ഏവരും കാച്ചൂ...

പ്രിയപ്പെട്ടവരേ,

ബ്ലോഗറെന്ന നിലയിൽ കുറേനാളുകളായുള്ള ആഗ്രഹമായിരുന്നു ജനോപകാരപ്രദമായ ഒരു പോസ്റ്റെങ്കിലും കുറിക്കണമെന്നത്. ഇന്നത് ഞാൻ പൂർത്തീകരിക്കുന്നു. ഒപ്പം ബൂലോഗത്ത് ‘വറചട്ടിയുമായി‘ ( പാചകബ്ലോഗ് ) ഇറങ്ങിയിരിക്കുന്ന തരുണീമണികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുക എന്നതും എന്റെ ലക്ഷ്യമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ‘കാച്ചാവുന്ന‘ ച്ചാൽ.. ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. അതാണ് പപ്പടം കാച്ചൽ. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ഈ വിഭവം ആർക്കുവേണ്ടിയാണ് കാച്ചുന്നതെന്ന് കാച്ചുന്നവർ ഉറപ്പായും അറിഞ്ഞിരിക്കണം. അതായത് കഴിക്കുന്നവരുടെ ഭാഷ അറിഞ്ഞ് വേണം കാച്ചാൻ. കാരണം മലയാളികൾ കൂടുതലായും ഇഷ്ടപ്പെട്ടുവരുന്നത് കാച്ചുമ്പോൾ നന്നായി കുമിളച്ച് വരുന്ന പപ്പടമാണെങ്കിൽ തമിഴന്മാർ കുമിളകൾ കുറഞ്ഞ കറുമുറാന്നിരിക്കുന്ന പപ്പടത്തോടാണ് പ്രിയം. ഹിന്ദിക്കാർക്ക് കാച്ചുന്നത് ഇഷ്ടമല്ല. അവർക്ക് പപ്പടം ചുട്ടുകഴിക്കുന്നതിനോടാണ് താത്പര്യം. ഒപ്പം പപ്പടത്തിൽ മുളകും മറ്റ് ചേരുവകളും ചേർക്കുകയും ചെയ്യും. ഇപ്പോൾ മനസ്സിലായില്ലെ വെറുതെയങ്ങ് കാച്ചിയാൽ പോരാ ഭാഷയറിഞ്ഞ് കാച്ചണമെന്ന്.




വേണ്ട സാധനങ്ങൾ

1. പപ്പടം.
2. എണ്ണ.
3. ചീനിച്ചട്ടി.
4. തീ .

മിനിമം ഈ 4 കാര്യങ്ങളെങ്കിലും വേണം നന്നായൊന്ന് കാച്ചാൻ.

കാച്ചുന്ന വിധം.

ആദ്യമായി അടുപ്പിൽ തീകൂട്ടണം. പിന്നെ വളരെ ശ്രദ്ധിച്ച് തീയിലേയ്ക്ക് ചീനിച്ചട്ടി വയ്ക്കണം. ഇവിടെ പ്രധാനമായും ഓർക്കേണ്ട കാര്യം ചീനിച്ചട്ടി അടുപ്പിൽ മലർത്തിവേണം വയ്ക്കാൻ. എന്നിട്ട് അതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ ..സോറി.. ശുദ്ധമായ എണ്ണ ഒഴിക്കണം. എണ്ണ ഒന്ന് തിളച്ച് വരുമ്പോൾ അതായത് ബിയർ നുരയുന്നതുപോലെ എണ്ണ നുരഞ്ഞ് തുടങ്ങിയാൽ നമ്മൾ ഒരോ പപ്പടവും വലതുകൈയ്യിലെടുത്ത് -അറബിനാടുകളിലുള്ളവർ ഇടത് കൈ ഉപയോഗിക്കുന്നതാണ് ഉത്തമം - മറ്റേ കൈ നിവർത്തിപ്പിടിച്ച് ഉള്ളംകൈയ്യിലേയ്ക്ക് തിരിച്ചും മറിച്ചും 4 അടി അടിക്കുക. ശ്രദ്ധിക്കുക. അടി കൃത്യം 4. പപ്പടത്തോടുള്ള മുൻ‌വൈരാഗ്യം തീർക്കാനായല്ല പപ്പടത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉഴുന്നുപൊടി നീക്കം ചെയ്യുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി തിളച്ച എണ്ണയിലേയ്ക്ക് പപ്പടത്തെ മുക്കി ഇടുക. കാച്ചുന്നവർ ഒന്ന് മുക്കിയിട്ട് ഇടണം എന്നല്ല പപ്പടം എണ്ണയിൽ മുങ്ങിക്കിടക്കണം എന്നാണ് ഉദ്ദേശിച്ചത്. മലയാ‍ളഭാഷയുടെ ഒരു പരിമിതിയേയ്.. ഏതാനും നിമിഷത്തിനകം പപ്പടം പൊള്ളി കുമിളച്ച് ‘എന്നെ ഒന്ന് പൊക്കിയെടുക്കോ’ എന്ന മട്ടിൽ പുളഞ്ഞ് തുടങ്ങുമ്പോൾ നല്ല കൂർത്ത കമ്പികൊണ്ട് പപ്പടത്തിന്റെ പള്ളയ്ക്ക് കുത്തി പൊക്കി എടുക്കുക. ആവശ്യത്തിന് എണ്ണം പപ്പടം ആവുന്നവരേ ഈ പ്രക്രിയ തുടരാവുന്നതാണ്.

