കാളപ്പക

പാപ്പച്ചച്ചേട്ടന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന പശുവിനെ തടിപ്പിക്കലും നായ്ക്കളുടെയും മൂരികളുടെയും വരിയെടുക്കലും അദ്ദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. ഇത്തിരിയധികം കദനം നിറഞ്ഞൊരു കഥ.

( എനിക്കാ കഥ വേണമെങ്കിൽ 2 വരിയിൽ തീർക്കാവുന്നതേയുള്ളു. എന്നാൽ അങ്ങനെ 2 വരിയിൽ തീർത്ത് എന്റെ വായനക്കാരെ രക്ഷിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. നിങ്ങൾ പരമാവധി അനുഭവിക്കണമെന്നുതന്നെയാണ് എന്റെ ആഗ്രഹം. )

ഒരുപാട് കാലങ്ങളോളം ഗ്രാമത്തിലെ പശുക്കളുടെ, ഒരുതുള്ളി ബീജത്തിനായുള്ള അലമുറയ്ക്ക് ആശ്വാസകരമായ അറുതി വരുത്തി വന്നിരുന്നത് പാപ്പച്ചൻ ചേട്ടന്റെ മൂരികളായിരുന്നു. കൊഴുത്തുമുഴുത്ത 2 മൂരിക്കുട്ടന്മാരായിരുന്നു പാപ്പച്ചൻ ചേട്ടനുള്ളത്. വാവടുക്കുമ്പോൾ ഗ്രാമത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിന്നുയരുന്ന പശുവിന്റെ അമറൽ കേൾക്കുമ്പോൾ തന്നെ മൂരിക്കുട്ടന്മാർ പ്രവർത്തനനിരതരായി മുക്രയിട്ട് മുൻ‌കാലുകൊണ്ട് മണ്ണ് ഇളക്കിയെറിഞ്ഞ് തങ്ങളുടെ ജോലിയിലുള്ള ആത്മാർത്ഥത പാപ്പച്ചൻ ചേട്ടനെ വിളിച്ചറിയിച്ചുകൊണ്ടിരുന്നു. എന്നാൽ പലപ്പോഴും ഒരു മൂരിക്ക് ആത്മാർത്ഥത അടക്കി ‘ബെഞ്ചി‘ലിരിക്കേണ്ടി വന്നിരുന്നു. ( അക്കാലം സാമ്പത്തികമാന്ദ്യം ഇല്ലാതിരുന്നതുകൊണ്ടും പാപ്പച്ചൻ ചേട്ടൻ വി.കെ മാത്യൂസ് ( IBS ) അല്ലാതിരുന്നതുകൊണ്ടും ‘രണ്ട് പേർക്കും‘ ഒരുമിച്ച് നൽകാനുള്ള പണി കിട്ടാറില്ലെന്ന് കരുതി മൂരികളിലൊന്നിനെയും പിരിച്ച് വിടാൻ പാപ്പച്ചൻ ചേട്ടൻ തയ്യാറായിരുന്നില്ല. )

ചിലപ്പോൾ കാര്യസാധ്യത്തിനായി ചിലർ പശുവിനെയും കൂട്ടി പാപ്പച്ചൻ ചേട്ടന്റെ വീട്ടിലേയ്ക്ക് വരും . മറ്റു ചിലപ്പോൾ ചിലർ പാപ്പച്ചൻ ചേട്ടനെയും മൂരിയേയും തങ്ങളുടെ വീടുകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവും. രണ്ടായാലും ഫലം സുനിശ്ചിതം. പശുവിന്റെ അമറലും നിൽക്കും കൃത്യസമയത്ത് ഉടമയ്ക്ക് നാല് കുഞ്ഞിക്കാൽ കാണുവാനും സാധിക്കും.

ഗ്രാമത്തിലെ സ്ത്രീകൾക്ക് പാപ്പച്ചൻ ചേട്ടനോട് പൊതുവേ ‘ഒരിതുണ്ട്’. മെലിഞ്ഞുണങ്ങിയതാണെങ്കിലും നല്ല കാതലുള്ള തടിയാണ് തന്റേതെന്ന് പെണ്ണുങ്ങളെ വിശ്വസിപ്പിക്കാനുള്ള വിരുത് പാപ്പച്ചൻ ചേട്ടനുണ്ടായിരുന്നു.

