മത്സ്യപുരാണത്തിലെ രണ്ടാം സാക്ഷി

ഗോപിച്ചേട്ടൻ മരിച്ചു. സുഖമരണം.

ഉച്ചയൂണുകഴിഞ്ഞ് ഇറയത്തെ ചൂരൽ കസേരയിലിരുന്ന് നാലും കൂട്ടി വിസ്തരിച്ചൊന്ന് മുറുക്കി , പിന്നെ വടക്ക് വശത്തെ തെങ്ങിൻ തോപ്പിലൂടെ നാലു ചാല് നടന്നതിനുശേഷം പറമ്പിനതിരായി ഒഴുകുന്ന കൈത്തോട്ടിലിറങ്ങി കൈയ്യും കാലും മുഖവും വായയും കഴുകി വന്ന് ഭാര്യയുടെ കൈയ്യിൽ നിന്ന് ഒരു കവിൾ ചുക്കുവെള്ളവും കുടിച്ച് സോഫയിലേയ്ക്ക് ചാരികിടന്ന് അവസാന ശ്വാസത്തെ അമാന്തംകൂടാതെ സ്വതന്ത്രമാക്കി ഗോപിച്ചേട്ടൻ ഇഹലോകവാസത്തോട് സുല്ല് പറഞ്ഞു.

ഗോപിച്ചേട്ടന്റെ ഈ സുഖമരണ വാർത്ത ഫോണിലൂടെ സ്നേഹിതൻ എന്നോട്‌ വിവരിക്കുമ്പോൾ എന്റെ മനസ്സിൽ മുഴങ്ങിയത് ഒരു ശാപവചനമായിരുന്നു. “ ദുഷ്ടൻ. അവൻ കളിച്ചത് ഭഗവതിയോടാ. പുറം പുഴുത്ത് ചാവും ആ നായ “ എന്ന് നാട്ടിലെ ഒരു വൃദ്ധപ്രമാണി ഗോപിച്ചേട്ടന്റെ തലമണ്ട ലക്ഷ്യമാക്കി തൊടുത്ത ശാപമായിരുന്നു അത്. ശാപാനന്തരം ദുർവ്വാസാവ് തീ പാറുന്ന ഒരു നോട്ടം എനിക്കിട്ട് എയ്തിരുന്നു. ശാപത്തിന്റെ ഒരംശം എനിക്കു കൂടി ഉള്ളതായിരുന്നുവെന്നാണ് ആ ചുട്ട നോട്ടത്തിന്റെ അർത്ഥം. അതിന് കാരണവുമുണ്ട്.

എനിക്കിന്ന് നിങ്ങളോട് പറയാനുള്ളത് ആ കഥയാണ്. ഗോപിച്ചേട്ടന്റെ കഥ. ഞാൻ നാട്ടുകാരിൽ ചിലർക്ക് കരിങ്കാലി ആയതിന്റെ കഥ.

ഇന്ന് ദേവസ്വം ബോർഡിന്റെ കീഴിലുള്ള പാട്ടുപുരയ്ക്കൽ കാവ് പണ്ട് മറ്റയ്ക്കാട്ട് എന്ന പ്രശസ്തമായ കൈമൾ തറവാടിന്റെ കുടുംബ ക്ഷേത്രമായിരുന്നു. പിന്നീടത് ദേവസ്വം ബോർഡിന് അവർ വിട്ടുകൊടുക്കുകയാണുണ്ടായത്. പാട്ടുപുരയ്ക്കലമ്മയുടെ സ്ഥിരം ഭക്തരായി അന്നും ഇന്നും അറിയപ്പെടുന്നത് പ്രധാനമായും രണ്ട് പേരാണ്. മറ്റയ്ക്കാട്ടെ മുത്തശ്ശിയും എന്റെ വല്യമ്മാവനും ഞാൻ കൊച്ചാവി അമ്മാവനെന്ന് വിളിക്കുന്ന നാരായണൻ നായരും. പിന്നെയുള്ളത് ഒരു പിടി പാർട്ട് ടൈം ഭക്തരാണ്. മറ്റയ്ക്കാട്ടെ ജയരാജ്, മഠത്തിലെ അജി, തട്ടാറാത്തെ ജ്യോതിസ്, ഞാൻ അങ്ങനെ അങ്ങനെ വളർന്ന് വരുന്ന കുരുന്ന് ഭക്തജനങ്ങൾ വേറെയും.

ബാലൻ ചേട്ടന് പകരം പാട്ടുപുരയ്ക്കൽ കാവിലെ കഴകക്കാരനായി വന്ന ആളാണ് ഗോപിച്ചേട്ടൻ. ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുകളും ഇരുണ്ട നിറവുമായിരുന്നു ഗോപിച്ചേട്ടന്. മുൻ‌വശത്തെ ഒരു പലകപ്പല്ല് ഇല്ലാത്തതിനാൽ ചിരിക്കുമ്പോൾ നാവിന്റെ അംശം പുറത്തുകാണും. ഇരുചെവികളിലും പഞ്ഞി തിരുകി വയ്ക്കുന്നതിന്റെ കാരണക്കാരൻ ചെവി പഴുപ്പാണ്.

മുൻപിരുന്ന കഴകക്കാരൻ ബാലൻ ചേട്ടനുമായി തട്ടിച്ച് നോക്കിയാൽ ഗോപിച്ചേട്ടൻ അത്ര മികച്ച കഴകക്കാരനായിരുന്നുവെന്ന് പറയാൻ കഴിയില്ല. ആൾ ശുദ്ധനായിരുന്നുവെങ്കിലും ബാലൻ ചേട്ടൻ നേടിയതുപോലൊരു മതിപ്പ് നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ ഗോപിച്ചേട്ടന് കഴിഞ്ഞിരുന്നുമില്ല.

