‘ചീഫ് വിപ്പിനെ ആർക്കാണ് പേടി’
ഇന്നത്തെ എഡിറ്റോറിയൽ തലക്കെട്ടിലൂടെ മാതൃഭൂമി പത്രം ഇങ്ങനെ ചോദിക്കുന്നു! നാണവും മാനവും ഉള്ളവർക്കെന്ന് ഉത്തരമായി പറയാൻ കഴിഞ്ഞേക്കും. പക്ഷേ, സുക്ഷ്മനിരീക്ഷണത്തിൽ അത് തെറ്റുത്തരമാവുമെന്ന് കാണാം. കാരണം പി.സി.ജോർജ്ജിനെ ഇപ്പോൾ ഏറെ ഭയക്കുന്നത് കോൺഗ്രസ്സുകാരും പിന്നെ രണ്ടില കോൺഗ്രസ്സുകാരുമായിരിക്കണം. നാണവും മാനവും ആ ശുദ്ധാത്മാക്കളിൽ ആരെങ്കിലും ആരോപിച്ചാൽ പി.സി.ജോർജ്ജ് സാറിലും ഏഭ്യന്മാരായെ അവരെ ഗണിക്കേണ്ടതുള്ളു. നാണോം മാനോം മറ്റുമുള്ളവർക്ക് രാഷ്ട്രീയ പ്രവർത്തനം നടത്താനായേക്കും. പക്ഷേ, അത്തരക്കാർക്ക് ശരിയായ നിലയ്ക്കുള്ള സാമൂഹ്യസേവനം സാധ്യമാക്കാനാവില്ല.
എന്താണ് ശരിയായ നിലയ്ക്കുള്ള സാമുഹ്യസേവനം? അതിന് അങ്ങനെ ഒറ്റയ്ക്ക് പിടിച്ചാൽ പൊങ്ങാത്തത്ര വലിപ്പത്തിലൊരു നിർവ്വചനമൊന്നുമില്ല. അതായത് ഒരു ഗാന്ധിയൻ രാവിലെ ഉറക്കമുണർന്ന് ഖദർ ധരിക്കുന്നതുമുതൽ ആ മാന്യദേഹം ഖദറുരിഞ്ഞ് നിദ്രാദേവിയെ ക്രീഡിക്കാൻ തുടങ്ങുന്നതുവരെ ചെയ്യുന്നതെന്തും സാമൂഹ്യസേവനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഖദർ ധരിക്കുന്നതിനുമുൻപായുള്ള ചടങ്ങുകൾ- ഉദാഹരണത്തിന് ഒന്നിനു പോവുക. ഒന്നുകൊണ്ട് മുഷിയുമ്പോൾ രണ്ടിനു പോവുക – ഇതൊന്നും സാമൂഹ്യസേവനത്തിന്റെ ഗണത്തിൽ പെടുത്തിയിട്ടില്ലാത്ത കർമ്മങ്ങളാണ്. ഗാന്ധിയൻ ഖദർ ധരിച്ചുകഴിഞ്ഞാൽ ചെയ്യുന്ന ആദ്യത്തെ സാമൂഹ്യസേവനം ആവി പറക്കുന്ന ആട്ടിൻ പാൽ (കിട്ടാനില്ലെങ്കിൽ മാത്രം പശുവിൻ പാൽ) സേവിക്കുക എന്നതാണ്. ശരീരപുഷ്ടിക്കായാണ് ഈ കർമ്മമെന്ന് കരുതേണ്ടതില്ല. ക്ഷീരകർഷകരെ സഹായിക്കുക എന്നതാണ് ഇതിന്റെ മുഖ്യലക്ഷ്യം. ക്ഷീരകർഷകർ ഒരുവിധം രക്ഷപെട്ടെന്ന് ഉറപ്പിച്ചാൽ ഗാന്ധിയന്റെ ശ്രദ്ധ കോഴികർഷകരെ രക്ഷിക്കുക എന്നതിലേയ്ക്ക് ഫോക്കസ്സ് ചെയ്യും. അടുപ്പിലെ തിളയ്ക്കുന്ന വെള്ളത്തിൽ തുള്ളിക്കളിക്കുന്ന മുട്ടകൾ അതിനു തെളിവാണ്. തൊലിയുരിച്ച് കടവായ തുറന്ന് ഗാന്ധിയൻ അണ്ണാക്കിലേയ്ക്ക് തള്ളുന്ന പുഴുങ്ങിയ ഏത്തപ്പഴം ഏതൊരു വാഴകൃഷിക്കാരന്റെയും കണ്ണുകളിൽ ആഹ്ലാദനീരൊഴുക്കിന് കാരണമാവും.
