ആദ്യത്തെ മോഷണം; അവസാനത്തെയും !

നിങ്ങളൊരു കള്ളനാണോ?

ക്ഷമിക്കണം. മാന്യനായ നിങ്ങളോട് ഞാൻ അങ്ങനെയല്ല ചോദിക്കേണ്ടിയിരുന്നത്. ‘ആട്ടെ, ജീവിതപന്ഥാവിന്റെ ഏതെങ്കിലുമൊരു തിരിവിൽ വച്ച് അങ്ങേയ്ക്ക് അപരന്റെ ഭൌതികമായ എന്തെങ്കിലും വസ്തുവകകൾ അപഹരിക്കേണ്ടതായ സന്ദർഭം വന്നു ഭവിച്ചിട്ടുണ്ടോ? ‘ ഓക്കെ. ഇപ്പോൾ ചോദ്യത്തിനൊരു മാന്യത വന്നിരിക്കുന്നു. ഇനി ഉത്തരം മടിക്കാതെ നൽകൂ.

കാര്യമെന്തൊക്കെയായാലും ചോദ്യകർത്താവും മേപ്പടി ചോദ്യത്തിന് മേൽ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്.

അതെ. ഞാൻ ഒരു കള്ളനാണ്. ഒരിക്കൽ ഒരു തവണ ഞാനൊരു മോഷണം നടത്തിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ, എന്നു വച്ചാൽ ഏതാണ്ട് 11-12 വയസ്സ് പ്രായമുള്ള സമയത്ത് അയൽ‌വാസിയും ഞാൻ ‘വാനമ്മ‘ എന്ന് വിളിക്കുന്ന എന്റെ അമ്മയുടെ ചേച്ചിയുമായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയുടെ പറമ്പിലെ തൈത്തെങ്ങിൽ നിന്ന് , ബീഡി വലിയുടെ ആവശ്യകതയിലേയ്ക്കായി , ഒരു തേങ്ങ മോഷ്ടിച്ചിട്ടുണ്ട്. നല്ല ഓറഞ്ച് കളറിൽ കൊഴുത്തുരുണ്ട ഒരു ഗൌളിപത്ര തേങ്ങ.

സംഭവബഹുലമായ ആ ഒരു ദിവസത്തെ എനിക്കത്ര എളുപ്പം മറക്കുവാൻ കഴിയുന്നതല്ല. അഭിനവ ‘കായകുളം കൊച്ചുണ്ണി‘യായി പേരെടുക്കേണ്ടിയിരുന്ന ഒരു കുരുന്നുപയ്യന്റെ പ്രതിഭയുടെ കൂമ്പ് നിർദ്ദയം നുള്ളിക്കളയപ്പെട്ടത് അന്നേ ദിവസമാണ്. ഇപ്പോഴെങ്കിലും ഞാനിത് കുറിച്ചില്ലെങ്കിൽ ‘അഭിനവ കൊച്ചുണ്ണിയുടെ നുള്ളപ്പെട്ട കൂമ്പ് ‘ എന്ന പേരിലോ മറ്റോ ഏതെങ്കിലും ഗവേഷകരോ ചരിത്രവിദ്യാർത്ഥികളോ വേണ്ടത്ര പഠനമോ ഗവേഷണമോ നടത്താതെ ഒരു പ്രബന്ധം തന്നെ തയ്യാറാക്കി ചരിത്രത്തെ പീഢിപ്പിക്കാൻ തുനിഞ്ഞേക്കും.

കൊല്ലൻ‌മാടത്തെ രാജമണി എനിക്ക് സതീർത്ഥ്യനും സഹപാഠിയും മാത്രമായിരുന്നില്ല, എന്റെ ബീഡി ദാതാവും ഒപ്പം എന്നെ ബീഡി വലി പഠിപ്പിച്ച ഗുരുനാഥനും കൂടിയായിരുന്നു. നിക്കർ ധരിച്ച, കറുത്തിരുണ്ട ശരീരവും ഉണ്ടക്കണ്ണുകളും ചെമ്പിച്ച തലമുടിയും ഏതാണ്ട് രണ്ടര സർവ്വേക്കല്ല് മാത്രം ഉയരത്തോട് കൂടിയവനുമായ ആ ഗുരുനാഥനിൽ നിന്നാണ് വളയങ്ങളായി പുക വിടാനുള്ള ഫോർമുല ഞാൻ സ്വായത്തമാക്കിയത്.

