ഒരു മലയാളിപ്പരിഷയുടെ ആത്മരോദനം.

മാസം അവസാനിയ്ക്കാറാവുമ്പോഴാണ് കേരളാപോലീസിന്റെ കര്‍ത്തവ്യബോധം കൂടുതലായി ഉണര്‍ന്നുകാണപ്പെടുന്നത്. ഒരു മാസം ഇത്ര പെറ്റി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുണ്ടെത്രെ. അതു വേണം താനും. ‘ടാര്‍ജറ്റ് അച്ചീവ് ‘ ചെയ്യാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് മാസാവസാനം കാക്കിധാരികള്‍ നടുറോഡിലേയ്ക്ക് കൂട്ടാമായിറങ്ങുക. തെറ്റുകുറ്റങ്ങള്‍ ചെയ്യാത്ത ഒരു സമൂഹത്തെയാണ് പാവം പോലീസുകാര്‍ അപ്പോള്‍ ഭയക്കുന്നതെന്ന് അവരുടെ കണ്ണുകള്‍ പറയും. എല്ലാവരും മര്യാദരാമന്മാരായാല്‍ കാക്കിധാരികള്‍ എങ്ങനെ ‘ടാര്‍ജറ്റ് അച്ചീവ്‘ ചെയ്യും?!! ഒന്നോര്‍ത്താല്‍ അവറ്റകളുടെ കാര്യം സങ്കടമാണ്.

ഇന്നലെ , ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന എന്നെ പോലീസ് കൈകാണിച്ചു. അവരുടെ നേട്ടത്തില്‍ ഒരുവനാകാനാണ് എന്നെ അവര്‍ കൈകാട്ടി ക്ഷണിച്ചതെന്ന് എനിക്കു തോന്നി. പക്ഷേ, നിര്‍ദ്ദയം ഞാന്‍ വാഹനം നിര്‍ത്താതെ പോവുകയാണ് ചെയ്തത്. കഴിഞ്ഞ മാസാവസാനവും അവര്‍ എന്റെ മുന്നില്‍ കൈനീട്ടിയതാണ്. അന്ന് ദയ തോന്നി ഞാന്‍ നിര്‍ത്തി. വണ്ടിയുടെ ‘ബുക്കും പേപ്പറു’മെല്ലാം പക്കാ. എന്നാല്‍ ‘ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ 100 രൂപ ഖജനാവിലേയ്ക്കടയ്ക്കേണ്ടി വന്നു. രസീത് തരാതിരുന്നതിനാല്‍ അതവരുടെ പോക്കറ്റിലാണ് പോയതെന്നും വേണമെങ്കില്‍ അനുമാനിയ്ക്കാം .

എനിക്ക് പോലീസുകാരോടുള്ള വികാ‍രം സത്യത്തില്‍ ഭയമല്ല. വെറും സഹതാപം മാത്രമാണ്. ആരുടെയൊക്കെ കളിപ്പാട്ടമായി അലയുന്ന അവരോട് സഹതാപമല്ലാതെ മറ്റെന്താണ് നമുക്കു തോന്നേണ്ടത്. കേരള സര്‍ക്കാര്‍ എന്ന സര്‍ക്കസ് കമ്പനിയില്‍ പണിയെടുത്ത് പിഴയ്ക്കുകയും പിഴച്ച് പിഴച്ച് പണിയെടുക്കുകയും ചെയ്യുന്ന കാക്കിയിട്ട കോമാളികള്‍. ഭരണകര്‍ത്താക്കള്‍ക്ക് സുഗമമായി സഞ്ചരിയ്ക്കാന്‍ അവരെ വോട്ടുചെയ്ത് വിജയിപ്പിച്ച പൊതുജനത്തെ പൊതുനിരത്തില്‍ നിന്നും തിരത്തുക. ഗുണ്ടകള്‍ കൊയ്യുന്ന തലകളും അവയുടെ ഉടമയായിരുന്ന ശരീരങ്ങളും പെറുക്കുക്കൂട്ടി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ്ക്കുക. കൊയ്തെടുത്ത തല മുന്തിയവന്റെയെങ്കില്‍ അതിനുള്ള തിരക്കഥ രചിച്ച് മാധ്യമങ്ങളെ ഏല്‍പ്പിയ്ക്കുക. അന്യസംസ്ഥാനത്തും മറ്റും കീഴടങ്ങുകയോ മറ്റോ ചെയ്യുന്ന പിടികിട്ടാപ്പുള്ളികളെ ശീതീകരിച്ച വാഹനത്തില്‍ അകമ്പടി സേവിയ്ക്കുകയും അവര്‍ക്ക് തിന്നാനായി പൊറോട്ടയും കോഴിക്കാലും എത്തിയ്ക്കുകയും യാത്രാമധ്യേ ഗുണ്ടാരാജപ്പട്ടം ലഭിച്ച പുള്ളികളുടെ ബോറടി മാറ്റാന്‍ അവരോടൊത്ത് ചീട്ടുകളിച്ച് അവര്‍ക്ക് മാനസികോല്ലാസം നല്‍കുക. ഇങ്ങനെതുടങ്ങുന്ന എത്രയെത്ര ഭാരിച്ച പണികളാണ് ഒരോ കാക്കി ധാരികളും ചെയ്യേണ്ടി വരുന്നത്. അതിനിടയില്‍ വേണം തങ്ങളുടെ ഔദ്യോഗിക ഗാനമായ ‘തെറിപ്പാട്ട്’ പൊതുജനത്തെ ചൊല്ലികേള്‍പ്പിക്കാനും ഹെല്‍മെറ്റില്ലാതെ ഇരുചക്രത്തിലേറുന്നവന്റെ കീശകുത്തിക്കീറി നിയമം പരിരക്ഷിക്കാനും ഒപ്പം തങ്ങളുടെ ടാര്‍ജറ്റ് അച്ചീവ് ചെയ്യാനുമൊക്കെയുള്ള സമയം കണ്ടെത്തേണ്ടത്.

ഇതൊക്കെ അറിയാമായിരുന്നിട്ടും അവരുടെ കൈനീട്ടലിനെ അവഗണിച്ചും ഹെല്‍മെറ്റ് ഇല്ലാതെയും ഞാന്‍ ബൈക്കോടിച്ചുപോയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. തൂക്കുമരം വരെ ലഭിക്കാവുന്ന മുട്ടന്‍ കുറ്റം. പോലീസുകാരേ, നിങ്ങള്‍ മാപ്പാക്കുക. അത് നിങ്ങളോടുള്ള പ്രതിഷേധമായിരുന്നില്ല. മറിച്ച്, നിര്‍ബന്ധമായും ഇരുചക്രവാഹനമോടിയ്ക്കുന്നവര്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് പറഞ്ഞ കോടതി വിധിയ്ക്കെതിരെയുള്ള എന്റെ പ്രതിഷേധമായിരുന്നു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് തീര്‍ച്ചയായും ഭരണകൂടത്തിന്റെ കടമയാണ്. നിയമങ്ങള്‍ പാലിയ്ക്കുക എന്നത് ഏതൊരു പൌരന്റെ കര്‍ത്തവ്യവും. എന്നാല്‍ നീതിപീഠത്തിന്റെ കണ്ണ് ഇരുചക്രമോടിയ്ക്കുന്നവന്റെ ശിരസ്സില്‍ മാത്രം നട്ടിരുന്നിട്ട് കാര്യമില്ല.

ഈ വര്‍ഷം ഇന്നേവരേ നൂറ്റിയിരുപതോളം ആള്‍ക്കാരെയാണ് ഗുണ്ടകള്‍ കൊന്നൊടുക്കിയത്!!!. എത്ര ഗുണ്ടകളെ പോലീസ് ആറസ്റ്റുചെയ്തു? എത്രപേര്‍ക്ക് ശിക്ഷ ലഭിച്ചു? ഓം പ്രകാശന്‍ പോലീസുകാരോട് കുശലവും പറഞ്ഞ് ഇടയ്ക്കിടെ പ്രകാശം പരത്തുന്ന ചിരിയും പൊഴിച്ച് പോലീസ് വാഹനത്തിലിരുന്നു വിലസുന്ന കാഴ്ച മലയാളികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. ബഹുമാനപ്പെട്ട നീതിപീഠം അത് കണ്ടിരുന്നോ? ജയിലിലെ സുഖചികിത്സ കഴിഞ്ഞ് വര്‍ദ്ധിതവീര്യത്തോടെ അയാള്‍ പുറത്തിറങ്ങുന്ന കാഴ്ചയും താമസിയാതെ പൊതുജനങ്ങള്‍ കാണും. തേച്ചുമായ്ച്ച യഥാര്‍ത്ഥ തെളിവുകള്‍ക്കുപകരം രക്ഷപെടാനുതകവും വിധം കൃത്രിമത്തെളുവുകളുമായി കൂട്ടില്‍ നിര്‍ത്തപ്പെടുന്ന പ്രതിയെ ഏത് നീതിപീഠത്തിനാണ് ശിക്ഷിക്കാനാവുക? ഒരുകണക്കിന് പൊതുജനത്തെപ്പോലെ കഴുതകളാവുകയാണോ കോടതികളും. സാധാരണ ജനം അങ്ങനെ ചിന്തിക്കുകയോ പറയുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമാവും പോലും. നീതി ദേവതേ..നീ ചിരിക്കുന്നോ?!! എനിക്ക് മരിക്കാനാണ് തോന്നുന്നത്.

പ്രഭാത സവാരിയ്ക്കിടെ ‘തീവ്രവാദത്തിന്റെ ദളിതരൂപം‘ ഒരു ഹതഭാഗ്യനെ കഴുത്തറത്തുകൊന്നു. മറ്റൊരുവനെ മൃതപ്രായനാക്കി. എന്ത് നീതിയാണ് ആ മനുഷ്യന്റെ കുടുംബത്തിന് നല്‍കുവാനുള്ളത്?

അഭയ, ശാരി, അനഘ മുതല്പേരുടെ ആത്മാക്കള്‍ നീതിതേടി കോടതി വളപ്പില്‍ അലയുന്നത് നീതിദേവത അറിഞ്ഞിരിക്കുമല്ലോ അല്ലേ? ഇല്ലെന്നോ?!!! എങ്കില്‍ കാഴ്ചയെ മറച്ച് കെട്ടിയിരിക്കുന്ന ആ കറുത്ത തുണി തല്‍ക്കാലമൊന്ന് പൊക്കി നോക്കൂ. കാണാം ആ അലയുന്ന ആത്മാക്കളെ. നീതി പോയിട്ട് ഒരു പുല്ലും അവര്‍ക്ക് കിട്ടില്ലെന്നത് മൂന്നരത്തരം. കാരണം ആത്മാക്കള്‍ക്ക് സ്വാധീനം ചെലുത്താനാവില്ലല്ലോ!! ഇപ്പോളെനിക്ക് മരിക്കാനല്ല ചിരിയ്ക്കാനാണ് തോന്നുന്നത്.

പറയാതിരിക്കുന്നതാണ് ഭേദം. ആരുടെ ജീവനും ഇവിടെ യാതൊരു ഉറപ്പുമില്ല നീതിപീഠമേ.. കൊലപാതകികളും ഗുണ്ടകളും അഴിമതിയും അനീതിയും സ്വജനപക്ഷപാതവും തീവ്രവാദവുമൊക്കെ അരങ്ങുവാഴുന്ന ഈ നാട്ടില്‍ ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സഞ്ചരിക്കുന്നതാണ് അപരാധമെങ്കില്‍ ആ അപരാധം അഭിമാനത്തോടെ ഞാന്‍ ചെയ്യും. എന്റെ തല എന്റെ സ്വന്തമാണ്. അതിന്റെ സംരക്ഷണം ഞാന്‍ തന്നെ നടത്തിക്കോളാം. ഒരു കോടതിയും എന്റെ തലയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ല. പറഞ്ഞത് വിഡ്ഡിത്തമാവാം. എങ്കിലും ഞാനതില്‍ ഉറച്ചു നില്‍ക്കുന്നു.

മദ്യപിച്ചോ, അമിതവേഗത്തിലോ അതുമല്ലെങ്കില്‍ മറ്റു ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചോ ഞാന്‍ വാഹനമോടിച്ചാല്‍ എന്നെ ശിക്ഷിക്കുന്നതില്‍ സന്തോഷമേയുള്ളു. കാരണം മേപ്പടി കുറ്റങ്ങള്‍ മറ്റൊരുവന്റെ ജീവനും ഭീഷണിയാവുന്നതാണല്ലോ. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ ഞാന്‍ ഒരപകടത്തില്‍ പെട്ട് മയ്യത്തായാല്‍ നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രമാവുന്നു. എന്നെ വെറുതേ വിടൂ കോടതി.

