ബ്ലോഗേഴ്സും സാമൂഹിക പ്രതിബദ്ധതയും.

ബ്ലോഗ് എഴുത്തുകാർക്ക് സാമൂഹിക പ്രതിബദ്ധതയും പൊരബോധവുമൊക്കെ വേണോ? ‘വേണ്ട‘ എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ ഉത്തരം നൽകാം.

സമൂഹത്തെ നന്നാക്കാൽ ബ്ലോഗേഴ്സിന്റെ എന്നല്ല അച്ചടി മാധ്യമത്തിൽ എഴുതുന്ന എഴുത്തുകാരുടെയും പണിയല്ല. എഴുത്തുകാരന് എഴുതിയാൽ കാശ് കിട്ടും, പേര് കിട്ടും. പേരുള്ള ബ്ലോഗർ എഴുതിയാൽ അവന് ധാരാളം കമന്റ് കിട്ടും. കമന്റ് പക്ഷേ വയറുനിറക്കില്ല. അപ്പോൾ ബ്ലോഗർ എഴുതുന്നത് പേരിനുവേണ്ടിയും ആത്മനിർവൃതിക്ക് വേണ്ടിയും കുറെയൊക്കെ കമന്റുകളിലൂടെ ലഭിക്കുന്ന അംഗീകാരങ്ങൾക്ക് വേണ്ടിയുമാണ്. കാശിനുവേണ്ടിയല്ലെന്ന് നിശ്ചയം. ബ്ലോഗർക്ക് വയറ്‌ നിറക്കാൻ വേറേ പണി നോക്കണം.

എഴുത്തുകാരന് വ്യവസ്ഥിതികളെ പേടിക്കണം. ബ്ലോഗർക്കതുവേണ്ട. എഴുത്തുകാരൻ നിലനില്പിന് വേണ്ടി പല വ്യക്തികളെയും പ്രീണിപ്പിക്കേണ്ടിവരും. അവന് എഴുത്തിൽ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. സത്യത്തെ വെള്ളം ചേർത്ത് നേർപ്പിക്കേണ്ടി വരും. പലരുടെയും ഇഷ്ടാനിഷ്ടങ്ങൾ അവർക്ക് നോക്കേണ്ടി വരും. കുറഞ്ഞ പക്ഷം സ്വന്തം നിലനില്പിനെക്കുറിച്ച് ബോധവന്മാരായ എഴുത്തുകാർക്കെങ്കിലും. എന്നാൽ ഒരു ബ്ലോഗർക്ക് അതിന്റെ ആവശ്യമുണ്ടോ?

ഇല്ല സ്നേഹിതരേ.

അപ്പോൾ ആദ്യത്തെ ‘വേണ്ട’ എന്ന ഉത്തരത്തെ നമുക്ക് ‘വേണം’ എന്ന് തിരുത്തേണ്ടിവരും. അതായത് ഒരു ബ്ലോഗർക്ക് പൌരബോധം വേണം. സാമൂഹിക പ്രതിബദ്ധത വേണം. കാരണം നമ്മൾ കൂലി എഴുത്തുകാരല്ല. ബ്ലോഗ് എഴുത്തിലൂടെ നമ്മൾ ബ്ലോഗർമാർ കുക്ഷി നിറക്കുന്നില്ല. എന്നാൽ നമ്മൾ എഴുതുന്നതിലൂടെ മറ്റുള്ളവർ എന്തെങ്കിലും നേടുന്നുവെങ്കിലോ? അത് നല്ലതല്ലേ? പുണ്യമല്ലേ?

( ഒരു പക്ഷേ ഞാനൊഴിച്ച് ) നമ്മളിലെ ബഹുഭൂരിപക്ഷം ബ്ലോഗർമാരും ഓരോ പോസ്റ്റിലൂടെയും ധാരാളം വായനക്കാർക്ക് മാനസികോല്ലാസം നൽകുന്നുവെന്ന് ഞാൻ ഓർക്കുന്നു. അങ്ങനെ വേണം താനും. എന്നാൽ അങ്ങനെ മാത്രം മതിയോ?

ഒരു ദിവസം പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നല്ലൊരു ശതമാനവും ഓർമ്മക്കുറിപ്പുകളും നർമ്മാനുഭവങ്ങളും കവരുന്നു. അവയൊന്നും മോശമാണെന്നല്ല ഞാൻ പറഞ്ഞ് വരുന്നത്. ജീവിതത്തിന്റെ സ്ഥായീ ഭാവമായ ദു:ഖം മറക്കാനാവും നമ്മൾ പോസ്റ്റെഴുതുന്നതും വായനക്കാർ അത് വായിക്കുന്നതും.

ഒരു പക്ഷേ, കേരളത്തിലിരുന്ന് ബ്ലോഗ് എഴുതുന്നവരുടെ എണ്ണമാവും ബ്ലോഗ് വായനക്കാരേക്കാൾ കൂടുതൽ. അതായത് ബ്ലോഗ് വായനക്കാർ കൂടുതലും കേരളത്തിനുപുറത്താണെന്നാണ് എന്റെ വിശ്വാസം. തെറ്റോ, ശരിയോ? എന്റെ ഊഹം മാത്രം. സ്വാഭാവികമായും കേരളത്തിൽ നിന്നകന്ന് ജോലിചെയ്യുകയും ഒപ്പം ബ്ലോഗ് എഴുത്തും ബ്ലോഗ് വായനയുമായി കഴിയുന്ന വ്യക്തികൾ അവരിലെ ഗൃഹാതുരത്വമെന്ന നന്മയുടെ പ്രവർത്തനഫലമായി ഒരു പക്ഷേ ഇത്തരം ഗ്രാമീണ അനുഭവങ്ങൾ തുടിക്കുന്ന, നർമ്മരസ പ്രദാനമായ പോസ്റ്റുകളെ കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാവാം. അവർ എഴുതുന്ന പോസ്റ്റുകൾ പലതും നാടിന്റെ സ്പന്ദനങ്ങൾ അറിയുന്നവയുമാവാം.

ഉദാഹരണത്തിന് ഏവർക്കും സമ്മതനായ ‘വിശാലമനസ്കന്റെ’ കാര്യം തന്നെ എടുക്കാം. സജീവ് എടത്താടൻ എന്ന വിശാലമനസ്കൻ എഴുതിയവയിൽ ഭൂരിപക്ഷവും നർമ്മവും നാട്ടിൻ പുറത്തിന്റെ നന്മയും നിറഞ്ഞ് നിൽക്കുന്ന കഥകളായിരുന്നു . തീർച്ചയായും അദ്ദേഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഞാനടക്കമുള്ള പല ബ്ലോഗർമാരും ബ്ലോഗ് എന്നാൽ നർമ്മം എന്ന് ധരിച്ച് തമാശ പോസ്റ്റുകൾ എഴുതി വായനക്കാരെ കഷ്ടത്തിലാക്കിക്കൊണ്ടിരിക്കുന്നു. പരോക്ഷമായി പാവം വിശാലമനസ്കൻ പല ബ്ലോഗർമാരെയും തെറ്റായ പാതയിലേയ്ക്ക് നയിച്ച ക്രൂരനാണെന്ന് പറയേണ്ടി വരും.

ഒരു പക്ഷേ ബ്ലോഗിൽ ഹിറ്റായ എഴുത്തുകാർ ഭൂരിപക്ഷവും നർമ്മത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചതിനാലാവും ‘ചിരിയാണ് ബ്ലോഗിന്റെ സ്ഥായീ ഭാവം‘ എന്ന് ഭൂരിപക്ഷം പുതിയ ബ്ലോഗർമാർ ധരിച്ചതും അവർ അതേ പാത പിന്തുടർന്ന് പോന്നതും. ചിരിപ്പിക്കാനും ചിരിക്കാനും കഴിയുന്നത് വലിയ ഭാഗ്യം തന്നെ. എന്നാൽ ചിരിക്കൊപ്പം ചിന്തകൾക്കുകൂടി പ്രാധാന്യം നൽകേണ്ടതല്ലേ? അതിശക്തമായി വളർന്നുകൊണ്ടിരിക്കുന്ന ബ്ലോഗ് എന്ന മാധ്യമം ചിരിച്ച് ചിരിച്ച് മണ്ണുകപ്പി കിടക്കേണ്ടത് മാത്രമല്ലെന്ന് ബ്ലോഗിലേയ്ക്ക് വരുന്ന പുതിയ തലമുറ മനസ്സിലാക്കണം.

പുതിയ ആൾക്കാരെ ബ്ലോഗിലേയ്ക്ക് കൊണ്ടുവരാൻ സ്കൂൾ, കോളേജ് തലത്തിൽ സെമിനാറുകളും മറ്റ് ബോധവൽക്കരണ ക്ലാസ്സുകളും ഒരു കൂട്ടം മുതിർന്ന ബ്ലോഗേഴ്സിന്റെ നേതൃത്വത്തിൽ നടത്തുവാൻ പോവുന്നുവെന്ന് കേട്ടു. നല്ല കാര്യമാണ്. എന്നാൽ അവർക്ക് ഗൌരവത്തോടുകൂടി ബ്ലോഗ് എന്ന സങ്കേതത്തെ കാണുവാനുള്ള പ്രാപ്തികൂടി ഉണ്ടാക്കുവാൻ ഇത്തരം നല്ല കാര്യങ്ങൾക്ക് മുൻ‌കൈ എടുക്കുന്ന ആ‍ൾക്കാർ ശ്രദ്ധിക്കണം. ഒരാൾ തന്റെ ബ്ലോഗിൽ എന്തെഴുതണം എന്ന് തീരുമാനിക്കാൻ എഴുതുന്ന വ്യക്തിക്ക് മാത്രമേ അവകാശമുള്ളുവെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, ഇടയ്ക്കെങ്കിലും ഗൌരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കണം. അങ്ങനെ എഴുതുന്ന വ്യക്തികളെ നമ്മൾ വായനക്കാർ വായിക്കുവാനും അവയെക്കൂറിച്ചുള്ള അഭിപ്രായം അറിയിക്കുവാനും ശ്രമിക്കണം.