അവധി ദിവസങ്ങളിൽ രാവിലെ തന്നെ രാജമണി വീട്ടിലെത്തും. നിക്കറിന്റെ പോക്കറ്റിൽ അവന്റെ ചേട്ടൻ ശശിയുടെ ബീഡിക്കൂടിൽ നിന്ന് അടിച്ച് മാറ്റിയ 3-4 ബീഡികളും കാണും.
ആദ്യമായി ബീഡി വലിക്കാനുള്ള സാഹചര്യമാണ് ഞങ്ങൾക്കൊരുക്കേണ്ടിയിരുന്നത് . അത് വളരെ ശ്രമകരമായ ജോലിയാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ അതിശയിച്ചേക്കാം. കാര്യമുണ്ട്. വീടിന്റെ പടിഞ്ഞാറ് വശത്തെ പറമ്പിൽ പോയി നിന്ന് വലിക്കാമെന്ന് വിചാരിച്ചാൽ അവിടെ കിഴക്കേക്കുറ്റുകാരുറ്റെ കണ്ണെത്തും. കിഴക്കുവശത്താണെങ്കിൽ പുത്തുപ്പുള്ളിലുള്ളവരുടെ നോട്ടം, തെക്കുവശത്ത് ഇല്ലത്തുകാരുടെ ശ്രദ്ധ, മറുഭാഗത്ത് കൊല്ലമ്പടിയിലുള്ളവരുടെ കണ്ണുകൾ. പന്ത്രണ്ട് വയസ്സുകാരുടെ വായിൽ നിന്നല്ല എവിടെനിന്ന് പുക പോയാലും - ഇനിയത് പരിസരത്ത് കൂടിയാണെങ്കിൽ പോലും - അത് കൃത്യമായി വീട്ടുകാരോട് പറഞ്ഞ് കിട്ടേണ്ടത് വാങ്ങി തന്നിട്ട് മാത്രമേ നാട്ടുകാർ പുറത്തെടുത്ത ആത്മാർത്ഥത യഥാസ്ഥാനത്ത് തിരികെ വയ്ക്കുകയുള്ളു !!!. അതാണ് നാട്ടിൻ‌പുറം ശൈലി . അതിനാൽ ചുറ്റുവട്ടത്തെ ഭയക്കണം. “ എടാ ഉവ്വേ, നമ്മള് വലിക്കുന്ന പൊക രാവിലെ അപ്പീടെ കൂടെയാണ് പൊറത്ത് പോവുന്നേങ്കീ എന്ത് മാത്രം ബീഡി പേടിക്കാതെ വലിക്കാമായിരുന്നല്ലേ “ എന്ന ആത്മാർത്ഥമായ ചോദ്യം പോലും എന്റെ ഗുരുനാഥനിൽ നിന്നുണ്ടായത് ഈ ഒരു അവസ്ഥ കാരണമായിരുന്നു.

എന്നാൽ ഈ ദുരവസ്ഥയെ ഞങ്ങൾ നിഷ്പ്രയാസം മറി കടക്കാറുണ്ട്. അതിങ്ങനെയാണ്. വീടിന്റെ വലതുവശത്തെ പറമ്പിൽ വലിയൊരു ആനി മരം(ആഞ്ഞിൽ) നിൽ‌പ്പുണ്ട്. അതിന്റെ ചുവട്ടിൽ റെയ്നോൾഡ്സ് പേനയുടെ വണ്ണത്തിലും ചോക്കിന്റെ നീളത്തിലുമുള്ള കറുത്ത പതുപതുപ്പുള്ള ‘ആനിത്തിരി‘ ധാരാളമായി പൊഴിഞ്ഞ് കിടപ്പുണ്ടാവും. അതിലൊന്നെടുത്ത് ഞാൻ അടുക്കളയിൽ കയറി കത്തിച്ച് പുറത്ത് വരും. സാമ്പ്രാണിത്തിരി പോലെ തന്നെയാണ് ആനിത്തിരിയും നീറികത്തുന്നത്. - അക്കാലം അമ്മ ജോലി സംബന്ധമായി കാസർഗോഡും അച്ഛൻ രാവിലെ ഓഫീസിലും പോവുന്നതുകൊണ്ട് മുത്തശ്ശി മാത്രമേ വീട്ടിലുണ്ടാവൂ. - പിന്നീട് ആനിത്തിരിയുടെ കത്തിച്ച ഭാഗം മുത്തശ്ശിയുടെ മുന്നിൽ വച്ചുതന്നെ സൂക്ഷ്മതയോടെ വായിക്കുള്ളിൽ തിരുകി ചുണ്ടുകൾ കൊണ്ട് തിരിയെ ഭദ്രമായി പൊതിഞ്ഞ് ഏതാനും നിമിഷം വയ്ക്കുന്നു. പിന്നെ പുകയൂതുന്നു. സ്വാഭാവികമായും ആ പ്രവർത്തിയും മുത്തശ്ശിയിലെ രാക്ഷസിയെ ഉണർത്തും. എങ്കിലും അതിൽ പിടികൊടുക്കാതെ നേരേ ആഞ്ഞിലി ചിവട്ടിലെത്തി ബീഡികത്തിച്ച് ഞങ്ങൾ വലിക്കും. പിന്നെ പുക കണ്ടാലും മുത്തശ്ശിയുടെ ധാരണ അത് ആനിത്തിരിയുടെ പുകയാണെന്നാണ്. ഇനി നാട്ടുകാർ ‘ഒറ്റി’യാലും അതങ്ങനെ തന്നെ.

