"രണ്ടാമത്തെ വീഴ്ച"

ഒന്നാന്തരമൊരു ഫ്ളാഷ്‌ ബാക്കിലേറ്റി ഒരു പതിനാറ്‌ വര്‍ഷം പിന്നിലോട്ട്‌ കൊണ്ട്‌ പോവുകയാണ്‌ നിങ്ങളെ ഞാന്‍ എന്‍റെ അടുത്ത വീഴ്ച കാണിക്കാന്‍. ( വേറെ, പ്രത്യേകിച്ച്‌ പണിയൊന്നുമില്ലേ ഉവ്വേ എന്നാരും ചോദിക്കരുത്‌. നല്ല മര്യാദരാമനായി ' വീഴ്ചകളെക്കുറിച്ചൊക്കെ' മറന്നിരുന്ന പോങ്ങുമ്മൂടനെ ചുമ്മാ പ്രോത്സാഹിപ്പിച്ച്‌ രണ്ടാമത്തെ വീഴ്ച കുറിക്കാന്‍ പറഞ്ഞത്‌ അരവിന്ദനും, ശ്രീയും, വിശാലേട്ടനുമാണ്‌. അതിനാല്‍ ഇതിലെ(എഴുത്തിലെ) പാളിച്ചകള്‍ എന്‍റേതല്ലന്നും, അത്‌ അവരുടെ പാളിച്ചയായി ഏവരും മനസ്സിലാക്കണമെന്നും പറഞ്ഞുകൊള്ളുന്നു. പ്രേരണാക്കുറ്റം തന്നെയാണല്ലോ ഏറ്റവും വലിയ കുറ്റം?!!! ) :)

എട്ടാം ക്ളാസ്സിലെ ക്രിസ്തുമസ്‌ പരീക്ഷ കഴിഞ്ഞ്‌ നില്‍ക്കുന്ന കാലം.
റിസല്‍റ്റ്‌ വരുമ്പോള്‍ തോറ്റ വിഴയങ്ങള്‍ക്ക്‌ തോല്‍ക്കാനുള്ള കാരണം വീട്ടുകാരെ എങ്ങനെ ബോധിപ്പിക്കണം എന്ന്‌ ചിന്തിച്ച്‌ നടന്ന കാലം. ഫെബി അബ്രാഹമിനെയാണോ അതോ സ്വപ്ന ടി. തോമസിനെയാണോ പ്രേമിക്കെണ്ടതെന്ന്‌ കണ്‍ഫ്യൂഷന്‍ അടിച്ച്‌ നില്‍ക്കുന്ന കാലം. അവരിലാരെയെങ്കിലും പ്രേമിച്ചാല്‍ പൊറയിക്കോട്ട്മ്യാലിലെ സ്മിതയെ ആര്‌ പ്രേമിക്കും എന്ന ശങ്ക നിറഞ്ഞ കാലം.
തൊട്ടയല്‍പക്കത്തുള്ള ജാസ്മിന്‌ കൊടുത്ത ' ഐ ലവ്‌ യു ' ലെറ്റര്‍ അവള്‍ വീട്ടില്‍ കാണിക്കുമോ എന്ന പേടി മനസ്സില്‍ നിറഞ്ഞ കാലം.
വീട്ടില്‍ വളര്‍ത്തുന്ന സുമ പശുവിന്‍റെ പാല്‍ രണ്ട്‌ ഗ്ളാസ്സും, കൊല്ലമ്പടിയില്‍ നിന്ന്‌ വാങ്ങുന്ന കോഴിമുട്ടകളില്‍ ഒരെണ്ണം വച്ച്‌ രണ്ട്‌ നേരം കഴിച്ചിട്ടും എന്തേ സ്വല്‍പം കവിള്‍ വരാത്തെതെന്നും, എന്തേ നെഞ്ചിന്‍റെ ഒത്ത നടുക്കുള്ള ഒരു തൊടം എണ്ണ നിറയുന്ന കുഴി നിവരാത്തതെന്നും ആലോചിച്ച്‌ നടന്ന കാലം.

അതെ, അങ്ങനെ കണ്‍ഫ്യുഷനടിച്ചും, പേടിച്ചും, ആശങ്കപ്പെട്ടും, ചുമ്മാ അങ്ങ്‌ ജീവിച്ച്‌ പൊയ്ക്കോണ്ടിരുന്ന ചെറുപ്പകാലത്താണ്‌ എന്‍റെ ഈ വീഴ്ചയും നടക്കുന്നത്‌. വീണത്‌ ഒരു ഞായറാഴ്ച ആണെന്നാണ്‌ വിശ്വാസം. കാരണം ഞായറാഴ്ചകളിലാണല്ലോ ദൂരദര്‍ശനില്‍ വൈകിട്ട്‌ മലയാള സിനിമ ഉണ്ടായിരുന്നത്‌. വീഴ്ചേം കഴിഞ്ഞ്‌ ' ഐഡക്സും' പുരട്ടി ഏതോ ഒരു സിനിമ കണ്ടതായി ഞാന്‍ ഓര്‍ക്കുന്നുണ്ട്‌.

