്തിവരുന്ന ഈ തള്ളുഭരണം കണ്ട് ഒരിക്കൽപ്പോലും ഞാൻ വിസ്മയിച്ചിട്ടില്ല. നാളിതുവരെ ഇവരുടെ ഒറ്റത്തള്ളുപോലും വിശ്വസിക്കാൻ നിന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസിൽ സാമൂഹ്യസുരക്ഷാമിഷൻ ഡയറക്ടറായ ഡോ. മുഹമ്മദ് അഷീൽ (അശ്ലീലൻ) കുറച്ചുമുൻപ് വിനു വി. ജോൺ നയിച്ച ചർച്ചയിലിരുന്ന് സംസാരിക്കുന്നത് കേട്ടപ്പോൾ ഉറപ്പായി. കോവിഡ് തടയലിന്റെ വിശ്വവിഖ്യാതമായ ആ ‘കേരള മോഡൽ‘ എന്തായിരുന്നുവെന്ന് ലോകം കാണാൻ കിടക്കുന്നതേയുള്ളുവെന്ന്!
കേരളം ഇനി ആഗ്രഹിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യേണ്ടത് ഒന്നുമാത്രം. കൊറോണ വൈറസുകളുടെ കനിവ്. അതുമാത്രം
PONGS
25/02/2020 | FB
Comments