പൂക്കാൻ മറക്കുമോ നീർമാതളങ്ങൾ…

മാധവിക്കുട്ടിയെ ഏതൊരു സാഹിത്യ പ്രേമിയെയും പോലെ എനിക്കും ഇഷ്ടമായിരുന്നു. ബഹുമാനവും ആരാധനയുമായിരുന്നു. മാധവിക്കുട്ടിയുടെ വേർപാട് കുടുംബാംഗങ്ങൾക്കുള്ള അതേ തീവ്രതയിൽ തന്നെ നമ്മെയും വേദനിപ്പിക്കുന്നു.
ഇന്നത്തെ ദിവസം(2009, മെയ് 31) ചാനലുകൾ മുഴുവൻ ‘കമല സുരയ്യ‘ യുടെ വേർപാട് ‘ആഘോഷിച്ചു‘. നാളത്തെ പത്രങ്ങളും അത് തന്നെ ചെയ്യും. എന്നാൽ ജീവിതത്തിന്റെ അവസാന നാളുകളിൽ ആ സ്ത്രീയെ മലയാളികൾ മറന്നതായി നടിച്ചു. വെറുക്കുകയും വിമർശിക്കുകയും ചെയ്തു. സാംസ്കാരിക കേരളം സംസ്കാരശൂന്യമായാണോ അവരോട് പെരുമാറിയത്?
അങ്ങനൊരു വേദന അവർക്കുള്ളതായാണ് പുനെയിലേയ്ക്ക് പോവും മുൻപേ ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. ദുർഗന്ധത്തിൽ നിന്നകന്ന് അല്പം ശുദ്ധവായു ശ്വസിക്കാനായാണെത്രെ മാധവിക്കുട്ടി പുനെയിലേയ്ക്ക് പോവുന്നത്. കൊച്ചിയിലെ വായുവിൽ നിറഞ്ഞ ദുർഗന്ധമോ അതോ ചീഞ്ഞഴുകുന്ന സാംസ്കാരിക കേരളം വമിപ്പിക്കുന്ന ദുർഗന്ധമോ എന്ന് മാധവിക്കുട്ടിയുടെ മനസ്സിന് മാത്രമറിയാം. അത് പറയാൻ പക്ഷേ ഇനി അവരില്ല.
മാധവിക്കുട്ടിയുടെ മതം മാറ്റമായിരുന്നു ഒരു വിഭാഗം ആൾക്കാരുടെ വിമർശനത്തിനും ശത്രുതക്കും പാത്രമാക്കിയത്. എന്നാൽ എന്തായിരുന്നു അങ്ങനെ ഒരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ച ഘടകം. ഇന്ത്യാവിഷനിൽ ശ്രീ. സക്കറിയയുമായുള്ള സംഭാഷണത്തിൽ ഇക്കാര്യത്തെക്കുറിച്ച് അവർ പറയുന്നുണ്ട്. ഭർത്താവിന്റെ മരണശേഷം സമൂഹത്തിൽ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ; പ്രത്യേകിച്ച് വിധവയായ സ്ത്രീകൾ ദു:ശ്ശകുനങ്ങളാണെന്ന രീതിയിൽ ഹൈന്ദവർ വച്ചുപുലർത്തുന്ന അന്ധവിശ്വാസങ്ങൾ, അതുമൂലമുണ്ടാവുന്ന ഒറ്റപ്പെടലുകൾ, ഇവയൊക്കെ അവരെ വല്ലാതെ ഉലച്ചിരുന്നു.
തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന രണ്ട് സ്ത്രീകൾ രാവിലെ ക്ഷേത്രത്തിലേക്ക് പോവുന്നത് കണ്ട് (വിധവയായ) മാധവിക്കുട്ടി അവരോട് കുശലം ചോദിച്ചു എന്ന ഒറ്റ ‘അപശകുന’ത്തിന്റെ പേരിൽ ആ സ്ത്രീകൾ തിരികെ പോയി ‘ശുദ്ധി’വരുത്തിയെത്രെ!!! മാധവിക്കുട്ടി ആർക്കാണ് അപശകുനമാവുക. അങ്ങനെ ആർക്കെങ്കിലും ആവുന്നെങ്കിൽ സാക്ഷാൽ ഈശ്വരൻ തന്നെ അത്തരക്കാരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ അതും അവർ അപശകുനമായി കണ്ട് ശുദ്ധി വരുത്തേണ്ടതാണ്.
