മൂന്ന്‌ വീഴ്ചകള്‍...

മൂന്ന്‌ വീഴ്ചകള്‍...

ഒരാളുടെ വീഴ്ച തീര്‍ച്ചയായും കണ്ടുനില്‍ക്കുന്നവരില്‍ ചിരി ഉണര്‍ത്തും। എനിക്കതില്‍ തര്‍ക്കമില്ല. അങ്ങനെ ചിരിക്കുന്നവരോട്‌ എനിക്കൊട്ടു പരിഭവവുമില്ല. പല സന്ദര്‍ഭങ്ങളിലായി പത്തന്‍പതോളം പേര്‍ക്ക്‌ ചിരിവിരുന്ന്‌ സമ്മാനിക്കാന്‍ അവസരം ലഭിച്ച ഒരു ഭാഗ്യവാനാണ്‌ ഞാന്‍. ( അവരുടെ ആര്‍ത്തട്ടഹസിച്ച ചിരിയില്‍ എന്‍റെ അഭിമാനത്തിന്‍റെ കരച്ചില്‍ മുങ്ങിപ്പോയെന്നത്‌ സത്യം) അങ്ങനെ പരിഹാസത്തിനും, ചിരിക്കും കാരണമായ എന്‍റെ മൂന്ന്‌ പ്രധാന വീഴ്ചകളാണ്‌ ഞാന്‍ ഇവിടെ കുറിക്കുന്നത്‌. ഇത്‌ നിങ്ങളില്‍ ഒരു ചിരിപോലും ഉണ്ടാക്കുന്നില്ലെങ്കില്‍ അത്‌ എന്‍റെ നാലാമത്തെ വീഴ്ചയായി കണക്കാക്കുക. :)

വീഴ്ച നമ്പര്‍: ഒന്ന്‌.
എനിക്കന്ന്‌ വയസ്സ്‌ പതിനാറ്‌. ( മധുരം കമ്മി )
സെന്‍റ്‌। . തോമസ്‌ കോളേജില്‍ ഒന്നാം വര്‍ഷം പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന കാലം. വീട്ടില്‍നിന്ന്‌ ഒന്നര കി.മീ അകലെ വള്ളിച്ചിറ എന്ന സ്ഥലത്താണ്‌ ട്യൂഷന്‌ പോവുന്നത്‌. ക്ളാസ്സുകള്‍ ആഴ്ചയില്‍ രണ്ടുദിവസം. ശനിയും ഞായറും വൈകിട്ട്‌ അഞ്ചര മുതല്‍ ആറര വരെ. സജിസ്സാറാണ്‌ ക്ളാസ്സെടുക്കുന്നത്‌. പലപ്പോഴായി ഒരുപാട്‌ കുട്ടികള്‍ അവിടെ പഠിക്കാനായി വരുന്നുണ്ട്‌. എന്‍റെ സമയത്ത്‌ ഞങ്ങള്‍ നാല്‌ പേര്‍. അയല്‍വാസിയും നഴ്സറിക്ളാസ്സു മുതല്‍ എന്‍റെ കൂടെ പഠിക്കുന്നവളുമായ ജയദേവി, ജയദേവിയുടെ ബന്ധുവും കൂട്ടുകാരിയുമായ സ്മിത എസ്‌. കൈമള്‍, സുന്ദരനും സുമുഖനും തെറ്റില്ലാത്ത പഠിപ്പിസ്റ്റുമായതിന്‍റെ പേരില്‍ ഈയുള്ളവന്‍റെ കടുത്ത അസൂയയ്ക്ക്‌ പാത്രമാവേണ്ടി വന്നവനുമായ അനീഷ്‌, പിന്നെ ഈ ഞാനും.

