പറഞ്ഞാല്‍ വിശ്വസിക്കില്ല.

പ്രണയം കുത്തിനിറച്ചവയായിരുന്നു
എന്റെ വാക്കുകൾ.
ആരും കാണാതെയവളാ-
വാക്കുകൾ കടിച്ചീമ്പിയാവോളം
പ്രണയം രുചിച്ചു.
പിന്നെ, വാക്കുകളുടെ തോട്
അലക്ഷ്യമായെറിഞ്ഞു പറഞ്ഞു
ഹും, പൊള്ളയാ‍യ വാക്കുകളെന്ന്!

പൊളിവില്ലാത്ത,
പ്രണയം നിറച്ച
എന്റെ വാക്കുകൾ
പൊള്ളവാക്കായിരുന്നെന്ന്!

വിശ്വസിക്കാതെ തരമില്ല,
കാരണം അവൾ സത്യമാണ്.
എന്റെ പ്രണയവും.
സത്യം അസത്യത്തെ
പ്രസവിക്കില്ല.
മനുഷ്യസ്ത്രീകൾ
മുട്ടയിടില്ല;
നിഴല്‍ വീഴ്ത്തുന്ന
സൂര്യന്‍,
നിഴലിനെ സ്വീകരിക്കുന്നുമില്ല!

***
അമ്മയാണാദ്യം ചതിച്ചത്.
സ്നേഹവാത്സല്യങ്ങളോടെ
മാടി വിളിച്ച്,
മടിയിലിരുത്തി
അമ്മിഞ്ഞ തന്നു
ആര്‍ത്തിയോടെ തേടിചെന്ന
ഇളം ചുണ്ടുകളില്‍,
ചെന്നിനായകത്തിന്റെ കയ്പ്പ്,
മാതൃത്വത്തിന്റെ മധുരം!

വിശക്കുന്നല്ലോ
ഉണ്ണാന്‍
ചെന്നിനായകം തേയ്ക്കാത്ത
മുലയുണ്ടോ?
തന്നാല്‍, കണ്ണുനീരിന്റെ
ഉപ്പുചാലിച്ച് ഉണ്ണാം.!

പറഞ്ഞാല്‍ വിശ്വസിക്കില്ല.
അമ്മയും ചതിയും
ചെന്നിനായകത്തിന്റെ
മക്കളാണ്.!

***

കയ്പ്പും ഏകാന്തതയും മാറ്റാന്‍
പ്രണയം നല്ലതാണെത്രെ!
അതിന്,
പ്രണയിക്കാനൊരു
'ഇര' വേണം.
പോരായ്മകള്‍
ആവോളമുള്ളതിനാലാവും
ഇരകള്‍ വേട്ടക്കാരനെ തിരിച്ചറിയുന്നു.
പരാജയം ഭുജിച്ചു ചെകിടിച്ചപ്പോഴാണ്
കരുണ തോന്നിയ ദൈവം
ഒരിരയെ തന്നത്.
ഇര വേട്ടക്കാരനെ
വിശ്വസിക്കില്ലെന്ന
പ്രകൃതി നിയമം
മണ്ടന്‍ ദൈവം അറിയാതെ
പോയോ?

ഒഴിവാക്കാന്‍ ചെന്നിനായകമാണ്
ഉത്തമം,
ഇര വിഡ്ഡിയല്ല.
ചെന്നിനായകം തേച്ച ചുണ്ടുകള്‍
വേട്ടക്കാരന്റെ ചുണ്ടുകളെ തൊട്ടു.
അയാളുടെ ചുണ്ടുകളില്‍
ചെന്നിനായകത്തിന്റെ കയ്പ്പ്
പ്രണയത്തിന്റെ മധുരം!

പറഞ്ഞാല്‍ വിശ്വസിക്കില്ല.
അമ്മയും ചതിയും പ്രണയവും
ചെന്നിനായകത്തിന്റെ
മക്കളാണ്.!

