പ്രണയമുക്തി
സാഹിതീയസമ്പ്രദായത്തിൽ കാര്യം പറയാമെന്ന് വച്ചാൽ ഇങ്ങനെ തുടങ്ങേണ്ടിവരും. നേരം പുലർന്നതോടെ സൂര്യനുണർന്ന് പകലിന് തീകൂട്ടി. കാലം വേനലായി ചൂഴ്ന്നുനിന്നതുകൊണ്ട് രാവിലെ തന്നെ ഉച്ചയുടെ തിളപ്പിലെത്തിയിരുന്നു പകൽ. എരിയുന്ന ആകാശത്തിനുകീഴെയായി വെട്ടിത്തിളയ്ക്കുന്ന ആ പകലിൽ ഒരു മുട്ടപോലെ പുഴുങ്ങിത്തെറിക്കുകയാണ് ഭൂമി. ആളുന്ന വെയിലിൽ ചിറകുകരിഞ്ഞ് പക്ഷികൾ നിലം പതിക്കുകയും ഇലയടർന്നുപോയ വൃക്ഷങ്ങൾ വെണ്ണീർശില്പം പോലെ നീറി നിൽക്കുകയും തണൽ സ്വപ്നം കണ്ട് മൃഗങ്ങൾ വെയിലിൽ വെന്ത് പായുകയും പുഴകളുണങ്ങി പഴുത്തുകിടക്കുന്ന മണ്ണിലൂടെ ഇഴജീവികൾ മരണം തേടി ഉരുണ്ടുപോവുകയും ചെയ്യുന്നു. ഇമ്മാതിരി കഠിനമായ പരിതസ്ഥിതിയിലും പ്രകൃതിക്കൊരു താങ്ങായിരിക്കണമെന്ന ഏകമോഹത്താൽ ശീതീകരിച്ച വീടുകളും വാഹനങ്ങളും വിമാനങ്ങളുമൊക്കെയുണ്ടാക്കി അതിലൊക്കെ പാർത്തും പാഞ്ഞും പറന്നും ജീവിതം കഴിച്ചു വരികയാണല്ലോ പാവം മനുഷ്യർ! അങ്ങനെയുള്ള മനുഷ്യരിൽ ഒരുവനായിരുന്നു മിസ്റ്റർ രമൺ എ.എൻ. മലയാളത്തിലേയ്ക്ക് നാമാന്തരീകരണം നടത്തിയാൽ ശ്രീമാൻ രമണൻ. ഭാഗ്യക്കേടിന് ഹൈപോതലാമസ് ഗൊണാഡോട്രോപ്പിൻ എന്ന ഹോർമോണിന്റെ വകതിരിവില്ലാത്ത ഇടപെടൽ മൂലം കടുത്ത പ്രണയബാധിതനായി തീർന്നിരു