ഒരു ദിവസം രാജമണി ബീഡിയൊഴിഞ്ഞ പോക്കറ്റുമായാണ് വന്നത്. ചേട്ടന്റെ ബീഡിക്കൂടിൽ നിന്ന് അടിച്ച് മാറ്റാൻ കഴിഞ്ഞില്ലത്രെ. പൈസ കൊടുത്താൽ പാപ്പു ചേട്ടന്റെ കടയിൽ നിന്ന് ബീഡി വാങ്ങുന്ന കാര്യം അവൻ ഏൽക്കുകയും ചെയ്തു. പക്ഷേ, നയാ പൈസ കൈവശമില്ല. ബീഡി വലിക്കാനുള്ള ആവശ്യം നിവൃത്തികേടിനുമേൽ ഉയർന്ന് നിൽക്കുകയും ചെയ്യുന്നു. എന്തു ചെയ്യും? വഴി പറഞ്ഞ് തന്നതും രാജമണി തന്നെ. ഒരു തേങ്ങ ഞാൻ വീട്ടിൽ നിന്ന് എടുത്തുകൊടുക്കുക. അവൻ അത് വിറ്റ് ബീഡി വാങ്ങി വരും. കേട്ടപ്പോൾ സംഗതി കൊള്ളാമെന്ന് എനിക്കും തോന്നി.

വീടിന്റെ പുറകുവശത്തെ ചായ്പ്പിൽ നിന്ന് മുഴുത്ത ഒരു തേങ്ങ ഞാൻ അടിച്ച് മാറ്റിയെങ്കിലും രാജമണിയുടെ കൈവശം എത്തിക്കും മുൻപേ മുത്തശ്ശി തൊണ്ടി സഹിതം പിടിച്ചു.

ഇനി?

അടുത്ത വഴിയും ഗുരുനാഥൻ തന്നെ പറഞ്ഞു തന്നു. മോഷ്ടിക്കുക. തേങ്ങ മോഷ്ടിക്കുക.
പുത്തുപ്പുള്ളിലെ വാനമ്മയുടെ പറമ്പിൽ ഒരു തൈത്തെങ്ങ് കന്നി കായ്ച്ച് നിക്കുന്നു. അതിൽ നിന്ന് ഒരു തേങ്ങ പിരിക്കുക. വിൽക്കുക. വാങ്ങുക. വലിക്കുക.

