അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

എസ്.എൻ.ഡി.പി യെ ഭാവിയിൽ ആർ.എസ്.എസ് വിഴുങ്ങും എന്ന കൊടിയേരി സഖാവിന്റെ ഭയപ്പെടുത്തുന്ന  പ്രവചനം എന്റെ ഉള്ളുലച്ചു. ബ്ലോഗും ഫേസ്ബുക്കുമൊക്കെ അടച്ചുപൂട്ടി സ്വാസ്ഥ്യം നുണഞ്ഞ് സസുഖം ഞാനിങ്ങനെ ഉണർന്ന് വാഴുമ്പോഴാണ് സഖാവ് ദീർഘവീക്ഷണത്തോടെ മേപ്പടി പ്രവചനം നടത്തിയ വാർത്ത മാതൃഭൂമിയിലൂടെ അറിയാനിടവരുന്നത്. ഭാഗ്യത്തിന് ബ്ലോഗിന്റെ പാസ്സ്‌വേഡ് മറക്കാൻ നേരമായിരുന്നില്ല. എങ്കിൽ പിന്നെ ഇവിടെകയറി കൊടിയേരിയൻ പ്രവചനത്തെ മുൻ‌നിർത്തിക്കൊണ്ട്  നാലു‌പേച്ച് പേച്ചി മടങ്ങാമെന്ന് വിചാരിച്ചു. സംഗതി ആർക്കും ചേതമുള്ള കാര്യമല്ലല്ലോ!

എസ്.എൻ.ഡി.പി എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. അതൊരു സാമുദായിക സംഘടനയാണ്. അങ്ങനെയല്ലേ? അപ്പോൾ അതിന്റെ നിലനില്പിനും വളർച്ചക്കും സംരക്ഷണത്തിനും വേണ്ടതായ പ്രവർത്തനങ്ങൾ നടത്തേണ്ട ചുമതലകൾ സമുദായാംഗങ്ങൾ തിരഞ്ഞെടുത്ത വ്യക്തികളിൽ നിക്ഷിപ്തമാണ്. അതിൽ സംഘടനയ്ക്ക് പുറത്തുനിന്ന് ആർക്കെങ്കിലും അഭിപ്രായപ്രകടനം നടത്തേണ്ട കാര്യമില്ല. സംഘടന ഒരു സമ്മേളനം നടത്തുന്നുവെങ്കിൽ ആ പരിപാടിയിൽ ആരെ പങ്കെടുപ്പിക്കണം, അല്ലെങ്കിൽ ആരെയൊക്കെ ഒഴിവാക്കണം എന്ന കാര്യങ്ങളെല്ലാം അവരുടെ മാത്രം സൌകര്യമാണ്. എന്നിട്ടും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന കൊടിയേരിയേപ്പൊലൊരു ദേഹം അത്തരത്തിൽ എസ്.എൻ.ഡി.പിയുടെ ആഭ്യന്തരമെന്ന് കാണാവുന്ന കാര്യത്തിന്മേൽ ചെറുതല്ലാത്തവിധം അഭിപ്രായം പ്രകടിപ്പിക്കുന്നുവെങ്കിൽ അത് കേരളനാടിന്റെ രാഷ്ട്രീയബോധത്തിനും അപ്പുറമായി നിൽക്കുന്ന അദ്ദേഹത്തിന്റെ മാനവികബോധത്തിന്റെ തെളിവായാണ് കണ്ടുമാനിക്കേണ്ടത്. എന്നാൽ സഖാവ് കൊടിയേരിയുടെ വർത്തമാനത്തിന് അത്തരം സദുദ്ദേശം നൽകുന്നത് കൊടിയ തെറ്റാവുമെന്ന് ഞാൻ ധരിക്കുന്നു.