***

തേടലുകള്‍ക്കൊടുവില്‍
ആവോളം തോല്‍‌വി
നേടിയപ്പോള്‍
വീടിനെ ഓര്‍മ്മവന്നു
ഇരുളില്‍ തന്റെ പെണ്ണിനോട്
പ്രണയം തോന്നി
കരഞ്ഞു തളരുകയും
വിശന്നുപൊരിയുകയും
ചെയ്തപ്പോള്‍
ചുണ്ടുകള്‍ പെണ്ണിന്റെ
മുലഞെട്ടുകള്‍ തേടി
അവിടെയും
ചെന്നിനായകത്തിന്റെ കയ്പ്പ്
‘മോന്‍ ചോരവരെ
ഊറ്റിക്കുടിക്കുന്നു
ചെന്നിനായകമാണ് രക്ഷ‘
പിന്‍‌വലിഞ്ഞ ചുണ്ടുകള്‍ക്ക്
പെണ്ണിന്റെ ഉത്തരം!
തളര്‍ന്നുറങ്ങുന്ന
മകന്റെ കവിളില്‍
കണ്ണീര്‍വറ്റിയ പുഴയുടെ
തിളക്കം!

മകനേ,
പറഞ്ഞാല്‍ നീയും വിശ്വസിക്കില്ല.
അമ്മയും ചതിയും പ്രണയവും
ജീവിതവും നീയും ഞാനും
എന്റെ വാക്കുകളും
ചെന്നിനായകത്തിന്റെ
മക്കളാണ്.!


ഇരുളിനെ ഇരട്ടിയാക്കാന്‍
കണ്ണുകളടച്ചപ്പോള്‍
മനസ്സു പറഞ്ഞു;
ഇളിഭ്യനാവാൻ ശീലിച്ചതുകൊണ്ട്
നാളെയും നീ ഉണരും!!


------------------------
ഈ കുറിപ്പിന് കവിത എന്ന ലേബല്‍ ചാര്‍ത്തുകവഴി കവിതയെയും കവികളെയും ആസ്വാദകരെയും ഞാന്‍ അപമാനിച്ചിരിക്കുന്നു. മാപ്പ്.

Comments

Pongummoodan said…
ഈ പാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത് ‘കന്നാബിസ് ഇന്‍ഡിക്ക’യാവുന്നു. കുറ്റം പോങ്ങുവിന്റേതു മാത്രമല്ലെന്ന് ചുരുക്കം. :)
ഇഷ്ടമായി......!!
ഒരു തേങ്ങ അടിക്കുന്ന ശബ്ദം മൈക്കിലൂടെ കേള്‍പ്പിച്ചിരിക്കുന്നു.
ഇതല്ലേ “ചെന്നിനായകത്തിന്റെ മക്കൾ”? :) ഒരു പേരിടാനായിരുന്നോ പഴയത് ഡിലീറ്റിയത്?
Pongummoodan said…
പ്രിയ ഖാന്‍ : മൈക്കിലൂടെ ഉടയുന്ന ശബ്ദം നാം കേട്ടിരിക്കുന്നു. നന്ദി :)

പ്രിയപ്പെട്ട ജയരാജാ: ഇതുതന്നെയാണ് ചെന്നിനായകത്തിന്റെ മക്കള്‍. പേരിടാനായല്ല ഡിലീറ്റ് ചെയ്തത്. പാതിരാവില്‍ തോന്നിയ വട്ട് കുറിച്ചതാണ്. ആത്മവിശ്വാസം ചോര്‍ന്നപ്പോള്‍ ഡിലീറ്റ് ചെയ്തു. പിന്നെ തോന്നി അതിവിടെ കിടന്നോട്ടെയെന്ന്. :) അത്രേയുള്ളു കാര്യം. നന്ദി സ്നേഹിതാ.
പോങ്ങുമ്മൂടന്‍, എവിടെയോ ഒരു ചെന്നിനായകത്തിന്റെ മണവും രുചിയും.. എന്ത് പറ്റി കൊതി തീരതക്ക പാല്‍ കിട്ടിയില്ല എന്നുണ്ടോ? എല്ലാത്തിനും ഒരു സമയം ഉണ്ട്.... അത് അമ്മിഞ്ഞ കുടി ആയാല്‍ പോലും . ഹഹ

കവിത ഇഷ്ട്ടായി!
സജി said…
മിസ്റ്റര്‍ പോങ്ങന്‍ എന്നതു മാറ്റി മിസ്റ്റര്‍ മാപ്പന്‍ എന്നാക്കി കൂടെ?...

പിന്നെ ഇങ്ങനെ മാപ്പു പറയേണ്ടി വരില്ല.