(ഞാൻ) ഭക്ഷിക്കുന്ന വിധം.
നിങ്ങളുടേതായ വിധത്തിൽ നിങ്ങൾക്കാവാം.

നല്ല തൂശനിലയിൽ ഒന്നാന്തരം കുത്തരിച്ചോറുകൊണ്ട് ഒരുകുഞ്ഞ് എവറസ്റ്റ് തീർത്ത് അതിന്റെ അഗ്രഭാഗത്തേയ്ക്ക് ചൂട് പരിപ്പുകറി ഒഴിച്ച് സ്വല്പം നെയ്യും ചേർത്ത് അതിനുമേളിലായി കാച്ചിയപപ്പടമൊന്ന് വച്ച് കുഞ്ഞുങ്ങളുടെ ചന്തിയിൽ സ്നേഹപൂർവ്വം അടിക്കുന്നപോലെ പപ്പടകുമിളയിൽ വാത്സല്യപൂർവ്വം ‘ഠപ്പേന്ന്’ ഒരടി നൽകി അഞ്ച് വിരലുകൾകൊണ്ട് നന്നായി കശക്കി ഉരുട്ടി വായപിളർന്ന് ഒരുളകളോരോന്നും അണ്ണാക്കിലേക്കെറിഞ്ഞുടച്ച് ഇടയ്ക്ക് ഉണ്ടെങ്കിൽ ഉപ്പിലിട്ട കണ്ണിമാങ്ങാ ഒന്ന് കടിച്ച് അങ്ങനെ...അങ്ങനെ...

ഊണിന്റെ ഒപ്പം മാത്രമല്ല, പുട്ടിനോടൂം പഴത്തോടുമൊപ്പവും പ്രഥമന്റെകൂടെയും എന്തിന് മദ്യത്തിനൊപ്പം ടച്ചിംഗ്സ് ആയി വരെ കഴിക്കാവുന്ന ഒന്നാന്തരം സംഗതിയാണ് നമ്മുടെ പപ്പടം.

MLA മാരുടെ ശ്രദ്ധയ്ക്ക്.

MLA മാർക്ക് ( പ്രത്യേകിച്ച് കണ്ണൂരിൽ നിന്നുള്ള ) വളരെ പ്രയോജനം ചെയ്യുന്ന ഒരു വിഭവം കൂടിയാണ് പപ്പടം. നല്ല വലിപ്പമുള്ള കുമിളകളോട് കൂടിയ പപ്പടം കാച്ചി MLA -മാരുടെ ആൺ‌മക്കൾക്ക് കൊടുത്താൽ ആ പിഞ്ച് കുഞ്ഞുങ്ങൾ വീട്ടിലിരുന്ന് പപ്പടം പൊട്ടിച്ച് കളിച്ചുകൊള്ളും. പിന്നെ വിഷുവിന് ശേഷം 2 ദിവസം കഴിഞ്ഞ് ഏതെങ്കിലും കലുങ്കിന് കീഴേ പോയി അവർ പടക്കമാണെന്ന് പറഞ്ഞ് ബോംബ് പൊട്ടിച്ച് കളിക്കുന്നതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാനുമാവും. സമൂഹവും രക്ഷപെടും MLA മാരുടെ ഇമേജും രക്ഷപെടും. ( ഈ പറഞ്ഞത് ശ്രീ. ജയരാജൻ MLA എങ്കിലും ഗൌരവമായി കാണുമെന്നെനിക്കുറപ്പാണ് ) :)