അച്ചടി മാധ്യമത്തിന്റെ പരിമിതി നമുക്കൊക്കെ അറിയാമല്ലോ? ഇന്ന് കേരളത്തിലെ ഏത് പത്രപ്രവർത്തകനാണ് തന്റേടത്തോടെ ഒരു സത്യം വിളിച്ച് പറയാനാവുന്നത്. അയാൾ അങ്ങനെ ഒരു ശ്രമം നടത്തിയാൽ തന്നെ അത് അയാൾ ജോലി ചെയ്യുന്ന പത്രത്തിന്റെ അല്ലെങ്കിൽ ചാനലിന്റെ താത്പര്യത്തെ ഹനിക്കുന്നതാണെങ്കിൽ അത് വെളിച്ചം കാണുമോ? പത്ര വായനക്കാർ എപ്പോഴും അറിയുന്നത് അർദ്ധസത്യങ്ങളും വളച്ചൊടിച്ച വാർത്തകളുമാ‍യിരിക്കും. സത്യം അവരിൽ നിന്ന് എത്രയോ അകലെക്കൊണ്ടെയാണ് മാധ്യമങ്ങൾ ഒളിപ്പിക്കുന്നത്.

ബ്ലോഗിന് അത്തരമൊരു പരിമിതിയില്ലല്ലോ. നമ്മൾ എഴുതുന്നത് പൂഴ്ത്താൻ നമ്മളല്ലാതെ വേറൊരു ശക്തിയില്ല. അതുകൊണ്ടാണ് ബ്ലോഗർമാർ കൂടുതൽ ധാർമ്മികത കാണിക്കണമെന്ന് ഞാൻ വിശ്വസിക്കാൻ കാരണം. സ്കൂൾ കുട്ടികൾക്കൊപ്പം തന്റേടമുള്ള പത്രപ്രവർത്തകരും സാമൂഹികപ്രതിബദ്ധതയുള്ള മറ്റ് വ്യക്തികളും കൂടി ബ്ലോഗിലേയ്ക്ക് വരണമെന്നാണ് എന്റെ ആഗ്രഹം. അപ്പോൾ ഈ സങ്കേതം കൂടുതൽ ശക്തമാവും. ശക്തമായ ഭാഷയുള്ളവർ ശക്തമായി എഴുതട്ടെ. ബ്ലോഗ് നേരിന്റെ വെളിച്ചത്തിൽ തിളങ്ങുമ്പോൾ അവിടേയ്ക്ക് ധാരാളം പുതിയ വായനക്കാർ എത്തും. ബ്ലോഗ് ഇനിയും കൂടുതൽ ജനകീയമാവും. ബ്ലോഗേഴ്സ് രണ്ടാം നിര എഴുത്തുകാരല്ലെന്ന് തെളിയുന്ന ഒരു കാലം വളരെ അടുത്തുതന്നെ ഉണ്ടാവും. അതിനായി നമ്മൾ ശ്രമിക്കണം.

ബൂലോഗം എന്നും കാരുണ്യത്തിന്റെ ഉറവിടം കൂടി ആയിരുന്നു. ഈ അടുത്ത നാളുകളിൽ തന്നെ ‘മുസ്തഫ’ എന്ന വ്യക്തിയുടെ വായിക്കുവാനുള്ള ആഗ്രഹത്തെ സന്മനസുള്ള എത്രയോ ബ്ലോഗർമാർ കെടാതെ സൂക്ഷിച്ചു. ധാരാളം പുസ്തകങ്ങൾ ആദ്ദേഹത്തിനായി ബ്ലോഗർമാർ എത്തിച്ചു നൽകി. അതുപോലെ എത്രയോ പേർക്ക് സഹായങ്ങൾ നൽകാൻ ബൂലോഗം മുന്നിട്ടിറങ്ങിയിരിക്കുന്നു. ‘ബൂലോഗ കാരുണ്യം ‘ എന്ന ബ്ലോഗ് പോലും ഉണ്ടായിരിക്കുന്നു. നമ്മളിലെ ഭൂരിപക്ഷത്തിന്റെയും സാമൂഹിക പ്രതിബദ്ധത ആർക്കും ചോദ്യം ചെയ്യാനാവുന്നതല്ല.

എന്നാൽ ഞാൻ ഒന്ന് ചോദിക്കട്ടെ. നമുക്ക് എത്ര പേരേ സഹായിക്കാനാവും? ഒരു മുഷ്തഫയെ. അല്ലെങ്കിൽ 2. അതുമല്ലെങ്കിൽ മൂന്നോ നാലോ. എന്നാൽ എല്ലാ മുസ്തഫമാരുടെയും പ്രശ്നം പരിഹരിക്കാൻ നമുക്കാവില്ല. ആഗ്രഹിച്ചാലും ആവില്ല. പക്ഷേ, അത് ചെയ്യാൻ കഴിയുന്ന ഒരു കൂട്ടരുണ്ട്. ഭരണാധികാരികൾ. അവർ മുസ്തഫമാർക്ക് നേരേ കണ്ണടയ്ക്കുന്നു. ആ കണ്ണുകൾ തുറപ്പിക്കാൻ അച്ചടി/ദൃശ്യ മാധ്യമങ്ങൾക്ക് കഴിഞ്ഞേക്കില്ല. എന്നാൽ ഞാൻ വിശ്വസിക്കുന്നു, നമ്മൾ ബ്ലോഗർമാർക്കത് സാധിക്കുമെന്ന്. പെട്ടന്ന് കേൾക്കുമ്പോൾ വിഡ്ഡിത്തമായി തോന്നാം. പക്ഷേ, സാവധാനമെങ്കിലും അത് സാധിക്കും. സമൂഹത്തെ ഉദ്ധരിക്കേണ്ടത് ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ജോലി തന്നെയാണ്. അവർ അതിന് തയ്യാറാവാതെ വരുമ്പോൾ അവർക്കെതിരെ നിരന്തരം ശക്തമായ, മൂർച്ചയേറിയ , തീ തുപ്പുന്ന വാക്കുകൾ നമ്മൾ എയ്യണം. അതിനുള്ള ധൈര്യം നമ്മൾ കാണിക്കണം. സാവധാനത്തിലെങ്കിലും വിജയം നമുക്കൊപ്പം വരും. ഭരണനേതൃത്വത്തിന്, രാഷ്ട്രീയക്കാർക്ക് പത്രങ്ങളെയും ചാനലുകളെയും വിലക്കെടുക്കാം. എന്നാൽ ഒരു ബ്ലോഗറിന്റെ തലച്ചോറിനെയും അവർക്ക് സ്വാധീനിക്കാനാവില്ല. നമ്മൾ കൂലി എഴുത്തുകാരല്ല. ഒരു തെമ്മാടിയോടും വിധേയത്വം പുലർത്തേണ്ട കാര്യം നമുക്കില്ല.

നിസ്സാരമായ ഒരു റോഡ് പണിക്കോ പാലം പാലം പണിക്കോ വേണ്ടിപോലും അനുവദിക്കുന്ന തുകയിൽ നിന്ന് നല്ലൊരു ഭാഗം ഏതാനും വൃത്തികെട്ടവന്മാർ ചേർന്ന് അടിച്ചുകൊണ്ട് പോവുന്നു. അങ്ങനെ കക്കുന്ന തുക പോരേ പാവപ്പെട്ട എത്രയോ ആയിരം ജനതയ്ക്ക് സുഭിക്ഷമായ ഒരൂ ജീവിത സാഹചര്യം ഒരുക്കാൻ? ഒരു പാട് മുസ്തഫമാർക്ക് നന്നായി കഴിയാൻ?

നമ്മൾ ബ്ലോഗർമാർ നിഷ്പക്ഷരാവണം. കുറഞ്ഞ പക്ഷം എഴുത്തിലെങ്കിലും. ബ്ലോഗർമാർക്ക് സമൂഹത്തിനായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതിന്റെ പരമാവധി ചെയ്യണം. തന്റെ എഴുത്തിലുടെ തന്നെ. അക്ഷരങ്ങളുടെ ശക്തിക്ക് മുന്നിൽ അഴിമതിക്ക് തലകുനിച്ചേ പറ്റൂ.

----------------------

ഒരു പക്ഷേ, എന്റെ ചിന്താഗതികൾ ബാലിശമായി പോയിട്ടുണ്ടാവാം. അല്ലെങ്കിൽ എന്റെ തോന്നലുകളിൽ പ്രായോഗികതയില്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്തായാലും നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ചിലപ്പോൾ എനിക്കത് ഗുണം ചെയ്യും. നന്ദിയോടെ...

Comments

Pongummoodan said…
ബ്ലോഗ് എഴുത്തുകാർക്ക് സാമൂഹിക പ്രതിബദ്ധതയും പൊരബോധവുമൊക്കെ വേണോ? ‘വേണ്ട‘ എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ ഉത്തരം നൽകാം.
ശ്രീ said…
ചിന്തകള്‍ ബാലിശമാണ് എന്നു പറഞ്ഞ് ഒഴിവാക്കേണ്ട കാര്യങ്ങളല്ല മാഷ് ഇവിടെ എഴുതിയിരിയ്ക്കുന്നതൊന്നും.

എങ്കിലും ബ്ലോഗിങ്ങിലൂടെ ഉടന്‍ തന്നെ എഴുത്തില്‍ ഒരു വിപ്ലവം ഉണ്ടാകുമെന്ന് വിശ്വസിയ്ക്കാനും വയ്യ. പക്ഷേ, കുറച്ചു കാലമെടുത്തിട്ടായാലും ബ്ലോഗിങ്ങ് മലയാള സാഹിത്യത്തില്‍ അതിന്റേതായ സ്ഥാനം കൈവരിയ്ക്കും എന്നു തന്നെ നമുക്ക് ഉറച്ചു വിശ്വസിയ്ക്കാം. ഞാനുള്‍പ്പെടെയുള്ള ഭൂരിഭാഗം പേരും ജോലി സമയത്തിനിടെ വീണു കിട്ടുന്ന സമയത്ത് ബ്ലോഗെഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തുന്നവരാണ്. അതു കൊണ്ടു തന്നെ വളരെ സീരിയസ്സായി എഴുത്തിനെ കാണുന്നുമില്ല.

പക്ഷേ,മാഷ് സൂചിപീച്ചതു പോലെ മറ്റൊരു വിഭാഗവും ഇന്ന് ബൂലോകത്ത് നിലവിലുണ്ടല്ലോ. ഗൌരവമായി തന്നെ ബ്ലോഗിങ്ങിനെ സമീപിയ്ക്കുന്നവര്‍... ശക്തമായ ഭാഷ കൈവശമുള്ളവര്‍... ചുരുങ്ങിയ പക്ഷം കമന്റുകളിലൂടെയെങ്കിലും തങ്ങളുടെ അറിവ് പകര്‍ന്നു തരാന്‍ ശ്രമിയ്ക്കുന്നവര്‍ എന്നിങ്ങനെ...

