ഒരു പെണ്ണും രണ്ടാണും


അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിശ്വോത്തര ചലച്ചിത്രകാരന്റെ ഒരു സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്ത് സംതൃപ്തി തെളിയുക സ്വാഭാവികം. എന്നാല്‍ ചിരിച്ചുകൊണ്ടിറങ്ങുന്ന പ്രേക്ഷകരെ കണ്ടാല്‍ അതിലൊരു അതിശയമില്ലേ? അത്തരമൊരു അതിശയം സമ്മാനിക്കുന്ന ചിത്രമാണ് ‘ഒരു പെണ്ണും രണ്ടാണും’ .

ഈ ചിത്രം കണ്ടിട്ട് അതിനെക്കുറിച്ച് രണ്ടുവാക്ക് എഴുതാനിരിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത് സത്യത്തില്‍ ജാള്യതയാണ്. കാരണം അടൂരിന്റെ സിനിമ കാണുന്ന പ്രേക്ഷകനുപോലും നിയതമായ ഒരു ആസ്വാദനനിലവാരം വേണമെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാന്‍. അപ്പോള്‍ പിന്നെ അതിനെക്കുറിച്ച് രണ്ടുവാക്ക് കുറിക്കേണ്ടി വരുന്നതിന്റെ ഔചിത്യക്കുറവ് എന്നെ ബാധിച്ചുപോവുന്നതില്‍ തെറ്റില്ലല്ലോ. എങ്കിലും ഔചിത്യക്കുറവും ജാള്യതയുമൊക്കെ മാറ്റിവച്ച് എനിക്കീ പോസ്റ്റ് പൂര്‍ത്തിയാക്കിയേ പറ്റൂ‍. കാരണം അത്രയേറേ ഞാനീ ചിത്രം ആസ്വദിച്ചിരിക്കുന്നു. ഈ സിനിമ കഴിയുന്നത്ര ജനത്തിന്റെ അടുത്തെത്തേണ്ടതിന്റെ ആവശ്യവും ഞാന്‍ മനസ്സിലാക്കുന്നു. എന്നെ വായിക്കുന്നതില്‍ ആരെങ്കിലും ഈ ചിത്രം കാണുന്നുവെങ്കില്‍ ഞാന്‍ സന്തോഷവാനായി.

അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ നേടുകയും ആവശ്യത്തിന് വിവാദം ഉണ്ടാക്കുകയും ചെയ്ത ഒരു ചിത്രമെന്ന നിലയ്ക്കാണ് ‘ഒരു പെണ്ണും രണ്ട് ആണും’ ഞാന്‍ കാണുവാന്‍ പോവുന്നത്. ശ്രീ. ടി.വി ചന്ദ്രന്‍ എന്ന സംവിധായാകന്‍ ‘സീരിയല്‍’ നിലവാരത്തിലുള്ള ഒരു സിനിമയാണ് ‘ഒരു പെണ്ണും രണ്ടാണും’ എന്നുപറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹം ഈ സിനിമ കാണാതെയാണ് അങ്ങനൊരു അഭിപ്രായം പറഞ്ഞതെന്നാണ് എന്റെ വിശ്വാ‍സം. കാരണം, ഈ സിനിമ കാണുന്ന ആര്‍ക്കും അത്തരത്തിലൊരു വാദം ഉണ്ടാവാനിടയില്ല.

രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം തകഴിയുടെ 4 കഥകളെ ആ‍സ്പദമാക്കി എടുത്തതാണ്. സാഹചര്യങ്ങളുടെ ഇടപെടല്‍ കൊണ്ട് കുറ്റവാളികളാവുന്നവരെക്കുറിച്ചാണ് ഈ നാല് കഥകളും പറയുന്നത്. ‘കള്ളന്റെ മകന്‍’ , ‘നിയമവും നീതിയും’, ‘ഒരു കൂ‍ട്ടുകാരന്‍’ എന്നിവയാണ് ആദ്യ പകുതിയില്‍. ഇടവേളയ്ക്കുശേഷം ഒരു മണിക്കൂര്‍ ‘പങ്കിയമ്മ’ എന്ന കഥയെ ആസ്പദമാക്കിയാണ്. ഹൃദയസ്പര്‍ശിയായും ദുരൂഹതകള്‍ തെല്ലുമില്ലാതെയും ഈ കഥകള്‍ അടൂര്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ആതും ആര്‍ക്കും മനസ്സിലാവുന്നതും രസിക്കുന്നതുമായ ഭാഷയില്‍.