അന്ന്‌ ഞങ്ങളുടേത്‌ പഴയൊരു വീടായിരുന്നു. അറയും നിരയും നിലവറയുമൊക്കെയുള്ള ഓട്‌ പാകിയ ഒരു വീട്‌. തിണ്ണ ബ്ളാക്‌ ഓക്സൈഡ്‌ പൂശിയതാണ്‌. ലക്ഷ്വറി,ലക്ഷ്വറി!! ( അതിനും മുന്‍പ്‌ അവിടം ചാണകം മെഴുകിയതായിരുന്നെത്രെ. എനിക്കതോര്‍മ്മയില്ല)ഏതെ ചൂട്‌ കാലത്തും ആ തിണ്ണയില്‍ നല്ല തണൂപ്പായിരുന്നു. ( പുതിയ വീടിനേക്കാള്‍ എനിക്കിഷ്ടം ആ പഴയ വീട്‌ തന്നെയായിരുന്നു. ) മുറ്റത്ത്‌ ഒരു നെല്ലിമരവും അതിനുചുറ്റും തിങ്ങിവളര്‍ന്ന കുറ്റിമുല്ലയും പിന്നെ മുന്‍വശത്ത്‌ പറമ്പിനതിരായി നില്‍ക്കുന്ന വര്‍ഷത്തിലൊന്ന്‌ നിറയെ കായ്‌ക്കുന്ന ഒരു മരോട്ടിയും ഉണ്ടായിരുന്നു. ആ മാരോട്ടിയുടെ ചുവട്ടിലൂടെയാണ്‌ നടപ്പാത. അതുവഴി ഇറങ്ങിയാണ്‌ ഞങ്ങള്‍ കുളിക്കുവാനും, (ഞാന്‍) കളിക്കുവാനുമൊക്കെ പോണത്‌.

അന്ന്‌ ഉച്ചയൂണും കഴിഞ്ഞ്‌ തിണ്ണയുടെ തണുപ്പില്‍ക്കിടന്നൊന്ന്‌ മയങ്ങി. ഒരു മൂന്ന്‌ മൂന്നരമണി ആവും കുറെ സ്ത്രീജനങ്ങളുടെ സംസാരവും ചിരിയും കേട്ടാണ്‌ ഞാന്‍ കണ്ണ്‌ തുറന്നത്‌. നോക്കുമ്പോളതാ നമ്മുടെ താഴത്തെ പറമ്പില്‍ നിന്ന്‌ ഒരു പറ്റം സ്ത്രീജനങ്ങള്‍ ഇല്ലത്തെ ശാന്തച്ചിറ്റയുടെ നേതൃത്വത്തില്‍ മഹിളാസമ്മേളനം നടത്തുന്നു. ഒപ്പം എന്‍റെ അമ്മയുമുണ്ട്‌. മറ്റ്‌ പ്രധാന അംഗങ്ങള്‍ വല്ലനാട്ടെ ഉമച്ചിറ്റ, പുത്തുപ്പുള്ളിലെ വാനമ്മ, ജ്യോതിസിന്‍റെ അമ്മ ശ്യാമളച്ചിറ്റ, മ്യാലിലെ പെമ്പിള, മേരിച്ചേച്ചി, വേലന്‍മാടത്തെ രാധാമണി, ഉഷ എന്നിവരാണ്‌.

എന്നാല്‍ തിണ്ണയിലെ തണുപ്പിനെ പുല്ലുപോലെ ഉപേക്ഷിച്ച്‌ എഴുന്നേറ്റ്‌ മുറ്റത്തേക്കൊരു ചാട്ടം ചാടുകയും പെട്ടെന്ന്‌ 'ജനഗണമന' കേട്ടപോലെ ഒട്ടുനേരം എന്നെ അറ്റന്‍ഷന്‍ ആക്കി നിര്‍ത്തുകയും ചെയ്തതിന്‌ ഈ ' മാന്യമഹിളാകിളവികള്‍ക്ക്‌ ' എന്തെന്തിലും പങ്കുണ്ടെന്ന്‌ ആരും ധരിക്കരുത്‌. എന്നെ ഹഠാദാകര്‍ഷിച്ചത്‌ 'കിളവിക്കൂട്ടങ്ങള്‍ക്ക്‌' കുറച്ച്‌ മാറി ചിരിച്ചുല്ലസിച്ച്‌ നില്‍ക്കുന്ന റ്റെല്‍സി, നിഷ, ഷേര്‍ളി, ജയ എന്നീ നാല്‌ വാടാമലരുകളായിരുന്നു. നാലില്‍ മൂന്ന്‌ പേര്‍ എന്‍റെ സ്കൂള്‍മേറ്റ്സ്‌. ഷേര്‍ളി മാത്രം പാലാ അല്‍ഫോന്‍സാ കോളേജില്‍ പ്രീഡിഗ്രിക്ക്‌ പഠിക്കുന്നു. എന്നാലും ആ 'ഒരു കുറവിന്‍റെ' പേരില്‍ ഞാന്‍ ഷേര്‍ളിയെ അവഗണിച്ചിരുന്നില്ല കേട്ടോ. മറ്റേത്‌ പെണ്‍കുട്ടികള്‍ക്കും കൊടുക്കുന്ന അതേ 'ശ്രദ്ധയും പരിഗണനയും' ഞാന്‍ അയാള്‍ക്കും കൊടുത്തിരുന്നു.