വിധവകൾക്ക് വലിയ അംഗീകാരം നൽകുന്ന മതമാണ് ഇസ്ലാം മതം എന്ന അറിവിലാണ് മാധവിക്കുട്ടി കമലാ സുരയ്യ ആയത്. അവർക്കവിടെ എത്ര അംഗീകാരവും സ്വാതന്ത്ര്യവും ലഭിച്ചു എന്നത് ഇനി നമ്മൾ തേടേണ്ട കാര്യമല്ല. എങ്കിലും അവർ കമല സുരയ്യ ആയതിനുശേഷം ചിത്രം വരച്ചതും കവിത എഴുതിയതും ആഭരണങ്ങൾ ധരിച്ചതും വരെ ചില മത മൌലികവാദികൾ വിവാദമാക്കിയിരുന്നു. അങ്ങനെ നോക്കിയാൽ സ്നേഹവും അംഗീകാരവും പരിഗണനയും സ്വാതന്ത്ര്യവും മോഹിച്ച മാധവിക്കുട്ടി അവിടെയും ഒറ്റപ്പെടുകയായിരുന്നോ എന്ന് വേദനയോടെ നമുക്ക് ചിന്തിക്കേണ്ടി വരും. മറ്റൊരു കാരണവും അവർ പറയാത്ത നിലയ്ക്ക് ഹിന്ദു വിശ്വാസികൾ വച്ചുപുലർത്തുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തന്നെയാവണം ആ സുമനസ്സിനെ ‘സുരയ്യ’ ആക്കി തീർത്തതെന്ന് നമുക്ക് വിശ്വസിക്കാം. മതമേതായാലും മാധവിക്കുട്ടിക്ക് വേണ്ടിയിരുന്നത് മനസ്സ് നിറയെ സ്നേഹമായിരുന്നു. അവർ സ്നേഹത്തെക്കുറിച്ച് എഴുതി. സ്നേഹത്തെക്കുറിച്ച് പറഞ്ഞു. സ്നേഹം ചൊരിഞ്ഞും സ്നേഹം തേടിയും ജീവിച്ചു. അതുപോലെ സ്നേഹനിധികളായ മക്കളുടെ അടുത്തുവച്ചു തന്നെ ജീവിതയാത്ര അവസാനിക്കുകയും ചെയ്തിരിക്കുന്നു.
‘എന്റെ കഥ‘യുടെ കഥാംശം
മാധവിക്കുട്ടിയുടെ ഏറ്റവും പ്രശസ്തമായതും ഒരുപാട് ചർച്ച ചെയ്യപ്പെട്ടതുമായ ഒരു കൃതിയാണല്ലോ എന്റെ കഥ എന്നത്. അതിസുന്ദരിയായ ഒരു സ്ത്രീ തീരെ ഒളിവും മറവുമില്ലാതെ തന്റെ ജീവിതാനുഭവങ്ങൾ പകർത്തിയിരിക്കുന്നു എന്നതായിരിക്കാം കുറെയെങ്കിലും പേരേ ഇതിലേയ്ക്ക് ആകർഷിച്ചത്. എന്റെ പ്രീ ഡിഗ്രി കാലത്ത് ആദ്യമായി ഞാൻ ഈ ബുക്ക് വായിക്കുന്നതും മറ്റൊരു കാരണംകൊണ്ടുമായിരുന്നില്ല. എന്നാൽ പിന്നീടോരോ തവണ ‘എന്റെ കഥ’ വായിക്കുമ്പോഴും അവരുടെ ലളിതസുന്ദരമായ ശൈലി എന്നെ കൂടുതൽ കൂടുതൽ വിസ്മയിപ്പിക്കുകയായിരുന്നു. എഴുത്തെന്നത് ഇത്ര ലളിതമോ എന്ന് തോന്നിപ്പിക്കുകയും എന്നാൽ അതേ സമയം തെന്നെ ഇതുപോലെ ഒരു വരിയെങ്കിലും കുറിക്കാൻ ആർക്ക് സാധിക്കുമെന്ന സംശയം മനസ്സിൽ ജനിപ്പിക്കുകയും ചെയ്യുന്ന മാധവിക്കുട്ടിയോട് എനിക്ക് ആരാധന തന്നെയായിരുന്നു.