ജയദേവിയും സ്മിതയും നടന്ന്‌ ക്ളാസ്സിലേക്ക്‌ പോവുമ്പോള്‍ എന്‍റെ യാത്ര രണ്ട്‌ വയസ്സ്‌ പ്രായമായ എന്‍റെ സൈക്കിളിലായിരുന്നു.(അക്കാലത്ത്‌ ഞങ്ങളുടെ നാട്ടില്‍ സൈക്കിളുള്ളവന്‌ മോട്ടോര്‍ ബൈക്ക്‌ ഉള്ളവന്‍റെ വിലയായിരുന്നു. ) ഡൈനാമോ ഇല്ലത്ത ഒരു ചടാക്ക്‌ സൈക്കിള്‍. പ്രായത്തെക്കാള്‍ പഴക്കം രണ്ട്‌ വര്‍ഷത്തെ എന്നോടൊത്തുള്ള സഹവാസം കൊണ്ട്‌ ആ സൈക്കിളിനുണ്ടായിരിക്കുന്നു. കൊയ്യാറായ പാടത്ത്‌ വിള തിന്നാന്‍ വരുന്ന കിളികളെ പറപ്പിക്കാനായി ഉപയോഗിക്കുന്ന പാട്ടകൊട്ടിന്‍റെ കാതടപ്പിക്കുന്ന ശബ്ദമായിരുന്നു എന്‍റെ സൈക്കിള്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ പുറപ്പെടുവിച്ചുകൊണ്ടിരുന്നത്‌. അതുകാരണം ഗുണവും ദോഷവുമുണ്ടായിരുന്നു. ദോഷം , നമ്മളിങ്ങനെ പെരുമ്പറ മുഴക്കി ട്യൂഷന്‍സെന്‍റ്റര്‍ ലക്ഷ്യമാക്കി ചവിട്ടി വിടിമ്പോള്‍ ഏതെങ്കിലും പേടിത്തൂറികളായ പശുക്കളെ വഴിയരികില്‍ ആരെങ്കിലും കെട്ടിയിട്ടുണ്ടെങ്കില്‍ അവറ്റകളില്‍ ഒന്നെങ്കിലും കയറും പൊട്ടിച്ച്‌ പാഞ്ഞിട്ടുണ്ടാവും. പിന്നെ അത്‌ പഞ്ചായത്തിനെ ഇളക്കിമറിക്കുന്ന പ്രശ്നമാവും. ഒന്ന്‌ രണ്ട്‌ തെറ്റില്ലാത്ത തെറികള്‍ പശുപാലകരില്‍ നിന്ന്‌ കേട്ട സംഭവം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്‌. ഇനി ഗുണമെന്താണെന്ന്‌ വച്ചാല്‍ ട്യൂഷന്‍ ‍ട്യൂഷന്‍ സെന്‍ററിന്‍റെ തൊട്ടടുത്ത്‌ താമസിക്കുന്ന എന്‍റെ പ്രിയ കാമുകിയ്ക്ക്‌ ശബ്ദകോലാഹലങ്ങളോടെ, നാടിളക്കി പാഞ്ഞ്‌ വരുന്ന തന്‍റെ കാമുകന്‌ ഒന്ന്‌ ദര്‍ശനം നല്‍കി മടങ്ങാനുള്ള ഒരവസരം ലഭിക്കുന്നു എന്നതാണത്‌.
അന്ന് പതിവിലും താമസിച്ചാണ്‌ എനിക്ക്‌ വീട്ടില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞത്‌। സാധാരണ മഴുവന്നൂര്‍കുളത്തിന്‍റെ അടുത്തുവച്ചോ അല്ലെങ്കില്‍ വള്ളീച്ചിറ പാലത്തിനപ്പുറം വച്ചോ ആയിരിക്കും ജയദേവിയും സ്മിതയും ക്ളാസ്സിലേക്ക്‌ നടന്നുപോവുന്നത്‌ കാണാറുള്ളത്‌. അന്നത്‌ ഉണ്ടായില്ല. അതുകൊണ്ട്‌ ആകാവുന്ന വേഗത്തില്‍ ഞാന്‍ ചവിട്ടി. എഴുന്നേറ്റ്‌ നിന്ന്‌ ആഞ്ഞാഞ്ഞ്‌ ചവിട്ടി. മുരളിച്ചേട്ടന്‍റെ പശു കയറു പൊട്ടിച്ച്‌ പാടത്തൂടെ പാഞ്ഞ്പാഞ്ഞ്‌ പോയി. ( ഒരു പക്ഷേ നിങ്ങള്‍ക്ക്‌ തോന്നാം പഠനത്തിനോടുള്ള എന്‍റെ അതിയായ താത്പര്യമാണ്‌ ഈ ചവിട്ടിനു പിന്നില്‍ എന്ന്‌. അങ്ങനെ വിചാരിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ അറിവിലേക്കായി പറയട്ടെ, സംഗതി അതൊന്നുമല്ല. നമ്മുടെ ഈ ട്യൂഷന്‍ ‍മാസ്റ്റര്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. ഞാന്‍ എത്ര നേരത്തെ ക്ളാസ്സില്‍ ചെന്നാലും ഒരിക്കല്‍പോലും പ്രോല്‍ത്സാഹിപ്പിക്കാത്ത ആള്‍ മേപ്പടി കുറിച്ച രണ്ട്‌ തരുണീമണികള്‍ക്ക്‌ ശേഷമാണ്‌ ഈയുള്ളവന്‍ ചെല്ലുന്നതെങ്കില്‍ ബാബു ആന്‍റണിയെ മനസ്സില്‍ ധ്യാനിച്ച്‌ നീട്ടിവളര്‍ത്തിയിരിക്കുന്ന എന്‍റെ മുടിയില്‍ പിടിച്ച്‌ മുന്നോട്ടും പിന്നോട്ടും ഒരു കടച്ചിലുണ്ട്‌. തല പറിയുന്ന വേദനയേക്കളും അപ്പോള്‍ വിഴമിപ്പിക്കുന്നത്‌ ആ തമ്പുരാട്ടിമാരുടെ ചിരിയായിരിക്കും. അങ്ങനെ ഒരു രംഗം ക്രിയേറ്റ്‌ ചെയ്ത്‌ മാഷിനെ ഹീറോ ആക്കേണ്ടന്ന വിചാരത്തിലാണ്‌ ഈയുള്ളവന്‍റെ ചവിട്ടല്‍. )