വാഹനാപകടങ്ങള്‍ കൂടുന്നതിനുള്ള പ്രധാനകാരണം നിലവാരയോ‍ഗ്യമല്ലാത്ത റോഡുകളാണ്. കോടതികളാണ് റോഡുനന്നാക്കേണ്ടതെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ റോഡുകളുടെ ഇന്നത്തെ ശോചനീയാവസ്ഥയെ പരാമര്‍ശിച്ച് സര്‍ക്കാരിനൊരു ‘ശാസന’യോ ‘വിമര്‍ശന’മോ കോടതിയ്ക്ക് നല്‍കാമല്ലോ. കോടതിയുടെ ‘ശാസനയും വിമര്‍ശനവും‘ വാര്‍ത്താപ്രാധാന്യം നേടുന്ന ഒന്നാവുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുദിവസം അതുകൊണ്ടാടും. പൊതുമരാമത്തു മന്ത്രിയ്ക്ക് വിമാനത്തില്‍ വച്ചു നഷ്ടപ്പെട്ട നാണത്തിന്റെ മിച്ചമെന്തെങ്കിലുമുണ്ടെങ്കില്‍ ഒരു പത്തുകിലോമീറ്റര്‍ റോഡെങ്കിലും നന്നാക്കിയാല്‍ അത്രയുമായി. കോടതി പൊതുജനതാല്പര്യത്തെ മാനിയ്ക്കുന്നുവെന്ന തോന്നലും ഈ ശാസനകൊണ്ടും വിമര്‍ശനംകൊണ്ടും ഉണ്ടാവുകയും ചെയ്യും.

വൃത്തിയും വീതിയുമുള്ള വീഥികളും വിശാലമായ നടപ്പാതകളും ഉണ്ടെങ്കില്‍ എത്രയോ അപകട മരണങ്ങളെ തടയാന്‍ അത് മതിയാവും. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനടുത്തായി പട്ടം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിലൂടെ ഒരുദിവസമെങ്കിലും നമ്മുടെ ജനപ്രതിനിധികള്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നുവെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോവുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെയാണ് കഷ്ടത്തിലാക്കുന്നതെന്ന് അവര്‍ക്ക് നേരില്‍ കാണാനാവും. അതുകൊണ്ടൊന്നും ‘പ്രതി‘നിധികളുടെ കണ്ണുതുറക്കില്ലായിരിക്കാം. എങ്കിലും ഒരു നിമിഷമെങ്കിലും ദുരിതമെന്തെന്ന് അവര്‍ അനുഭവിച്ചറിയുമല്ലോ.

അതുപോലെ നാല്‍ക്കാലി വാഹനങ്ങളുടെയും കാര്യമെടുത്താല്‍ . ABS. EBD, എയര്‍ ബാഗ് തുടങ്ങിയ സുരക്ഷോപാധികള്‍ ഇന്ത്യന്‍ നിരത്തുകളിലിറങ്ങുന്ന ഏതുകാറുകള്‍ക്കും അടിസ്ഥാന സൌകര്യമായി ഏര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരട്ടെ. (എ.സി, പവര്‍ സ്റ്റീറിങ്ങ് , പവര്‍ വിന്‍ഡോ എന്നിവ ആഡംബര ഗണത്തിലും പെടുത്തട്ടെ. ) അതുവഴി എത്ര ജീവിതങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനാവും.

ടിപ്പര്‍ ലോറി എന്നു പറയുന്ന ‘കാലന്റെ യന്ത്ര രൂപം ‘ എത്രയോ ജനങ്ങളുടെ ആയുസ്സെടുത്തിരിക്കുന്നു. അവരുടെ വേഗത നിയന്ത്രിക്കാന്‍ പൊതുജനമാണോ ശ്രദ്ധചെലുത്തേണ്ടത്? മത്സര ഓട്ടം നടത്തുന്ന സ്വകാര്യബസ്സുകളെ നീതിപീഠം കാണുന്നുണ്ടോ? അശ്രദ്ധയോടെ സഞ്ചരിയ്ക്കുന്ന മുച്ചക്രനെ?

നീതി പീഠമേ, നമ്മുടെ സമൂഹത്തില്‍ നന്നാക്കാനും നേരെയാക്കാനും കാതലായപ്രശ്നങ്ങള്‍ ധാരാളമുള്ളപ്പോള്‍ ‘ഹെല്‍മെറ്റ്’ വേട്ടപോലെ ജനങ്ങളെ പിഴിയാന്‍ പൊലീസുകാരെ സഹായിക്കുന്നവിധമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്തിനു പാവം പൊതുജനങ്ങളെയിങ്ങനെ പീഢിപ്പിക്കുന്നു. എന്തായാലും ഹെല്‍മെറ്റ് ധരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. പോലീസുകാര്‍ കൈനീട്ടിയാല്‍ നിര്‍ത്താനും. അനന്തരഫലം ഞാന്‍ അനുഭവിച്ചുകൊള്ളാം.

എഴുതിയെഴുതി ബോറഡിച്ചതുകൊണ്ടുമാത്രം നിര്‍ത്തുന്നു. അല്ലെങ്കില്‍ ഞാനെന്തുപറഞ്ഞിട്ടെന്താ? ഈ സമയം ഞെക്കിപ്പിഴിഞ്ഞ് വല്ല തമാശ പോസ്റ്റും എഴുതിയിരുന്നെങ്കില്‍ എന്റെ നീതിപീഠമേ, എനിക്കു കുറേ ‘കമന്റുകള്‍’ കിട്ടുകയും ‘അമ്പട ഞാനേ’ എന്ന ഭാവത്തില്‍ അതും വായിച്ചങ്ങനെ മോണിറ്ററിനുമുന്നില്‍ കണ്ണും തള്ളി എനിക്കിരിക്കുകയുമാവാമായിരുന്നു. ഒപ്പം. വലതു വശത്തെ സമചതുരക്കൂട്ടില്‍ ‘ഫോളോവേഴ്സിന്റെ‘എണ്ണം കൂടുന്നതുമെണ്ണിരസിച്ച്, അങ്ങനെ അങ്ങനെ...

Comments

Pongummoodan said…
എഴുതിയെഴുതി ബോറഡിച്ചതുകൊണ്ടുമാത്രം നിര്‍ത്തുന്നു. അല്ലെങ്കില്‍ ഞാനെന്തുപറഞ്ഞിട്ടെന്താ? ഈ സമയം ഞെക്കിപ്പിഴിഞ്ഞ് വല്ല തമാശ പോസ്റ്റും എഴുതിയിരുന്നെങ്കില്‍ എന്റെ നീതിപീഠമേ, എനിക്കു കുറേ ‘കമന്റുകള്‍’ കിട്ടുകയും ‘അമ്പട ഞാനേ’ എന്ന ഭാവത്തില്‍ അതും വായിച്ചങ്ങനെ മോണിറ്ററിനുമുന്നില്‍ കണ്ണും തള്ളി എനിക്കിരിക്കുകയുമാവാമായിരുന്നു. ഒപ്പം. വലതു വശത്തെ സമചതുരക്കൂട്ടില്‍ ‘ഫോളോവേഴ്സിന്റെ‘എണ്ണം കൂടുന്നതുമെണ്ണിരസിച്ച്, അങ്ങനെ അങ്ങനെ...
ആ സായിപ്പേമാന്മാര്‍ നടപ്പാക്കിയ യൂനിഫോം ഇല്ലെങ്കില്‍ കള്ളനെയും പോലീസിനെയും തിരിച്ചറിയാതെ പൊതുജനം എന്ന കഴുതകള്‍ കറങ്ങിപ്പോയേനെ...
Anonymous said…
അല്ല.. ഞാന്‍ അറിയാണ്ട് ചോതിക്കുവാ.. ഈ ഹെല്‍മെറ്റ്‌ ഇട്ടാല്‍ എന്താ കുഴപ്പം? ഹെല്‍മെറ്റ്‌ ഇട്ടതു കൊണ്ട് വല്യ ഒരു അഭകടത്തില്‍ നിന്നും രക്ഷപെട്ട എന്റെ ഒരു അനിയനെ ഞാന്‍ അറിയാതെ ഓര്‍ത്തു പോയി.... ആ കുടുംബത്തിണ്ടേ ഏക മകനായിരുന്നു അവന്‍..... അത് കൊണ്ട് ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കുന്നത് നല്ലതാണ് മാഷെ....
“നീതി ദേവതേ..നീ ചിരിക്കുന്നോ?!! എനിക്ക് മരിക്കാനാണ് തോന്നുന്നത്.“


പൊങ്ങുച്ചേട്ടാ..

പോസ്റ്റ് കലക്കി സൂപ്പർ ,

ഹെല്‍മെറ്റ്‌ അല്ല ഇവിടെ പ്രശ്നം .

ഇന്നത്തേ നമ്മുടെ അവസ്ഥ അതിനെകുറിച്ചാന്നു നാം

ചിന്തിക്കേണ്ടത്,

തങ്കളുടെ ധീരമായ ഇടപെടൽ മറ്റുള്ളവർക്കു ഇതിനെ

കുറിച്ചു

ചിന്തിക്കാനുള്ള അവസരം ഉണ്ടാക്കും എന്നു പ്രതീക്ഷിച്ചുകൊണ്ട് ആലാടൻ
പോങ്ങ്സ്സ് ചേട്ടാ..

വിട്ട് കൊടുക്കരുത്.ഹെല്‍മറ്റ് ഇല്ലാതെതന്നെ യാത്ര ചെയ്യണം.പറഞ്ഞത് സത്യമാ, ഹെല്‍മറ്റ് വച്ചിട്ടൊന്നും ഒരു കാര്യവുമില്ല, എല്ലാം ദൈവഹിതമാ

(സമയവും സന്ദര്‍ഭവും നല്ലതാണെല്‍ കൈവിട്ടും വണ്ടി ഓടിക്കണം)

:))
ചേട്ടോ എവിടെവച്ചാ പെറ്റി അടിച്ചു തന്നത്?... എനിക്ക് ഒരു മണിക്കൂര്‍ മുന്‍പ് ഒരു നൂറു രൂപ അടിച്ചു തന്നു... വെള്ളയമ്പലത്ത് വച്ച്...
ഞാന്‍ എന്നിട്ട് ഇപ്പൊ റൂമില്‍ വന്നു കയറിയതേ ഉള്ളു... :D
Pongummoodan said…
മിനി : സത്യം :)

ഷീല: ആക്കാം :)

നിഷാര്‍: നന്ദി.

അരുണ്‍:

പോങ്ങ്സ്സ് ചേട്ടാ- എന്തോ...

വിട്ട് കൊടുക്കരുത്. - ഇല്ല

ഹെല്‍മറ്റ് ഇല്ലാതെതന്നെ യാത്ര ചെയ്യണം. - ചെയ്യാം

പറഞ്ഞത് സത്യമാ - കല്ലുവച്ച സത്യം.

ഹെല്‍മറ്റ് വച്ചിട്ടൊന്നും ഒരു കാര്യവുമില്ല - തീരെയില്ല.

എല്ലാം ദൈവഹിതമാ - നന്നായി.

(സമയവും സന്ദര്‍ഭവും നല്ലതാണെല്‍ കൈവിട്ടും വണ്ടി ഓടിക്കണം - അതിനായും ശ്രമിക്കാം. എല്ലാം കായംകുളം കാരന്റെ ഇഷ്ടം)

:))- :) :)

--------------------

എല്ലാവര്‍ക്കും വളരെ സന്തോഷം. മുട്ടന്‍ നന്ദി. മിക്കവരും അനുഗ്രഹിക്കുമല്ലോ? ഇല്ലേ?!!

:)
Pongummoodan said…
പിപഠിഷു,

എന്നെ പിടിക്കാന്‍ ശ്രമിച്ചത് പി.എം.ജി-യില്‍ വച്ചാണ്.പിടികൊടുത്തില്ല. :)

സിനിമകണ്ടിറങ്ങയിട്ട് തന്നെ കാണാന്‍ കഴിഞ്ഞില്ല. സുഖമല്ലേ? ഇപ്പോള്‍ ഞാന്‍ വെള്ളമടിച്ചു വന്നതേയുള്ളു :)
Anonymous said…
അടുത്ത പ്രാവശ്യം അവന്മാര്‍ എറിഞ്ഞു വീഴിക്കും, ജാഗ്രതൈ
Pongummoodan said…
പ്രിയ അനോണി - അതിനുള്ള സാധ്യത നാം കാണുന്നു. :)
സജി said…
സര്‍ പോങ്ങന്‍സ്,
ഇനിയിതാവര്‍ത്തിക്കരുത്!

ഈ തല - ഇതു ഞങ്ങള്‍ക്കു വേണം, താങ്കള്‍ക്കു വേണ്ടെങ്കിലും!

ഹെല്‍മെറ്റ് എങ്കില്‍, ഹെല്‍മെറ്റ്- എന്തു കുന്തം വച്ചുഇട്ടാണെങ്കിലും സാരമില്ല!