വീട്ടുടമയുടെ പറമ്പിലെ ഏതെങ്കിലും മരത്തിൽ ചേർത്ത് ‘ഇടിക്കൂട്’ പണിയുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ജോലി. പിന്നീട് വീട്ടുടമ ഭയഭക്തി ബഹുമാനത്തോടെ ഇടിക്കൂട്ടിലേയ്ക്ക് പശുവിനെ കയറ്റി നിർത്തും. മൂരിക്കൂട്ടൻ അപ്പോളും അടക്കാനാവാത്ത ആവേശത്തോടെ മണ്ണ് മാന്തി കളിച്ചുകൊണ്ടിരിക്കും. ആ സമയം പാപ്പച്ചൻ ചേട്ടൻ മടിക്കുത്തിൽ നിന്ന് മുറുക്കാൻ പൊതി എടുത്ത് സാവധാനം നാലും കൂട്ടി മുറുക്കി സമീപ പ്രദേശത്ത് എവിടെയെങ്കിലും ഒരു പെണ്ണ് നിൽക്കുന്നുണ്ടോന്ന് പരതി ഉണ്ടെങ്കിൽ അവരെ നോക്കിക്കൊണ്ട് മടിക്കുത്തിലേയ്ക്ക് മുറുക്കാൻ പൊതി തിരുകി ചൂണ്ടുവിരലും നടുവിരലും ചേർത്ത് ചുണ്ടിനുമേൽ ഒരു ‘വി’ വരച്ച് അതിനിടയിലൂടെ നൂല് പിടിച്ച് വിട്ട മാതിരി ചുവന്നുവരുന്ന മുറുക്കാൻ തുപ്പൽ ഒരു വഷളച്ചിരിയുടെ അകമ്പടിയോടെ തുപ്പും. എന്നിട്ട് മൂരിക്കുട്ടന്റെ കയറഴിച്ച് പശുവിന്റെ പിന്നിൽ കൊണ്ടെ നിർത്തും. നിത്യ തൊഴിൽ അഭ്യാസം. അങ്ങനെ നിർത്തുന്നതിന്റെ ഉദ്ദേശം മൂരിക്ക് ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല. അവനെ ഏൽ‌പ്പിച്ച പണി അവൻ അമാന്തം കൂടാതെ നിർവ്വഹിക്കാൻ തുടങ്ങും. ആ സമയം ‘പശുവിന്റെ ആവശ്യത്തിലേയ്ക്ക് കൃത്യമായി മൂരിയുടെ ആവേശ’ത്തിന് വഴികാണിക്കുക എന്നത് മാത്രമാണ് പാപ്പച്ചൻ ചേട്ടന്റെ പണി. അദ്ദേഹം അത് തന്റെ ഒരു കരമുപയോഗിച്ച് വെടിപ്പായി നിർവ്വഹിക്കുകയും ചെയ്യും. ഒപ്പം മുൻപ് കണ്ട തരുണീമണിയുടെ മുഖത്ത് നോക്കി പഴയ ‘എ’ ക്ലാസ്സ് വഷളച്ചിരിയും ചിരിക്കും. ഏതാനും നിമിഷത്തെ അദ്ധ്വാനത്തിന് ശേഷം പിൻ‌വാങ്ങുന്ന മൂരിയുടെ വായിലേയ്ക്ക് 2 പച്ച മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്തു കഴിഞ്ഞാൽ പാപ്പച്ചൻ ചേട്ടന്റെ അന്നത്തെ പണി കഴിഞ്ഞു. ( നേരത്തെ നൽകിയ ‘വഷളച്ചിരിയ്ക്കുള്ള റിസൽട്ട് അനുകൂലമെങ്കിൽ‘ പിന്നെ രാത്രി അതുവഴി ഒരു വരവ് കൂടി അദ്ദേഹത്തിന് വരേണ്ടി വന്നേക്കാം )