രുചിക്കുമപ്പുറം പപ്പടം നൽകുന്ന അനന്തസാദ്ധ്യതകൾ ഇനിയുമെത്രയേറെ. അവയൊക്കെ പിന്നീടൊരവസരത്തിൽ പറയാം. ഒരുകാര്യം മറക്കാതിരിക്കുക. ഈ രുചി നമുക്ക് നൽകിയത് നൂറ്റാണ്ടുകൾക്ക് മുൻപ് കൊങ്ങിണികളായിരുന്നുവന്നത്.

നന്ദി. :)

Comments

Unknown said…
വളരെ ഉപകാരപ്രദം നന്ദി.... :)
ഫോട്ടൊയില്‍ വാട്ടര്‍മാര്‍ക്ക് ഇടുന്നില്ലേ? ;)
"പാദമുദ്ര"എന്നാ ചിത്രത്തില്‍ മോഹന്‍ലാല്‍ പപ്പടം മാര്‍ക്കെറ്റുചെയ്യുന്ന രസകരങ്ങളായ രംഗങ്ങളുണ്ട്. ഇത് പപ്പടം കാച്ചലിന്റെ മാര്‍ക്കെറ്റിംഗ്! ഈ പപ്പടത്തിന്റെ ഒരു കാര്യമേ! കൊള്ളാം!
Unknown said…
'പപ്പട' ക്കം പോട്ടിക്കേണ്ടത് എങ്ങനെ എന്ന് വിശദീകരിച്ചത് ഇഷ്ടപ്പെട്ടു.വിഷു കഴിഞ്ഞു ഉപയോഗിക്കുന്നവര്‍ക്ക് ആക്ക്രാന്തം ഒഴിവാക്കാമല്ലോ ???
പ്ലസ്‌ ടു വിനു ഇംഗ്ലീഷില്‍ ഒരു പാഠമുണ്ടായിരുന്നു ഒരു കപ്പ് ചായ ഉണ്ടാക്കുന്ന വിധം..!
അതോര്‍മ്മ വന്നു ഇത് വായിച്ചപ്പോള്‍...
വേണ്ട സാധനങ്ങൾ

1. പപ്പടം.
2. എണ്ണ.
3. ചീനിച്ചട്ടി.
4. തീ .
അപ്പം അടുപ്പ് വേണ്ട അല്ലെ?
തീ കൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടാവില്ലേ? തീപ്പെട്ടി പോരെ സാര്‍? :-)
Pongummoodan said…
കാൽ‌വിൻ: വാട്ടർ മാർക്ക് കൊടുക്കാൻ മറന്നു. പോട്ടെ. എല്ലാവരും കാച്ചാൻ പഠിക്കുമല്ലോ. നമുക്കത് മതി കാൽ‌വിൻ :)

വാഴക്കോടൻ: പപ്പടം കാച്ചൽ അത്ര നിസ്സാര സംഗതി ഒന്നുമല്ലല്ലോ അല്ലേ? :)

ജ്യോതിയേട്ടാ : ആ ഭാഗം എഴുതിക്കഴിഞ്ഞപ്പോൾ എനിക്ക് തന്നെ സഹിക്കാൻ കഴിഞ്ഞില്ല. ഇനി നല്ലൊരു ഊണുണ്ടാല്ലേ വിഷമം മാറൂ.


hAnLLaLaTh: അതാണ് കാര്യം. :) നന്ദി.

നോറ: പുഞ്ചിരിക്ക് നന്ദി. :)
Pongummoodan said…
വല്ലഭേട്ടാ,

അടുപ്പിന്റെ കാര്യം ഓർമ്മിപ്പിച്ചത് നന്നായി. ഞാനത് വിട്ട് പോയതാ. ഒന്നു മനസ്സിലായി നമ്മൾ സമാനചിന്താഗതിക്കാരാ :) കുറഞ്ഞപക്ഷം കാച്ചലിന്റെ കാര്യത്തിലെങ്കിലും.