പങ്കിയമ്മയുടെ കഥ പറയാന്‍ അടൂര്‍ സ്വീകരിച്ചിരിക്കുന്ന രീതി ഏറെ രസകരമാണ്. വൃദ്ധദമ്പതികളുടെ സംസാരത്തിലൂടെയാണ് കഥ വിരിയുന്നത്. പങ്കിയമ്മയെക്കുറിച്ച് എത്രയോവട്ടം അവര്‍ പരസ്പരം പറഞ്ഞിരിക്കുന്നുവെന്നും നാം മനസ്സിലാക്കുന്നു. പരദൂഷണപ്രിയരും മറ്റൊരുവന്റെ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞുനോക്കി രസിക്കാന്‍ മടിക്കാത്തവരുമാണ് ദേശഭേദമെന്യെയുള്ള മാനവജനതയെന്ന് വിളിച്ചുപറയുന്ന കഥാകഥനശൈലി. കുറ്റം ചെയ്യുന്നപോലെ ഹീനമാണ് കുറ്റകൃത്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞാനന്ദിക്കുന്നതെന്നും ഈ ചിത്രം ബോധ്യപ്പെടുത്തുന്നു. ഓരോ കഥയിലും കുറ്റകൃത്യത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കിലും സിനിമയില്‍ ഒരിടത്തും പ്രേക്ഷകന് അറപ്പോ വെറുപ്പോ ഭീതിയോ ഉണര്‍ത്തുന്ന ഒരു രംഗവും ചേര്‍ത്തിട്ടില്ലാ എന്നതും അതിശയകരമാണ്. തിന്മയുടെ പ്രതീകമായി വ്യാഖ്യാനിക്കാവുന്ന കഥാപാത്രങ്ങളോടുപോലും പ്രേക്ഷകന് വെറുപ്പുതോന്നുന്നില്ല എന്നതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. തെറ്റുകളെ മനസ്സിലാക്കി ശരികളെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നൊരു സിനിമ. മനസ്സില്‍ നന്മയുള്ള ഒരു കലാകാരനുമാത്രമേ അത് സാധ്യമാവൂ. അടൂരിനത് സാധ്യമായിരിക്കുന്നു.

എം.ആര്‍ ഗോപകുമാര്‍, നെടുമുടി വേണു, ജഗന്നാഥന്‍, ബാബു നമ്പുതിരി, സുകുമാരി, രവി വള്ളത്തോള്‍, മനോജ് കെ.ജയന്‍, പ്രവീണ എന്നിവര്‍ അവിസ്മരണീയമായ രീതിയിലുള്ള അഭിനയം കാഴ്ചവച്ചിരിക്കുന്നു. ഇന്ദ്രന്‍സ് എന്ന നടന്റെ പ്രകടനം പറയാതെ പോവുന്നത് ശരിയല്ല. അടൂരിനെപ്പോ‍ലൊരു സംവിധായകന്റെ ഇടപെടല്‍ തന്നെയാണ് ആ നടന്റെ പ്രകടനമികവിനുപിന്നിലെന്ന് നിസ്സംശയം പറയാം.

സ്ത്രീ മനസ്സുകളുടെ നിഗൂഢതയെ മനോഹരമായി ആവിഷ്കരിക്കുന്നതിനൊപ്പം കഥ നടക്കുന്ന കാലഘട്ടം അതിന്റെ പശ്ചാത്തലം എന്നിവയിലൊക്കെ അതീവ ശ്രദ്ധ സംവിധായകന്‍ പുലര്‍ത്തിയതുവഴി മനോഹരമായ ഒരു സിനിമ തന്നെയാണ് മലയാളഭാഷയ്ക്ക്, സിനിമാ പ്രേമികള്‍ക്ക് അടൂര്‍ സമ്മാനിച്ചിരിക്കുന്നത്. ഇതുപോലൊരു ചിത്രം കാണുവാന്‍ ആരുടെയെങ്കിലും മനസ്സ് വിമുഖതകാട്ടുന്നുവെങ്കില്‍ അവര്‍ക്ക് മലയാള സിനിമയൂടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുവാന്‍ യാതൊരുവിധത്തിലും അവകാശമില്ല. സിനിമയെ സ്നേഹിക്കുന്നവര്‍ ഈ ചിത്രം കാണണം.

‘ആരെയും രസിപ്പിക്കുന്നു ‘ എന്ന അര്‍ത്ഥത്തിലാണ് ശ്രീ ടി.വി ചന്ദ്രന്‍ ഈ സിനിമയെ സീരിയല്‍ നിലവാരത്തോട് ഉപമിപ്പിച്ചിരിക്കുന്നുവെങ്കില്‍ അത് തന്നെയാണ് ഈ ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ ബഹുമതി. അടുത്തകാലത്തായി വരുന്ന ചില നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും പരാമര്‍ശങ്ങളുമൊക്കെ ശ്രദ്ധിച്ചാല്‍, പലരും അടൂരിനെ വിമര്‍ശിക്കുക എന്നതൊരു പരിഷ്കാരമായി എടുത്തിരിക്കുന്നുവെന്ന് തോന്നാം. സംവിധായകര്‍ തമ്മില്‍ മത്സരിക്കേണ്ടത് തങ്ങളുടെ സിനിമകള്‍ കൊണ്ടാണ്. നാവിനവിടെ യാതൊരു വിലയുമില്ല.