വീടുകളിൽ വളർത്തുന്ന നായ്ക്കളുടെയും പിന്നെ മൂരിക്കുട്ടന്മാരുടെയും വരി എടുക്കാൻ പലരും പാപ്പച്ചൻ ചേട്ടനെ സമീപിച്ചിരുന്നു. നിങ്ങളിലാരെങ്കിലും അത്തരമൊരു ക്രൂരകൃത്യം നേരിൽ കണ്ടിട്ടുണ്ടോ? ഭീകരമാണത്. നായയെ മലർത്തിക്കിടത്തി ഒരു കവരക്കോൽ കൊണ്ട് അതിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് നാലു കാലുകളും കെട്ടിവരിഞ്ഞിട്ട് ബ്ലേഡ് ഉപയോഗിച്ച് പച്ചയ്ക്ക് നായയുടെ വരി നെടുകെ കീറും. കാണാൻ പോയിട്ട് കേട്ട് നിൽക്കാനാവില്ല ആ നായയുടെ മോങ്ങൽ. പിന്നിട് നായയുടെ വൃഷ്ണങ്ങൾ എടുത്ത് കളഞ്ഞ് ആ ഭാഗം ചാരവും മുളകും ചേർത്ത് പൊത്തി വയ്ക്കും. അതുപോലെ തന്നെയാണ് മൂരിക്കുട്ടന്മാരുടെ കാര്യവും. വരിയുടച്ച മൂരികളെയാണ് കാളകളെന്ന് വിളിക്കുക. പാടം ഉഴവാനും കലപ്പ പിടിക്കാനും ഉപയോഗിക്കുന്നത് ഇത്തരം മൂരികളെയാണ്. അല്ലെങ്കിൽ കാളകളെയാണ്.

പാപ്പച്ചൻ ചേട്ടന്റെ ഭാര്യ എപ്പോഴും എതിർക്കുന്ന ഒരു പണിയായിരുന്നു നായ്ക്കളുടെയും മൂരിക്കുട്ടന്മാരുടേയും വരി ഉടയ്ക്കുക എന്നത്. വരിയുടെ ആവശ്യകത എത്രമാത്രമുണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടല്ല അത്. പശുവിനെ തടുപ്പിക്കൽ പുണ്യപ്രവർത്തിയാണെങ്കിൽ ‘വരിയുടയ്ക്കൽ’ നരകത്തിലേയ്ക്കുള്ള ‘ഗ്രീൻ ചാനലാ’ണെന്ന് ആ പാവം വിശ്വസിച്ചിരുന്നു. അവർ ശരിക്കും ഒരു ‘മൃഗപ്പറ്റുള്ള‘ സ്ത്രീ ആയിരുന്നു.

നാട്‌ നിറയെ വരിയുടക്കപ്പെട്ട നായ്ക്കളും മൂരികളും. അവയുടെ ശാപം. ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഫലപ്രദമായ ഉപകരണമില്ലാതെ അലയുന്ന നായ്ക്കൾ. കാളകൾ. അവയൊക്കെ പാപ്പച്ചൻ ചേട്ടന്റെ ഭാര്യയുടെ സ്വപ്നത്തിൽ തെളിയാറുണ്ടെത്രെ!

അമ്മയുടെ അഭിപ്രായം തന്നെയായിരുന്നു പാപ്പച്ചൻ ചേട്ടന്റെ മകൻ സ്റ്റീഫനും. ‘മൃഗപ്പറ്റിനേക്കാൾ ‘ സ്റ്റീഫനെ സ്വാധീനിച്ചത് ചങ്ങാതികൾ അവനെ ‘മൂരി സ്റ്റീഫാ..’ എന്ന് വിളിച്ച് കളിയാക്കുന്നു എന്നതായിരുന്നു. അതുകൊണ്ട് വരി ഉടയ്ക്കൽ മാത്രമല്ല തടിപ്പിക്കലും ‘ചാച്ചൻ ‘ നിർത്തലാക്കണമെന്നതായിരുന്നു സ്റ്റീഫന്റെ ആവശ്യം.

എന്നാൽ പാപ്പച്ചൻ ചേട്ടൻ ഭാര്യയുടെയും മകന്റെയും വാക്കുകൾക്ക് വിലകൊടുത്തില്ല.

പാപ്പച്ചൻ ചേട്ടന്റെ ഏക മകനായ സ്റ്റീഫൻ എന്റെ കൂട്ടുകാരനയായിരുന്നു. 7 വരെ ഞങ്ങൾ ഒരുമിച്ച് പഠിച്ചു. പിന്നെ ഞാൻ ചേർപ്പുങ്കൽ സ്കൂളിലേയ്ക്കും സ്റ്റീഫൻ പാലായിലേയ്ക്കും പഠിക്കാൻ പോയി. എങ്കിലും അവധി ദിവസങ്ങളിൽ ഞങ്ങൾ കണ്ടു. കളിച്ചു. വളർന്നു. ഞാൻ സെന്റ്. തോമസ് കോളേജിൽ പഠിച്ചപ്പോൾ അവൻ കുറവിലങ്ങാട് കോളേജിലായിരുന്നു. പിന്നീട് ഞാൻ തിരുവനന്തപുരത്തേയ്ക്ക് പോന്നു. സ്റ്റീഫൻ നാട്ടിൽ തന്നെ. ചെറിയ ബിസിനസ്സും അത്യാവശ്യം വീട്ടിലെ റബ്ബർ വെട്ടും നെൽകൃഷിയുമൊക്കെയായി അവൻ ജീവിച്ചു. വല്ലപ്പോഴുമേ കാണാൻ കഴിയുമായിരുന്നുള്ളുവെങ്കിലും ഞങ്ങളുടെ ചങ്ങാത്തം പഴയതുപോലെ തന്നെ തുടർന്നു.

