കഴിവതും മഹത്‌വ്യക്തികള്‍ ശനിയാഴ്ചകളില്‍ മരിക്കുക. !!!

ഒരു സംശയം. കേരളീയര്‍ പ്രഹസനങ്ങള്‍ പോലും മറന്ന്‌ തുടങ്ങിയൊ? സാധാരണ നമ്മള്‍ പ്രഹസനത്തിന്‌ വേണ്ടിയെങ്കിലും മാന്യന്‍മാരും നീതിമാന്‍മാരുമാവാറുണ്ടായിരുന്നു. 'ആളുകള്‍' എന്ത്‌ വിചാരിക്കും എന്ന്‌ ചിന്തിച്ച്‌ എത്രവലിയ 'ശരിയും' നമ്മള്‍ മനസ്സില്ലാമനസ്സോടെയെങ്കിലും ചെയ്തിരുന്നു. എല്ലാം ഒരു പ്രഹസനം. ആത്മാര്‍ത്ഥത പലപ്പോഴുമുണ്ടാവാറില്ല. എങ്കിലും അത്തരം പ്രഹസനങ്ങളിലും നമ്മള്‍ ഒരു നീതി കണ്ടിരുന്നു. ആരെങ്കിലും ഒരു വിവാഹം ക്ഷണിച്ചാല്‍, പുരവാസ്തുബലി പറഞ്ഞാല്‍, മറ്റ്‌ മംഗളകരമായ ചടങ്ങുകള്‍ക്ക്‌ ക്ഷണിച്ചാല്‍, അടിയന്തിരം, പുലകുളി, മരണം ഇവയൊക്കെ അറിഞ്ഞാല്‍ നമ്മള്‍ അതിലൊക്കെ പങ്കെടുത്തിരുന്നു. പലപ്പോഴും ചുമ്മാ ഒരു പ്രഹസനത്തിനെങ്കിലും. മുതിര്‍ന്നവരെ ആദരിക്കുന്നതും, പ്രായമായവര്‍ക്ക്‌ ബസ്സില്‍ ചെറുപ്പക്കാര്‍ എഴുന്നേറ്റ്‌ ഇരിപ്പിടം കൊടുക്കുന്നതുമൊക്കെ പലപ്പോഴും പ്രഹസനത്തിനായെങ്കിലും നമ്മള്‍ ചെയ്ത്‌ പോന്നിരുന്നു. (എല്ലാവരും പ്രഹസനക്കാര്‍ ആണെന്ന്‌ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല )

ഇത്രയൊക്കെ പറയാന്‍ കാരണമായത്‌ ഒരു പ്രമുഖ മലയാള പത്രത്തില്‍(കേരള കൌമുദി ) മഹാകവി പാലായുടെ സംസ്കാര ചടങ്ങിനെക്കുറിച്ച്‌ വന്ന വാര്‍ത്തയാണ്‌. നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാവും നമ്മുടെ മഹാകവി പാലാ നാരായണന്‍ നായരുടെ സംസ്കാരചടങ്ങുകള്‍ക്ക്‌ കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരോ, സാഹിത്യ, സാംസ്കാരിക നായകരോ, കേരള സാഹിത്യ അക്കാദമി പ്രവര്‍ത്തകരോ ഒന്നും തന്നെ കാര്യമായി സഹകരിച്ചില്ലെന്ന വാര്‍ത്ത. എത്ര നെറികെട്ട കാര്യമായി അത്‌. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന്‌ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന, പ്രസ്താവനയായി തന്നെ ഒടുങ്ങി. സാംസ്കാരികവകുപ്പ്‌ മന്ത്രി പോയിട്ട്‌ അദ്ദേഹത്തെ പ്രതിനിധീകരിച്ച്‌ പോലും ആരുമുണ്ടായിരുന്നില്ലെന്നത്‌ ഖേദകരമായ കാര്യമായിപ്പോയി. പൊതുമരാമത്ത്‌ മന്ത്രി ശ്രീ. മോന്‍സ്‌ ജോസഫ്‌, പാലാ എം.എല്‍.എ ശ്രീ. കെ.എം. മാണി എന്നിവരുടെയും ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. കെ.എല്‍. മോഹനവര്‍മ്മ എന്നീ സാഹിത്യനായകന്‍മാരുടെയും സാന്നിദ്ധ്യം ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അതിലൊതുങ്ങാമായിരുന്നോ? അവരൊക്കെത്തന്നെ അവിടെ എത്തിയത്‌ പാലായുമായുള്ള അവരുടെ തീര്‍ത്തും വ്യക്തിപരമായ ബന്ധത്തിന്‍റെ പേരില്‍തന്നെയാവും.