കാമുകിയുടെ വീടിന്‌ തൊട്ടുമുന്‍പായിട്ടുള്ള വളവില്‍ വച്ച്‌ ഞാന്‍ സൈക്കിളൊന്ന്‌ നിര്‍ത്തി। പോക്കറ്റില്‍ നിന്ന്‌ ഒരു ചെറിയ ' ഹൃദയരൂപത്തിലുള്ള' ( ആഡുതന്‍) കണ്ണാടി എടുത്ത്‌ മുഖം നോക്കി। കൈവിരലുകൊണ്ട്‌ മുടിയൊന്ന്‌ ഒതുക്കി। സുരേഷ്‌ ഗോപിയുടേത്‌ പോലുള്ള ചിരി ഒന്ന്‌ കണ്ണാടിയില്‍ നോക്കി കൊടുത്തു। മതി. ഇനി ചവിട്ടാം. ശബ്ദം കേട്ട്‌ എന്‍റെ പ്രിയതമ ഇറങ്ങിവരുമ്പോള്‍ കണ്ണാടിക്ക്‌ കൊടുത്തതുപോലൊരു ചിരി അവള്‍ക്കും കൊടുക്കാം. അവള്‍ പുളകം കൊള്ളട്ടെ. വളവ്‌ തിരിഞ്ഞപ്പോള്‍ കണ്ടു അവളുടെ വീട്ടുമുറ്റത്ത്‌ ചേട്ടന്‍മാര്‍ രണ്ടും ബാഡ്മിന്‍റന്‍ കളിക്കുന്നു. അവള്‍ സിറ്റ്‌ ഔട്ടിലെ കസേരയിലിരുന്ന്‌ കളികാണുന്നു. ഈശ്വരാ, കൊടുക്കാമെന്ന്‌ വിചാരിച്ച ചിരി പാഴാവുമല്ലോ, ഞാന്‍ വിചാരിച്ചു. അവളെ കണ്ടപ്പോള്‍ ഹൃദയമിടിപ്പിന്‍റെ വേഗത പോലെ ചവിട്ടിന്‍റെ വേഗതയുംകൂടി. ഒപ്പം സൈക്കിളുണ്ടാക്കുന്ന കടകട ശബ്ദത്തിന്‍റെയും. അവള്‍നോക്കുന്നുണ്ടോ? ഉണ്ട്‌. ഭഗവാനേ ചിരി ഒന്നുകൊടുത്താലോ? വേണ്ട. ചേട്ടന്‍മാര്‍ നോക്കുന്നുണ്ടെങ്കിലോ? ഞാന്‍ അവരെ ഒന്നു പാളിനോക്കി. ഇല്ല. ക്ണാപ്പന്‍മാര്‍ (ഭാവി അളിയന്‍മാര്‍ ) രണ്ടും കളിയില്‍ത്തന്നെ ശ്രദ്ധിക്കുന്നു. ഒരു ചിരി തൊടുത്തു വിട്ടു. ഒരെണ്ണം തിരിച്ചും കിട്ടി. സംഗതി കുശാല്‍. വീടിന്‍റെ തൊട്ടടുത്തെത്തി. ഇനി ഒരു അഭ്യാസ പ്രകടനമാവാം. രണ്ടുകൈകളും വിട്ട്‌ ഞാന്‍ എന്‍റെ മുടിയൊന്ന്‌ മാടി ഒതുക്കിക്കൊണ്ട്‌ കാക്ക നോക്കുന്നപോലെ തല ചെരിച്ച്‌ അവളെ ഒന്ന്‌ നോക്കി. അവള്‍ക്ക്‌ രോമാഞ്ചമുണ്ടായിക്കാണുമോ? അവളുടെ ചേട്ടന്‍മാര്‍ക്ക്‌ പറ്റാത്ത ഒരഭ്യാസമുറയാണിതെന്ന്‌ അവള്‍ക്ക്തോന്നിയിട്ടുണ്ടാവുമോ? പെട്ടെന്ന്‌, സൈക്കിളിന്‍റെ മുന്‍ ചക്രം ഒരു ഉരുളന്‍ കല്ലില്‍ കയറി തെന്നി. ഞാന്‍ കൈകള്‍ രണ്ടും കൂന്തലില്‍ നിന്നും ഹാന്‍ഡിലിലേക്ക്‌ മാറ്റാന്‍ ഒരു ശ്രമം നടത്തി. (ഇനി നമ്മള്‍ ട്രൈ ചെയ്തില്ലെന്നാര്‍ക്കും തോന്നരുതല്ലോ )സോറി നോ രക്ഷ. ഹാന്‍ഡിലില്‍ നിന്നും കൈ തെന്നിയിരിക്കുന്നു. അനിവാര്യമായ പതനത്തിലേക്ക്‌ ഞാന്‍ ക്രാഷ്‌ ലാന്‍ഡ്‌ ചെയ്യുന്നു. ഇനി എന്തിനു മടിക്കണം? തുടങ്ങിയേക്കാം... " ആ... ആയ്യോ.... ..... " ഞാന്‍ ഉറക്കെ കാറിത്തുടങ്ങി. കാറലോടുകൂടിത്തന്നെ ഞാന്‍ കാമുകിയുടെ കരിങ്കല്ലുകള്‍ പാകിയ മതിലിലേക്ക്‌ പതിച്ചു. അവിടെനിന്നും താഴെ ഓടയിലേക്കും. ഞാന്‍ അലറിവിളിച്ച്‌ നിലം തൊടുന്നതിനിടയില്‍ അവള്‍ മുറിക്കുള്ളിലേക്ക്‌ വലിഞ്ഞ്‌ സകല കാമുകിമാര്‍ക്കും മാതൃകയായി. കാമുകന്‍റെ പതനം കാണാന്‍ ഒരു കാമുകിയ്ക്കും കരുത്തുണ്ടാവില്ലല്ലോ. ( ഭാവി അളിയന്‍മാര്‍ ഓടിവന്ന്‌ എന്നെ പിടിച്ചെഴുന്നേല്‍പിച്ചതും, 'വളവ്‌ തിരിഞ്ഞതുമുതല്‍ നീ ഷോ കാണിച്ച്‌ വരുന്നത്‌ ഞാന്‍ കണ്ടിരുന്നു ' എന്ന്‌ അതിലൊരളിയന്‍ എന്‍റെ ചെവിയില്‍ സ്വകാര്യം പറഞ്ഞതുമൊന്നും ഞാന്‍ ഇവിടെ കുറിക്കുന്നില്ല. മാത്രവുമല്ല 'ആദ്യ വീഴ്ച' കുറെ അധികം നീണ്ടുപോയതിനാല്‍ അടുത്ത രണ്ടു വീഴ്ചകള്‍ രണ്ട്‌ ദിവസം കഴിഞ്ഞ്‌ മതി എന്നും തീരുമാനിച്ചു. ഇവിടെ വരെ വായിക്കന്‍ ക്ഷമ കാണിച്ചു എങ്കില്‍ താങ്കള്‍ക്ക്‌ നന്ദി. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ആഗ്രഹിക്കുന്നുണ്ട്‌. )