കുറച്ചായി വല്ലഭേട്ടന്റെ ഒരു കമന്റ് എന്റെ പെട്ടിയിൽ വീണിട്ടെന്നുള്ള കാര്യം ഞാൻ ഇപ്പോൾ ഓർമ്മിപ്പിക്കുന്നു :)
പൊങ്ങൂ...
പപ്പടം എവിടുന്ന് വാങ്ങണം എന്ന് പറഞ്ഞില്ല !!..
പപ്പട പണ്ടാരങ്ങളുടെ കഥ പറഞ്ഞ പാദമുദ്ര സിനിമ ഓര്‍ മ്മിപ്പിച്ച കമന്റിനു നന്ദി..പോസ്റ്റിനും ...
കൊങ്ങിണികളും പണ്ടാരങ്ങളും എപ്പോഴാ ഒപ്പമായേ?
Rare Rose said…
നന്നായി തന്നെ കാച്ചിയേടുത്തൂ ട്ടോ ഈ പപ്പടം പോസ്റ്റ്..:)
1. പപ്പടം.
2. എണ്ണ.
3. ചീനിച്ചട്ടി.
4. തീ .

പപ്പടം എണ്ണയില്‍ കിടന്ന് മൊരിഞ്ഞാല്‍ പിന്നെ കൈ വിരല് കൊണ്ട് കുത്തിയെടുക്കണോ?
പപ്പടം‌കുത്തി ഇല്ലാതെ ലോകത്താര്‍ക്ക് പപ്പടം കാച്ചാന്‍ പറ്റും എന്ന് ഞാന്‍ ആശങ്കപ്പെടുകയാണ് ? :-)

ബൈ ദ ബൈ, ഞാന്‍ പപ്പടം തിന്നുന്നത് മോരുകറിയുടെ കൂടെയാണ്.
രണ്ട് മൂന്ന് പപ്പടം കൂട്ടിയിടുക, മുകളിലേക്ക് അല്പം പുളിയില്ലാത്ത മോര് കറി ഒഴികുക (നല്ല കൊഴുപ്പുള്ള കറിയാവണം..ഇലയിലൊഴിച്ചാല്‍ സൈക്കിളില്‍ പോയി കൂട്ടേണ്ട റ്റൈപ്പ് അയഞ്ഞ മോര്കറി ആവരുത് (ക.ട. മൊത്തം ചില്ലറ)).
പപ്പടം പൊടിക്കുക, കറിയുമായി കുഴയ്കുക. ആവോളം തിന്നുക.
നല്ല റ്റേസ്റ്റാ! :-)

(പപ്പടം
പര്‍പ്പടം
പര്‍പ്പടകം
പര്‍പ്പിടകം
പാപ്പഡ്
പേപ്പെഡ്
പ്ടം

ഇതിലേതാ കറക്റ്റ്?)
നന്ദിയുണ്ട് പോങ്ങൂ.. നന്ദി.. :) :) :)
Anonymous said…
1. പപ്പടം.
2. എണ്ണ.
3. ചീനിച്ചട്ടി.
4. തീ .

ഈ ലിസ്റ്റ് തികയില്ലല്ലോ

തീ കത്തിക്കാൻ‍‍‍‍ തീപ്പെട്ടി വേണ്ടേ.

ഇനി തീപ്പട്ടിയിൽ കൊള്ളിയും വേണ്ടേ.. ഹ ഹ

ഇതൊന്നും അറിയില്ല!!!
Visala Manaskan said…
കാച്ചാനും കോച്ചിങ്ങോ??

എന്തുവാടേ ഇത്?? (കട്:മുകേഷ്) :)

പിന്നൊരു കാര്യം.

അപ്പോള്‍ കാച്ചിയ പപ്പടത്തിന്റെ ലോജിസ്റ്റിക്സ് ഏന്‍ ഡിസ്ട്രിബൂഷന്‍ സ്പേസ് വേണ്ടേ?

ഐ മീന്‍ പാത്രം?

എണ്ണയില്‍ കിടന്ന് പ്രെഗ്നന്റായ ടി പപ്പടങ്ങള്‍ (ഹെഡിങ്ങുമായി ബന്ധമില്ല!) ചൂടാറും വരെ സേയ്ഫായി വക്കാനും പറ്റിപ്പിടിച്ച എണ്ണ ഒലിച്ച് പോകാനും പാത്രം വേണ്ടേ?
ഹിഹി... ബെസ്റ്റ്!