മന്ത്രി പുംഗവന്‍മാരുടെ കാര്യം പോട്ടെ. അവര്‍ നാട്‌ വികസിപ്പിക്കേണ്ടതിന്‍റെ ഭാരിച്ച ഉത്തരവാധിത്വം പേറുന്നവരാണല്ലോ? 97 തികഞ്ഞ്‌ ഇഹലോകവാസം പൂകിയ 'കേവലമൊരു വൃദ്ധനെ' ആദരിക്കുന്നനേരം കൊണ്ട്‌ പത്ത്‌ സെനൃ കൈയ്യേറ്റ ഭൂമി പിടിച്ചെടുത്താല്‍ അത്രയുമായി എന്ന്‌ അവര്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല.

എന്നാല്‍ നമ്മുടെ സാഹിത്യനായകന്‍മാരുടെയും അല്ലെങ്കില്‍ കേരള സാഹിത്യ അക്കാദമി പ്രവര്‍ത്തകരുടെയും അസാന്നിദ്ധ്യം എന്തുകൊണ്ട്‌ ഉണ്ടായി. കടുത്ത 'കൂട്ട ദേഹാസ്വാസ്ഥ്യം'? അതോ മലയാളസാഹിത്യത്തിന്‌ സ്വല്‍പ്പം കൂടി പുഷ്ടി വരുത്താനുള്ള കൂട്ടയജ്ജത്തിലായിരുന്നോ അവര്‍? ഓര്‍ത്തുകൊള്ളൂ, സാഹിത്യ സാംസ്കാരിക കേരളം നിങ്ങളെ നോക്കി മൂക്കത്ത്‌ വിരല്‍ വച്ച്‌ ' കഷ്ടം ' എന്ന്‌ പറയും.

ഒരുകാര്യം ഉറപ്പാണ്‌. 'കേരളം വളരുന്നു' എന്നെഴുതിയ മഹാകവിയുടെ ആത്മാവ്‌ 'കേരളം ഇത്രക്ക്‌ വളരേണ്ടിയിരുന്നില്ലെന്ന്‌ ' ചിന്തിക്കുന്നുണ്ടാവും. ആദരവും അംഗീകാരവും ഇരന്ന്‌ വാങ്ങാതിരുന്ന ആ മഹാത്മാവിന്‌ ഇത്തരമൊരു യാത്രയയപ്പ്‌ ആയിരുന്നില്ല നല്‍കേണ്ടിയിരുന്നത്‌. ഇനി, ഇതൊരു വിവാദമായി ഉയരാതിരിക്കട്ടെ. ആ മഹാത്മാവിന്‌ നിത്യശാന്തി നേരാം.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഇനീപ്പോ സംസ്കാരച്ചടങ്ങ്‌ പ്രവര്‍ത്തിദിനത്തില്‍ ആയതിലുള്ള അസൌകര്യം മാത്രമായിരുന്നു അവരുടെ അസാന്നിദ്ധ്യത്തിന്‌ കാരണമായതെങ്കില്‍ ഇങ്ങനെ എഴുതേണ്ടി വന്നതില്‍ മാപ്പ്‌। ഇനിയെങ്കിലും അവശേഷിക്കുന്ന മഹാത്മാക്കള്‍ ശനിയാഴ്ച തോറും മരിക്കാനിടവരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