(തുടര്‍ന്നേക്കും... )

Comments

Pongummoodan said…
കുറച്ച്‌ നീണ്ടുപോയി. ഉദ്ദേശിച്ച ഭംഗി കിട്ടിയിട്ടുമില്ല. തെളിഞ്ഞ്‌ വരുന്നതല്ലേ ഉള്ളൂ.. നന്നായേക്കും. ശ്രമിച്ചുകൊണ്ടിരിക്കാം. എഴുതണമെന്ന പൂതികൊണ്ട്‌ മാത്രം എഴുതുന്നു. എഴുതാനുള്ള വാസന ഉണ്ടെന്ന്‌ കരുതുന്നില്ല. ചില പൂതികള്‍ അടക്കാന്‍ കഴിയില്ലല്ലോ?
പോരട്ടെ ബാക്കി വീഴ്ചകള്‍ കൂടി
ഷോ കാണിച്ചാല്‍ അങ്ങനെയിരിക്കും. എന്തായാലും ആദ്യ വീഴ്ച മോശമാക്കിയില്ല.
അലി said…
ധൈര്യമായി വീണോളൂ...
Pongummoodan said…
കണ്ണൂരാന്‍, സണ്ണിക്കുട്ടന്‍ പിന്നേം സണ്ണിക്കുട്ടന്‍ , വാല്‍മീകി, അലി... എല്ലാവര്‍ക്കും. നന്ദി. കമന്‍രുകള്‍ ഇട്ടതിന്‌. സന്തോഷം.
ഇനി അറിയാനുള്ളതൊന്നേയുള്ളു പോങ്ങുമ്മൂടന്‍-
ആ വീഴ്ച്ച്ചയില്‍നിന്ന് പിന്നെ എണീറ്റില്ലേ..ച്ചാല്‍..കാമുകിയിപ്പോള്‍ പ്രമോഷന്‍ മേടിച്ച് കൂടെക്കൂടിയോ എന്നു?
Pongummoodan said…
ഭവതീ... ഭൂമീപുത്രി...ഈയുള്ളവന്‌ കമന്‍റിടുന്ന ആദ്യ വനിത ബ്ളോഗറാണ്‌ താങ്കള്‍. നന്ദി. :)