നാട്ടിലൊന്നും പഴയതുപോലെ ആരും പശുക്കളെ ഇപ്പോൾ വളർത്താറില്ല. ഉള്ളവർ തന്നെ കൃത്രിമ ബീ‍ജസങ്കലനമാണിപ്പോൾ നടത്തുന്നത്. പാപ്പച്ചൻ ചേട്ടന്റെ മൂരികൾക്ക് ഇപ്പോൾ പണിയൊന്നുമില്ല. മുക്രയിടാതെയും മണ്ണ് മാന്തി എറിയാതെയും അവ ചുമ്മാ തിന്ന കച്ചിയും പഴയ ഓർമ്മകളും അയവിറക്കി തളർന്ന് കിടക്കുന്നു. അവയെ വിൽക്കാൻ സ്റ്റീഫൻ പറഞ്ഞിട്ടും പാപ്പച്ചൻ ചേട്ടൻ കേട്ടില്ല. പാപ്പച്ചൻ ചേട്ടന്റെ ചൊടിയും ചുണയുമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും അയാൾ മൂരികളുടെ കാര്യങ്ങൾ ഭംഗിയായി നോക്കി. നിത്യവും അവയെ കുളിപ്പിച്ചും പുല്ലും കാടിയുമൊക്കെ കൊടുത്തും അയാൾ അവയെ പോറ്റിപ്പോന്നു. മരുന്നിന് പോലും ‘പൂശാനൊക്കുന്നില്ല‘ എന്ന കുറവൊഴിച്ച് ബാക്കി മൂരിക്കുട്ടന്മാരുടെ എല്ലാ‍ക്കാര്യങ്ങളും ഭംഗിയായി തന്നെ നടന്നു. എങ്കിലും അവയുടെ മുഖത്ത് നിഴലിക്കുന്ന നിരാശ പാപ്പച്ചൻ ചേട്ടനെ കൂടുതൽ തളർത്തി.

ഒരു ശനിയാഴ്ച ദിവസമായിരുന്നു സ്റ്റീഫന്റെ മനസമ്മതം. എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. പെണ്ണ് അമേരിക്കയിൽ നേഴ്സാണ്. കെട്ട് കഴിഞ്ഞ് അധികം താമസിയാതെ സ്റ്റീഫനെയും അവൾ ‘അമേരിക്കാക്ക്’ കൊണ്ടുപ്പോവും. മനസമ്മതം കഴിഞ്ഞ്, വൈകിട്ട് അവനെന്നെ വിളിച്ചു. കല്യാണം അടുത്ത ഞായറാഴ്ച തന്നെ നടത്തണം. പെണ്ണിന് അധികദിവസം ലീവില്ല. കെട്ട് കഴിഞ്ഞ് അഞ്ചിന്റെ അന്ന് പെണ്ണ് പറക്കും. അടുത്ത വരവിന് അവനും പോവാം. കല്യാണത്തിന് ഞാൻ തീർച്ചയായും എത്തിയിരിക്കുമെന്ന് ഞാൻ അവന് വാക്കുകൊടുത്തു.

ഞായറാഴ്ച ഉച്ചയ്ക്ക് സജിയാണ് എന്നെ വിളിച്ച് സ്റ്റീഫൻ ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം അറിയിക്കുന്നത്. അന്ന് രാവിലെ സ്റ്റീഫന്റെ പാടം പൂട്ടാൻ ടില്ലർ ഇറക്കിയിരുന്നു. വരമ്പ് പിടിപ്പിക്കാനും വെള്ളമിറക്കാനുമൊക്കെ രാവിലെ മുതൽ സ്റ്റീഫനും പാപ്പച്ചൻ ചേട്ടനും പാടത്തുണ്ട്.