അപേക്ഷയല്ല, ആജ്ഞയാണ്!
Anonymous said…
പണ്ട് ഒരു ഇടിച്ച കാറിന്റെ കഥ വായിച്ച്തായി ഓര്‍ക്കുന്നു,( ല ഇല്ലത്ത ഹരി എനോ മറ്റോ), സീറ്റ് ബല്‍റ്റിട്ടതു കൊണ്ട് രക്ഷ പെട്ടു എന്നോ മറ്റോ? നമ്മുടെ സ്വന്തം കാറില്‍ സീറ്റു ബല്‍റ്റു വേണോ അണ്ണാ.
Pongummoodan said…
സജിയേട്ടാ : എങ്കില്‍ ആ ആഞ്ജ സ്നേഹപൂര്‍വ്വം നാം ‘ശിരസാ വഹിയ്ക്കുന്നു’ :)
രസായിട്ടുണ്ട്.
Pongummoodan said…
പ്രിയ അനോണി, താങ്കള്‍ പോലും ഞാന്‍ കുറിച്ച പോസ്റ്റിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാത്തതില്‍ ഖേദിക്കുന്നു. ഇവിടെ പ്രശ്നം സീറ്റ് ബെല്‍റ്റോ ഹെല്‍മെറ്റോ ഒന്നുമായിരുന്നില്ല.

ആക്ഷേപം അനോണിയായി വേണ്ടിയിരുന്നില്ല. നന്ദി :)
GanGa said…
Poongsss..

aaa deshyam naaam angeekarikkunnu..

enikku Kaavi onnu veenamaaayirunnu...undaavvooo edukkaan...
ടെമ്പററി അനോണി said…
അതിനിടയില്‍ വേണം തങ്ങളുടെ ഔദ്യോഗിക ഗാനമായ ‘തെറിപ്പാട്ട്’ പൊതുജനത്തെ ചൊല്ലികേള്‍പ്പിക്കാനും...പോങ്സേ ജ്ജ് വെറും 'സര്‍' അല്ല സാറപ്പനാടാ സാറപ്പന്‍ !!!
ആ തലക്ക് പാകത്തില്‍ ഹെല്‍മെറ്റ് ഉണ്ടോ!!?

ഉണ്ടാവാഞ്ഞിട്ടാവണം പൊങ്ങു വെക്കാത്തത്, അല്ലേ?

:)
Ajmel Kottai said…
അമ്പട പൊങ്ങൂ!!! കൊള്ളാം, നല്ല ലേഖനം.
Pongummoodan said…
ഗംഗ,
“enikku Kaavi onnu veenamaaayirunnu...undaavvooo edukkaan...“

ഇതില്‍ ‘Kaavi‘ എന്നത് മനസ്സിലായില്ല.


ടെമ്പററി അനോണി: നല്ല പരിചയം തോന്നുന്നു സ്നേഹിതാ :)
Pongummoodan said…
അമ്പട രാമേട്ടാ, സംഗതി പിടികിട്ടിയല്ലേ? :)

കൊറ്റായി: സന്തോഷമായി :)
പോങ്ങേട്ടാ...

സോറി സര്‍ പോങ്ങ്‌സ്...

ഇതീക്കേറി നമ്മ എന്തരു പറയാനക്കൊണ്ട്?

തമിഴില്‍ ഒരു വാക്ക് പറായാം...

“കിഴിച്ചിട്ടാങ്കറേ...”

കിടിലം മച്ചൂ...


പിന്നെ ഗംഗേട്ടന്‍ പറഞ്ഞ കാവി ങ്ങക്ക് മനസിലായില്ലാ?

അദന്നന്ന്....

ങ്ങള് മ്മടെ ചെല ആള്‍ക്കാര്‍ക്കിട്ടല്ലേ വെച്ചേക്കണത്...അപ്പോ നിങ്ങക്ക് ഒരു ലേബലണ്‍ഗ് അടിച്ചേച്ച പിന്നെ ങ്ങടെ വാക്കാരും കേക്കൂല്ലല്ല്!!!

(ദ സേം ഓള്‍ഡ് നമ്പര്‍!)


ഓടോ: ഹെല്‍മറ്റ് വേട്ട തടയാന്‍ ശ്രമിക്കാവുന്ന ഒര് പണീണ്ട്...ഏതേലും സര്‍ക്കാര്‍ ഡോക്ടറെകൊണ്ട് ഹെല്‍മറ്റ് വച്ചാല്‍ ഈ തല കേടാകും എന്ന ഒരു സര്‍ട്ടീറ്റ് വാണ്‍ഗിയാ മതി!
പോങ്ങ്സ്സ്...പോസ്റ്റ് കലക്കി...
Jijo said…
എല്ലാ കാര്യങ്ങളിലും യോജിപ്പാണെങ്കിലും വീട്ടിലുള്ളവരെ ഓര്‍ത്തെങ്കിലും ഹെല്‍മെറ്റ്‌ വയ്ക്കണമെന്നു തന്നെയാണ്‌ എന്‌റ്റെ അഭ്യര്‍ത്ഥന. സര്‍ക്കാറിനോടും പൊലീസിനോടും വാശി കാണിച്ച്‌ എന്തിനാ പോങ്ങ്സേ ചാന്‍സ്‌ എടുക്കുന്നത്‌? എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ഏതെങ്കിലും വലിയ ഒരാശുപത്രിയിലെ ന്യൂറോ ഐസിയു ഒന്നു പോയി സന്ദര്‍ശിക്കുന്നത്‌ നല്ലതാ. ബൈക്കപകടത്തില്‍ മരിക്കുന്നവരേക്കാള്‍ കഷ്ടമാ കഷ്ടിച്ച്‌ രക്ഷപ്പെടുന്നവരുടെ കാര്യം. അടുത്ത അനുഭവത്തില്‍ നിന്നാണ്‌ പറയുന്നത്‌ എന്ന് കരുതിക്കോളൂ.

ഹെല്‍മെറ്റ്‌ വച്ചിട്ടായാലും അല്ലെങ്കിലും പോങ്ങ്സിന്‌റ്റെയും മറ്റെല്ലാവരുടെയും തലകള്‍ സുരക്ഷിതമായിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

'ആംഗ്രി യങ്ങ്‌ മാന്‍' ഇമേജ്‌ നല്ലതാ. കല്ല്യാണം കഴിക്കുന്നത്‌ വരെ. അത്‌ കഴിഞ്ഞാല്‍ സമരം കുറച്ച്‌ സമരസത്തിന്‌റ്റെ മാര്‍ഗ്ഗം സ്വീകരിക്കുകയാണ്‌ നല്ലത്‌. ഇല്ലെങ്കില്‍ കല്ല്യാണം കഴിക്കാതിരുന്നാല്‍ മതി. (എന്നെ ചീത്ത വിളിക്കണേല്‍ ഞാന്‍ മെയില്‍ ഐഡി തരാം - സ്വകാര്യമായിട്ട്‌ വിളിച്ചോളൂ :).
എഴുതിയെഴുതി ബോറഡിച്ചതുകൊണ്ടുമാത്രം നിര്‍ത്തുന്നു. അല്ലെങ്കില്‍ ഞാനെന്തുപറഞ്ഞിട്ടെന്താ? ഈ സമയം ഞെക്കിപ്പിഴിഞ്ഞ് വല്ല തമാശ പോസ്റ്റും എഴുതിയിരുന്നെങ്കില്‍ എന്റെ നീതിപീഠമേ, എനിക്കു കുറേ ‘കമന്റുകള്‍’ കിട്ടുകയും ‘അമ്പട ഞാനേ’ എന്ന ഭാവത്തില്‍ അതും വായിച്ചങ്ങനെ മോണിറ്ററിനുമുന്നില്‍ കണ്ണും തള്ളി എനിക്കിരിക്കുകയുമാവാമായിരുന്നു. ഒപ്പം. വലതു വശത്തെ സമചതുരക്കൂട്ടില്‍ ‘ഫോളോവേഴ്സിന്റെ‘എണ്ണം കൂടുന്നതുമെണ്ണിരസിച്ച്, അങ്ങനെ അങ്ങനെ...

അതാണ് ജോര്‍ ആക്കിയത്....

ശരിക്കും പറഞ്ഞാല്‍ ബൈക്കില്‍ മുന്പില്‍ ഇരിക്കുന്നവരുടെ ജീവന് മാത്രമേ വിലയുള്ളോ, പുറകിലുള്ളവര്‍ക്ക് എന്തെ ഇത് ബാധകമാക്കുന്നില്ല....

ഈ ടാര്‍ഗറ്റ അച്ചീവിങ്ങ് കൂടി ഇല്ലെങ്കില്‍ എന്തോന്ന് കേരള പോലീസ്....
പോങ്ങമ്മൂടന്റെ ധീരത അസൂയാവഹമായിരിക്കുന്നു :)
ആങ്കുട്ട്യാളായാല്‍ ഇങ്ങനെവേണം!
ഹെല്‍മെറ്റില്ലാതെ മാത്രമല്ല, വാഹനമില്ലാതേയും റോഡിലൂടെ സന്ചരിക്കാനുള്ള തന്റേടം കാണിക്കണം പൊങ്ങൂ..ഓരോരുത്തന്മാരുടെ പറപ്പിച്ച് വിടല്‍ കാണുമ്പോള്‍ തോന്നും
ഹലോ മലയാളിപ്പരിഷേ,

ആ എടുത്താൽ പൊങ്ങാത്ത “പോങ്ങൻ’ തല ഈ ബൂലൊകത്തിനു ആവശ്യമുണ്ട്..

അതുകൊണ്ട് ഹെൽമിറ്റില്ലാക്കളി വേണ്ടേ വേണ്ട !

( എന്നാലും 100 രൂ കൊടുത്തിട്ട് രസീത് വാങ്ങാതിരുന്നത് ശരിയായില്ലാ)

ആശംസകൾ !

ഓ.ടോ: ഈ ആഴ്ച പാലായിൽ വരുന്നുണ്ട്.
it doesn;t matter for Tipper!!! even if you travel in military tanker, no way to escape from them :)
പോലീസിന് എന്നും കാശുകൊടുക്കുന്നത് ആലോചിച്ചെങ്കിലും ഹെല്‍മറ്റ് വയ്ക്കുന്ന ആള്ക്കാരെ എനിയ്ക്കറിയാം, ഒരു കണക്കിന് അത് നല്ലതല്ലേ, പ്രായത്തിന്റെ തിളപ്പില്‍ ഹെല്‍മെറ്റ് ഒഴിവാക്കാന്‍ തോന്നിയാലും പോലീസിന്റെ തെറിവിളിയും പെറ്റിയും ഓര്‍ത്തെങ്കിലും ഹെല്‍മറ്റ് എടുക്കുമല്ലോ, വീട്ടുകാരെ ഓര്‍ത്തെങ്കിലും എപ്പോഴും ആ വലിയ തല പൊതിഞ്ഞുകൊണ്ട് നടക്കുക :)
അപകടമുണ്ടായാല്‍ ചിതറിയ തലക്കൊപ്പം ഹെല്‍മെറ്റിന്റെ പീസുകളും വാരിക്കൂട്ടാന്‍ നടക്കണം.... വെറുതെ എന്തിനാ നാട്ടുകാര്‍ക്ക് പണി കൂട്ടുന്നെ....ആണ്‍കുട്ടിയാണേല്‍ ഹെല്‍മെറ്റ് വ്യ്ക്കരുത്... ഹല്ല പിന്നെ!!!
" എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ ഞാന്‍ ഒരപകടത്തില്‍ പെട്ട് മയ്യത്തായാല്‍ നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രമാവുന്നു. എന്നെ വെറുതേ വിടൂ കോടതി"

തെറ്റാണ്. നഷ്ടപ്പെടുന്നത് പോങ്ങുംമ്മൂടനെ പോലെയുള്ള ആയിരങ്ങള്‍ നാടിനു നഷ്ടമാകുന്നു. പോങ്ങുമ്മൂടന് വേണ്ടി സര്‍ക്കാര്‍ ജനങ്ങളുടെ നികുതിയില്‍ നിന്നും കൊടുത്ത പൈസ വച്ച് വിദ്യാഭ്യാസത്തിനും (aided സ്കൂളില്‍ അല്ലെ പഠിച്ചത്?) ആരോഗ്യ സംരക്ഷണത്തിനും (ഉദാ: കൊച്ചിലെ എടുത്ത ബി സി ജി മുതല്‍ എല്ലാം...). തല പോയാലും ഹെല്‍മെറ്റ്‌ വയ്ക്കില്ല എന്നത് നിര്‍ബന്ധമാണോ? ഡല്‍ഹിയില്‍ ചെല്ലൂ, നാല്‍പ്പത്തി അഞ്ചു ഡിഗ്രിയിലും ഹെല്‍മെറ്റ്‌ ധരിക്കുന്ന ആയിരക്കണക്കിന് മലയാളികളെ കാണാം. കാരണം ഫൈന്‍ തന്നെ. പിന്നെ ജീവനിലുള്ള കൊതിയും. അവിടെ റോഡുകള്‍ നാട്ടിലെ അത്ര തരക്കേടില്ല.
Pongummoodan said…
സ്നേഹിതരേ,

സത്യത്തില്‍ ഞാന്‍ ഹെല്‍മറ്റ് വയ്ക്കുന്നോ ഇല്ലയോ എന്നതായിരുന്നില്ല പറയാന്‍ വന്ന കാര്യം.

