A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!

അയ്യപ്പൻ ചത്തു!

ചത്തു എന്ന പ്രയോഗം പലരിലും അലോസരമുണ്ടാക്കിയേക്കാം. എന്നാൽ അയ്യപ്പനെ അടുത്തറിയുന്നവർക്ക് ആ പ്രയോഗത്തിൽ അനാദരവിന്റെ അരുചി അനുഭവപ്പെടില്ല. അവർക്കറിയാം അയ്യപ്പന് ചാവനല്ലാതെ ദിംവഗതനാവാനോ നാടുനീങ്ങാനോ സമാധിയാവാനോ കാലംപൂകാനോ കാലയവനികയ്ക്കുള്ളിൽ ഒളിക്കാനോ ഒർമ്മയോ ചരിത്രമോ ആവാനോ എന്തിന് മരിക്കാൻ പോലുമോ കഴിയുമായിരുന്നില്ലെന്ന്!

അയ്യപ്പന്റെ മരണവാർത്ത കേട്ടപ്പോൾ ഹൃദയത്തിനുള്ളിൽ ഒരു മുള്ളൻപന്നി കൂർത്തുമൂർത്ത മുള്ളുകൾ വിരിച്ചോടുന്നത് ഞാനറിഞ്ഞു. തളരാത്ത കാലുകളോടെ ഉഗ്രവാശിയിൽ ഇപ്പോഴുമത് ഓടിക്കൊണ്ടിരിക്കുന്നതും എനിക്കറിയാനാവുന്നുണ്ട്. എ.അയ്യപ്പനെന്ന കവിയുടെയോ അദ്ദേഹത്തിന്റെ കവിതകളുടേയോ ഔന്നത്യം മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെങ്കിലും അയ്യപ്പേട്ടനെന്ന മനുഷ്യനെ കുറെനാളുകൾകൊണ്ട് കുറെയെങ്കിലും മനസ്സിലാക്കാനെനിക്ക് സാധിച്ചിരുന്നു. ഞാനൊരു കവിയല്ല. അയ്യപ്പേട്ടനൊരു ബ്ലോഗറുമല്ല. ലഹരിയാണ് ഞങ്ങൾ തമ്മിലുള്ള സൌഹൃദത്തെ വിളക്കിച്ചേർത്തത്.

ഏതാനും വർഷങ്ങൾക്കു മുൻപാണ്. തിരുവനന്തപുരത്തെ ഒരു ബാറിനു സമീപമുള്ള ഓടയിൽ നിന്ന് അപ്പോൾ പിറന്നുവീണ ഒരുപശുക്കുട്ടിയെപ്പോലെ വേച്ചുവേച്ച് പ്രാഞ്ചി പ്രാഞ്ചി നാലുകാലിൽ ഒരാൾ ഉദിച്ചുയരുന്നു. പിന്നെ, നാൽക്കാലിക്കിടാവ് ഇരുകാലിയായി നിന്നാടി. മുൻ‌കാലുകൾ ശോഷിച്ച രണ്ട് കരങ്ങളായി പരിണമിച്ച് ഉരിഞ്ഞുതൂങ്ങിയ ഉടുമുണ്ടിന്റെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടിരുന്നു. അന്ന് ഓടയിൽ നിന്ന് എന്റെ മുന്നിൽ ഉയർത്തെഴുന്നേറ്റ ആ ഇരുകാലി അയ്യപ്പേട്ടനായിരുന്നു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യകൂടിക്കാഴ്ച. പിന്നീട് എത്രയോ തവണ പരസ്പരം കണ്ടിരിക്കുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം പേറുന്ന വഴുവഴുത്ത വാക്കുകളിൽ അദ്ദേഹത്തെ കേട്ടിരിക്കുന്നു. അഴുക്കുപുരണ്ട ശരീരം കൊണ്ട് ആശ്ലേഷിക്കാനും അതിരുകടന്ന സ്വാതന്ത്ര്യത്തോടെ കീശയിൽ കൈയ്യിടാനും ഒരു ഓടയിൽനിന്നും അയ്യപ്പേട്ടൻ ഇനി ഉദിച്ചുയരില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയത്തിലെ മുള്ളൻപന്നി വീണ്ടും ശക്തിയോടെ കുതറിയോടുന്നു.

* * *

ഈ കുറിപ്പ് എഴുതുമ്പോൾ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോർച്ചറിയിൽ കേടാവാതെ സൂക്ഷിച്ചിരിക്കുകയാണ്. ആർക്ക് വിളമ്പുവാനായി? ജീവിതകാലം മുഴുവൻ ദു:ഖങ്ങളും ദുരിതങ്ങളും മാത്രമനുഭവിച്ച ഒരു മനുഷ്യന് മരണശേഷം പോലും നേരിടേണ്ടിവരുന്നത് അവഗണനയും അവഹേളനവും മാത്രം!!.
തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാൽ സംസ്കാരം മാറ്റിവയ്ക്കാൻ അയ്യപ്പന്റെ സുഹൃത്തുക്കൾ നിരന്തരമായി ആവശ്യപ്പെട്ടതുകൊണ്ടാണ് ഇന്ന് നടക്കേണ്ടിയിരുന്ന ചടങ്ങ് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയതെന്നാണ് സാംസ്കാരിക വകുപ്പ് പറഞ്ഞിരുന്നത്. ഏത് സുഹൃത്തുക്കൾ? ആരോട് പറഞ്ഞെന്ന്?
ചൊവ്വാഴ്ചയാണ് സംസ്കാരത്തിന് പറ്റിയ ദിവസമെന്ന് ബന്ധുക്കൾ അറിയിച്ചതുകൊണ്ടാണ് അന്നേയ്ക്ക് മാറ്റിയതെന്നാണ് പുതിയ വർത്തമാനം. ഏത് ബന്ധുക്കൾ? ആരോട് പറഞ്ഞെന്ന്? കഷ്ടം.

തിരുവനന്തപുരം ഭാഗത്ത് , ആത്മാവിന് ആചാരവെടികൊള്ളാൻ ഭാഗ്യമുള്ള പ്രമുഖന്മാർ മരിച്ചാൽ അവരെ വി.ജെ.ടി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്ന പതിവുണ്ട്. അയ്യപ്പന്റെ മൃതശരീരവും അവിടെ സാംസ്കാരികവകുപ്പ് ‘വിപുലമായ‘ രീതിയിൽ തീർത്തും സൌജന്യമായി പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ സംസ്കാരം മുൻ നിശ്ചയിച്ചപ്രകാരം തിങ്കളാഴ്ചയാക്കിയിരുന്നെങ്കിൽ അവിടെ അയ്യപ്പനെ പ്രദർശിപ്പിക്കാൻ സാംസ്കാരികമന്ത്രി ഇത്തിരി പുളിയ്ക്കും. കഴിഞ്ഞ 15-ആം തീയതി മുതൽ ഇന്നു(25-10-10) വൈകിട്ടുവരെ വി.ജെ.ടി ഹാൾ ‘ഹാൻഡിക്രാഫ്റ്റ്സ് മേള’ യ്ക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. (കരകൌശല വസ്തുക്കൾക്ക് 10% വരെ കിഴിവുമുണ്ട്.) അതുമാത്രമോ പ്രശ്നം. മരുന്നിനുപോലും വെടിവെക്കാനുള്ള (ആചാരവെടി) പോലീസുകാരോ തോക്കോ ഉണ്ടയോ പ്രദേശത്തെങ്ങുമില്ല. ഒക്കെയും തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ ക്രമസമാധാനം പരിപാലിക്കുന്ന തിരക്കിലാണ്. അത്യാവശ്യം ഉണ്ടവേണമെങ്കിൽ പിണറായി സഖാവിന്റെ കൈവശം കണ്ടേക്കാം. പക്ഷേ തോക്കില്ലാതെ ഉണ്ടകൊണ്ടുമാത്രമെന്ത് പ്രയോജനം. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റം അയ്യപ്പന്റേത് മാത്രമാണ് . ഏതായാലും ചാവണം എന്നാപ്പിന്നെ ഇലക്ഷനും ഡിസ്കൌണ്ട് മേളയുമൊക്കെ കഴിഞ്ഞ് അടുത്തമാസം ആദ്യവാരത്തോടുകൂടിയെങ്ങാനും അയ്യപ്പേട്ടനത് ആവരുതായിരുന്നോ!!

* * *
പറയുമ്പോൾ എല്ലാം പറയണല്ലോ. എനിക്കു തോന്നുന്നു ഈ വിവാദങ്ങളൊന്നും അയ്യപ്പേട്ടന്റെ ആത്മാവിനെ ഒന്നു സ്പർശിക്കപോലുമില്ലെന്ന്. ജീവിച്ചിരിക്കെ അത്രയേറെ തിരസ്ക്കരിക്കലുകൾക്കും അവഹേളനങ്ങൾക്കും പാത്രമായിരുന്ന ഒരു മനുഷ്യന്റെ ആത്മാവ്‌ മരണാനന്തരാവഹേളനങ്ങളെ തൃണവൽക്കരിക്കാനും പ്രാപ്തമാണ്.

സാംസ്കാരികവകുപ്പ് ഒന്നോർക്കുക. അവനിയാണവന്റെ അന്ത്യശ്വാസം സ്വീകരിച്ചത് . ഇനിയവന്റെ ശരീരത്തിനവകാശി അഗ്നിയുമാണ്. എത്രയും വേഗം തണുത്തുറഞ്ഞ ഇരുളറയിൽ നിന്നും ആ തെരുവുജീവിയുടെ ദേഹം മോചിപ്പിച്ച് അഗ്നിയ്ക്ക് സമർപ്പിക്കാനുള്ള സംസ്കാരമെങ്കിലും സാംസ്കാരിക വകുപ്പ് ദയവായി കാണിക്കുക.

* * *


രണ്ടുമാസങ്ങൾക്കുമുൻപ് അയ്യപ്പേട്ടൻ വീട്ടിൽ വന്നപ്പോൾ കളിയായി ഞാനൊരു കാര്യം ചോദിച്ചിരുന്നു ‘അയ്യപ്പേട്ടൻ സമൂഹത്തിനാണോ സമൂഹം അയ്യേപ്പട്ടനാണോ ശല്യമാവുന്നതെന്ന്...!; ലഹരിയിൽ കൂമ്പിപ്പോയ ഒരു ചിരിയായിരുന്നു മറുപടി.

നിങ്ങൾക്കെന്ത് തോന്നുന്നു : അയ്യപ്പൻ സമൂഹത്തിനായിരുന്നോ സമൂഹം അയ്യപ്പനായിരുന്നോ ശല്യമായിരുന്നത്?!

Comments

Pongummoodan said…
എ. അയ്യപ്പന്റെ മൃതദേഹം പറഞ്ഞതിലും നേരത്തേ തന്നെ വി.ജെ.ടി ഹാളിൽ നിന്നും പുറത്തെടുത്തേക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയ്ക്കായിട്ടാണിത്. സാംസ്കാരിക മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബാബുജോൺ, ഉഗ്രൻ ബുദ്ധിജീവിയായ കെ.ഇ.എൻ, ഇടത്തരം ബുദ്ധിജീവിയായ വി.കെ ജോസഫ് എന്നിവരാണ് ഇതിനായി അധികൃതരെ സമീപിച്ചതെന്നും പറയുന്നു. (മേപ്പടിയാന്മാരായ മൂന്നുപേരുടേയ്യും മുന്നിൽ ശ്രീ. ഇടാഞ്ഞത് സംസ്കാരശൂന്യതയല്ല. എന്റെ പിഴവാണ് ക്ഷമിക്കുക. ഏവരും ദയവായി ശ്രീ കൂട്ടി വായിക്കുക )
മരിച്ചിട്ടും പിന്തുടരുന്ന അവഗണന
Unknown said…
കഷ്ടം!

ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാർക്ക് ജനങ്ങളുടെ മേൽ കുതിരകേറാനും ബോംബെറിയാനും ഉള്ളതു കൊണ്ട് മരിച്ചവൻ ഇനിയും ഇരുന്ന് ചീയട്ടെ!

ജീവനുള്ളവരെ ചിതറിത്തെറിപ്പിക്കുന്ന വോട്ട് കുത്ത് പെരുനാളിൽ ചത്തുപോയൊരു തെരുവുഗായകനു എന്തു വില!

“ഏക് ദിൻ കാ സുൽത്താൻ” ആകാൻ കാത്തു നിൽക്കാതെ, അധികാര ധാർഷ്ട്യത്തിന്റെ മുഖത്തേക്ക് “പോടാ പുല്ലേ” എന്ന് പറയാൻ ധൈര്യമുണ്ടായിരുന്ന അരാജകത്വത്തിന്റെ ആത്മാരാമനോട് അധികാരവർഗം കാട്ടിയ പ്രതികാരം!

സാംസ്കാരിക നായകൾ! അതിനു പറ്റിയ മന്ത്രിയും.

അയ്യപ്പാ, നെഞ്ചൂക്കുള്ളവൻ മരിച്ചെന്ന ധൈര്യത്തിൽ അവന്റെ ആത്മാവിനു നേരെ വയ്ക്കുന്ന രാഷ്ട്രീയക്കാരന്റെ നെറിവുകേടിന്റെ ആചാരവെടി നിനക്കു വേണ്ടിയിരുന്നില്ലല്ലോ!
Manoraj said…
പൊങ്സ്..
ആദ്യം തിരികെ ബ്ലോഗ് എഴുതിതുടങ്ങിയതിലുള്ള സന്തോഷം അറിയിക്കട്ടെ.. പക്ഷെ അതിന് അയ്യപ്പന്‍ എന്ന കവി മരിക്കേണ്ടി (ചാവേണ്ടി) വന്നു എന്നത് വേദനാജനകം തന്നെ..

നമ്മുടെ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഒക്കെ ഭാവം കണ്ടാല്‍ അവരാണ് ഏറ്റവും മിടുക്കര്‍ എന്ന് തോന്നും. മരണത്തോട് വരെ നീതികാട്ടാന്‍ കഴിയാത്തവര്‍.. എന്തിന് വേണ്ടി ഇവര്‍ ആചാരവെടിയൊരുക്കണം.. കാക്കകള്‍ ആ ശരീരത്തില്‍ കാഷ്ടിക്കാതിരിക്കാനോ.. ചുള്ളിക്കാടിന്റെ വികാരം നിറഞ്ഞ ഒരു കുറിപ്പ് ഇന്നലെ അദ്ദേഹത്തിന്റെ ബ്ലോഗില്‍ വായിച്ചു. ഞാന്‍ മരിച്ചാല്‍ ആരും കരയരുത്.. ആരും ആചാരവെടി വെക്കരുത്. സര്‍ക്കാര്‍ എന്റെ ബോഡി ഏറ്റെടുക്കരുതെന്നൊക്കെ.. അയ്യപ്പന്‍ എന്ന കവി ചെയ്ത തെറ്റെന്താ.. കവിതയെഴുതി എന്നതോ.. ആ കവിതകളെ മലയാളികള്‍ നെഞ്ചേറ്റിയെന്നതോ.. ഒരു പക്ഷെ ആ ആര്‍.എം.ഒ.. ഒരു നല്ല സഹൃദയനാണെങ്കില്‍ ഇപ്പോള്‍ വേദനിക്കുന്നുണ്ടാവാം.. അയ്യപ്പനെ തിരിച്ചറിഞ്ഞതില്‍.. അല്ലെങ്കില്‍ ഇപ്പോള്‍ ആ ശരീരം ഏതെങ്കിലും പൊതു ശ്മശാനത്തില്‍ എരിഞ്ഞടിങ്ങിയേനേ.. ഇത് പോലെ നരകിക്കില്ലായിരുന്നു..
Anonymous said…
നല്ല എഴുത്ത്.
ഒരു കാര്യം ഉറപ്പ്
ഈ പോങ്ങുവിനെ വീണ്ടും പൊക്കാൻ അയ്യപ്പേട്ടനേക്കൊണ്ടായല്ലോ....!

ജനനം മുതൽ മരണം കഴിഞ്ഞിട്ടും വരെ അവഗണനകളാൽ വാഴ്ത്തപ്പെട്ട ഞങ്ങളുടെ ,പണ്ടത്തെ ഗെഡി അയ്യപ്പേട്ടന് വേണ്ടി ഇത്രയെങ്കിലും പറഞ്ഞത് ഗംഭീരമായി കേട്ടൊ.

പിന്നെ ഞങ്ങൾക്ക് പറയാൻ സാധിക്കാത്തത് താങ്കൾ പറഞ്ഞതിനൊരുഗ്രൻ അഭിനന്ദനവും...
hats off my dear..........!!!
perooran said…
സാംസ്കാരിക നായകൾ! അതിനു പറ്റിയ മന്ത്രിയും.
പൊങ്ങ്സ്,അയ്യപ്പൻ ഫാനാണന്നറിഞ്ഞിരുന്നില്ല.
മുപ്പത് വർഷം മുമ്പ് നടന്നൊരു സംഭവം ഇന്നും നടുക്കമുണ്ടാക്കുന്നു(എല്ലാവരും ആമരണവും ആഘോഷിക്കുമ്പോൾ ഇപ്പോൾ പറയുന്നത് ശരിയല്ല.നേരിൽ കാണുമ്പോൾ പറയാം).കവിതയുടെ പുതിയ ഭാവത്തിന്റെ ശക്തമായ ഭാഷയായിരുന്നു(ബുദ്ധനും ആട്ടിൻ കുട്ടിയും).ആരുടേയും വരുതിയിലാകാൻ വിസ്സമ്മതിച്ച അയ്യപ്പൻ അങ്ങനെ സർക്കാരിന്റെ വരുതിയിലായി.ഇതാ ഞാനവിടെയൊരു നാരകമരം നടുന്നു.
jayanEvoor said…
പോങ്ങൂ....

ബ്ലോഗിൽ തിരിച്ചെത്തിയതിൽ സന്തോഷം.

എല്ലാം നമ്മൾ ആഗ്രഹിക്കും പടി നടക്കില്ലല്ലോ, ലോകത്തിൽ....

അയ്യപ്പൻ അയ്യപ്പന്റെ വഴിക്കു പോയി, അനശ്വരതയിലേക്ക്...

ആർ ആർക്കു ശല്യം എന്ന് ആർക്കറിയാം!

അയ്യപ്പനായാലും, ഞാനായാലും, പോങ്ങ്സ് ആയാലും....

(ഞാൻ തിരുവനന്തപുരത്തു നിന്നു പോയി. ട്രാൻസ്ഫർ. തൃപ്പൂണിത്തുറയാണിപ്പോൾ. ഫോണെടുക്കാത്തതുകൊണ്ട് ഇവിടെ ഓഫ് ആയി കുറിക്കേണ്ടി വന്നതിൽ ക്ഷമാപണം.)
മുകളില്‍ പറഞ്ഞ ബുദ്ധി(യില്ലാത്ത) ജീവികള്‍ക്ക് 'ശ്രീ' ചേര്‍ക്കാതിരുന്നത് നന്നായി. ഈ പോസ്റ്റിന്‍റെയും, അയ്യപ്പെട്ടന്‍റെ ആത്മാവിന്‍റെയും 'ശ്രീ' നഷ്ട്ടമായേനെ.
"അയ്യപ്പൻ സമൂഹത്തിനായിരുന്നോ സമൂഹം അയ്യപ്പനായിരുന്നോ ശല്യമായിരുന്നത്?"

സമൂഹമെന്ന ജാഢയ്ക്ക്,ഒരു ശല്യമായിരുന്നു എന്നുപറയാം.
Maranathilum jeevikkunnavar...!

Adaranjalikal...!!!
പൊങ്ങുവിന്റെ ഭാഷ..
പൊങ്ങുവിന്റെ ശൈലി..

വായിച്ചാല്‍ പക്ഷേ മേലോട്ട് വെടിവെച്ച് ആദരവ് കാണിക്കുന്ന സാംസ്ക്കാരിക(അതോ സംസ്ക്കാരമില്ലാത്തതോ) വകുപ്പിനും മന്ത്രിക്കുമൊന്നും മനസ്സിലായെന്ന് വരില്ല.

പക്ഷേ അയ്യപ്പേട്ടന് മനസ്സിലാകും. ഉള്ള് നിറഞ്ഞ് അനുഗ്രഹിച്ചെന്നും വരും ലഹരി പങ്കിട്ട കൂട്ടുകാരനെ.

ഉള്ളിലെ അണക്കെട്ട് വല്ലപ്പോഴുമൊക്കെ, ആ മുള്ളന്‍പന്നിയെ അവഗണിച്ച് ഒന്ന് തുറന്ന് വിട് ന്റെ പൊങ്ങൂ...
Muzafir said…
ayyappanu achara vedi muzhakkuka ennathu thanne addhehathinte shavathe nokki konjanam kuthunnathinu thulyamaanu..enthinaanu ee saamskaarika naayakanmaar..aareyaanu kshanichathu aarudeyum bhahumaanam ayyappanu venda..athayaal aagrahichittumilla
oru orkut suhruthu ezhuthiya pole :
അയ്യപ്പന്‍ ആവശ്യപ്പെട്ടിരുന്നോ സര്‍ക്കാരേ നിങ്ങളുടെ സല്‍ക്കാരം?

വ്യവസ്ഥയാഗ്രഹിക്കാത്ത
സനാഥത്വമാഗ്രഹിക്കാത്ത
സ്വാര്‍തതയാഗ്രഹിക്കാത്ത
കവി പാരതന്ദ്രത്തിന്‍റെ തടങ്കലില്‍

ശവത്തിന്‍റെ അവകാശവും നിഷേധിച്ച്
സൌകര്യപ്പെടുമ്പോള്‍ കത്തിച്ചു കളയാം
എന്ന് കരുതി കൂട്ടിലടച്ചു നിന്ദിക്കുന്നു
കാക്കി കസര്‍ത്തില്‍ അന്ത്യ പൂജ കണ്ടു പിടിച്ചതാരാണ്?

ശവത്തിനുമൊരു വിശപ്പുണ്ട്
മണ്ണ് തേടുന്ന വിശപ്പ്‌
അപമാനിക്കല്‍, ക്രൂരത, അനീതി

ചത്തവന്‍റെ മൂല്യം നോക്കി തീരുമാനങ്ങള്‍ .
സൌകര്യപ്പെടാത്തവര്‍ക്കായി മാറ്റി വച്ച് കൊണ്ടേ കത്തിപ്പാഘോഷം !