താങ്കളുടെ അറിവിലേക്കയി പറയട്ടെ... തുടര്‍ന്ന്‌ ഒരു മൂന്നുവര്‍ഷം കൂടി എന്‍റെ കാമുകീപദം അലങ്കരിച്ച്‌ അവള്‍ മറ്റൊരുവന്‍റെ ഭാര്യയായി പോയി. മാത്രവുമല്ല പത്ത്‌ മാസത്തിനു മുന്‍പ്‌ എങ്ങനെ പ്രസവിക്കാം എന്നതില്‍ ഗവേഷണം നടത്തുകയാണോ എന്ന്‌ സംശയം തോന്നും വിധത്തില്‍ വിവാഹശേഷം രണ്ട്‌ വര്‍ഷം പൂര്‍ത്തി ആയപ്പോഴേക്ക്‌ രണ്ട്‌ കുട്ടികളുടെ അമ്മയുമായി.( ഉത്തരവാദിത്വം അവളുടെ ഭര്‍ത്താവിനുമാത്രം.) കുറച്ചുകാലം എല്ലാ നിരാശാകാമുകന്‍മാരേയും പോലെ ഞാനും ഒരു ദേവദാസ്‌ ആയിരുന്നു. ഇപ്പോള്‍ ഒരു ഭര്‍ത്താവാണ്‌. എന്‍റെ ഭാര്യ ആരുടെയെങ്കിലും കാമുകി ആയിരുന്നോ ആവോ? :)
ദാറ്റീസ് ലൈഫ് പൊങ്ങുമൂടന്‍..മാധവിക്കുട്ടി പറഞ്ഞിട്ടില്ലെ,പ്രധാന കഥാപാത്രങ്ങള്‍ പ്രവേശിക്കുന്നതിനു മുന്‍പുള്ള റിഹേഴ്സലുകളെപറ്റി?
Pongummoodan said…
നന്ദി സ്നേഹിതേ.... താങ്കളുടെ വാക്കുകള്‍ തീറ്‍ച്ചയായും ആശ്വാസപ്രദമായിരുന്നു. വീണ്ടും കാണാം.
ശ്രീ said…
കലക്കിയല്ലോ മാഷേ... (സത്യമായും വീഴ്ചയല്ലാട്ടോ, ഈ വിവരണം.)

ഒരാളുടെ വീഴ്ചയില്‍‌ ചിരിക്കാന്‍‌ പാടില്ലാത്തതാണെങ്കിലും ഈ ഹാസ്യ അവതരണം ശരിക്കു ചിരിപ്പിച്ചു.

ഇനിയും രണ്ടു വീഴ്ചകള്‍‌ ബാക്കിയുണ്ടല്ലോ. അതൂടെ അങ്ങ് ധൈര്യമായി വീണോളൂ... അല്ലല്ലാ, എഴുതിക്കോളൂ...
;)

[പിന്നെ, അന്നത്തെ കാലത്തെ ഓര്‍‌ത്ത് ദേവദാസ് ആയി തുടരാതിരുന്നതാണ്‍ താങ്കളുടെ വിജയം. നേട്ടങ്ങളെക്കുറിച്ചു മാത്രം ചിന്തിയ്ക്കൂ...]
Pongummoodan said…
എന്‍റെ ശ്രീ...
നന്ദി.
ഇതാണ്‌ കമനൃ. താങ്കളുടെ ഈ കമനൃ മനസ്സില്‍നിന്നും ഒലിച്ചുപൊയ്ക്കോണ്ടിരുന്ന ആത്മവിശ്വാസത്തിന്‍റെ ചോര്‍ച്ച ഒട്ടൊന്ന്‌ അടക്കാന്‍ കാരണമായി. സന്തോഷം. ജന്‍മനാ പ്രതിഭാധനന്‍ അല്ലാത്തതുകൊണ്ടും, എഴുതി ഒരുപാട്‌ ശീലമില്ലാത്തതുകൊണ്ടും കുറെ അധികം പാളിച്ചകള്‍ ഞാന്‍ എഴുതുന്നതിലുണ്ടായിട്ടുണ്ട്‌. എന്നിട്ടും അവയൊന്നും എടുത്ത്‌ പറഞ്ഞ്‌ എന്‍റെ മനസ്സ്‌ തളര്‍ത്താതിരുന്ന താങ്കളുടെ നന്‍മ ഞാന്‍ തിരിച്ചറിയുന്നു. ഇനിയും വല്ലപ്പോഴും ഇതുവഴി വന്നുപോവുക.