പാട്ടുപുരയ്ക്കലിൽ ചാർജെടുത്തതിന്റെ ആദ്യ നാളുകളിൽ അദ്ദേഹം വീട്ടിൽ പോയി വരികയായിരുന്നു. രാത്രി 7.30 നുള്ള തുഷാരം ബസ്സിൽ കയറി പാലായിലെത്തും. അവിടെ നിന്ന് അടുത്ത ബസ്സിൽ 18 കിലോമീറ്റർ യാത്രചെയ്ത് വീട്ടിലേയ്ക്കും. എന്നാൽ പലപ്പോഴും വൈകുന്നേരം തുഷാരം കിട്ടാതെ വന്നതുകൊണ്ടും അതിരാവിലെ വീട്ടിൽ നിന്ന് കാവിലെത്താനുള്ള പ്രയാസം കൊണ്ടും ഗോപിച്ചേട്ടൻ കിടപ്പ് കാവിൽ തന്നെ ആക്കി. പകൽ വീട്ടിൽ പോവുകയും വൈകിട്ട് അത്താഴം പൊതിഞ്ഞെടുത്ത് കാവിൽ വരികയും ചെയ്ത് പോന്നു.

ദീപാരാധന കഴിയുന്നതോടെ സീനിയർ ഭക്തരെല്ലാം അന്നത്തേക്കാവശ്യമായ അനുഗ്രഹങ്ങളും അടിച്ച് മാറ്റി പോയിട്ടുണ്ടാവും. പിന്നെ അവശേഷിക്കുന്നത് മിക്കപ്പോഴും ഞങ്ങൾ രണ്ടുമൂന്ന് കുരുന്ന് ഭക്തർ മാത്രമായിരിക്കും. കാരണമുണ്ട്. അത്താഴപൂജ കഴിഞ്ഞ് സ്വല്പം പായസവും ശർക്കരയും തേങ്ങയും മലരുമൊക്കെ ഞങ്ങൾക്ക് തിരുമേനി തരും. ഗോപിച്ചേട്ടനും ഞാനുമായി ഇതിനോടകം ശക്തമായ ഒരു ചങ്ങാത്തം ഉരുത്തിരിഞ്ഞ് വന്നതിന്റെ ഫലമായി അദ്ദേഹത്തിന്റെ പങ്കും ഒപ്പം പായസം ഉണ്ടാക്കുന്ന ചെറിയ ഓട്ടുരളി വടിച്ച് നക്കാനും എനിക്ക് കിട്ടും. പ്രത്യുപകാരമായി കിണ്ടി, മൊന്ത, ഉരുളി, തവി തുടങ്ങിയവയൊക്കെ കഴുകി കമഴ്ത്താൻ ഞാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും. ഇടയ്ക്കൊക്കെ ശംഖ് വിളിക്കാനുള്ള അനുമതിയും ഗോപിച്ചേട്ടൻ എനിക്കും ജയനും തന്നിരുന്നു.

ഒരു ദിവസം രാത്രി തിരുമേനി പൂജ കഴിഞ്ഞ് ശ്രീകോവിൽ പൂട്ടി പോവുമ്പോൾ ജയനും ഞാനും ഗോപിച്ചേട്ടനും കാവിനകത്തിരുന്ന് സംസാരിക്കുകയായിരുന്നു. ഇടക്ക് ജയൻ എഴുന്നേറ്റ് തിടപ്പള്ളിയ്ക്കുള്ളിലേയ്ക്ക് നടന്നു. മകനെ ചൊല്ലി ഗോപിച്ചേട്ടൻ അന്നും കുറെ പരിതപിച്ചു. മോന് ജോലി ഒന്നും ആവാത്തതിലെ വിഷമവും ഗോപിച്ചേട്ടനെ ഇടയ്ക്കിടെ പിടികൂടുന്ന വലിവിനെക്കുറിച്ചുമൊക്കെ ആ മനുഷ്യൻ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പതിനാല് വയസ്സ് മാത്രം പ്രായമുള്ള എന്നോട് ഗോപിച്ചേട്ടന്റെ പ്രാരബ്ദങ്ങൾ പറഞ്ഞാൽ, അതെനിക്ക് മനസ്സിലാക്കാനാവുമെന്നോ പരിഹാരം നിർദ്ദേശിക്കാനാവുമെന്നോ സഹായം ലഭിക്കുമെന്നോ ഒന്നും വിശ്വസിച്ചിട്ടല്ല ആ മനുഷ്യൻ ഇതൊക്കെ പറയുന്നതെന്ന് എനിക്കറിയാം. പറഞ്ഞ് പറഞ്ഞ് ദു:ഖങ്ങൾ കുറയ്ക്കുകയാവും. ദുരിതങ്ങൾ പേറുന്നവർക്കത്യാവശ്യം അവരെ കേൾക്കുന്ന നല്ല കേൾവിശക്തിയുള്ള കാതുകളാവും!! ഞാൻ ഗോപിച്ചേട്ടന്റെ നല്ല കേൾവിക്കാരനായിരുന്നു. അതാവും അദ്ദേഹത്തിനെന്നോടുള്ള ഇഷ്ടവും.