കാരണം, ശ്രീനാരയണഗുരുവിനെ ആർ.എസ്.എസിന്റെ ശൂലത്തിൽ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന കൊടിയേരിയുടെ ഉൽകണ്ഠ ഗൂഢലക്ഷ്യങ്ങളോടെ ഉള്ളതാണ്. സമുദായമെന്നാൽ വെറും ‘വോട്ടു’കൂട്ടമാണെന്ന് ധരിച്ചതുകൊണ്ട് മാത്രമുള്ള നാവാട്ടൽ മാത്രമാണ് സഖാവ് കൊടിയേരി നടത്തിയിരിക്കുന്നത്. നന്മയോ ആത്മാ‍ർത്ഥതയോ അതിലില്ല. വാ പിളർന്നുവരുന്ന ഒന്നിനുനേരേ ഇരയായി തീരാൻ മാത്രം ഭോഷ്കരാണ് നാരായണീയരെന്ന് ആരും ധരിക്കേണ്ടതില്ല. സമുദായത്തെ വിഴുങ്ങാൻ ആർ.എസ്.എസ്. പിളർത്തുന്നതിലും (പിളർത്തുന്നെങ്കിൽ) ‌ വലിപ്പത്തിലാണ് ഈ പ്രവചനത്തോടെ സഖാവ് വായ പിളർന്നിരിക്കുന്നത്. ആർ.എസ്.എസിന്റെ അതേ കൊതി തന്നെയാണ് സഖാവിനുമെന്ന് സാരം.

ആർ.എസ്.എസിനെ അല്ലെങ്കിൽ ബി.ജെ.പി.യെ സമൂഹം തൊട്ടുകൂടാത്തവരായി മാറ്റി നിർത്തണം എന്ന് ‘നാം’ ആഹ്വാനം ചെയ്യുന്നത് ‘വർഗ്ഗീയത’യെ അകറ്റി നിർത്തണം എന്ന സദുദ്ദേശത്തോടെ ആണല്ലോ സഖാവേ? ഭാരതമണ്ണിലെ ഏക വർഗ്ഗീയ പാർട്ടി ബി.ജെ.പി. ആണെന്നും ഇന്നാട്ടിലെ ഏക തീവ്രവാദി സംഘടന ആർ.എസ്.എസുമാണെന്ന് ചുമ്മാ നാം ധരിച്ച് ഭയക്കുന്നു. വിവരമില്ലായ്മ കുറ്റമല്ലെന്ന കാഴ്ചപ്പാട് സമൂഹം വച്ചുപുലർത്തുന്നതുകൊണ്ടാണ് സഖാവേ പല നേതാക്കളും കേരളത്തിലിപ്പോഴും  മിന്നി മിന്നി നിൽക്കുന്നത്. അതുപോലെ തന്നെ പല പാർട്ടികളും.