പാടത്തിന് അക്കരെയായാണ് ഓനൻ മാപ്ലയുടെ കശാപ്പ് കട. രാവിലെ കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന കാളയുടെ നാലുകാലും ചേർത്ത് കെട്ടി ഓനൻ ചേട്ടൻ കോടാലിമാടുകൊണ്ട് കാളയുടെ നെറ്റിയിൽ ആഞ്ഞടിച്ചു. നിർഭാഗ്യവശാൽ കാളയുടെ കൊമ്പിൽ തട്ടി അടിയുടെ ഊക്ക് കുറഞ്ഞതും കാര്യം മനസ്സിലാക്കിയ കാള അങ്ങനെ അങ്ങ് ‘സിദ്ധി‘കൂടാൻ മനസ്സില്ലെന്നമറി,, കെട്ടും പൊട്ടിച്ച് പാടത്തേയ്ക്കൊരു ചാട്ടം.

കാള വിരണ്ടതുകണ്ട് പൂട്ടിക്കൊണ്ടിരുന്ന ടില്ലർ അതിന്റെ പാട്ടിനുവിട്ട് ‘ആപ്പി’ അടുത്ത കരപറ്റി. പാപ്പച്ചൻ ചേട്ടനും സ്റ്റീഫനും താഴത്തെ പാടത്ത് ഞാറ് നട്ടുകൊണ്ടിരുന്ന പെണ്ണുങ്ങളും അലറിപ്പാഞ്ഞ് ഓടി. എന്നാൽ ഓട്ടത്തിനിടയിൽ ചേറിൽ വീണുപോയ സ്റ്റീഫന്റെ മേളിലൂടെയാണ് കാള പാഞ്ഞു പോയത് . പോകുന്ന പോക്കിൽ കാള ഒരു കാൽ കുത്തിയത് സ്റ്റീഫന്റെ - അമേരിക്കക്കാരി നേഴ്സിന് സ്വന്തമാവേണ്ടിയിരുന്ന - പ്രോപ്പർട്ടിയിലായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ സ്റ്റീഫന്റെ കല്യാണ സുത്രം ചേറിൽ പൂണ്ടുപോയി. ‘ഉടഞ്ഞ സ്വപ്നങ്ങളുമായി’ അവൻ ചേറിൽ പുതഞ്ഞ് കിടന്നു.

വർഷങ്ങൾക്ക് ശേഷം ഇന്നവൻ അവിവാഹിതനാണ്‌. പാപ്പച്ചൻ ചേട്ടൻ മൂരികളെ വിറ്റു. വരി ഉടയ്ക്കൽ ഇനിയൊരിക്കലും എന്നല്ല ഇനി ഒരു ജന്മമുണ്ടങ്കിലും ചെയ്യില്ലന്ന തീരുമാനവും അദ്ദേഹം സ്വീകരിച്ചു.

കിഴക്കേടത്തെ ജോർജ് ചേട്ടന്റെ പൂവാലിപ്പശുവിനുണ്ടായ മൂരിക്കുട്ടനെ കാളപൂട്ടുകാരൻ രാജപ്പൻ വാങ്ങുകയും പാപ്പച്ചൻ ചേട്ടനെക്കൊണ്ട് വരി ഉടപ്പിച്ച് കാളയാക്കി കാലങ്ങളോളം അതിനെ പാടം പൂട്ടിച്ച് കാശുണ്ടാക്കി പിന്നെ അയാൾ സ്വന്തമായി ടില്ലർ വാങ്ങിയപ്പോൾ ആ കാളയെ ഓനൻ ചേട്ടന് അറക്കാൻ കൊടുക്കുകയും അവൻ പിന്നെ പാപ്പച്ചൻ ചേട്ടന്റെ മകന്റെ തന്നെ വരി ഉടയ്ക്കാൻ കാരണമാവുകയും ചെയ്തത് യാദൃശ്ചികമാവാം.

എന്നാൽ അത് പാപ്പച്ചൻ ചേട്ടന് കർത്താവ് കൊടുത്ത ശിക്ഷയായി അദ്ദേഹത്തിന്റെ ഭാര്യ കരുതിപ്പോരുന്നു. ഇപ്പോഴും.

----------------------------------------------------------------

ഈ കഥ എഴുതിക്കോളാൻ സ്നേഹപൂർവ്വം അനുവാദം തന്ന സ്റ്റീഫാ.. നിനക്ക് നന്ദി.