അറ്റന്‍ഷനായിത്തന്നെ നിന്ന്‌ ഞാന്‍ ആലോചിച്ചു, എങ്ങനെ ഇവരുടെ മനസ്സില്‍ ഒരു ആരാധനാമൂര്‍ത്തിയായി കയറിപ്പറ്റാം. എന്ത്‌ വേലകാണിച്ചാല്‍ ഇവര്‍ വീഴും. ഈ വാടാമലരുകളെല്ലാം കൂടി എനിക്ക്‌ വേണ്ടി കടിപിടി കൂടുന്ന ഒരു നിമിഷം എങ്ങനെ വരുത്തും. എന്‍റെ പാട്ടുപുരക്കലമ്മേ ഒരു വഴി കാണിച്ച്‌ തരണേ....

തേടിയ വഴി കണ്ണില്‍ത്തട്ടി. അരക്ക്‌ താഴെ ഉയരത്തില്‍ അടുക്കി വച്ചിരിക്കുന്ന ഇഷ്ടികകള്‍. കിളവിക്കൂട്ടങ്ങള്‍ക്കുംകിളിന്ത്കൂട്ടങ്ങളും നില്‍ക്കുന്നതിന്‍റെ നടുവിലൂടെയാണ്‌ ഞങ്ങള്‍ കുളിക്കാന്‍ പോവുന്ന തോട്ടിലേക്കുള്ള നടപ്പാത. നടപ്പാതയോട്‌ ചേര്‍ന്ന്‌ ഇല്ലത്തെ രാമന്‍ കുഞ്ഞുണ്ണി റബ്ബര്‍ ഷീറ്റ്‌ അടിക്കാനുള്ള ' മെഷീന്‍ പുര ' കെട്ടാനായി ഇറക്കിവച്ചിരിക്കുന്നതാണ്‌ ആ ഇഷ്ടികകള്‍. അതിന്‍റെ സമീപത്തയാണ്‌ വാടാമലരുകള്‍ നിലയുറപ്പിച്ചിരിക്കുന്നത്‌. പലപ്പോഴും ആ ഇഷ്ടകള്‍ക്ക്‌ മേളിലൂടെ ചാടി ഓടി കുത്ത്‌ കല്ലുകളെ ആശ്രയിക്കതെ ഇടവഴിയിലേക്കെടുത്ത്‌ ചാടി ഇടവഴിയും കടന്ന്‌ പാടവരമ്പത്തൂടെ ഓടി പാടം മുറിച്ചൊഴുകുന്ന തോട്ടിലേക്ക്‌ ഉളികുത്തി അവിടെക്കിടന്ന്‌ നീന്തിത്തിമിര്‍ത്താണ്‌ എന്‍റെ കുളി.

എന്നാല്‍ പിന്നെ അങ്ങനെ ഒരു കുളിക്കാന്‍ പോക്ക്‌ നടത്തിക്കളയാമെന്ന്‌ തീരുമാനിച്ചു. അതാവുമ്പോള്‍ ആരാധന ചുമ്മാ ഇങ്ങ്‌ പോരും. കാരണം അങ്ങനെ ഒരു ചാട്ടവും ഓട്ടവുമൊന്നും ആ ജാതികളിലൊന്നിനും കഴിയില്ലല്ലോ. (മതിലുചാടുന്ന തരുണീമണികള്‍ ഇല്ലെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം കേട്ടോ). ആണായിപ്പിറന്നവന്‍റെ വില അവര്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കാന്‍ ഇത്‌ തന്നെ പറ്റിയ സമയം. പുരുഷപ്രജകളുടെയെല്ലാം യശ്ശസ്സുയര്‍ത്തുന്ന അതിസാഹസികമായ ഒരു കാര്യംചെയ്യാന്‍ പോവുന്നു എന്ന ചിന്ത എന്നെ വല്ലാതെ പുളകിതനാക്കി. ഉള്ള രോമങ്ങള്‍ ഒന്നൊഴിയാതെ ആഞ്ചിത്തുടങ്ങി. ആണുങ്ങളെ അഭിമാനിക്കൂ...നിങ്ങള്‍ക്കായിതാ ഞാനത്‌ ചെയ്യുന്നു...

