മോദിഫോബിയ!
മലേറിയയോ ചിക്കൻ ഗുനിയയോ ജനിപ്പിക്കുന്ന ഭീതിപോലും എന്നിൽ മോദി ജനിപ്പിക്കുന്നില്ല. ഗുജറാത്തുകാരനായ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന വ്യക്തിയാണ് നരേന്ദ്രമോദിയുടെ പിതാവ് എന്ന് പറയുമ്പോൾ, അല്ല, മനുഷ്യമാംസം രുചിയോടെ ആസ്വദിച്ചിരുന്ന ഉഗാണ്ടക്കാരൻ ഈദി അമീൻ ആണ് ആളുടെ അച്ഛൻ എന്ന് വിശ്വസിച്ചുവിറച്ച് മുട്ടുകൾ കൂട്ടിയിടിപ്പിച്ച് ഞാനെന്തിന് എന്റെ മുട്ടുചിരട്ടകൾക്ക് ഡിപ്രീസിയേഷൻ വരുത്തണം! എനിക്ക് മോദിയെ പേടിക്കേണ്ട കാര്യമേയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ, മത വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്നവരെ തീവണ്ടികളിൽ കുത്തിനിറച്ച് അടുത്ത 5 വർഷക്കാലം മോദിയും കൂട്ടരും ഫ്രൈ ചെയ്ത് ഭക്ഷിക്കും എന്ന് അലമുറയിടാൻ മാത്രമുള്ള ബുദ്ധികൂർമ്മതയും ദീർഘദൃഷ്ടിയും എനിക്കില്ല. (ഭയം ബുദ്ധിയുടെ ലക്ഷണമാണല്ലോ! ) രാഷ്ട്രീയപാർട്ടികൾ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും രാഷ്ട്രീയവൈരികളെ ‘ഓർമ്മ’യാക്കുന്ന ‘കൊലാ’പരിപാടി വിജയകരമായി നടപ്പിലാക്കി വന്നിരുന്നത് കാര്യമായ ഭയപ്പാടോ പ്രതിഷേധമോ കൂടാതെ കണ്ടുവളർന്നവരാണ് നമ്മൾ കേരളീയർ. അങ്ങനെയുള്ള മലയാളികൾ മോദിയെപ്പോലൊരു മനുഷ്യനെ ഭയക്കുന്നു എന്ന് പറഞ്ഞാൽ അത് മലയാളക്കരയ്ക്കാകെ നാണക്കേടാണ്