Comments

Pongummoodan said…
പാപ്പച്ചച്ചേട്ടന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന പശുവിനെ തടിപ്പിക്കലും നായ്ക്കളുടെയും മൂരികളുടെയും വരിയെടുക്കലും അദ്ദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്.

- മറ്റൊരു ‘നാടൻ കഥ‘
നല്ല കഥയായിരുന്നു. പക്ഷേ പാവം സ്റ്റീഫനെ ഓര്‍ക്കുമ്പോള്‍ സങ്കടമാകുന്നു.
ഹരി മാഷെ കഥ അല്ല എങ്കിലും കഥ ആയി കാണാന്‍ ആണ് ആഗ്രഹിക്കുന്നത്‌ ... എന്തായാലും ഹരി മാഷിന്റെ സുഹൃത്തിന് നന്മകള്‍ നേരുന്നു
ഇതു ശെരിക്കു നടന്നതാ?? എന്തായാലും കുറച്ച് കടുത്തു...
ശ്രീ said…
നടന്ന സംഭവം തന്നെയോ മാഷേ? പാവം സ്റ്റീഫന്‍!
ഹാ കഷ്ടം! എന്നേപ്പോലെ "മൃഗപ്പറ്റു"ള്ള ഏതു ദുര്‍ബലഹൃദയനേയും കണ്ണുനീരണിയിക്കും വരിയുടക്കപ്പെട്ട ആ പാവം മൃഗങ്ങളുടെ അവസ്ഥ. പിന്നെ സ്റ്റീഫന്റെ കാര്യം.. അവനോട് പോയി ചാകാന്‍ പറ പൊങ്ങൂ. മനുഷ്യമ്മാര്‍ക്ക് അത്രയൊക്കയേ വിലയുള്ളൂ എന്ന് ഞങ്ങടെ മേനകാ മാഡവും അവരുടെ "പോത്തു പോലെ" വളര്‍ന്ന (അതോ വളര്‍ത്തിയതോ?) പുത്രനും പറഞ്ഞിട്ടുണ്ട്. ജയിലീന്ന് ഒന്നെറങ്ങിക്കിട്ടിയാല്‍ പാപ്പച്ചന്‍ ചേട്ടനേക്കൊണ്ട് ലവന്റെയും വരിയുടപ്പിക്കാമായിരുന്നു.

പറയാന്‍ മറന്നു. കഥ കിടു :)
abhi said…
കടുത്തു പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ...
സുഹൃത്തിനു നന്മകള്‍ നേരുന്നു !
സംഭവിച്ചത് കഷ്ടമായെങ്കിലും ആ എഴുത്തിലെ പ്രയോഗങ്ങള്‍ വായിച്ച് പൊട്ടിച്ചിരിച്ചു പോയി പൊങ്ങ്‌സേ.
എന്തിട്ടാ എഴുത്തിന്റെ സ്റ്റൈല്!

:-)
വീകെ said…
“പണ്ടൊക്കെ ദൈവം പിന്നെ പിന്നെ,
ഇപ്പൊ ദൈവം അപ്പപ്പപ്പെ”.

പാവം സ്റ്റീഫൻ....
വിധിയെന്നു പറഞ്ഞ് സമാധാനിക്കാം.

ആശംസകൾ.
JK said…
പോങ്ങുവിന്‍റെ ശൈലി ശരിക്കും പ്രൊഫഷണല്‍ തന്നെ..!!!!! എല്ലാ പോസ്റ്റുകളും ഗംഭീരം ..തൊട്ടടുത്തിരുന്നു പൊങ്ങു തന്നെ കഥ പറയും പോലെ...ആ ഭാവം പോലും അനുഭവിക്കാം ..!!!ആശംസകള്‍ ....
This comment has been removed by the author.
പാവം സ്റ്റീഫന്‍ ...

ഒരു മൊബൈല്‍ കഥ ഓര്‍മ്മ വരുന്നു........