മുഷിച്ചിലും ഇഴച്ചിലുമാണ് അടൂരിന്റെ സിനിമയെന്ന തെറ്റായ ധാരണ മാറ്റിവച്ച് ഈ ചിത്രമൊന്ന് കണ്ടുനോക്കൂ. തീര്‍ച്ചയായും ‘ഒരു പെണ്ണും രണ്ടാണും ‘ ഏവരെയും രസിപ്പിക്കുക തന്നെ ചെയ്യും.

(സിനിമയെക്കുറിച്ച് ആധികാരികമായ അറിവുകളുള്ള ഒരാളല്ല ഈ പോസ്റ്റ് കുറിച്ചിരിക്കുന്നത്.
ശരാശരി ആസ്വാദന നിലവാരം മാത്രമുള്ള ഒരു വ്യക്തിയുടെ ആസ്വാദനക്കുറിപ്പുമാത്രം.)

പോസ്റ്ററിനുള്ള കടപ്പാട് : ഗായത്രി

Comments

Pongummoodan said…
അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിശ്വോത്തര ചലച്ചിത്രകാരന്റെ ഒരു സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മുഖത്ത് സംതൃപ്തി തെളിയുക സ്വാഭാവികം. എന്നാല്‍ ചിരിച്ചുകൊണ്ടിറങ്ങുന്ന പ്രേക്ഷകരെ കണ്ടാല്‍ അതിലൊരു അതിശയമില്ലേ? അത്തരമൊരു അതിശയം സമ്മാനിക്കുന്ന ചിത്രമാണ് ‘ഒരു പെണ്ണും രണ്ടാണും’ .
ഒരു കഥയെപ്പറ്റി മാത്രമെ പറഞ്ഞുള്ളുവല്ലോ പോങ്ങ്സ്.എന്തായാലും നാട്ടിൽ പോകുമ്പോൾ പറ്റിയാൽ കാണണം.
ഇതിപ്പോ ആകെ കണ്ഫ്യൂഷന്‍ ആയല്ലോ പോങ്ങു‌ ... ഏതായാലും ഒന്ന് കണ്ടു നോക്കാം... :)
അവാർഡ് സിനിമയുടേതെന്നുള്ള (അടൂരിനെപ്പോലെയുള്ളവർ തന്നെ സൃഷ്ടിച്ച) രീതിയും അതിൽ നിന്നു കൊണ്ടുള്ള ആസ്വാദനവും ഈ സിനിമയുടെ കാര്യത്തിൽ വ്യത്യാസപ്പെടുന്നു എന്നുള്ളതാവാം വിവാദങ്ങൾക്കും ഈ അഭിപ്രായങ്ങൾക്കും കാരണം..

സന്തോഷം സുഹൃത്തേ...
എനിയ്ക്ക് കാണാൻ സാധിക്കുമോ ആവോ...
Junaiths said…
അതേതായാലും കലക്കി,ഒന്ന് കണ്ടു കളയാം,വിധേയന് ശേഷം അടൂരാന്റെ പടങ്ങള്‍ ഒന്നും കണ്ടിട്ടില്ല.
കണ്‍ഫ്യൂഷനായല്ലോ.
ഏതായാലും ഒന്നു കണ്ടു നോക്കാം..
(ഓ പിന്നെ അതിനിവിടെ മലയാളം പടമോടുന്ന തീയറ്ററു നെരന്നു നില്‍ക്കുവല്ലേ!)
Anonymous said…
ശരിക്കും കണ്‍ഫ്യൂഷന്‍ ആയല്ലോ? ഇപ്പോള്‍ ഹരിയുടെ ബ്ലോഗില്‍ കമന്റ്‌ ഇട്ടതേ ഉള്ളോ. ഇനി എന്തായാലും കാണാതെ പറ്റില്ല. വ്യത്യസ്ത അഭിപ്രായത്തിനു നന്ദി.
കണ്‍ഫ്യൂഷനൊക്കെ തീര്‍ത്ത് പടം കാണാന്‍ ചെല്ലുന്പോളേക്കും സംഭവം ബൈ ബൈ പറഞ്ഞു കാണും തിയേറ്ററില്‍ നിന്ന്...
തിയ്യറ്ററില്‍ ഉറങ്ങതിരുന്ന് കാണാലേ?
:)
Faizal Kondotty said…
അപ്പൊ പടം കൊള്ളാം അല്ലെ ..
Kiranz..!! said…
പോങ്ങാ..ഒരു കാര്യം കണ്ട് സന്തോഷായാൽ സന്തോഷമായെന്ന് പറയാനുള്ള ആണത്തം നഷ്ടപ്പെടുമ്പോൾ അവൻ ആരാവുന്നു ? മിസ്റ്റർ:ശശി എന്ന കൊഞ്ജാണ്ഡൻ :),മ്മഡെ നാട്ടിൽ ബുജിയെന്നും വിളിക്കും.ഇങ്ങനെയുള്ള ചില വിഡിക്കോമരന്മാരുടെ അതിപ്രസരമാണ് മലയാളസിനിമയെ നാറാണക്കല്ലാക്കിയത്.ഇപ്പോ തമിഴ് സിനിമയെ നോക്കി വിലപിക്കാനവർക്ക് യാതൊരു മടിയും ഇല്ല.പക്ഷേ മലയാളത്തിൽ നിന്ന് അങ്ങനെ ഒരു ചെറിയ നീക്കം ഉണ്ടായാല്‍പ്പോ അണ്ണന്മാർ ഉടുമുണ്ടഴിച്ച് തലേൽക്കെട്ടി ഫൈവ്സ്റ്റാർ തട്ടുകടേലെ വെളിച്ചപ്പാടിനേപ്പോലെ “ദേവ്യേ“ന്നൊരു തുള്ളലങ്ങ് തുടങ്ങും :)