(പോസ്റ്റിട്ട താങ്കള്‍ മാപ്പു പറഞ്ഞു തടിയൂരുമ്പോള്‍ കമെന്റിട്ട ഞങ്ങള്‍ നിസ്സഹായരാകുന്നു കൂട്ടുകാരാ)
Pongummoodan said…
സജിച്ചേട്ടാ,

പറഞ്ഞതിലെ നര്‍മ്മം ആസ്വദിക്കുകയും പരിഹാസം വേദനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ പോസ്റ്റില്‍ ചേട്ടനടക്കം പലരും അവിടെ കമന്റിട്ട സ്ത്രീജനങ്ങള്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് മറുപടി കൊടുത്തപ്പോള്‍ എന്റെ വിവരദോഷം കൊണ്ട് ഞാന്‍ അവരെ സഭ്യമല്ലാത്ത വാക്കുകളോടെ നേരിടുകയാണ് ഉണ്ടായത്. ‘താന്തോളി’ എന്ന വാക്കു പോലും ഞാനവിടെ ഉപയോഗിച്ചു. അത് അവരെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞുപോയ അസംഭ്യവാക്കുകളെ ഓര്‍ത്താണ് മാപ്പു പറഞ്ഞത്. തെറ്റിദ്ധരിക്കരുത്. ഒറ്റപ്പെടുത്തുകയും ചെയ്യരുത്. ആദ്യമായാണ് എനിക്കിത്തരമൊരു അബദ്ധം പറ്റിയത്. എന്നെ മനസ്സിലാകുമോ?

സ്നേഹപൂര്‍വ്വം
പോങ്ങു
സജി said…
പോങ്ങന്‍ സാര്‍,
കുറ്റപ്പെടുത്തിയതല്ല. പരാതി പറഞ്ഞതാണ്.

പോസ്റ്റിലെ മൊത്തം കണ്ടെന്റില്‍ നിന്നും പിന്‍‌വാങ്ങുന്നതുപോലെ പോലെ തോന്നുന്ന പ്രതികരണങ്ങള്‍, കമെന്റ് ഇട്ടവരെ നിസ്സഹായരാക്കും, ഒറ്റപ്പെടുത്തിക്കളയും. അത്രയുമേയുള്ളൂ.

ഞാന്‍ താങ്കളുടെ കൂടെത്തന്നെയാണ്, ഇപ്പോഴും!!
jayasri said…
പോങ്ങുമ്മൂടന്‍ പറയാനുദ്ദേശിച്ചതെന്താണെന്നു ഒരു വ്യക്തവുമല്ല. പഴയ പോസ്റ്റുകളുടേയും കമന്റുകളുടേയും തുടര്‍ച്ചയാണീ കവിത(?) എന്നുണ്ടെങ്കില്‍ വളരെ ആത്മാര്‍ത്ഥമായി പറയട്ടെ, താങ്കളുടെ ഗ്രാഫ് താഴോട്ടാണ്. ‘ആസ്ഥാന വേശ്യ അന്നുട്ടി’, ആപ്പി, മത്സ്യപുരാണത്തിലെ രണ്ടാം സാക്ഷി‘ അങ്ങിനെ നര്‍മ്മമൂറുന്ന ഒരുപാട് കഥകളും അനുഭവക്കുറിപ്പുകളുമെഴുതിയ താങ്കളുടെ ഈ നിലവാരത്തകര്‍ച്ച എന്നെപ്പോലെയുള്ള ബ്ലോഗ് വായനക്കാരെ നിരാശപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ.

നാലുപ്രാവശ്യം മാതൃഭൂമി ബ്ലോഗനയില്‍ ബ്ലോഗ് പോസ്റ്റ് അച്ചടിച്ചു വന്ന ഒരു ബ്ലോഗര്‍ ആണ് താങ്കള്‍ എന്നത് താങ്കളെങ്കിലും മറക്കാതിരിക്കുക.

