പീതാംബരത്വം!

ഓരോ പുരുഷനിലും ഏറിയും കുറഞ്ഞും ഒരു പീതാംബരക്കുറുപ്പ് കുടികൊള്ളുന്നുണ്ട്. തർക്കിക്കാൻ ആളുണ്ടാവാം. എങ്കിലും പറഞ്ഞത് തെറ്റാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ പീതാംബരക്കുറിപ്പിനെ എറിയാൻ എടുത്ത കല്ല് എനിക്കുനേരേ തന്നെ എറിഞ്ഞുകൊണ്ട് ശ്രീമതി ശ്വേത മേനോന് നേരിടേണ്ടി വന്ന അപമാനത്തിൽ ഞാൻ പ്രതിഷേധിക്കുന്നു.

പീതാംബരക്കുറുപ്പ് എത്രമാത്രമാണോ ശ്രീമതി ശ്വേതയുടെ സ്ത്രീത്വത്തെ അപമാനിച്ചത് അതിലും പതിന്മടങ്ങായി അവരുടെ അവശേഷിക്കുന്ന മാനത്തെ മാധ്യമ ധർമ്മക്കാർ അപമാനിച്ചു എന്നാണ് കരുതേണ്ടത്. ഒരുപക്ഷേ, അധികമാരും അറിയാതെ പോവുമായിരുന്ന മാനക്കേടിനെ ചൂടാറാതെ രണ്ട് ദിവസം മലയാളികളുടെ സ്വീകരണ മുറികളിൽ വിളമ്പി അവർ ധർമ്മം പാലിച്ചു. ഇടത്തരവും മുന്തിയതുമായ പീതാംബരന്മാരെ മസാലക്കൂട്ടായി ചർച്ചയിൽ ചേർത്തത് വിഭവത്തിന്റെ ആസ്വാദ്യതയെ ഉയർത്തുന്നതായി. ഉണ്ടവർക്കും തൃപ്തി. ഊട്ടിയവർക്കും തൃപ്തി. മനസ്സിലാവാതെ പോവുന്നത് ഒന്നേയുള്ളു. വിളമ്പാനുള്ള വിഭവങ്ങളുടെ തിരഞ്ഞെടുപ്പിൽ മാധ്യമധർമ്മക്കാർ അനുവർത്തിക്കുന്ന മാനദണ്ഡം എന്താണ്? ശ്രീമതി ശ്വേതയുടെ മാനത്തകർച്ചയേക്കാൾ ഭീകരമായി മാനനഷ്ടം – ജീവനഷ്ടം പോലും - സംഭവിച്ച നിരവധി സ്ത്രീകൾ ആറിയ വാർത്താവിഭവമായി പോലും മാറുന്നില്ല. ഇരയും വേട്ടക്കാരനും സെലിബ്രിറ്റികളാവുമ്പോൾ അവർ സൃഷ്ടിക്കുന്ന വാർത്തകൾക്ക് ചൂടും രുചിയും ഏറുന്നതുകൊണ്ട് വിളമ്പുകാർക്ക് അത് ലാഭകരമാവുന്നു. ലാഭമുണ്ടാക്കുന്ന മാനക്കേടുകൾ തിരഞ്ഞ് ധർമ്മക്കാർ അലയുന്നു. നഗ്നയാക്കപ്പെട്ട് തെരുവിലൂടെ നടത്തപ്പെടുന്ന സ്ത്രീയും വെറിയുടെ രേതസ്സിൽ മുങ്ങി മരിച്ചു വീഴുന്ന പെൺകുട്ടിയുമൊക്കെ ക്യാമറയ്ക്ക് അരുചിയാവുന്നു. അവരുടെ മാനം എന്തുകൊണ്ടാണ് ഇത്ര വിലകെട്ടതായി മാറുന്നത്?