മാധവിക്കുട്ടി എന്ന എഴുത്തുകാരിയോട് എനിക്കുള്ള ആരാധനയുടെ കാരണം അവരുടെ ബുക്കുകളാണെങ്കിൽ ഒരു സ്ത്രീയെന്ന നിലയിൽ അവരോടുള്ള ബഹുമാനം എന്നിൽ അത്യധികമായി വളർത്തിയത് അന്തരിച്ച ശ്രീ. എം.പി നാരായണപിള്ളയുടെ ‘മൂന്നാം കണ്ണ് ‘ എന്ന പേരിൽ ഡി.സി ബുക്സ് പുറത്തിറക്കിയ ജീവചരിത്രോപന്യാസങ്ങളിൽ ‘മാധവിക്കുട്ടി’യെക്കുറിച്ചുള്ള അദ്ധ്യായമായിരുന്നു. ‘എന്റെ കഥ’ എഴുതിയതിന്റെ പേരിൽ മാത്രം അവർ സദാചാരമില്ലാത്ത സ്ത്രീയായി ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരുടെ ധാരണ തിരുത്താൻ നാരായണപിള്ളയുടെ വരികൾ കാരണമാവുമെന്ന ശുഭചിന്തയാലാണ് ഞാനതിവിടെ ഉപയോഗിക്കുന്നത്.
മാധവിക്കുട്ടിയും അവരുടെ കുടുംബവുമായി വർഷങ്ങൾ നീണ്ട വ്യക്തി ബന്ധം പുലർത്തി പോന്നിരുന്ന നാരായണപിള്ള പറയുന്നത് ‘എന്റെ കഥ ‘ മാധവിക്കുട്ടിയുടെ ആത്മകഥ അയിരുന്നില്ലെന്നാണ്. അദ്ദേഹത്തിന്റെ ലേഖനത്തിലെ പ്രസക്തഭാഗമെന്ന് എനിക്ക് തോന്നിയ ഏതാനും വരികൾ ഞാനിവിടെ കുറിക്കട്ടെ.
“ …കമലാദാസിന്റെ പുറത്ത് പിഎച്ച്. ഡി എടുക്കാൻ ഇറങ്ങിത്തിരിക്കുന്നവരൊക്കെ ഹരിശ്രീ കുറിക്കുന്നത് ‘എന്റെ കഥ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചായിരിക്കും. അത് ആത്മകഥയാണെന്ന് തെറ്റിദ്ധരിച്ച് അവർ തുടക്കത്തിലേ വഴിതെറ്റും. ആ പുസ്തകം സൃഷ്ടിക്കുന്ന മായയിൽക്കൂടിയാണ് മാധവിക്കുട്ടിയുടെ ജീവിതത്തെയും സാഹിത്യത്തെയും മനസ്സിലാക്കാൻ ശ്രമിക്കുക. ഡസൻ കണക്കിന് ഭാഷകളിൽ പരിഭാഷയും ഡസൻ കണക്കിന് എഡിഷനുകളും പുറത്തിറങ്ങിയ ഈ കൃതിതന്നെ ഒരു നോവലാണെങ്കിലോ? “
പിന്നിട് അദ്ദേഹം പറയുന്നു.
“…. ‘എന്റെ കഥ ‘ എന്ന പുസ്തകം എഴുതാനുള്ള യഥാർത്ഥ കാരണം മാധവിക്കുട്ടിയുടെ അക്കാലത്തെ കാശിനുള്ള ബുദ്ധിമുട്ടുതന്നെയായിരുന്നു. എല്ലാ മനുഷ്യർക്കും കാശിനു ബുദ്ധിമുട്ടുവരാം. ഇതത്ര വലിയ ആനക്കാര്യമൊന്നുമല്ല. പക്ഷേ, പണത്തിന്റെ ഞെരുക്കം സാധാരണ മനുഷ്യൻ അനുഭവിക്കുന്നതിന്റെ പത്തിരട്ടി വലിയ പ്രശ്നമായിട്ട് മാധവിക്കുട്ടിക്ക് തോന്നാനൊരു കാര്യമുണ്ടായിരുന്നു.