പിന്നെ, മാഷ് ഇവിടെ പറഞ്ഞതു പോലെ ഒരു കാര്യം ഞാനും എടുത്തെഴുതുന്നു... "നമ്മൾ ബ്ലോഗർമാർ നിഷ്പക്ഷരാവണം. കുറഞ്ഞ പക്ഷം എഴുത്തിലെങ്കിലും. ബ്ലോഗർമാർക്ക് സമൂഹത്തിനായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതിന്റെ പരമാവധി ചെയ്യണം"

നമുക്ക് ശ്രമിയ്ക്കാം... അല്ലേ?
ബ്ലോഗ് എഴുത്തുകാർക്ക് സാമൂഹിക പ്രതിബദ്ധതയും പൊരബോധവുമൊക്കെ വേണോ?
എന്നെനിക്കറിയില്ല...
ഒരു കമ്പൂട്ടറും ഇന്റ്ര്‍നെറ്റും മതി എന്നാണെന്ററിവ്...
പുറമേ പ്രകടിപ്പീക്കാറില്ലങ്കിൽ കൂടി നമ്മൾ മലയാളികൾ വക്തമായ രാഷ്ട്രീയ നിലപാടുകൾ മനസ്സിൽ സൂക്ഷിക്കുന്നവരാണു.അതുകൊണ്ടുതന്നെ ഭരണവർഗ്ഗത്തിനെതിരെ എന്തുനിലപാടിന്റെ പേരിലായാലും വാളോങ്ങുന്നത്‌ ഒരു ആരംഭശൂരത്വം മാത്രമായിപോകുമെന്നാണു എന്റെ അഭിപ്രായം.മാധ്യമം ഏതുതന്നെയായാലും മലയാളിയിൽ അന്തർലീനമായിരിക്കുന്ന ചില വികട താത്പര്യങ്ങൾ മാറാതെ സാമൂഹിക പ്രതിബ്ധത,പൗരബോധം മുതലായ കാര്യങ്ങൾക്ക്‌ യാതൊരു പ്രസക്തിയുമില്ല.മുസ്തഫയുടെ വാർത്തയും ഏതെങ്കിലും ഒരു മന്ത്രിയുടെ പീഡനക്കേസും ഒരേ പ്രാധാന്യത്തോടെ പ്രസിധീകരിച്ചു നോക്കൂ.നമ്മൾ ആരുതന്നെയായാലും ആദ്യം വായിക്കുക പീഡനക്കേസായിരിക്കും!!
വേണ്ടത് തന്നെ.
സാമൂഹിക ബോധം ഒരു ഉത്തരവാദിത്വമാണ്. സമൂഹവുമായി സംവദിക്കുന്ന ഏതൊരാള്‍ക്കും ഉണ്ടായിരിക്കേണ്ടതും. അയാള്‍ ഏതു മാധ്യമത്തിലൂടെ സംവദിക്കുന്നവന്‍ ആയാലും, തന്റെ ആശയങ്ങള്‍ മറ്റോരാളില്‍ എത്തിക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും അയാള്‍ക്കൂടി ഉള്‍പെടുന്ന സമൂഹത്തോടുള്ള കരുതലാണ് സാമൂഹ്യ ബോധം. അങ്ങനെയുള്ളപ്പോള്‍ ദിനവും ആയിരക്കണക്കിനു ആളുകള്‍ ആശയ വിനിമയം നടത്തുന്ന ബ്ലൊഗുകള്‍ക്കു വളരെ വലുതായ ഒരു ഭാഗമാണ് ഇതില്‍ നിര്‍വ്വഹിക്കാന്‍ ഉള്ളത്. അത് മനസിലാക്കുക, തെറ്റായ ആശയങ്ങള്‍-തെറ്റും ശരിയും ആപേക്ഷികമാണെങ്കില്‍ തന്നെയും പ്രചരിപ്പിക്കാതിരിക്കുക. ഇതു തന്നെയാണ് പ്രധാന കര്‍ത്തകവ്യം. അഭിനന്ദനങ്ങള്‍, ഇത്തരം ഒരു ചര്‍ച്ച തുടങ്ങിയതിനു.
Unknown said…
ബ്ലോഗ് എഴുത്തുകാര്‍ക്ക് എന്നു മാത്രമല്ല, ഏതൊരാള്‍ക്കും സാമൂഹിക പ്രതിബദ്ധതയും പൌരബോധവും വേണം എന്നു വിശ്വസിക്കുന്നു. ബ്ലോഗിങ്ങ് എന്നത് എന്തു പുതിയ ഒരു സങ്കേതം എന്ന രീതിയില്‍ നാം പ്രചരിപ്പിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല എന്നുകരുതുന്നു. ഒരു സൌഹൃദക്കൂട്ടം എന്നതിലുപരിയായി നാം ബ്ലോഗോസ്ഫിയറിനെ കാണണം.

ബ്ലോഗ് സാഹിത്യം പോലെ, ബ്ലോഗ് നര്‍മ്മം പോലെ, ബ്ലോഗ് ചിന്തകള്‍ക്കും ബ്ലോഗ് വിജ്ഞാനത്തിനും അതിന്റേതായ സ്ഥാനമുണ്ട്‌. ഇപ്പോള്‍ അങ്ങനെയുള്ള ബ്ലോഗുകള്‍ കുറവാണെങ്കിലും.

കൂടുതല്‍ പേരെ ബ്ലോഗ്ഗിലേക്ക്‌ ആകര്‍ഷിക്കാന്‍ ഓരോ സ്ഥലങ്ങളിലും സ്കൂളിലും മറ്റും പരിപാടികള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലത് തന്നെ, അത് നിഷ്പക്ഷമായി നടത്തിയാല്‍. അല്ലാതെ സ്ഥാനമാനങ്ങള്‍ ഉണ്ടാക്കാനോ ചീത്തപ്പേര് മറയ്ക്കാനോ ഗ്രൂപ്പില്‍ ആളെ കൂട്ടാന്‍ ആയിട്ടോ ഉപയോഗിക്കരുത്.

ഓരോരുത്തരും അവരുടെ ഹോബി അല്ലെങ്കില്‍ പാഷന്‍ അല്ലെങ്കില്‍ വിജ്ഞാനം എന്താണോ അതനുസരിച്ച് ഒറ്റയ്ക്കോ കൂട്ടായോ സഭ്യമായ ഭാഷയില്‍ എഴുതുന്നതായിരിക്കും നല്ലത്. ആയിരം ബ്ലോഗ്ഗുകള്‍ ഉണ്ടാകുന്നതിനേക്കാള്‍ നല്ലത്, നല്ല ലേഖനങ്ങള്‍ അടങ്ങിയ കുറച്ചു ബ്ലോഗ്ഗുകള്‍ തന്നെയാണ്. അതു കൂട്ടായോ ഒറ്റയ്ക്കോ ചെയ്യാവുന്നതാണ്.

മലയാളത്തിലെ കൂടുതല്‍ ബ്ലോഗ്ഗുകളും (70 ശതമാനത്തോളം?) ഒരു വര്‍ഷത്തിനകം മരിക്കുന്നു. പുതിയവ ജനിക്കുമ്പോഴും അതു തന്നെയാവും സ്ഥിതി.

നല്ല സീരിയസ് എഴുത്തുകാര്‍ വന്നാല്‍ ബ്ലോഗ്ഗിലൂടെ വിപ്ലവം തന്നെ സൃഷ്ടിക്കാനാകും. അതിനായി പേനയ്ക്കു കരുത്തുള്ളവരെ നമുക്കറിയാമെങ്കില്‍ ബ്ലോഗ്ഗിലെയ്ക്ക് എത്തിക്കാന്‍ ശ്രമിക്കാം.
G.MANU said…
പോങ്ങൂ..പറഞ്ഞതു സത്യം.
ബ്ലോഗ് മറ്റിടങ്ങളിലേപ്പോലെ ചര്‍ച്ചകളും ചിന്താസരണികളും ഒക്കെയായി ഒരു ശക്തമായ മാധ്യമം ആകേണ്ടതാണ്.. മലയാളത്തില്‍ ഇപ്പോള്‍ തന്നെയുണ്ട് ഇതുപോലെയുള്ള ബ്ലൊഗിടങ്ങള്‍..പക്ഷേ അധിക ശ്രദ്ധ അവിടേക്ക് പതിയുന്നില്ല എന്നതാണു സത്യം..

പ്രധാന കാരണം സാധാരണക്കാരയ വായനക്കാര്‍,(പ്രവാസികള്‍ അടക്കം) ഓഫീസ് ടെന്‍ഷനിടയില്‍ ആ ടെന്‍ഷന്‍ കൂടി എടുക്കേണ്ടാ എന്നു വക്കുന്നു.. പിന്നെ മലയാളിയുടെ സ്വന്തം ഈഗോ.. ലോകം മുഴുവന്‍ എന്റെ കക്ഷത്തിലാണെന്ന വിചാരം അടി, ഇടി ബഹളം..:) )


ഓര്‍മ്മക്കുറിപ്പ്, ഗൃഹാതുരത്വം, തമാശ ഈ വാക്കുകള്‍ ഈയിടെയാ‍യി അല്പം കൂടുതലായി ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടോ എന്നൊരു സംശയം..
Rajeend U R said…
എഴുതിയ കാര്യങ്ങൾ പ്രസക്തം തന്നെ.

വരും കാലങ്ങളിൽ‌‌ മാറ്റങ്ങൾ വന്നെക്കാം... കൂടുതൽ സീരിയസ് എഴുത്തുകാൽ ഉണ്ടാകുമെന്ന് നമുക്ക് പ്രത്യശിക്കാം.

പിന്നെ അതിനർമ്മം വിളമ്പലൊക്ക വളരെ താൽക്കലികമാണ്.. കാലാന്താരേണ എല്ലാവരും എഴുത്തൊക്കെ കുറയ്ക്കും... ചിലപ്പോൾ ആ സമയത്താണ് നല്ല ചിന്തകളും ആശയങ്ങളും പുറത്ത് വരുന്നത്.
നമ്മൾ ബ്ലോഗർമാർ നിഷ്പക്ഷരാവണം. കുറഞ്ഞ പക്ഷം എഴുത്തിലെങ്കിലും. ബ്ലോഗർമാർക്ക് സമൂഹത്തിനായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതിന്റെ പരമാവധി ചെയ്യണം. തന്റെ എഴുത്തിലുടെ തന്നെ. അക്ഷരങ്ങളുടെ ശക്തിക്ക് മുന്നിൽ അഴിമതിക്ക് തലകുനിച്ചേ പറ്റൂ....