മാസാവസാനം നടത്തുന്ന ഹെല്‍മെറ്റ് വേട്ടയില്‍ മാത്രമായി പോലീസുകാരുടെ കര്‍ത്തവ്യബോധം ഒതുങ്ങുകയും പണവും സ്വാധീനവും കൈക്കരുത്തുമുള്ള സാമൂഹ്യദ്രോഹികള്‍ക്കു നേരേ കണ്ണടയ്ക്കുകയും ചെയ്യുന്ന തരവഴിത്തരം പോലീസുകാര്‍ കാണിക്കുന്നതിലുള്ള രോഷം ഞാന്‍ ഒരു കുറിപ്പിലൂടെ തീര്‍ത്തു എന്നുമാത്രം.

എല്ലാവരുടെയും അഭിപ്രായം മാനിയ്ക്കുന്നു. നാളെത്തന്നെ ഒരു ഹെല്‍മെറ്റ് വാങ്ങുവാനും ധരിയ്ക്കുവാനും തീരുമാനിച്ചിരിയ്ക്കുന്നു. ലാല്‍ സലാം :)
Pongummoodan said…
സുനിലേട്ടാ,

( എന്നാലും 100 രൂ കൊടുത്തിട്ട് രസീത് വാങ്ങാതിരുന്നത് ശരിയായില്ലാ)

പണ്ടിതുപോലെ പോലീസിനോട് രസീത് ചോദിച്ച എന്റെയൊരു സ്നേഹിതനുണ്ടായ നേട്ടം ‘തക്കാളി...’ എന്നൊരു തെറി അവന്റെ തെറിശേഖരത്തിലേയ്ക്ക് ലഭിച്ചു എന്നതാണ്. പച്ചക്കറികളുടെ പേരു ചേര്‍ത്തുവരെ അവര്‍ ചീത്ത വിളിച്ചുകളയും. ഇതേ, പ്രബുദ്ധകേരളമാണ്. :)
Pongummoodan said…
ചിത്രകാരന്‍ ചേട്ടാ, ആ ‘താങ്ങ് ‘ എനിക്കിഷ്ടപ്പെട്ടു :) കുറേയായി ചേട്ടന്‍ പോങ്ങുമ്മൂടെയ്ക്ക് വന്നിട്ട്. നന്ദി. സന്തോഷം.
Jijo said…
ആ പോലീസുകാരന്‍ വെജിറ്റേറിയന്‍ തന്നെ! എന്നാലും തക്കാളി കഴിഞ്ഞു വരുന്നത് എന്തായിരുന്നു? അറിയാന്‍ ഒരു ആകാംക്ഷ.

പിന്നെ ഹെല്‍മെറ്റ് വെയ്ക്കും എന്നു പറഞ്ഞത് സീരിയസ് ആയിട്ടാണോ? എങ്കില്‍ നന്നായി.
Pongummoodan said…
ജിജോ: സ്നേഹിതര്‍ പറയുന്നത് കേള്‍ക്കണമല്ലോ.

പിന്നെ, സത്യത്തില്‍ വിവാഹത്തിനു മുന്‍പ് ഞാന്‍ എല്ലാവരോടും സമരസപ്പെട്ടും ശാന്തശീലത്തോടെയുമാണ് കഴിഞ്ഞു പോന്നത്. പ്രതികരണശേഷിയും കുറവായിരുന്നു. ഒരു മകനുണ്ടായപ്പോഴാണ് താങ്കള്‍ ‘ആരോപിച്ചതുപോലുള്ള’ സ്വഭാവം വന്നത്. അത് 'ആംഗ്രി യങ്ങ്‌ മാന്‍' ഇമേജുണ്ടാക്കാനല്ല. ഇപ്പോഴിതാണ് നമ്മുടെ നാടിന്റെ അവസ്ഥയെങ്കില്‍ എന്റെ മകന്‍ ഒരു കുമാരനും യുവാവുമൊക്കെയാവുമ്പോള്‍ ഈ നാട്ടില്‍ വേണമല്ലോ ജീവിയ്ക്കാന്‍ എന്ന തോന്നല്‍ എന്നെ ഭയപ്പെടുത്തി തുടങ്ങി. അതുപോലെ എത്രയോ കുട്ടികള്‍.

എന്നെക്കൊണ്ടാവും വിധം പരിമിതമായഭാഷയില്‍ എന്റെ സൌകര്യങ്ങള്‍ ഉപയോഗിച്ച് പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. ഗുണമൊന്നും ഉണ്ടാവില്ലെന്ന അറിവോടെ തന്നെ... എങ്കിലും ഒരു മനസ്സമാധാനമുണ്ട്. ആള്‍ക്കാര്‍ എന്റെ രോഷം അറിയാതെ പോവുമ്പോള്‍ ഇത്തിരി നിരാശയും :)

നന്ദി ജിജോ.
pandavas... said…
പോങേട്ടാ,,,
ഹെല്‍മെറ്റ് വെച്ചാലും വണ്ടിയിടൈചാ പടമാകും ഉറപ്പ്, ഒരു ഗുണമുണ്ട് തലയ്ക്കൊന്നും പറ്റാത്തതുകോണ്ട് പെട്ടീ കിടക്കുമ്പോ നല്ല പോസില്‍ ചിരിചു കിടക്കാം...
എങനെ...?

പിന്നെ ഹെല്‍മെറ്റ് വെക്കാത്തത് ഈ തലയ്ക്ക് പാകമാകുന്ന ഹെല്‍മെറ്റ് കിട്ടാത്തതുകോണ്ടാണെന്ന സത്യം ഞങള്‍ക്ക് മനസിലായിട്ടാ....
Joji said…
പോങ്ങമ്മൂടന്‍.. താങ്കള്‍ക്കു എന്റെ അഭിനന്ദനങ്ങള്‍. നമ്മുടെ നാടിന്റെ ദുരവസ്ഥയില്‍ പ്രതിഷേധിക്കുവാന്‍ ബ്ലോഗ് ഉപയോഗിച്ചതുവഴി മറ്റെല്ലാ ബ്ലോഗര്‍മ്മാര്‍ക്കും താങ്കള്‍ മാതൃകയായിരിക്കുന്നു..

പിന്നെ ഹെല്‍മെറ്റ് വക്കുന്നതു നന്ന്, പാകമായതു കിട്ടിയാല്‍..
പൊങ്ങുച്ചേട്ടാ..
വളരെ നല്ല പോസ്റ്റ്. താങ്കളുടെ ധാര്‍മ്മികരോഷത്തില്‍ ഞാനും പങ്കുകൊള്ളുന്നു.നമ്മുടെ നിയമം ആരെയും രക്ഷിക്കാന്‍ പോകുന്നില്ല.പാവപ്പെട്ടവനെ ശിക്ഷിക്കുവാന്‍ വേണ്ടി മാത്രമാണ് അത് നിലകൊള്ളുന്നത്.അതിനുവേണ്ടിമാത്രമാണ് കറുത്ത തുണികൊണ്ട് കണ്ണ്‍ മൂടിക്കെട്ടിയിരിക്കുന്നത്.ത്ഫൂ.............
പിന്നെ സ്വന്തം ജീവിതം കൊണ്ട് പന്താടണ്ട.നമ്മുടെ റോഡുകളാണ്.കുറച്ചുകാലം കൂടി ആരോഗ്യത്തോടുകൂടി ജീവിക്കണമെങ്കില്‍............
പൊങ്ങുച്ചേട്ടാ..
വളരെ നല്ല പോസ്റ്റ്. താങ്കളുടെ ധാര്‍മ്മികരോഷത്തില്‍ ഞാനും പങ്കുകൊള്ളുന്നു.നമ്മുടെ നിയമം ആരെയും രക്ഷിക്കാന്‍ പോകുന്നില്ല.പാവപ്പെട്ടവനെ ശിക്ഷിക്കുവാന്‍ വേണ്ടി മാത്രമാണ് അത് നിലകൊള്ളുന്നത്.അതിനുവേണ്ടിമാത്രമാണ് കറുത്ത തുണികൊണ്ട് കണ്ണ്‍ മൂടിക്കെട്ടിയിരിക്കുന്നത്.ത്ഫൂ.............
പിന്നെ സ്വന്തം ജീവിതം കൊണ്ട് പന്താടണ്ട.നമ്മുടെ റോഡുകളാണ്.കുറച്ചുകാലം കൂടി ആരോഗ്യത്തോടുകൂടി ജീവിക്കണമെങ്കില്‍............
Pongummoodan said…
പ്രിയ പാണ്ടവാസ്, കോട്ടയം നസ്രാണി, ശ്രീക്കുട്ടാ : എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ എന്റെ വികാരം മനസ്സിലാക്കിയല്ലോ. സന്തോഷം.
Rajalakshmi said…
Ella masavum 25 kazhinjal police checking avidavideyayi dharalam kanam.. Onamo vishuvo undengil pinne checking kanisamakande? ennalalle vattachilavinulla kasundavoo
hshshshs said…
ഇപ്പോളെനിക്കു തമാശിക്കാനല്ല തോന്നുന്നത്...ചിന്തിക്കാനാണ് ..!!!
ഞാൻ ആഗ്രഹിച്ച്ത്(ഒരു പക്ഷേ എല്ലാരും).ഞാൻ ആഗ്രഹിക്കുന്ന(എന്നാൽ എന്നെക്കൊണ്ട് പറ്റാത്ത..) രീതിയിൽ നിങ്ങൾ പറഞ്ഞു. വളരെ മനോഹരം ഹരി ഭായ്...!! ഇതു പോലത്തെ പോസ്റ്റിനു കമന്റ് തമാശയേക്കാളും കൂടുതൽ കിട്ടിയില്ലെങ്കിൽ ..ഈ ബ്ലോഗേർസിനെയും നമുക്കാ പോലീസുകാരുടെ കണക്കിൽ പെടുത്തേണ്ടിവരും...അങ്ങനെയല്ലാ എന്നു എനിക്കു വിശ്വാസമുള്ളതോണ്ട് പറയുന്നു...നിങ്ങൾക്കിതിനായിരിക്കും കൂടുതൽ കമന്റ് കിട്ടുക..അതെന്തേലുമാവട്ടെ ആ തല സൂക്ഷിക്കുക...അതു ഞങ്ങൾക്കു വേണം..വേണമെങ്കിൽ ഒരു ഹെൽമെറ്റ് ഇട്ടോളൂന്നേയ്..!!
പിന്നല്ലാണ്ട് പൊങ്ങ്‌സേ, നുമ്മള് വിട്ടുകൊടുക്കാമ്പാടുണ്ടോ. ഏതേലും തമിഴന്‍റെ ലോറിക്കടീപ്പെട്ട് നമ്മള് വടിയാകുമ്പം ഇന്‍ഷുറന്‍സ് കമ്പനിക്കാരന് കൈമലത്തിക്കാണിക്കാന്‍ ഒരു കാരണം വേണ്ടേ. അല്ലേലും പോലീസിനെ പോലും പ്യാടിയല്ലാത്ത ഒരു പുപ്പുലീടെ ഭാര്യക്കും മക്കള്‍ക്കും ജീവിക്കാനെന്തിനാ ഇന്‍ഷുറന്‍സുകാനന്‍റെ നക്കാപ്പിച്ച. ഹല്ല പിന്നെ!

ഞാന്‍ ജില്ല വിട്ടു :)
nandakumar said…
ധാര്‍മ്മികരോക്ഷം പങ്കുവെക്കുന്നു. മണല്‍മാഫിയയും ഭൂമി മാഫിയയും പെണ്‍ വാണിഭക്കാരും നാടിന്റെ തലങ്ങും വിലങ്ങും നിര്‍ബാധം സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റില്ല എന്ന കാരണം കൊണ്ട് ബൈക്ക് യാത്രികനെ ചെയ്സ് ചെയ്ത് പിടിച്ച് ‘നീതി നടപ്പാക്കുന്ന’ നിയമപാലകരെ കുറിച്ച് എന്തു പറയാന്‍?! എത്ര നാളായി പറയുന്നു!! ഇനിയെന്തു പറഞ്ഞാലാ!!!
മറ്റൊരു മലയാളപ്പരിഷ ഇപ്പറഞ്ഞതിനെയെല്ലാം പിന്താങ്ങുന്നു
പോലീസ് കോമാളികളുടെ ടാര്‍ജറ്റ് തികക്കാനുള്ള മാസാമാസമുള്ള ഈ സര്‍ക്കസ്സ് ഒഴിച്ചാല്‍, ഹെല്‍മറ്റ് ധരിക്കാതിരിക്കാന്‍ നിരത്തുന്ന നിര്‍ബന്ധത്തോട് വിയോജിക്കുന്നു. കേരളത്തില്‍ മാത്രമേ ഹെല്‍മറ്റ് വിരോധം ഇത്രയുമുള്ളൂ. മറ്റിടങ്ങളിള്‍ ഹെല്‍മറ്റ് സ്വമേധയാ ധരിക്കുന്നവര്‍ നിറയെ ഉണ്ട്. എന്റെ തല, അപകടം പറ്റിയാല്‍ ഞാന്‍ സഹിച്ചോളാം എന്ന ‘ധിക്കാരം’ ശരിയല്ല. അപകടം പറ്റി മരണമടഞ്ഞാല്‍ താങ്കള്‍ക്കൊന്നുമില്ല. സംഗതി അവിടം കൊണ്ട് തീര്‍ന്നു. എന്നാല്‍ തലക്ക് പരിക്ക് പറ്റി ഗുരുതരാവസ്ഥയില്‍ മാസങ്ങളോളം ചികിത്സയില്‍ കിടക്കുമ്പോള്‍ താങ്കളേക്കാള്‍ താങ്കളുടെ കുടുംബമാണ് വിഷമിക്കുന്നതും കഷ്ടപ്പെടുന്നതും.