ഡിവിഡി “റിപ്പറന്മാർ“ ഇറങ്ങുന്നതും നോക്കി കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരിക്കും ഞാനിവനെ :) ഡാങ്ക്സ്..!
Pongummoodan said…
മുസാഫിര്‍, ഡോക്ടര്‍, സമാന്തരന്‍, ജുനൈദ്, അരവിന്ദ്, കവിത, ചെലക്കാണ്ട് പോടാ, രാമചന്ദ്രന്‍ വെട്ടിക്കാട്, ഫൈസല്‍ കൊണ്ടോട്ടി - എല്ലാവര്‍ക്കും നന്ദി.
Pongummoodan said…
കിരണ്‍സേ,

വളരെ നന്ദി. സന്തോഷം.
kaalidaasan said…
പോങ്ങുമ്മൂടന്‍,

നല്ല വിശകലനം. താങ്കളുടെ അഭിപ്രായങ്ങളോടു യോജിക്കുന്നു.
ഹരിയുടെ പോസ്റ്റില്‍ ചില എതിരഭിപ്രായങ്ങള്‍ എഴുതണമെന്നുദ്ദേശിച്ചതാണ്. പിന്നെ വേണ്ട എന്നു വച്ചു.

കഥപറഞ്ഞ രീതി മാത്രമല്ല, സങ്കേതിക വശങ്ങളിലും നല്ല നിലവാരമുള്ള ചിത്രമാണിത്. അടൂരിന്റെ മറ്റ് ചിത്രങ്ങളുമായി താരതമ്യം ചെയ്ത് പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ ചിത്രം ഇതിന്റെ രീതിയില്‍ വിശകലനം ചെയ്താല്‍, മോശമാണെന്ന അഭിപ്രായം എനിക്കില്ല.

ഒന്നുകൂടി. ഏതെങ്കിലുമൊരു കഥാപാത്രത്തിന്റെ മാനസിക വ്യാപരങ്ങളാണ്, അടൂരിന്റെ ചിത്രങ്ങളുടെ കേന്ദ്ര ബിന്ദു. കൊടിയേറ്റത്തിലും, എലിപ്പത്തായത്തിലും, അനന്തരത്തിലും, വിധേയനിലും അത് ശക്തമായിരുന്നു. ഇതും ആ ശ്രേണിയിലാണ്.
കാണുന്നുണ്ട്‌ തീര്‍ച്ചയായും.
പോങ്ങൂ,

നന്ദി ഈ പോസ്റ്റിനു.ഈ ചിത്രം ഇവിടെ വരുമോ എന്നറിയില്ല.അതുകൊണ്ടു തന്നെ ടി.വി,യിൽ വരുന്നതു വരെ കാത്തിരിയ്ക്കേണ്ടി വരും

“നിഴൽക്കുത്ത്” ഒഴികെ, കൊടിയേറ്റവും സ്വയം വരവും മുതൽ ഇങ്ങേയറ്റം നാലു പെണ്ണുങ്ങൾ വരെയുള്ള അടൂരിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.”മുഖാമുഖം” ഒഴികെ മറ്റൊരു ചിത്രത്തിലും “ഇഴച്ചിൽ” ഉള്ളതായി എനിയ്ക്കു തോന്നിയിട്ടില്ല.മാത്രവുമല്ല അടൂരിന്റെ മിക്ക ചിത്രങ്ങളിലും ഹാസ്യം ഒരു നേർത്ത രേഖയായി ചിത്രത്തിൽ ഉണ്ടാവാറുണ്ട്.ലളിതവും മനോഹരവുമായി സിനിമ അവതരിപ്പിക്കുന്നതിൽ അടൂർ തന്നെ മുന്നിൽ.‘അനന്തര’വും ‘എലിപ്പത്തായ’വും ഉണ്ടാക്കിയ ചില അലകൾ മനസ്സിൽ നിന്നു ഇന്നു വരെ പോയിട്ടില്ല

ടി.വി ചന്ദ്രൻ പറഞ്ഞതിനെ കാര്യമായി എടുക്കേണ്ട.
ഒരു നല്ല റിവ്യൂ. കാണാം ശ്രമിക്കാം എന്നെ പറയാന്‍ പറ്റൂ. മാത്രവുമല്ല, അടൂരിന്റെ മിക്ക പടങ്ങളും ടി.വി(ദൂരദര്‍‌ശന്‍‌) യിലാണ് കണ്ടെത്ത്. നാലു പെണ്ണുങ്ങളും മികച്ച നിലവാരം പുലര്‍ത്തിയിരുന്നു