സോപ്പും തോര്‍ത്തുമെടുത്ത്‌ ഞാന്‍ 'ടേക്ക്‌ ഓഫിന്‌' തയ്യാറായി. ഹൃദയത്തിന്‍റെ ഈ വൃത്തികെട്ട രീതിയിലുള്ള ഇടി പതിവില്ലാത്തതാണല്ലോ, ഞാന്‍ ഓര്‍ത്തു. വെറുതെ ഞാന്‍ ഇടത്‌ നെഞ്ചിലേക്കൊന്ന്‌ നോക്കി. 'കുഴിയുടെ' വക്കത്തിരുന്ന്‌ അവന്‍ സകലശക്തിയുമെടുത്ത്‌ ഇടിക്കുന്നുണ്ട്‌. പൊങ്ങിത്താഴുന്നത്‌ തൊലിപ്പുറത്ത്‌ കാണാം. നാല്‌ പെണ്‍പിള്ളേരേ കണ്ടാല്‍ അപ്പോത്തുടങ്ങും. ഇവനെന്‍റെ മാനം കളയുമോ?

വാടാമലരുകള്‍ സംസാരത്തിലും ചിരിയിലും തന്നെ. ആരും നമ്മളെ ശ്രദ്ധിക്കുന്നില്ല. ഇങ്ങനെയായാല്‍ ഒരുചാട്ടം പാഴാവുമോ? റിസ്കെടുക്കേണ്ട. ഒരു റബ്ബര്‍ക്കമ്പെടുത്ത്‌ ഞാന്‍ അടുത്തുനില്‍ക്കുന്ന കാട്ടുചേമ്പിന്‍റെ ഇലയില്‍ ശക്തിയായി അടിച്ചു. "ഠപ്പേ" ന്ന വലിയ ശബ്ദത്തോടെ ചേമ്പില കീറി. എല്ലാവരുടെയും ശ്രദ്ധ എന്‍റെ നേര്‍ക്കായെന്ന്‌ ഒളികണ്ണാല്‍ ഉറപ്പ്‌ വരുത്തി ഞാന്‍ കൌണ്ട്‌ ഡൌണ്‍ തുടങ്ങി." ...3, 2, 1 , 0 "

കയ്യിലിരുന്ന വടി എറിഞ്ഞ്‌ ഞാന്‍ പാഞ്ഞു. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്‌. ഇടക്ക്‌ അമ്മയുടെ ശബ്ദം ഒന്നുകേട്ടു. എന്നോടെന്തോ പറഞ്ഞതാണോ. എന്തായാലും ഇനി നില്‍ക്കാന്‍ വയ്യ. ഇതാ ഞാന്‍ ഇഷ്ടികക്കടുത്തെത്താറായി ഇനി വലതുകാലുകൊണ്ട്‌ കുതിച്ച്‌ ഇടതുകാല്‍ ഉയര്‍ത്തി ചാടണം. ഞാന്‍ വലതുകാലില്‍ സകലശക്തിയുംകൊടുത്ത്‌ ഇടതുകാല്‍ പരമാവധി ഉയര്‍ത്തി അപ്പോഴാണ്‌ ഒരു കാര്യം ഒരാവശ്യവുമില്ലാതെ പെട്ടന്ന്‌ ഓര്‍ത്തത്‌ " കല്യാണസൂത്രകവചം " ഇട്ടിട്ടില്ല. തീര്‍ത്തും ' വിത്ത്‌ ഔട്ട്‌ ' . ഈശ്വരാ നാറുമല്ലോ... പോക്കിയ കാല്‍ താഴ്ത്തി. നിമിഷനേരംകൊണ്ട്‌ ഇടിപ്പടത്തിലെ വില്ലനെപ്പോലെ അടുക്കിവച്ചിരുന്ന ഇഷ്ടികകള്‍ തെറുപ്പിച്ച്‌ അതിഭീകരമായാരാര്‍ത്തനാദത്തോടെ വാടാമലരുകളുടെ കാല്‍പ്പാദങ്ങളില്‍ വീണ്‌ നമസ്കരിച്ചു.

അഭിമാനത്തെ വേദന കീഴ്പ്പെടുത്തി. യാതൊരു നാണക്കേടുമില്ലാതെ കാല്‍മുട്ടുകള്‍ പൊത്തി ഞാന്‍ അലറിക്കരഞ്ഞു. യാതൊരു ദാക്ഷണ്യവും കൂടാതെ ഓടിവന്ന അമ്മ എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തി ചന്തിക്ക്‌ രണ്ട്‌ പെടച്ചു. അതോടെ വേദനക്ക്‌ ഒരു ബാലന്‍സായി. വാ പൊത്തിപ്പിടിച്ച്‌ ചിരിക്കുന്ന വാടാമലരുകളെ ഞാന്‍ കണ്ടില്ലെന്ന്‌ വച്ചു.