തീര്‍ച്ചയായും....അക്ഷരങ്ങളുടെ ശക്തിക്ക് മുന്നിൽ അഴിമതി തലകുനിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം...അല്ലേ
(താങ്കളുടെ മൂര്‍ച്ചയേറിയ വീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും നന്നായിട്ടുണ്ട്.)
ആശയവും എഴുത്തും നന്നായി. നമുക്ക് ചുറ്റും കാണുന്ന കാര്യങ്ങലെ പറ്റി നമ്മളെല്ലാം പ്രതികരിച്ചാല്‍ തന്നെ ഒരു ചെറിയ മാറ്റം വരും. ചെറിയ ചെറിയ മാറ്റങ്ങള്‍ ആണല്ലോ വലിയ മാറ്റങ്ങള്‍ക്കു വഴി ഒരുക്കുന്നത്.
തീച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന പോസ്റ്റ്..
കൈ കോര്‍ക്കാം നമുക്കോരോരുത്തര്‍ക്കും..
ആശംസകള്‍...
ഹരീ,
താങ്കള്‍ പറഞ്ഞത് വളരെ ശരിയായ ഒന്നാണ്. ഞാന്‍ ഏതാണ്ട് 2000 or 2001-ല്‍ ബ്ലോഗിംങ് തുടങ്ങിയതാണ്. അന്നെത്തെ സ്ഥിതി വച്ചുനോക്കുമ്പോള്‍ ബ്ലോഗ് എന്ന മാധ്യമം ബഹുദൂരം മുന്നിട്ടു കഴിഞ്ഞിരിക്കുന്നു. മുന്‍പ് ബ്ലോഗ് എന്നത് എന്താണന്ന് അഭ്യസ്തവിദ്യന്മാരെപോലും പറഞ്ഞുമനസ്സിലാക്കേണ്ടിയിരുന്നു. ഇന്ന് സ്ഥിതി അതല്ല. പ്രത്യേകിച്ച് കഴിഞ്ഞ രണ്ടുവര്‍ഷക്കാലം കൊണ്ട് ബ്ലോഗില്‍ ഒരു കുതിച്ചു ചാട്ടം തന്നെ നടന്നിടുണ്ട്. ഇതിനോടകം തന്നെ ബ്ലോഗ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളൂടേയും ഉറക്കം കെടുത്തി തുടങ്ങിയിട്ടുമുണ്ട്. നല്ലതിനെ നല്ലതന്നും മോശത്തെ മോശമന്നും മതത്തിനും രാഷ്ട്രീയത്തിനും അതീതമായ് പറയാന്‍ നിഷ്‌പക്ഷനായ ഒരു ബ്ലോഗര്‍ക്കു മാത്രമേ കഴിയൂ. പത്രമാധ്യമത്തില്‍ എഴുതുന്ന ജേണലിസ്റ്റുകള്‍ ബ്ലോഗിലേക്ക് എത്തപ്പെടുന്നതും സ്വതന്ത്രമായ ആശയം അനുവാചകനിലെത്തിക്കാന്‍ വേണ്ടിയാണ്. ഇവിടെ ആരും അവന്റെ വാകുകളില്‍ കത്രിക വയ്ക്കില്ല.

നമ്മുടെ ബ്ലോഗുകള്‍ ‍സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. വിക്‌ഞാന പ്രദമോ, സാമൂഹിക പ്രശ്നങ്ങളോ കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. എന്നാല്‍ ലൈംഗികത, നര്‍മ്മം, വിവാദം, ഗ്രഹാതുരത ഇവയൊക്കയാണ് വിഷയമങ്കില്‍ നാട്ടില്‍ "മ"പ്രസിദ്ധീകരണങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകും മാതിരി പ്രസ്തുത പോസ്റ്റുകള്‍ കമന്റുകള്‍ വാരികൂട്ടുകയോ, പോസ്റ്റിലെ ഹിറ്റ് റേറ്റുകള്‍ കൂടുകയോ ചെയ്യുന്നതു കാണം.

IP അഡ്രസുകള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്ന ഒരു പോസ്റ്റിട്ടപ്പോള്‍ ഒറ്റദിവസം കൊണ്ട് എന്റെ ബ്ലോഗില്‍ 2500-ല്‍ പരം ഹിറ്റ്കള്‍ ഉണ്ടായി. പലരും മെയില്‍ വഴിയും ചാറ്റ് വഴിയും ബന്ധപ്പെട്ടു എങ്ങനെ ഇതൊക്കെ ഉപയോഗിക്കാം എന്ന് ആരാഞ്ഞുകൊണ്ട്? അതിന്റെ പിന്നിലെ വികാരം എന്തായിരുന്നു എന്ന് നന്നായി എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. മറ്റുള്ളവരുടെ IP അഡ്രസ് എങ്ങനെ ഉപയോഗിക്കാം എന്ന് ആരായുന്നവന്‍ ഒരു നല്ലകാര്യത്തിനാണ് അത് ഉപയോഗിക്കാന്‍ പോകുന്നതന്ന് കരുതാന്‍ എനിക്ക് കഴിയില്ല.

ഈ തരം ട്രന്റുകള്‍ മാറേണ്ടതുണ്ട്. ബ്ലോഗുകള്‍ സമൂഹത്തില്‍ പല ഇം‌പാക്‌റ്റുകളും ഉണ്ടാക്കാന്‍ തക്ക ശക്തമാണിന്ന്‍. അധികാരികളും രഷ്ട്രീയക്കാരും ഭരണകൂടവും ബ്ലോഗുകളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവുകള്‍ ഇവിടെയും, ഇവിടെയും വായിക്കാം. സ്ഥിതി ഇങ്ങനെ ആയിരിക്കുമ്പോള്‍ അത് സൂചിപ്പിക്കുന്നത് സാമൂഹിക പ്രതിബദ്ധതയും പൗരബോധവുമുള്ള ബ്ലോഗുകള്‍ വഴി നമുക്ക് സാമൂഹികമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമന്നുതന്നയാണ്.
തമാശക്കളി എന്നതിനേക്കാള്‍ ബ്ലോഗ് എന്നത് ഒരു ശക്തമായ മാധ്യമം ആണെന്ന് മനസ്സിലാക്കി അതിന്റേതായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താനും സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാനും ബ്ലോഗര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളും (തെറി വിളികള്‍ ഒഴിവാക്കി) ബ്ലോകുകളില്‍ ഉണ്ടാവട്ടെ.

എല്ലാത്തരം വിഷയങ്ങളും വേണം. തമാശയും, രാഷ്ട്രീയവും, മതപരവും, സാഹിത്യവും ആയ വിഷയങ്ങള്‍. അല്ലാതെ ഗൌരവമുള്ള വിഷയങ്ങള്‍ മാത്രമേ ബ്ലോഗര്‍ കൈകാര്യം ചെയ്യാന്‍ പാടുള്ളു എന്ന് പറയാന്‍ പറ്റില്ല.

“നമ്മൾ ബ്ലോഗർമാർ നിഷ്പക്ഷരാവണം. കുറഞ്ഞ പക്ഷം എഴുത്തിലെങ്കിലും.“

അങ്ങനെ പറയാനും പറ്റില്ല. സത്യത്തിന്റേയും ന്യായത്തിന്റേയും പക്ഷത്ത് നില്‍ക്കുക തന്നെ വേണം. നിക്ഷ്പക്ഷത എന്ന അഴകൊഴമ്പന്‍ നിലപാടല്ല വേണ്ടത്.
വെണം!!!സാമൂഹിക പ്രതിബദ്ധതയും പൌരബോധവും വേണം -ബുലോഗർക്കു മാത്രമല്ല,ഏവറ്ക്കും തീറ്ച്ചയായും ഉണ്ടായിരിക്കെണ്ട ഒരു കടമതന്നെയാണ്...
പക്ഷെ ബുലോഗത്തിലെ 80% പേരും സ്വന്തം satisfaction നു വേണ്ടിയാണല്ലൊ ബുലോഗത്തിലൂടെ സഞ്ചാരം നടത്തികൊണ്ടിരിക്കുന്നത് ?
Bindhu Unny said…
ബ്ലോഗര്‍മാര്‍ക്കല്ല, ഓരോ മനുഷ്യനും വേണം സാമൂഹിക പ്രതിബദ്ധതയും പൌരബോധവും എന്നാണ് എന്റെ അഭിപ്രായം.
പിന്നെ, ഒരു പബ്ലിക് ഡയറി പോലുള്ള ബ്ലോഗില്‍ എന്തെഴുതണം എന്നും, വായനക്കാരോട് എന്ത് തരം ബ്ലോഗുകള്‍ വായിക്കണം എന്നും പറയുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. സാഹിത്യത്തിലെന്ന പോലെ ബ്ലോഗിലും പല വിഭാഗങ്ങള്‍. അത്ര തന്നെ.
മലയാള മനോരമയോട് ഭാഷാപോഷിണി (അതിപ്പഴും ഉണ്ടെന്ന് കരുതുന്നു) മതി, മനോരമ വാരിക പ്രസിദ്ധീകരിക്കണ്ട എന്നാരെങ്കിലും പറയുമോ? വായനക്കാരോട് മനോരമ വാരിക ആരും വായിക്കരുത് ഭാഷാപോഷിണി വായിച്ചാല്‍ മതി എന്നു പറഞ്ഞാല്‍ ആരെങ്കിലും കേള്‍ക്കുമോ?
സമൂഹത്തിന് വേണ്ടി എന്തങ്കിലും ചെയ്യാനാണെങ്കില്‍ എല്ലാര്‍ക്കും അവരാരാവുന്നത് ചെയ്യാം. പലതുള്ളി പെരുവെള്ളം പോലെ അത് പെരുകിക്കോളും.
:-)
എല്ലാവര്‍ക്കും വെണ്ടതല്ലെ സാമൂഹിക പ്രതിബദ്ധതയും പൌരബോധവും?
അതുണ്ടായാല്‍ ബ്ലോഗ്ഗര്‍മാര്‍ക്കും ഈ പറയുന്നതൊക്കെ ഉണ്ടാവും.
കേരളീയ സമൂഹത്തിന്റെ പ്രതിനിധികളാണ് മലയാളം ബ്ലോഗ്ഗേഴ്സ്, എന്നാല്‍ ഇതൊരു സാമ്പിള്‍ പോപ്പുലേഷനല്ല താനും. അങ്ങിനെ വരുമ്പോള്‍ കേരളീയ സമൂഹത്തിന്റെ മൊത്തം ഗുണങ്ങള്‍ പോലും ബ്ലോഗ്ഗര്‍മാര്‍ക്ക് കിട്ടിക്കോളണം എന്നുമില്ല.