ഞാൻ മാധവിക്കുട്ടിയെ പരിചയപ്പെടുന്നതിനു നിരവധി വർഷങ്ങൾക്കു മുൻപ് ‘ക്യാരാവാൻ’ എന്ന പേരിൽ ഡൽഹിയിൽ നിന്ന് അച്ചടിച്ചിറക്കിയിരുന്ന ഒരു ചവറുമാസികയിൽ കമലാദാസെന്ന പേരിൽ അതിമനോഹരമായ ഒരു ലേഖനം വായിച്ചിരുന്നു. ആ ലേഖനത്തിന്റെ വിഷയം – ഭർത്താവിന്റടുത്തുനിന്ന് ചെലവിന് വാങ്ങുന്നത് മാനക്കേടായി നായർ സ്ത്രീകൾ കരുതിയിരുന്ന കാലഘട്ടമായിരുന്നു.താൻ കൊടുക്കുന്ന സേവനങ്ങൾക്ക് പ്രതിഫലം ഒരാളിൽനിന്നു മാത്രം വാങ്ങിയാലും പല മനുഷ്യരിൽ നിന്നു വാങ്ങിയാലും ഒരുപോലെ ‘കൊടുക്കൽവാങ്ങൽ’ എന്ന നിലവാരത്തിലേയ്ക്ക് അധ:പതിക്കുമെന്നും മറ്റും. ചുരുക്കിപ്പറഞ്ഞാൽ ചെലവിനു കിട്ടുന്നതിന് പകരം കിടന്നുകൊടുക്കുന്ന ലോകമെമ്പാടുമുള്ള സാധ്വികളുടെ പരിപാടി വ്യഭിചാരമാണെന്ന്. ഈ ലേഖനത്തിന്റെ ‘ഒറിജിനാലിറ്റി’യും ഇതിലടങ്ങിയിരുന്ന ലോജിക്കിന്റെ ശക്തിയും എന്നെ അത്ഭുതപ്പെടുത്തി. തന്റെ ചിലവിനോ ചികിത്സക്കോ എന്തിനേറെ, കുട്ടികളെ പഠിപ്പിക്കുന്നതിനുപോലുമോ ഭർത്താവിന്റടുത്തുനിന്ന് പത്ത് പൈസ വാങ്ങരുതെന്നൊരു മോഹം എക്കാലത്തും മാധവിക്കുട്ടിയുടെ ഉള്ളിലുണ്ട് “
ഇങ്ങനെ പോവുന്നതാണ് നാരായണപിള്ളയുടെ ലേഖനം. മാധവിക്കുട്ടി ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിക്കേണ്ട ഒന്ന്. മാധവിക്കുട്ടി എന്ന സ്ത്രീയെയും അവരുടെ കുടുംബത്തെയും അടുത്തറിയാൻ പിള്ള സാറിന്റെ ലേഖനം സഹായകമാവും.
അപ്പോൾ പറഞ്ഞുവന്നത്, ‘എന്റെ കഥ‘ മാധവിക്കുട്ടിയുടെ ഒന്നാന്തരമൊരു ഭാവനാസൃഷ്ടി മാത്രമാണെന്ന് നമുക്ക് അനുമാനിക്കേണ്ടിവരും. കാശിന്റെ ആവശ്യത്തിനെഴുതുമ്പോൾ വിൽക്കാനുള്ള ചേരുവകൾ ബുദ്ധിപൂർവ്വം അവർ ചേർത്തിരിക്കാം. നമ്മൾ കപടസദാചാരക്കാരും നിരൂപകരുമൊക്കെ അവ വിശ്വസിച്ച് ആ പാവം എഴുത്തുകാരിയെ ഭ്രാന്തിയും ധിക്കാരിയും തന്റേടിയുമൊക്കെയാക്കി മാറ്റി.
മലയാളത്തെ അവർ സ്നേഹിച്ചു എന്നാൽ മലയാളികളെ അവർ സ്നേഹിച്ചിരുന്നോ? സ്നേഹിച്ചിരിക്കാം. ശത്രുക്കളോട് സ്പർദ്ധ പുലർത്തുന്നവളായിരുന്നില്ലല്ലോ കമല സുരയ്യയായ മാധവിക്കുട്ടിയെന്ന കമലാ ദാസ്.
ആദരാഞ്ജലികളോടെ…
Comments
പ്രണാമം...
വിധവയായ അവരെ കണ്ടതു് അമ്പലത്തില്‍ പോകാനിറങ്ങിയവര്‍ അപശകുനമായി കണ്ടു എന്നതു് എന്തോ എനിക്കു് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
സത്യത്തിൽ അത് എന്റെ ഭാവനാസൃഷ്ടിയല്ല.
ഇന്നലെ ഉച്ചയ്ക്കും ഇന്ത്യാവിഷനിൽ ശ്രീ. സക്കറിയയുമായുള്ള ‘സംഭാഷണ’ത്തിന്റെ പുനസംപ്രേഷണം വന്നിരുന്നു. അക്കാര്യം വളരെ വേദനയോടെതന്നെ മാധവിക്കുട്ടി പറഞ്ഞതാണ്. വിശ്വസിക്കാം.
9 ആം വയസ്സില്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ മുന്‍ നിരയില്‍ ഒരു ചെറുകഥ എഴുതി എന്നതില്‍ നിന്നു മനസിലാക്കാം ആരായിരുന്നു അവരെന്ന്...
മലയാളിയെ അവര്‍ മനസിലാക്കിയത് പോലെ മലയാളം കമലയെ മനസിലാക്കിയില്ല...
എന്റെ കഥ എഴുതാന്‍ കാട്ടിയ തന്റെടതിന്റെ പേരില്‍ അവരെ മലയാളത്തിന്റെ വ്യര്‍ത്ഥ സദാചാരം ഒത്തിരി ക്രൂശിച്ചു...
അമ്മക്ക് എന്റെ മാപ്പ്...
ആലപ്പുഴയില്‍ മലയാളത്തിന്റെ നീലാംബരിയെ കൊണ്ട് വരുമ്പോള്‍ ഒരു നോക്ക് കാണണം എന്ന് ആഗ്രഹിക്കുന്നു...
ആദരാജ്ഞലികള്‍.
വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ.
അവരൊരു കമ്യൂണിസ്റ്റ് ആയിരുന്നെങ്കില്‍ ഇത്രേം കുഴപ്പം വരൂലാരുന്നു.
ബാക്കിയെല്ലാം ശരി, അത് അവരുടെ കാര്യം...
എന്റെ കഥ മിത്താണോ , ആത്മകഥയാനോ എന്നന്വേഷിക്കുന്നത് മലയാളിയുടെ ചങ്ങലയില്‍ ബന്ധിതമായ പെര്വേട്ടട് ലൈംഗിക സദാചാര ബോധം. റിയലാണെന്നറിഞ്ഞാല് മാനസിക സ്വയംഭോഗത്തിന് മാറ്റു കൂടുമല്ലോ.
അതിന്റെ പേരില്‍ അവരെ വിമര്‍ശിച്ച ശപ്പന്മാര്kk.
ആദരാഞ്ജലികള്‍!!!
ഇനി യാത്രാമൊഴി...!
ഒരു വലിയ എഴുത്തുകാരി കൂടി വിട പറഞ്ഞു.
ഞാനും റ്റീവിയില്‍ കണ്ടു..
അവരുടെ മുഖത്തു നിന്നു കേട്ടു..
പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്കു
“പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്ക്”
സത്യം. ഞാനും അങ്ങനെ ഭയക്കുന്നു.
മാധവിക്കുട്ടിയുടെ വേർപാടിനുശേഷം ടിവിയിൽ അവരെക്കുറിച്ച് നിരവധി പരിപാടികൾ കണ്ടു.
മലയാളം ബ്ലോഗുകളിലും നിരവധി ലേഖനങ്ങൾ. ഇതെല്ലാം സൂചിപ്പിക്കുന്നത് അവരെ മലയാളികൾ മറന്നിട്ടില്ല, മറക്കാൻ സാധിക്കില്ല എന്നാണ്.
മറ്റൊരു ആരാധിക
ഇനിയാരുണ്ട് ഇത്ര ധൈര്യമുള്ളവള്‍ നമുക്ക് ...
ആദരാഞ്ജലികള്‍ ...!
ഞാന്‍ നേരത്തെ സൂചിപ്പിച്ച ഭയം ഇതിലും കണ്ടു..
Even if that be the case, she had turned her back and sown doubts in the minds of succeeding generations about native religion and culture, by her change of faith and adopting its norms (partially) in public. If the contents of the Koran becomes popular or if people come to know of its contents, future generations among the natives will never forgive her. Of course she is free to make her own choices, but being a public and literary figure and also being popular she should have thought about the impact of her actions on native culture. Definitely it was not about adding to its strengh....
****************
This comment can be deleted if it hurts anybody...
********************************
മാധവിക്കുട്ടി മതം മാറിയത് ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ കൊണ്ടല്ല.