പറയുന്നത്ര എളുപ്പമല്ല കാര്യങ്ങൾ. ആദ്യമായി മോഷ്ടിക്കാൻ പോവുന്നു. ചുരുക്കിപ്പറഞ്ഞാൽ കള്ളനാവുന്നു. മൂന്നാം ക്ലാസ്സിൽ പാപ്പച്ചൻ സാർ പറഞ്ഞുതന്നതാണ് മോഷണം പാപമാണെന്ന്. തെറ്റും കുറ്റവുമാണെന്ന്. അത് പറഞ്ഞു തരുമ്പോൾ ‘വലിയൻ‘ ഗുരുനാഥനും ബെഞ്ചിൽ എന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു. ഇനി അവനത് കേട്ടിരിക്കില്ലയോ? ടെൻഷൻ മൂത്ത് അപ്പിയിടാൻ വരെ തോന്നുന്നുണ്ട്. ബീഡീ വലിക്കണെമെങ്കിൽ തേങ്ങ മോഷ്ടിക്കണം. മോഷ്ടിച്ചാൽ കള്ളനാവും. കള്ളനായാൽ പാപം കിട്ടും. പാപം കിട്ടിയാൽ നരകത്തിൽ പോവും. നരകത്തിൽ പോയാൽ തിളച്ചയെണ്ണയിൽ പൊരിക്കും. പൊരിച്ചാൽ വീണ്ടും മരിക്കും. അപ്പോൾ? അപ്പോൾ വീണ്ടും മനുഷ്യനായി ജനിക്കും. അത് പൂരിപ്പിച്ചത് രാജമണിയാണ്. അതിനാണ് പുനർജന്മം എന്ന് പറയുന്നതെത്രെ!!! അങ്ങനെ വീണ്ടും ജനിച്ചാൽ വീണ്ടും ധാരാളം ബീഡി വലിക്കുകയും ചെയ്യാമല്ലോ. രാജമണി പറയുന്നതാണ് ശരി. എന്നിലെ കുറ്റബോധം ഉത്തമ ചങ്ങാതിയുടെ വാക്കുകളിൽ അലിഞ്ഞു.

കവളൻ മടൽ തെങ്ങിൽ ചാരി വലതുകാൽ അതിൽ കുത്തി തെങ്ങിൽ കയറാൻ ഞാൻ ശ്രമിച്ചു. രാജമണി ചന്തിയിൽ പിടിച്ച് തള്ളി എന്നെ മേൽ‌പ്പോട്ട് എത്തിക്കാൻ ഇരു കൈ സഹായവും ചെയ്തു. സാധിക്കുന്നില്ല. നെഞ്ചുരച്ച് ഞാൻ താഴേക്ക് പതിക്കുന്നു. നല്ല നീറ്റൽ. രണ്ടാവർത്തി ശ്രമിച്ചെങ്കിലും ഞാൻ പരാജയമടഞ്ഞു. അടുത്ത ഊഴം ഗുരുനാഥന്റെ വക. അണ്ണാൻ കുഞ്ഞ് കയറും പോലെ അവൻ ശരവേഗം തെങ്ങിന്റെ മേളിലെത്തി. തേങ്ങ ഒന്ന് പിരിച്ച് താഴെയിട്ടു. നല്ല ഒന്നാന്തരം ഗൌളിത്തേങ്ങ. കൊതിപ്പിക്കുന്ന ഓറഞ്ച് നിറം.

തേങ്ങയുമെടുത്ത് രാജമണി മുന്നിൽ നടന്നു. തൊട്ട് പിന്നിൽ നീറുന്ന നെഞ്ചുമായി ഞാനും ( കുറ്റബോധം കൊണ്ടല്ല ) . ചന്ദ്രത്തിൽ മാമിയുടെ വീടിനടുത്തെത്തിയപ്പോൾ രാജമണി പറഞ്ഞു. നേർ വഴി പോവേണ്ട. ആന വണ്ടി വരുന്ന സമയമാണ്. ആരെങ്കിലും കണ്ടാൽ പ്രശ്നമാവും. ഗുരുനാഥന്റെ ബുദ്ധികൂർമ്മതയിൽ ശിഷ്യന് മതിപ്പ് തോന്നിയ മറ്റൊരു നിമിഷം. ശരിയാണ്. ബസ്സിറങ്ങി ആരെങ്കിലും പരിചയക്കാർ വന്നാൽ തീർച്ചയായും കള്ളി വെളിച്ചത്താവും. മാത്രവുമല്ല നേർവഴി പരിചയക്കാർ കൂടുതലുമാവും.

ഞങ്ങൾ കുറുക്കുവഴി കടന്നു. പൈലോയുടെ വീടിനടുത്തുള്ള ഇടവഴി കടന്ന് തട്ടാൻ‌മാരുടെ പറമ്പിലൂടെ നടന്ന് മറ്റൊരു ഇടവഴിയിലേക്കിറങ്ങി കയറുന്നറ്റത് പാപ്പുചേട്ടന്റെ കടയ്ക്ക് പിന്നിലായാണ്. ചുരുക്കമായെ ആൾക്കാർ അതുവഴി പോവാറുള്ളു.