നിഷ്പക്ഷത എന്നൊന്നുണ്ടോ?
നമ്മുടെ മനസ്സിനോട് നമുക്കൊരു കമ്മിറ്റ്മെന്റ് ഇല്ലെ? അത് തന്നെ പക്ഷപാതം ഒരുതരം പക്ഷപാതമാണ്.

ഏതായാലും പ്രതീക്ഷകള്‍ വക്കുന്നത് നല്ലതാണ്, നാളെ എന്നൊന്നുണ്ടാവും എന്നു കരുതി മുന്നോട്ട് പോകാമല്ലോ.

ആശംസകള്‍
ബ്ലോഗെഴുത്തുകാര്‍ നിഷ്പക്ഷരാകണം! നടന്നതെന്നെ.

ബ്ലോഗില്‍ എഴുതുന്നു എന്നതുകൊണ്ട് ആരും അങ്ങനെയാകണമെന്നില്ല. രാഷ്ട്രീയാഭിപ്രായങ്ങളും ഈഗോയും എല്ലാമുണ്ട്. ഒരു നേതാവിന്റെ ദുഷ്പ്രവൃത്തിയെക്കുറിച്ച് എഴുതിയെന്നു വെയ്ക്കൂ മിനിറ്റുകള്‍ക്കകം അതിനൊരു മറുപോസ്റ്റ് വന്നിരിയ്ക്കും... ഒരാള്‍ക്ക് നല്ലത് എന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് അങ്ങനെയാവണമെന്നില്ല.

സാമൂഹികപ്രതിബദ്ധത കാണിക്കാനൊക്കെ ഇഷ്ടം പോലെ അവസരമുണ്ട്. നമ്മള്‍ താമസിക്കുന്നയിടത്തോ ജോലി ചെയ്യുന്നിടത്തോ ഒക്കെ കണ്ണു തുറന്നൊന്നു നോക്കിയാല്‍ മതി.

പാവങ്ങളെ സഹായിക്കാനും നിരാലംബരെ ആശ്വസിപ്പിക്കാനുമൊക്കെ ബ്ലോഗെഴുത്ത് നിര്‍ബന്ധമില്ല. മുസ്തഫയെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ എന്ന പോസ്റ്റ് ഞാനും കണ്ടിട്ടുണ്ട്. പക്ഷേ അത് ബ്ലോഗിലൂടെ തന്നെയേ ചെയ്യൂ എന്നില്ല. ഇവിടെ സഹായിക്കാം എന്നു പറയുന്നവര്‍ മാത്രമേ അത് ചെയ്യുന്നുള്ളൂ അല്ലാത്തവര്‍ മിണ്ടാതിരിക്കുന്നൂ എന്നു കരുതുന്നതിലും കാര്യമില്ല.

ചെയ്യാന്‍ മനസ്സുള്ളവര്‍ ചെയ്തിരിക്കും. ശരിയെന്ന് പൂര്‍ണ്ണബോധ്യമുള്ളത് ചെയ്യുക. അതിനൊരു കൂട്ടായ്മയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

ഇന്നത്തെ കാലത്ത് സമൂഹത്തിന് ദ്രോഹമൊന്നും ചെയ്യാതിരിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ സാമൂഹികപ്രതിബദ്ധത.
haari said…
"ബ്ലോഗ് എഴുത്തുകാർക്ക് സാമൂഹിക പ്രതിബദ്ധതയും പൊരബോധവുമൊക്കെ വേണോ? ‘വേണ്ട‘ എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ ഉത്തരം നൽകാം"

തീര്‍ച്ചയായും വേണം
keralafarmer said…
No Comments.
Only Tracking
Pongummoodan said…
ബിന്ദു ഉണ്ണി, പ്രിയ ഉണ്ണികൃഷ്ണൻ എന്നി മഹിളാരത്നങ്ങൾക്ക് എന്റെ കൂപ്പുകൈ. ചിന്താശേഷിയുടെ കാര്യത്തിൽ ഭവതികൾക്ക് മുന്നിൽ ഞാൻ വെറും ‘ഉണ്ണി’ ആയതിനാൽ മറുപടി നൽകാൻ നിൽക്കുന്നില്ല. :)

അഭിപ്രായപ്രകടനത്തിന് നന്ദി. ഇടയ്ക്കൊക്കെ പോങ്ങുമ്മൂടെയ്ക്ക് വരിക. കാണാം.
പോങ്ങൂ, നല്ല പോസ്റ്റ്.
ബ്ലോഗ് നാളെയുടെ മാധ്യമമാണ്.അനന്തമായ ഒരു ഭാവിയാണു അതിനെ കാത്തിരിയ്ക്കുന്നത്.എന്നാൽ അതിനെ ശരിയായ ദിശയിൽ പ്രയോജനപ്പെടുത്തിയാൽ മാത്രമേ ഉദ്ദേശിച്ച ഫലം ഉളവാകുകയുള്ളൂ.”സിറ്റിസൺ ജേർ‌ണലിസം “ എന്നത് ഇപ്പോൾ എല്ലായിടത്തും പച്ച പിടിച്ചു വരുന്ന ഒന്നാണ്.നമ്മുടെ നാട്ടിൽ തന്നെ മുംബൈ ട്രയിൻ സ്ഫോടനങ്ങൾ ഉണ്ടായപ്പോൾ അതിന്റെ ഏറ്റവും ആദ്യത്തെ വീഡിയോ വാർത്താ മാദ്ധ്യമങ്ങളെ ഏൽ‌പ്പിച്ചത് സംഭവത്തിനു ദൃക്‌സാക്ഷികളായ ലോക്കൽ ട്രയിൻ യാത്രക്കാർ തന്നെയായിരുന്നു എന്നത് അക്കാലത്ത് എല്ലാവരും റിപ്പോർട്ട് ചെയ്തിരുന്നു.അതുപോലെ തന്നെ ഓരോ സ്ഥലത്തേയും ബ്ലോഗർമാർ ഇത്തരം സംഭവങ്ങൾ അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കാലം വിദൂരഭാവിയിൽ അല്ല.

ഈ അടുത്ത കാലത്ത് എൽ‌സാൽ‌വദോർ എന്ന ലാറ്റിൻ അമേരിയ്ക്കൻ രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ വിജയത്തെ ഏറെ സഹായിച്ചത് അവിടുത്തെ ബ്ലോഗർമാർ ആയിരുന്നുവെന്ന വാർത്ത ഞാൻ എന്റെ ഒരു പോസ്റ്റിൽ കൊടുത്തിരുന്നു.

ഇങ്ങനെ ഒട്ടനവധി സാദ്ധ്യതകൾ ഈ രംഗത്തുണ്ട്.എന്നു വച്ച ഫലിതവും, കഥകളും, കവിതകളും, നിരൂപണങ്ങളും ഇല്ലാതവണമെന്നല്ല.എന്തെഴുതണം എന്ന് തീരുമാനിക്കേണ്ടത് എഴുത്തുകാരൻ തന്നെയാണ്.എന്നാൽ നമുക്ക് ഓരോരുത്തർക്കും ഈ സമൂഹത്തോടും ജീവിയ്ക്കുന്ന ഭൂമിയോടും ഒരു കടപ്പാടുണ്ട്.അപ്പോൾ നമ്മുടെ എഴുത്ത് ഈ സമൂഹത്തെ സംരക്ഷിയ്ക്കുന്ന രീതിയിലാവണം.വിഭാഗീയതയും, മത സ്പർദ്ധയും വളർത്തി രാജ്യവും ജനങ്ങളും ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാക്കാൻ നാം ഇടവരുത്തരുത്.

നിഷ്പക്ഷത എന്ന ഒന്നില്ല.നാം ഒരു വിഷയത്തിൽ ഒരു അഭിപ്രായം പ്രകടിപ്പിയ്ക്കുന്ന ആ നിമിഷം അതു ഒരു പക്ഷം ആയി മാറിക്കഴിയുന്നു.എന്നാൽ അതൊരു തെറ്റുമല്ല.പക്ഷം പിടിയ്ക്കൽ ആരോഗ്യകരമായ ചർച്ചകളിലേയ്ക്കും അതു വഴി അഭിപ്രായ സ്വരൂപണത്തിലേയ്ക്കും നയിയ്ക്കുകയാണു വേണ്ടത്.അതിനു ബ്ലോഗ് പോലെ നല്ല ഒരു മാധ്യമമില്ല എന്നാണ് എനിയ്ക്കു തോന്നുന്നത്.
Pongummoodan said…
സുനിലേട്ടന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. ഒപ്പം ഗൌരവത്തോടെ ഈ പോസ്റ്റിനെ സമീപിച്ച എല്ലാവരുടെയും.

നർമ്മം തീർത്തും ഒഴിവാക്കണം എന്ന അർത്ഥത്തിലല്ലോ ഞാൻ ഇത് കുറിച്ചത്. ശക്തമായ ഭാഷ കൈവശമുള്ള ബ്ലോഗർമാർ തമാശക്കൊപ്പം ഇടയ്ക്കൊക്കെ ആനുകാലികമായ വിഷയങ്ങളം കുറിക്കണം എന്നേ ഉദ്ദേശിച്ചുള്ളു.

ഒരു ബ്ലോഗറുടെ മേൽ അയാൾക്കല്ലാതെ മറ്റൊരാൾക്ക് നിയന്ത്രമില്ലാത്ത സ്ഥിതിക്ക് കൂടുതൽ ഗൌരവത്തോടെ ഈ മാധ്യമത്തെ കണ്ടാൽ അത് ഗുണമായി എന്നേ വിചാരിച്ചുള്ളു.