ടി.വി. ചന്ദ്രന്റെ മിക്ക പടങ്ങളും ആസ്വദിച്ച ഒരു വ്യക്തി എന്ന നിലയ്ക്ക് പറഞ്ഞു കൊള്ളട്ടെ, അദ്ദേഹവും ഒരു നല്ല സംവിധായകന്‍ തന്നെയാണ്. ഒരു പക്ഷെ ചരിത്രത്തെയും, സാമൂഹിക പ്രശ്നങ്ങളെയും മനുഷ്യമനസ്സുകളെയും ഇത്രയേറെ അപഗ്രഥിച്ച മറ്റൊരു സംവിധായകന്‍ ഉണ്ടോ എന്നു ആലോചിക്കേണ്ടിയിരിക്കുന്നു. കഥാവശേഷന്‍, ഡാനി, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, പാടം ഒന്നു ഒരു വിലാപം.

എന്നിരുന്നാലും രണ്ടു പേരും മലയാള സിനിമയ്ക്കു വേണ്ടപെട്ടവര്‍ തന്നെ. ആ ഒരു അടിപിടി ഒഴിവാക്കാമായിരുന്നു. പിന്നെ അതിന്റെ ന്യായീകരണം ചന്ദ്രന്‍ മാതൃഭൂമിയില്‍ കൊടുത്തിരുന്നു.

എത്ര അടിയുണ്ടായാലും നല്ല സിനിമകള്‍ ഇറക്കിയാല്‍ മതിയായിരുന്നു. അതാണല്ലോ ജനത്തിനാവശ്യം. :)
നാല്‍ പെണ്ണുങ്ങള്‍ എന്ന സിനിമ കണ്ട ഒരാള്‍ ക്കു ഈ സിനിമ കാണാനുള്ള മനക്കരുത്തു ഉന്ടാവില്ല തീര്‍ ച്ച..
ആ സിനിമകണ്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ പറഞ്ഞതു മുഴുവന്‍ മനസിലാവും

ഈ സിനിമ നന്നാവട്ടെ എന്നാഗ്രഹിക്കാം ..

അടൂരിന്റെ പടം മോശം എന്നു ഉറക്കെ പരയാന്‍ കുറെപ്പേരെങ്കിലും പരയാന്‍ തുടങ്ങിയത് ഓര്‍ ക്കുക. പണ്ടൊക്കെ അങ്ങിനെ പറയാന്‍ പാടില്ല എന്നായിരുന്നു ..വിധേയന്‍
Anonymous said…
ഗായത്രി സാരിണ്ടേ വര്‍ക്ക്‌ കണ്ടപ്പോള്‍ തന്നെ ഈ പടം കാണാന്‍ ആഗ്രഹം തോന്നി... ഇപ്പോള്‍ മാഷിന്ടെ പോസ്റ്റും കൂടി വായ്ച്ചപ്പോള്‍ ഉടന്‍ തന്നെ കാണാന്‍ മോഹം...

ഞങ്ങള്‍ മറുനാടന്‍ മലയാളികള്‍ പടം ഉടനെ കാണാന്‍ വല്ല മാര്‍ഗ്ഗം ഉണ്ടോ മാഷെ..:)
കമന്റുകല്‍ വായിച്ചതില്‍ നിന്നും മനസ്സിലാവുന്ന ഒരു കാര്യം പറയട്ടെ.ക്ഷമിക്കണം വെറും സംശയമാണ് .ആര്‍ക്കും സ്വന്തമായി ഒരു അഭിപ്രായമില്ലെ.ഓരോ ആള്‍ക്കാരുടെയും ആസ്വാദന നിലവാരം വ്യത്യസ്തമാണ്.ഒരാള്‍ മോശമെന്നോ നല്ലതെന്നോ അഭിപ്രായം പറഞ്ഞതുവച്ച് ഒരു ചിത്രത്തെ അളക്കാമോ. പോങ്ങുമ്മൂടന്‍ വളരെ മോശമായാണ് ഈ റിവ്യു എഴുതിയിരുന്ന‍തെങ്കില്‍​ ആരും ഈ ചിത്രം കാണുകയോ കണ്ടശേഷം നല്ലത് പറയുകയോ ഇല്ലായിരുന്നു എന്നതു തീര്‍ച്ച.എന്തായാലും നല്ല സിനിമകള്‍ വരട്ടെ
Pongummoodan said…
ശ്രീ അനാഗതശ്മശ്രു,

‘ഒരു പെണ്ണും രണ്ടാണും‘ എന്ന സിനിമയെക്കുറിച്ച് എന്റെ ആസ്വാദനനിലവാരത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ അഭിപ്രായം പറഞ്ഞത്. ഇത് കാണുന്ന ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ കാണുക ന്യായമാണ്. അത് എന്റെ അഭിപ്രായത്തോട് യോജിക്കുന്നതാവണമെന്നുമില്ല.