തിടപ്പള്ളിയ്ക്കുള്ളിൽ നിന്ന് ജയന്റെ വിളി കേട്ട് ഞാൻ അവിടേയ്ക്ക് ചെല്ലുമ്പോൾ കണ്ടത് ജയൻ ഗോപിച്ചേട്ടന്റെ ചോറ്റുപാത്രം തുറന്ന് അതിലേയ്ക്ക് സൂക്ഷിച്ച് നോക്കി നിൽക്കുന്നതാണ്. എന്നെ കണ്ടതും അവൻ അതിനുള്ളിൽ മീൻ വറത്തതാണെന്ന് പറഞ്ഞ് പാത്രം എന്റെ നേരേ നീട്ടി. വ്യക്തമായി കാണുന്നതിന് മുൻപ് തന്നെ അവൻ പാത്രം അടച്ച് പുറത്തേയ്ക്കിറങ്ങി ഓടുകയും ചെയ്തു. ഉറപ്പായും അവൻ അത് ഇപ്പോൾ തന്നെ എല്ലാവരോടും പറയും. അമ്പലത്തിനകത്ത് മീൻ കയറ്റുക എന്നത് ക്ഷമ അർഹിക്കുന്ന കുറ്റമാവില്ല. ഗോപിച്ചേട്ടനോട് ഒന്നും സംസാരിക്കാനാവാതെ, അദ്ദേഹത്തിന്റെ മുഖത്ത് നോക്കാതെ ഞാൻ വെളിയിലേയ്ക്ക് നടന്നു. കാവിനുള്ളിൽ ഭഗവതിയും ഗോപിച്ചേട്ടനും പൊരിച്ചമീനും മാത്രം.

ഗോപിച്ചേട്ടൻ മീൻ കൊണ്ടുവന്നതുപോലെ തന്നെ അനുവാദം കൂടാതെ അദ്ദേഹത്തിന്റെ ചോറ്റുപാത്രം ജയൻ തുറന്നതും തെറ്റായിരുന്നു എന്നാണ് എന്റെ പക്ഷം. ഒരുപക്ഷേ ഗോപിച്ചേട്ടനോട് തോന്നിയ സഹാനുഭൂതിയും ഇഷ്ടവുമാവാം അങ്ങനൊരു ചിന്ത എന്നിൽ കൊണ്ടുവന്നത്. ഒരാൾ ചെയ്യുന്ന തെറ്റ് മറ്റൊരാൾ ചെയ്യുന്ന കുറ്റത്തെ വെളിച്ചത്ത് കൊണ്ടുവരുന്നു. രസകരമാണ് കാര്യങ്ങൾ.

സ്വാഭാവികമായും ആ സംഭവം ഒരു വലിയ ചർച്ചയായി മാറി. ‘തൊണ്ടി സാധനം‘ മാറ്റാത്തതിന്റെ പേരിൽ ചെറിയതോതിലുള്ള കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നെങ്കിലും ജയൻ നാട്ടിലെ ഹീറോ ആയി മാറിയിരുന്നു. മുക്കിലും മൂലയിലും നിന്ന് അവൻ സംഭവം വിവരിച്ച് കൈയ്യടി നേടി. ഭഗവതി ജയനെ ചോറ്റുപാത്രത്തിന്റെ അടുത്തേയ്ക്ക് കൈപിടിച്ച് നടത്തുകയായിരുന്നുവെന്ന് ഒരു മൂത്തഭക്തൻ കണ്ടെത്തി. ‘നേരാണ്, ആരോ എന്റെ കൈപിടിച്ച് നടത്തിയതായി അനുഭവപ്പെട്ടിരുന്നു ‘ എന്ന് ജയൻ ചെറിയ നാണത്തോടെ സമ്മതിച്ചതോടുകൂടി ഒരു ദൈവീക പരിവേഷവും ജയന് ചാർത്തി കിട്ടി. ജയന്റെ ഡേറ്റ് ലഭ്യമാവാത്തപ്പോൾ ‘മത്സ്യപുരാണം’ കേൾക്കാൻ ചിലർ എന്റെ ചുറ്റും കൂടിയിരുന്നു. എന്നാൽ അവതരണത്തിലെ പാളിച്ചകൊണ്ടോ അല്ലെങ്കിൽ ഗോപിച്ചേട്ടൻ നേരിടാൻ പോവുന്ന ദുരന്തമോർത്തുള്ള ദു:ഖം കൊണ്ടോ എന്തോ കേൾവിക്കാരെ തൃപ്തിപ്പെടുത്താൻ എനിക്ക് സാധിച്ചിരുന്നില്ല. അല്ലെങ്കിൽതന്നെ കഥ പറച്ചിലിൽ പണ്ടേ ഞാനൊരു പരാജയമായിരുന്നു.

ദിവസങ്ങൾ പലതും കഴിഞ്ഞ് പോയി. പിള്ളേച്ചന്റെ ചായക്കടിലും കലുങ്കിലും പൊന്നന്റെ ബാർബർഷോപ്പിലും ചർച്ചാവിഷയം മത്സ്യപുരാണം തന്നെ. സസ്പെൻഷനിലിരിക്കുന്ന ഗോപിച്ചേട്ടന്റെ ജോലി ദേവസ്വം വിജിലൻസിന്റെ അന്വേഷണം പൂർത്തിയാവുന്നതോടെ തെറിക്കുമെന്നതിൽ ആർക്കും തർക്കമില്ല. ജനരോഷം അത്രയ്ക്കാണ്. പ്രമാണിമാരുടെ പിടിയ്ക്കും നല്ല മുറുക്കമുണ്ട്. മാത്രവുമല്ല രണ്ട് സാക്ഷികളും കണ്ടത് സത്യസന്ധമായി പറയുകകൂടി ചെയ്യുമ്പോൾ കാര്യങ്ങൾ ഗോപിച്ചേട്ടന് അനുകൂലമാവാൻ തരമില്ല.