സാമൂഹിക പ്രതിബദ്ധത ബ്ലോഗർക്ക് മാത്രമേ പാടുള്ളു എന്ന അർത്ഥത്തിലല്ല ഈ പോസ്റ്റ് എഴുതിയത്. എന്നാൽ ചിൽ ‘പെൺ ബ്ലോഗർമാർ ‘ ( അങ്ങനെ വിശേഷിപ്പിക്കാമോ എന്തോ?) അങ്ങനെ ഒരർത്ഥം ഇതിന് കല്പിക്കാൻ ശ്രമിച്ചു. അല്ലെങ്കിൽ അവർ അങ്ങനെയാണ് എന്നെ വായിച്ച് മനസ്സിലാക്കിയത്. അത് എന്റെ പരാജയമോ അതോ അവരുടെ പരാജയമോ? തർക്കത്തിലേയ്ക്ക് പോവാതിരിക്കാൻ പരാജയം ഞാൻ സമ്മതിക്കുന്നു.

എല്ലാവർക്കും നന്ദി
HARI VILLOOR said…
വളരെ ശരിയാണ്‌ ചേട്ടാ താങ്കളുടെ വാക്കുകള്‍... ആരും വിലയ്ക്കെടുക്കാതെ, ആര്‍കു മുന്നിലും തലതാഴ്ത്താതെ, ഒരു ബ്ലോഗന്‌ എഴുതാന്‍ കഴിയണം.... അത് ആരേ പറ്റിയാണെങ്കിലും.....

നര്‍മ്മം മാത്രമല്ല ഒരു ബ്ലോഗന്‌ എഴുതാന്‍ പറ്റുന്നത്... നമുക്കും സമൂഹത്തില്‍ നടക്കുന്ന, നല്ലതല്ലെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങളെ പറ്റി എഴുതാന്‍ കഴിയും... കഴിയണം....

ഞാന്‍ താങ്കളോട് പൂര്‍ണ്ണമായും യോജിക്കുന്നു....

സ്നേഹപൂര്‍വ്വം..

ഹരി വില്ലൂര്‍.
പൊങ്ങുമ്മൂടന്‍റെ വീക്ഷണം കൊള്ളാം. നാം ചെയ്യുന്ന കര്‍മ്മങ്ങളില്‍ മറ്റൊരുത്തന് എന്തെങ്കിലും ഒരു സന്ദേശം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവളാണ് ഞാന്‍. എല്ലാ നല്ലവരുടേയും സല്‍ക്കര്‍മ്മങ്ങളാണ് നമ്മെയെല്ലാം ഇവിടം വരെ എത്തിച്ചതും. അവരുടെ ചിന്തയും പ്രയത്നവും നമുക്ക് ഊര്‍ജ്ജമേകി. അങ്ങനെ അല്ലായിരുന്നു എങ്കില്‍ നാമിന്നും ശിലായുഗത്തില്‍ തന്നെ ആയിരുന്നേനെ.
വിശാലമന‍സ്കന്‍ അദ്ദേഹത്തിന്‍റെ രീതിയില്‍ എഴുതട്ടെ. ബഷീറും മാധവിക്കുട്ടിയും എല്ലാം അവരുടെ അനുഭവങ്ങളും ജീവിതപശ്ചാത്തലങ്ങളുമാണ് അവരുടെ കൃതികളില്‍ ഉള്ളത്. അത് നര്‍മ്മരൂപേണയും ഗ്രാമഭംഗിയിലും നമ്മിലേക്കെത്തുമ്പോള്‍ നാം ശെരിയ്ക്കും ആസ്വദിക്കാറില്ലേ. അതല്ലേ എഴുത്തുകാരന്‍റെ ആത്മാവ്.
ഉദാഹരണത്തിന് ബഷീറിന്‍റെ ശിങ്കിടിമുങ്കന്‍ എന്ന കഥ. വായിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ നമുക്ക് തോന്നുക, അദ്ദേഹം അന്ധവിശ്വാസത്തെ അംഗീകരിക്കുന്നു എന്നാണ്.എന്നാല്‍ ഹാസ്യത്തിലൂടെ അതിനെ വിമര്‍ശിക്കുകയാണ് ചെയ്തത്.
താങ്കളുടെ ശ്രമങ്ങള്‍ക്ക് നൂറുശതമാനം എന്‍റെ പിന്തുണയുണ്ട്.
Anonymous said…
ബ്ലോഗ് താരതംയേന ഒരു സണ് റൈസ് മീഡിയം ആൺ, അത് എന്താൺ കൃത്യമായി എന്ന ചിത്രം വ്യക്തപ്പെട്ട് വരുന്നതേയുള്ളുവെന്ന് തോന്നുന്നു.

മറ്റ് മിക്കവാറും മാധ്യമങ്ങളെ അപേക്ഷിച്ച് ഒന്നാം തലത്തിലെ പ്രസിദ്ധീകരണം കഴിഞ്ഞ് രണ്ടാം തലത്തിലുള്ള ഇന്ററാക്റ്റിവിറ്റി ആൺ ബ്ലോഗ് എന്ന മീഡീയത്തിന്റെ (ഇന്ററ്നെറ്റിന്റെയും) സവിശേഷതയും ശക്തിയും, ഇന്ററാക്റ്റിവിറ്റി എന്നുപറയുമ്പോൾ തത്സമയസംവേദനം തന്നെ.

ശുദ്ധസാഹിത്യം /ലേഖനം എന്തുകൊണ്ടോ പ്രിന്റ്മീഡീയയ്ക്ക് കൂടുതൽ അനുയോജിയ്ക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. കനത്ത വിഷയങ്ങളുടെ ഓൺലൈൻ റീഡിങ്ങിന്റെ സാദ്ധ്യതകളെക്കുറിച്ച് ചില പഠനങ്ങൾ നടക്കുന്നുണ്ട്. ഇന്ററ്നെറ്റ് / കമ്പ്യൂട്ടറ് ഉപയോഗിയ്ക്കുന്ന ആൾക്കുണ്ടാകുന്ന ഷോറ്ട് അറ്റൻഷൻ സ്പാൻ എന്ന സ്വഭാവവിശേഷം സാഹിത്യം പോലുള്ള കനമുള്ള വിഷയങ്ങൾ വായിയ്ക്കാൻ അഭികാമ്യത കുറഞ്ഞ മീഡിയമായി മോണിറ്ററിനെ മാറ്റുന്നു എന്നതാൺ ഒരു നിറ്ദ്ധേശം.

അതുകൊണ്ടായിരിയ്ക്കാം ബ്ലോഗിനെക്കുറിച്ച് പൊതുവിൽ ഒരു ചറ്ച്ചാമാധ്യമം എന്ന നിലയിലുള്ള കാഴ്ചപ്പാടാണുള്ളത്. ചറ്ച്ചയ്ക്കുള്ള ഉയറ്ന്ന സാദ്ധ്യതകാരണം സാമൂഹ്യവിഷയങ്ങൾ ബ്ലോഗിൽ താരതംയേന ഉയറ്ന്ന അനുപാതത്തിൽ പ്രത്യക്ഷപ്പെടുന്നതായിക്കാണുന്നു.

ചറ്ച്ചയുടെ ഇങേപ്പുറത്ത് സംഭാഷണവും അപ്പുറത്ത് തറ്ക്കം അഥവാ ഡീബേറ്റും ആൺ. ഡിബേറ്റ് നടന്നാൽ അതൊരു ഉപസംഹാരത്തിലെത്തണം, സംഭാഷണമാണെങ്കിൽ അങ്ങനത്തെ നിർബ്ബന്ധങ്ങളില്ല. ഡീബേറ്റിൽ അതുമിതും പറയാമ്പാടില്ല, ചീത്തവിളിയ്ക്കാൻപാടില്ല. സംഭാഷണത്തിൽ തെറ്റിയാൽ അതൊക്കെ ചെയ്യാം:)

ഒരു നല്ല ഡീബേറ്റ് ഒരു നല്ല ലേഖനത്തിൽ അവസാനിക്കണം എന്നാൺ പറയുന്നത്, അത്തരം കാര്യങ്ങൾ മലയാളം ബ്ലോഗിങ്ങിൽ ഉണ്ടാവാറുണ്ട് പക്ഷേ കുറവാൺ.

ബ്ലോഗിൻ പ്രത്യേകമായുള്ള ചറ്ച്ച എന്ന സാമൂഹ്യസാദ്ധ്യത ഉപയോഗിച്ച് കൂടുതൽ അറിവിലേയ്ക്ക് നയിക്കുന്ന ബ്ലോഗിങ്ങാൺ എന്നെ സംബന്ധിച്ച് ഏറ്റവും സാമൂഹ്യപ്രതിബദ്ധമായ ബ്ലോഗ്(എന്നുവെച്ച് മറ്റുതരം ബോഗുകൾ ഉണ്ടാവരുത് എന്നൊന്നും അഭിപ്രായമില്ല).