ഞാന്‍ ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഓടിക്കാറില്ല, കാലാവസ്ഥ എത്ര ചൂടായിരുന്നാലും. കേരളത്തിനു പുറത്ത് വണ്ടിയോടിക്കുന്നവര്‍ 75-90%വും അങ്ങിനെ തന്നെ. എന്റേതല്ലാത്ത തെറ്റ് കൊണ്ട്, ഞാന്‍ രണ്ട് പ്രാവശ്യം തലയും കുത്തിയിടിച്ച് വീണപ്പോള്‍ ഒരു പരിക്കുകളുമില്ലാതെ രക്ഷിച്ചത് ഹെല്‍മറ്റ് ധരിച്ചിരുന്നത് കൊണ്ട് മാത്രമാണ്. അന്നുമുതല്‍ ഹെല്‍മറ്റ് ഒരിക്കലും ഒഴിവാക്കിയിട്ടില്ല.

മാസാമാസം പോലീസ് ചെക്കിംഗ് സമയത്ത് കേരളത്തില്‍ പലരും റൂട്ട് മാറ്റി ഓടിക്കുകയോ, വെട്ടിച്ച് പോവുകയോ അല്ലെങ്കില്‍ 100 രൂ കൊടുത്ത് തലയൂരുകയോ ആണ് ചെയ്യുന്നത്. പല പ്രാവശ്യം പോലീസുകാരുടെ കീശ വീര്‍പ്പിക്കാന്‍ കാശ് കൊടുത്താലും 500-600 കൊടുത്ത് ഒരു നല്ല ഹെല്‍മറ്റ് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാറില്ല. ഈ ഹെല്‍മറ്റ് വിരോധം എന്തിന്?

പൊങ്ങു പറയുന്നു...
“എന്റെ തല എന്റെ സ്വന്തമാണ്. അതിന്റെ സംരക്ഷണം ഞാന്‍ തന്നെ നടത്തിക്കോളാം. ഒരു കോടതിയും എന്റെ തലയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ല. “

അപകടത്തില്‍ പെട്ട് ജീവന്‍ പൊലിഞ്ഞാല്‍ കഥ അവിടെ അവസാനിക്കും. പക്ഷേ, തലക്ക് പരിക്കുപറ്റി ബാക്കി ജീവിതകാലം കിടക്കയില്‍ കഴിയുവാനാണ് വിധിച്ചതെങ്കില്‍?? (ഇതും രണ്ടും സംഭവിക്കാതിരിക്കട്ടെ)
കൂടുംബത്തോടും സമൂഹത്തോടും ചെയ്യുന്ന മഹത്തായ കാര്യമാണോ ഇത്. ഹെല്‍മറ്റ് ധരിക്കാതിരിക്കുന്ന കാര്യം വീരത്തമാണെന്ന് ഗ്ലോറിഫൈ ചെയ്യരുത്, പ്ലീസ്. എത്രയെത്ര യുവാക്കളാണ് ജീവിതം ശരിക്കും ആരംഭിക്കുന്നതിനു മുമ്പേ ഹെല്‍മറ്റ് വിരോധം കൊണ്ട് അപകടത്തില്‍ പെട്ട് നടുറോട്ടില്‍ പൊലിഞ്ഞ് പോകുന്നത്. മറ്റുള്ളവരെ ധരിക്കാന്‍ പ്രേരിപ്പിക്കൂ, ധരിക്കുന്നവര്‍ ധരിക്കട്ടെ.
താങ്കള്‍ ഒരിക്കലും ഹെല്‍മെറ്റ്‌ വക്കരുത്. അത് മാത്രമല്ല, പോങ്ങുംമൂട് വഴി ബൈക്കുമായി എപ്പോളൊക്കെ പോകാറുണ്ടെന്ന് കൂടി ദയവായി പറഞ്ഞു തരണം, ആ സമയത്ത് വഴിയില്‍ നിന്ന് മാറി നില്‍കാന്‍ ആണ് :)

വളരെ നല്ല പോസ്റ്റ്‌. പക്ഷെ ഇത് കൊണ്ടൊന്നും നമ്മുടെ പോലീസ് നന്നാകാന്‍ പോകുന്നില്ലല്ലോ
Pongummoodan said…
യൂ ടൂ ക്രിഷേട്ടാ!!! :)

ചേട്ടനും കൂടി ഈ പോസ്റ്റിനെ ‘ഹെല്‍മെറ്റ് വയ്ക്കാത്തവന്റെ ധിക്കാരമായി‘ കണക്കാക്കിയതില്‍ വേദനയുണ്ട്. ഞാന്‍ ഹെല്‍മെറ്റ് വയ്ക്കുന്നോ ഇല്ലയോ എന്നത് ഒരു പോസ്റ്റ് ആക്കാന്‍ മാത്രം പ്രാധാന്യമുള്ള സംഗതിയായി ഞാന്‍ കരുതുമെന്ന് ക്രിഷേട്ടന്‍ ധരിക്കുന്നുവോ? ഇല്ല നമുക്കീ ചര്‍ച്ച ഇവിടെ അവസാനിപ്പിയ്ക്കാം.

“ഒരു മലയാളിപ്പരിഷയുടെ ആതരോദനം “ ‘ല്‍മറ്റ് ധരിയ്ക്കാത്ത വിവരദോഷിയുടെ ധിക്കാരമായി‘കണ എല്ലാ ന്സ്നേഹിതരോടും പറയട്ടെ. ഞാനിന്നൊരു ഹെല്‍മെറ്റ് വാങ്ങി. 890 രൂപ. ഐ.എസ്.ഐ മുദ്ര ഉള്ളത്. മുന്തിയവന്‍. എന്റെ ധിക്കാരം ഞാന്‍ അവസാനിപ്പിച്ചിരിയ്ക്കുന്നു. നന്ദി :)
Pongummoodan said…
ശാരദനിലാവേ, പിന്തുണയുമെടുത്ത് പാഞ്ഞോ. സംഗതി പാളി. വിശദമായി പിന്നെപ്പറയാം.. നില്‍ക്കാന്‍ സമയമില്ല.. :)

ആവോലിക്കാരാ, ഞാന്‍ നന്നായി. നന്ദി :)
ന്നാ‍ലും പൊങ്ങൂ.. നാലു പറഞ്ഞപ്പോ ഏശിയല്ലോ. ഹെല്‍മെറ്റും വാങ്ങി. സന്തോഷായി.
വാങ്ങി വീട്ടില്‍ വെച്ചതുകൊണ്ട് മാത്രമായില്ല കേട്ടൊ, എടുത്ത് ഉപയോഗിക്കുക കൂടി വേണം.
വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പറ്റില്ലാന്നേ ഉള്ളൂ. അത് നല്ലതാ.

വല്ലപ്പോഴും ‘ധിക്കാരി’ക്കിട്ടും രണ്ട് പൂശുന്നതും നല്ലതാ.

:)

ഗുഡ്‌നൈറ്റ്.
Jijo said…
ഓകേ. പോങ്ങ്സിണ്റ്റെ ആ 'വലിയ' തല സുരക്ഷിതമായ സ്ഥിതിയ്ക്ക്‌ ഹെല്‍മെറ്റിനെ വെറുതെ വിട്ട്‌ ഈ പോസ്റ്റിലെ അടുത്ത പ്രധാന സംഗതിയിലേയ്ക്ക്‌ വരാം.

നമുക്ക്‌ സ്വസ്ഥമായ ജീവിതം പ്രധാനം ചെയ്യുന്നതിന്‌ നാം തന്നെ തിരഞ്ഞെടുക്കുന്നതും, ചിലവ്‌ കൊടുത്ത്‌ നിലനിര്‍ത്തുന്നതുമായ സര്‍ക്കാര്‍, പൊലീസ്‌, കോടതി, പൊതുമരാമത്ത്‌ വകുപ്പ്‌, ഇത്യാദി പ്രസ്ഥാനങ്ങള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്ത പക്ഷം, നാം എന്താണ്‌ ചെയ്യേണ്ടത്‌? നിയമത്തില്‍ നിന്നും നിയമ പാലകരില്‍ നിന്നും ഓടി ഒളിക്കണോ, നിയമം ലംഘിക്കണോ, സ്വയം ശിക്ഷിക്കണോ, പൊതുമുതല്‍ നശിപ്പിക്കണോ, ബ്ളോഗ്‌ എഴുതി കലി തീര്‍ക്കണോ, എന്താണ്‌ വേണ്ടത്‌?

ഈ ഗാന്ധിജയന്തി ദിനത്തില്‍ എനിക്കു പറയാനുള്ളത്‌ ഇതാണ്‌. ഗാന്ധിജി ദണ്ഢിയില്‍ നിയമലംഘനം നടത്തിയത്‌ വിദേശീയരുടെ നിയമത്തിന്‍ കീഴിലായിരുന്നു. സത്യഗ്രഹമായിരുന്നു അദ്ധേഹത്തിണ്റ്റെ സമരായുധം. ഇതൊരു തരം സ്വയം ശിക്ഷയാണ്‌. ഹെല്‍മെറ്റ്‌ ധരിക്കാതെ പ്രതിക്ഷേധിക്കുന്നതും ഒരു തരത്തില്‍ സ്വയം ശിക്ഷയാണ്‌. അതേ സമയം അത്‌ നിയമലംഘനം കൂടിയാണ്‌. ഈ പ്രതിക്ഷേധം ഫലവത്താകണമെങ്കില്‍ അതൊരു മാസ്‌ മൂവ്മെണ്റ്റ്‌ ആയി മാറണം. ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഹെല്‍മെറ്റ്‌ നിഷേധം പോലുള്ള പ്രതിക്ഷേധങ്ങള്‍ വെറും നിയമലംഘനം മാത്രമായി അതിണ്റ്റെ വിലയിടിഞ്ഞു പോകും. ഒരു മാസ്‌ മൂവ്മെണ്റ്റ്‌ സംഘടിപ്പിക്കാനാകുമെങ്കില്‍ ഹെല്‍മെറ്റ്‌ നിഷേധത്തിനേക്കാള്‍ നിയമവിധേയവും സുരക്ഷിതവും ആകര്‍ഷകവും ആയ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കവുന്നതാണ്‌. നിയമലംഘനത്തിലൂടെ പ്രതിക്ഷേധിക്കുന്നതിനേക്കാള്‍ നിയമത്തിനുള്ളില്‍ നിന്നു കൊണ്ട്‌ പ്രതിക്ഷേധിക്കുന്നതല്ലേ നല്ലത്‌. നിയമം നിലനില്‍ക്കേണ്ടതും പരിപാലിക്കപ്പെടേണ്ടതും നമ്മുടെ കൂടി ആവശ്യം അല്ലേ?

പറയാനെന്തെളുപ്പം അല്ലേ. ഇതൊന്നും സംഘടിപ്പിക്കാനുള്ള കഴിവ്‌ എനിക്കില്ല. പക്ഷേ പൊങ്ങുവിനേ പോലുള്ളവര്‍ക്ക്‌ അതിന്‌ കഴിയും എന്ന്‌ എനിക്ക്‌ തോന്നുന്നു. മക്കള്‍ക്ക്‌ വേണ്ടി ഒരു നല്ല രാജ്യവും ലോകവും സ്വപ്നം കാണുന്ന ഒരുവന്‍ ആണ്‌ ഞാനും. നമുക്ക്‌ ലഭിക്കാത്തത്‌ അവര്‍ക്കെങ്കിലും ലഭിക്കണമെന്ന ആഗ്രഹം. രാജ്യവും ലോകവും നന്നാക്കാന്‍ സാധിച്ചില്ലെങ്കിലും മക്കളെ നല്ല പൌരന്‍മാരാക്കാന്‍ നമുക്കു സാധിക്കണം. നല്ല പൌരന്‍മാരുണ്ടാകുമ്പോള്‍ രാജ്യം തനിയെ നന്നാകുമായിരിക്കും.