ഒരു ശനിയാഴ്ച ദിവസമായിരുന്നു ദേവസ്വം വിജിലൻസ് ,സാക്ഷി മൊഴികൾ എടുക്കാൻ വരുന്നത്. ഒന്നാം സാക്ഷി ജയരാജ് എന്ന ജയൻ. രണ്ടാം സാക്ഷി ഞാൻ.

മീനഭരണിക്ക് പോലും കാണാത്തത്ര ആൾക്കാർ അന്നേ ദിവസം രാവിലെ കാവിന്റെ മുറ്റത്തെത്തി എന്ന് പറഞ്ഞാൽ അത് അല്പം പോലും അതിശയോക്തി കലർന്നതാവില്ല. പത്ത് മണിയോടെ ഗോപിച്ചേട്ടൻ വന്ന് അധികപ്പറ്റായി കാവിന്റെ മുറ്റത്ത് നിന്നു. 11.30 നാണ് വിജിലൻസ് എത്തിയത്.

ഇതിനിടയിൽ ചില നാട്ടു പ്രമാണികൾ ജയനും എനിക്കും ‘വേണ്ട നിർദ്ദേശങ്ങൾ‘ തന്നു. ഒരുത്തന്റെ ജോലി കളയാൻ അവർ കാണിക്കുന്ന ഉത്സാഹം കണ്ടപ്പോൾ എന്റെ കണ്ണുകൾ കയ്ച്ചു.

ജയരാജ് നല്ല ഉത്സാഹത്തിൽ തന്നെയാണ്. അവൻ കണ്ട കാര്യങ്ങൾ ഒട്ടും കുറയ്ക്കാതെ തന്നെ ആത്മവിസ്വാസത്തോടെ വിജിലൻസ് സമക്ഷം ബോധിപ്പിച്ച് മടങ്ങി.

അടുത്ത ഊഷം എന്റേതാണ്. ശ്രീകോവിലിന് മുന്നിൽ പോയി ഞാൻ കൈകൂപ്പി പ്രാർത്ഥിച്ചു.” എന്റെ പാട്ടുപുരയ്ക്കലമ്മേ, ഞാൻ ഒരു നുണ പറയാൻ പോവുകയാണ്. നീ എന്നെ ഉപദ്രവിക്കാൻ വരരുത്. മീൻ കൊണ്ടുവന്നത് അമ്മയ്ക്ക് ഇഷ്ടമായില്ലെങ്കിൽ അതിനുള്ള ശിക്ഷ നീ നേരേ തന്നെ ഗോപിച്ചേട്ടന് കൊടുത്തോളൂ. എന്റെ സഹായം നിനക്കാവശ്യമില്ലല്ലോ? എന്നാൽ ഗോപിച്ചേട്ടന് എന്നെ ഇപ്പോൾ ആവശ്യമുണ്ട്. അയാൾ വലിയ കഷ്ടപ്പാടിലാണ്. ഈ ജോലി പോയാൽ അവർ പട്ടിണിയാവും. ഞാൻ നിനക്കെതിരാണെന്ന തെറ്റിദ്ധാരണയിൽ പേപ്പട്ടിയേയോ പാമ്പിനേയോ വിട്ട് നീ എന്നെ കടിപ്പിക്കുമോ? ഇല്ലല്ലേ. എനിക്കറിയാം നീ അത്രയ്ക്ക് കണ്ണിൽ ചോര ഇല്ലാത്തവളല്ലെന്ന്. അനുഗ്രഹിക്കണേ അമ്മേ..ഞാനൊരു നുണ പറഞ്ഞിട്ട് വരാം. “

ഇത്രയും പ്രാർത്ഥിച്ച് ഞാൻ രണ്ട് ഓഫീസേഴ്സിന്റെയും അടുത്ത് ചെന്നു. സംഭവം നടന്ന ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നോ എന്നും ആദ്യസാക്ഷി പറഞ്ഞ കാര്യങ്ങൾ താനും കണ്ടതാണോ എന്നുമൊക്കെയാണ് അവർ ചോദിച്ചതെന്ന് തോന്നുന്നു. ഞാനവിടെ ഉണ്ടായിരുന്നുവെന്നും പക്ഷേ ജയൻ കണ്ടിട്ട് മീനെന്ന് പറഞ്ഞത് പാവയ്ക്കാ വറുത്തതായി ആണ് എനിക്ക് തോന്നിയതെന്നും ഞാനത് മണത്ത് നോക്കിയപ്പോൾ കനച്ച എണ്ണയുടെ മണം മാത്രമേ വന്നുള്ളുവെന്നും മീനാണെന്ന് കരുതുന്നില്ലെന്നും ഒരു ഉളുപ്പുമില്ലാതെ ഞാൻ ഉത്തരം നൽകി.

അന്ന് ഒരുപാട് കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ഞാൻ കേൾക്കേണ്ടി വന്നു. പലരും എന്നെ വല്ലാതെ ഒറ്റപ്പെടുത്തി. 14 വയസ്സുള്ള ഒരു കരിങ്കാലി പടിഞ്ഞാറ്റിൻ‌കരയിൽ അന്ന് ജന്മമെടുത്തു.

രണ്ട് കാര്യങ്ങൾ മാത്രമാണ് എനിക്കാശ്വാസം തന്നത്. ഒന്ന് ഗോപിച്ചേട്ടന് ജോലി നഷ്ടപ്പെട്ടില്ലെന്നത്.( അദ്ദേഹത്തെ ളാലത്തുള്ള അമ്പലത്തിലേയ്ക്ക് സ്ഥലം മാറ്റി.വീടിന് ഏകദേശമടുത്ത്!!! ) രണ്ട്. കാവിലെ വിജയൻ തിരുമേനി എന്നെ ആശ്വസിപ്പിക്കുകയും ചെയ്തത് നന്നായെന്ന് പറയുകയും ചെയ്തത്.