(പാലാ നാരായണന്‍ നായര്‍ ഒരു ബ്ളോഗ്ഗറായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ ആദരവ്‌ അദ്ദേഹത്തിന്‌ ലഭിക്കുമായിരുന്നില്ലേ? )

Comments

Pongummoodan said…
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഇനീപ്പോ സംസ്കാരം പ്രവര്‍ത്തിദിനത്തില്‍ ആയതിലുള്ള അസൌകര്യം മാത്രമായിരുന്നു അവരുടെ അസാന്നിദ്ധ്യത്തിന്‌ കാരണമായതെങ്കില്‍ ഇങ്ങനെ എഴുതേണ്ടി വന്നതില്‍ മാപ്പ്‌. ഇനിയെങ്കിലും അവശേഷിക്കുന്ന മഹാത്മാക്കള്‍ ശനിയാഴ്ച തോറും മരിക്കാനിടവരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

(പാലാ നാരായണന്‍ നായര്‍ ഒരു ബ്ളോഗ്ഗറായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ ആദരവ്‌ അദ്ദേഹത്തിന്‌ ലഭിക്കുമായിരുന്നില്ലേ? )
'കേരളം വളരുന്നു' എന്നെഴുതിയ മഹാകവിയുടെ ആത്മാവ്‌ 'ഇത്രക്ക്‌ വളരേണ്ടിയിരുന്നില്ലെന്ന്‌ ' ചിന്തിക്കുന്നുണ്ടാവും. ആദരവും അംഗീകാരവും ഇരന്ന്‌ വാങ്ങാതിരുന്ന ആ മഹാത്മാവിന്‌ ഇത്ത്രമൊരു യാത്രയയപ്പ്‌ ആയിരുന്നില്ല നല്‍കേണ്ടിയിരുന്നത്‌.........

ഉചിതമായ പോസ്റ്റ്.....ഉചിതമായ വാക്കുകള്‍....


നമുക്ക് ലജ്ജിക്കാന്‍ നമ്മുടെ സാഹിത്യനായകരും...രാഷ്ട്രീയ നേതാക്കന്മാരും ഒരു അവസരം കൂടി തന്നിരിക്കുന്നു.....
saju john said…
ഹരിക്കുട്ടാ...

ഇതാണു ഞാന്‍ എപ്പോഴും പറയാറുള്ളത്...... “കാപട്യമേ നിന്റെ പേരൊ മലയാളി”.

ആ നിര്‍ഗുണമാര്‍ വരാതിരുന്നതാവും ആ പുണ്യത്മാവിന്റെ ആത്മാവിന്‍ ഗുണം.

നളിനി ജമീലയുടെ സൃഷ്ടി.......പാലയുടെ സൃഷ്ടിയേക്കാള്‍ മഹത്തരമെന്ന് പറയുന്നവരോട് എന്ത് പറയാന്‍....

ബേബിച്ചായന്റെ സാസ്കാരികവകുപ്പിനെ പറ്റി പറയാതിരിക്കുന്നതാണ്‍ നല്ലത്.......

അതിനെകാള്‍ നല്ലത്, ഒരു പഴുതാരയെ പിടിച്ച് കോണകത്തിനിടയിലുടുന്നതാണ്‍........ ചൊറിയുന്ന സുഖമെങ്കിലും കിട്ടും....
Pongummoodan said…
തോന്ന്യാസി. നന്ദി.