എന്‌റ്റെ അറിവില്ലായ്മ കൂടുതല്‍ എക്സ്പോസ്‌ ചെയ്യാനായിട്ട്‌ ചെറിയ ഒരു ആത്മഗതം ഇവിടെ കുറിക്കുന്നു. തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണേ:

ഇന്ത്യയുടെ ഏറ്റവും വലിയ ശാപം എന്താണെന്ന്‌ വച്ചാല്‍, ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളുടെ സര്‍ക്കാര്‍ എന്ന ആശയം നടപ്പിലായിട്ടില്ല എന്നതാണ്‌. അടിച്ചമര്‍ത്തല്‍ ഭരണകാരികളായ ബ്രിട്ടീഷുകാര്‍ ഒഴിവാക്കി പോയ സ്ഥാനത്തേയ്ക്ക്‌ തദ്ദേശീയരായ ഭരണാധികാരികള്‍ കുടിയേറിയതൊഴിച്ചാല്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തിന്‌ കാതലായ മാറ്റമൊന്നും വന്നിട്ടില്ല. കഴിഞ്ഞ പത്ത്‌ വര്‍ഷങ്ങളില്‍ മാറ്റം കണ്ട്‌ തുടങ്ങിയിട്ടുണ്ടെന്ന സത്യം മറക്കുന്നില്ല. എങ്കിലും ഒരു രാജ്യത്തെ ജനങ്ങള്‍ക്ക്‌ അത്യാവശ്യം വേണ്ട 'സിവിക്‌ സെന്‍സ്‌' അഥവാ പൌരബോധം നമുക്കില്ല എന്നത്‌ ദു:ഖകരമായ സത്യം തന്നെ. ശരിയായ പൌരബോധമുള്ള ഒരുവന്‍ ഒരിക്കലും ശിക്ഷയെ ഭയന്നല്ല നിയമം അനുസരിക്കേണ്ടത്‌. എല്ലാവര്‍ക്കും സുഖമായും സ്വതന്ത്രമായും ജീവിക്കാന്‍ വേണ്ടിയാണ്‌ നിയമങ്ങള്‍ എന്ന തിരിച്ചറിവാണ്‌ അവനെ നിയമത്തിന്‌ വിധേയനാക്കുന്നത്‌. നിയമത്തിന്‌ വിധേയരാവുക വഴി യഥാര്‍ത്ഥ സ്വാതന്ത്യ്രം കൈവരിക്കുകയാണ്‌ രാജ്യത്തെ പൌരന്‍മാര്‍. നിയമത്തിണ്റ്റെ ആവശ്യകതയെക്കുറിച്ചോ അത്‌ അനുസരിക്കേണ്ടതിണ്റ്റെ പ്രാധാന്യത്തെ കുറിച്ചോ ഒരിക്കല്‍ പോലും സ്കൂളില്‍ പഠിച്ചിട്ടില്ലെന്നത്‌ ഇന്ന്‌ ഓര്‍ക്കുമ്പോള്‍ അത്ഭുതമായി തോന്നുന്നു.
നീതി പീഠമേ, നമ്മുടെ സമൂഹത്തില്‍ നന്നാക്കാനും നേരെയാക്കാനും കാതലായപ്രശ്നങ്ങള്‍ ധാരാളമുള്ളപ്പോള്‍ ‘ഹെല്‍മെറ്റ്’ വേട്ടപോലെ ജനങ്ങളെ പിഴിയാന്‍ പൊലീസുകാരെ സഹായിക്കുന്നവിധമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്തിനു പാവം പൊതുജനങ്ങളെയിങ്ങനെ പീഢിപ്പിക്കുന്നു
ഇവിടെ ഒരു നിയമമില്ല ഒരു റോഡു പണികഴിഞ്ഞാല്‍ അതിന്റെ സുരക്ഷകാലം പറയുന്നില്ല അവിടെയാണ് പ്രശ്നം പൊട്ടിപൊളിഞ്ഞാല്‍ , അഥവാ തകര്‍ന്നാല്‍ അത് നിര്‍മ്മിച്ചവന്റെ പേരില്‍ ആക്ഷന്‍ ഉണ്ടാകണം ,കരാറുകാരന്‍ ,ഉദ്യോഗസ്ഥന്‍ ചുമതലപ്പെട്ടവര്‍ എല്ലാവരും പ്രതി ചേര്‍ക്ക പെടണം ,
റീകണ്ടീഷന്‍ ചെയ്യാനുള്ള പണം അവര്‍ നല്‍ക്ണ്ടിവരുന്ന ഒരു നിയമം വേണം. അത് ക്രിമിനല്‍ നിയമം ആയിരിക്കുകയും വേണം .
Jijo said…
ഈ ബൂലോകത്തുള്ളവര്‍ ആഞ്ഞുപിടിച്ചാല്‍ മരാമത്ത് പണികളില്‍ അക്കൗണ്ടബിലിറ്റി കൊണ്ടുവരാന്‍ സാധിക്കില്ലേ? ഈ ഗാന്ധിജയന്തി ദിനത്തില്‍ തന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാമായിരുന്നു.
hshshshs said…
കണ്ടോ കണ്ടോ എന്റെ പ്രവചനം !!ഇപ്പ തന്നെ 56 കമന്റ് ആയി..അശ്ലീലകഥയെ കടത്തി വെട്ടുന്നു..ഹ ഹ ഹ
ഇനി ഹെല്‍മെറ്റ്‌ വേണ്ട പോങ്ങേട്ടാ ... ആ തലയ്ക്കു ഒരു ചുക്കും സംഭവിക്കില്ല... അല്ല പിന്നെ
പ്രതിഷേധത്തിന്റെ ഈ പുതിയ മാര്‍ഗ്ഗം എനിക്കങ്ങട് ഇഷ്ടപ്പെട്ടു...
ഇവിടെ കര്‍ണാടകയില്‍ ഞാന്‍ 'കെ എല്‍ ' രങിസ്ട്രറേന്‍ ഒള്ള വണ്ടി കൊണ്ട് വന്നു ഇപ്പൊ എത്ര രൂപ പോലീസ് കാറ് അടിച്ചോണ്ട് പോയി എന്ന് ദൈവത്തിനും എനിക്കും മാത്രം അറിയാം..
കെ എല്‍ കണ്ടാ ലവന്മാര്‍ക്കൊരു കലിപ്പാ.. അത് കൊണ്ട് ഇപ്പൊ നിന്ന്നു കൊടുക്കാറില്ല.. കൈ കാണിച്ചാ സ്പീഡ് ഒന്ന് കുറച്ചിട്ട് ഡബിള്‍ സ്പീഡില്‍ ഒറ്റ പോക്കാ
താങ്കളെയും ഈ വിഷയത്തെയും പരാമര്‍‌ശിച്ച് ഒരു കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഷിയില്ല എന്ന് കരുതുന്നു. :)
റ്റാർജറ്റ് എന്ന വാൾ തലയ്ക്കു മുകളിൽ തൂങ്ങിക്കിടക്കുമ്പോൾ ആരും കർത്തവ്യ ബോധമുള്ളവരാവും പോങ്ങുച്ചേട്ടാ.പാവം പോലീസുകാർ !!അവർക്ക് സാധാരണക്കാരനെ പിടിച്ചാലല്ലേ നാലു തെറി പറയാനും നാവിന്റെ തരിപ്പ് തീർക്കാനും ഒക്കെ പറ്റൂ.അല്ലാതെ കുപ്രസിദ്ധ ഗുണ്ടകളെ ഒക്കെ പിടിക്കാൻ പോയാൽ തലയിലെ തൊപ്പി യഥാസ്ഥാനത്ത് കാണുമെന്ന് ആർക്ക് ഉറപ്പു പറയാനാകും.ഇത് പോലീസുകാരുടെ മാത്രം കാര്യമല്ല.കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന പലരുടെയും കാര്യമാണു.റ്റാർജറ്റ് ലക്ഷ്യം കൈവരിക്കാൻ വേണ്ടി ആത്മാർത്ഥതയില്ലാതെയും ചിലപ്പോളൊക്കെ ജോലി ചെയ്യേണ്ടി വരാം !
പോസ്റ്റിലെ പ്രതിപാത്യം കൊള്ളാം....നല്ല വിഷയം... ചിന്തിപ്പിക്കുന്ന എഴുത്തു തന്നെ...ആശംസകള്‍

അങ്ങനെ എഴുതി എഴുതി ബോറടിച്ചപ്പോള്‍ അത്‌ മാറ്റാനാണോ പാവം തമാശ എഴുത്തുകാരുടെ പിടലിക്ക് ഒരടി കൂടി കൊടുത്തത്...... !!

(ആത്മഗതം : ഒരാളെ ചിരിപ്പിച്ചാല്‍ അതും ഒരു "കുറ്റം" തന്നെ ‍..)
Pongummoodan said…
പട്ടാളക്കാരുടെ ജീവിതത്തെ നര്‍മത്തോടെ നോക്കിക്കാണുന്ന പ്രിയപ്പെട്ട പട്ടാളക്കാരാ.. ചുരുക്കിയാല്‍, എന്റെ രഘുവണ്ണാ :

അഭിപ്രായത്തിന് നന്ദി.

ഒരു തമാശ എഴുത്തുകാരനായ ഞാന്‍ എങ്ങനെ തമാശക്കാരുടെ പിടലിയ്ക്ക് അടിയ്ക്കും. ഇതങ്ങനെയൊന്നുമുദ്ദേശിച്ച് കുറിച്ച വരികളല്ല. :)
നന്ദി...പോങ്ങേട്ടാ ..
അങ്ങിനെ ആയാലും കുഴപ്പമില്ല...

കാരണം എന്താന്നു ചോദിച്ചാല്‍
"നെവെര്‍ മൈന്‍ഡ് പോത്തച്ചാ" ..
അതാ എന്റെ ഒരു സ്റ്റൈല്‍...
nalini said…
This comment has been removed by the author.
jayanEvoor said…
പൊങ്ങു....

ഇന്ന്‍ അവന്മാര്‍ എന്നേം പൊക്കി!
നാളെ മുതല്‍ ഞാനും നിര്‍ത്താതെ പോവാന്‍ പോവാ... എന്തേലും സഹായം വേണ്ടി വന്നാല്‍ വിളിക്കുമേ!
അപ്പൊ കൈവിടരുത്‌!
ജയ് പൊങ്ങൂസ്!!
Sethunath UN said…
പോങ്ങൂ
കൊട് കൈ. :-)
Ajmel Kottai said…
ഈ അഭിപ്രായത്തോട് യോജിക്കാന്‍ തീരെ വയ്യ... ഹെല്‍മെറ്റ്‌ ഉപയോഗിക്കാതെ പോയതുകൊണ്ട് മാത്രം മരണപെട്ട ആളെ എനിക്ക് നേരിട്ടരിയമെന്നത് കൊണ്ട് തന്നെ ആണത്.

വാശി പിടിച്ചു വല്ലതും പറ്റിയാല്‍ നഷ്ടം നമുക്ക് തന്നെ! വീണ്ടു വിചാരം നല്ലതാണു പൊങ്ങൂ!
nalini said…
thala sukshikkuka
Jijo said…
പൊങ്ങുമ്മൂടാ, ആ ഹെല്‍മെറ്റ് വച്ച ഒരു ഫോട്ടോ വേഗം പോസ്റ്റിക്കോ. ഇതിപ്പോ എല്ലാവരും കൂടി പറഞ്ഞ് പറഞ്ഞ് കുളമാക്കും.
Pongummoodan said…
മോനേ..ജിജോക്കുട്ടാ, അതുതന്നെ എനിക്കും തോന്നുന്നു. ഫോട്ടോയുടെ കാര്യം “കേള്‍ക്കാന്‍ പറ്റിയില്ലാ..“ :)
Pongummoodan said…
നളിനി : സൂക്ഷിച്ചു കഴിഞ്ഞു :)
Pongummoodan said…
പ്രിയ കൊറ്റായി,

താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. നന്ദി.
Pongummoodan said…
നിഷ്കളങ്കാ. : ദാ കൈ!! :)
Pongummoodan said…
ജയേട്ടാ,

എനിക്ക് സന്തോഷമായി. എത്ര രൂപ പോയി? :)
Pongummoodan said…
ബിനോയിയുടെ പോസ്റ്റില്‍ പറഞ്ഞ കാര്യം ഇവിടെക്കൂടി ഇടുന്നു.
---------------------

എന്റെ കുറിപ്പിനെ വിവരദോഷമായി കാണുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ പോസ്റ്റ്
‘ഹെല്‍മെറ്റ് വയ്ക്കില്ല എന്ന എന്റെ ധാര്‍ഷ്ട്യം‘ ബൂലോഗത്തെ അറിയിക്കാനുള്ള ശ്രമമായി മനസ്സിലാക്കുന്നതില്‍ നിരാശയുണ്ടെന്നുമാത്രം പറയുന്നു.