ഇങ്ങനെ ലഘുവായ പ്രഭാത ഭക്ഷണത്തിനുശേഷമാണ് പ്രാർത്ഥന! വിശന്നവയറുകൊണ്ട് പ്രാർത്ഥിയ്ക്കുന്നത് രാജ്യത്തിന്റെ ശ്രേയസ്സിന് കോട്ടമാകുമെന്ന് ഓരോ ഗാന്ധിയനും വിശ്വസിക്കുന്നു. ദേശീയഗാനം ശ്രവിക്കുമ്പോൾ അർപ്പിക്കേണ്ട ശരീർഭാഷയാണ് ഗാന്ധിയൻ പ്രാർത്ഥനയ്ക്കും. ശരീരത്തെ അറ്റൻഷനാക്കി നിർത്തിക്കൊണ്ട് ഇരുകൈകളും ശരീരത്തോട് ചേർത്തുവച്ച് കണ്ണുകൾ വടക്കോട്ട് -ഡൽഹി - ലക്ഷ്യമാക്കി ഉറപ്പിക്കണം. മനസ്സ് ജൻപഥ് 10ലേയ്ക്ക് ഏകാഗ്രമാക്കണം. സാരിയുടുത്ത ഇറ്റലിയംബയെ മനസാസ്മരിക്കണം. അങ്ങനെ ഏതാനും നിമിഷങ്ങൾ… പിന്നെ ഒരു നിർവൃതിയോടെ മേശവലിപ്പിൽ നിന്ന് ആയിരത്തിന്റെ ഒറ്റനോട്ടെടുത്ത് ഗാന്ധിത്തല പുറത്തേയ്ക്ക് കാണുംവിധം കീശയിൽ നിക്ഷേപിക്കണം. തന്റെ കീശയിലൂടെയാണ് രാഷ്ട്രപിതാവ് അണികളെയും തന്റെ പ്രദേശത്തെയും ആകെമൊത്തം നിരീക്ഷിക്കുന്നതെന്ന ധാരണ പരത്തുവാനും ഇത് ഉപകരിയ്ക്കും. (ഇത്തരം ചില ഗ്ലാമറുകൾ മാത്രമാണ് സാമുഹ്യസേവനം നടത്തുന്ന ഒരു കോൺഗ്രസ്സുകാരന്റെ ആകെ നേട്ടം. )
അടുത്തതായി വരാന്തയിലും മുറ്റത്തും കൂടിനിൽക്കുന്ന ആവലാതിക്കാരെയും പരാതിക്കാരെയും നേരിടുക എന്നതാണ്. വല്ലാത്തവിധമൊരു സേവനവൈഭവം ഒരു ഗാന്ധിയൻ പ്രകടിപ്പിക്കേണ്ട സന്ദർഭമാണ് ഇവിടെ. ചിരിയാണ് സേവനായുധം. ലക്കും ലഗാനുമില്ലാതെ ചിലപ്പോൾ ചിരി വല്ലാത്തൊരുതരം ഇളിയായി മാറാനുള്ള സാധ്യതയുണ്ട്. എത്രയേറെ ശ്രദ്ധയാണ് ഓരോ ഖദറനും കൊടുക്കേണ്ടിവരുന്നതെന്ന് ഓർക്കുമ്പോൾ തന്നെ ദു:ഖം തോന്നുന്നു. 