ഉപസർഗം!

ഉപസർഗം!

ഒരു വാക്കിന്റെ മുന്നിൽ അതിന്റെ അർത്ഥത്തിന് വ്യത്യാസം വരുത്തികൊണ്ട് ഒട്ടി നിൽക്കുന്ന ശബ്ദമാണല്ലോ ഉപസർഗം.
ആ നിലയ്ക്ക് ‘പ്രതിപക്ഷം’ എന്ന വാക്കിൽ ഉപസർഗമായി നിൽക്കുന്നത് ‘പ്രതി’ ആണെന്ന് കാണാം. അത്രത്തോളം മലയാള വ്യാകരണം!

ഇനി വ്യാകരണം വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നാലോ. മലയാളക്കരയിലെ പ്രതിപക്ഷം ‘ഉപസർഗങ്ങൾ’കൊണ്ട് പെട്ടുപോയത് നമുക്ക് കാണാനാവും.

ടി.പി. ചന്ദ്രശേഖരന്റെ വധമാണ് വിഷയം. വിഷയത്തിന്മേൽ അവശേഷിക്കുന്ന പ്രതികൾ അഥവാ ഉപസർഗങ്ങൾ മൊത്തമായും ചില്ലറയായും സി.പി.ഐ.(എം) അനുഭാവികൾ ആണെത്രെ. മൂന്ന് പേർ അനുഭാവത്തിൽ മാത്രം ഒതുങ്ങുന്നവരല്ല. അവർ പൊടിക്ക് നേതാക്കന്മാരുമാണ്. പി.കെ കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, ‘ട്രൌസർ’ മനോജൻ എന്നീ മൂവരാണ് ‘ഉപസർഗ’ നേതാക്കൾ എന്ന് അറിയാൻ കഴിഞ്ഞു. ആരെയും നേരിൽ കാണാനോ പരിചയപ്പെടാനോ ഇന്നേവരെ ഭാഗ്യം ലഭിച്ചിട്ടില്ല. പക്ഷേ, അതല്ല എന്റെ സങ്കടം. വോട്ടവകാശം ലഭിച്ച് നാളിതേ വരെയായിട്ടും ഇലക്ഷൻ വന്നാൽ അരിവാൾ ചുറ്റിക നക്ഷത്രത്തിനല്ലാതെ ഒരു വോട്ട് കുത്താത്ത ഈ കുറിപ്പൻ അറിയുകയാണ് - അവൻ പൊടിയനായാൽ പോലും - മ്മടെ നേതാവിൽ ഒരുവന്റെ പേര് ‘ട്രൌസർ മനോജൻ’ എന്നാണെത്രെ!

അങ്ങനെ ഒരു പേർ നേതാവിന് പോയിട്ട് എന്നേപ്പോലെ സാദാ അലവലാതി അനുഭാവിക്ക് പോലും പാടുണ്ടോ? ‘കൌപീനം ഗോപി’ എന്നോ ‘ഷഡ്ഡി വാസു’ എന്നോ പേരായോ ഒരുവൻ എത്ര യോഗ്യനാണെങ്കിലും അവനെ നേതാവായി അംഗീകരിക്കാൻ വിവരദോഷം പോലും മതിയാകാതെ വരില്ലേ?! അതുകൊണ്ട് ‘ട്രൊസർ മനോജൻ’ ഇതുവരെ ഞാൻ വോട്ട് ചെയ്ത എന്റ് പ്രസ്ഥാനത്തിന്റെ നേതാവായി ഞാൻ പരിഗണിക്കുന്നില്ല.

അല്ലെങ്കിൽ എന്തിനാണ് ഞാനിങ്ങനെ പറഞ്ഞ് ഏറുകയും സ്നേഹിതരുടെ ശത്രുതയും പുലഭ്യവും അതൃപ്തിയും സൌജന്യമായി നേടുകയും ചെയ്യുന്നത്. അതിന്റെ ആവശ്യമില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ പുത്തരിയാവില്ല. അതുകൊണ്ടുതന്നെ ടി.പി.യുടെ രക്തത്തിനും രമയുടെ കണ്ണുനീരിനും മാത്രം എന്ത് പ്രസക്തി എന്ന് ചോദിച്ച് പരിഹസിക്കുന്ന എന്റെ സഖാക്കളോട് ഞാൻ ഒന്ന് പറയാം. ടി.പി.യുടെ വധത്തിൽ ഞാൻ ഇതുവരെ വോട്ട് ചെയ്ത എന്റെ പാർട്ടിയ്ക്ക് പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കുത്തരിച്ചോറ് ഉരുളയുരുളയാക്കി വിഴിങ്ങിയതുകൊണ്ട് മാത്രമല്ല ഈ വെളിപാട്. അത് മനസ്സിലാക്കാൻ സാമാന്യബോധം പോലും വേണ്ട എന്നുള്ളടത്താണ് സംഗതിയുടെ കിടപ്പ് വശം.