തുറന്നു പറയേണ്ടി വന്നതില്‍ ഖേദിക്കുന്നു
Pongummoodan said…
സജിച്ചേട്ടാ,

ആ തെറ്റ് ഞാന്‍ മനസ്സിലാക്കുന്നു. സ്ത്രീപക്ഷത്തുനിന്നുള്ള ചില വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ഞാന്‍ തകര്‍ന്നുപോയി. നാട്ടിലൊരു വ്യക്തിയുണ്ട്. ആള്‍ തോറ്റ് നിലം പറ്റിയെന്നു കണ്ടാല്‍ അപ്പോള്‍ ചെയ്യുന്ന കാര്യം ഉടുതുണി പൊക്കി കാണിക്കുക എന്നതാണ്. ആ ശൈലി എന്റെ വിവരദോഷം കൊണ്ട് ഞാന്‍ ഒരു നിമിഷം അനുകരിച്ചു പോയി. പെണ്ണുങ്ങള്‍ എന്നെ അലക്കി കുടഞ്ഞ് അയയിലിട്ടപ്പോള്‍ അറിയാതെ അസഭ്യവാക്കുകള്‍ കൊണ്ട് ഞാന്‍ അവരെ നേരിട്ടു. ഒരു തരത്തില്‍ ഉടുതുണി പൊക്കല്‍. പിന്നെ എന്റെ സംസ്കാരശൂന്യത ഓര്‍ത്തപ്പോള്‍ ഞാന്‍ തലകുനിക്കുകയും മാപ്പുപറയുകയും ചെയ്തു. എനിക്കെന്നോടുള്ള ബഹുമാനം തിരികെ കിട്ടാന്‍ ഞാന്‍ ചെയ്തുപോയതാണത്. ക്ഷമിക്കുക സജിച്ചേട്ടാ...
Pongummoodan said…
പ്രിയ ജയ,

അഭിപ്രായത്തിനു നന്ദി. എന്റ ഗ്രാഫ് കുത്തനെ താഴുന്നു എന്ന അഭിപ്രായം എന്നെ അലട്ടുന്നില്ല. മനസ്സില്‍ തോന്നുന്നവ കുറിക്കുന്നു. ബ്ലോഗ് എന്ന മാധ്യമം നല്‍കുന്ന സൌകര്യത്താല്‍ ഞാനവ പോസ്റ്റുന്നു. ചിലര്‍ക്ക് ഇഷ്ടം തോന്നുന്നു. സ്വാഭാവികമായും മറ്റു ചിലര്‍ക്ക് അനിഷ്ടവും. ജയയ്ക്കും തൃപ്തി തോന്നുന്നവിധം ഞാന്‍ എഴുതാന്‍ ശ്രമിക്കും. എന്നെ വായിക്കുന്ന തന്നോടും എനിക്ക് കൂറുണ്ടാവണം. ഞാന്‍ ശ്രമിക്കാം. ബ്ലോഗനയില്‍ നാലുപ്രാവശ്യം വന്നുവെന്നത് എന്റെ ഭാഗ്യം കൊണ്ടാവും. അല്ലാതെ എന്റെ കഴിവിനു ലഭിച്ച അംഗീകാരമാണതെന്ന ധാരണ എനിക്കില്ല. എന്റെ ഒരു പോസ്റ്റുപോലും എനിക്ക് തൃപ്തി നല്‍കിയിട്ടില്ല. കാരണം ഞാനൊരു നല്ല വായനക്കാരനാണ്. തീരെ നല്ല എഴുത്തുകാരനേയല്ല. എങ്കിലും ജയ ഞാന്‍ ശ്രമിക്കാം. തുറന്നുപറയാന്‍ മനസ്സുകാണിച്ചതില്‍ സന്തോഷം. എന്റെ കുറവുകളെ ഞാന്‍ അറിയുന്നു. നന്ദി.
ഒന്നും മനസ്സിലായില്ല.

കഞ്ചാവാണെന്നാ തോന്നുന്നത്...

ജയ പറഞ്ഞതിനോടു 100% യോജിക്കുന്നു

മകനേ പോങ്ങൂ .. നീ വേഗം ആപ്പി, അന്നൂട്ടി നിലവാരത്തിലേക്ക് ഉയര്‍ന്നു മടങ്ങി വരൂ.. ഫോളോവികള്‍ കച്ചിയും കാടിയും ഇല്ലാതെ പട്ടിണിയിലാണ്.
Pongummoodan said…
കാര്‍ന്നോരേ,

കഞ്ചനെന്നത് നൂറര തരം :) കച്ചിയും കാടിയുമായി നാം ഉടന്‍ വരാം :)
nandakumar said…
പറഞ്ഞാല്‍ വിശ്വസിക്കില്ല...
ഇതു കവിതയാണെന്ന് !!