ഗോപിച്ചേട്ടന് ആദരാഞ്ജലികൾ.

Comments

Pongummoodan said…
ഗോപിച്ചേട്ടൻ മരിച്ചു. സുഖമരണം.

ഉച്ചയൂണുകഴിഞ്ഞ് ഇറയത്തെ ചൂരൽ കസേരയിലിരുന്ന് നാലും കൂട്ടി വിസ്തരിച്ചൊന്ന് മുറുക്കി , പിന്നെ വടക്ക് വശത്തെ തെങ്ങിൻ തോപ്പിലൂടെ നാലു ചാല് നടന്നതിനുശേഷം പറമ്പിനതിരായി ഒഴുകുന്ന കൈത്തോട്ടിലിറങ്ങി കൈയ്യും കാലും മുഖവും വായയും കഴുകി വന്ന് ഭാര്യയുടെ കൈയ്യിൽ നിന്ന് ഒരു കവിൾ ചുക്കുവെള്ളവും കുടിച്ച് സോഫയിലേയ്ക്ക് ചാരികിടന്ന് അവസാന ശ്വാസത്തെ അമാന്തംകൂടാതെ സ്വതന്ത്രമാക്കി ഗോപിച്ചേട്ടൻ ഇഹലോകവാസത്തോട് സുല്ല് പറഞ്ഞു.
G.MANU said…
{{{{{{ഠേ}}}}}}}}
തേങ്ങാ എന്റെ വക

ഇനി വായന

ഡിലീറ്റ് ചെയ്താല്‍ കൊല്ലും ഞാന്‍..
നന്നായി!!!!!!!!!!!!

എന്തെങ്കിലും സത്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ്...
മൌനി... said…
ഗോപിച്ചേട്ടന് എന്റെയും ആദരാഞ്ജലികൾ.
വറുത്തതായി ആണ് എനിക്ക് തോന്നിയതെന്നും ഞാനത് മണത്ത് നോക്കിയപ്പോൾ കനച്ച എണ്ണയുടെ മണം മാത്രമേ വന്നുള്ളുവെന്നും മീനാണെന്ന് കരുതുന്നില്ലെന്നും ഒരു ഉളുപ്പുമില്ലാതെ ഞാൻ ഉത്തരം നൽകി.

:).. ഇങ്ങനെ ശപിച്ചു തള്ളുന്നതോന്നും നടക്കൂല്ലെന്നെ... !
My Photos said…
ഇതിലേതാണ് സത്യം ഏതാണ് കളവു. ടോട്ടല്‍ കണ്ഫുഷ്യന്‍. എന്നാലും ശരിക്കും മീനായിരുന്നോ. അതോ ജയന്‍ ആര്കെന്കിലും വേണ്ടി പാര പണിയാന്‍ കൂട്ട് നിന്നതോ. എന്തായാലും ഒരു കുടുമ്പത്തെ പട്ടിണിയില്‍ നിന്നു രക്ഷിച്ചല്ലോ. നന്നായി.
നല്ല കുട്ടി... അതിനുള്ള പുണ്യം വേറെ കിട്ടും....

ഗോപിച്ചേട്ടന് ആദരാഞ്ജലികള്‍
BS Madai said…
കരിങ്കാലിയായാലും ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ - നന്നായി, വിവരണവും. പിന്നെ ഈ മനുജി-യെ തേങ്ങ അടിക്കാന്‍ സ്ഥിരായി ഏല്പിച്ച് കൊടുത്തിരിക്കയാ?! എന്താ പുള്ളിയുടെ ചാര്‍ജ്?!
Thaikaden said…
Cheythathu nannaayi.
കനല്‍ said…
അതൊരു നല്ല കാര്യമായിരുന്നു,സംഗതി കള്ളം പറഞ്ഞതാ‍ണേലും.
smitha said…
ജീവിതത്തില്‍ ഒരു കള്ളം പറഞാലും ഒരു കുടുംബം രക്ഷപെട്ടല്ലൊ.
പോങ്ങൂ അല്ലെങ്കിലും താന്‍ നല്ലവനാണടൊ, ദേവീടെ അനുഗ്രഹം എന്നുമുണ്ടാകും കൂടെ ആ ഗോപിച്ചേട്ടന്റെ ആശിര്‍വ്വാദവും.

സംഭവം എന്തായാലും ഗോപിച്ചേട്ടന്‍ ചെയ്തത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം

ഒരു കാര്യം ഞാന്‍ വിശ്വസിക്കുന്നില്ല നുണ പറയുന്നതിനുമുമ്പ് ദേവിയോട് അനുവാദം ചോദിച്ചെന്ന്..
ദശാവതാരത്തില്‍ മത്സ്യാവതാരത്തിനു ഇത്രനല്ലൊരു ഉദ്ദേശശുദ്ധിയുള്ള കാര്യം ഹരി(വിഷ്ണു )പുരാണം വായിച്ചപ്പോള്‍ പിടി കിട്ടെന്‍ട്ടിഷ്ട്ട ....
ശ്രീ said…
ഗോപി ചേട്ടന്‍ ചെയ്തതിനെ ന്യായീകരിയ്ക്കുന്നില്ലെങ്കിലും മാഷുടെ മറുപടി കൊണ്ട് ഒരാളുടെ ജോലി നഷ്ടപ്പെട്ടില്ലല്ലോ എന്ന് കരുതി ആശ്വസിയ്ക്കാം.
ജയൻ പറഞ്ഞത് സത്യമാണോ അല്ലയോ എന്ന് വ്യക്തമല്ലാ‍ത്ത സ്ഥിതിക്ക് പൊങ്ങുമ്മൂടൻ പറഞ്ഞത് കള്ളമാണെന്ന് ഉറപ്പിക്കാനും പറ്റില്ലല്ലോ. ഏതായാലും ഒരു കുടുംബം രക്ഷപ്പെട്ടല്ലോ. അതാണ് വലിയ കാര്യം.
അപ്പോള്‍, ഗോപിയേട്ടന്റെ പ്രതികരണം? അതു മീന്‍ തന്നെ ആയിരുന്നൊ? അതെങ്ങനെ അങ്ങേരുടെ പാത്രത്തില്‍ വന്നു? ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ പൊങ്ങുവാശാനേ .. :)