കൊടിയേരി സഖാവേ, കേരള കോൺഗ്രസ്സ് (എം) എന്ന ഒരു പാർട്ടി നാട്ടിലുണ്ട്. കെ.എം. മാണി എന്ന തസ്കരചക്രവർത്തിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ആ സംരഭം നോക്കി നടത്തുന്നത്. ഉഗ്രൻ വർഗ്ഗീയതയാണ് സഖാവേ രണ്ടില സംരഭത്തിന്റെ മൂലധനം.! അല്ലെന്ന് പറയാൻ കഴിയുമോ?  മുസ്ലീംലീഗ് എന്ന പേരിൽ  രാഷ്ട്രീയം കളിക്കുന്ന ഒരു ‘സമുദായസംഘടന’ കേരളത്തിൽ ഉള്ളതായി സഖാവ് കേട്ടിട്ടുണ്ടോ? പ്രബലരാണ് കക്ഷികൾ. ‘കോണി’വഴി കയറിപ്പോയത്  നേരേ ഖജനാവിലേക്കാണ്. നല്ല വിളവ് നൽ‌കുന്ന ഉഗ്രൻ വകുപ്പുകളാണ് അവറ്റകളുടെ പക്കൽ. നിലവിളക്ക് കണ്ടാൽ, പേപിടിച്ച നായ വെള്ളം കണ്ടതുപോൽ അസ്വസ്ഥരാവുന്ന,  ‘ഗംഗ’ എന്ന പേരിൽ ‘ഹൈന്ദവതയുടെ അഴുക്ക്’ പുരണ്ടിരിക്കുന്നതിനാൽ ഗ്രേസ് എന്ന് പുനർനാമകരണം ചെയ്ത് മന്ത്രി മന്ദിരം ഉപയോഗിച്ച് മതേതരത്വം സംരക്ഷിക്കുന്ന, പച്ച നിറം കണ്ടാൽ സരിതയുടെ  ക്ലിപ്പ് കണ്ട കൌമരക്കാരനെപ്പോലെ പൂത്തുലയുകയും ചെയ്യുന്ന മന്ത്രിമാരുള്ള ലീഗും ഉപജീവിക്കുന്നത് വർഗ്ഗീയതയിലൂടെ മാത്രമല്ലേ? അതോ മുസ്ലീം‌ലീഗ് എന്നാൽ നാട്ടിൽ മതേതരത്വം നട്ടുവളർത്തി കഴിഞ്ഞുകൂടുന്ന ഒരു കൂട്ടം സുമനസ്കരുടേയും ‘വർഗ്ഗീയബാധ തീണ്ടാത്ത’  സംശുദ്ധാത്മാക്കളുടേയും കൂട്ടമാണെന്നാണോ പാർട്ടി ധരിച്ചുവച്ചിരിക്കുന്നത്?!

അധികാരലബ്ധിക്കായി മാണിയെയും ലീഗിനെയും വരെ കൂട്ട് പിടിക്കാൻ പാർട്ടി ശ്രമം നടത്തിയിട്ടുണ്ട്. നീക്കം രഹസ്യമായിരുന്നെങ്കിലും അത് വിശ്വസനീയമാം വിധം പരസ്യപ്പെട്ടു. അക്കാര്യം ആ ഉള്ളിലിരുപ്പ് തുറന്ന് പറയാൻ ജയരാജന്മാരിൽ ഒരുവൻ തയ്യാറാവുകയും ചെയ്തു. മുസ്ലീം ലീഗിന്റെയും കേ.കോ.മാണിയുടേയും വർഗ്ഗീയതയ്ക്ക് ആർ.എസ്.എസിന്റെയോ അല്ലെങ്കിൽ  ബി.ജെ.പിയുടെയോ വർഗ്ഗീയതയിൽ നിന്നും എന്ത് വ്യത്യാസമാണ് സഖാവേ ഉള്ളത്? ലീഗിന്റെയും കേ.കോ.മാ – യുടേതുമൊക്കെ ‘ശ്രേഷ്ഠവർഗ്ഗീയ‘തയും  ആർ.എസ്.എസ്, ബി.ജെ.പി ബ്രാൻഡ് വർഗ്ഗീയത ‘ഹീന വർഗ്ഗീയത’യുമെന്ന് തരം തിരിക്കണോ? ആരുടെ വർഗ്ഗീയതയും അപലപിക്കപ്പെടേണ്ടത് തന്നെയല്ലേ? എതിർക്കപ്പെടേണ്ടതല്ലേ? ന്യൂനപക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് കാരണമാവുന്നുണ്ടോ എന്ന ഒരു പരിശോധന എങ്കിലും നടത്തപ്പെടേണ്ടതല്ലേ?

അല്ലെങ്കിൽ തന്നെ വർഗ്ഗീയതയ്ക്കെതിരെ നാവോങ്ങാനുള്ള യോഗ്യത ഏതെങ്കിലും ഒരു സഖാവിനോ അല്ലെങ്കിൽ പാർട്ടിയ്ക്ക് തന്നെയോ നഷ്ടപ്പെട്ടിട്ട് കാലമേറെയായില്ലേ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ക‌മ്യൂണിസ്റ്റ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് എന്തുകൊണ്ടെന്ന് ധാരണയുണ്ടോ? സി.പി.ഐ യുടെ ശേഷിക്കുറവെന്ന് പറഞ്ഞ് തള്ളരുത്. ജാതി ബലം മാത്രം നോക്കിയാണ് ഇവിടെ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത്. ‘കോടീശ്വരനായ നാടാർ’ എന്നത് മാത്രമയിരുന്നു അനന്തപുരിയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ആ അയോഗ്യന്റെ ഏക ‘യോഗ്യത’!