ആ ചോറുണ്ണുന്ന പരിപാടി കൊറച്ച് അക്രമായി...
ഹിഹി അരവീ... "പര്‍പ്പടകപ്പാപ്പടപ്പേട്ടഡപ്പ്‌ഡ്" എന്നു പറഞ്ഞോ...ഹിഹി
Anonymous said…
അല്ലേലും ചിലര് അരക്കെട്ട് (പപ്പടം) കിട്ടിയാല്‍ കാച്ചാതെ വിടൂല.
ബഷീർ said…
പപ്പടം എന്റെ ഒരു വീക്ക്നെസ്സായിരുന്നു. ഇപ്പോ വീക്കിലി ഒരെണ്ണം തന്നെ കഴിക്കാൻ പേടിയായി..

ചട്ടി മലർത്തി വെക്കണം എന്ന് ഓർമ്മിപ്പിച്ചത് നന്നായി :)
ഡാങ്ക്യൂ പൊങ്ങു ഡാങ്ക്യൂ.
പക്ഷെ ചൊറിത്തവള ബബിള്‍ഗം വീര്‍‌പ്പിച്ചപോലെ പടത്തില്‍ കാണുന്ന പപ്പടമാണോ ഈവിധം കാച്ചിയെടുത്തത് പൊങ്ങൂ! :)
കാച്ചാനുള്ള പപ്പടം തണുത്തു പോകാതെ സൂക്ഷിക്കണം; പിന്നെ നല്ല ശുദ്ധമായ(?) വെളിച്ചെണ്ണയില്‍ കാച്ചിയ പപ്പടം എണ്ണ വാര്‍ന്ന് കഴിഞ്ഞ് വൃത്തിയാക്കിയ 'പാട്ട ടിന്നില്‍' കാറ്റു കടക്കാതെ സൂക്ഷിക്കുക. പിന്നീട് ചോറുണ്ണാന്‍ നേരം പാട്ട തുറക്കുമ്പോള്‍ അതീവ മാദകമായ ഗന്ധം ഉള്ള പപ്പടം ലഭിക്കും; കമ്പിയേക്കാള്‍ നല്ലത്, പച്ച ഇര്‍ക്കില്‍ ആണ്. കമ്പി തുരുമ്പിക്കാം; കുരുമുളക് ചേര്‍ത്ത് ഇടിച്ചിട്ടുള്ള പപ്പടം ആണ് രുചിരാജന്‍; വറുത്ത് പൊടിച്ച(പൊട്യാക്കാനല്ല, പീസസ്, പീസസ്..) പപ്പടം വെളിച്ചെണ്ണയില്‍ വറുത്ത വറ്റല്‍ മുളകിനോട് (പൊടി അല്ല, മുളക്, മുളക്..)യോജിപ്പിച്ച് ഉപയോഗിച്ച് നോക്കുക. പയറും കഞ്ഞിയും പപ്പടവും (ചുട്ടതായാല്‍ നന്ന്) അടിക്കുന്ന പഞ്ച് ഒരു പഞ്ചനക്ഷത്രനുമില്ല...ഇനിയും പറയാനുണ്ട് പപ്പടഗാഥ,...ബിസി, ബിസി....
Shino TM said…
pappadam nakki nokkiyitundo
നമിച്ചണ്ണാ നമിച്ചു ... അപ്പൊ ഇത് 4 ഉം ഉണ്ടേ ഒരു കാച്ച് കാച്ചാം അല്ലെ ..:D
അനോണിയുടെ കാച്ച് എനിക്ക് ഇഷ്ട്ടപെട്ടു :D
Visala Manaskan said…
"ചൊറിത്തവള ബബിള്‍ഗം വീര്‍‌പ്പിച്ചപോലെ !!"

ബിനോയിയേ... ആഹഹഹ.. തകര്‍ത്തൂ!!
nandakumar said…
കുഞ്ഞുണ്ണി മാഷ് പാടിയത് ഓര്‍മ്മ വരുന്നു
“പരത്തി പറഞ്ഞാല്‍....പര്‍പ്പടകം
ചുരുക്കി പറഞ്ഞാല്‍...പപ്പടം
ഒന്ന് ചുട്ടെടുത്ത് വിരലൊന്നമര്‍ത്തിയാല്‍...
പ്ടം..”