മൊബൈല്‍ കൊണ്ടുണ്ടാവുന്ന ദൂഷ്യവശങ്ങളെ പറ്റി ഉള്ള ഒരു ചര്‍ച്ചക്കൊടുവില്‍ പാന്റിന്റെ പോക്കറ്റിലിട്ടാല്‍ ഈ പറഞ്ഞ കല്ല്യാണ സൂത്രത്തിനും ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടാന്‍ ഹൃദയത്തിനും കേടു പറ്റും എന്നൊരു പൊതു അഭിപ്രായം വന്നു........
ഇതൊക്കെ കേട്ട് നിന്ന ഒരു സുഹൃത്ത് മൊബൈല്‍ കയ്യിലെടുത്ത് കുറച്ച് നേരം ആലോചിച്ച് ഷര്‍ട്ടിന്റെ പോക്കട്ടിലിട്ടു ...
കൂടെ ഒരു ഡയലോഗും
“ഹൃദയം പോണെങ്കില്‍ പോട്ടേന്ന്”
Sethunath UN said…
പോങ്ങ്സേ
ശരിയ്ക്കും ഒരു ഹൃദയസ്പൃക്കായ് നാടന്‍ കഥ.
കൈ തന്നിരിയ്ക്കുന്നു.
നന്നായി.
തീവ്രമായ അനുഭവങ്ങളാണല്ലോ മനോഹരങ്ങളായ കഥകളായി പരിണമിക്കുന്നത്‌!!!!
abhija said…
കര്ത്താവെ...പാപ്പച്ചനു കൊടുക്കേണ്ടതു പാപ്പച്ചനു തന്നെ കൊടുക്കാന്‍ നീ ഇനിയും പഠിച്ചില്ലേ??? :(

പാവം സ്റ്റീഫന്‍ ...
ങ്ങ് ഹും!!! പറക്കും തളിക വായിച്ചത് പോലെയുണ്ട് പൊങ്ങു! കൊള്ളാം . വളരെ നന്നായിടുണ്ട്!
കഥ(അതോ നടന്ന സംഭവമോ?) തുടക്കത്തിൽ ഒരുപാട് ചിരിപ്പിച്ചെങ്കിലും അവസാനം കുറച്ചു കടുപ്പമായിപ്പോയി.
ദൈവമേ എന്തൊരു ഐറണി!
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ “കത്തി” ഒന്ന് ഓർമ്മിച്ചോട്ടെ? സ്ഥിരമായി അബോർഷൻ നടത്താറുള്ള ഡോക്റ്ററുടെ ഭാര്യക്ക് സ്വമേധയാ അബോർഷൻ.
ധനേഷ് said…
ആദ്യം ചിരിച്ചു തകര്‍ത്തു.. :)
അവസാനം എത്തിയപ്പോള്‍ കണ്ണുനിറഞ്ഞുപോയി..
:(

കുറെ തമാശകള്‍ വായിച്ച് ഏറ്റവും ഒടുവില്‍ ഒരല്പം സെന്റിമെന്റ്സ് ആയാല്‍ പോലും ആളുകള്എ അതു ശരിക്കും കരയിക്കും.. (തെളിവ് : ബ്രിജ്‌വിഹാരം)

പക്ഷേ ഇത്രയും കുറച്ചു വാക്കുകള്‍ കൊണ്ട് വായനക്കാരനെ ഇങ്ങനെ വികാരഭരിതനാക്കാനുള്ള കഴിവിനുമുന്നില്‍ ശിരസുനമിക്കാതെ നിവൃത്തിയില്ല...
പോങ്ങു മാഷെ, വായിച്ചുകഴിഞ്ഞപ്പോള്‍ വരിയെടുക്കുന്ന(കപ്പാസ്) ചിത്രമാണ് മനസ്സില്‍ തെളിയുന്നത്. വല്ലാത്ത വിഷമം തോന്നുന്നു കാരണം എന്റെ വീട്ടിലെ പട്ടിയെ മൃഗാശുപത്രിയില്‍ കൊണ്ടുപോയി വരിയുടച്ചതാണ്. അന്ന് ആ പട്ടിക്കുട്ടിയുടെ മോങ്ങല്‍ ഇപ്പോഴും കാതില്‍ അലയടിക്കുന്നു.
G.MANU said…
വ്യത്യസ്തമായ ഒരു പോങ്ങു കഥ.