കൊടിയേരി സഖാവേ, അങ്ങ് പാർട്ടിയെ ശക്തിപ്പെടുത്തുന്നത് സമുദായത്തിന് പാദസേവ ചെയ്താവരുത്. ഉമ്മൻ കോൺഗ്രസ്സിന്റെ ആ ശൈലി ക‌മ്യൂണിസ്റ്റ് പാർട്ടിക്ക് രക്ഷയാവില്ല. വെള്ളാപ്പള്ളി നടേശന്റെ വീട്ടിലും പാണക്കാടും പെരുന്നയിലും അരമനകളിലും ഒക്കെ തിണ്ണ നിരങ്ങിയാൽ സഖാവിന്റെ ചന്തി തഴമ്പിക്കുമെന്നല്ലാതെ പാർട്ടി വളരില്ല. നിശ്ചയം. ജാതിയുടേയും മതത്തിന്റെയും പേരിൽ സംഘം ചേർന്ന് വോട്ടുബാങ്കായി രൂപമെടുത്ത് വിലപേശാനിറങ്ങുന്ന സകല സമുദായകൂട്ടങ്ങളിൽ നിന്നും പാർട്ടി അകന്നു നിൽക്കണം.ജാതിയെയും മതത്തെയും പരിഗണിച്ചും കൂട്ടുപിടിച്ചും രാഷ്ട്രീയപ്രവർത്തനം നടത്താൻ സഖാവ് തുനിയരുത്. സമുദായപ്രവർത്തനം രാഷ്ട്രീയപ്രവർത്തനം അല്ലെന്നതല്ലേ സത്യം? 

എസ്.എൻ.ഡി.പി എന്ന സംഘടനകൊണ്ടുള്ള നേട്ടം വെള്ളാപ്പള്ളിക്കും കൂട്ടർക്കും മാത്രമാവുമ്പോൾ എൻ.എസ്.എസ് മൂലമുള്ള ലാഭം സുകുമാരൻ നായർക്കും ആളുടെ ആശ്രിതർക്കും മാത്രമായി ചുരുങ്ങുന്നു. പാവപ്പെട്ട ഒരു ഈഴവനോ, ദരിദ്രനായ ഒരു നായർക്കോ സമുദായ സംഘടനകൊണ്ട് യാതൊരു നേട്ടവുമില്ല. അവൻ എന്നും വിശപ്പും വിഷമവും കഷ്ടപ്പാടും മാത്രമുള്ള വെറും ഈഴവനും നായരുമൊക്കെയായി ചുരുങ്ങുന്നു. അതുപോലെ തന്നെയാണ് ഇതര ജാതി മത സംഘടനകളുടെ കാര്യവും. രാഷ്ട്രീയ പാർട്ടികളിലെ സ്ഥിതിയും മറ്റൊന്നല്ലല്ലോ സഖാവേ?