പോങ്ങുവേ, ഈയൊരൊറ്റ പോസ്റ്റുകൊണ്ട് ബൂലോഗത്തിലെ പാചക ബ്ലോഗുകള്‍ പൂട്ടുപ്പോകുമോടാ?? :)

(ടച്ചിങ്ങ്സ്ന് ഇവന്‍ ബെസ്റ്റാ..ടച്ചിങ്ങ്സ് വസൂല്‍)
പൊങ്ങൂസ് ഇത് ശെരിയാവില്ല. ഈ നിലയ്ക്ക് പോയാല്‍ ലലനാമണികളുടെ കരപരിലാളനം ഏല്‍ക്കേണ്ടി വരും..തെറ്റിദ്ധരിച്ചോ നല്ല ചുട്ട അടി കിട്ടുംന്ന്.
പപ്പടംകുത്തി വേണ്ടെന്ന് ചോദിക്കാന്‍ വന്നപ്പഴേയ്ക്കും അരക്കുട്ടന്‍ കുത്തി. അപ്പോ പാത്രം വേണ്ടേന്ന് മൊഴിയാനൊരുങ്ങിയപ്പോഴേയ്ക്കും വിശാല്‍‌ജീ ലോജിക്കും കൊണ്ടുവന്നു. ആ ഇനീപ്പോ ഒന്നൂല്ല്യ :)

പപ്പടം ചുമ്മാ പൊടിച്ച് അങ്ങനെ കഴിക്കുന്നതാ എനിക്കിഷ്ടം. എന്നിട്ടള്‍പം തൈരും കുടിക്കും. പിന്നെ പുട്ടിന്റൊപ്പം പപ്പടം കൂട്ടിക്കുഴച്ച് കഴിക്കണത്

:)
Unknown said…
എന്തായാലും ചട്ടി വെക്കാന്‍ അടുപ്പ് വേണ്ടാത്ത സ്ഥിതിക്ക് എത്ര ടേബിള്‍ സ്പൂണ്‍ തീ വേണ്ടി വരും എന്നറിഞ്ഞാല്‍ എനിക്ക് പപ്പടം കാച്ചാമായിരുന്നു .പൂയ്‌ ആരൂല്ലേ അവിടെ പറഞ്ഞു തരാന്‍ .
ശ്രീ said…
അപാരം തന്നെ. ഇത്രയും ബുദ്ധിമുട്ടുള്ള ഈ പ്രക്രിയ ഇത്ര ലളിതമായി വിശദീകരിയ്ക്കാനുള്ള കഴിവ് അപാരം ;)
പോങ്ങുജീ..

ഈ കാച്ചല്‍ അതീവ ഹൃദ്യമായിട്ടൊ..


ദേശങ്ങങ്ങളും വര്‍ഗ്ഗങ്ങളും നോക്കിവേണം കാച്ചാന്‍ എന്നുള്ള മൊഴിമുത്ത് ബുലോഗ ചരിത്ര താളില്‍ തങ്കത്തിന്റെ ലിപി(ലിപ്പല്ല)കളാല്‍ മുദ്രണം ചെയ്യപ്പെടെട്ടെ..

ചില സ്ഥലത്ത് കാച്ചൂന്നതിനു മുമ്പ് ഒരു ഓട്ടയുണ്ടാക്കാറുണ്ട് ഇങ്ങനെ ഇതുചെയ്യുന്നത് വീര്‍ത്തുവരുവാന്‍ വേണ്ടിയാണെന്ന് . ചിലവ ഓട്ടയുണ്ടാക്കിയാലും വീര്‍ക്കില്ലാന്നേ...

കാച്ചിയ അരക്കെട്ടും നക്കാന്‍ ഉപ്പിലിട്ടതും ഉണ്ടെങ്കില്‍ വെള്ളമടിക്കാ‍ന്‍ ഒരു സുഖം തന്നെയാണേ..

പോങ്ങു മാഷെ, നിസ്സാരമാണെന്ന് കരുതിയ ഈ കാച്ചല്‍, ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാലെ മികച്ച കാച്ചല്‍ക്കാരന്‍ ആകാന്‍ പറ്റു എന്നുള്ള അറിവ് എന്നെ നല്ലൊരു കാച്ചലുകാരനാക്കിത്തീര്‍ക്കും..നന്ദി..!
Pongummoodan said…
ആർപിആറേ: അക്കാര്യം വിട്ടുപോയതാണ്. നല്ലപപ്പടം കിട്ടുന്ന സ്ഥകങ്ങൾ പഞ്ചായത്ത് തിരിച്ച് ഞാൻ പറഞ്ഞ് തരാം. ഉടൻ തന്നെ. അതുവരെ ക്ഷമി. :)

അനാഗതശ്മശ്രു: ഞങ്ങളുടെ നാട്ടിലൊക്കെ പപ്പടം ഉണ്ടാക്കുന്നതും വിൽക്കുന്നതും പണ്ടാരങ്ങൾ തന്നെ. എന്നാൽ കൊങ്ങിണികളാണ് പപ്പടം കേരളത്തിൽ പ്രചരിപ്പിച്ചതെന്നാ‍ണ് എന്റെ വിചാരം. അത് തെറ്റാണോ?