കുറച്ചുകാലം മുന്‍പ് ഹെല്‍മെറ്റ് കേരളത്തില്‍ നിര്‍ബന്ധമാക്കി സമയത്ത് തിരുവനന്തപുരത്ത് 300 രൂപ മുതല്‍ ലഭിക്കുന്ന ഐ.എസ്.ഐ മുദ്രയില്ലാത്തെ ഹെല്‍മെറ്റ് വാങ്ങി പലരും ഉപയോഗിച്ചു. പിന്നീട് പോലീസ് ‘ഐ.എസ്.ഐ’ മുദ്രയില്ലാത്ത ഹെല്‍മെറ്റിന് പെറ്റി അടിച്ചു തുടങ്ങിയപ്പോള്‍ തകരപ്പറമ്പ് റോഡില്‍ ഐ.എസ്.ഐ’ മുദ്ര പതിപ്പിച്ചു കൊടുക്കുന്ന ‘സ്ഥാപനം‘ അതിന് പരിഹാരമുണ്ടാക്കി. ഇത്തരം ഹെല്‍മെറ്റിന് എന്തു സുരക്ഷയാണ് നല്‍കാനാവുക? ആരാണ് നിലവാരയോഗ്യമല്ലാത്ത ഹെല്‍മെറ്റ് വില്‍ക്കരുതെന്ന് നിര്‍ദ്ദേശിക്കേണ്ടത്? പുതുതായി വാങ്ങുന്ന ഇരുചക്രവാഹനത്തോടൊപ്പം നിലവാരയോഗ്യമായ ഹെല്‍മെറ്റും കൂടി നല്‍കിയിരുന്നെങ്കില്‍ എത്ര മാത്രം പ്രയോജനപ്രദമാകുമായിരുന്നു. എന്തുകൊണ്ടാണ് പിന്‍‌സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാത്തത്? അവരുടെ ജീവനു വിലയില്ലേ? ടീവീലര്‍ അപകടത്തില്‍ പെട്ടാല്‍ കൂടുതല്‍ അപകടസാധ്യത പിന്‍‌സീറ്റ് യാത്രക്കാരനാണെന്നാണ് കേട്ടറിവ്. ഇവിടെ പിന്നിലിരിയ്ക്കുന്നവര്‍ പോലീസ് പരിശോധനയില്‍ പെടുന്നില്ല. സ്ത്രീജനങ്ങള്‍ ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്താല്‍ അവരെ പോലീസ് കണ്ടതായി നടിയ്ക്കാറില്ല. ഒപ്പം സ്ത്രീയെ പിന്നിലിരുത്തി ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന പുരുഷനു നേരെയും പോലീസിന്റെ കൈകള്‍ നീളുന്നില്ല.

ഞാന്‍ പറഞ്ഞത് നിയമ നടപ്പിലാക്കാനുള്ള ത്വരയോ, പൊതുജനത്തിന്റെ ജീവനേക്കുറിച്ചുള്ള ഉത്കണ്ഠയോ ഒന്നുമല്ല പോലീസിന്റെ ഹെല്‍മെറ്റ് വേട്ടയ്ക്കു പിന്നില്‍ എന്നാണ്. അതും ഒരു ചടങ്ങുമാത്രം. ടാര്‍ജറ്റ് അച്ചീവ് ചെയ്യാനുള്ള അവരുടെ പെടാപ്പാട് മാത്രം.
വ്യത്യസ്ഥനാമൊരു...ബ്ലോഗറാണീ പോങ്ങൂ...
പോങ്ങു...പോങ്ങു..പോങ്ങുമ്മൂ‍ടൻ...

അതെ നാടിനും,നാട്ടുകാർക്കും വേണ്ടി ഒരു ബ്ലോഗർ !
അഭിനന്ദനങ്ങൾ ഹരി...
Anonymous said…
Dear blogger your attitue is TOO GOOD. Let everybody adhere to LAW and I will not follow it. Let us talk about criminalism, infrastructure, our rights etc, But I am not bothered about my responsibility. You dont show maturity when you get a ticket first time and not tried to wear a helmet instead what is ISI, is our goverment give any guarentee etc.


KASHTAM.
Vinayaraj V R said…
ദാ ഇത് കൂടി കണ്ടോളൂ
Mahesh V said…
മാസാവസാന ടാര്‍ഗറ്റ് എന്ന് വച്ചാ ഗവണ്മെന്റിന്റെ Target അല്ലാലോ.....
അത് പോലിസ്, മാസാവാസാന ചെലവുകളായ വാടക, സ്കൂള്‍ ഫീസ്‌ മുതലായവ
ഒപ്പിക്കാന്‍ നടത്തുന്ന പൊറാട്ട് നാടകമല്ലേ... ??????????
Anonymous said…
ടാര്‍ഗറ്റ് ഹെല്‍മറ്റ് തന്നെ! കാരണം ഹെല്‍മറ്റ്
വയ്ക്കാത്തവര്‍ കൊടും ക്രിമിനലുകളാണ്!!
ഏതപ്പന്‍ വന്നാലും അമ്മയ്ക്കു കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞതു പോലെയാണ് കേരളത്തില്‍ ഹെല്‍മറ്റ് വയ്ക്കാതെ പോകുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ഗതികേട്. പോലീസിന്റെ നോട്ടപ്പുള്ളികള്‍ (ഇപ്പോള്‍ ആര്‍.ടി.ഒയുടേയും) അവര്‍ മാത്രമാണ്. അവരാണ് ഏറ്റവും കൊടികെട്ടിയ ക്രിമിനലുകള്‍ എന്ന നിലയിലാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ വേറെ ഒരു ക്രമസമാധാന, അഴിമതി, അപകട പ്രശ്‌നവുമില്ല! ഹെല്‍മറ്റില്ലാത്തവരെ കൂടി പിടികൂടി പൂര്‍ത്തിയാക്കിയാല്‍ എല്ലാം ശുഭം!! എല്ലാം പൂര്‍ണം!!!
പിഴത്തുകയ്ക്കു രസീത് ചോദിച്ചതിനു നിയമം തെറ്റിച്ചെന്നാരോപിച്ചു ഡല്‍ഹിയില്‍ ഒരു സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇഷ്ടിക കൊണ്ടു ട്രാഫിക് പോലിസുകാരന്‍ ഇടിച്ചതു വഴിയേ പോയവര്‍ വീഡിയോയിലാക്കിയതിനാല്‍ അയാളെ നിന്ന നില്പ്പില്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. എന്നാല്‍ അങ്ങനെ വീഡിയോയില്‍ ആകാത്ത അനേകം സംഭവങ്ങള്‍ കേരളത്തില്‍ ദിനംപ്രതി അരങ്ങേറുന്നുണ്ട്. തലക്കടിയും എറിഞ്ഞുവീഴ്ത്തലും കേരളത്തിനു പുത്തരിയല്ല! നിര്‍ത്താതെ പോകുന്നവരെ വെടിവച്ചു വീഴ്ത്താന്‍ തോക്കു നല്കണമെന്ന മോട്ടോര്‍ വാഹന വകുപ്പുകാരുടെ ആവശ്യവും ഇതിനോടു ചേര്‍ത്തു വായിക്കണം.
ഞങ്ങള്‍ മൂന്നര പതിറ്റാണ്ടിലേറെയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെ വീണ്ടും പറയാന്‍ കാരണം പുതുതായി എത്തുന്ന പുത്തനച്ചിമാര്‍ ഹെല്‍മറ്റിന്റെ പുറം തന്നെ തൂക്കാന്‍ ഇറങ്ങുന്നതു കണ്ടുകൊണ്ടാണ്. ഇതില്‍ എല്ലാക്കാലവും നാട്ടുകാര്‍ അഴിമതി മണത്തിട്ടുമുണ്ട്.
Anonymous said…
എന്തുകൊണ്ട് ഹെല്‍മറ്റ് നിയമത്തെ സാധാരണക്കാര്‍ എതിര്‍ക്കുന്നു എന്നു സര്‍ക്കാര്‍ മനസിലാക്കുന്നില്ല. ഹെല്‍മറ്റ് ഇല്ലാത്തതു കൊണ്ടു അപകട-മരണ സാധ്യകള്‍ കൂടുന്നില്ല എന്നു മനസിലാക്കി വേണം നിയമം എന്നു വോട്ടര്‍മാര്‍ ആവശ്യപ്പെടുന്നു. സംഘടിത ശക്തികളല്ലാത്തവര്‍ എന്തു പറഞ്ഞാലും അതു തൃണവത്കരിക്കും. റോഡിന്റെ നടുവില്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കി ഗതാഗത തടസമുണ്ടാക്കുന്ന പ്രൈവറ്റ് ബസുകാരെ ഗുണദോഷിക്കാനോ റോഡു കവര്‍ന്നു ഓട്ടോറിക്ഷയിടുന്നവരെ ഒതുക്കാനോ പോലീസ് തുനിയില്ല. കാരണം അതിനു ശ്രമിച്ചാല്‍ ഉടന്‍ വിവരമറിയും. കാരണം അക്കൂട്ടര്‍ സംഘടിതരാണ്.
1. ഇതൊരു സ്റ്റുപ്പിഡ് (അവിവേക) നിയമമാണ്. കാരണം ഹെല്‍മറ്റ് വയ്ക്കുന്നതു കൊണ്ടു അപകടങ്ങള്‍ ഒഴിവാകുന്നില്ല. ഓടിക്കുന്നയാള്‍ മാത്രം വച്ചാല്‍ മതി. പുറകിലിരിക്കുന്നവരുടെ സംരക്ഷണത്തില്‍ സര്‍ക്കാരിനു താത്പര്യമില്ല. ചില മതക്കാര്‍ക്കു ഹെല്‍മറ്റ് വേണ്ട. അക്കൂട്ടര്‍ എത്ര തലയടിച്ചു വീണാലും തല ഇന്‍ടാക്ട് (അക്ഷതം) ആയിരിക്കുമെന്നു നിയമമുണ്ടാക്കിയവര്‍ക്കു ഉറപ്പുണ്ട്! ചുരുക്കത്തില്‍ ഹെല്‍മറ്റ് നിയമം സ്വേച്ഛാപരം, യുക്തിരഹിതം, അന്യായം. പക്ഷേ, പണം പിരിക്കാന്‍ ഇതിലും പറ്റിയ ഒരു ഉപാധിയില്ല!
2. ഹെല്‍മറ്റ് നിയമം ഒഴികെ ക്രിമിനല്‍ നടപടി ക്രമത്തിലെ എല്ലാ നിയമങ്ങളും അന്യര്‍ക്കു മാനസികമായോ ശാരീരികമായോ ഹര്‍ട്ട് (ക്ഷതം) ഉണ്ടാക്കുമ്പോള്‍ മാത്രമാണ് ശിക്ഷ വിധിക്കുന്നതും പിഴ ഈടാക്കുന്നതും. ആര്‍ക്കും ക്ഷതമുണ്ടാക്കാത്ത ഒരു കാര്യത്തിനു അപകടമുണ്ടാകുമെന്നു പേടിപ്പിച്ചു മുന്‍കൂര്‍ ശിക്ഷയും പിഴയുമാണ് ഹെല്‍മറ്റ് നിയമം അനുശാസിക്കുന്നത്.
3. സര്‍ക്കാരിന്റെ/രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രചാരണ ബൈക്കു റാലികളിലും ആരും ഹെല്‍മറ്റ് വയ്ക്കാറില്ല. അവയ്ക്കു പോലീസ് മുന്നിലും പിന്നിലും അകമ്പടി പോകുന്നതു കാണാം. കൂട്ടായി നിയമം തെറ്റിക്കുന്നവരെ തൊടില്ല.
Anonymous said…
4. നിയമുണ്ടാക്കുന്ന എം.പിമാരും നിയമം വ്യഖ്യാനിക്കുന്ന ഹൈക്കോടതി/സുപ്രീം കോടതി ജഡ്ജിമാരും ഇരുചക്രവാഹനം ഓടിക്കാറില്ല. ഓടിച്ചാല്‍ തന്നെ ഹെല്‍മറ്റ് വയ്ക്കുകയുമില്ല. അതിനു പോലീസ് സംരക്ഷണം നല്കും. ഇരുചക്രവാഹനം ഓടിക്കാന്‍ ലൈസന്‍സുള്ള ഹൈക്കോടതി ജഡ്ജിമാരെക്കുറിച്ച് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചപ്പോള്‍ അതു സ്വകാര്യമാണെന്നായിരുന്നു മറുപടി. ഉന്നതരെ തൊടില്ല. അവര്‍ക്കു പ്രത്യേക അവകാശയധികാരങ്ങളുണ്ട്!
5. ഹെല്‍മറ്റ് വച്ചാല്‍ മരിക്കുകയില്ലെന്നോ പരിക്കേല്‍ക്കുകയില്ലെന്നോ ഐ.എസ്.ഐ/ബിസ് ഉറപ്പുനല്കുന്നില്ല. എന്നു മാത്രമല്ല അവ സംഭവിക്കാം എന്നുമുണ്ട്. സുരക്ഷിതത്വത്തിനു ഒരു ഉറപ്പും നല്കാത്ത ഒരു സാധനം തലയില്‍ വയ്ക്കാത്തതിനാണ് ശിക്ഷ! ഒന്നര കിലോഗ്രാമിലേറെ തൂക്കം വരുന്ന ഒരു സാധനം തലയില്‍ സദാ വയ്ക്കാനുള്ള സംവിധാനത്തിലല്ല മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നതെന്നു മറ്റൊരു കാര്യം. ഹെല്‍മറ്റു വച്ചു വീണാല്‍ കഴുത്തെല്ലും നട്ടെല്ലും പൊട്ടുമെന്നും സുക്ഷുമ്‌നാ നാഡിക്കു തകരാര്‍ സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍.
6. ഐ.എസ്.ഐ മുദ്രയുള്ള ഹെല്‍മറ്റ് മാത്രമേ നിയമം പ്രകാരം ഉപയോഗിക്കാനാകൂ. എന്നാല്‍ മാര്‍ക്കറ്റില്‍ വില്ക്കുന്നവ നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ചവയാണോ എന്നു പരീക്ഷിച്ചറിയാനുള്ള ഗുണപരീക്ഷണ സംവിധാനങ്ങള്‍ പോലീസിലോ ആര്‍.ടി.ഒകളിലോ ഇല്ല. വ്യാജ ഹെല്‍മറ്റുകളാണ് എല്ലായിടത്തും. ഐ.എസ്.ഐ മുദ്ര പതിപ്പിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. പോലീസ് പരസ്യങ്ങളില്‍ പോലും സിനിമാ നടന്മാര്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ചിന്‍സ്ട്രാപ് ധരിക്കാതെ വച്ചിരിക്കുന്നതാണു പ്രസിദ്ധീകരിക്കുന്നത്.
7. ചോദ്യവും പറച്ചിലുമില്ലാതെ കുറ്റപത്രമില്ലാതെ നിന്ന നില്പ്പില്‍ തെറി പറഞ്ഞു ഭീക്ഷണിപ്പെടുത്തി റോഡുവക്കില്‍ നിന്നു പിഴയീടാക്കുന്നതും അതു പോലെ കൈക്കൂലി മേടിക്കുന്നതും നീതിവിരുദ്ധമാണ്. വേറൊരു കുറ്റകൃത്യത്തിനും അങ്ങനെയില്ല. ഓടിച്ചിട്ടു പിടിക്കരുതെന്ന, എറിഞ്ഞിടരുതെന്ന, റോഡിന്റെ എതിര്‍വശത്തേക്കു വിളിച്ചു വരുത്തരുതെന്ന, വാഹനത്തിനടുത്തേക്കു ചെല്ലണമെന്ന, വളവില്‍ നില്ക്കരുതെന്ന, ജംഗ്ഷനില്‍ ചാടിവീഴരുതെന്ന, അടിക്കുകയും ഇടിക്കുകയും ചെയ്യരുതെന്ന, നില്ക്കുന്ന സ്ഥലം മുന്‍കൂട്ടി അറിയിക്കണമെന്ന, നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന എല്ലാ ഉത്തരവുകളും ഹെല്‍മറ്റിന്റെ കാര്യത്തില്‍ പോലീസ് കാറ്റില്‍ പറത്തുകയും ചെയ്യുന്നു. അല്ല, ആരുണ്ടിവിടെ ചോദിക്കാന്‍?
Anonymous said…
8. ഹെല്‍മറ്റ് മേടിക്കുമ്പോള്‍ മുതല്‍ ആജീവനാന്തം ഉപയോഗിക്കാനുള്ളതല്ല. അതിനു ആറു മാസ കാലാവധിയുണ്ട്. അതു കഴിയുമ്പോള്‍ അതിന്റെ പ്രയോജനം കഴിയുമെന്നതിനാല്‍ അവയും ഉപേക്ഷിക്കണം. ഉപയോഗിച്ചാല്‍ പിടിച്ചെടുക്കണം.
9. തലകള്‍ക്ക് പല വലുപ്പമാണ്. അതനുസരിച്ചുള്ള മാറ്റം ഹെല്‍മറ്റിനു വേണം. മാര്‍ക്കറ്റില്‍ പല വലുപ്പമുള്ളവ ലഭ്യമല്ല. കുട്ടകള്‍ക്കുള്ള വലുപ്പം കുറഞ്ഞ ഹെല്‍മറ്റ് ലഭ്യമല്ലെന്നു ഹൈക്കോടതില്‍ പറഞ്ഞ വക്കീലിനു ജഡ്ജിയില്‍ നിന്നു കിട്ടിയ മറുപടി 'അവോയിഡ് ദെം' എന്നായിരുന്നു. പിള്ളാരെ വീട്ടിലിട്ടിട്ടു ബൈക്കില്‍ കറങ്ങിയാല്‍ പോരെ തന്തയ്ക്കും തള്ളയ്ക്കും എന്നു പച്ചമലയാളം.
10. താഴെ വീണാല്‍ പൊട്ടുന്ന ഹൈല്‍മറ്റുകളെക്കുറിച്ചും ഹെല്‍മറ്റു വച്ചിട്ടും മരിക്കുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും കണക്ക് പോലീസ് ശേഖരിച്ചു വെളിപ്പെടുത്തുന്നില്ല. ഹെല്‍മറ്റ് മോഷണം വ്യാപകമായിട്ടും മോഷ്ടാക്കളെ പോലീസ് പിടികൂടുകയോ രണ്ടാം വില്പന തടയുകയോ ചെയ്യുന്നില്ല.
11. ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടിക്കാനുള്ള പോലീസ് ഓപ്പറേഷനില്‍ പിടികൂടുന്നവരുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷവും ഹെല്‍മറ്റില്ലാതെ പോയ കേസില്‍ അകപ്പെട്ടവര്‍!
Anonymous said…
12. ഹെല്‍മറ്റ് വച്ചാല്‍ ടയര്‍ കയറിയിറങ്ങിയാലും തലയ്ക്കു ഒന്നും സംഭവിക്കില്ലെന്നു പ്രസ്താവന നടത്തിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതു സ്വയം കാണിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന ആവശ്യത്തിനു മറുപടിയില്ല. ആര്‍ക്കും എന്തും പ്രസംഗിക്കാം, പ്രസ്താവന നടത്താം!
13. ഇരുചക്രവാഹനം ഓടിക്കുന്ന ഒരാളുടെ തലയില്‍ മാത്രമേ ഹെല്‍മറ്റു വക്കാന്‍ നിയമമുള്ളു. അപകടത്തില്‍പ്പെടുന്ന മറ്റു വാഹനക്കാര്‍, വഴിയാത്രക്കാര്‍ തുടങ്ങിയവരുടെ തലയ്ക്കു വിലയില്ലേ?
14. ഹെല്‍മറ്റ് ഉണ്ടാക്കുന്ന അസൗകര്യം, കാഴ്ച-കേഴ്‌വിക്കുറവ്, അസുഖങ്ങള്‍ തുടങ്ങിയ മറ്റ് അനേകം കാര്യങ്ങള്‍ വേറെ.
ഇങ്ങനെയൊക്കെയുള്ള ഒരു കാര്യത്തിനാണ് നാടു നീളെ വഴിയിറമ്പില്‍ 'കുടവയറന്മാര്‍' (അക്കൂട്ടരെ ജോലിയില്‍ നിന്നു ഒഴിവാക്കുമെന്നു പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല) തണലത്തു നിന്നു സര്‍ക്കാര്‍ ഖജനാവിലേക്കും വെള്ളമടി പിരിവിലേക്കും കൈനിറയെ ഹൈല്‍മറ്റിന്റെ പേരില്‍ പീഡിപ്പിച്ചു പിരിക്കാന്‍ സര്‍ക്കാര്‍ ഇറക്കിവിട്ടിരിക്കുന്നത്! അടുത്ത ജംഗ്ഷനിലെ ട്രാഫിക് കുരുക്കോ മീറ്ററില്ലാതെ പോകുന്ന ഓട്ടോറിക്ഷകളോ അവര്‍ കാണുന്നതു പോലുമില്ല!
സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മ (അതു വലതായാലും ഇടതായാലും!) ഒറ്റക്കാര്യം കൊണ്ടു വ്യക്തമാണ്. കേരളത്തിലെ കടകളിലും വഴിയിലുമുള്ള വ്യാജഹെല്‍മറ്റുകള്‍ എല്ലാം റെയ്ഡിലൂടെ പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണം എന്ന മൂന്നു പതിറ്റാണ്ടിലേറയായുള്ള ആവശ്യം ആരും കേട്ടമട്ടു കാണിച്ചിട്ടില്ല. അതിനു ചിലതിനു ഉറപ്പുവേണം. ഏതുകാര്യത്തില്‍ നിന്നാണെങ്കിലും കാശുണ്ടാക്കമെന്നല്ലേ നാം തെരഞ്ഞെടുത്തു വിട്ടവര്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്! ഹെല്‍മറ്റെങ്കില്‍ അങ്ങനെ!
കാറുകളില്‍ സണ്‍ഫിലിം നിരോധിച്ചപ്പോള്‍ വെയിലടിച്ചു വരളുന്ന ആയിരക്കണക്കിനു പേരു രാജ്യത്തുള്ളപ്പോള്‍ കാറില്‍ ചുറ്റും തുണിയിട്ടു മറച്ചു വിലസുന്ന മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരുമാണ് നമ്മുടെ സ്വത്ത്!
വോട്ടര്‍മാര്‍ തെണ്ടികളും മണ്ടന്മാരുമാണെന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കറിയാം! അസംഘടിതരും അശക്തരുമായ അവര്‍ തോറ്റു ഹെല്‍മറ്റിറ്റിട്ടു നടന്നോളുമെന്നും നടന്നില്ലെങ്കില്‍ കാശു നല്കിക്കോളുമെന്നും അവര്‍ക്കറിയാം!!