ക‌മ്യൂണിസ്റ്റ് പാർട്ടിയെക്കൊണ്ട് കൊടിയേരി സഖാവിന് ലഭിക്കുന്ന, അല്ലെങ്കിൽ ഉഗ്രമൂർത്തിയായി മേയുന്ന പിണറായിക്കും മറ്റും   ലഭിക്കുന്ന പോലുള്ള  ആദരവും അംഗീകാരവും നേട്ടങ്ങളും ലാഭങ്ങളും സുഖങ്ങളും സൌകര്യങ്ങളും പരിഗണനകളും ഒന്നുമല്ലല്ലോ ഭാര്യയെയും കുട്ടികളെയും വീട്ടിൽ തനിച്ചാക്കി സെക്രട്ടറിയേറ്റ് വളയാൻ അനന്തപുരിക്ക് വണ്ടി കയറിയ വന്ന സാദുവായ സഖാക്കൾക്ക് ?! (അത്തരം സൌകര്യങ്ങളും അവസ്ഥകളും ഒരാൾ വഹിക്കുന്ന സ്ഥാനങ്ങളുടെ അനന്തരഫലമായി അയാൾക്ക് തരപ്പെടുന്ന കാര്യങ്ങളാണെന്ന്  കാണാവുന്നതാണ്. എന്നിരുന്നാലും സ്ഥാനലബ്ധിയിലൂടെ ലഭ്യമാവുന്ന ഇത്തരം ‘കുശാലു’കളിൽ ഒരുവൻ ഭ്രമിച്ചുതുടങ്ങുമ്പോഴാണല്ലോ അഴിമതിയുടെയും അനീതിയുടേയും ആരംഭം കുറിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യക്തിഗുണമില്ലാത്ത നേതാക്കൾ എപ്പോഴും ഏതുനിലക്കും ശാപം തന്നെയായി തീരുന്നു. അത് പാർട്ടികൾക്കായാലും ജാതി മത സംഘടനകൾക്കായാലും)

പാവപ്പെട്ടവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമൊക്കെയാണല്ലോ എന്നും നേതാക്കന്മാർക്കും ജാതി, മതമേലധ്യക്ഷന്മാരുടേയും ‘വലിപ്പ’ത്തിന് വളമാവുന്നത്. സകല മുന്തിയവരും ഒന്നുതന്നെ. ദാരിദ്ര്യവും ദൈന്യതയും കഷ്ടപ്പാടുകളും ഒക്കെ കെടാതെ കാക്കേണ്ടത് അവരുടെയൊക്കെ നിലനിൽ‌പ്പിന്റെ ആവശ്യമാണ്. ‘വർഗ്ഗീയത’ എന്ന് പറയുന്ന ഉശിരൻ സാധനമുണ്ടല്ലോ, അത് ബഹുജന സൃഷ്ടിയല്ല. ഇവരെപ്പോലുള്ള എണ്ണത്തിൽ വളരെ കുറവായ നേതാക്കന്മാരുടെയും ജാതിമതമേലാളന്മാരുടെയും കുബുദ്ധിയിൽ മാത്രം വിരിയുന്ന വിഷമാണ്. ജനങ്ങൾ ഒരിക്കലും ഒരുമിക്കരുതെന്ന് അവർ ആഗ്രഹിക്കുന്നു. അതിനായി വർഗ്ഗീയത ഉൾപ്പെടെയുള്ള വിഷങ്ങൾ അവർ സമൂഹത്തിൽ തളിക്കുന്നു. ചിന്താശേഷി കുറഞ്ഞ ദുർബലമനസ്കർ വേഗം അവരുടെ ഇരയായി മാറുകയും ചെയ്യുന്നു. അങ്ങനെ, അമിതമായ വിധേയത്വവും ഭക്തിയും കൂറും ഉള്ള ശുദ്ധാത്മാക്കളാണ് നേതൃനിരയിലുള്ള ഇത്തരം ഉന്നതഹീനരുടെ ആയുധമായി മാറുന്നത്.