സ്നേഹപൂര്‍വ്വം
പോങ്ങുമ്മൂടന്‍ (ഇതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായില്ല ട്ടോ )
മൂന്ന് വീഴ്ച്ചകള്‍ വായിക്കാന്‍ വന്ന എനിക്ക് ഒരു വീഴ്ച്ചയേ വായിക്കാന്‍ കഴിഞ്ഞൊള്ളൂ അതിനാല്‍ പ്രതിഷേധിക്കുന്നു കാരണം ഒരു വീഴ്ച്ച തന്നെ ഏറെ രസകരം എങ്കില്‍ അടുത്ത രണ്ടു വീഴ്ച്ചകളും മനോഹരമായിരിക്കുമല്ലോ അതു വായിക്കാനാവാത്ത നിരാശയാണ് എന്റെയീ പ്രതിഷേധം .. രസായിട്ടുണ്ട് ട്ടോ .. ആ രണ്ട് വീഴ്ച്ചകളും എഴുതിയാല്‍ എനിക്കൊന്ന് അറീയിക്കണം കാരണം എന്റെ ഈ കമ്പ്യൂ‍ട്ടറില്‍ നേരിട്ട് എനിക്കൊരു സൈറ്റും നോക്കാനാവില്ല പക്ഷെ എനിക്ക് ഗൂഗിള്‍ മെയില്‍ ഗൂഗിള്‍ ചാറ്റിലൂടെ കിട്ടും, ബോസിന്റെ കമ്പ്യൂട്ടറില്‍ പോയി സൈറ്റില്‍ കയറി Test -1.. 2 എന്നലാം കമന്റെഴുതും കാരണം ബോസിന്റെ കമ്പ്യൂട്ടറില്‍ മലയാളം ഇല്ല, കമന്റും ലിങ്കും മെയിലായി എന്റെ ഗൂഗില്‍ മെയിലില്‍ വരും അവിടെ നിന്ന് എനിക്ക് തുറയ്ക്കാനാവും അങ്ങനെ ദേ ഇപ്പോ എഴുതുന്നത് പോലെ മലയാളത്തില്‍ ഇങ്ങനെയങ്ങ് എഴുതാം .. ടെസ്റ്റ് 1 .. 2 ന്റെ ഗുട്ടന്‍സ് മനസ്സിലായല്ലോ .എഴുതുക അതിനേക്കാളധികം വായിക്കുക.

https://www.blogger.com/comment.g?blogID=6243195765737416067&postID=8755976495226552714

പരാജിതന്‍ എന്ന പ്രയോഗത്തോട് ഒട്ടും യോജിപ്പില്ല ..
hello red your blogs good postings. Let me know the you tube link of the video blog you posted in Bhooloka Culb on the new inerpritation of the clours on Tri colour Flag of India

http://Prasanth R Krishna/watch?v=P_XtQvKV6lc
Visala Manaskan said…
അരവിന്ദിന്റെ കമന്റ് കണ്ട് വന്ന് വായിച്ചതാ. എന്റെ കൊടിഞ്ഞിലീ.. എന്തിറ്റാ പെട??

ഞാന്‍ കുറെ ചിരിച്ചു. അടിപൊളി കാച്ചത്സ്.

അടുത്തതെഴുത് ഗഡി.
Pongummoodan said…
ഇല്ല. എനിക്കിനി അടങ്ങിയിരിക്കാനാവില്ല വിശാലേട്ടാ, 'മസ്റ്റ്‌' ആയും അടുത്ത വീഴ്ച ഉടന്‍ തന്നെ നോം പൂശും. :) കമന്‍റിന്‌ നന്ദി, ചേട്ടാ... ഞാനിപ്പോഴാണ്‌ ഇത്‌ കണ്ടത്‌.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