അതിനിടക്ക്‌ ചിരിച്ചുകൊണ്ട്‌ തന്നെ നിഷ അവളുടെ വീട്ടിലേക്കോടിപ്പോയി 'ഐഡക്സും' എടുത്ത്‌ ചിരിച്ചുകൊണ്ട്‌ തന്നെ മടങ്ങി വന്നു. അമ്മ അത്‌ മുട്ടില്‍ പുരട്ടിത്തന്നു. അമ്മയുടെ തോളില്‍ കയ്യിട്ട്‌ ഒക്കി ഒക്കി വീട്ടിലേക്ക്‌ നടന്നപ്പോള്‍ കിക്കി കിക്കി എന്ന ചിരികള്‍ കേള്‍ക്കാത്ത മട്ടില്‍ അമ്മയോട്‌ ഞാന്‍ പറഞ്ഞു. " ഹോ, അട്ട ഊച്ചിയ മണമാണ്‌ ഈ ഐഡക്സിന്‌ "

(ക്ഷമിക്കുക. ഇതും സ്വല്‍പ്പം നീണ്ടുപോയി. രസിച്ചോ? അതോ.... )

Comments

Pongummoodan said…
ഗോപി തൊടണ സൈസ്‌ പോസ്റ്റ്‌ ഇടാതെ രണ്ടാമത്തെ വീഴ്ച കുറിക്കാന്‍ പറഞ്ഞ അരവിന്ദനും, ശ്രീക്കും, വിശാലേട്ടനുമായി ഈ വീഴ്ച ഞാന്‍ സമര്‍പ്പിക്കുന്നു. ഒപ്പം ' വിചാര'ത്തിനും. പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി. പാളിച്ചകളുണ്ട്‌. കൂടുതല്‍ മെച്ചപ്പെടുവാനുള്ള ശ്രമം നടത്താം. കുറിച്ചത്‌ കുറച്ചേറിയോ എന്ന ശങ്ക ഇല്ലാതില്ല. സമയം മെനക്കെടുത്തിയതിന്‌ ക്ഷമ ചോദിക്കുന്നു. വായിക്കുമല്ലോ?
Pongummoodan said…
This comment has been removed by the author.
ശ്രീ said…
രണ്ടാമത്തെ വീഴ്ചയെ പറ്റി എഴുതാന്‍‌ പറഞ്ഞു എന്ന കുറ്റം എന്റെ കൂടി തലയിലേയ്ക്ക് ചുമത്തപ്പെട്ടതിനാല്‍‌ ഈ വീഴ്ചയുടെ ഔപചാരികമാ‍യ ഉത്ഘാടനം ഒരു മുഴുത്ത തേങ്ങ ഉടച്ചു കൊണ്ട് ഞാന്‍‌ തന്നെ നിര്‍‌വ്വഹിയ്ക്കുന്നു.
“ഠേ!”

എന്തായാലും അതി സാഹസികമായ ഈ രണ്ടാം വീഴ്ചയും കലക്കി. എന്തായാലും മാനം പോയില്ലല്ലോ എന്ന് സമാധാനിയ്ക്കാം.
:)

[1990 നു മുന്‍‌പാണെങ്കില്‍‌ അതൊരു ശനിയാഴ്ച ആകണം. അക്കാലത്ത് മലയാള ചലച്ചിത്രം ശനിയാഴ്ചകളിലായിരുന്നല്ലോ]
Pongummoodan said…
ശ്രീയേ... സത്യം പറയണം. വായിച്ചിട്ടാണോ കമന്‍റിട്ടത്‌ ? ഉടന്‍ മറുപടി വന്നതിനാല്‍ ചോദിച്ചതാണ്‌. :) ഏതായാലും സന്തോഷം ശ്രീ. ഒരു പക്ഷേ, ആഴ്ചയുടെ കാര്യം ശ്രീ പറഞ്ഞതാവാനാണ്‌ സാദ്ധ്യത. ഓര്‍മ്മപ്പിശക്‌. ക്ഷമിക്കുക.
ഹാ ഹാ.......ഇങ്ങനത്തെ വീഴ്ചയാണെങ്കില്‍ ആര്‍ക്കാ ചിരിക്കാതിരിക്കാന്‍ കഴിയുക? വീഴ്ച നന്നായ് (വിവരിച്ചിരിക്കുന്നു)........
കാലംകുറെക്കടന്നുപോയില്ലേ പോങ്ങുമ്മൂടാ‍?
പെണ്മനസ്സില്‍ കടന്നുകൂടാ‍നുള്ള എളുപ്പവഴി
ഈവക കസര്‍ത്തുകളൊന്നുമല്ലെന്നു ഇതിനകം
മനസ്സിലാക്കിക്കാണുമല്ലോ,അല്ലെ?
അഹ്ഹാ.. എന്തൊരു വീഴ്ച... വീഴുന്നെങ്കില്‍ ഇങനെ വീഴണം. അല്ലാ, അതിരിക്കട്ടെ, ആ വാടാമലരുകളില്‍ ഒരാള്‍ പോലും വന്നു പിടിച്ചെഴുന്നേല്‍പ്പിചില്ലേ?
Anonymous said…
ഫെബി അബ്രാഹമിനെയാണോ അതോ സ്വപ്ന ടി. തോമസിനെയാണോ പ്രേമിക്കെണ്ടതെന്ന്‌ കണ്‍ഫ്യൂഷന്‍ അടിച്ച്‌ നില്‍ക്കുന്ന കാലം. അവരിലാരെയെങ്കിലും പ്രേമിച്ചാല്‍ പൊറയിക്കോട്ട്മ്യാലിലെ സ്മിതയെ ആര്‌ പ്രേമിക്കും എന്ന ശങ്ക നിറഞ്ഞ കാലം.


