പാലാ ഇനി കേരളത്തിന്‍റെ ഓര്‍മ്മ...

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മഴക്കാലത്താണ് അവസാനമായി ഞാനദ്ദേഹത്തെ കാണുന്നത്।
അന്ന് , വൈക്കത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ വീടിന്‍റെ പടിഞ്ഞാറുവശത്തുള്ള , ഒട്ടൊന്ന് ഇരുള്‍ മൂടിയ ഒരു മുറിയില്‍ ജനാലയുടെ ഒരു പാളി തുറന്നിട്ട് പുറത്ത് പച്ചപ്പിലേക്ക് പെയ്തിറങ്ങുന്ന മഴയെ നോക്കി അദ്ദേഹമിരിക്കുകയായിരുന്നു।
എഴുത്ത് മേശയിലേക്ക് നീണ്ട് മെലിഞ്ഞ, ഞരമ്പുകള്‍ പിടച്ച ആ കൈകള്‍ കൂട്ടിവച്ചുള്ളയിരുപ്പ് സ്വല്‍പ്പനേരം ഞാന്‍ നോക്കി നിന്നു. വിരലുകള്‍ മഴയുടെ താളത്തില്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. ( അതോ പ്രായം വിരലുകള്‍ക്ക് നല്‍കിയ വിറയലോ?)
അന്ന് അദ്ദേഹമൊരുപാട് സംസാരിച്ചു. പഴകാലങ്ങളെക്കുറിച്ച്, മഴയെക്കുറിച്ച്, കവിതയെക്കുറിച്ച്, പട്ടാള - അദ്ധ്യാപക ജീവിതത്തെകുറിച്ച്, ചങ്ങമ്പുഴയെക്കുറിച്ച്, ഉള്ളൂരിനെയും ആശാനെയും കുറിച്ച്, സൈമണ്‍ ബ്രിട്ടോയെയും തന്‍റെ ശിഷ്യനും സഹായിയും അയല്‍വാസിയുമായ ഒരു നല്ല മനുഷ്യനെക്കുറിച്ച് (നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ പേര് എന്‍റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നു. ക്ഷമിക്കുക) അങ്ങനെ അങ്ങനെ എനിക്ക് മനസ്സിലായതും മനസ്സിലാകാത്തതുമായ ഒരു പാട് കാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹമെന്നോട് സംസാരിച്ചു.
മറവിയുടെ ഇടപെടലുകള്‍കൊണ്ടാവാം പലപ്പോഴും സംസാരം ഒരു വിഷയത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വിഷയത്തിലേക്ക് കടന്ന് കയറും. അവിടെ നിന്ന് മറ്റൊന്നിലേക്ക്. എങ്കിലും സംസാരിക്കാന്‍ അദ്ദേഹവും കേള്‍ക്കാന്‍ ഞാനും ഇഷ്ടപ്പെട്ടിരുന്നു.
എന്നെ അതിശയിപ്പിച്ച ഒരു കാര്യം സംസാരത്തിലെ ഈ അടുക്കും ചിട്ടയുമില്ലയ്മ അദ്ദേഹം വിറയാര്‍ന്ന സ്വരത്തില്‍ കവിത ചൊല്ലുമ്പോള്‍ ഉണ്ടായിരുന്നില്ലാ എന്നതാണ്। കവികളെക്കുറിച്ചും, കവിതകളെക്കുറിച്ചും പറയുമ്പോള്‍ മറവി പരാജയപ്പെട്ട് മാറുന്നത് കാണാമായിരുന്നു।
അന്ന് പോരാന്‍ നേരം അദ്ദേഹത്തെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി എടുക്കനുള്ള എന്‍റെ ആഗ്രഹം ഞാന്‍ അറിയിച്ചു. എന്‍റെ ആഗ്രഹപ്രകടനം ഒരു അനുവാദം ചോദിക്കല്‍ കൂടിയായിരുന്നു. അനുവാദത്തോടൊപ്പം നിറയെ അനുഗ്രഹവുമാണ് ആ മഹാമനുഷ്യന്‍ എനിക്ക് നല്‍കിയത്. എന്നാല്‍ എന്‍റെ അലസതകൊണ്ടും മറ്റ് പല പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടും അത് എനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ അദ്ദേഹം ഈ ലോകത്തുനിന്ന് വിടപറഞ്ഞ് പോയപ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാതൊരു കുറ്റബോധം നിറയുന്നു. എനിക്കുറപ്പുണ്ടായിരുന്നു.അദ്ദേഹമത് കാണാന്‍ ആഗ്രഹിച്ചിരുന്നെന്ന്. എനിക്കത് നിറവേറ്റാന്‍ സാധിച്ചില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാന്‍ അദ്ദേഹത്തിന്‍റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു.
അദ്ദേഹത്തിന്‍റെ ബന്ധുജനങ്ങളില്‍ വളരെ അകലെയൊന്നുമല്ലാത്ത ഒരു കണ്ണി ആവാന്‍ കഴിഞ്ഞു എന്നതല്ല മറിച്ച് അദ്ദേഹത്തിന്‍റെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞു എന്നതും അദ്ദേഹത്തിന്‍റെ സ്നേഹസാന്നിദ്ധ്യം അനുഭവിക്കാന്‍ സാധിച്ചു എന്നതും അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ നമസ്കരിക്കാന്‍ അവസരം ലഭിച്ചൂ എന്നതുമാണ് എനിക്ക് ലഭിച്ച ഭാഗ്യം എന്നും ഞാന്‍ കരുതുന്നു.
ആദരാജ്ജലികളോടെ....
---------------------------------------------------------------------------------------------
മഹാകവി പാലാ നാരായണന്‍ നായര്‍ (97) അന്തരിച്ചു। ഇന്ന് (ജൂണ്‍ 11, 2008) രാവിലെ 10.30-ന്.
Comments
ആദരാജ്ജലികളോടെ....
ആ വേര്‍പ്പാട് ശരിക്കും ഒരു വേദന തന്നെയാണ്
മഹാകവിക്ക് ആദരാഞ്ജലികള്!!