അല്പമെങ്കിലും തിരിച്ചറിവ്‌ പാർട്ടിയുടെ മണ്ടയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ഒന്നേ ചെയ്യാനുള്ളു. പറ്റിയ തെറ്റ് മടി കൂടാതെ സമൂഹത്തോട് വിളിച്ച് പറയുക. ആവർത്തിക്കില്ല ഇത്തരം ഹീനകൃത്യങ്ങൾ എന്ന് ദൃഢനിശ്ചയം എടുക്കുക. ഗുണ്ടകളുടെ നിഴൽതണുവിൽ നിന്ന് അഹന്തയുടെ ശരീരഭാഷ നേതാക്കൾ ഉപേക്ഷിക്കുക. ദരിദ്രരും നിസ്സഹായരും തൊഴിലാളികളും ആകെമൊത്തം പാവപ്പെട്ടവരും പാർട്ടിയുടെ നിലനിൽ‌പ്പിനുള്ള അസംസ്കൃത വസ്തുക്കളാണെന്ന ധാരണ വെടിയുക. എത്ര മുന്തിയ നേതാവായാലും വെടിയുണ്ട ബാഗിൽ കരുതാതിരിക്കുക. ഒരുവൻ പാർട്ടിയോടുള്ള കൂറും വിധേയത്വവും പുലർത്തുന്നത് കലശലായ ബുദ്ധിമാന്ദ്യം ഉള്ളതുകൊണ്ടാണെന്ന് ധരിക്കാതിരിക്കുക. കള്ളം പച്ചയോ മറ്റേത് നിറത്തിലുൾലതോ ആവട്ടെ അത് പറയാൻ തോന്നുമ്പോൾ കാലം മാറിയെന്ന് ഓർക്കുക. നാവടക്കുക. വെളിവും വെള്ളിയാഴ്ചയുമുള്ള സഖാക്കളെ മാത്രം ചാനൽ ക്യാമറയ്ക്ക് മുന്നിൽ ഇരുത്തുക. എത്ര വലിയ ‘രാധാകൃഷ്ണ’നായാലും അവന്റെ ‘ചാക്കി’ൽ കയറി ഓടിക്കളിക്കാതിരിക്കുക. സഹിഷ്ണുതയും വിധേയത്വവും പുലർത്തുക. നേതൃനാവുകൾ പുലഭ്യം പുലമ്പാതിരിക്കുക. തിരിച്ചറിവുകൾ ഉണ്ടായിരിക്കുക. പാഠം പഠിക്കാനുള്ളതാണെന്ന് അറിയുക. തെറ്റുകൾ തിരുത്തേണ്ടവയാണെന്നും. പ്രതിപക്ഷം പരാജിതരുടെ ഒരു കൂട്ടമല്ല. അവർ പ്രതികളുടെ പക്ഷവും അല്ല. ജനാധിപത്യസംവിധാനത്തിൽ അവർക്കുള്ള പ്രസക്തിയും ചെറുതല്ല. കളിക്കൂ... കാലം മാറിയതറിഞ്ഞ്.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 12 ൽ ഏറെ സീറ്റ് കോൺഗ്രസ്സ് നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനം. മാസങ്ങൾക്ക് മുൻപ് സ്ഥിതി ഇതായിരുന്നില്ല. സോളാർ തൊട്ട് വിഷയങ്ങൾ പലതുണ്ടായിരുന്നു പ്രതിപക്ഷത്തിന്. 2014 ലും മുഖ്യമന്ത്രിക്കസേരയിൽ ഉമ്മൻ ചന്തിയാണ് അമർന്നിരിക്കുന്നതെങ്കിൽ... എന്റെ പാർട്ടിയേ.... നിങ്ങൾ എവിടെയാണ്?

(പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് രൂപീകരിച്ച പരസ്പര സഹായസഹകരണ കമ്പനിയാണ് കേരളത്തിന്റെ ഭരണയന്ത്രം തിരിക്കുന്നതെന്ന് അറിയുമ്പോൾ തോന്നുന്ന ഒരു ഇണ്ടലുണ്ടല്ലോ...ഹോ!! )

ഓർക്കുക, നന്നായിരിക്കുന്നതിനേക്കാൾ നല്ലതാണ് കൂടുതൽ നന്നായിരിക്കുന്നത്!

(ഫേസ്‌ബുക്കിൽ കുറിച്ചത്)

Comments

Cv Thankappan said…
പരസ്പരസഹായ സഹകരണസംഘം!!!
ആശംസകള്‍
ajith said…
എല്ലാരും ഒരു വര്‍ഗമാണെന്ന് തിരിച്ചറിയുന്നത് നല്ലതാണ്

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