റെയർ റോസ്: നന്ദി :)

അരവിയേട്ടാ: “നല്ല കൂർത്ത കമ്പികൊണ്ട് പപ്പടത്തിന്റെ പള്ളയ്ക്ക് കുത്തി പൊക്കി എടുക്കുക “ എന്ന് ഞാൻ പ്രത്യേകം പറഞ്ഞിരുന്നല്ലോ? അപ്പോൾ ചേട്ടൻ പോസ്റ്റ് ‘മൊത്ത’മായി വായിക്കാതെ ‘ചില്ലറ’യായി ആണ് വായിക്കുന്നതല്ലേ? എനിക്കിത് വരണം. :)

-(നല്ല കൊഴുപ്പുള്ള കറിയാവണം..ഇലയിലൊഴിച്ചാല്‍ സൈക്കിളില്‍ പോയി കൂട്ടേണ്ട റ്റൈപ്പ് അയഞ്ഞ മോര്കറി ആവരുത് ) - ഇത് ശരിക്കും ചിരിപ്പിച്ചു.

പിന്നെ ഏതാണ് ശരിയെന്ന് ചോദിച്ച് എന്നെ കൺഫ്യൂഷനാക്കാൻ നിൽക്കല്ലെ. ഈ പോസ്റ്റിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി എന്നെ അഭിനന്ദിക്കൂ അരവിയേട്ടാ :)


പകൽക്കിനാവാ: എന്നാ തിരിച്ചും നന്ദിയുണ്ട്. നന്ദി :)

അനോണിമാമ: മാപ്പ് തരൂ...:)

വിശാലേട്ടാ: ആക്രാന്തം മൂത്തപ്പോൾ പാത്രമെടുക്കാൻ വിട്ട് പോയതാണ്. ഓർമ്മിപ്പിച്ചത് നന്നായി. :)

അനിയങ്കുട്ടി: അത് അക്രമമായെങ്കിൽ പതിവായി ഞാൻ ചെയ്യുന്ന അക്രമമാണത് :) നന്ദി.

രണ്ടാമത്തെ അനോണിമാമ: പുറത്ത് പറയണ്ട. നമ്മളറിഞ്ഞാൽ മതി :)

ബഷീർ വെള്ളറക്കാട്: നന്ദി. :)

ബിനോയ്: ചൊറിത്തവള ശരിക്ക് ചിരിപ്പിച്ചു. വിശാലേട്ടനെപ്പോലെ ബിനോയ്യും ഒരു ‘ഉപമേ’ശ്വരനാണല്ലേ? :)

ആചാര്യാ: ഗംഭീരമായി. നന്ദി :)

ഷിനോ: ഇല്ലെടാ, നീ നക്കിയിട്ടുണ്ടോ? :))

അച്ചായാ: സന്തോഷം :)

വിശാലേട്ടാ: അക്കാര്യം ഇപ്പോൾ ഞാൻ ബിനോയ്യോട് പറഞ്ഞതേയുള്ളു :)

നന്ദേട്ടാ: സന്തോഷം. അരവിയേട്ടനുള്ള മറുപടിയായല്ലോ. നന്ദി :)

സുമയ്യ: എന്തിനെനിക്കത് വിശദീകരിച്ച് തന്നു. എന്റെ തെറ്റിദ്ധാരണ നൽകിയ കുളിരിൽ ഞാനങ്ങനെ ലയിച്ചിരുന്നോളില്ലായിരുന്നോ? :( ഞാൻ കൂട്ട് വെട്ടി :) . നന്ദി സുമയ്യ.