പീതാംബരന് എതിരെ ശ്വേത പരാതി കൊടുത്തത് സ്വമനസ്സാലെ ആയിരുന്നില്ലെന്നത് നിശ്ചയം. മാധ്യമങ്ങളുടെ ഇടപെടൽ തീർച്ചയായും അവരെ സ്വാധീനിച്ചിരിക്കുകയും നിവൃത്തിയില്ലാത്ത നിലയിൽ എത്തിക്കുകയും ചെയ്തിരിക്കാം. കൊടുത്ത പരാതി മണിക്കൂറുകൾക്കകം അവർ പിൻവലിച്ചതിന് ബാഹ്യഇടപെടലുകൾ അല്ല പകരം പീതാംബരൻ മാപ്പ് പറഞ്ഞതാണ് കാരണം എന്ന് കേൾക്കുന്നു. മാപ്പ് ചോദിക്കുന്നതും ചോദിച്ചാൽ കൊടുക്കുന്നതും നല്ല കീഴ്വഴക്കം തന്നെ. അനുകരണീയം. അതുവഴി പീതാംബരനും ശ്വേതയും മാത്രമല്ല കൊല്ലം കളക്ട്രറും രക്ഷപെട്ടു. മാപ്പ് കൊടുക്കാൻ കാണിച്ച മഹാമനസ്കത ശ്വേതയുടെ മിച്ചമിരിക്കുന്ന മാനത്തിന് കേടുപാട് വരുത്താൻ ഇടയാക്കിയേക്കും. കാരണം, ഈ മാനഭംഗം ശരിയാംവിധം മൂർച്ഛിക്കാതെ സ്ഖലിച്ചു തൂകിയതിൽ അതൃപ്തരായവർ ചില്ലറയാവില്ല.

ശ്വേത സംഭവസ്ഥലത്തുവച്ച് തന്നെ പ്രതികരിക്കാതിരുന്നതിന് കാരണമായത് അവരുടെ കറതീർന്ന പ്രൊഫഷണലിസമാണെന്ന് കേൾക്കുന്നു. തന്റെ മാനത്തേക്കാൾ വലുതാണ് താൻ മുഖ്യ അഥിതിയായി പങ്കെടുക്കുന്ന ചടങ്ങെന്ന് ഒരു സ്ത്രീ കരുതണമെങ്കിൽ അത് അത്രതന്നെ ശ്രേഷ്ഠമായ പ്രൊഫഷണൽ മനോഭാവം കൊണ്ട് തന്നെയാണ്. നന്നായി. എങ്കിലും ശ്വേത അറിയാതെ പോയ ഒരു ചെറുകാര്യമുണ്ട്. കുറുക്കനെ പേടിക്കാത്ത ഒരു കോഴിയും ഇല്ലെന്നത്. തന്റെ ശരീരത്ത് സ്പർശിക്കുന്ന പീതാംബരകരങ്ങളുടെ ‘കൈയ്യിലിരുപ്പ്’ ശരിയല്ലെന്ന് ബോധ്യമായ നിമിഷം പീതുവിന്റെ ഇരു ചെവികളിലും നന്നാല് സരസ്വതീകടാക്ഷമുള്ള വാക്കുകൾ വീതം നിക്ഷേപിച്ചിരുന്നെങ്കിൽ പീതു വള്ളപ്പാട് അകലെ മാറി നിൽക്കുമായിരുന്നു എന്നത് ഉറപ്പ്. കാരണം കോഴികൾ അങ്കവാലുള്ള ഭീരുക്കൾ കൂടിയാവുന്നല്ലോ! ചടങ്ങ് കായലാവാതെ, തന്റെ പ്രൊഫഷണലിസത്തിന് ഊനം തട്ടാതെ നാല് നല്ല വാക്കുകൾകൊണ്ട് തന്റെ സ്ത്രീത്വത്തെയും അത് പേറുന്ന മാനത്തെയും സംരക്ഷിക്കാൻ ശ്വേതയ്ക്ക് ആവുമായിരുന്നു എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ചീത്തയെന്ന് നമ്മൾ കരുതുന്ന പല വാക്കുകളും പലപ്പോഴും കോഴികളിൽ നിന്ന് രക്ഷനേടാൻ സ്ത്രീകളെ സഹായിക്കും. ബീപ് ശബ്ദത്തിന്റെ കൂട്ടില്ലാതെ അവ കോഴിക്കാതുകൾ നോക്കി വർഷിക്കാനുള്ള ശേഷി സകല സ്ത്രീകൾക്കും ഉണ്ടാവട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.