ചോദ്യങ്ങൾ ഉയറ്ത്തി ഉത്തരങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് എഴുതിനിറ്ത്താനുള്ള സാദ്ധ്യത ബ്ലോഗ് പോലെ മറ്റൊരു മീഡീയത്തിനില്ല.ഇപ്പോൾ താങ്കളുടെ ഈ പോസ്റ്റ് തന്നെ ആ ഗണത്തിൽ ഉള്ളതാണല്ലോ.
Anonymous said…
കൈപ്പള്ളിയുടെ ഗോമ്പറ്റീഷൻ ബ്ലോഗിന്റെ സാദ്ധ്യതകൾ ഉപയോഗിയ്ക്കുന്നതിൽ രസകരമായ പരീക്ഷണം എന്നനിലയിൽ ഒരു ഇന്നൊവേഷൻ ആൺ, അത്തരം ശ്രമങ്ങൾ ബ്ലോഗിനെ കൂടുതൽ സാമൂഹ്യമായി ഉപയോഗിക്കുന്ന കാര്യത്തിൽ നവീകരിയ്ക്കും എന്നെനിയ്ക്കുതോന്നുന്നു.
പോങ്ങൂ,
പോങ്ങുവിന്റെ ആശയവും ആവേശവും കൊള്ളാം... ഒരു പത്രപ്രവര്‍ത്തകനായതുകൊണ്ടുതന്നെ പറയെട്ടെ, ബ്‌ളോഗില്‍ അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിമിതിയേറെയുണ്ട്‌. ആ പരിമിതികളെ എങ്ങിനെ അതിജീവിക്കാം എന്നതിനെപ്പറ്റിയാണ്‌ ഞാനിപ്പോള്‍ ആലോചിക്കുന്നത്‌. തെളിവുകളുടെ അഭാവത്തില്‍ നാം ഉന്നയിക്കുന്ന ആരോപണങ്ങള്‍ കേവലം കുറ്റപ്പെടുത്തലുകള്‍ മാത്രമാകാം. പൂര്‍ണമായി തെളിവുകളോടെ ഒരാരോപണമെങ്കിലും ബ്‌ളോഗില്‍ കൊണ്ടുവരാനും അതിനോടുള്ള പ്രതികരണം ശേഖരിക്കാനുമാണ്‌ എന്റെ ശ്രമം.
ഏതെങ്കിലും ഒരു ബ്‌ളോഗര്‍ക്ക്‌ സ്‌റ്റിംഗ്‌ ഓപ്പറേഷന്‍ നടത്താനായാല്‍ അത്‌ ബ്‌ളോഗിലൂടെ പുറംലോകമറിഞ്ഞാല്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ മൊബൈല്‍ ക്യാമറകള്‍ ധാരണമായതിനാല്‍ അതു സാധിക്കും. ഒരു ബ്‌ളോഗര്‍ക്ക്‌ ഒരു സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനത്തില്‍ നിന്ന്‌ അപമര്യാദയായ പെരുമാറ്റമുണ്ടായെന്നിരിക്കട്ടെ. അത്‌ ധൈര്യപൂര്‍വ്വം ചിത്രീകരിക്കുക. വിഷ്വല്‍ കിട്ടിയില്ലെങ്കില്‍ ശബ്ദമെങ്കിലും റെക്കോഡ്‌ ചെയ്യുക. (പത്രപ്രവര്‍ത്തകര്‍ക്ക്‌ ഇക്കാര്യത്തില്‍ പരിമിതിയുണ്ട്‌.) അത്‌ ബ്‌ളോഗ്‌, യൂട്യൂബ്‌ തുടങ്ങിയ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുക. പ്രസ്‌തുത സാധനം സ്‌ഫോടനാത്മകമാണെങ്കില്‍ തെളിവുള്ളതുമാണെങ്കില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ മുഴുവനും അതേറ്റെടുക്കുമെന്നുറപ്പ്‌. സാധാരണക്കാര്‍ക്കാണ്‌ ഇതില്‍ ഏറെയും സ്‌കോപ്പുള്ളത്‌. അത്തരത്തിലൊരു ശ്രമമാണാവശ്യം. പറയലല്ല, പ്രവര്‍ത്തിക്കല്‍...
പിന്നെ, മലയാളത്തിലെ രണ്ടു പ്രമുഖ പത്രപ്രവര്‍ത്തകര്‍ ബ്‌ളോഗിംഗ്‌ പഠിപ്പിക്കണമെന്ന്‌ എന്നോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പത്രത്തില്‍ വരാത്തതും അവര്‍ക്കറിയാവുന്നതുമായ ചൂട്‌ കഥകള്‍ കള്ളപ്പേരിലാണെങ്കിലും പുറംലോകത്തെ അറിയിച്ച്‌ സംതൃപ്‌തിനേടാനാണെന്നാണ്‌ എന്നോട്‌ പറഞ്ഞത്‌. നമുക്കെന്തായാലും ഒന്നിച്ചു മുന്നോട്ടു നീങ്ങാം. ബ്‌ളോഗര്‍മാര്‍ സത്യം വിളിച്ചുപറയാന്‍ തുടങ്ങിയാല്‍ പത്രമാധ്യമങ്ങളുടെ സംഘടിച്ചുള്ള പൂഴ്‌ത്തിവയ്‌ക്കലിന്‌ കുറേയൊക്കെ വിരാമമാകും....
“ബ്ലോഗേഴ്സും സാമൂഹികപ്രതിബദ്ധതയും “...

തലക്കെട്ടില്‍ തന്നെയുണ്ടല്ലൊ എന്താണ്, ആരെയാണ് എന്നൊക്കെ.
അപ്പൊപ്പിന്നെ ചര്‍ച്ചയും അതുതന്നെയല്ലെ.

ഒരുമാതിരി “പോങ്ങു“വാക്കല്ലേ :)
ബ്ലോഗർക്ക് സമൂഹത്തിൽ പലതും ചെയ്യാൻ പറ്റും സുഹൃത്തേ.സമൂഹത്തിനോട് കടപ്പാടുണ്ട് ബ്ലോഗർക്ക്. ഒന്നുമില്ലെങ്കിലും ഈ ബ്ലൊഗിംങ്ങ് വിദ്യയെങ്കിലും സമൂഹത്തിൽ നിന്നു കിട്ടിയതാണല്ലോ. ജനിച്ചപ്പോൾ കൊണ്ടു വന്നതല്ലല്ലോ?
Pongummoodan said…
പ്രിയ,

തലക്കെട്ട് കണ്ട് കാര്യങ്ങൾ വിലിയിരുത്തരുത്. ഭവതി ഞാൻ ഉദ്ദേശിച്ചത് മനസ്സിലാക്കിയിട്ടില്ല. ബ്ലോഗേഴ്സിന് മാത്രമേ ‘മറ്റേ സംഗതി‘ പാടുള്ളുവെന്നല്ല പറഞ്ഞത്.

ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് ശ്രീ. റ്റി.സി രാജേഷിന് ( വക്രബുദ്ധി ) മനസ്സിലായിട്ടുണ്ട്. അദ്ദേഹം എനിക്ക് തന്ന മറുപടി അത് ബോധിപ്പിക്കുന്നു. ഒപ്പം ആ മറുപടിയിൽ നിന്ന് കുറേക്കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാനും സാ‍ധിച്ചു. ഇത്തരം അഭിപ്രായങ്ങളാണ് ഒരു നീരിക്ഷണത്തിലെ പതിരുകൾ തിരിച്ച് അവയെ ശുദ്ധമാക്കുന്നത്. നന്ദി രാജേഷേട്ടാ.

ഞാൻ ഭവതിയെ ‘പോങ്ങു‘വാക്കാൻ ഉദ്ദേശിക്കുന്നില്ല. ഭവതി ശ്രമിച്ചാലൊട്ട് അങ്ങനെ ആവുകയുമില്ല. കാരണം ഇത് വേറെ അച്ചിലുണ്ടായതാണ്. ( എന്റെ അച്ഛന്റെ അച്ചിയെ അല്ല ഉദ്ദേശിച്ചത് ) കാണാം. :)
പോങ്ങുമ്മൂടാ,

എനിക്ക് രണ്ട് ബ്ലോഗുണ്ട്. ഒന്നു ‘ഉപഭോക്താവ്’ രണ്ട് ‘സര്‍ക്കാര്‍ കാര്യം’. കണ്ടിട്ടുണ്ടോ എന്തോ.

ഈയടുത്തകാലത്ത് ഞാന്‍ ബ്ലോഗില്‍ കൂടി എന്തു ചെയ്യുന്നു എന്ന് വിവരിക്കാനായി എന്നെ അമൃതാ വിശ്വവിദ്യാപീഠത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ രണ്ടു ബ്ലോഗുകളാണ് ഞാന്‍ അവര്‍ക്ക് കാണിച്ച് കൊടുത്തത്.

എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ പറഞ്ഞത് : ഞാന്‍ ബ്ലോഗില്‍ കൂടി സാമൂഹ്യസേവനം നടത്തുന്നു എന്ന്.

അപ്പോഴാണ് ഞാനും ആ വഴിക്ക് ചിന്തിച്ച് നോക്കിയത്. ശരിയാണെന്നു തോന്നുന്നു അല്ലേ. ഞാനുണ്ടാക്കിയ ഒരു ചെറിയ പ്രസന്റേഷനു ഉടന്‍ തന്നെ ഒരു പേരും ഇട്ടു: ‘ബ്ലോഗും, സാമൂഹ്യസേവനവും, ഞാനും’. അതും കൊണ്ടാണ് ഇപ്പോള്‍ നടപ്പ്.

പക്ഷേ, ഇടയ്ക്കെങ്കിലും ഗൌരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കണം. അങ്ങനെ എഴുതുന്ന വ്യക്തികളെ നമ്മൾ വായനക്കാർ വായിക്കുവാനും അവയെക്കൂറിച്ചുള്ള അഭിപ്രായം അറിയിക്കുവാനും ശ്രമിക്കണം.

ഇതു പോസ്റ്റിലെ വാചകമാണ്. വായിച്ച് ചിരിക്കാന്‍ കൊള്ളാം, അല്ലേ.
Pongummoodan said…
ചിരിക്കാൻ കൊള്ളാം അങ്കിൾ. ഒപ്പം ഒന്ന് ചോദിക്കട്ടെ. താങ്കളെപ്പോലെയുള്ളവർക്ക് വായനക്കാരിൽ നിന്ന് കൂടുതൽ പ്രതികരണങ്ങൾ ലഭിച്ചാൽ അത് കൂടുതൽ പ്രചോദനവും ആവില്ലേ? അങ്ങനെ ചെയ്യണം എന്നല്ലേ ഞാൻ പറഞ്ഞുള്ളു.

അങ്കിളിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
അങ്കിൾ, താങ്കൾ പറഞ്ഞത് ശരിയാണു.അങ്കിളിന്റെ ബ്ലോഗുകൾ രണ്ടും വലിയൊരു സേവനമാണു ചെയ്യുന്നത്.ഈ ബ്ലോഗുകൾക്ക് പകരം വയ്ക്കാൻ ഇപ്പോൾ മറ്റൊന്നു ഈ “ബൂലോകത്ത്” ഇല്ല.ലാവ്‌ലിൻ വിഷയമായാലും,വിവാഹ രജിസ്റ്റ്രേഷൻ നിയമങ്ങളായാലും, മറ്റു അഴി മതിക്കഥകളായാലും എല്ലാം ഇത്ര നന്നായി കൈകാര്യം ചെയ്ത ബ്ലോഗുകൾ ഇല്ല.

പോങ്ങു പറയാൻ ശ്രമിച്ച വിഷയവുമായി ഒത്തു പോകുന്നു ഈ ബ്ലോഗുകൾ.
അയ്യോ പോങ്ങൂസേ തെറ്റിദ്ധരിച്ചു. എന്റെ ബ്ലോഗില്‍ വായനക്കാര്‍ കുറവാണെന്നു പറയാന്‍ ശ്രമിക്കുകയായിരുന്നു. (lavalin case exception)
അങ്കിൾ , അതിനു രണ്ട് കാര്യങ്ങളുണ്ട്.