ഇവിടെ എന്ത് തോന്ന്യാസങ്ങളും നടക്കും
തോന്നിയ ആഭാസങ്ങള്‍ !!!!

വെള്ളക്കാരനേയും ഇങ്ങനെ പെടിച്ചിട്ടില്ല -
സാഹിത്യ സാംസ്കാരിക കാരണവന്മാര്‍ ടൂറിലാണ്
വോട്ട് ബാങ്ക് രാഷ്ട്രീയവും അഭിനവ മാധ്യമ ധര്‍മ്മം എന്ന കച്ചവടവും സമൂഹത്തിനു പുതിയ മുഖം തന്നെ തീര്‍ക്കുമ്പോ ... ആദര്‍ശവാന്മാരെ മാത്രമല്ല ആദര്‍ശങ്ങളെ തന്നെ വയ്ക്കും മോര്‍ച്ചറിയില്‍.... എത്ര കാലം വേണമെങ്കിലും.
നല്ല അമര്‍ഷം മനസിലുണ്ട്..
പക്ഷെ എന്ത് ചെയ്യാം.. വേണമെങ്കില്‍ ഈ സമൂഹം എന്റെയല്ല എന്ന് പറഞ്ഞു പ്രതികരിക്കുന്നത് തന്നെ നിര്‍ത്താം.
ചത്തിറ്റും തീരുന്നില്ലല്ലോ ഈ അനാദരവ് അല്ലേ .ശവത്തിനെന്ത് ആദരം, എന്ത് അനാദരം ?
നാറുന്ന വ്യവസ്ഥിതിയില്‍ ശവത്തിന്റെ നാറ്റം ആരറിയാന്‍ .അതും എ.അയ്യപ്പന്റെ .

അഹോ ! കഷ്ടം !
സംസ്കാരോന്നതിയോ ഇത്
അതോ സംസ്കാരശൂന്യതയോ
ആത്മാവു വിട്ടൊഴിഞ്ഞൊരീ
ദേഹത്തെയെന്തിനു നീ
ആചാരവെടിയുതിര്‍ക്കുന്നു
ആണായിരുന്നൊരീ പാന്ഥന്റെ
വിരിമാറില്‍ തന്നെയുതിര്‍ക്കാനെന്തേ
നിനക്ക് ധൈര്യമില്ലായിരുന്നോ ?
പറയേണ്ടത് പറഞ്ഞിരിക്കുന്നു, നന്നായി.
J.D.Charles said…
ഇവര്‍ക്കാര്‍കും അയ്യപ്പേട്ടനെ ...അറിയില്ല ..അയ്യപ്പേട്ടന്റെ ഫിലോസഫി അറിയില്ല ..... അകെ സാംസ്ക്കാരിക വകുപ്പിന് അറിയാവുന്നത് ഏതോ കവിയാണെന്ന് മാത്രം ...ജീവിച്ചിരുന്നപ്പോള്‍ ഇതില്‍ കൂടുതല്‍ ബഹുമാനവും സ്നേഹവും ...അയ്യപ്പേട്ടന് കിട്ടിയിരുന്നു ...സാംസ്ക്കാരിക വകുപ്പിന്റെ ..സാംസ്ക്കാര ശൂന്യത ..പരിതാപകരം ...!
തെരുവില്‍ മുഷിഞ്ഞലഞ്ഞു പാടിയെങ്ങാനും ചത്ത്‌ പോയാല്‍
മോര്ച്ചരിപ്പുരയിലാക്കും കമ്മ്യൂണിസം
പക്ഷെ, വിഷമിക്കണ്ട
തണുത്ത നാറിയവിടെ ബോറടിച് കിടന്നാലെന്ത്
ബഹുമതിപ്പൂരത്തില്‍ കത്തിച്ചലങ്കരിച്ചു
ബോണസ്സായി അവാര്‍ഡും തരപ്പെടുത്തും പേരിലായി.
തെരുവ് തെണ്ടി പാട്ടുകാരെ
നിര്‍ഭയം പാടിയലഞ്ഞു വീഴുവിന്‍
കാത്തിരിപ്പൂ ചാക്കാലയില്‍ ബഹുമതി പീപ്പികള്‍.
K.P.Sukumaran said…
നന്നായി പറഞ്ഞിരിക്കുന്നു ..
Dear Pongummudan

welcome back

let me read and come back

snehapurvam..
saju john said…
കവി ശ്രീ. അയ്യപ്പന്റെ കവിതയെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ തീര്‍ത്തും നിരക്ഷരനാണ്.

പക്ഷെ ഒന്നെനിക്ക് വായിച്ചറിയാം,ഹരിയുടെ വാക്കിലൂടെ എത്രമാത്രം “അയ്യപ്പേട്ടനെ” സ്നേഹിച്ചിരുന്നെന്ന്.

വെറുതെയല്ല ആളുകള്‍ പറയുന്നത്, ഹരിയുടെ വലിയ ശരീരത്തില്‍, അതിനെക്കാള്‍ വലിയതും സ്നേഹം തുളുമ്പുന്നതുമായ ഒരു ഹൃദയമാണുള്ളതെന്ന്.
saju john said…
കവി ശ്രീ. അയ്യപ്പന്റെ കവിതയെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ തീര്‍ത്തും നിരക്ഷരനാണ്.

പക്ഷെ ഒന്നെനിക്ക് വായിച്ചറിയാം,ഹരിയുടെ വാക്കിലൂടെ എത്രമാത്രം “അയ്യപ്പേട്ടനെ” സ്നേഹിച്ചിരുന്നെന്ന്.

വെറുതെയല്ല ആളുകള്‍ പറയുന്നത്, ഹരിയുടെ വലിയ ശരീരത്തില്‍, അതിനെക്കാള്‍ വലിയതും സ്നേഹം തുളുമ്പുന്നതുമായ ഒരു ഹൃദയമാണുള്ളതെന്ന്.
പോങ്ങുവിന്റെ പോസ്റ്റിനു താഴെ ഞാനും ഒപ്പിടുന്നു, ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും മാനിയ്ക്കാത്ത/ അപഹസിക്കുന്ന നാറിയ രാഷ്ട്രീയം... എന്തു പറയാൻ.. സ്വന്തം വോട്ടിന്റെ പോലും വിലയറിയാത്ത നാം തന്നെ ഇതിനു കാരണം..
സ്വന്തം കാര്യം നോക്കാന്‍ തന്നെ നേരമില്ലാത്ത ഇവറ്റകള്‍ക്ക് എന്തു അയ്യപ്പന്‍ ...ഇതും വായിച്ചാലും

അയ്യപ്പന്‍റെ ശവവും അനാഥം..!!!!
അലി said…
നന്നായി പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങൾ!
Sabu Hariharan said…
കഷ്ടമാണ്‌.. ദുഖമുണ്ട്..വേറെന്തു പറയാൻ?..
Anonymous said…
താങ്കളുടെ പ്രതിഷേധം കൃത്യമായി പകര്‍ന്നു തരുന്നുണ്ട് വാക്കുകള്‍. ചുള്ളിക്കാടു മാഷിന്റെ protest പോസ്റ്റ് ഇന്നലെ ടി.വി.യില്‍ കാണിച്ചിരുന്നു.ഫേസ്ബുക്ക് എന്നാണു പറഞ്ഞത്. കരിമ്പനാല്‍ ആര്‍ക്കേഡിന്റെ മുന്‍വശത്തെ മതിലില്‍ ചിലപ്പോഴൊക്കെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പോയി മിണ്ടുവാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഇനി പറഞ്ഞു കേട്ട ചില കാര്യങ്ങള്‍-വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം നവലോകത്തില്‍ ജോലി ചെയ്തിരുന്ന കാലത്താവണം, തിരു. ലോഡ്ജില്‍ താമസിച്ചിരുന്നു. അറിവിന്റെ നിറകുടമായിരുന്ന അദ്ദേഹത്തെ കാണാനും സംസാരിക്കാനും ധാരാളം കോളേജു കുട്ടികള്‍ ചെല്ലുമായിരുന്നു. അന്ന് ജന്റില്‍മാന്‍ എന്ന ആംഗലേയ പ്രയോഗത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. സുരപാനമില്ലാത്ത, വായിക്കുന്ന,എഴുതുന്ന, പാണ്ഡിത്യമുള്ള, പട്ടുപോലുള്ള , ആരോടും ഹൃദ്യമായി ഇടപെടുന്ന സാധാരണ മനുഷ്യന്‍. ചെറുപ്പക്കാര്‍ക്ക് ഒരു റോള്‍ മോഡല്‍! അവിശ്വസനീയം, അസത്യം എന്നെല്ലാം പറയാന്‍ തോന്നുന്നില്ലേ? ആ മനുഷ്യന്‍ എങ്ങനെ ഇവ്വിധം മാറിപ്പോയി? എന്തുകൊണ്ട്? അദ്ദേഹത്തിന്റെ സുരപാനം വലിയൊരു കാര്യമായി പലരും ആഘോഷിക്കുന്നതു കേട്ടിട്ടുണ്ട്. വളരെ ഉയരങ്ങള്‍ കീഴടേക്കേണ്ടിയിരുന്ന ആ വലിയ മനുഷ്യന്റെ അധഃപതനമായേ എനിക്കു തോന്നിയിട്ടുള്ളു. ആരെങ്കിലും ഒരു സൈക്കോളജിസ്റ്റിന്റെ അടുത്ത് എത്തിച്ചിരുന്നെങ്കില്‍ ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹം അനുഭവിച്ചിരുന്ന ദുഃഖത്തിനും ശമനമുണ്ടാവുമായിരുന്നു, മലയാള സാഹിത്യലോകത്തിനു ഈടുറ്റ സംഭാവനയും കിട്ടുമായിരുന്നു. നമുക്കു ചെയ്യാന്‍ കഴിയാത്ത, എന്നാല്‍ മറ്റുള്ളവര്‍ ചെയ്യണം എന്നു നമ്മള്‍ പ്രതീക്ഷിക്കുന്ന പല കാര്യങ്ങളില്ലേ, അതു പോലൊന്ന് ഇക്കാര്യവും! :) :)
baijumerikunnu said…
ചത്തവന്‍ ആറടി മണ്ണ് തേടുന്നു ,,,

മേല്‍വിലസമില്ലാതവന്റെ ധുര്യോഗങ്ങള്‍ക്ക്

കാലം സാക്ഷി ......

കനപ്പെട്ട മടിശീലയില്ലാത്തവന്‍

പിടക്കുന്ന തെരുവിന്റെ നേരാണ്

തെരുവിന്റെ ചൂരറിയാത്തവര്‍

തെരുവിന്റെ സത്യത്തെ വ്യഭിചരിക്കുന്നു

ചത്തവന്റെ അവകാശത്തെ

ചത്തവന്റെ ഉണ്മയെ കൊല്ലുവാന്‍

ആരുടെ ഉള്ളമാണ് തുടിക്കുന്നത്
മരിച്ചത്‌ വ്യാഴം...

പുറംലോകം അറിഞ്ഞത്‌ വെള്ളി...

പിന്നെ ഒരു ശനി...