തട്ടാന്മാരുടെ പറമ്പിലേയ്ക്ക് കയറുന്ന സമയം ആനവണ്ടി( ട്രാൻസ്പോർട്ട് ബസ്സ് ) പോവുന്ന ശബ്ദം ഞങ്ങൾ കേട്ടു.

‘ഇതുവഴി പോന്നത് നന്നായി രാജമണിയേ, ചിലപ്പോൾ ഈ വണ്ടിക്ക് വിശ്വം ചേട്ടാൻ വരാൻ സാധ്യത ഉണ്ട്.‘ - ഞാൻ പറഞ്ഞു. അത് കേട്ട് രണ്ടര മൈൽക്കുറ്റി ഉയരമുള്ള രാജമണിയുടെ മുഖത്ത് അഭിമാനത്തിന്റെ തിരയിളക്കം അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കണ്ടു. സന്തോഷാധിക്യത്താൽ എന്ന പോലെ അവൻ തേങ്ങ വായുവിൽ ഉയർത്തി ഇട്ട് പിടിച്ച് നടന്നു.

വിശ്വം ചേട്ടൻ വാനമ്മയുടെ മകനാണ്. രാജമണി വായുവിലിട്ട് പിടിക്കുന്ന തേങ്ങയുടെ അവകാശി. എന്റെ ചേട്ടൻ.

തട്ടാന്മാരുടെ പറമ്പിൽ നിന്ന് അടുത്ത ഇടവഴിയിലേയ്ക്കിറങ്ങുമ്പോൾ ഭക്തിസീരിയലിൽ നിന്ന് ദേവഗണങ്ങൾ പ്രത്യപ്പെടും പോലെ തൊട്ടുമുന്നിൽ വിശ്വം ചേട്ടൻ. (ബാക്ക് ഗ്രൌണ്ട് മൂസിക്കിന്റെ ഒരു കുറവ് മാത്രം.)

“എങ്ങോട്ടാടാ?“ എന്ന് ചോദിച്ച ചേട്ടന്റെ കണ്ണുകൾ രാജമണിയുടെ കൈകളിലിരിക്കുന്ന തേങ്ങയിൽ. അല്ലെങ്കിൽ തന്നെ സ്വന്തം തേങ്ങ ഏതുറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽ‌പ്പിച്ച് കാണിച്ചാലും തിരിച്ചറിയാത്തതായി ആരുണ്ട്.

“ എവിടുന്നാട രാജമണീ ഈ തേങ്ങ “ ആദ്യ ചോദ്യത്തിന് മറുപടി കൊടുക്കും മുൻപ് അടുത്ത ചോദ്യം രാജമണിയോട്.

“ ഉമ്മച്ചൻ തന്നു വിട്ടതാ, പാപ്പുച്ചേട്ടന്റെ കടേൽ കൊടുക്കാൻ “ - ഉത്തരം കൊടുത്ത് ഒട്ടും അമാന്തം കൂടാതെ രാജമണി തേങ്ങയുമായി ഓടി. ‘സഹപ്രവർത്തകനെ’ ഒന്ന് തിരിഞ്ഞ് നോക്കുകപോലും ചെയ്യാതെ.

നേർക്കുനേർ ഞാനും തേങ്ങയുടെ അവകാശിയും.

“ കാപ്പിപ്പൊടി മേടിക്കാൻ മുത്തശ്ശി പറഞ്ഞു “ - പിന്നീടൊന്ന് ചോദിക്കും മുൻപേ ഞാൻ പറഞ്ഞു.

“ശരി നടന്നോ, ഞാനും വരാം കടയിലേയ്ക്ക് “ വിശ്വം ചേട്ടൻ കൂടെ കൂടി.

വീണ്ടും എനിക്ക് അപ്പി ശങ്ക. അന്നേവരെ വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ എന്നെ പറഞ്ഞയക്കാറില്ല. അത് ചേട്ടനറിയാം. കുട്ടിച്ചേട്ടന്റെ കടയിൽ നിന്ന് അച്ഛൻ തന്നെയാണ് സാധനങ്ങൾ വാങ്ങുക. പാപ്പുച്ചേട്ടന്റെ കടയിൽ നിന്ന് കുറച്ച് അപ്പുറത്തായാണ് കുട്ടിച്ചേട്ടന്റെ കട. കാപ്പിപ്പൊടി വാങ്ങാമെന്ന് വച്ചാൽ പണവും കൈവശമില്ല.