നാടിനെ സമഗ്രമായി വികസിപ്പിക്കാനുള്ള കൊതികൊണ്ടൊന്നുമല്ലല്ലോ ഒരുവനും രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നത് സഖാവേ. ഒരു ഭംഗിക്കായി അങ്ങനെ ഭാവിക്കുന്നു എന്ന് മാത്രം. ജനമിപ്പോൾ ആരെയും അത്രകണ്ട് വിശ്വസിക്കുന്നൊന്നുമില്ല. നാട് നന്നാക്കാൻ ഭരണം കൂടിയേ തീരൂ എന്ന് ധരിക്കുകയോ ധരിപ്പിക്കുകയോ ചെയ്യരുത്. പ്രതിപക്ഷ പ്രവർത്തനങ്ങൾക്കും അതിനുള്ള കരുത്തുണ്ട്. ശുദ്ധമായ കരങ്ങളോടെ കണ്ണും കാതും തുറന്നിരിക്കുന്ന ഒരു പ്രതിപക്ഷത്തിന് ഭരണകക്ഷിയെ നേർവഴിക്ക് നയിക്കാനും തിരുത്താനും കഴിയും. എന്നാൽ നിർഭാഗ്യവശാൽ സർക്കാരിന്റെ ഒരു ഘടകക്ഷിയെപ്പോലെ ആയിരിക്കുന്നു സഖാവേ പ്രതിപക്ഷത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ.

പാർട്ടി പ്രഥമശത്രുവായി ബി.ജെ.പി യെയും ആർ.എസ്.എസിനെയും കാണുമ്പോൾ രക്ഷപ്പെടുന്നതും വളരുന്നതും കോൺഗ്രസ്സ് എന്ന അഴിമതി കൂട്ടമാണ്.   ഒപ്പം രാഷ്ട്രീയമായി
ബി.ജെ.പിയും കരുത്താർജ്ജിക്കുന്നു. തളർന്ന് പോവുന്നത് ക‌മ്യൂണിസ്റ്റ് പാർട്ടി മാത്രമാവും. സഖാവ് അതോർക്കണം.

ദില്ലിയിലിരിക്കുന്ന ‘മോദി’ക്കെതിരെ കുരയ്ക്കുന്നത് തിരുവനന്തപുരത്തിരിക്കുന്ന ‘ഉമ്മനെ’ ഒന്ന് കടിച്ചിട്ടെങ്കിലും ആയാൽ ജനം അത് അംഗീകരിക്കും. അല്ലെങ്കിൽ കട്ടുതീനിയുടെ (ഉമ്മന്റെ) എച്ചിൽ തിന്നുന്നവന്റെ വിധേയത്വമായി ആ കുരയെ ജനം വിലയിരുത്തും.

‘മതമില്ലാത്ത യോഗ’യുമായി സി.പി.എം വരുന്നുവെന്നും വാർത്ത കേട്ടു. പിണറായി വിജയന്റെ പ്രത്യേകതാല്പര്യത്തിലാണ് പാർട്ടി യോഗയിലും കൈവയ്ക്കുന്ന തെത്രെ?!! വല്ലാത്ത മാനക്കേടാണ് സഖാക്കളെ കാര്യങ്ങളുടെ പോക്ക്. ഉറ്റവരുടെ മരണത്തിൽ മുഴുകിയിരുന്ന് വിലപിക്കുന്ന ഒരുവൻ പോലും ഇങ്ങനെ ഒരു വാർത്ത കേട്ടാൽ ചിരിച്ചുചിരിച്ചു സിദ്ധികൂടാനിടയുണ്ട്. മതമില്ലാത്ത യോഗയെത്രെ! അല്ലെങ്കിൽ യോഗ ഏതെങ്കിലും മതത്തിന്റെ കുത്തകയാണെന്ന് ആരാണ് ഈ സാധുവായ പിണറായിയെ ധരിപ്പിച്ചത്. ‌

അയ്യപ്പനില്ലാത്ത ശബരിമലയും ഉണ്ണിക്കണ്ണനില്ലാത്ത ഗുരുവായൂർ അമ്പലവും വിശുദ്ധ സെബസ്റ്റ്യാനോസ് ഇല്ലാത്ത അർത്തുങ്കൽ പള്ളിയും ആരോഗ്യ മാതാവില്ലാത്ത വേളാങ്കണ്ണിപ്പള്ളിയും ഒക്കെ, സഖാവ് പിണറായി ക‌മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്കായി വിഭാവനം ചെയ്യുമെന്ന പ്രത്യാശയോടെ,  ഞാൻ മടങ്ങുന്നു സഖാവേ.