സംസ്കാരം എന്തുകൊണ്ട് ഞായഴാർച്ച നടത്തിയില്ല....

അയ്യപ്പന്‌ വേണ്ടി ഒരു അവധി കളയാൻ ആർക്കും താല്പര്യമില്ല... ഹല്ല പിന്നെ...
ശ്രീമതി മൈത്രേയി പങ്കുവച്ചത് പുതിയ ഒരു അറിവ്. റ്റി വിയില്‍ മാത്രമേ ശ്രീ അയ്യപ്പനെ കണ്ടിട്ടുള്ളു. ഒരു വലിയ മനുഷന്റെ അധപതനജീവിതമാണ് ആ നിഴല്‍ചിത്രങ്ങള്‍ക്ക് പകര്‍ന്നു തരാന്‍ കഴിഞ്ഞത് .. അവിശ്വസനീയം !! മദ്യം - ലഹരി - അധപതനം.
മരിച്ചില്ലേ. ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിടൂ എന്ന് പരേതാത്മാവ്.....

അയ്യോ പറ്റില്ല, നമുക്ക് നിങ്ങളെ ഒന്ന് ആദരിക്കണ്ടേ... പോട്ടെ, ഒരു വെടിയെങ്കിലും വയ്ക്കണ്ടേ എന്ന് സാംസ്കാരിക വകുപ്പിന്റെ മറു വാക്ക്.!!

കഷ്ട്ടം....
yousufpa said…
കാലം അയ്യപ്പേട്ടനെ ക്രമേണ മറക്കും.പിന്നെ അയ്യപ്പേട്ടൻ ആർക്ക് ശല്യക്കാരനാവാൻ?.
അയ്യപ്പന്‍ പറഞ്ഞു-


“ മൃത്യുവിന് ഒരു വാക്കേ ഉള്ളു
വരൂ, പോകാം“ *

അയ്യപ്പന്‍ പോയി.

അയ്യപ്പനില്ലാത്ത ശരീരം
ആചാരവെടിക്കാരുടേയും
മന്ത്രിമാരുടേയും
സൌകര്യം കാത്തു കിടന്നാല്‍
അയ്യപ്പനെന്ത്?
സമയമെത്തുമ്പോള്‍
അവരുടെ കാതിലും ആ വാക്കെത്തും
വരൂ പോകാം
Anonymous said…
അയ്യപ്പണ്റ്റെ വഴിയെ പോയവരായിരുന്നു കടമ്മനിട്ടയും ചുള്ളിക്കാടും പക്ഷെ അവര്‍ മദ്യത്തില്‍ നിന്നും രക്ഷപെട്ടു പക്ഷെ അതോടെ അവരുടെ എഴുത്തു പോയി എന്നാണു എണ്റ്റെ അഭിപ്രായം ഇന്നു ചുള്ളിക്കാട്‌ ഒരു വലതുപക്ഷമായി മാറി എന്നു പറയാം, മദ്യപാനം ഉണ്ടെങ്കിലും അതു വീ ഐ പികളുടെ കൂടെയേ ഉള്ളു, ഭാര്യക്കു ശല്യമില്ല താനും, ഈ ജോണ്‍ ഏബ്രാഹാമും അയ്യപ്പനും പറഞ്ഞുവന്നാല്‍ ലോഹിത ദാസും വേണു നാഗവള്ളിയും എം ജീ രാധാക്രിഷ്ണനും ഗിരീഷ്‌ പുത്തഞ്ചേരിയും എല്ലാം മദ്യം കാരണം ആണു മരിച്ചത്‌, മദ്യം ഇല്ലാതെ എഴുത്തു നടക്കില്ലേ ? എന്നൊന്നുമില്ല. എം ടി തന്നെ മദ്യപിച്ചു താന്‍ ഒന്നും എഴുതിയിട്ടില്ലെന്നു പറഞ്ഞു കാക്കനാടന്‍ മുഴുക്കുടിയന്‍ ആയിരുന്നപ്പോഴാണു നല്ല നോവലുകള്‍ പിറന്നത്‌ പുനത്തില്‍ ഇപ്പഴും മദ്യപിക്കും എഴുതുകയും ചെയ്യും, പക്ഷെ ഒരു സ്റ്റാന്‍ഡേറ്‍ഡില്ലാതെ മദ്യം മാത്റമാണു ജീവിതം എന്നു പറഞ്ഞു നടക്കുന്നവരെ ഗ്ളോറിഫൈ ചെയ്യരുത്‌, മദ്യപനു എങ്ങിനെയും കുടിക്കണം എന്നെയുള്ളു, അല്ലാതെ ഒരു അജണ്ടയും ഇല്ല താനും. മദ്യപാനം പണമില്ലാതെ നടക്കില്ല അല്ലെങ്കില്‍ വാങ്ങി കൊടൂക്കാന്‍ ആളുവേണം ഒരാള്‍ എത്റ വാങ്ങി കൊടുക്കും അപ്പോള്‍ സ്പോണ്‍സറെ തേടി അലയണം ലോഡ്ജുകള്‍ നിരങ്ങണം തിരിച്ചു നല്‍കാന്‍ എന്തെങ്കിലും എഴുതി പാടണം , കുടിയും പാട്ടും ഒക്കെ കൊള്ളാം പക്ഷെ അങ്ങിനെ വിശ്വസാഹിത്യം ഒന്നും ഉണ്ടായിട്ടില്ല, സറ്‍ക്കാറ്‍ ഇതില്‍ ഇടപെടണ്ട കാര്യം തന്നെ ഇല്ല, മരിക്കുന്നവറ്‍ മരിക്കട്ടെ, എന്തിനു വെടിയും ഘോഷവും
അയ്യപ്പനെ ഞാനും പലവട്ടം കണ്ടിട്ടുണ്ട്.
ഓരോ കണ്ടു മുട്ടലുകളും ഇന്നും ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു.
മുഷിഞ്ഞ വേഷത്തില്‍,
കോതിയൊതുക്കാത്ത ചെളി പുരണ്ട തലമുടിയുമായി
കവിത ചൊല്ലുന്ന നിലയില്‍,
യാചകന്റെ രൂപത്തില്‍,
മദ്യപിച്ചു ലക്കു കെട്ട നിലയില്‍,
ഉടു മുണ്ടു നഷ്ടപ്പെട്ടനിലയില്‍..
................................
അവയെല്ലാം തിരുവനന്തപുരത്തെ ഓരോ തെരുവുകളില്‍ വച്ചായിരുന്നു.
പലപ്പോഴും ,ജീവിതത്തിന്റെ നിസാരതയെ നാം തിരിച്ചറിയുന്നത് തെരുവു കാഴ്ചകളിലൂടെയാണ്.
"നവലിബറല്‍ കാഴചകള്‍ " എന്നാണ്‌ ഒരു പ്രമുഖ സാഹിത്യകാരന്‍ ഈ " തെരുവു കാഴ്ചകളെ" തന്റെ നോവലില്‍ പരാമര്‍ശിച്ചത്..!!!
ആ പരാമര്‍ശം ശരിയാണോ എന്നറിയില്ല.
ഒരു പക്ഷെ ശരിയാണെങ്കില്‍
അയ്യപ്പനും അത്തരമൊരു നവലിബറല്‍ കാഴ്ച യായിരുന്നു.
തോന്ന്യാസി യായ ഒരു വിപ്ലവകാരി..
വാക്കുകളില്‍ അഗ്നി നിറച്ചയാള്‍..
അയ്യപ്പന്റെ വിപ്ലവം കവിതയോടും,പ്രതിഷേധം സ്വന്തം ജീവിതത്തോടും ആയിരുന്നു
ആ മനുഷ്യന്റെ മരണം എന്നെയും നീറ്റുന്നുണ്ട്.അയ്യപ്പനോടുള്ള ഈ അവഗണന എന്നെയും വല്ലാതെ വേദനിപ്പിക്കുന്നു.

ഒരിക്കല്‍ ..
എന്റെ കൈയ്യിലുണ്ടായിരുന്ന അയ്യപ്പന്റെ കവിതാ പുസ്തകം വാങ്ങി വലിച്ചെറിഞ്ഞ് "ഇനി മേലില്‍ ഈ താന്തോന്നിയുടെ പുസ്തകം നീ വായിക്കരുത്" എന്നു പറഞ്ഞ എന്റെ വല്യമ്മാവനും ഇന്നു കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു..
അമ്മാവന്‍ വെറുത്തത് അയ്യപ്പന്റെ ജീവിതത്തെ ആയിരിക്കാം.അയ്യപ്പന്റെ കവിതകളെ വെറുക്കാന്‍ ആര്‍ക്കും കഴിയില്ല.

അയ്യപ്പന്റെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു..
പൊങ്ങൂ,

അയ്യപ്പേട്ടനെക്കുറിച്ച്‌ കേൾക്കുന്ന നിറംപിടിപ്പിച്ച കഥകളിൽനിന്നും വിത്യസ്ഥമായ ഒരു അയ്യപ്പജീവിതം പ്രതീക്ഷിച്ചു. പക്ഷെ പൊങ്ങുവും ആ കഥകളിൽ മാത്രം നിർത്തി.

സുരപാനത്തിന്റെ അസ്കിത ആ മഹാപ്രതിഭയുടെ ജീവിതത്തിലുണ്ടെന്നത്‌ നേര്‌. അതിനപ്പുറം, പ്രതീക്ഷയുടെയും പ്രത്യശയുടെയും അവ്യക്തമായ ചിത്രം ബാക്കിവെച്ചിരുന്നില്ലെ അയ്യപ്പേട്ടൻ?.

എന്ന് മുതൽ, എന്തിന്‌, എങ്ങിനെ അയ്യപ്പേട്ടൻ സുരപാനത്തിൽ, എല്ലാം മുക്കികെല്ലുവാൻ ശ്രമിച്ചു എന്നാരെങ്കിലും പറയുമെന്ന് കരുതി.

തന്നെ സ്നേഹിച്ചവർക്ക്‌ മുന്നിൽ, ഉത്തരംകിട്ടാത്ത, ചില ചോദ്യങ്ങൾ ബാക്കിവെച്ചിട്ട്‌ പോവുന്നു ആ തോന്ന്യാസി.

രാഷ്ട്രിയ കൂട്ടികെടുപ്പ്‌കാരന്റെ അസമയം നോക്കി മരണത്തെ വാരിപുണർന്ന, ചേട്ടാൻ, ഇന്ന് തന്നെ കാണുവാൻ തടിച്ച്‌കൂടിയ രാഷ്ടിയ കോമരങ്ങളെ നോക്കി ഉറക്കെ പറയുന്നുണ്ടാവും "പോടാ പുല്ലെ".

പുറംലോകമറിയാത്ത ചേട്ടനെ, പൊങ്ങു ഞങ്ങൾക്കായി പരിചയെപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.