മതം മാറ്റത്തെ ന്യായികരിക്കാന്‍ ആദ്യമൊക്കെ അവര്‍ പറഞ്ഞിരുന്നത് കൃഷ്ണനില്‍ എനിക്ക് അഭയം കിട്ടുന്നില്ല എന്നായിരുന്നു. അങ്ങനെ ബാലിശമായ ഒത്തിരി കാരണങ്ങള്‍ അവര്‍ നിരത്തി. പിന്നീടൊരിക്കല്‍ ദൂരദര്‍ശന്റെ ഇന്റര്‍വ്യൂവിലാണെന്നു തോന്നുന്നു വളരെ നിരാശയായ ഒരു മാധവിക്കുട്ടിയെ കേരളം കണ്ടു. അതില്‍ അവര്‍ വെളിപ്പെട്ടുത്തിയിരുന്നു ഒരു പ്രണയത്തിന്റെ പേരിലായിരുന്നു ഈ മതം മാറ്റമെന്നും പക്ഷെ അയാള്‍ കാലുമാറിയെന്നും.
അവരുടെ കഥകള്‍ വായനക്കാരനെ ഒരു വിശാലമായ മൈതാനത്തിലൂടെ നടത്തുന്നവയായിരുന്നു. വിജയനും ആനന്ദുമൊക്കെയാവട്ടെ ഇരുള്‍ഗുഹകളിലൂടെ നമ്മെ നയിക്കുന്നവരും.
പക്ഷെ ഈ എഴുത്തുകാരി ഒരു വ്യക്തിയാകുമ്പോള്‍ അവരുടെ അഭിപ്രായങ്ങള്‍ എന്നും ബാലിശമായിരുന്നു. പിണക്കവും പരിഭവും ദേഷ്യവും എല്ലാം അവര്‍ തുറന്നടിച്ചു.
അവര്‍ വ്യക്തിപരമായി എന്തുമാകട്ടെ അവര്‍ ലോകം കണ്ട നല്ലൊരെഴുത്തുകാരി തന്നെയാണെന്നതില്‍ ആര്‍ക്കും വിയോജിപ്പുണ്ടാകില്ല. ഇന്ന് നീര്‍മാതളം എന്നുകേട്ടാല്‍ മാധവിക്കുട്ടി എന്നു തന്നെയാണ് ഏതൊരു സാഹിത്യപ്രേമിയുടെയും മനസ്സു പറയുന്നത്. “നീര്‍മാതളം പൂത്തകാലം” ആ എഴുത്തിന്റെ മാസ്മരികതയില്‍ മയങ്ങി ഞാനും ഒരു നീര്‍മാതളം നട്ടു. കാലാകാലങ്ങളില്‍ അതില്‍ ഓറഞ്ചു നിറത്തില്‍ പൂക്കള്‍ വിടര്‍ന്നു കൊണ്ടിരിക്കുന്നു. പോങ്ങുമൂടന് പറഞ്ഞതുപോലെ ഇനി “പൂക്കാന്‍ മറക്കുമോ നീര്‍മാതളങ്ങള്‍”
ഈ ചർച്ച നമുക്ക് തുടരണോ? ഏതു മതത്തിലും, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമൊക്കെയുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ അവർ ഈ രീതിയിൽ വിനിയോഗിച്ചു എന്ന് കണ്ടാൽ മതി. ആ തീരുമാനത്തെ മാധവിക്കുട്ടിയുടെ കുടുംബാംഗങ്ങൾ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. ഇനി ആ വിഷയം ഒരു ചർച്ചയാക്കേണ്ട സ്നേഹിതാ.
മാധവിക്കുട്ടി മതം മാറിയതുകൊണ്ട് ഹൈന്ദവസംസ്കാരം തകരുകയോ മുസ്ലീ സമുദായത്തിന് പ്രത്യേകിച്ച് എന്തെങ്കിലും മേന്മ ചാർത്തിക്കിട്ടുകയോ ചെയ്തിട്ടുണ്ടോ? ഒന്നുമില്ല. ഒരു മതവും ഏതാനും വ്യക്തികളുടെ കൊഴിഞ്ഞുപോക്കുകൊണ്ടും കൂട്ടുചേരൽകൊണ്ടും തളരുകയോ വളരുകയോ ഇല്ല.