ചിരിക്കാന്‍ വകയൊത്തുവന്നപ്പോ പാവം സ്റ്റീഫന്‍.. :(

ഇത് ഭാവന മാത്രം ആവണേ എന്ന് വിചാരിച്ച് ചിരിക്കുമ്പോഴും, ‘എഴുതിയത് പോങ്ങുവായതുകൊണ്ട് ആ വിചാരം വേണ്ടാ’ എന്ന് മനസു പറയുന്നു..
sojan p r said…
ഹായ് പോങ്ങുമൂട് ചേട്ടാ..
ഞാന്‍ ബൂലോകത്ത് പിച്ചവെക്കുന്നതെ ഉള്ളു.കാളപക നന്നായി .നല്ല ശൈലി.
പാവം സ്റ്റീഫന്‍ ..പ്രതികാരദാഹിയയി അപ്പന്റെ തൊഴില്‍ തന്നെ തിരഞ്ഞെടുത്തോ
ശൂഊഊഊഊഊഊഊഊ.....

ഠോ....................ഗുണ്ട് കഥ

[അതങ്ങിനെയാവാനേ വഴിയുള്ളൂ]
സ്റ്റീഫനെ ഇപ്പോഴും കാണാ‍റുണ്ടോ പൊങ്ങൂ..
സ്റ്റൈലൻ എഴുത്ത്...
ഒപ്പം മുൻപ് കണ്ട തരുണീമണിയുടെ മുഖത്ത് നോക്കി പഴയ ‘എ’ ക്ലാസ്സ് വഷളച്ചിരിയും ചിരിക്കും.

വഷളച്ചിരിലുമുണ്ടോ പഴയതും പുതിയതും അതെല്ലാം ഒരേ പോലല്ലേ . സാധനം കൊള്ളാം
പോങ്ങുമ്മൂടന്‍ ടച്ച് വല്ലാതെ ഇക്കഥയില്‍ പ്രതിഫലിച്ചില്ല എങ്കിലും വരി ഉടയ്ക്കല്‍ എന്താണെന്നത് ഡീറ്റെയിലായിട്ട് മനസ്സിലാക്കാന്‍ ഇതിലൂടെ സാധിച്ചു. നന്ദി സുഹൃത്തേ. ഭാവുകങ്ങള്‍.
നടന്ന സംഭവമാണെങ്കില്‍ സങ്കടം ഉണ്ട്, അല്ലെങ്കില്‍ ഒന്ന് ചിരിക്കാമായിരുന്നു,സ്റ്റീഫന്‍റെ അവസ്ഥ ഓര്‍ത്ത്
ഹാ.. ഹാ.. ഹാ.. ഒടുവില്‍ ലക്ഷ്മിയാണ് കാര്യം പറഞ്ഞത്. മുഴുത്ത ഒരു ഗുണ്ട് സുന്ദരമായെഴുതി വായനക്കാരെ സെന്റിയടിപ്പിച്ചല്ലോ പൊങ്ങൂസേ :)
Pongummoodan said…
സ്നേഹിതരേ, എല്ലാവർക്കും നന്ദി.

ഇതൊരു (തു)ഗുണ്ട് കഥയാണെന്ന് കണ്ടെത്തിയ ലക്ഷ്മിക്ക് മുട്ടനൊരു ഗുണ്ട് ഫ്രീ. :)
എന്നാലും സ്റ്റീഫനെന്തു പിഴച്ചു?
yeSeM said…
ഒരു കണ്ണടിച്ചു പോയാല്‍ മറ്റേ കണ്ണ് വെച്ചു ജീവിക്കാം അല്ലെ വേറൊരു വെക്തിയുടെ കണ്ണ് വെക്കാം, കിഡ്നി ആണേലും, ഹൃദയമണേലും സംഗതി മാറ്റിവെക്കാം .... ഈ പറഞ്ഞ "പ്രോപേര്‍ട്ടി " പോയാല്‍ പോയതാ.....ഡ്യൂപ്ലിക്കേറ്റ്‌ കിട്ടതുവില്ല വേറൊരുത്തന്റെ എടുത്ത് വെക്കാനും പറ്റില്ല.... ജാഗ്രതൈ ....
നടന്ന സംഭവം തന്നെയോ ?
വായിച്ച് പൊട്ടിച്ചിരിച്ചു പോയി......
ഉഷാറായിട്ട്ണ്ട്............
ആദ്യമായാണിവിടെ.. അതും 7 വർഷങ്ങൾക്ക് ശേഷം.. 😊 കഥയേക്കാൾ അനുഭവം എന്ന് തോന്നുന്നു. ഒരു വിങ്ങൽ. നല്ല പ്രയോഗങ്ങൾ.. പിടിച്ചിരുത്തുന്ന ശൈലി
വീകെ said…
ഞാൻ വീണ്ടും എഴുതുന്നില്ല.
ആശംസകൾ ....

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