ഞാൻ നടന്നു. തൊട്ടുപിന്നിൽ ജേതാവിന്റെ ഭാവത്തിൽ വിശ്വം ചേട്ടൻ. പാപ്പുച്ചേട്ടന്റെ കട എത്തിയപ്പോൾ ഞാൻ ഒന്ന് പാളി നോക്കി. രാജമണി തൊണ്ടി വിറ്റ് ബീഡി പോക്കറ്റിലുണ്ടെന്ന ഭാവത്തിൽ കണ്ണ് കാണിച്ചു.

കാപ്പിപ്പൊടി തരുമ്പോൾ കുട്ടിച്ചേട്ടന്റെ മുഖത്ത് വിരിഞ്ഞത് അതിശയമോ സംശയമോ? വീണ്ടും അപ്പി ശങ്ക. ‘ഇതിന്റെ പൈസ അച്ഛൻ തരും’ എന്ന് പറയുമ്പോൾ തന്നെ കാപ്പിപ്പൊടിയുടെ തുക വിശ്വൻ ചേട്ടൻ കൊടുത്തു.

വലതുകൈയ്യിൽ നേർത്ത പേപ്പർ കവറോട് കൂടിയ കാപ്പിപ്പൊടിയുമായി ഞാൻ വീട്ടിൽ കയറി ചെല്ലുമ്പോളും എന്റെ കൂടെ വിശ്വൻ ചേട്ടനുണ്ടായിരുന്നു.

“ വല്ലീറ്റേ, ഇവനോട് കാപ്പിപ്പൊടി വാങ്ങാൻ വല്ലീറ്റ പറഞ്ഞിരുന്നോ? “ ചേട്ടൻ ആത്മാർത്ഥത വെളിയിലെടുത്തു തുടങ്ങി.

“ ഇല്ല മോനേ. ഇവിടെ കാപ്പിപ്പൊടി ഇരിപ്പുണ്ടല്ലോ” - മുത്തശ്ശി.

“ ആ.. കൊല്ലൻ‌മാടത്തെ രാജമണീടെ കൂടെ ഒരു തേങ്ങയുമായി..... “ വിശ്വൻ ചേട്ടൻ സവിസ്തരം കാര്യങ്ങൾ പറഞ്ഞു കൊടുത്തു. തേങ്ങ പുള്ളിക്കാരന്റെയാണെന്നും ഞങ്ങൾ അവ മോഷ്ടിച്ചതാണെന്ന കാര്യവുമൊക്കെ പുള്ളി കൃത്യമായി മനസ്സിലാക്കിയെന്ന് എനിക്ക് പിടികിട്ടി. കൊണ്ടുവന്ന കാപ്പിപ്പൊടി മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ് മുത്തശ്ശി കരഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ അതുവരെ കള്ളന്മാരൊന്നുമുണ്ടായിരുന്നില്ലെന്ന സത്യവും മുത്തശ്ശിയുടെ വിലാപത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി.

മണലിൽ ചിതറിക്കിടക്കുന്ന കാപ്പിപ്പൊടിയിലേയ്ക്ക് നോക്കി മുറ്റത്തെ മൂലയിൽ ഞാൻ നിന്നു.

എനിക്കറിയാം എന്റെ അച്ഛൻ വന്നതിനുശേഷം അച്ഛനോടും കാര്യങ്ങൾ അവതരിപ്പിച്ച് ‘എനിക്കർഹതപ്പെട്ടത് ‘ വാങ്ങി തന്നാലേ ചേട്ടന് തന്റെ ആത്മാർത്ഥത യഥാസ്ഥാനത്ത് മടക്കി വയ്ക്കാൻ കഴിയുമെന്ന്. അതാണ് ഞങ്ങളുടെ നാടിന്റെ ശൈലി. ആ ശൈലിയെക്കുറിച്ചുള്ള ഓർമ്മ വീണ്ടും എന്നിൽ അപ്പി ശങ്ക നിറച്ചു.