ഒന്നു, താങ്കൾ മിക്കവാറും വിഷയം അവതരിപ്പിച്ചിട്ട് മാറി നിൽ‌ക്കുന്ന മോഡറേറ്ററെ പോലെയാണ്.താങ്കളുടെ പോസ്റ്റുകളിൽ താങ്കളുടേതായ അഭിപ്രായങ്ങൾ വരുന്നത് കുറവാണ്.എല്ലാം മറ്റുള്ളവരുടെ ചർച്ചയ്ക്ക് വിട്ടു കൊടുക്കുകയാണ്.അപ്പോൾ താങ്കളുടെ ബ്ലോഗ് സന്ദർ‌ശിയ്ക്കുന്ന ആളിനെ പ്രതികരിയ്ക്കാൻ അവസരം കുറയുന്നു.( ലാവ്‌ലിൻ വിഷയം തന്നെ വിരലിൽ എണ്ണാവുന്ന ചിലർ നിരന്തരമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ചർച്ച ഉണ്ടാകുമായിരുന്നില്ല)

നമ്മുടെ ബൂലോകത്തിൽ ഇപ്പോളും “ലഘു വായന”യ്കാണു ആൾക്കാർ കൂടുതൽ.അതും ഒരു കാരണം ആണു.
ഹരീ,

അങ്കിള്‍ താങ്കളെ കളിയാക്കിയതായ് തോന്നിയില്ല. ഇവിടെ വന്ന മിക്ക കമന്റുകളും ഒരു വിധം കൊഞ്ഞണം കുത്തുന്ന കമന്റുകളല്ലേ. അങ്കിള്‍ പറഞ്ഞത് സാമൂഹിക പ്രതിബദ്ധതയുള്ള പോസ്റ്റുകള്‍ വായിക്കാന്‍ ആര്‍ക്കും സമയം ഇല്ല എന്നാണ്. വല്ലവരെയും തെറിവിളിക്കുന്നതോ, അസഭ്യം പറയുന്നതോ ഒക്കെ ചെയ്യുന്ന ബ്ലോഗുകള്‍ക്ക് എത്ര ഫോളേവേഴ്സ് ഉണ്ടന്നു നോകൂ. അപ്പോള്‍ മനസ്സിലാകും ഇത്.

പിന്നെ പലപ്പോഴും അങ്കിളിന്റെ ഇത്തരം കമന്റുകള്‍ തെറ്റിധരിക്കപ്പെടുകയാണ്. പലയിടത്തും ഇതേ പ്രശ്നം ഞാന്‍ കണ്ടു. അങ്കിളിന്റെ കുഴപ്പമാണല്ല അത് ഭാഷയുടെ കുഴപ്പമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്കില്‍ വിചാരിക്കുന്നതിന്റെ വിപരീത അര്‍ത്ഥമാണ് പലപ്പോഴും ഇത്തരം തമാശകളില്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുക.
നല്ലചിന്തകള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെടും. അത്രപെട്ടന്ന് ആര്‍ക്കും അത്ര ദഹിക്കില്ല. നോക്ക് നിങ്ങളുടെ നിഷ്‌പക്ഷം എന്ന വാക്കുതന്നെ എത്ര കീറിമുറിക്കപ്പെട്ടിരിക്കുന്നു. അതിന്റെ അര്‍ത്ഥം ഇവര്‍ക്കൊന്നും മനസ്സിലാകാഞ്ഞിട്ടാണന്നു ഞാന്‍ കരുതുന്നില്ല.

പോങ്ങുമൂടന്റെ വാക്കുകള്‍ പൊങ്ങായല്ല കാതലായാണ് തോന്നിയത്. രാജേഷിന്റെ അഭിപ്രായം എടുത്തുപറയാവുന്ന ഒന്നുതന്നെ. നിഷ്‌പക്ഷമായ വിലയിരുത്തല്‍ എന്നത് ഇതുതന്നെ.
Pongummoodan said…
ഇല്ല പ്രശാന്ത് , ഞാൻ അങ്കിളിന്റെ തെറ്റിദ്ധരിച്ചിട്ടില്ല. ഒരിക്കൽ ഞാൻ അദ്ദേഹത്തെ നേരിൽ കാണാൻ ഇടയായി. എനിക്കദ്ദേഹത്തോട് ബഹുമാനമേയുള്ളു. അദ്ദേഹത്തിന്റെ ഓരോ ശ്രമങ്ങളും അഭിനന്ദനാർഹം തന്നെ. നിർഭാഗ്യവശാൽ അവയൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് മാത്രം. അതിനൊരു മാറ്റം ഇനിയെങ്കിലുമുണ്ടാവട്ടെ.

കൊഞ്ഞനം കുത്തുന്ന അഭിപ്രായങ്ങൾ കുറെയൊക്കെ വന്നു. ഒപ്പം നല്ല അഭിപ്രായങ്ങളും. രണ്ടും നമുക്ക് സ്വീകരിച്ചല്ലേ പറ്റൂ. കൊഞ്ഞനം കുത്തുന്നവർക്ക് കൂടുതൽ മനോഹരമായി അത് ചെയ്യാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കാം.

നന്ദി പ്രശാന്ത്
Pongummoodan said…
പ്രിയപ്പെട്ട അങ്കിൾ,

അങ്ങയെ ഞാൻ തെറ്റായി ധരിച്ചിട്ടില്ല കേട്ടോ. അങ്കിളിന്റെ എല്ലാ നല്ല ശ്രമങ്ങൾക്കും എന്റെ പിന്തുണയും ഉണ്ടാവും. കൂടുതൽ ആൾക്കാരിലേയ്ക്ക് അങ്ങയുടെ ബ്ലോഗുകൾ എത്തിപ്പെടട്ടേ.

ഒപ്പം ശ്രീ. സുനിൽ കൃഷ്ണൻ പറഞ്ഞ -
“ഒന്നു, താങ്കൾ മിക്കവാറും വിഷയം അവതരിപ്പിച്ചിട്ട് മാറി നിൽ‌ക്കുന്ന മോഡറേറ്ററെ പോലെയാണ്.താങ്കളുടെ പോസ്റ്റുകളിൽ താങ്കളുടേതായ അഭിപ്രായങ്ങൾ വരുന്നത് കുറവാണ്.എല്ലാം മറ്റുള്ളവരുടെ ചർച്ചയ്ക്ക് വിട്ടു കൊടുക്കുകയാണ്.അപ്പോൾ താങ്കളുടെ ബ്ലോഗ് സന്ദർ‌ശിയ്ക്കുന്ന ആളിനെ പ്രതികരിയ്ക്കാൻ അവസരം കുറയുന്നു.( ലാവ്‌ലിൻ വിഷയം തന്നെ വിരലിൽ എണ്ണാവുന്ന ചിലർ നിരന്തരമായി ഇടപെട്ടില്ലായിരുന്നെങ്കിൽ ചർച്ച ഉണ്ടാകുമായിരുന്നില്ല)- ഈ അഭിപ്രായത്തെക്കുറിച്ചും അങ്കിളൊന്ന് ആലോചിക്കുക. കൂടുതൽ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും അങ്കിളിന്റെ ഭാഗത്തുനിന്ന് സ്വന്തം പോസ്റ്റിന് വേണ്ടി വരുന്നുവെങ്കിൽ അങ്ങനെയും ചെയ്യുമല്ലോ?

സ്നേഹപൂർവ്വം
പോങ്ങു
ഓ:ടോ :- ഒന്നുകില്‍ ഫോണ്‍ എടുക്കുക. അല്ലെങ്കില്‍ ആ മാരണം തല്ലിപ്പൊട്ടിക്കുക. ഇതുമല്ലെങ്കില്‍ താങ്കളുടെ മെയില്‍ ഐ.ഡി. ഒന്ന് അയച്ച് തരുക. വിഷു ദിവസം 20 പ്രാവശ്യമെങ്കിലും 0044---എന്ന് തുടങ്ങുന്ന ഒരു നമ്പറില്‍ നിന്നുള്ള വിളി കണ്ടില്ലാന്ന് മാത്രം പറയരുത് :):) തുടര്‍ന്നുള്ള ദിവസങ്ങളിലും വിളിച്ചുകൊണ്ടേയിരുന്നു.

manojravindran@gmail.com

വിഷുവിന് വിളിച്ചത് വിഷു ആശംസകള്‍ നേരാനായിരുന്നു. പക്ഷെ ഇപ്പോള്‍ വേറൊരു കാര്യം പറയണമെന്നുണ്ടായിരുന്നു.
ഹ ഹ..അപ്പോൾ നിരക്ഷരനും ഈ അബദ്ധം പറ്റിയോ?പോങ്ങുവിനെ വിളിയ്കാൻ വേണ്ടി ഫോണിൽ ഞെക്കി ഞെക്കി എന്റെ കൈവിരലുകൾ തന്നെ തേഞ്ഞു പോയി...

ദൈവം വിചാരിച്ചാലും താൻ ഫോൺ എടുക്കില്ല എന്ന നിലപാടിലാണ് പോങ്ങൂ...

അല്ല, നിരക്ഷരാ..വെറുതെ സമയം കളയാതെ ഫോൺ എടുക്കുന്ന മറ്റു വല്ലവരേയും ( എന്നെപ്പോലെ..) ഒക്കെ വിളിച്ചു വിഷു ആശംസ കൊടുത്തു കൂടെ?
ദൈവം വിചാരിച്ചാലും താന്‍ ഫോണ്‍ എടുക്കില്ല എന്ന നിലപാടിലാണ് പോങ്ങൂ...


നിരക്ഷരന്‍, സുനില്‍.... ഞാന്‍ പറയാന്‍ വന്നത് താങ്കള്‍ പറഞ്ഞു..

എന്റെ പോങ്ങൂ...
എത്രയോ നാളുകളായ് തേടുന്നു നിന്നെ ഞാന്‍
ബഷീർ said…
ഇന്ന് വാർത്താവിനിമയ ദിനമായി ആകസ്മികമായി ഈ പോസ്റ്റിലെത്തിപ്പെട്ടു :) ചിന്തനീയമാ‍യ ഒരു നല്ല ലേഖനം. പൊങ്ങുമ്മൂടൻ താങ്കളെ അഭിനന്ദിക്കാൻ അനുവദിക്കൂ..
ബഷീർ said…
O.T

താങ്കളുടെ അനുവാദമില്ലാതെ തന്നെ ഈ പോസ്റ്റിന്റെ ലിങ്ക് എന്റെ ‘ബസി’ൽ കയറ്റി വിടുന്നു. ബാക്കിയുള്ളവരും അനുഭവിക്കട്ടെ :)

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