‘നാല് പെണ്ണുങ്ങള്‍’ മോശമാണെങ്കില്‍(?) അടുത്ത ചിത്രം അതിലും മോശമായിരിക്കുമെന്ന മുന്‍‌വിധി വേണോ?

“അടൂരിന്റെ പടം മോശം എന്നു ഉറക്കെ പറയാന്‍ കുറെപ്പേരെങ്കിലും പറയാന്‍ തുടങ്ങിയത് ഓര്‍ ക്കുക. പണ്ടൊക്കെ അങ്ങിനെ പറയാന്‍ പാടില്ല എന്നായിരുന്നു“

ആരാണ് അടൂരിന്റെ പടം മോശമെന്ന് പറയാന്‍ പാടില്ലെന്ന നിയമം കൊണ്ടുവന്നിരുന്നത്? ഇപ്പോഴും ആ നിയമം നിലനില്‍ക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനനുസരിച്ചല്ല ഞാന്‍ ഈ സിനിമ നന്നെന്ന് പറഞ്ഞതെന്നും ഓര്‍മ്മിപ്പിക്കുന്നു. പിന്നെ ഒരു സിനിമ മോശമാണെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് മോശമായി എന്ന് പറയാനുള്ള ബാധ്യതയും നമുക്കുണ്ട്. ‘നാലു പണ്ണുങ്ങള്‍’ അസഹനീയമായിരുന്നുവെങ്കില്‍ എങ്ങനെ ആ ചിത്രം നന്നാക്കാനാവുമായിരുന്നുവെന്ന് വിമര്‍ശകര്‍ പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ തുടര്‍ന്നുള്ള ചിത്രങ്ങളെങ്കിലും അദ്ദേഹത്തിന് മെച്ചപ്പെടുത്തുവാനാവാമായിരുന്നു.

അവസരം ഒത്തുവന്നാല്‍ താങ്കള്‍ ഈ ചിത്രം കാണുമെന്നും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അടൂരിനെ നന്നാക്കാന്‍ നമ്മള്‍ക്കാവുന്നത് നമുക്ക് ചെയ്യാം.

നന്ദി.
Pongummoodan said…
വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
പോങ്ങുമ്മൂടന്‍ ഒരു ‘ബുദ്ധിജ്ജീവി’ ആണെന്നായിരുന്നു ഞാന്‍ ധരിച്ചു വെച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി പാരമ്പര്യവാദിയും പിന്തിരിപ്പനും സ്വയം തലച്ചോറൂണ്ട് എന്നു കരുതുന്നവനും ഒക്കെയാണെന്ന്, കാരണം നിങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനെ അനുകൂലിച്ച്, പ്രശംസിച്ച് എഴുതിയിരിക്കുന്നു :)
ഇന്നത്തെ ഒരു രീതി വെച്ച് അടൂര്‍ പോലെയുള്ള പ്രതിഭാധനരെ കുറ്റം പറയുകയോ നാലു ചീത്തവിളിക്കുകയോ വേണം എന്നാലേ നമ്മള്‍ അടൂരിനേക്കാളും മുകളിലുള്ളവനാണ് എന്ന് തോന്നുക. ജോണി ആന്റണിയുടേയും, വിനയന്റെയും, റാഫീ മെക്കാട്ടുകേറി..സോറി മെക്കാര്‍ട്ടിന്റെയുമൊക്കെ സിനിമ കണ്ട് കോരിത്തരിക്കുന്നവരരും ഒപ്പെം അടൂരിന്റെ സിനിമ കാണാനും ആസ്വദിക്കാനും ക്ഷമയില്ലാത്തവരും അടൂരിനെ തെറി വിളിക്കുന്നതും ജോണി ആന്റണിക്കു കയ്യടിക്കുന്നതും തലക്കകത്തും ആള്‍ത്താമസമില്ലാത്തതുകൊണ്ടാണ്.

ഒരു സ്വതന്ത്രാഭിപ്രായം വിളിച്ചു പറഞ്ഞ (ഒരു നിരൂപണമായല്ല, ആസ്വാദനമായാണ് ഇത് കാണുന്നത്) പോങ്ങുവിന് ഒരു ഷേക്ക് ഹാന്‍ഡ്.

ഓഫിന്റോഫ് : അടൂരിന്റെ പടങ്ങള്‍ കണ്ടിട്ട് തനിക്ക് മനസ്സിലായില്ലെങ്കില്‍ അത് തന്റെ ആസ്വാദനത്തിന്റെ ശീലങ്ങള്‍കൊണ്ടാണെന്നും ആ ചിത്രത്തിന്റെ തലത്തിലേക്കുയരാന്‍ തന്റെ ആസ്വാദന നിലവാരം വളര്‍ന്നിട്ടില്ലെന്നും തുറന്നു പറഞ്ഞാല്‍ തങ്ങള്‍ വിഡ്ഡികളായില്ലേ..അതു തുറന്നു സമ്മതിക്കാന്‍ ബ്ലോഗിലെ ബുജികള്‍ക്കാകുമോ? അപ്പോ എളുപ്പം അടൂരിനെ തെറി പറയുക തന്നെ, ഇത്രേള്ളു.. :)
അടുത്തകാലത്തായി വരുന്ന ചില നിരൂപണങ്ങളും ആസ്വാദനക്കുറിപ്പുകളും പരാമര്‍ശങ്ങളുമൊക്കെ ശ്രദ്ധിച്ചാല്‍, പലരും അടൂരിനെ വിമര്‍ശിക്കുക എന്നതൊരു പരിഷ്കാരമായി എടുത്തിരിക്കുന്നുവെന്ന് തോന്നാം.