പറഞ്ഞാല്‍ വിശ്വസിക്കില്ല...
ഇതില്‍ കവിതയും ആശയവുമുണ്ടെന്ന്!!

പറഞ്ഞാല്‍ വിശ്വസിക്കില്ല...
ഇത് പോങ്ങുമ്മൂടന്‍ എഴുതിയതാണെന്ന്!!

പറഞ്ഞാല്‍ വിശ്വസിക്കില്ല...
ബ്ലോഗനയില്‍ 4 പ്രാവശ്യം വന്നിട്ടുണെന്ന്!!

പറഞ്ഞാല്‍ വിശ്വസിക്കില്ല...
ഈ പോസ്റ്റും ഡെലിറ്റുമെന്ന്!!


(ഓണ്‍ - വേദനിക്കുന്നു കൂട്ടുകാരാ..താങ്കള്‍ ശരിക്കും സങ്കടപ്പെടുത്തുന്നു)
പോങ്ങൂ,

പ്രണയ പരവശനായി വട്ടുപിടിച്ചോ?എത്രയും വേഗം സല്‍ബുദ്ധി തോന്നാന്‍ ആശംസകള്‍ നേരുന്നു..ഹിഹി

ആശംസകള്‍
വന്നു കണ്ടു :) ഇഷ്ടമായി :)
നമ്മുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുവാനാണ് നമ്മുടെ ബ്ലോഗ്‌ :)
Pongummoodan said…
പ്രിയ നന്ദേട്ടാ,

ഞാന്‍ കുറിച്ചത് കവിതയാണെന്ന് ഞാന്‍ പറഞ്ഞില്ല. ആ ലേബലില്‍ കൊടുത്തതില്‍ ദു:ഖമുണ്ടെന്നും ഞാന്‍ പറഞ്ഞു.

ഇത് കവിതയല്ലെന്ന് താങ്കള്‍ പറഞ്ഞത് അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ ഇതില്‍ ആശയമില്ലെന്നു പറയുന്നതും അംഗീകരിക്കാന്‍ എനിക്ക് ബാധ്യതയുണ്ട്. താങ്കളുടെ നിലവാരത്തോളം എത്താന്‍ എനിക്ക് സമയം തരിക. ഞാന്‍ നന്നാവാന്‍ ശ്രമിക്കാം.

വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. എങ്കിലും എനിക്കുറപ്പുണ്ട് ഇതെഴുതിയത് ഞാനെന്ന കൂതറയാണെന്ന്. എനിക്കെന്തെങ്കിലും നിലവാരം ഇതുവരെ ആരെങ്കിലും കല്പിച്ചുവെങ്കില്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന്. ഞാന്‍ ഒരു മനുഷ്യനാണ്. ബുദ്ധിജീവിയല്ല. നല്ലത് വല്ലതും എന്നില്‍ നിന്നും വന്നാല്‍ അത് യാദൃശ്ചികവും അല്ലാത്തവ എന്റെ മനസ്സുമാണ്.

ബ്ലോഗനയില്‍ നാല് പ്രാവശ്യം വന്നത് എന്റെ കുറ്റമല്ല. ചിലപ്പോള്‍ ഇനിയും വരുമായിരിക്കും ചേട്ടാ.:)

ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല. ഇതും എന്റെ മനസ്സില്‍ ജനിച്ചതാണ്. അംഗവൈകല്യമുണ്ടെന്നുകരുതി നമ്മുടെ കുഞ്ഞിനെ ആരെങ്കിലും കൊല്ലുമോ? ഞാന്‍ ഇനി ആ പാതകം ചെയ്യില്ല.

താങ്കളെ സങ്കടപ്പെടുത്തേണ്ടി വരുന്നതില്‍ ദു:ഖമുണ്ട് നന്ദേട്ടാ. എന്നെ നന്ദേട്ടന്‍ ഒരുപാട് സ്നേഹിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു. എങ്കിലും ഈ പോസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്യില്ല. നന്ദി. ഇങ്ങനെ ഒരു അഭിപ്രായം കുറിക്കാന്‍ താങ്കള്‍ സമയം ചിലവഴിച്ചല്ലോ. നന്ദി.
Pongummoodan said…
കോറോത്ത്: സന്തോഷം.
Pongummoodan said…
സുനിലേട്ടാ: സത്ബുദ്ധി എനിക്കു തോന്നട്ടെ. ഞാന്‍ നന്നാവാന്‍ ശ്രമിക്കാം. നന്ദി ചേട്ടാ