ഒരു കോമഡി പ്രതീക്ഷിച്ചാണ് ഇവിടെ വന്നതെങ്കിലും, കൊള്ളാം .. ഗോപിയേട്ടനു ആദരാജ്ഞലികള്‍ ..
പോങ്ങേട്ടാ സംഭവം നന്നായിരിയ്ക്കുന്നു. ഒരു നല്ല കാര്യത്തിന് വേണ്ടീ ഇത്തിരി കള്ളം പറഞ്ഞാലും തെറ്റില്ല ആ നല്ല മനസ്സ് എന്നും താങ്കള്‍ക്കുണ്ടാകട്ടെ

ഇനി സത്യം പറ ഗോപിച്ചേട്ടന്‍ കൊണ്ടുവന്ന പൊരിച്ച മീനിന്റെ പാതിവാങ്ങിയടിച്ചിട്ടല്ലേ പുള്ളിക്കനുകൂലമായി മൊഴി കൊടുത്തത്?

എനി വേ എനിക്കെതിരായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയാണെങ്കില്‍ ഞാന്‍ താങ്കളെ രണ്ടാം സാക്ഷിയായി ഉള്‍പ്പെടുത്തും.
Pongummoodan said…
ആകെ പൊല്ലാപ്പായോ? അതെ. ഗോപിച്ചേട്ടൻ അത്താഴത്തിന് നല്ല ഒന്നാന്തരം നത്തോലി ഫ്രൈ തന്നെയാണ് കൊണ്ടുവന്നത്. പക്ഷേ, ആ സത്യം ഞാൻ പറഞ്ഞാൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഊണ് എന്നെന്നേക്കുമായി മുട്ടി പോകുമെന്ന് ഞാൻ വിചാരിച്ചു. പിന്നെ, അങ്ങേർ ചെയ്തത് തെറ്റായിരുന്നുവെങ്കിൽ അതിനുള്ള ശിക്ഷ ഭഗവതിക്ക് കൊടുക്കാനാവുമല്ലോ? ഈശ്വരന്മാർക്കെന്തിനാണ് ദേവസ്വം ബോർഡിന്റെയും അശുക്കളായ നമ്മൾ ഭക്തരുടെയുമൊക്കെ സഹായം.

എത്രയോ ഭക്തർ ‘അസസ്യാഹാരങ്ങൾ’ ആമാശയത്തിലും വൻ‌കുടലിലും പേറിക്കൊണ്ട് ക്ഷേത്രദർശനങ്ങൾ നടത്തുന്നു. അതും തെറ്റാവില്ലേ? ചോറ്റുപാത്രത്തിലായാലും ആമാശയത്തിലായാലും മീൻ മീൻ തന്നെ.

ഗോപിച്ചേട്ടൻ ചെയ്ത കുറ്റം ഒരു മനുഷ്യജീവിയെ പോലും നോവിക്കുന്നതായിരുന്നില്ല മറിച്ച് ചില കപടഭക്തരുടെ വിശ്വാസപ്രമാണങ്ങളെ വൃണപ്പെടുത്തുന്നത് മാത്രമായിരുന്നു.

എനിക്കിന്നും ഈശ്വരന്മാരോടുള്ളതിനേക്കാൾ ഇഷ്ടം നിസ്സഹായരായ മനുഷ്യരോടാണ്. അതുകൊണ്ടുതന്നെ കാര്യസാധ്യത്തിനായി അവർക്ക് മുന്നിൽ കുമ്പിടുന്ന ഭക്തരേക്കാൾ ഈശ്വരന് സ്നേഹം എന്നോടാവാനും സാധ്യതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

കുഞ്ഞാ,

അത് സത്യമാണ്. പാട്ടുപുരയ്ക്കലമ്മയും ഞാനും തമ്മിലുള്ള ഇരിപ്പുവശം കുഞ്ഞനറിയാൻ പാടില്ല.
എന്റെ വീടിന്റെ തൊട്ടയൽ‌വാസിയാണ് പാട്ടുപുരയ്ക്കലമ്മ. അവർക്ക് എന്നും 13 വയസ്സേ പ്രായമുണ്ടാവുകയുള്ളു എന്നാണ് വിശ്വാസം. അതറിഞ്ഞതോടെ ഭക്തിയേക്കാൾ ഭഗവതിയോട് പ്രണയമാണെനിക്കുള്ളത്. പ്രേമലേഖനം കൊടുത്തിട്ടില്ലെന്ന് മാത്രം. തരം കിട്ടിയാൽ അതും ഞാൻ ചെയ്യും :)
അപ്പോള്‍ വിജിലന്‍സ് തൊണ്ടി എവിടെ എന്ന് അന്വേഷിച്ചില്ലേ ???
Patchikutty said…
ഉച്ചയൂണുകഴിഞ്ഞ് ഇറയത്തെ ചൂരൽ കസേരയിലിരുന്ന് നാലും കൂട്ടി വിസ്തരിച്ചൊന്ന് മുറുക്കി , പിന്നെ വടക്ക് വശത്തെ തെങ്ങിൻ തോപ്പിലൂടെ നാലു ചാല് നടന്നതിനുശേഷം പറമ്പിനതിരായി ഒഴുകുന്ന കൈത്തോട്ടിലിറങ്ങി കൈയ്യും കാലും മുഖവും വായയും കഴുകി വന്ന് ഭാര്യയുടെ കൈയ്യിൽ നിന്ന് ഒരു കവിൾ ചുക്കുവെള്ളവും കുടിച്ച് സോഫയിലേയ്ക്ക് ചാരികിടന്ന് .... vallathe kothippikkaruth manushyane... vayichivide eathiyathe ullu...commentathe vayya...bakki muzhuvan vayichitt.
Patchikutty said…
"എന്റെ പാട്ടുപുരയ്ക്കലമ്മേ, ഞാൻ ഒരു നുണ ..... കണ്ണിൽ ചോര ഇല്ലാത്തവളല്ലെന്ന്.“ pinnalathe... devi,daivam,okke nammude manssil vazhumbol aanu eeththram chinthakal thanne varika...devi anugrahikkatte... nanmakal undakatte.
Unknown said…
പാവം ഗോപിയേട്ടൻ
"...കൊള്ളാം. തോമ വിചാരിച്ചു ഈ ലോകത്ത്‌ ആണ്‍കുട്ടി തോമ മാത്രമാണെന്ന്. അല്ല, പോങ്ങുമ്മൂടനുമുണ്ട്‌..."