അനിൽശ്രീയുടെ പല കാഴ്ചപ്പാടുകളും ചോദ്യങ്ങളും കഴമ്പുള്ളവതന്നെയാവാം. എന്നാൽ ഇത് തുടരരുതെന്നഭ്യർത്ഥിക്കുന്നത് നമ്മളുടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടി നൽകാൻ കഴിയാത്തത്ര അകലത്തിൽ അവർ എത്തിക്കഴിഞ്ഞിരിക്കുന്നു. അവർ നൽകിയ നന്മകളും ചൊരിഞ്ഞ സ്നേഹവും മാത്രം ഈ നിമിഷം നമ്മളുടെ മനസ്സിൽ മതി.
‘എന്റെ കഥ‘ മാധവിക്കുട്ടിയുടെ ആത്മകഥ ആവരുതേയെന്ന പ്രാർത്ഥന എനിക്കുണ്ടായിരുന്നില്ല. പക്ഷേ, അവർ ഏറ്റവും ക്രൂരമായ വിമർശനത്തിനും അധിക്ഷേപത്തിനും ഇരയേകേണ്ടി വന്നതിൽ പ്രധാന കാരണം എന്റെ കഥയായിരുന്നു. മാധവിക്കുട്ടിയുടെ ഏറ്റവും അടുത്ത സ്നേഹിതരിലൊരാളായ എം.പി നാരയാണപിള്ള അതിനെക്കുറിച്ച് എഴുതിയതുപോലും ഒരുപക്ഷേ അവരെ ഒരുപരിധിവരെ ഈ അധിക്ഷേപങ്ങളിൽ നിന്നും രക്ഷിക്കാനായാവണം. അദ്ദേഹത്തിന്റെ ആ വരികൾ അതേ ഉദ്ദേശശുദ്ധിയോടെ ഞാനിവിടെ പകർത്തി എന്നുമാത്രം.
സത്യത്തിൽ ലജ്ജിക്കേണ്ടത് നമ്മൾ കപടസദാചാരക്കാരായ മലയാളികൾ തന്നെയാവണം. അവരുടെ നേര് നമ്മുടെ കാപട്യത്തെ പൊള്ളിച്ചു.
നേരുകള്‍ ‘കേള്‍ക്കാനുള്ള ചങ്കൂറ്റം‘ നമുക്കും നഷ്ടപ്പെടാതിരിക്കട്ടെ എന്ന അഭിജയുടെ പ്രാർത്ഥനയിൽ ഞാനും പങ്കു ചേരുന്നു.
മാധവിക്കുട്ടിയ്ടെ ഏറ്റവും നല്ല കഥകൾ ‘എന്റെ കഥ’ യ്ക്കു മുൻപ് എഴുതപ്പെട്ടവയാൺ.
റ്റി. പദ്നാഭൻ ‘ഗൌരി’ എഴുതുന്നതിനു വളരെ മുൻപു തന്നെ അവർ ആ പ്രമേയം കഥയാക്കിയിരുന്നു. എം. ടി. യുടെ ‘വാനപ്രസ്ഥ’വും പിന്നെ വന്നത്.
‘ചുവന്ന പാവാട’, ‘നാവികവേഷം ധരിച്ച കുട്ടി’ ‘കാളവണ്ടികൾ’, ‘വക്കീലമ്മാവൻ’ ‘അവന്തി രാജകുമാരി’ ഇവയൊക്കെ അവശ്യം വായിക്കപ്പെടേണ്ടതു തന്നെ. സ്വന്തം മുത്തശ്ശിയെ കിണറ്റിൽ തള്ളി കൊന്നിട്ട് ഒന്നുമറിയാത്ത പോലെ അടിച്ചുവാരൽ തുടരുന്ന വീട്ടമ്മയുടെ കഥയും (പേരോർമ്മിക്കുന്നില്ല.
“നീർമാതളം’ അവരുടെ എഴുത്തിനെ പ്രതിനിധീകരിക്കുന്നതേ ഇല്ല. അത് ഒരു നൊസ്റ്റാൾജിയ വിവരണം മാത്രം. മാധവിക്കുട്ടിയെ നീർമാതളത്തിൽ ഒതുക്കുന്നത് കഷ്ടം തന്നെ.
വളരെ നന്നായി ഈ ഓർമ്മപ്പെടുത്തലുകൾ. സന്തോഷം.