സഖാവും സമാധാനമായിരിക്കൂ. എസ്.എൻ.ഡി.പിയെ ആർ.എസ്.എസ് വിഴുങ്ങുകയൊന്നുമില്ല. ഇനി വിഴുങ്ങിയാൽ തന്നെ എനിമ കൊടുത്ത് നമുക്ക് വെളിക്കെടുക്കാം. ധൈര്യമായിരിക്കൂ.


Comments

ആർ.എസ്സ്‌.എസ്സും,ബി.ജേ.പിയും വളർന്നാൽ നഷ്ടം ആർക്കാ??
vettathan said…
"പാവപ്പെട്ട ഒരു ഈഴവനോ, ദരിദ്രനായ ഒരു നായർക്കോ സമുദായ സംഘടനകൊണ്ട് യാതൊരു നേട്ടവുമില്ല. അവൻ എന്നും വിശപ്പും വിഷമവും കഷ്ടപ്പാടും മാത്രമുള്ള വെറും ഈഴവനും നായരുമൊക്കെയായി ചുരുങ്ങുന്നു."
പെട്ടിക്കടക്കാരന്‍ വ്യാപാരി വ്യവസായിയായി എണ്ണപ്പെടുന്നതുപോലൊരു സന്തോഷമേ പാവപ്പെട്ടവന് ഏത് സമുദായ സംഘടനയില്‍ നിന്നും കിട്ടുന്നുള്ളൂ
ajith said…
ഒരുജ്ജാതി രാഷ്ട്രീയം. നോ കമന്റ്സ്
well said comrade (EX)
വീണ്ടും അപ്രിയ സത്യങ്ങൾ!! പാർട്ട് ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിച്ച് (തോറ്റിട്ടായാലും) സ്വന്തം ശക്തിയും ജനപിന്തുണയും ജനത്തിന്റെ പ്രതീക്ഷകളും മനസ്സിലാക്കാന്‍ ശ്രമിച്ചുരുന്നെങ്കിൽ!!??
ഏതൊരു സാധാരണക്കാരനും പറയാൻ ആഗ്രഹിക്കുന്ന ഈ കാര്യങ്ങൾ, കോടിയേരിയും മറ്റ് നേതാക്കളും ഒന്ന് വായിച്ചിരുന്നെങ്കിൽ...!
കൊച്ചുഗോവിന്ദാ, ഇതൊക്കെ വായിക്കാൻ നേതാക്കൾക്കെവിടെ സമയം? അതിനല്ലേ നമ്മളൊക്കെ? ഞാൻ വായിച്ചിരിക്കുന്നു.
Junaiths said…
നീ എഴുതിക്കൊണ്ടേയിരിക്കൂ...
Unknown said…
ജഗന്നാഥക്ഷേത്രത്തില്‍ ആക്രമണമുണ്ടായ ഉടന്‍ തന്നെ അക്രമം നടത്തിയത്‌ സിപിഎമ്മുകാരാണെന്ന് സോഷ്യല്‍ മീഡിയയിലെ ആര്‍ എസ് എസ്സുകാരും ജനം ടിവിയും ചേര്‍ന്ന് വന്‍പ്രചരണം നടത്തുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഹിന്ദു ഐക്യ വേദി ഹര്‍ത്താലും പ്രഖ്യാപിച്ചു. കൃത്യമായ പ്ലാനിങ്ങോടെ വ്യക്തമായ ഉദ്ദേശത്തോടെ നടത്തിയ ഈ പരിപാടി വളരെ പെട്ടെന്ന് തന്നെ പൊളിക്കാന്‍ കഴിഞ്ഞത്‌ പോലീസിന്റെയും സി പി എം പ്രവര്‍ത്തകരുടെയും മറ്റും പ്രവര്‍ത്തനഫലമായാണ്. അല്ലായിരുന്നെങ്കില്‍ ഗുജറാത്തിലും മറ്റും പയറ്റി തെളിഞ്ഞ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള ആര്‍ എസ് എസ് ശ്രമം ഫലം കണ്ടേനെ.