നല്ല(ന്‍മ) കഥ.
പൊങ്ങ്‌സ്,

മൂന്ന് കാര്യങ്ങള്‍:

൧. ഗോപിച്ചേട്ടന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തുന്നു.
൨. മേലാല്‍ മരണം ഇങ്ങനെ സുന്ദരമായി വിസ്തരിച്ചെഴുതരുത്. മരിക്കാന്‍ തോന്നിപ്പോയെന്നേ!
൩. പതിനാലാം വയസ്സില്‍ അറുപത്തിനാല് വയസ്സായാലും ചിലര്‍ക്ക് തോന്നാത്ത വിവേകം കാണിച്ചതില്‍ അഭിനന്ദനങ്ങള്‍. ഭഗവതി എന്നും പൊരിച്ച നത്തോലി തിന്നാന്‍ പൊങ്‌സിനെ അനുഗ്രഹിക്കും.

കഥ പറച്ചിലില്‍ പണ്ടേ ഞാനൊരു പരാജയമായിരുന്നു.
(വിനയം ഓവറാക്കരുത്. വിനയം അണ്ടര്‍ വെയറു പോലെയാണെന്ന എന്റെ മഹദ്‌വചനം ഞാന്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. അകത്ത് വേണം, പുറത്ത് കണ്ടാല്‍ മോശക്കേടാ ;-))


:-)
Rare Rose said…
ഗോപിച്ചേട്ടന് ആദരാഞ്ജലികൾ...

പോങ്ങുമ്മൂടന്‍ ജീ..,അദ്ദേഹം ചെയ്ത പ്രവൃത്തിയെ സാധൂകരിക്കാനാവില്ലെങ്കിലും ,ആ ചെറുപ്രായത്തിലേ ഒരു പാവം മനുഷ്യന്റെ കാര്യത്തില്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാനുള്ള വിവേകം കാണിച്ചതു പുണ്യം തന്നെയാണു...:)
Pongummoodan said…
"വിനയം ഓവറാക്കരുത്. വിനയം അണ്ടര്‍ വെയറു പോലെയാണെന്ന എന്റെ മഹദ്‌വചനം ഞാന്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. അകത്ത് വേണം, പുറത്ത് കണ്ടാല്‍ മോശക്കേടാ "

:)

എന്റെ അരവിയേട്ടാ, ഈ മഹദ്‌വചനം എന്നും എന്റെ ഓർമ്മയിലുണ്ടാവും.പാലിക്കുകയും ചെയ്യും.
ചെറുപ്പം മുതലേ വിനയം ഇത്തിരി കൂടുതലല്ലേന്ന് സംശയമുണ്ട്. ചിലപ്പോൾ ഞാൻ ആ‍ൾക്കാരെ ‘ബഹുമാനിച്ചങ്ങ് അപമാനിച്ച് ‘കളയും.

കുറയ്ക്കാം. യഥാർത്ഥത്തിൽ കഥ കൈവിട്ട് പോവുന്നുവെന്ന് തോന്നിയപ്പോൾ മുൻ‌കൂർ ജാമ്യമായി അങ്ങനൊരു പ്രയോഗം നടത്തിയതാണ്. ഈ പോസ്റ്റും ഡിലീറ്റ് ചെയ്യാൻ ഇരിക്കുകയായിരുന്നു. അരവിയേട്ടന്റെ കമന്റ് വന്ന നിലയ്ക്ക് അതിവിടെ കിടക്കട്ടെ. മഹദ്‌വചനം പേറുന്ന കമന്റല്ലേ അത്! :)


എല്ലാവർക്കും നന്ദി.
ആഹാ വിജിലന്‍സുകാരുടെ അടുത്ത് വിനയമൊന്നുമില്ലായിരുന്നു അല്ലെ - ഭയങ്കരധൈര്യം ഇപ്പൊഴും അങ്ങനെയൊക്കെത്തന്നെയാണെന്ന് പല പോസ്റ്റുകളും തെളിയിക്കുന്നു.

പിന്നെ വീരപ്പന്റെ മാതിരിയുള്ള ആ ഫോട്ടോയും കാണിച്ചു കൊണ്ട് ഭയങ്കര വിനയാന്വിതനാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും?