പ്രിയ: നന്ദി :)

ഞാനും എന്റെ ലോകവും: എത്ര എണ്ണം കാച്ചണമെന്ന് പറയൂ.. അപ്പോൾ തീയുടെ അളവ് പറഞ്ഞ് തരാം :)

ശ്രീ: അതാണ്. ശ്രീ കാര്യം മനസ്സിലാക്കി. നന്ദി :)

കുഞ്ഞാ: ഞാൻ കൃതാർത്ഥനായി. എന്റെ പരിശ്രമം കുഞ്ഞനെങ്കിലും പ്രയോജനപ്പെട്ടല്ലോ. നന്ദി :)
G.MANU said…
ഹഹ അപ്പോ പോങ്ങുവും പാചക ബ്ലോഗ് തുടങ്ങി..അതും കോമ്പ്ലക്സ് പപ്പട നിര്‍മ്മാണത്തില്‍ തുടക്കം

ഏറ്റവും രസിച്ചത് കഴിക്കുന്ന വിധത്തില്‍.
ഇതുവരെ വിളമ്പുന്നതുവരെയെ കണ്ടിട്ടുള്ളൂ..എങ്ങനെ തിന്നാം എന്നതു ആദ്യമായാ :))
പപ്പടം അഥവാ പര്‍പ്പടകം കാച്ചല്‍ മാത്രമല്ല വെണ്ണീര്‍ ഉള്ള അടുപ്പില്‍ അല്ലെങ്കില്‍ നെരിപ്പോടില്‍ ഇട്ട് ഈര്‍ക്കില്‍ കുത്തി തിരിച്ചും മറിച്ചും ഇട്ട് ചുട്ടും എടുക്കാവുന്നതാണ്‌.

ഇങ്ങനെ ചുട്ടെടുത്ത പര്‍പ്പടകം തിന്നുമ്പോള്‍ വായ പുകഞ്ഞു അവിഞ്ഞു പോകാതിരിക്കുവാനായിട്ട് ഒരു ഫുള്‍ (അതല്ല) ഒരു ഫുള്‍ ഗ്ലാസ്സ് കഞ്ഞിവെള്ളം അല്ലെങ്കില്‍ കാടിവെള്ളം ഉപ്പിട്ട് കവിളെടുത്ത് മോന്തിയാല്‍ മതിയാവുന്നതാണ്‌.

എന്തെങ്കിലും ഡൗട്ട് ഉള്ളവര്‍ ശ്രീ. പോങ്ങൂസ് ടോള്‍‌ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കാച്ചുന്നതിന്റെ ലൈവ് കേള്‍ക്കാവുന്നതാണ്‌. :)
Sethunath UN said…
ഹ!
ഇദ് കല‌ക്കി.
വിശാലന്റെ അലക്കും ബിനോയിയുടെ കാച്ചും ഉശിരന്‍
::)))))))))
അണ്ണാ ചട്ടി ചൂടായി കിടക്കുക ആണേല്‍ എനിക്കൊരു പപ്പടം കാച്ചനുണ്ടായിരുന്നു ...
കാളകൂടന്‍ said…
അല്ല ചേട്ടാ ഈ പപ്പടം കാച്ചുമ്പൊ ഇഞ്ചി ചേര്‍ക്കണോ? അറിയാത്തോണ്ട് ചോദിച്ചതാ...!!
ഹിന്ദിക്കരനും,തമിഴനും,മലയാളിയും മാത്രമല്ല ഇവിടെ സായിപ്പും പപ്പടം കാച്ചും കേട്ടോ...
രണ്ടുപപ്പടം എടുക്കും(ഉ:പൊടി തട്ടി കളയില്ല), കുറച്ചു ഒലിവോയൽ പുരട്ടും,മൈക്രോവേവിൽ 2 മിനുറ്റ്വെച്ച് ചൂടാക്കി പുറത്തെടുത്ത് കത്തിയും,മുള്ളും ഉപയോഗിച്ച് കുറച്ചു സലാടും,വൈനുമായി അവന്റെ ഡിന്നർ ഫിനീഷുചെയ്യുന്ന രംഗം- ഒരു കാണേണ്ട കാഴ്ച തന്നേയാണ്...!!!
എന്നെ അങു കൊല്ലണ്ണാ.....വിശന്നിരിന്നപ്പോള്‍തന്നെ ഇതുവായിക്കന്‍ തോന്നിയല്ലൊ ഭഗവാനെ :D
ചേട്ടന്റെ ഇതുവരെയുള്ള എല്ലാ പോസ്റ്റുകളും വായിച്ചുവന്ന നിലയ്ക്ക്‌ ഇതിനു രണ്ടർത്ഥം കാണാതിരിയ്ക്കാൻ കഴിയുന്നില്ല.എന്റമ്മോ!!!!!!!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