മൊട്ടേട്ടന്‌ നന്ദി ഞാന്‍ നേരത്തെ തന്നിരുന്നേ. :)
Pongummoodan said…
എന്തേ ആരും ഒന്നും പറയാതെ പോവുന്നത്‌? :(
ബഷീർ said…
പൊങ്ങുമ്മൂടന്റെ ഫീലിംഗ്സ്‌ മനസ്സിലാക്കുന്നു..
Unknown said…
കേരളം വളരുന്നു എന്നുപാടിയ കവിയെ നാം മറന്നു
അത് കേരളത്തിന്റെ പുതിയ സംസക്കാരം
നമ്മൂക്ക് അഭിമാനിക്കാം
മഹാകവി മരിച്ചപ്പോള്‍ കുറെ പേരെങ്കിലും പുകഴത്തി
അദേഹത്തിന്റെ അവസാനവര്‍ഷങ്ങളില്‍ എത്ര പ്രഗതഭര്‍ അവിടെ അദെഹത്തെ തേടി എത്തി
കേരളം വളരുന്നുണ്ട് ആവശ്യമില്ലാത്ത പല കാര്യങ്ങളിലും.. അതിനിടേല്‍ ആര്‍ക്കും ഒന്നും കാണാന്‍ നേരമില്ല

'കേരളം വളരുന്നു' എന്നെഴുതിയ മഹാകവിയുടെ ആത്മാവ്‌ 'ഇത്രക്ക്‌ വളരേണ്ടിയിരുന്നില്ലെന്ന്‌ ' ചിന്തിക്കുന്നുണ്ടാവും.‘

അങ്ങനെത്തന്നെയായിരിക്കും
Unknown said…
പോങ്ങുമ്മൂടാ,

താങ്കളുടെ വികാരങ്ങള്‍ അനുഭാവപൂര്‍വ്വം മനസ്സിലാക്കുന്നു. പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

ഒരല്പം രാഷ്ട്രീയനിരീക്ഷണപാടവം കൂടി ആര്‍ജ്ജിച്ചെടുത്താല്‍ ഇത്തരം ഘട്ടങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കും. മലയാളിയുടെ മനസ്സ്‌ - അവന്റെ ജീവിതം - ചുറ്റുപാടുകള്‍ - എല്ലാം അമിതമായി രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അരാഷ്ട്രീയക്കാരനും അപ്രിയരാഷ്ട്രീയക്കാരനും ഒക്കെ അതിന്റെ ഫലമനുഭവിക്കും. കൂടുതലൊന്നും പറയാനില്ല.

സംസ്കാരസമയത്തു നമ്മള്‍ പ്രതീക്ഷിച്ച 'so called' സാംസ്കാരികനായകന്മാരുടെ അഭാവം കവിയ്ക്കുള്ള മറ്റൊരു അംഗീകാരം മാത്രമായി കരുതി സമാധാനിക്കുക. അദ്ദേഹത്തിന്റെ യശസ്സിനോ കൈരളിക്കോ അതുകൊണ്ടൊന്നും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.

കവിയോടുള്ള സ്നേഹാദരങ്ങള്‍ നമ്മളേപ്പോലുള്ള സാധാരണക്കാര്‍ തുടര്‍ന്നും നെഞ്ചേറ്റുക. അതു തന്നെ ധാരാളം.

കവിയുടെ ഹൃദയനൈര്‍മ്മല്യവും സ്നേഹവും അല്‍പമെങ്കിലും അടുത്തറിയാന്‍ കഴിഞ്ഞിട്ടുള്ള ഒരാളെന്ന നിലയില്‍ എന്റെ ചില ഓര്‍മ്മക്കുറിപ്പുകള്‍ ഇവിടെ എഴുതിയിരുന്നു.
മഹാകവി പാലാ - മരിക്കാത്ത ചില ഓര്‍മ്മകള്‍.

qw_er_ty
Pongummoodan said…
ബഷീര്‍, അനൂപ്‌, പ്രിയ, നകുലന്‍ എല്ലാവര്‍ക്കും നന്ദി. കുറച്ചുപേരെങ്കിലും ഈ പ്രതിഷേധത്തില്‍ പങ്ക്‌ ചേര്‍ന്നല്ലോ. സന്തോഷം.
sahithya keralathinte ambassidor markku nere ulla nalla chodyam anu ehtu......

u raised a relevant issue that has to be addressed seriously....
Unknown said…
U r really a gud entertainer, i do rally appreciate u mr, hari.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