ഈ മൊത്തം സെറ്റപ്പും മനുഷ്യര്‍ക്ക് എങ്ങനെയെങ്കിലും പത്തെഴുപത് - എണ്‍പത് വര്‍ഷം ആവറേജ് പ്രശ്നങ്ങളില്ലാതെ ജീവിക്കാനുള്ളതല്ലെ? അപ്പോ ജീവിക്കുക, ജീവിക്കാന്‍ ഹെല്‍പ് ചെയ്യുക ഇതൊക്കെയാണു വലിയ കാര്യം ല്ലെ.

പോങ്ങവെ നല്ല പോസ്റ്റ്.

തോന്ന്യാസി, അരവിന്ദാ കമന്റു ഇഷ്ടായി.
Bindhu Unny said…
വിധിക്കാന്‍ വെമ്പുന്നവര്‍ക്ക് കൂട്ടുനിന്ന് ഒരു കുടുംബത്തെ കഷ്ടത്തിലാക്കാഞ്ഞത് നന്നായി. :-)
ഹരിയേട്ടാ.... പാട്ടുപുരയ്ക്കലമ്മ എന്നും കൂടെ ഉണ്ടാവും , ഒരുപാട് നന്മ ഉള്ള ആ വലിയ ശരീരത്തിലെ നല്ല മനസ്സിന്, ഒരു താങ്ങായി, തണലായി...

ഗോപിയേട്ടന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ഒരിറ്റു കണ്ണുനീര്‍ ഞാനും .......... :(
Anonymous said…
മരണത്തെ ഇത്ര അനായാസമായി ഭംഗിയോടെ വിവരിച്ചത് ഈ അടുത്ത കാലത്തൊന്നും ഞാന്‍ (ബ്ലോഗില്‍) വായിച്ചിട്ടില്ല. താങ്കള്‍ താങ്കളുടെ ക്രാഫ്റ്റിലേക്ക് തിരിച്ചു വന്നിരിക്കുന്നു. നൊമ്പരമുണര്‍ത്തുന്ന പോസ്റ്റ്.. നന്ദി സുഹൃത്തേ

ഓഫ് : ഹോ! ഈ ചന്ദ്രമൌലി കരഞ്ഞ് ബ്ലോഗ് ആകെ നനച്ചു. ഇനി കമന്റാന്‍ വരുന്നവര്‍ ചന്ദ്രമൌലി ഒഴുക്കിയ കണ്ണീരില്‍ ചവിട്ടി, വഴുക്കി വീഴാതെ നോക്കണേ.. ;)

ശ്രീജിത്ത്.
Anonymous said…
ജനപ്രിയ ബ്ലോഗര്‍ പോങ്ങുമ്മൂടന്‍ ഈ പോസ്റ്റിട്ടതിന് താങ്കളെ അഭിനന്ദിയ്ക്കുന്നതിനു മുന്‍‌പ് അരവിന്ദന്റെ കമന്റിന് ഒരു നമോവാകം.

പോസ്റ്റ് മനോഹരമായിരിയ്ക്കുന്നു,കുഞ്ഞുന്നാളിലും താങ്കളിലുണ്ടായിരുന്ന ആ മനുഷ്യ സ്നേഹത്തിന് കൂപ്പുകൈ...

ഓടോ.ചന്ദ്രമൌലീ കരയുമ്പോള്‍ ഒരു തോര്‍ത്തുമുണ്ട് കരുതുന്നത് നന്നായിരിയ്ക്കും അറ്റ്ലീസ്റ്റ് ഒരു തൂവാലയെങ്കിലും.

കുഞ്ഞനന്തന്‍
Ashly said…
I think you made the right decision, that too at the age of 14. Great.

Gods are to protect human being and the world. If they want to punish, i don't think they need a "ദേവസ്വം വിജിലൻസി്"

The only think I don't agree is "അല്ലെങ്കിൽതന്നെ കഥ പറച്ചിലിൽ പണ്ടേ ഞാനൊരു പരാജയമായിരുന്നു."
Anonymous said…
ONNAAMTHARAM AAYITTUNDU
NINTE EZHUTHU......!!!!!!!!!
BAAKKI PHONE-il parayaam.
--- GAYATHRI ASHOK
പോങ്ങുജി... നന്നായി വിവരിച്ചു ആ മരണം.
Anonymous said…
ഈഴവരെല്ലാം വെള്ളാപ്പള്ളി പറയുന്നതു കെട്ട് തുള്ളാന്‍ നിക്കുന്നവരല്ല ചേട്ടാ...
കണ്ടാല്‍ കരണക്കുറ്റി നോക്കി ഒന്നു കൊടുക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട് അക്കൂട്ടത്തില്‍... :D
ഞാനല്ല കേട്ടോ... :D എന്റെ അച്ഛന്റെ പ്രായം ഉണ്ട് പുള്ളിക്കാരന്... മാത്രമല്ല എന്റെ നാട്ടു കാരനും ആണ്... ഇരുട്ടടി കിട്ടിയാല്‍... ഹ്ഹോ!!!
ഗോപിച്ചേട്ടൻ ചെയ്തത് ന്യായീകരിക്കാൻ പറ്റുന്നില്ല.അമ്പലത്തിൽ മത്സ്യം കയറ്റുക എന്നത് വിശ്വാസിയുടെ വിശ്വാസത്തെ ഹനിക്കലാണ്.എങ്കിലും അദ്ദേഹത്തിന്റെ ജോലി കളയാതിരിക്കാൻ വേണ്ടി പറഞ്ഞ നുണയുടെ ഉദ്ദേശശുദ്ധി ഭഗവതി മനസ്സിലാക്കിയിരിക്കും.ഗോപിച്ചേട്ടനു ആദരാഞ്ജലികൾ

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