ഇത്തരം ശ്രമങ്ങള്‍ ഇനിയും അവരുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പാണ്. കാരണം വര്‍ഗ്ഗീയത മാത്രമാണ് ആര്‍ എസ് എസ് -ബിജെപ്പി കൂട്ടുകെട്ടിന്റെ രാഷ്ട്രീയം. അതുകൊണ്ട് തന്നെ ഇതിനെതിരെ ജാഗരൂഗരായിരിക്കെണ്ടത് അത്യാവശ്യമാണ്. സോഷ്യല്‍ മീഡിയയും ജനം ടിവിയും ഉപയോഗിച്ചുള്ള വൃത്തികെട്ട വര്‍ഗ്ഗീയപ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കുക.-----ithaavum reason kodiyeri angane paryaan
സ്വന്തം നേതാവിനെ മുഖ്യമന്ത്രി ആക്കാതിരിയ്ക്കാൻ ഗുണ്ടാമണ്ഡലങ്ങളിൽ മനപ്പൂർവ്വം തോറ്റുകൊടുത്ത പ്രസ്ഥാനികളാ....
സാരമില്ല.ആ പ്രചരണത്തിൽ കഴമ്പില്ലെന്ന് പോലീസ്‌ മനസിലാക്കി.കാരണം അവിടെയെങ്ങും മഷിയിട്ട്‌ നോക്കിയാൽ പോലും ഒരു മുൻ മാർക്ക്സിസ്റ്റ്കാരനേപ്പോലും കാണാൻ കിട്ടില്ലല്ലോ.
RESMI said…
നിര്‍ഭാഗ്യവശാല്‍ അടുത്ത കുറച്ചുനാളുകളേ ആയുള്ളു ബ്ളോഗില്‍. അച്ചായന്റെ യാത്രകള്‍ അതുവഴി നട്ടപ്പിരാന്തന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഇന്റര്‍വ്യു വഴി പോങ്ങുംമൂട്ടിലേക്ക്. എഴുത്തിനെക്കുറിച്ച് ആധികാരികമായി വിലയിരുത്താനുള്ള കഴിവും അറിവും ഇല്ല്. എന്റെ പരിമിതമായ ബുദ്ധിക്ക് താത്പര്യമുള്ളതെന്തും വായിക്കും. ഹരിയുടെ എഴുത്ത് നന്നായി ആസ്വദിച്ചു,ഏറെയിഷ്ടമായി. ഒന്നിനേയും കൂസാത്ത എഴുത്ത് ....... ഞാനും തലസ്ഥാന നഗരിയില്‍ കുടിയേറിയ ഒരുവള്‍.....
നർമ്മത്തിൽ പൊതിഞ്ഞ ഗൗരവത്തോടെ ശ്രദ്ധാർഹമായ ചില കാര്യങ്ങൾ പങ്ക് വച്ചിരിക്കുന്നു. യോജിപ്പുകൾക്കും വിയോജിപ്പുകൾക്കും അപ്പുറം ചിന്തോദ്ദീപകമാണ് ഈ ലേഖനം. ആശംസകൾ!
ആർ.എസ്.എസ്, ബി.ജെ.പി ബ്രാൻഡ്
വർഗ്ഗീയത ‘ഹീന വർഗ്ഗീയത’യുമെന്ന് തരം തിരിക്കണോ?
ആരുടെ വർഗ്ഗീയതയും അപലപിക്കപ്പെടേണ്ടത് തന്നെയല്ലേ?
എതിർക്കപ്പെടേണ്ടതല്ലേ? ന്യൂനപക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക്
കാരണമാവുന്നുണ്ടോ എന്ന ഒരു പരിശോധന എങ്കിലും നടത്തപ്പെടേണ്ടതല്ലേ?

Popular posts from this blog

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