അചാരവെടികൾക്കപ്പുറത്ത്‌, ഒരു സുഹൃത്തിന്‌ നൽകിയ വിടവാങ്ങലിന്‌, നന്ദി പൊങ്ങൂ, നന്ദി.
Pongummoodan said…
പ്രിയപ്പെട്ട മൈത്രേയി,

“ സുരപാനമില്ലാത്ത, വായിക്കുന്ന,എഴുതുന്ന, പാണ്ഡിത്യമുള്ള, പട്ടുപോലുള്ള , ആരോടും ഹൃദ്യമായി ഇടപെടുന്ന സാധാരണ മനുഷ്യന്‍. ചെറുപ്പക്കാര്‍ക്ക് ഒരു റോള്‍ മോഡല്‍! അവിശ്വസനീയം, അസത്യം എന്നെല്ലാം പറയാന്‍ തോന്നുന്നില്ലേ? “ തീർച്ചയായും തോന്നുന്നില്ല മൈത്രേയി. കാരണം അങ്ങനെയും ഒരു അയ്യപ്പനുണ്ടായിരുന്നു എന്നത് സത്യം തന്നെയാണ്. മറ്റൊരു സത്യം കൂടിയുണ്ട്. സുരപാനമുള്ളപ്പോഴും അദ്ദേഹം വായിക്കുകയും എഴുതുകയും ഹൃദ്യമായി പെരുമാറുകയും ചെയ്തിരുന്നു. അയ്യപ്പനിലെ പണ്ഡിതന് ഒരു പരിക്കുമേൽ‌പ്പിക്കാൻ മദ്യത്തിനായിട്ടുമില്ല. ഒരുവന്റെ കരളിനെ/ആരോഗ്യത്തിനെ ശാപ്പിടാമെന്നല്ലാതെ അവനിലെ അറിവിനെ,പ്രതിഭയെ കീഴടക്കാനുള്ള ശക്തിയൊന്നും മദ്യത്തിനില്ല മൈത്രേയി. മദ്യപാനിയായ അയ്യപ്പൻ സമൂഹത്തെ വെറുപ്പിച്ചിട്ടില്ല. മദ്യപാനി എന്ന നിലയിൽക്കണ്ട് സമൂഹം സൌകര്യപൂർവ്വം അദ്ദേഹത്തെ വെറുക്കുക മാത്രമേ ചെയ്തിട്ടുള്ളു. സ്വാഭാവികമായും റോൾ മോഡൽ പദവി അദ്ദേഹത്തിന് നഷ്ടപ്പെടുമല്ലോ?! ഞാൻ അയ്യപ്പനിലെ മദ്യപാനിയെയോ മദ്യപാനത്തെയോ ന്യായീകരിക്കുകയല്ല. മദ്യം അദ്ദേഹത്തിന്റെ എഴുത്തിനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്ന് മാത്രമല്ല സ്വകാര്യദു:ഖങ്ങളിൽ മുഴുകിയുരുകുന്ന ഒരു സാധാരണ മനുഷ്യനോ മാതൃകാ പുരുഷനോ ആയിമാറാതെ മാറാതെ ദുരിതങ്ങളെ ഛന്ദസ്സൊത്ത(?) കവിതകളാക്കി മാറ്റാൻ ലഹരി അയ്യപ്പനെ ഒരു തരത്തിൽ സഹായിക്കുകയായിരുന്നു എന്ന അതിരുകടന്ന വിശ്വാസവും ഞാൻ പുലർത്തുന്നുണ്ട്.

അഭിപ്രായം അറിയിച്ചതിന് നന്ദി മൈത്രേയി.

വായിച്ചവർക്കും അഭിപ്രായം അറിയിക്കാൻ ക്ഷമ കാണിച്ചവർക്കും നന്ദി. സന്തോഷം
Pongummoodan said…
This comment has been removed by the author.
വെടി വച്ചോ സര്‍ക്കാരേ
തൊട്ടിലില്‍ കിടന്ന പുള്ളയും പള്ള് വിളിച്ചു -
ഉറക്കം കെട്ടതില്‍.
സ്വൈരമായുറങ്ങാനും, ചത്താല്‍ വളമാകാനും വിടാത്ത -
നയങ്ങളുടെ നാട്.

പിറക്കുന്നവരും, ചാകുന്നവരും സൂക്ഷിച്ചോ
പ്രദര്‍ശന ശാലയില്‍ ആചാര വെടിക്കോപ്പുകള്‍
ആ കൊപ്പുകളില്ലാതെ എന്താഘോഷം
തന്നേ വിടൂ എന്ന് ബേബിച്ചായന്‍സ്.

ചത്ത നായകള്‍ വരി വരിയായി കിടക്കുക
മോര്ച്ചരിയെണ്ണം കൂട്ടിയിട്ടുണ്ട്,
ആചാര പുകിലുകള്‍ക്ക് മേളക്കാരെയും.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളിലോന്നിത്.

അയ്യപ്പന്‍ കിടന്ന കിടപ്പില്‍ ആഞ്ഞു -
ചിരിച്ചൊരു കവിത എഴുതി
"പോടാ പുല്ലുകളേ, പരിഷക്കുലങ്ങളെ "
എന്ന പേരില്‍.

"തിരഞ്ഞെടുപ്പില്‍ തോല്‍ക്കാതിരിക്കാന്‍
ശവത്തെ ജയിലിലടച്ച സര്‍ക്കാര്‍"
തൂവലായിരിക്കട്ടെ ഈ പേര്.
നാറിയത് ആരാണ്, ശവമോ സര്‍ക്കാരോ?
തോറ്റതും ജന സമ്മതി നേടിയതും ആരാണ്?
"ചത്തവന്‍റെ രാഷ്ട്രീയം" എന്ന പേരില്‍
സാംസ്കാരിക വകുപ്പ് പുസ്തകം പ്രസിദ്ധീകരിക്കട്ടെ.
സഖാക്കള്‍ അത് ചര്‍ച്ച ചെയ്തു
സമര്‍പ്പിക്കട്ടെ റിപ്പോര്‍ട്ട്‌ മേല്‍ ഘടക പ്രമാണി സഖാക്കള്‍ക്ക്.

ക്ഷണിക്കാതെ ഉണ്ണാന്‍ വന്നിട്ട്,
കഞ്ഞിക്കലം കട്ടെടുത്ത് ‍ആചാര മന്ദ്രം ജപിക്കുന്നോ?

വെടി വെച്ച് സുഖിക്കൂ
സുഖിയ ജന്മങ്ങളെ

this programme is sponsored by communist party
Junaiths said…
അയ്യപ്പന്‍ ആരെയും കാത്തിരുന്നില്ല,അയ്യപ്പനെയും..പോയി..ആരെയും അറിയിക്കാതെ..മുഷിഞ്ഞ ഉടുതുണി മാറ്റിയ പോലെ,അയ്യപ്പനെ വെറും അയ്യപ്പനായ് അറിയുന്നവര്‍ക്ക് വെറും ഒരു മരണമായിരുന്നിരിക്കാം എന്നാല്‍ അയ്യപ്പനെന്ന കവിയെ അറിയുന്നവര്‍ക്ക് അതൊരു പച്ച മുറിവാണ്,നീറി കൊണ്ടേയിരിക്കും.
അയ്യപ്പന്‍ ശല്യപ്പെടുത്തുന്നത് സാംസ്കാരിക മൊത്ത കച്ചവടക്കാരായ മന്ത്രിമാരെയും വി.ജെ.ടി.ഹാള്‍ വാടകയ്ക്കെടുത്ത ഫെസ്ടുകാരെയും മാത്രം.അതും ചത്തു കഴിഞ്ഞപ്പോള്‍ .
ചത്തവനെ ആര്‍ക്കു വേണം.അവനു വോട്ടില്ലല്ലോ.
അക്ഷര വിസ്സര്‍ജനം ചെയ്യുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്ക് വേണ്ടിയാണെങ്കിലും ഒരു മണിക്കൂര്‍ എങ്കില്‍ ഒരുമണിക്കൂര്‍ മുന്‍പേ അയ്യപ്പനെ അഗ്നി തിന്നുമല്ലോ,
അയ്യപ്പന്‍ ചോല്ലുന്നുണ്ടാവാം
"ഇവിടിരുന്നാല്‍ എനിക്ക് സെമിത്തേരി കാണാം".
പൊങ്ങ്സ് നന്നായെടാ..അടുത്തറിയാവുന്നവരുടെ വേര്‍പാടുകള്‍ ഇപ്പോഴും മുള്ളുകളായ് കുത്തി നോവിക്കും,കുറേക്കാലം നീറിക്കൊണ്ടേയിരിക്കും
പോങ്ങു ഭായി ഇന്നലെ ഞാന്‍ മുരളിയേട്ടനെ ( ബ്ലോഗ്ഗര്‍ ബിലാത്തിപട്ടണം) കാണാന്‍ ലണ്ടനില്‍ വന്നതാണ് . അദ്ദേഹം എന്നെയും കൂട്ടി ലണ്ടന്‍ സാഹിത്യ വേദിയുടെ ഒരു മീറ്റിംഗില്‍ പങ്കെടുക്കാന്‍ കൊണ്ട് പോയി . ശരിക്കും എനിക്കതൊരു പുതിയ അനുഭവമായിരുന്നു . നാട്ടില്‍ നിന്ന് ഇങ്ങു ദൂരെ ദൂരെ , നമ്മുടെ നാടിനേയും ഭാഷയേയും ഒക്കെ ഭ്രാന്തമായി സ്നേഹിക്കുന്ന കുറച്ചു മനുഷ്യരുടെ ഒരു കൂട്ടായ്മ . അവരോടൊപ്പം കവി അയ്യപ്പനെ ( ഞാന്‍ ആദ്യമായാണ്‌ ഇങ്ങനെ ഒരു മനുഷ്യനെ പറ്റി കേള്‍ക്കുന്നത് - ക്ഷമിക്കുക ) അനുസ്മരിച്ചതിലും ഒരു നിമിഷം മൌനം ആചരിച്ചതിലും ഞാന്‍ സന്തുഷ്ടനാണ് . ഇവിടെ തിരക്കേറിയ ജീവിതത്തിനും ജോലിക്കുമിടയില്‍ ഒത്തുകൂടി ആ കവിയ്ക്കു ഇവര്‍ നല്‍കിയ ആദരവ് ,നമ്മുടെ നാട്ടിലെ "സാംസ്കാരിക" പ്രമാണിമാര്‍ നടത്തുന്ന ആചാര വെടിയേക്കാള്‍ സംതൃപ്തിയോടെ കവി ഉള്‍ക്കൊള്ളും .... നിങ്ങളുടെ സുഹൃത്തായ ആ കവിയെക്കുറിച്ച് ഇപ്പോള്‍ ഞാന്‍ കൂടുതല്‍ മനസ്സിലാക്കി വരുന്നതെയുള്ളു . ആ തെരുവിന്റെ കവിയെക്കുറിച്ച് ലേഖനം എഴുതി , നിങ്ങളുടെ ചിന്തകള്‍ പങ്കുവെക്കാന്‍ ബൂലോകത്തിലേക്ക് മടങ്ങി വന്നതില്‍
Hats off ......................
Indiamenon said…
ജാടകള്‍ ഇല്ലാത്ത ഒരു മനുഷ്യന്‍ കൂടി കാല യവനികയ്ക്കുള്ളില്‍ മറഞ്ഞൂ ..
മനസ്സില്‍ ഇടം പിടിക്കാന്‍ പണം വേണ്ട എന്ന സത്യം അയ്യപ്പേട്ടന്‍ യാഥാര്ത്യമാക്കി.