വേദവ്യാസന്‍: ഈ പ്രോത്സാഹനം സന്തോഷിപ്പിക്കുന്നു. നന്ദി
Kalavallabhan said…
പ്രസന്റേ...
Unknown said…
ഹരിയേട്ടാ, ആ ബ്ലോഗാറ്റിൻ കരേടെ ബാക്കി എഴുതിയാട്ടെ..പ്രണയത്തീന്ന് വിട്ട്‌ പിടി..പിന്നെ തൊലിക്കട്ടിക്ക്‌ ബെർളിയെ ഗുരുവാക്ക്‌..അയ്യോ ഉപഡേഷിച്ചതല്ലേ..ഞാൻ സ്കൂട്ടി..
Manoraj said…
ഈ പോസ്റ്റിന്റെ ലിങ്കിൽ മൂന്നു നാലുവട്ടം കയറി നോക്കി കേട്ടൊ.. ചെന്നിനായകത്തിന്റെ മക്കളിൽ നിന്നും പറഞ്ഞാൽ വിശ്വസിക്കില്ലയിലേക്കുള്ള ഈ പരിണാമം എന്തിനായിരുന്നു..

സത്യം അസത്യത്തെ
പ്രസവിക്കില്ല.

ഈ വരികൾ വല്ലാതെ ഇഷ്ടപ്പെട്ടു.. മറ്റുള്ളവ ഇഷ്ടപെട്ടില്ല എന്ന് സൂചനയേ ഇല്ലാട്ടോ... ഇന്തോ പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല എനിക്ക് കൂടുതൽ ചേർച്ചയുള്ള പേരായി തോന്നിയത് ചെന്നിനായകത്തിന്റെ മക്കൾ ആയിരുന്നു കേട്ടൊ.. പാതിരാത്രിയിലെ ആത്മവിശ്വാസക്കുറവ് ഒന്ന് മുത്രമൊഴിച്ചാൽ തീരാവുന്നതേ ഉള്ളൂട്ടോ.. പരീക്ഷിച്ച് വിജയിച്ച ഫോർമുലയാ.. ഹ..ഹ.. ചുമ്മാ...
Pongummoodan said…
പ്രിയ മനോരാജ്,

ആയിരിക്കും. ‘ചെന്നിനായകത്തിന്റെ മക്കള്‍’ എന്നതു തന്നെയായിരിക്കും ഈ കുസൃതിയ്ക്ക് യോജിക്കുന്ന തലക്കെട്ട്. പക്ഷേ, എന്തിനായിരുന്നു അതൊഴിവാക്കിയത്? അല്ലെങ്കില്‍ എന്തിനായിരുന്നു ഈ കുറിപ്പുതന്നെ? അറിയില്ല മനോരാജ്. ഇത് ഡിലീറ്റ് ചെയ്യാ‍ന്‍ തോന്നുന്നുമില്ല. ബ്ലോഗ് തരുന്ന സ്വാതന്ത്ര്യത്തെ ഒരുപക്ഷേ ഞാന്‍ ദുരുപയോഗം ചെയ്യുന്നതാവും. എനിക്കു മടുത്തു എന്ന് ഞാനിപ്പോള്‍ പറയുന്നത് നിരാശകൊണ്ടല്ല. സത്യത്തില്‍ മടുത്തു.

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. സന്തോഷം. ശുഭരാത്രി
ശ്രീ said…
പറഞ്ഞാല്‍ വിശ്വസിയ്ക്കുമോ എന്നറിയില്ല... ഈ പോസ്റ്റ് എനിയ്ക്കു ദഹിച്ചിട്ടില്ല.

(മുന്‍പത്തെ പോസ്റ്റിന്റെ ബാക്കിയാണെന്ന് മനസ്സിലായി. അത് വായിച്ചിരുന്നുവെങ്കിലും കമന്റിടാനുള്ള അറിവില്ലാതിരുന്നതിനാല്‍ മിണ്ടാതെ പോയതാണ്. ഇവിടെയും ഒരു തവണ വന്ന് മടങ്ങിയതാണ്. ഈ തരം പോസ്റ്റുകള്‍ ഇപ്പോള്‍ തുടര്‍ക്കഥയാകുന്നതിനാല്‍ ഇത്തവണ എങ്കിലും കമന്റിലൂടെ എന്റെ അഭിപ്രായം അറിയിച്ചേക്കാമെന്ന് കരുതി.)