പ്രിയ ഹരി, ഗംഭീരമായിട്ടുണ്ട്. എന്ന് പറഞ്ഞാല്‍ ഗംഭീരം. വെറുതെ ഒന്ന് ചാടി, കെട്ടിമറഞ്ഞ് വീണ സംഭവമാണിങ്ങനെ പൊലിപ്പിച്ച് പെടച്ചതേയ്. നമിച്ചു പുലീ.

എഴുതാനറിയില്ല എന്നിനിയും പറഞ്ഞാല്‍ ഞാന്‍ അവിടെ നടപ്പാതയോട്‌ ചേര്‍ന്ന്‌ ഇല്ലത്തെ രാമന്‍ കുഞ്ഞുണ്ണി റബ്ബര്‍ ഷീറ്റ്‌ അടിക്കാനുള്ള ' മെഷീന്‍ പുര ' കെട്ടാനായി ഇറക്കിവച്ചിരിക്കുന്ന ഇഷ്ടികയെടുത്ത് എറിയും. പറഞ്ഞേക്കാം.

ഒരുപാട് ‘സംഗതികള്‍’ ഉണ്ടിതില്‍.

‘ഓടിവന്ന അമ്മ എഴുന്നേല്‍പ്പിച്ച്‌ നിര്‍ത്തി ചന്തിക്ക്‌ രണ്ട്‌ പെടച്ചു. അതോടെ വേദനക്ക്‌ ഒരു ബാലന്‍സായി!’ എന്നൊക്കെ പറഞ്ഞതും ഹൃദയമിടിപ്പുമെല്ലാം, എന്താ പെട!!!

കുറെ ചിരിച്ചു.
മഹാപതനം കലക്കി ട്ടൊ.

എന്നാലും ആ വാടാമലരുകള്‍ സെന്റിയടിച്ച് വന്നില്ലേ പിന്നെ?
Sherlock said…
പോങ്ങുമൂട്സ്,

സംഭവം ചെറുതാണെങ്കിലും ഇടയ്ക്കു കുറേശേ ഫില്ലിങ്ങ് ഇടയിലുള്ള കാരണം രസിച്ചു :)
Pongummoodan said…
ശ്രീവല്ലഭാ, :- സന്തോഷത്തോടെ നന്ദി അറിയിക്കുന്നു.

അനൂപ്‌ :- നന്ദി.

ഭൂമിപുത്രി :- അന്നത്തെ വിവരക്കേടുകളില്‍ നിന്ന്‌ കുറെയൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്‌. അടവുകള്‍ പലതും പഠിച്ച്‌ വന്നപ്പോഴേക്ക്‌ ബാഹ്യരൂപം നമ്മളെ തോല്‍പ്പിച്ച്‌ കളഞ്ഞു. ഈ എന്‍.എല്‍. ബാലകൃഷ്ണന്‍ ടൈപ്പ്‌ ബോഡിക്കുള്ളില്‍ മിടിച്ച്‌ വിലസുന്നത്‌ പ്രേം നസീര്‍ ടൈപ്പ്‌ ഹൃദയമാണെന്ന്‌ വിശ്വസിക്കാന്‍ ഒരുത്തിമാരും തയ്യാറാവാതിരുന്നതിനാല്‍ നമ്മുടെ ഏഴ്‌ പ്രേമങ്ങളും പച്ചതൊടാതെ പോയി. :) കമന്‍റിന്‌ നന്ദി.

വാല്‍മീകി:- എവടെ വാല്‍മീകി. സിനിമകളിലൊക്കെ കാണുന്ന പോലെ ഇഷ്ടികകളൊക്കെ മറിച്ച്‌ നമ്മളിങ്ങനെ പറന്ന്വരുന്നത്‌ കണ്ടുള്ള ഞെട്ടല്‍ ആദ്യം. പിന്നെ, സംഭവിച്ചതെന്താന്ന്‌ മനസ്സിലായിക്കഴിഞ്ഞപ്പോളുള്ള പോട്ടിച്ചിരി രണ്ടാമത്‌. കൈകള്‍ രണ്ടും വാപൊത്താനല്ലെ അവളുമാരുപയോഗിച്ചിരിക്കുന്നത്‌. പിന്നെ എങ്ങനെ എന്നെപ്പിടുക്കും. ? :)

അനോണിച്ചേട്ടാ:- ഒരുപാട്‌ സന്തോഷം. കമന്‍റുകള്‍ കിട്ടുമ്പോളാണ്‌ എനിക്ക്‌ ആത്മവിശ്വാസം കൂടുന്നത്‌. അതുകൊണ്ട്‌ കമന്‍റിന്‌ നന്ദി. ഇനി ഒന്ന്‌ ചോദിക്കട്ടെ ആരാന്ന്‌ പറയാമോ? ( നല്ല പരിചയമുള്ള ശൈലി. ആരാവും?!!!)