തന്നെ തന്നെ!! ചിലരുടെ തൊഴില്‍ തന്നെ അതല്ലേ?
Unknown said…
അടൂരിന്റെ എലിപ്പത്തായവും കൊടിയേറ്റവും പോലുള്ള ചിത്രങ്ങളുമായി നോക്കുമ്പോൽ അടൂരിന്റെ സമീപ ചിത്രങ്ങൾ വളരെ നിലവാരം താഴെ പോകുന്നു എന്നു തോന്നുന്നിലെ പോങ്ങു മാഷെ
... said…
പോങ്ങൂ...
നിങ്ങള്‍ ഇത്രയും പറഞ്ഞ സ്ഥിതിക്ക്‌
ഒരു കൈ നോക്കാന്‍ തന്നെ തീരുമാനിച്ചു..
പ്രിയപ്പെട്ട അനൂപ് കോതനെല്ലൂര്‍

അടൂരിന്റെ നിലവാരമുള്ള സിനിമകളുടെ ഒരു ലിസ്റ്റും, നിലവാരം കുറഞ്ഞ(ഇല്ലാതായ) സിനിമകളുടെ ഒരു ലിസ്റ്റും ഒരു കമന്റായി ഇവിടെ പ്രസിദ്ധീകരിക്കാമോ? അറിയാന്‍ വേണ്ടിയിട്ടാണ് പ്ലീസ്.
Pongummoodan said…
എല്ലാവരോടും സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.

പ്രിയ സന്തോഷങ്ങള്‍, ഇതൊരു പ്രശ്നമാക്കി മാറ്റരുതേ :)
സംവിധായകര്‍ തമ്മില്‍ മത്സരിക്കേണ്ടത് തങ്ങളുടെ സിനിമകള്‍ കൊണ്ടാണ്. നാവിനവിടെ യാതൊരു വിലയുമില്ല.

അതിനൊരു ക്ലാപ്പ്. നാലു പെണ്ണുങ്ങൾ കണ്ടതാണ്, ഇഷ്ടപ്പെട്ടതുമാണ്. ഒരു പെണ്ണും രണ്ടാണും കാണാൻ ശ്രമിക്കുന്നുണ്ട് :)
N.J Joju said…
കുറച്ചുനാള്‍ യൂട്യൂബില്‍ എലിപ്പത്തയം ഉണ്ടായിരുന്നു. കണ്ടു ഇഷ്ടപ്പെട്ടു. ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ത്തു.

വിധേയന്‍ ടീവിയിലാണ്‌ കണ്ടത്. വളരെ നാളുകള്‍ക്കു മുന്പ്. പ്രത്യേകിച്ച് ഒരു താത്പര്യവും ഉണ്ടായില്ല.

നാലുപെണ്ണുങ്ങള്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. കുഴപ്പമില്ല.
പോങ്ങുമ്മൂടാ നന്ദി .....

സ്വയംവരം,കൊടിയേറ്റം,ഏലിപ്പത്തായം,മുഖാമുഖം, ആനന്തരം,മതിലുകല്‍,വിധേയന്‍,കഥപുരുഷന്‍
നിഴല്‍ക്കുത്ത്,നാലു പെണ്ണുങ്ങള്,
ഒരു പെണ്ണും രണ്ടാണും

junaith (1972)മുതല്‍ (2008)
വരെ വന്ന അടൂര്‍ ചിത്രങ്ങള്‍ ഓരൊന്നും വിത്യസ്ഥമായ കാഴചപ്പാടാണ്..

ഒറ്റ കാഴ്ചയില്‍ ഹോ ഇത്രെ ഉള്ളൊ എന്നു തോന്നുമെങ്കിലും ആ സിനിമ മനസ്സില്‍ നിന്നു പോവില്ല.
അതെ.
അടൂര്‍ ചിത്രങ്ങള്‍ കാണാതെ പോവുന്നത് നഷ്ടം തന്നെയാണ്.തീയറ്ററില്‍ കാണാനാവില്ല
എന്നാലും ഞാന്‍ ഇതു കാണും ..