മാഷിനു തോന്നുന്നതെന്തോ അത് തുറന്നെഴുതൂ മാഷേ. പിന്നെ കമന്റുകള്‍... തുറന്നെഴുത്തുകളോട് തുറന്ന് പ്രതികരിയ്ക്കാന്‍ വായനക്കാര്‍ക്കും അവകാശമുണ്ടല്ലോ. അവയെ അതേ രീതിയില്‍ പരിഗണിയ്ക്കണമെന്ന് മാത്രം.

പിന്നെ, വ്യക്തിപരമായി പറഞ്ഞാല്‍ പഴയ പോങ്ങുമ്മൂട് ആയിരുന്നു എനിയ്ക്കും ഏറെ ഇഷ്ടം!
പ്രിയ പോങ്ങുമാഷെ..

കവിത എനിക്കിഷ്ടമായി..കാരണം ലളിതമായ ഒന്ന്..ഇനിയും പറ്റുമെങ്കിൽ കവിതകളും എഴുതൂ..

( 25 കമന്റിൽ ഒരാൾ പോലും കവിതയെക്കുറിച്ച് അഭിപ്രായം പറയുന്നില്ല പകരം ഇമേജിനെപ്പറ്റി സംസാരിക്കുന്നു കഷ്ടം..!)

നിങ്ങളെ വേലിക്കെട്ടിൽ തളക്കുന്നു..ഈ വേലികൾ പൊളിച്ചില്ലെങ്കിൽ.....
പറഞ്ഞാ വിശ്വസിച്ചാലും ഇല്ലെങ്കിലും നന്നായിരിക്കുന്നു .ഒരു ചോദ്യം ഒരു പ്രണയദിനത്തെ വഹിക്കുന്നതുകൊണ്ടാണോ ഫെബ്രുവരിയിലെ പോസ്റ്റുകള്‍ രണ്ടും പ്രണയപരവശമായിരിക്കുന്നു...
പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ ,
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായി ...
പ്രണയിച്ചുയമ്മ അടുക്കള ; രാഷ്ട്രീയമച്ഛന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍; ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചീക്കളി കൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമപെങ്ങള്‍ക്ക് ; ചേട്ടന്‍ ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം,ശേഷം കൂലിയില്‍ ..!

പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ,
പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....!

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???

ഇതുകവിതയല്ല കേട്ടൊ ഹരി,വെറും അഭിപ്രായം മാത്രം!
Unknown said…
പ്രിയ പോങ്ങുമാഷേ,

കവിത എനിക്കിഷ്ടമായി.

ഇരുളിനെ ഇരട്ടിയാക്കാന്‍
കണ്ണുകളടച്ചപ്പോള്‍
മനസ്സു പറഞ്ഞു;
ഇളിഭ്യനാവാൻ ശീലിച്ചതുകൊണ്ട്
നാളെയും നീ ഉണരും!!