Comments

Pongummoodan said…
എനിക്കറിയാം എന്റെ അച്ഛൻ വന്നതിനുശേഷം അച്ഛനോടും കാര്യങ്ങൾ അവതരിപ്പിച്ച് ‘എനിക്കർഹതപ്പെട്ടത് ‘ വാങ്ങി തന്നാലേ ചേട്ടന് തന്റെ ആത്മാർത്ഥത യഥാസ്ഥാനത്ത് മടക്കി വയ്ക്കാൻ കഴിയുമെന്ന്. അതാണ് ഞങ്ങളുടെ നാടിന്റെ ശൈലി. ആ ശൈലിയെക്കുറിച്ചുള്ള ഓർമ്മ വീണ്ടും എന്നിൽ അപ്പി ശങ്ക നിറച്ചു.

-------------

പഴയൊരു നാട്ടുവിശേഷം വീണ്ടും.
“അപ്പിശങ്കരാഭരണൻ” എന്ന ടൈറ്റിൽ നോം കൽ‌പ്പിച്ച് നൽകിയിരിക്കുന്നു.
പാട്ടുപുരയ്ക്കൽ ഭഗവതി പോലും ഈ കള്ളനെ രക്ഷിയ്ക്കുമെന്നു തോന്നുന്നില്ല.
മാഷെ സത്യം നാട്ടില്‍ ഉള്ള ഒരു വല്ല്യ കാര്യം ആണ് നമ്മുടെ ആള്‍ക്കാരുടെ ആത്മാര്‍ഥത ഹോ ഞാനും അതിനു പാത്രം ആയിട്ടുണ്ട്‌ കൊല്ലത്ത് സിനിമ കാണാന്‍ പോയി ടിക്കറ്റ്‌ എടുക്കുന്നെക്കള്‍ മുന്നേ വീട്ടില്‍ എത്തി ന്യൂസ്‌ അതും ഫോണ്‍ പോയിട്ട് ഒരു കളിപ്പാട്ട ഫോണ്‍ പോലും ഇല്ലാത്ത കാലത്ത് വീട്ടില്‍ വന്നപ്പോ നല്ല രസമാരുന്നു എന്തൊരു സീകരണം ആരുന്നു ..

പഴയകാലത്തേക്ക് കൂട്ടി കൊണ്ട് പോയി നല്ല ഒരു പോസ്റ്റ്‌ ... ആശംസകള്‍ മാഷെ
കള്ളാ..... കള്ളാ‍......

:)
തസ്കരന്‍ മണിയന്‍ പിള്ളയുടെ ആത്മകഥ നാട്ടിലെ പുസ്തക കടകളില്‍ വന്‍ വില്പനയാണ് ...
ആ വഴിക്ക്‌ ഒരു ശ്രമം നടത്തി നോക്ക്... രവി ഡി സി സന്തോഷത്തോടെ പുസ്തകമാക്കും...
ഈ തേങ്ങാമോഷണത്തിനു അച്ഛന്റെ കൈയ്യിൽ നിന്നും നല്ല പെട കിട്ടിക്കാണുമല്ലേ.അതാ ആദ്യത്തെ മോഷണം അവസാനത്തേതുമായത് !.എന്തായാലും സംഭവം കലക്കീ.
അറം പറ്റി അല്ലെ പൊങ്ങുംമൂഢന്‍ ഭായ്
കൊച്ചിലെ മോഷണ ശ്രമം അടിപൊളിയായി എഴുതി. നേരിൽ കാണുന്നത് പോലെയുണ്ട്.
വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ..

ശ്ശെ... തേങ്ങാക്കള്ളനെന്നു വിളിച്ചില്ലേ... :)
പറഞ്ഞു വന്നത് അന്ന് നിര്‍തിയതാ മോഷണം, പിന്നെ ചെയ്തിട്ടില്ല എന്നല്ലേ?? ഹും.... ഞാന്‍ വിശ്വസിച്ചേ.......
അയ്യേ!!
ഈ ചേട്ടനെന്താ ഇങ്ങനെ?
അതിനൊക്കെ എന്‍റെ നാട്..
ഇങ്ങനൊരു സംഭവം അവിടെയായിരുന്നെങ്കില്‍ ആ ചേട്ടന്‍റെ വിശദീകരണം ഇപ്രകാരമാണ്:
"എന്നാലും മുത്തശ്യേ, തേങ്ങാ മോഷ്ടിച്ചതിലല്ല വിഷമം...അത് വിറ്റ കാശിനു ഇവന്‍ ബീഡിം വലിച്ചു,കള്ളും കുടിച്ചന്ന് നാല്‌ പേരറിഞ്ഞാല്‍?"
കര്‍ത്താവേ!!
ഒരു ബീഡി വലിക്ക്, കള്ള്‌കുടി കൂടി ചേര്‍ത്തോ കാര്‍ക്കോടകാ എന്ന രീതിയില്‍ അമ്പരന്ന് നില്‍ക്കുന്ന എന്നെ നോക്കി ആ ചേട്ടന്‍ അവസാനത്തെ ആണി അടിക്കാന്‍ പറയും:
"ശിവ..ശിവ"
ധനേഷ് said…
പോങ്ങുമ്മൂടന്റെ കുറ്റബോധത്തിന്റെ നിറുകംതലയില്‍ നല്ലോരു ഗൌളിപാത്രതേങ്ങ അടിക്കാമെന്ന് കരുതിയപ്പോള്‍ ദേകെടക്കുന്നു 10-11 കമന്റ്...