ഇനീം പോരട്ടെ മാഷെ
ഈ കവിതയ്ക്കു കൂടി കാതോര്‍ക്കുക, ഒരു സുഹൃത്തെഴുതിയതാണ്

http://oyalicha.blogspot.com/2010/10/blog-post_23.html
Anonymous said…
കാര്‍ന്നോര്‍- അന്ന് അദ്ദേഹത്തെ സ്ഥിരമായി കാണാന്‍ പോയിരുന്ന, അന്നത്തെ ഒരു കോളേജ് വിദ്യാര്‍ത്ഥി പറഞ്ഞതാണ് അത്.ഇന്നത്തെ പത്രത്തില്‍ കവി ഡി.വിനയചന്ദ്രനും ഇതു പറഞ്ഞിട്ടുണ്ട്. ഇത്തരം പല അറിവുകളും നമ്മള്‍ കുഴിച്ചുമൂടും. നിസ്സാരതകള്‍ നമ്മള്‍ മഹത് കാര്യമായി പറയും, അതാണു നമ്മുടെ ശീലം. മാധവിക്കുട്ടിക്കും മറ്റും സംഭവിച്ചത് നമുക്ക് അറിയാമല്ലോ. പിന്ന നവലോകം എന്നു പറഞ്ഞതു തെറ്റിപ്പോയി, നവയുഗം ആയിരിക്കണം.ശ്രീമതി വേണ്ട, മൈത്രേയി ധാരാളം മതി :) :)
പോങ്ങുമ്മൂടന്‍-'അയ്യപ്പനിലെ പണ്ഡിതന് ഒരു പരിക്കുമേല്‍പ്പിക്കാന്‍ മദ്യത്തിനായിട്ടുമില്ല. ഒരുവന്റെ കരളിനെ/ആരോഗ്യത്തിനെ ശാപ്പിടാമെന്നല്ലാതെ അവനിലെ അറിവിനെ, പ്രതിഭയെ കീഴടക്കാനുള്ള ശക്തിയൊന്നും മദ്യത്തിനില്ല'- അതിനോടു യോജിക്കാനാവില്ല പ്രിയ സുഹൃത്തെ. പക്ഷേ ഇവിടെ, ആ നല്ല കവിക്ക്, ആ പരാജിത മനുഷ്യനു പ്രണാമമര്‍പ്പിക്കുന്ന അവസരത്തില്‍ സുരപാന ചര്‍ച്ച എന്ന ഓഫ് ടോപ്പിക്കിലേക്കു പോകണ്ട നമുക്ക്.
പ്രദീപ്- 3 cheers to Bilathippattanam !
krishnakumar513 said…
hats off to this sharpness
S I Shah said…
sorry.I do not know how to type Malayalam font.you said-ജീവിതകാലം മുഴുവൻ ദു:ഖങ്ങളും ദുരിതങ്ങളും മാത്രമനുഭവിച്ച ഒരു മനുഷ്യന് ..............!!. My question is-what forced him live a life of misery? he himself wanted to lead a wayward life. he was a full time drunkard, one who was never in his normal sense.He slept on streets senses lost.( he had his sister's house at Nemom. )He wrote things when he was dead drunk without knowing what he was writing. (This, you will admit all drunkards do. So, praising him as a great rebel, a model etc. will send wrong signals to the young generation.He was a wreck. he was alcoholic. he was abnormal. he was cruel to his family.How could death glorify his misdeeds?
" ചത്തു എന്ന പ്രയോഗം പലരിലും അലോസരമുണ്ടാക്കിയേക്കാം. എന്നാൽ അയ്യപ്പനെ അടുത്തറിയുന്നവർക്ക് ആ പ്രയോഗത്തിൽ അനാദരവിന്റെ അരുചി അനുഭവപ്പെടില്ല. അവർക്കറിയാം അയ്യപ്പന് ചാവനല്ലാതെ ദിംവഗതനാവാനോ നാടുനീങ്ങാനോ സമാധിയാവാനോ കാലംപൂകാനോ കാലയവനികയ്ക്കുള്ളിൽ ഒളിക്കാനോ ഒർമ്മയോ ചരിത്രമോ ആവാനോ എന്തിന് മരിക്കാൻ പോലുമോ കഴിയുമായിരുന്നില്ലെന്ന്!"

ഇത്രയും മതിയാകും സാധാരണക്കാരനായ ഒരാള്‍ക്ക് അയ്യപ്പനെ കുറിച്ച് എന്തെങ്കിലുമൊക്കെ മനസ്സിലാക്കാന്‍.... ഞാനും ഹരിയും തമ്മിലുള്ള ഒരു സൌഹൃദ ഭാഷണത്തിനിടയിലാണ് എ.അയ്യപ്പന്‍ എന്ന തന്റെ അയ്യപ്പന്മാമയെക്കുറിച്ച് ഒരുനാള്‍ ഹരി പറയുന്നത്.. ശ്രീ അയ്യപ്പനെ കുറിച്ച് അതുവരെ ഒന്നും തന്നെ ബോധമന്ധലത്തില്‍ ഇല്ലാതിരുന്ന, കവിതകളെ സ്നേഹിച്ചിരുന്നുവെങ്കിലും എല്ലാ കവികളെയും കവിതകളെയും പറ്റി യാതൊരു ജ്ഞാനവുമില്ലാത്ത ഞാന്‍ വളരെ അത്ഭുതത്തോടെയാണ്‌ ഹരിയുടെ വാക്കുകളെ കേട്ടത്, ശ്രീ നട്ടപ്പിരാന്തന്‍ പറഞ്ഞതുപോലെ " ഹരിയുടെ വലിയ ശരീരത്തില്‍, അതിനെക്കാള്‍ വലിയതും സ്നേഹം തുളുമ്പുന്നതുമായ ഒരു ഹൃദയമാണുള്ളതെന്ന്" പല അവസ്ഥകളില്‍ എന്നതുപോലെ അന്നും വീണ്ടും എനിക്ക് മനസ്സിലാക്കാനാവുമായിരുന്നു. അങ്ങനെയാണ് നെറ്റില്‍ നിന്നും ആ കവിതകളൊക്കെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നതും .
പക്ഷെ ഇന്നു കവി ശ്രീ അയ്യപ്പന്‍ മരിച്ചപ്പോള്‍ ചാനലുകളും പത്രങ്ങളും മിത്രങ്ങളും എന്തിന് നമ്മുടെ സംസ്കാരികവകുപ്പും നല്‍കിയ ഭിന്നരീതികളിലുള്ള ആഘോഷങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ നാണംകെട്ട അന്ത്യോപചാരത്തിന് വെളിച്ചം നല്‍കാനായി ഹരിയുടെ പോസ്റ്റിന്... അഭിനന്ദനങ്ങള്‍ !
അയ്യപ്പൻ സമൂഹത്തിനായിരുന്നോ സമൂഹം അയ്യപ്പനായിരുന്നോ ശല്യമായിരുന്നത്? ഹരിയുടെ ഈ ചോദ്യത്തിന് സമൂഹം ശ്രീ അയ്യപ്പനു ശല്യവും എന്തിന് ഇന്നു അദ്ദേഹത്തിന്റെ അത്മാവിനുപോലും ശല്യമായിതീര്‍ന്നു, എന്ന് ഞാന്‍ ഉത്തരം പറയുന്നു.
പോങ്ങുമ്മൂടന് അയ്യപ്പനോടുള്ള സ്നേഹവും ആദരവും ഈ പോസ്റ്റില്‍ നിറയുന്നു അതൊരു ലഹരിയായി വായനക്കാരിലേക്ക് ഒഴുകുന്നു.....
ഇതിലും വലിയ ഒരു വെടിക്കെട്ട് അയ്യപ്പനാവശ്യമില്ല.
വി.ജെ.ടി ഹാളിൽ അയ്യപ്പന്റെ ശരീരമേ എത്തൂ അദ്ദേഹത്തിന്റെ ആത്മാവ് ഈ ബ്ലോഗില്‍ എത്തും...

ബിലാത്തിപ്പട്ടണത്തിന്റെ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ,
" ഞങ്ങൾക്ക് പറയാൻ സാധിക്കാത്തത് താങ്കൾ പറഞ്ഞതിനൊരുഗ്രൻ അഭിനന്ദനം"...

അയ്യപ്പനു ആദരാംഞ്ജലികള്‍!
അയ്യപ്പന്‌ യാത്രാമൊഴി
പ്രിയ കവി,
നിനക്കിന്നു മരണമാണ്‌..!!!
ജിഞ്ജാസയുടെ നാളുകള്‍
അവസാനിക്കുകയാണ്‌..
നാളെ
നിനക്ക് മണ്ണിന്റെ ആഴങ്ങളിലെ
തണുപ്പറിയാം..
നിന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
നിനക്ക് പുതുതായി ഒന്നും പറയാനുണ്ടാവില്ല
പഴയതെല്ലാം അവര്‍ മറന്നു കഴിഞ്ഞു.
അല്ലെങ്കിലും..
ചിത്തരോഗിയും,മദ്യപാനിയുമായ നിന്റെ
വാക്കുകള്‍ ആരു കേള്‍ക്കും??
നീ ഇന്ന്
കാറപകടത്തില്‍ പെട്ടവനാണ്‌.
നിന്റെ പോക്കറ്റില്‍ പണമില്ലല്ലോ..
പക്ഷെ..
നിന്റെ രക്തത്തില്‍ ചവിട്ടി നില്‍ക്കുന്നവര്‍ക്ക്
നിന്റെ കവി "ലേബലില്‍" ആണ്‌ കണ്ണ്‌..
അവര്‍ അതു കൊണ്ടു പോയി
ആചാര വെടി മുഴക്കി വിശപ്പടക്കട്ടെ..
നിനക്കിനി വിടപറയാം
ഇനി നിന്റെ സുഹൃത്തുക്കള്‍
മരിച്ചവര്‍ ആണ്‌.
പ്രിയ പോങ്ങുമ്മൂടന്‍,
എ.അയ്യപ്പനെക്കുറിച്ച്‌്‌്‌ എഴുതിയത്‌ വായിച്ചു.ഞാന്‍ ഒന്നുമെഴുതിയില്ല.പറയാനേറെയുണ്ട്‌.പക്ഷേ കഴിയുന്നില്ല..ഒന്നുണ്ട്‌,ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു മഹാകവിക്കും ഇത്രയും സത്യസന്ധമായ അന്ത്യാഭിവാദ്യം ലഭിക്കാനിടയില്ല.
അക്ഷരങ്ങള്‍ക്ക്‌ മരണമില്ലെന്നത്‌ എത്ര സത്യം.
Pongummoodan said…
പ്രിയപ്പെട്ട സുസ്മേഷ്,
താങ്കളെ ഇവിടെ കണ്ടതിൽ വളരെ സന്തോഷം. നന്ദി.

അയ്യപ്പേട്ടനെക്കുറിച്ച് ഒന്നും എഴുതണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നതല്ല. അദ്ദേഹത്തിന്റെ ചങ്ങാതികളിൽ ഒരുവനായിരിക്കുക എന്നത് എന്റെ സ്വകാര്യമായ ആഹ്ലാദമായിരുന്നു. പക്ഷേ മറ്റാരുടെയൊക്കെയോ സൌകര്യത്തിനായി അദ്ദേഹത്തിന്റെ സംസ്കാരം നീട്ടിക്കൊണ്ട് പോവുന്നതിലുള്ള അമർഷം ഞാൻ കുറിച്ചുവെന്നേയുള്ളു.

“ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരു മഹാകവിക്കും ഇത്രയും സത്യസന്ധമായ അന്ത്യാഭിവാദ്യം ലഭിക്കാനിടയില്ല. “ വളരെ സത്യമാണ്.

നന്ദി.
അപമാനിക്കലിന്റെ സര്‍ക്കാരിന്, തിരസ്കാരത്തിന്റെ കൂവലുകള്‍

സ്വാതന്ദ്ര്യം മൌലിക അവകാശമാക്കിയിരുന്ന ഒരു ജന്മത്തെ, വ്യവസ്ഥ കൊണ്ട് അപമാനിച്ച സര്‍ക്കാര്‍, ആ കടന്നു കയ്യറ്റം, ആ പച്ച അവരാതം. ചത്ത മനുഷ്യന് പുല്ലു വില പോലും കൊടുക്കാതെ ഇലക്ഷന്‍ ജ്വരത്തിലിരുന്ന സര്‍ക്കാരിനും പറഞ്ഞ ന്യയങ്ങള്‍ക്കും, ആ നേരില്ലയ്മക്കും ഈ ഇലക്ഷന്‍ ഫലം മറുപടി പറയുന്നു. വരുന്ന നിയമ സഭ തിരഞ്ഞെടുപ്പും അങ്ങിനെ കൂവട്ടെ. അവഹേളനം അവരും അനുഭവിക്കട്ടെ.

ജന പിന്ധുണ കിട്ടുമെന്നും, ജയിക്കുമെന്നും പറഞ്ഞ VS - പിണറായി, ‍ ഒടുവില്‍ എന്തായി ,,
പണ്ട് രാജന്‍ പാടിയത് കരുണാകരനെ നോക്കിയെങ്കില്‍, ഇന്നു ജനം പാടുന്നു,, "കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ"

രാജനും, വര്‍ഗീസും, അയ്യപ്പനും ചിരിക്കുന്നു.....
ശ്രീമാന്‍ പോങ്ങുമ്മൂടന്‍, ഞാന്‍ ഒരു പ്രവാസിയാണ്, ഇവിടെ ഇരുണ്ട ഭൂ ഖണ്ടത്ത് നിന്നും എഴുതുന്നു. ഞാന്‍ താങ്കളെ അറിയുന്നത്, കവിയുടെ കാറ്റ് പോയപ്പോഴാണ്, കാക്കി കസര്‍ത്തും വെടിയും ഒക്കെ കൂടിയിട്ടു ആ ശവ ചികിത്സകള്‍ കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നപ്പോള്‍, ഓര്‍ക്കുട്ടന്മാരുമായുള്ള കൂട്ട് വര്തമാനതിലാണ്, ഈ ബ്ലോഗു പുര നിറഞ്ഞു നില്‍ക്കുന്നത് കണ്ടത്.
അങ്ങിനെ ഞാനും ഈ ചെറ്റപ്പുരയില്‍ കയറി കൂടി, കയറി നിന്ന് പുറത്തേക്കു ഞാനും ചിലത് എറിഞ്ഞിട്ടുണ്ട്.

പണ്ട് പഠിക്കുന്ന കാലത്ത് ആ തെരുവനുമായി കൂടുകയും, പാടുകയും, ചിരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. ആ സ്വതന്ദ്രനെ അങ്ങിനെ ഒരുപാട് ഇഷ്ടമാണ്. പിന്നെ ഗതി ഇല്ലാതെ നാട് വിട്ടു ജീവിച്ചപ്പോള്‍ കാണാന്‍ പറ്റിയിട്ടില്ല, എങ്കിലും ഉള്ളിലുണ്ടായിരുന്നു, ആ മനുഷ്യ ശവത്തിനു നേരെ വ്യവസ്ഥ വെച്ച കമ്മ്യൂണിസ്റ്റ്‌ സര്‍കാരിനെ ഞാന്‍ അത്രക്കും വെറുത്തു പോയി, ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആണെങ്കില്‍ കൂടിയും. ആ ദേഷ്യം ആണ് എന്നെ ഇവിടെ എത്തിച്ചത്.

ജോലി ചെയ്യുന്നതിനിടയിലും, വിമാനത്തിലോന്നും കയറാതെ തന്നെ ഇവിടെ ഇരുന്നു മിക്ക നേരവും നാട്ടില്‍ പോയ്കളയും ഞാന്‍.. സിനിമ തേടി, പ്രണയം തേടി, വിപ്ലവം തേടി, യാത്ര തേടി, മരിച്ചു പോയവരെ തേടി, മരിക്കാത്തവരെ തേടി, ,,, അങ്ങിനെ തേടലിന്റെ തെണ്ടുകാരന്‍ ഞാന്‍.

മിസ്റ്റര്‍ പോങ്ങു, അങ്ങിനെ എന്‍റെ പൊട്ടിതെരിക്കലിന്റെ, നിശബ്ദതയുടെ നെറ്റ് സഞ്ചാര കവലയില്‍ വെച്ചാണ് ഈ ബ്ലോഗു സുന്ദരിയെ ഞാന്‍ കാണുന്നത് ... കണ്ടു കറങ്ങി നില്‍ക്കയാണ്‌, ഇല്ല മാറി പോകുന്നില്ല, ഒളിഞ്ഞു നോക്കി ആസ്വദിക്കയാണ് ,, അഥവാ വീണു പോയാല്‍ എഴുന്നേല്‍ക്കയും ഇല്ല .നിന്ന നില്‍പ്പിലും കിടന്ന കിടപ്പിലും ഞാന്‍ ആസ്വദിക്കാന്‍ പോകയാണ്, , പ്രണയിക്കാന്‍ പോകയാണ്, കുഴപ്പമില്ലല്ലോ, എതിര്‍പ്പ് ഉണ്ടെങ്കില്‍ കൂടിയും പ്രശ്നമില്ല , പ്രണയത്തിനു എതിര്‍പ്പ് ഒരു പ്രശ്നമല്ല, , പണ്ടും ഇന്നും എന്നും. അല്ലെങ്കിലും ഒറ്റ ലൈനാ സുഖം, തിരിഞ്ഞു നോക്കിയില്ലെങ്കില്‍ കൂടിയും, പിറകെ നടക്കുന്നത് ഇത് ആദ്യവും അല്ല.

നന്ദി, ഈ വഴി ചന്ദത്തില്‍ മുടി കെട്ടി, പൂ ചൂടി, നല്ല സാരി ഉടുത്ത് വന്നതിനു. എന്‍റെ നന്ദിയുടെ മുരിക്കിന്‍ പൂക്കള്‍ താങ്കള്‍ക്കു. പിന്നെ നന്ദി സാരി തന്ന കടക്കാരന്, മുടിയില്‍ ചുംബിച്ച ചുംബിച്ച ചീപ്പിന്, നടക്കും വഴികള്‍ക്ക്. ഞാന്‍ കമന്‍റെടിക്കും, അത് കൊണ്ട് ഒരു മുന്‍ ബോധമനുസരിച്ചു അണിഞ്ഞിരിക്കുന്ന ചെരിപ്പിന് നന്ദിയില്ല, നാളെ അത് എന്‍റെ നേര്‍ക്ക്‌ എടുത്താലോ....

ശെരി, ഇവിടെ ഒക്കെ തന്നെ ചുറ്റി പറ്റി നില്‍ക്കയാണ്‌ ഞാന്‍, വടിവുകള്‍ കണ്ടു.
നല്ല പോസ്റ്റ്.അഭിനന്ദനങ്ങള്‍ !!!

ജീവിതം ഓരോരുത്തരുടെ സ്വന്തം തിരഞ്ഞെടുപ്പാണ്. അല്ലങ്കില്‍, ജീവിതത്തിന്റെ മാതൃക സ്വയം രചിക്കാനോ തിരഞ്ഞെടുക്കാനോ കഴിവില്ലാത്തതിനാല്‍ അന്യര്‍ ഉപയോഗിച്ച മാതൃകയുടെ ഫോട്ടോ കോപ്പിയില്‍ ജീവിതം പൂരിപ്പിച്ചു തീര്‍ക്കുന്നു ഭൂരിപക്ഷവും.
എന്നാല്‍, ജീവിതം അതിന്റെ സമസ്ത രസങ്ങളിലും അറിയാന്‍ ത്രാണിയുള്ളവരുടെ കൂട്ടത്തിലായിരുന്നു അയ്യപ്പന്‍. അയാള്‍ അതില്‍ അവസാന ശ്വാ‍സം വരെ ആസ്വദിച്ച് വിജയിക്കുകതന്നെ ചെയ്തു.

അപ്പോഴും, ജീവിച്ചു വിജയിച്ച അയ്യപ്പന്‍ ഫോട്ടോകോപ്പി ജീവികളേക്കാള്‍ ഒരു പടി താഴെയാണെന്ന് അവര്‍ ആശ്വസിച്ചു. തങ്ങളെപ്പോലെ മര്യാദാരാമന്മാരായിരുന്നില്ല അയ്യപ്പന്‍ !!!! ഹഹഹഹ..... മദ്യപാനി, സദാചാരിയല്ലാത്തവന്‍ !
ഫോട്ടോ സ്റ്റാറ്റ് മര്യാദരാമന്മാര്‍ ആശ്വസിക്കട്ടെ !!! ആകെ അത്തരം ദുരഭിമാനങ്ങള്‍ മാത്രമേ പുല്ലും വൈക്കോലുമായി അവര്‍ക്ക് വിധിച്ചിട്ടുള്ളു !
--- said…
...."എന്നാൽ സംസ്കാരം മുൻ നിശ്ചയിച്ചപ്രകാരം..........തോക്കോ ഉണ്ടയോ പ്രദേശത്തെങ്ങുമില്ല."
--അതാണ്‌ കാര്യം.
അയ്യപ്പന്‍ സമൂഹത്തിനോ സമൂഹം അയ്യപ്പനോ ആയിരുന്നില്ല ശല്യമായിരുന്നത്, മറിച് 'മനുഷ്യതം,നന്മ' എന്നിവ സമൂഹത്തിനാണ് ബാധ്യത.
അല്ലെങ്കില്‍ ജ്ഞാനപീഠം വാങ്ങി ഓ.എന്‍.വി. തിരികെ വരുന്നതുവരെ ഓ.എന്‍.വി.യുടെ വീട്ടില്‍ കാത്തിരുന്ന മന്ത്രിയ്ക്ക് അയ്യപ്പനെ കാണാന്‍ നാല് ദിവസം കഴിയേണ്ടി വരുമോ?
(ജ്ഞാനപീഠം നേടിയവന്റെ കീശയിലെ,
അഞ്ചുരൂപ നോട്ടിലായിരുന്നു എന്റെ കണ്ണ്......)

അവന്മാരുടെ ഒക്കെ തന്തമാര്‍ (പോങ്ങുവേട്ടന്‍ നേരത്തെ പറഞ്ഞ ആ ആളുകള്‍) 'ചാവുംപോളും' തിരഞ്ഞെടുപ്പെന്ന് പറഞ്ഞു അവര്‍ സംസ്കാരം മാറ്റിവയ്ക്കുമോ? എന്കിലതവരുടെ 'സംസ്ക്കാരം' എന്ന് കരുതി നമുക്ക് ആശ്വസിയ്ക്കാം..........