വീലേഴ്‌സ് കേരള
11.05.2015/01
Anonymous said…
12. ഹെല്‍മറ്റ് വച്ചാല്‍ ടയര്‍ കയറിയിറങ്ങിയാലും തലയ്ക്കു ഒന്നും സംഭവിക്കില്ലെന്നു പ്രസ്താവന നടത്തിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അതു സ്വയം കാണിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന ആവശ്യത്തിനു മറുപടിയില്ല. ആര്‍ക്കും എന്തും പ്രസംഗിക്കാം, പ്രസ്താവന നടത്താം!
13. ഇരുചക്രവാഹനം ഓടിക്കുന്ന ഒരാളുടെ തലയില്‍ മാത്രമേ ഹെല്‍മറ്റു വക്കാന്‍ നിയമമുള്ളു. അപകടത്തില്‍പ്പെടുന്ന മറ്റു വാഹനക്കാര്‍, വഴിയാത്രക്കാര്‍ തുടങ്ങിയവരുടെ തലയ്ക്കു വിലയില്ലേ?
14. ഹെല്‍മറ്റ് ഉണ്ടാക്കുന്ന അസൗകര്യം, കാഴ്ച-കേഴ്‌വിക്കുറവ്, അസുഖങ്ങള്‍ തുടങ്ങിയ മറ്റ് അനേകം കാര്യങ്ങള്‍ വേറെ.
ഇങ്ങനെയൊക്കെയുള്ള ഒരു കാര്യത്തിനാണ് നാടു നീളെ വഴിയിറമ്പില്‍ 'കുടവയറന്മാര്‍' (അക്കൂട്ടരെ ജോലിയില്‍ നിന്നു ഒഴിവാക്കുമെന്നു പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല) തണലത്തു നിന്നു സര്‍ക്കാര്‍ ഖജനാവിലേക്കും വെള്ളമടി പിരിവിലേക്കും കൈനിറയെ ഹൈല്‍മറ്റിന്റെ പേരില്‍ പീഡിപ്പിച്ചു പിരിക്കാന്‍ സര്‍ക്കാര്‍ ഇറക്കിവിട്ടിരിക്കുന്നത്! അടുത്ത ജംഗ്ഷനിലെ ട്രാഫിക് കുരുക്കോ മീറ്ററില്ലാതെ പോകുന്ന ഓട്ടോറിക്ഷകളോ അവര്‍ കാണുന്നതു പോലുമില്ല!
സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്ലായ്മ (അതു വലതായാലും ഇടതായാലും!) ഒറ്റക്കാര്യം കൊണ്ടു വ്യക്തമാണ്. കേരളത്തിലെ കടകളിലും വഴിയിലുമുള്ള വ്യാജഹെല്‍മറ്റുകള്‍ എല്ലാം റെയ്ഡിലൂടെ പിടിച്ചെടുത്തു പൊതുജനമധ്യേയിട്ടു നശിപ്പിക്കണം എന്ന മൂന്നു പതിറ്റാണ്ടിലേറയായുള്ള ആവശ്യം ആരും കേട്ടമട്ടു കാണിച്ചിട്ടില്ല. അതിനു ചിലതിനു ഉറപ്പുവേണം. ഏതുകാര്യത്തില്‍ നിന്നാണെങ്കിലും കാശുണ്ടാക്കമെന്നല്ലേ നാം തെരഞ്ഞെടുത്തു വിട്ടവര്‍ നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്! ഹെല്‍മറ്റെങ്കില്‍ അങ്ങനെ!
കാറുകളില്‍ സണ്‍ഫിലിം നിരോധിച്ചപ്പോള്‍ വെയിലടിച്ചു വരളുന്ന ആയിരക്കണക്കിനു പേരു രാജ്യത്തുള്ളപ്പോള്‍ കാറില്‍ ചുറ്റും തുണിയിട്ടു മറച്ചു വിലസുന്ന മന്ത്രിമാരും പോലീസ് ഉദ്യോഗസ്ഥരുമാണ് നമ്മുടെ സ്വത്ത്!
വോട്ടര്‍മാര്‍ തെണ്ടികളും മണ്ടന്മാരുമാണെന്നു തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കറിയാം! അസംഘടിതരും അശക്തരുമായ അവര്‍ തോറ്റു ഹെല്‍മറ്റിറ്റിട്ടു നടന്നോളുമെന്നും നടന്നില്ലെങ്കില്‍ കാശു നല്കിക്കോളുമെന്നും അവര്‍ക്കറിയാം!!

വീലേഴ്‌സ് കേരള
11.05.2015/01

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