പിന്നെ, അവരുടെ തറവാട് (നാലപ്പാട് ) അത്ര ദരിദ്രമായിരുന്നില്ല എന്നാണ് അറിവ്. എന്റെ ഉമ്മയും കൂട്ടുകാരികളുമൊക്കെ സ്കൂളിൽ (നാലപ്പാട്ടെ സ്കൂൾ തന്നെ ആണെന്ന് തോന്നുന്നു ) പഠിക്കുന്ന സമയത്ത് ഉച്ച ഭക്ഷണവു മറ്റും കഴിക്കാനും വെള്ളം കുടിയ്ക്കാനും മറ്റും അവിടെ പോയിരുന്നു. ബാലാമണിയമ്മയെ പറ്റിയൊക്കെ ഉമ്മ പറയാറുണ്ട്. കൂടാതെ പാവപ്പെട്ട വിദ്യാർത്ഥികൾക്കും മറ്റു പാവങ്ങൾക്കുമെല്ലാം എന്നു ഭക്ഷണം കൊടുത്തിരുന്നുവത്രെ..
ഇവിടെ പ്രചാരകന്റെ ബ്ലോഗിൽ കമലയ്യ്ക്ക് കലിമ ചൊല്ലിയ ഓർമ്മ ഇവിടെ വായിച്ചിരുന്നു
ഇതെഴുതുന്ന സമയത്തും റേഡിയോയിൽ അവരുടെ ശബ്ദം .. ‘ എന്റെ കഥാപാത്രങ്ങളെല്ലാം ഞാനാണെന്ന് തെറ്റിദ്ധരിച്ചു .... ‘
എല്ലാ വിവാദങ്ങളും ആറടി മണ്ണിൽ ഒടുങ്ങട്ടെ..
ആദരാഞ്ജലികൾ :(
രണ്ട് വട്ടം അവര്ക്കാ അനുഭവമുണ്ടായെന്നും മാധവിക്കുട്ടിയുടെ അയല്ക്കാരിയായൊരു സ്ത്രീ അവസാനം കാര്യം വിശദീകരിച്ചു കൊടുത്തു എന്നതും ചാനലില്‍ പറഞ്ഞതാണ്...
എന്റെ കഥ അവരുടെ ശരിക്കുള്ള ആത്മകഥ ആയിരുന്നെങ്കിൽ ഇപ്പോഴുള്ള ബഹുമാനത്തിനു കുറവുണ്ടാകുമായിരുന്നോ?
എന്റെ കഥ ശരിക്കും ആത്മകഥയായിരുന്നെങ്കിൽ എന്റെ ബഹുമാനം ശരിക്കും ഇരട്ടിക്കുകയേ ഉണ്ടായിരുന്നുള്ളു.
അപ്പോ ഞാനും ചർച്ച നിർത്തുന്നു....
ഹിന്ദു മതത്തില്‍, വിധവകളായ സ്ത്രീകളോടുള്ള പെരുമാറ്റം എന്ഗ്ന്ങനെ വേണമെന്ന് ആധികാരിമായി വിശദീകരിക്കുന്ന ഒരു ലേഖനം ഉണ്ടോ? ഇംഗ്ലീഷില്‍ ആയാലും മതി. വെറുതെ ഒന്ന് മനസ്സിലാക്കി വെക്കാനാണ്.
മതം മാറ്റമെന്നത് എന്തിനാണിത്ര വലിയ കാര്യമായി എടുക്കുന്നത്..?
നമ്മുക്കാ എഴുത്തുകാരിയ്ടെ മനസ്സിലാക്കാം,
അവര്‍ ഓര്‍ക്കാം..
ആദരാഞ്ജലികളോടെ...
“പക്ഷേ അവരെ ഭാവിയിലെ തലമുറ എങ്ങിനെ വായിക്കും എന്നതില്‍ ഭയം ഉണ്ട് എനിക്ക്”
സത്യം. ഞാനും അങ്ങനെ ഭയക്കുന്നു.//
വളരെ വൈകിപ്പോയ ഒരു കമന്റ് ആണെന്നറിയാം മാഷേ... എങ്കിലും എഴുതുന്നു:
അങ്ങിനെ പേടിക്കേണ്ട ഒരാവശ്യവുമില്ല എന്നാണു തോന്നുന്നത്. കാരണം, എന്റെ പന്ത്രണ്ടു വയസ്സുള്ള മകള്‍ 'എന്റെ കഥ' വായിച്ചിട്ട് പറഞ്ഞത് "എനിയ്ക്ക് മനസ്സിലാകുന്നു" എന്ന് മാത്രമാണ്.