വളരെ നല്ലപോസ്റ്റ്
G.MANU said…
മാഷേ...ബ്ലോഗിലേക്ക് തിരികെവരാന്‍ പ്രിയപ്പെട്ട കവിയുടെ മരണം തന്നെ വേണ്ടിവന്നല്ലോ എന്ന വിഷമം.. ഹൃദയത്തില്‍ തൊടുന്ന വാചകങ്ങള്‍..സത്യസന്ധതയുടെ പൂക്കള്‍ അയ്യപ്പന്റെ നെഞ്ചകം ഏറ്റുവാങ്ങിയപോലെ.. ഹരിയിലും നിഷ്കളങ്കനായ ഒരു അയ്യപ്പന്‍ ഒളിച്ചിരിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കണക്കുകള്‍ സൂക്ഷിക്കാത്ത ഒരു അയ്യപ്പഹൃദയം.. (ഫോണ്‍ നമ്പര്‍ മാറിയിട്ട് അതൊന്നു അറിയിക്കാത്തതെന്താ എന്റെ മാ‍ഷേ)
തലക്കെട്ട് മാറ്റം ഭംഗിയായിട്ടുണ്ട്. ഒരിക്കല്‍ അപകടപ്പെടുത്തിയ പ്രണയഹൃദയങ്ങള്‍ തന്നെ വീണ്ടും പേനത്തുമ്പില്‍... ഉം...
Pongummoodan said…
മനുജി, ഫോൺ നമ്പർ മനപ്പൂർവ്വം തരാതിരിന്നതല്ല. ഞാൻ ഇന്നു തന്നെ വിളിക്കാം.
Pongummoodan said…
പ്രിയ കാർന്നോരേ,എത്ര തിരിച്ചടികിട്ടിയാലും പ്രണയം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു.
Joji said…
കവി അയ്യപ്പനെ എനിക്കു പരിചയമില്ല.. അദ്ദേഹത്തിന്റെ കവിതയൊന്നും വായിച്ചിട്ടില്ല.. പക്ഷെ പോങ്ങമ്മൂടനെ എനിക്കറിയാം.. അതുകൊണ്ട് ഒന്നു മാത്രം പറയുന്നു. അടുത്ത പോസ്റ്റ് ഇടാന്‍ ആരെങ്കിലും മരിക്കാന്‍ കാത്തുനില്‍ക്കണ്ടാ..
Unais said…
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ളോഗനയില്‍ ഈ ഭാഗം വിട്ടുപോയിരിക്കുന്നു.
'അത്യാവശ്യം ഉണ്ടവേണമെങ്കിൽ പിണറായി സഖാവിന്റെ കൈവശം കണ്ടേക്കാം. പക്ഷേ തോക്കില്ലാതെ ഉണ്ടകൊണ്ടുമാത്രമെന്ത് പ്രയോജനം.'
Pongummoodan said…
പ്രിയ Unais, ഒരുപക്ഷേ, ഞാൻ ദീർഘായുസ്സോടെ ഇരിക്കാനായി മാതൃഭൂമി അത് നീക്കം ചെയ്തതാവാം. ആ പ്രയോഗം ശ്രദ്ധിച്ചതിൽ സന്തോഷം.
വന്നു ബ്ലോഗനയില്‍ വന്നു. അഭിനന്ദനങ്ങള്‍ പൊങ്ങൂ !!!! ഇത്രയധികം പ്രാവശ്യം ബ്ലോഗനയില്‍ വന്നിട്ടുള്ള മറ്റേത് മലയാളം ബ്ലോഗറുണ്ട് ? ചില സിനിമാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ... പൊങ്ങു മിനിമം ഗ്യാരണ്ടിയുള്ള ഒരു ബ്ലോഗറാണ്. കൃത്യമായി പറഞ്ഞാല്‍... എഴുതാന്‍ തയ്യാറായാല്‍, അത് ബ്ലോഗനയില്‍ വന്നിരിക്കും എന്ന് ഗ്യാരണ്ടിയുള്ള ഏക മലയാളം ബ്ലോഗര്‍.

എന്നിട്ടും പൊങ്ങു എഴുതുന്നില്ല, മാറി നില്‍ക്കുന്നു. അത് പാടില്ല. മാസത്തില്‍ ഒരിക്കല്‍ ഒരു പോസ്റ്റുമായി പൊങ്ങു ബൂലോകത്ത് നിറഞ്ഞ് നില്‍ക്കണം. ബ്ലോഗനയിലും നിറഞ്ഞ് നില്‍ക്കണം.
നീ ഇപ്പോഴും ചിന്തിക്കുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷം.......പ്രതാപന്‍.
'മാതൃഭൂമി' ആഴ്ചപ്പിപ്പില്‍ (2010 നവംബര്‍ 7) നിന്നാണ് പോസ്റ്റ് വായിച്ചത്. മലപ്പുറത്തെ ആര്‍ട്ട് ഗാലറിയില്‍ വച്ചും അതിന്റെ പരിസരത്തു വച്ചും നടത്താറുള്ള പല കൂട്ടായ്മകളിലും എ.അയ്യപ്പന്‍ പങ്കെടുത്തിട്ടുണ്ട്. അത്തരം ചില കൂട്ടായ്മകളില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്. കള്ളുകുടിച്ച് കോപ്രായം കാട്ടുന്നവരോട് കടുത്ത വെറുപ്പായതുകൊണ്ടും എ.അയ്യപ്പന്റെ സ്വഭാവ രീതികളെക്കുറിച്ച് വളരെ വ്യക്തമായി മനസ്സിലാക്കിയിരുന്നതുകൊണ്ടും ഞാന്‍ അദ്ദേഹവുമായി സംസാരിക്കാനോ ഇടപഴകുവാനോ പോയിട്ടില്ല. അടുക്കാതെ തന്നെ അദ്ദേഹം പാടിയ കവിതകള്‍ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്.
എ.അയ്യപ്പന് ആശാന്‍ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ടു വന്ന ഒരു വാര്‍ത്തയില്‍ കവിയുടെ കള്ളുകുടിയെ മഹത്വവല്‍ക്കരിക്കുന്ന രീതിയിലുള്ള ചില പരാമര്‍ശങ്ങള്‍ കണ്ടപ്പോള്‍ അതിനൊരു മറുപടി എഴുതാന്‍ ഞാന്‍ ആലോചിച്ചിരുന്നു. പക്ഷേ, വേണ്ടെന്ന് തീരുമാനിച്ചു. പക്ഷേ, കവി മരിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍, എന്തുകൊണ്ടോ എന്നറിയില്ല ഒരു ദു:ഖം എന്നിലുണ്ടായി. ആ മറുപടി എഴുതാതിരുന്നത് മഹാ ഭാഗ്യം എന്നും തോന്നി.
ഏതായാലും ഒരു കാര്യം ഉറപ്പ് എ.അയ്യപ്പന്‍ എന്ന വ്യക്തിക്ക് യാതൊരുവിധ കപടനാട്യങ്ങളുമുണ്ടായിരുന്നില്ല. ഗീര്‍വാണമടിക്കുന്നതിന് കണക്കു പറഞ്ഞു കാശുവാങ്ങി, പെട്രാളടിക്കാനായി കിട്ടുന്ന പണം കൊണ്ടാണ് ജീവിക്കുന്നത് എന്നു പറയുന്ന സാംസ്‌കാരിക കപടനാട്യക്കാരേക്കാള്‍ എന്തുകൊണ്ടും ഏതുകൊണ്ടും മാന്യനാണ് നമ്മെ വിട്ടു പിരിഞ്ഞ എ.അയ്യപ്പന്‍ എന്ന കവി എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.
Sreeraj said…
This comment has been removed by the author.
Sreeraj said…
പോങ്ങുവേട്ട, 5 മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം, എഴുതി തുടങ്ങിയതില്‍ ഒരുപാട് സന്തോഷം. വീണ്ടും gap ഇടല്ലേ പ്ലീസ്.
മദ്യം മനുഷ്യനെ ഒന്നുമല്ലാതാക്കുന്നു.
ഞാനിത് വായിച്ചത് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നാണ് , ചില സമയത്ത് മലയാള ഭാഷ ഒരു തടസ്സമായി തോന്നിയിട്ടുണ്ട് അത് അഭിനന്ദനങ്ങള്‍ പറയാന്‍ നേരമാണ് കൂടുതലും അനുഭവപ്പെടുക അതുകൊണ്ട് ആങ്കലെയം ഉപയോകിക്കുന്നു 'it was nice read ur blog link there... heart touching words u have written ...thnx and all d best 4 life write more plzz'
ചത്തവനെ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യേണ്ടത് ജീവനുള്ളവരുടെ ആവശ്യമാണ്‌.
വെടികൊള്ളേണ്ട ആത്മാവുകളേയൊക്കെ അവര്‌ സൗകര്യം പോലെ ചെയ്യുന്നു. അത്രമാത്രം
അയ്യപ്പന്റെ ഓർമ്മയ്ക്കായി അവാർഡ് ഏർപ്പെടുത്തുന്നതല്ലെ അടുത്ത ചടങ്ങ്?
മാഷേ ബ്ലോഗിലൊക്കെ വന്നിട്ട് ഒത്തിരിക്കാലമായത് കൊണ്ടാണ് ഇതു കാണാതെ പോയത്. ഹൃദയസ്പർശിയായ വാക്കുകൾ. നന്ദി.
സമൂഹമായിരുന്നു അയ്യപ്പനു ശല്യം. അതാണ് സമൂഹത്തിൽ അരെയെങ്കിലുമൊക്കെ ശല്യപ്പെടുത്തി അയ്യപ്പേട്ടൻ പകരം വീട്ടിക്കൊണ്ടിരുന്നത്! അലോസരത്തിലൂടെയാണല്ലോ മിക്ക സാമൂഹ്യമാറ്റങ്ങളും ഉണ്ടാകുന്നത്.
നമത് said…
ഇത് കാണാന്‍ വൈകി. പ്രതികരണത്തിലെ സത്യസന്ധതയ്ക്ക് നന്ദി
കലക്കി... രസികന് എഴുത്ത്
കലക്കി... രസികന് എഴുത്ത്
മാഷേ...ബ്ലോഗിലേക്ക് തിരികെവരാന്‍ പ്രിയപ്പെട്ട കവിയുടെ മരണം തന്നെ വേണ്ടിവന്നല്ലോ എന്ന വിഷമം.. ഹൃദയത്തില്‍ തൊടുന്ന വാചകങ്ങള്‍..സത്യസന്ധതയുടെ പൂക്കള്‍ അയ്യപ്പന്റെ നെഞ്ചകം ഏറ്റുവാങ്ങിയപോലെ.. ഹരിയിലും നിഷ്കളങ്കനായ ഒരു അയ്യപ്പന്‍ ഒളിച്ചിരിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. കണക്കുകള്‍ സൂക്ഷിക്കാത്ത ഒരു അയ്യപ്പഹൃദയം.. (ഫോണ്‍ നമ്പര്‍ മാറിയിട്ട് അതൊന്നു അറിയിക്കാത്തതെന്താ എന്റെ മാ‍ഷേ)

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