പ്രിയ പ്രീയേ :- മഹാപതനം കലക്കീന്ന്‌ പറഞ്ഞതില്‍ സന്തോഷം. നന്ദി. ഓ! അവരൊന്നും അത്ര ലോലഹൃദയരായിരുന്നില്ലെന്നേ. മാത്രവുമല്ല ആ ദുഷ്ടപ്പെരുച്ചാഴികള്‍ എന്‍റെ മഹാപതനത്തിന്‌ നല്ല കവറേജും കൊടുത്തു. :)

ജിഹേഷ്‌:- പ്രോത്സാഹനത്തിന്‌ നന്ദി. ഇടക്കൊക്കെ പോങ്ങുമ്മൂട്ടേക്ക്‌ വരണേ...

സ്നേഹപൂര്‍വ്വം
പോങ്ങുമ്മൂടന്‍.
Visala Manaskan said…
പ്രിയ ഹരി,

അനോണിക്കമന്റ് എന്റയാണ്. മനപ്പൂര്‍വ്വമല്ല. ഇന്നലെ രാത്രി ഞാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രണ്ടുമൂന്ന് കൊല്ലത്തോളമായി അടയും ചക്കരയുമായി ഒരാത്മാവും രണ്ട് ഫിഗറുമായി വാലേ തൂങ്ങി നടക്കുന്ന എന്റെ യുസര്‍ ഐഡിയും പാസ്വേഡും തമ്മിലുണ്ടെന്ന് ബ്ലോഗര്‍ പറഞ്ഞ ആ സ്വരച്ചേച്ച പരിഹരിക്കാനായില്ല. അവസാനം എനിക്കും അനോണിയാകേണ്ടി വന്നൂ. :)

സുകൃത ടി.ബി. സുകൃത ടി.ബി. (കടപ്പാട്: അരവിന്ദിന്)

പോസ്റ്റ് ഞെരിച്ചു ചുള്ളന്‍!
ഗീത said…
ഷൈന്‍ ചെയ്യാന്‍ പോയവനെ
ഷൈനെസ്സ് കീഴ്പ്പെടുത്തി
ഷേപ്പ് മാറ്റിവിട്ടു....

അയ്യേ! എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടി ഒന്നു വീണതിന് ഇങ്ങനെ ഉറക്കെ അലറി കരയുകയോ?
അതും ഒരാണ്‍കുട്ടീ? ച്ഛെ! ച്ഛെ!!

പോങ്ങുമൂടാ രസിച്ചൂട്ടോ....
Pongummoodan said…
വിശാലേട്ടാ,

നന്ദി. അനോണീരൂപധാരി വിശാലേട്ടനാണോയെന്ന ഒരു സംശയം എന്നിക്ക്‌ വന്നിരുന്നു. ആ ശൈലി അത്ര സുപരിചിതവും രസകരവുമല്ലെ. അതിനി ഒരു നാല്‌ വരി കമനൃ ആയാലും വായിക്കാന്‍ ഒരു രസമാണ്‌. സന്തോഷം.

കൊടകരപുരാണത്തിന്‍റെ തലേക്കെട്ട്‌ ആര്‌ ഡിസൈന്‍ ചെയ്തതാണ്‌? നന്നായിട്ടുണ്ട്‌.

നമ്മുടെ അരവിന്ദ്ജി രണ്ടാമത്തെ വീഴ്ചയേക്കുറിച്ച്‌ അറിഞ്ഞോ ആവോ? അദ്ദേഹത്തിന്‍റെ അഭിപ്രായം കൂടി അറിയാന്‍ ആഗ്രഹമുണ്ട്‌.

ഗീതാഗീതികള്‍ :- മുട്ടുചിരട്ട തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ ഏത്‌ കൊലകൊല്ലിയും അലറിക്കരഞ്ഞ്‌ പോവും. അതില്‍ നോ നാണക്കേട്‌. :)
കമന്‍റിന്‌ നന്ദി.
ഹ ഹ... മാഷേ രണ്ടാമത്തെ വീഴ്ച്ചയുടെ വിവരണം അടിപോളിയാ‍യ് കേട്ടോ.....