കിരണ്‍സേ ഞാനും അതു തന്നാ നോക്കിയിരിക്കുന്നേ.
Anonymous said…
കലാമൂല്യം ഉണ്ടാകണമെങ്കില്‍ പഴയ കാലത്തിന്റെ കഥ തന്നെ പറയണമെന്ന് നിര്‍ബന്ധമുണ്ടോ ആവോ? പാളത്തൊപ്പി ധരിച്ച പോലീസ്കാര്‍ ,മുണ്ടൂം ബ്ലൗസും ധരിച്ച സ്ത്രീകള്‍ . വേറെ ചിലരുണ്ട് - തെയ്യം,ഭാരതപ്പുഴ,കഥകളി നടന്റെ ആത്മനൊമ്പരം,വള്ളുവനാടന്‍ ഭാഷ ഇതൊക്കെയായാണ് സ്ഥിരം ഐറ്റംസ്. ഇതൊക്കെയായാല്‍ പടം ലോകോത്തരം! ഇന്നത്തെ കാലഘട്ടത്തിന്റെ കഥ പറയാന്‍ ടി.വി.ചന്ദ്രന്‍ മാത്രമുണ്ട്!
Anonymous said…
പെണ്ണുങ്ങൾ സീരീസിൽപ്പെട്ട ഏറ്റവും ഒടുവിലത്തെ അടൂർ ചിത്രത്തെക്കുറിച്ചുള്ള ടി.വി.ചന്ദ്രന്റെ അഭിപ്രായ പ്രകടനം കേവലം സാങ്കേതികതയിൽ ഊന്നിയുള്ള വിഢ്ഢിത്തം വിളമ്പൽ മാത്രമായിരുന്നു. ഒരുപക്ഷെ പെണ്ണുങ്ങളേക്കുറിച്ച്‌ സിനിമയെടുക്കാൻ മലയാളത്തിൽ പേറ്റന്റ്‌ എടുത്തിരുന്ന ചന്ദ്രൻ തന്റെ തട്ടകത്തിലേക്ക്‌ മറ്റൊരാൾ അതിക്രമിച്ചുകടന്നതിന്റെ ദേഷ്യത്തിൽ പുലമ്പിയ വിഢ്ഢിത്തങ്ങൾ മാത്രം.

അതെന്തുമാവട്ടെ. അടൂർ ചിത്രത്തെക്കുറിച്ചു പറയാം. നാളിതുവരെയുള്ള അടൂർ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹിത്തിന്റെ അവസാന രണ്ടു ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഏറ്റവും ദുർബലങ്ങളായ ചിത്രങ്ങളാണെന്ന് പറയാതെ വയ്യ.

സിനിമയെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ വായിച്ചാൽ ഒന്നു വ്യക്തമാവും, സിനിമയെ താങ്കൾ കേവലമൊരു വിനോദോപാധി മാത്രമായി കാണുന്നു. രസകരമായി, ആർക്കും മനസ്സിലാവുന്ന രീതിയിൽ, ദുരൂഹതകൾ തെല്ലുമില്ലാതെ കഥ പറഞ്ഞാൽ ഒരു ചിത്രം മികച്ചതാവുമോ?

ഏതൊരു കലാരൂപത്തെയും പോലെ, സാഹിത്യത്തെ പോലെ, കവിതകളേപ്പോലെ ഗഹനങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാണ്‌ സിനിമയും. അടൂരിന്റേതന്നെ മുൻകാലചിത്രങ്ങൾ കണ്ടാൽ മനസ്സിലാ‍ൂന്ന ഒരു കാര്യമാണിത്‌. അവ മനസ്സിരുത്തികാണുന്ന ആരും തന്നെ അവ ഇഴഞ്ഞു നീങ്ങുന്നവയും മുഷിപ്പുളവാക്കുന്നവയുമാണെന്ന് പറയുമെന്നും തോന്നുന്നില്ല. ജീവിതത്തിന്റെ നിഗൂഢതകൾ അന്വേഷിക്കുന്ന ഈ ചിത്രങ്ങൾ എല്ലായിപ്പോഴും രസകരവും അലസമായിരുന്ന് കാണുവാൻ സാധിക്കുന്നവയുമാവാറില്ലെന്നു മാത്രം.

ആഴം തീരെ ഇല്ലാത്ത ഫ്ലാറ്റായ കഥകളുടെ എന്റർറ്റൈനിങ്ങായ അവതരണം മത്രമായി ഈ രണ്ട്‌ അടൂർ ചിത്രങ്ങളും ചുരുങ്ങുന്ന എന്നതുതന്നെയാണ്‌ ഈ ചിത്രങ്ങളുടെ കുഴപ്പം. സിനിമ കാണുമ്പോളത്തെ ചെറിയ സുഖങ്ങൾക്കപ്പുറം ഈ സിനിമകൾ നമുക്കൊന്നും നൽകുന്നില്ല.
അടൂരിനെ വഷളാക്കാന്‍ നിരൂപണങ്ങള്‍ ഒരുപാടുസഹായിച്ചു.ലോകോത്തരനെന്നും മറ്റുമുള്ള വിശേഷണങ്ങള്‍,സിനിമ കണ്ടുശീലമില്ലാത്തവര്‍ക്കിടയില്‍ ചിലവാകും .ക്രാഫ്റ്റിന്റെ കാര്യത്തില്‍ അനന്തരം കഴിഞ്ഞതോടെ പൂജ്യം .

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