ശരിയാണ്‌. ഇനിയും കവിതകള്‍ക്കായി വരാം
Manoraj said…
പ്രിയ സുഹൃത്തേ,

രണ്ടാമതൊരു കമന്റ് ഇടണം എന്നൊരു ഉദ്ദേശത്തോടെയല്ല ഇവിടെ വന്നത്. എന്റെ കമന്റിന് സുഹൃത്തിന്റെ പ്രതികരണം അറിയാമെന്ന് കരുതിമാത്രമാണ്. പക്ഷെ, എന്തോ തളർന്ന് നിൽക്കുന്ന പോലെ തോന്നി.. അതിന്റെ ആവശ്യമൊന്നുമില്ല..(തളർച്ച പൊള്ളയായ അഭിനയമല്ലെങ്കിൽ)താങ്കളുടെതായി ഞാൻ ആദ്യം വായിച്ച പോസ്റ്റ് “പത്താം നിലയിലെ തിവണ്ടി”യാണ്. ആ ഒരു പോസ്റ്റ് വായിച്ച ഊർജ്ജത്തിൽ നിന്നും ആണ് സിനിമ കാണാനുള്ള ഭാഗ്യം കിട്ടാതിരുന്നതിനാൽ ആ തിരക്കഥ തപ്പിപിടിച്ച് വാങ്ങി വായിച്ചതും എന്റെ ഒരു പോസ്റ്റിൽ അത് പ്രതിപാധിച്ചതും .. പക്ഷെ എന്തോ താങ്കൾ പത്താം നിലയിൽ നിന്നും താഴൊട്ട് വീഴും പോലെ തൊന്നുന്നു..എന്റെഴുതണമെന്നത് സ്വാതന്ത്ര്യമായിരിക്കേ, എന്ത് കമന്റ് പറയണമെന്നതും സ്വാതന്ത്ര്യമാണല്ലോ? പക്ഷെ, മറ്റുള്ളവരുടെ കമന്റുകളിൽ മനം നൊന്ത് താങ്കളെ പോലുള്ള ബ്ലോഗർമാർ മടുപ്പ് പറഞ്ഞാൽ എന്നെ പോലെയൊക്കെ ഇവിടെ തുടക്കകാരായവരുടേ അവസ്ഥ എന്തായിരിക്കും.. മടുക്കാൻ മാത്രം ഒന്നുമില്ല സുഹൃത്തേ.. ചിലത് ചിലർക്ക് ഇഷ്ടമാവില്ല.. വീട്ടിൽ തന്നെ ചില കറികൾ ചില ദിവസം നമുക്ക് ഇഷ്ടപെടാറില്ലല്ലോ.. എന്ന് വെച്ച് ഭാര്യക്കോ അമ്മക്കോ പാചകം അറിയില്ല എന്ന് നമ്മൾ തീർപ്പ് കൽ‌പ്പിക്കുമോ? ഇത്രയുമൊക്കെ പറയാൻ എനിക്ക് വലിയ ബ്ലോഗ് പരിചയമൊന്നുമില്ല.. പക്ഷെ, തളർച്ച - നേരത്തെ പറഞ്ഞപോലെ പോള്ളയല്ലെങ്കിൽ - വേണ്ട.. താങ്കളുടെ കഴിവുകളെ ബൂലോകം തിരിച്ചറിഞ്ഞതാണ്.. ഇനിയും നല്ല സൃഷ്ടികളുമായി വരിക.. വായിക്കാൻ ഇവിടെ ഒത്തിരി പേരുണ്ട്..
haari said…
This comment has been removed by the author.
haari said…
This comment has been removed by the author.
This comment has been removed by the author.
This comment has been removed by the author.
lekshmi. lachu said…
കവിത ഇഷ്ടമായി.നല്ല വരികള്‍.
ഇനി ഒരിക്കലും താങ്കളുടെ
ബ്ലോഗില്‍ വരരുത് എന്ന് കരുതിയതായിരുന്നു.
താങ്കള്‍ എനിക്ക് തന്ന മറുപടി ഇന്നും സൂക്ഷിച്ചു
വെച്ചിടുണ്ട്.ജീവിതത്തില്‍ ആദ്യമായി കേട്ട തെറി
ആയതു കൊണ്ടാകാം..
അയച്ച മെയിലും ,അതിനെ സംബന്തിച്ചതെല്ലാം
കിട്ടി,ഒരു മെയില്‍ തിരിച്ചു അയക്കാന്‍ കരുതിയതും
ആയിരുന്നു..പിന്നെ വേണ്ടാന്ന് തോന്നി..
ഇന്ന്,താങ്കളുടെ ബ്ലോഗ്‌ കണ്ടപ്പോള്‍ എന്‍റെ ദേഷ്യംപോയി എന്നറിയിക്കുന്നു.
വീണ്ടും നല്ല എഴുതുകളുമായി ബൂലോകത്തേക്ക്
മടങ്ങി വരുക..
ആശംസകള്‍..
Unknown said…
ആരോ പറഞ്ഞു പൊങ്ങു ആത്മഹത്യ ചെയ്തെന്നു.. ആരെടേ അവന്‍?

കവിത വായിച്ചവന്‍ കനല്‍ കൊണ്ട് ഏറു കിട്ടിയവന്‍ ആവണം. എന്ന് കരുതി കവിതയ്ക്കവസാനം ഒളിച്ചിരുന്ന് കനല്‍ വാരി മുഖത്തെരിയരുത് കവേ,

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