32 പല്ലും നാവിൻതുമ്പിന്റെ അല്പവും ഇടതടവില്ലാതെ കലാപരമായി പ്രദർശിപ്പിച്ചും സകല അലവലാതി സോറി ആവലാതിക്കാരന്റെയും പരാതിക്കാരന്റെയും പ്രശങ്ങൾ പരിഹരിച്ചും സദ്വാക്കുകൾ ചൊരിഞ്ഞും വാഗ്ദാനങ്ങൾ വർഷിച്ചും നടന്നുനീങ്ങുന്ന ഒരു ഗാന്ധിയൻ… കേരളം കണികണ്ടുണരുന്ന ഒരുപ്രഭാതകാഴ്ചയാണത്. സാമൂഹ്യസേവനം ലക്ഷ്യമാക്കിയിറങ്ങിയ ഒരു ജനനായകൻ തന്റെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ ചിരിയിലാറ്റി മുന്നേറുന്ന കാഴ്ച.. നിങ്ങളുടെ നാളെകൾ സമ്പദ്സമൃദ്ധമാക്കാൻ ഞാനുണ്ടെന്ന് പറയുന്ന ചിരി പ്രഭാത സൂര്യന്റെ കിരണങ്ങളിലലിഞ്ഞ് നാടെങ്ങും പരക്കും. ആവലാതിക്കാരുടെ ആരാധന നിറഞ്ഞ നോട്ടങ്ങളെ ‘ഇതൊക്കെയെന്തോന്നെന്ന’ നിസംഗതയിൽ
മുറ്റത്ത് നിരന്നികിടക്കുന്ന ടൊയോട്ട ഇന്നോവ, ടൊയോട്ട ഫോർച്യൂണർ, മിറ്റ്സുബിഷി പജീറോ, ലക്സസ് തുടങ്ങിയ കാറുകളിലേതെങ്കിലുമൊന്നിലേയ്ക്ക് പാലും മുട്ടയും പുഴുങ്ങിയ പഴവും അന്ത്യനിദ്രകൊള്ളുന്ന ശരീരത്തെ എടുത്ത് വയ്ക്കുക.
ഗാന്ധിയന്മാർ പൊതുവേ തറവാടികളും പാരമ്പര്യസ്വത്തുക്കാരുമായാണല്ലോ കണ്ടുവരാറ്. വിലകൂടിയ കാറുകൾ അപ്പനപ്പൂപ്പന്മാരിൽനിന്നും കൈമാറ്റം ചെയ്യപ്പെട്ടുകിട്ടിയവയാണ്. സധൈര്യം യാത്ര ചെയ്യാം. ‘നാടുകട്ടും അഴിമതികാട്ടിയും ഉണ്ടാക്കിയതാണെങ്കിൽ ഈ വതുവലുകള് ഇതൊക്കെ ഇങ്ങനെ പരസ്യമായി ഓടിച്ചു നടക്കുവോടോ കൂക്കേ’ എന്ന് മറ്റൊരുവനോട് ചോദിക്കാൻ മാത്രമുള്ള നിഷ്കളങ്കത നമ്മുടെ നാട്ടുകാർക്കുള്ളിടത്തോളം ഖദറന്മാരുടെ ചിരിയിൽ ചളിപ്പ് പുരളേണ്ട കാര്യവുമില്ല. അല്ലെങ്കിൽ തന്നെ ‘ഗുണമേന്മയുള്ള’ സേവനങ്ങൾ സാധാരണക്കാരന് ശരിയായ സമയത്ത് ലഭ്യമാക്കുവാൻ വേഗതയേറിയ വാഹനങ്ങൾ അത്യന്താപേക്ഷിതമാണ്! അതിവേഗം ബഹുദൂരത്ത് സേവനം ലഭ്യമാക്കൽ!! ഉദ്ദേശം എത്ര ശുദ്ധം!!! (പല ഗാന്ധിയന്മാരും ആഢംബരക്കാറിലിരുന്ന് തങ്ങൾക്ക് ലഭിച്ച പാരമ്പര്യസ്വത്തുക്കളെക്കുറിച്ച് അയവിറക്കുമ്പോൾ അവരുടെ മനസ്സിൽ ഒട്ടുപാല് പൊളിച്ചും പിണ്ടിപ്പാല് കുത്തിയും പശുവിനെക്കറന്നും കുടുംബം പുലർത്തിയ അപ്പന്റെ രൂപം ‘ഒരു മെല്ലിച്ച തെറ്റായി’ തെളിയുമെത്രെ! ഞാനല്ല, ചില ദോഷൈകദൃക്കുക്കൾ പറയുന്നതാണ് )
എതിനേറെ നീട്ടുന്നു. ഉച്ചയൂണ് കഴിഞ്ഞ് അല്പവിശ്രമത്തിനുശേഷം വീണ്ടും സേവനസന്നദ്ധതയോടെ ഗാന്ധിയന്മാർ നാടെങ്ങുമലഞ്ഞുവെന്നും സേവിച്ച് സേവിച്ച് അല്പസ്വല്പം ത്വരയൊന്നടങ്ങിയപ്പോൾ കുടുംബത്തുവന്ന് കയറി ഖദറുരിഞ്ഞ് നാളെക്കായി സൂക്ഷിച്ചും ക്ഷീണമകറ്റാൻ തനിക്കായി രണ്ടെണ്ണം സേവിച്ചും കാളയിറച്ചിയും കൂട്ടി അപ്പം പത്ത് കഴിച്ചും നല്ലപാതിയ്ക്കുവേണ്ട സഹായങ്ങൾ ഉത്സാഹപൂർവ്വം ചെയ്തുകൊടുത്തും സംതൃപ്തിയോടെ ഗാന്ധിയൻ ഒരുകുന്ന് സേവനസ്വപ്നങ്ങളും കണ്ട് ഉറങ്ങിയെന്ന് നമുക്ക് വിശ്വസിക്കാം. നാണം, മാനം തുടങ്ങിയ ഹീനഭാവങ്ങൾ ലളിതജീവിതം നയിക്കുന്ന, ഉയർന്ന ചിന്തകൾ പുലർത്തുന്ന ആ മഹത്‌വ്യക്തിത്വത്തെ ഉറക്കത്തിൽ പോലും അലോസരപ്പെടുത്തരുതേയെന്ന് പ്രാർത്ഥിയ്ക്കാം.
മാതൃഭൂമി ചോദിച്ച ഒരു ചോദ്യത്തിന് ഇപ്പോഴും വ്യക്തമായൊരുത്തരം നമുക്ക് ലഭിച്ചിട്ടില്ല. ലഭിക്കുകയുമില്ല. ഉമ്മൻ ചാണ്ടിപോലും പി.സി.യെ ഭയക്കുന്നുവെന്ന സംസാരം ഉയർന്നുവന്നിരിയ്ക്കുന്നു. അങ്ങനൊരു ഭയം ഉമ്മനുണ്ടെങ്കിൽ അതിന്റെ കാരണമെന്താവും?
*ഒന്ന് സങ്കൽപ്പിക്കുക.