ആശംസകള്‍.....
Unknown said…
ഫെബി അബ്രാഹമിനെയാണോ അതോ സ്വപ്ന ടി. തോമസിനെയാണോ പ്രേമിക്കെണ്ടതെന്ന്‌ കണ്‍ഫ്യൂഷന്‍ അടിച്ച്‌ നില്‍ക്കുന്ന കാലം. അവരിലാരെയെങ്കിലും പ്രേമിച്ചാല്‍ പൊറയിക്കോട്ട്മ്യാലിലെ സ്മിതയെ ആര്‌ പ്രേമിക്കും എന്ന ശങ്ക നിറഞ്ഞ കാലം.

നന്നായി രസിച്ചു ട്ടാ....
Pongummoodan said…
കാനനവാസനോടും, ജാബുവിനോടും എനിക്ക്‌ നന്ദിയുണ്ട്‌.
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.
പ്രിയ said…
ഞാന് ചിരിക്കുന്നില്ലാട്ടോ (ഹി ഹി ഹി )

ഒരു പൊട്ടിച്ചിരിക്കുള്ള വിധത്തില് ചുമ്മാ കൂള് കൂള് ആയി പറഞ്ഞിരിക്കുന്നു. ആ ഓടി പോയ സ്പീഡില് തന്നെ.

പിന്നെ "...'ശ്രദ്ധയും പരിഗണനയും' ഞാന്‍ അയാള്‍ക്കും കൊടുത്തിരുന്നു." ഏത് ആള്ക്ക്?
ഒരു സംശയം:
ചാടിയിരുന്നെന്കില്‍... ഇതിനെക്കാള്‍ ഭയങ്കര കോമഡി ആകില്ലായിരുന്നോ?
Unknown said…
രസിച്ചു പൊങ്ങമ്മൂടാ നല്ലോണം രസിച്ചു.
വന്‍ വീഴ്ചകളിലൊന്ന്.
അടിതെറ്റിയാല്‍...............
മഷേ കലക്കിട്ടോ.. ഗംഭീരമായിരിക്കുന്നു.
Pongummoodan said…
പ്രിയ,
ദ്രൌപദി,
കാലമാടന്‍,
തല്ലുകൊള്ളി
എല്ലാവരോടും സ്നേഹത്തോടെ നന്ദി പറയുന്നു.
ധനേഷ് said…
പോങ്ങുമ്മൂട്സ്....
കലക്കീട്ടോ...
ഇത്രയും നന്നായി എഴുതീട്ടും, കഴിവില്ലെന്നും, എഴുത്തു പോരാ എന്നും പറയുന്ന ഈ എളിമയാണെനിക്കു പിടിക്കാത്തത്...
ജീവിതത്തിന്റെ വസന്ത കാലമായ കൗമാര ചിന്തകളെ ഹാസ്യത്തിന്റെ മുന്തിരിച്ചറു നിറച്ച വാക്കുകള്‍ കൊണ്ട്‌ അവതരിപ്പിചിരിക്കുന്നു, വല്ലപ്പൊഴുമേ നമുക്ക്‌ പരിസരബോധത്തിന്റെ മതിലുകളടര്‍ന്ന് ചിരിക്കാന്‍ കഴിയുകയുള്ളു,നന്ദി വര്‍ഷങ്ങള്‍ക്ക്‌ പുറകില്‍ നിന്ന് വീണ്ടും അ അസുന്ദരകാലത്തിലെയ്ക്ക്‌ ഒരു സവാരി തന്നതിന്ന്, ഹാസ്യനുഭവത്തിന്ന്
Pongummoodan said…
ധനേഷ്‌: ഇനി ഇത്തരം വര്‍ത്തമാനങ്ങള്‍ പറയാതിരിക്കാം. സ്നേഹപൂര്‍വ്വം നന്ദി.
Pongummoodan said…
ഷെരീഖ്‌: വളരെ സന്തോഷം വായിച്ചതിലും ആസ്വദിച്ചതിലും. നന്ദി. സ്നേഹപൂര്‍വ്വം തന്നെ.
തമനു said…
പോങ്ങുമ്മൊടനിയാ..

ആദ്യമായിട്ടാണ് ഇവിടെ...

ശരിക്കും ചിരിപ്പിച്ചു കൊന്നു ... ഇതിന്റെ മറ്റൊരു അനുഭവം എനിക്കുള്ളതു കൊണ്ടായിരിക്കാം ശരിക്കും ഫീല്‍ ചെയ്തു... (അമ്മച്ചിയാണെ ഫീല്‍ ചെയ്തു... സത്യം .. വിശ്വാസമില്ലേ പോ... ഹല്ല പിന്നേ..)

ബാക്കി കൂടെ വായിക്കട്ടെ..

ജയ് പോങ്ങു ... ജയ് മൂടന്‍..
പൊങ്ങുമ്മൂടാ തകര്‍ത്തു!
ഉറക്കെ ചിരിച്ചു പോയിഷ്ടാ.

അപ്പോ എത്ര വീഴ്ച വീണാലും അവിടീം ആദ്യം രണ്ട് പെടയായിരുന്നല്ലേ...എനിക്കും അങ്ങനെ തന്നെ.

:-))

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