ആ പോട്ടെ...

നാട്ടുവിശേഷം ഇഷ്ടപ്പെട്ടു കേട്ടോ...

ഒരു പ്രധാനപ്പെട്ട സംശയം: അന്നത്തെ ബീഡി മുഴുവന്‍ രാജാമണി വലിച്ചോ? :-)
ധനേഷ് said…
ഇന്ന് ലോക പുകയിലവിരുദ്ധദിനം...

ഈ പോസ്റ്റ് ഇന്നുതന്നെ ഇട്ടത് യാദൃശ്ചികമാണോ?

ഇന്നാണ് ആ ദിനം എന്ന് അറിഞ്ഞത് നിരക്ഷരന്‍‌ജിയുടെ പോസ്റ്റില്‍നിന്നാണ്..
പൊങ്ങുമാഷേ "അപ്പിയിട്ട കഥ" കൊള്ളാട്ടാ :)
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരപ്പാപ്പന്ടെ കടയിലെ പണപ്പെട്ടിയില്‍ നിന്നും പത്തു പൈസ മാത്രം എടുത്തിട്ടു (സത്യമായിട്ടും) അടുത്ത കടയില്‍ നിന്നും മിട്ടായി വാങ്ങി തിന്നു. ഇപ്പോഴും അതോര്‍ത്തു ഒരു ജാള്യത തോന്നാറുണ്ട്. അതായിരുന്നു ആദ്യത്തേത്...പിന്നെ പിന്നെ അതൊരു ശീലമോന്നുമായില്ലേ.......:)
നാടന്‍ വിഭവം ഇഷ്ടായി.
abhija said…
ആദി പുരാതന കാലം മുതല്‍ക്കേ ഈ സുന്ദര പ്രപഞ്ചത്തില്‍ നിലനിന്നു പോരുന്ന വിശേഷപ്പെട്ട കലയാണല്ലോ മോഷണം! ഈ അണ്ഡകടാഹത്തില്‍ അല്ലറ ചില്ലറ മോഷണം ചെയ്യാത്തവരായി ഒരുത്തനും കാണില്ല. ചെയ്തതു ന്യായമാണു. :) പൊക വലിക്കുക എന്ന നിരുപദ്രവകരമായ വിനോദത്തിനു വേണ്ടിയാണല്ലോ താങ്കളതു ചെയ്തത്! സാരമില്ല.

വൈ.മു.ബഷീര്‍ പോലും മോഷ്ടിച്ചിട്ടുണ്ട്, വിശന്നപ്പോള്‍!
കുറ്റബോധമോ കട്ടബോധമോ?
:)
നല്ല രസികന്‍ പോസ്റ്റ്...
:)
Dipu kG said…
This comment has been removed by the author.
Dipu kG said…
appi idanulla vyagratha aa mukhathu thelinju kaanunnu
(h)appy memories!!!!
പുക ചെന്നാലേ അപ്പി പോകൂ എന്നു പറയുന്നതില്‍കാര്യമുണ്ടോ???
അമ്പടാ...
നിങ്ങടെ നാടിന്റെ മാത്രം ശൈലി അല്ല കേട്ടോ..
:)

എന്നാലും വിശ്വം ചേട്ടന്‍ ഒരു പുലി തന്നേ..
ആദ്യം തന്നേ പിടി കൂടാതെ സേതു രാമയ്യരെപ്പോലെ തെളിവുണ്ടാക്കിപ്പിടിച്ചു കളഞ്ഞില്ലേ..?

ഹോ... ഫയങ്കരം .!!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