സങ്കൽപ്പത്തെയും അനുമാനത്തെയുമൊക്കെ കൂട്ടുപിടിക്കുന്ന സ്വഭാവം വളർത്തിയാൽ ഇനിയുള്ള കാലത്ത് പീതാംബരക്കുറുപ്പിനും മാനക്കേടില്ലാതെ പുലരാം എന്നാണ് എന്റെ കണക്കുകൂട്ടൽ. ഉദാഹരണത്തിന് ആവശ്യത്തിന് മൈദ മാവ് വാങ്ങുക. വെണ്ണ ചേർത്ത് നന്നായി കുഴയ്ക്കുക. കൈയ്യിൽ ഒട്ടിപ്പിടിക്കാത്ത പരുവത്തിൽ കുഴച്ചെടുത്തതിനു ശേഷം കണ്ണുകൾ ഇറുക്കിയടച്ച് കുഴച്ച മൈദമാവിൽ കൈകൊണ്ട് അമർത്തുക. എന്നിട്ട് മടി കൂടാതെ സങ്കൽപ്പിക്കുക. അത് കൊതിതോന്നിപ്പിക്കുന്ന പെണ്ണാളിന്റെ ഇന്നയിന്ന ഭാഗങ്ങളാണെന്ന്. അതുവഴി കാര്യമായ തോതിൽ ആശ്വാസം കണ്ടെത്താനാവും. പുറം തോട് കളഞ്ഞ രണ്ട് വാഴത്തണ്ട് കൂട്ടിക്കെട്ടി അതിനുമേൽ കമിഴ്ന്ന് കിടന്ന് അനുമാനിച്ചാലും മാനം കളയാതെ ആശ്വാസത്തെ പൂർണ്ണാർത്ഥത്തിൽ പ്രാപിക്കാവുന്നതാണ്. എന്നിട്ടും നിലക്കുന്നില്ല ആവേശമെങ്കിൽ ഉത്തമം കടുക്ക വെള്ളമാണ്. ഫലം നിശ്ചയം.

അപമാനിക്കപ്പെട്ട ശ്വേത മേനോനും അപമാനിച്ചതുവഴി അപമാനിതനായ പീതാംബരക്കുറിപ്പിനും വന്ദനം.

ബസ്സിലും ട്രെയിനിലും തീയ്യേറ്ററിലും ആളൊഴിഞ്ഞ നിരത്തുവക്കിലും ആളുനിറഞ്ഞ ഉത്സവപ്പറമ്പിലുമൊക്കെ പീതാംബരമോഡൽ പീഢനത്തിന് ഇരയാവുന്ന സകല ശ്വേതമാരോടും പറയട്ടെ. നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ കാണുന്ന പീതാംബരൻ ഞാൻ ആവില്ലെന്ന ഉറപ്പ് മാത്രമേ പുരുഷവർഗ്ഗത്തിൽ പെടുന്നവൻ എന്ന നിലയിൽ എനിക്ക് നൽകാനാവൂ.. മൈദമാവിനും വാഴത്തടയ്ക്കും തീർക്കാവുന്നത്ര കഴപ്പേ തന്നിലുള്ളുവെന്ന് വിശ്വസിക്കുന്ന ഏതൊരാണിനും മിച്ചമാവുന്ന ഒന്നുണ്ട്. നല്ല ഒന്നാന്തരം മാനം.

പുരുഷാ… നീ മൈദമാവിലൂടെ മാന്യനാവൂ.

എന്ന്,
പീതാംബരത്വം വെടിഞ്ഞ പോങ്ങ്സ്.
(ഒപ്പ്)

(ഫേസ്‌ബുക്കിൽ കുറിച്ചത്)

Comments

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

വേലിക്കകത്ത്, ഒറ്റപ്പെട്ട്...