ആർ. ശെൽവരാജ് എൽ.ഡി.എഫിൽ നിന്ന് കൂടും കുടുക്കയുമെടുത്ത് യു.ഡി.എഫിൽ വന്ന് പൊറുതി തുടങ്ങിയിട്ടുണ്ടല്ലോ. ശെൽവനെ വളച്ച് യു.ഡി.എഫിൽ കൊണ്ടെപൊറുപ്പിച്ചത് നമ്മുടെ പി.സി. ജോർജ്ജ് ആണെന്നത് അറിയാത്തവരില്ല. ‘ശെൽവു‘വിനെ ആകർഷിച്ചത് പി.സി.യുടെ തടിമിടുക്കോ നിരന്തരം സഭ്യതയുടെ അതിരിനുമപ്പുറത്തുകിടന്ന് നക്കുന്ന നാവോ ആവാനിടയില്ല. കുറച്ച് കോടി രൂപകൾ ശെൽവുവിന്റെ കീശയിൽ പി.സി. തിരുകി വച്ചുവെന്ന് വെറുതേ വിചാരിക്കുക. എ.ഐ.സി.സി.യുടെ മടിക്കുത്തിൽ നിന്നാണ് കോടികൾ വന്നതെന്നും ചുമ്മാ കരുതുക. ഉമ്മൻചാണ്ടിയുടെ കാർമ്മികത്വത്തിലാണ് കോടി സമർപ്പണം പി.സി. നടത്തിയതെന്ന് നേരമ്പോക്കിനായി സങ്കൽപ്പിക്കുക. പണി പാളിയോ? തന്റെ നേട്ടത്തിനായി കൂടെക്കിടക്കുന്ന- വരെക്കുറിച്ചുപോലും വേണ്ടിവന്നാൽ എന്ത് അരുതായ്കകളും വിളിച്ചുപറയാൻ മടിയില്ലാത്ത പി.സി എന്ന ആഭാസനെ ആരെങ്കിലും ഭയക്കുന്നുവെങ്കിൽ അത് പുറംലോകമറിയാൻ പാടില്ലാത്ത പ്രവർത്തികൾ ചെയ്യുന്നവരാവണം. പി.സി.യെ പിണക്കാൻ ഭയമില്ലാത്ത എത്രപേർ ഇന്ന് കേരളരാഷ്ട്രീയത്തിലുണ്ട്? ഉമ്മനും കൂട്ടരും മാണിയും മക്കളും വല്ലാത്തൊരു പെടലിലാണ് പെട്ടത്. ചീഞ്ഞ പി.സിയെ ചുമക്കുന്ന മുന്നണി അഴുകിയൊടുങ്ങുകയേയുള്ളൂ. മൂന്നരത്തരം.
*സത്യമാവാനിടയില്ലാത്ത ഒരൂഹം :)
Comments
- ഏറെക്കാലത്തിനുശേഷം പുതിയൊരു പോസ്റ്റ് നാട്ടുന്നു... :)
ആ അവസാന വരികളിലേ ഊഹം
സത്യമാണോന്ന് എനിക്കുമൊരു സംശയം ...
പണി പാളുമെന്നു കരുതിയാണോ .. ഈ പേടീ ?
എന്തായാലും നാവിന് എല്ലില്ലാത്ത ഇത്തരം
വീര്‍ത്ത വിപ്പുമാരേ എത്ര നാള്‍ സഹിക്കണം ..
ഒരു ഉളുപ്പുമില്ലാതെ എല്ലാം മറന്ന് ചെന്ന്
വോട്ടിടുന്ന പാവം ജനങ്ങള്‍ ..?
മധ്യതിരുവിതാങ്കൂറിലെ എല്ലാ ടൗണുകളില്‍ നിന്നും വടക്കേ മലബാറിലെ കുടിയേറ്റ മേഘലകളിലേക്കുള്ള "ഹോളിഫാമിലി" ബസുകള്‍ക്ക് അള്ളുവെച്ചാലോ???
ഈ പൂഞാറ്റിലെ ചങ്ങായീടെ വീക്നെസ് എന്താണാവോ ?
ഇയാളിനി മറ്റേ വിക്കിലീക്സ് ടീംസ്ന്റെ ആളോ മറ്റോ ആണോ?
എന്തായാലും വീണ്ടും വന്നതിനു നന്ദി പൊങ്ങ്സ് ചേട്ടാ